അന്ന്​ ഇ.എം.എസ്​ ചെയ്​തത്​ ഇന്ന്​ ഏതെങ്കിലും
​കമ്യൂണിസ്​റ്റ്​ നേതാവിന്​ ചിന്തിക്കാൻ പോലുമാകുമോ?

ഇലക്ഷന്റെ പല ഘട്ടങ്ങളിലും ഇ.എം.എസ് തന്നെ സമുദായങ്ങളെ പിണക്കുന്ന പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഇന്ന് ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവ് ഇതിന് ധൈര്യപ്പെടുമോ? ഒരു സമുദായത്തെ പിണക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലല്ലോ. സമുദായപ്രീണനത്തിലൂടെയുള്ള പാർലമെന്ററി വ്യാമോഹമായിരുന്നില്ല അന്നത്തെ കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്. എന്നാൽ, പാർലമെന്ററി ദുര മാത്രമാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർക്കുള്ളത്. അതുകൊണ്ട് അവർക്ക് സമുദായങ്ങളെയൊന്നും പിണക്കാൻ കഴിയില്ല.

കെ. കണ്ണൻ: കേരള രാഷ്ട്രീയത്തിൽ വിമോചന സമരം അടക്കമുള്ള പ്രതിലോമകരമായ നിരവധി സന്ദർഭങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച ഒരു ജാതി പ്രസ്ഥാനമാണ് എൻ.എസ്.എസ്. വിമോചന സമരത്തിനുമുമ്പും, ആർ.എസ്.എസിനെ ചേർത്തുപിടിച്ചാണ് എൻ.എസ്.എസിന്റെ സമുദായാചാര്യനായ മന്നത്തു പത്മനാഭൻ സാമുദായികമായ സംഘാടനം എന്ന വ്യാജേന ഹിന്ദു വർഗീയവാദത്തിന് വേരോട്ടമുണ്ടാക്കിയത്. തുടർന്നും എൻ.എസ്.എസ്, രാഷ്ട്രീയത്തിലെയും സമുദായസംഘടനത്തിലെയും ജാതീയ വിലപേശൽ ശക്തിയായി തന്നെ തുടരുകയാണ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കോൺഗ്രസ് നേതാവ് ശശി തരൂരിനെ ‘തറവാടി നായർ' എന്ന് വിശേഷിപ്പിക്കുന്നു. മന്നം ജയന്തിക്ക് പിണറായി വിജയൻ, ‘നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് മന്നത്തിന്റെ ഓർമ ശക്തി പകരുമെന്ന്' ഫേസ്ബുക്ക് പോസ്റ്റിടുന്നു. ഇത്തരമൊരു ചരിത്രമുള്ള ഒരു ജാതി സംഘടനയ്ക്ക് എങ്ങനെയാണ് പൊളിറ്റിക്കലായി ഒരു ഹൈജാക്കിംഗ് പവർ നിലനിർത്താനാകുന്നത്?

ബി. രാജീവൻ: ഇന്ത്യൻ രാഷ്ട്രീയം ഇന്ന് അകപ്പെട്ടുനിൽക്കുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതുപോലെ തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണിത്. കേരള രാഷ്ട്രീയം വാസ്തവത്തിൽ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇലക്ടറൽ പൊളിറ്റിക്‌സിന്റെ പാരഡൈമിൽ കാര്യങ്ങളെ വിലയിരുത്തിയാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാനാകില്ല. വോട്ടു നേടി അധികാരം പിടിക്കുക എന്നത് ഏക ലക്ഷ്യമായി മാറുമ്പോൾ ഏതുതരം വർഗീയ- വിഭാഗീയ ആശയങ്ങളോടും പാർട്ടികൾക്ക് പൊരുത്തപ്പെടേണ്ടതായി വരും. അതുകൊണ്ട്, വർഗീയവാദം ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുന്നതുപോലെ തന്നെ, കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അത് കൂടുതൽ ആഴത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരായ ഒരു ‘തോട്ട് പ്രോസസു'ണ്ടാകേണ്ടതുണ്ട്. കാരണം, ആരിൽനിന്നും ഇതിന് ബദലായ ചിന്ത ഉയർന്നുവരുന്നില്ല. ശശി തരൂർ സമുദായങ്ങളെ പ്രീണിപ്പിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന യാത്രകളെയാണ് രാഷ്ട്രീയപ്രശ്‌നങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇതെല്ലാം നമ്മുടെ ജീർണതയെയാണ് വാസ്തവത്തിൽ കാണിക്കുന്നത് എന്ന് മനസ്സിലാക്കപ്പെടുന്നില്ല. അതുകൊണ്ടാണ്, പുതിയ ചിന്ത രൂപപ്പെടേണ്ടതുണ്ട് എന്നുപറഞ്ഞത്. നവോത്ഥാനത്തെക്കുറിച്ച് പുതിയ സങ്കൽപം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

മന്നത്തു പത്മനാഭൻ
മന്നത്തു പത്മനാഭൻ

നിലനിൽക്കുന്ന നവോത്ഥാന സങ്കൽപം വളരെ വികലമായ ഒന്നാണ്. ഇടതുപക്ഷവും വലതുപക്ഷവും ഉയർത്തിപ്പിടിക്കുന്നത് ഒരൊറ്റ നവോത്ഥാനത്തെയാണല്ലോ, ഏതോ ഒരു ആബ്‌സ്ട്രാക്റ്റ് മൊമൻറ്​ എന്ന നിലയിൽ. ഇടതുപക്ഷം പോലും നവോത്ഥാനത്തെ വിവേചനരഹിതമായി കാണുന്നതുകൊണ്ടാണ് പിണറായി വിജയന് മന്നത്തു പത്മനാഭനെ സ്തുതിക്കേണ്ടിവരുന്നത്. നവോത്ഥാനം എന്നാൽ ഏകശിലാനിർമിതമായ ഏതോ ഒരു സംഭവമായാണ് ഇവർ കാണുന്നത്. വാസ്തവത്തിൽ അങ്ങനെയായിരുന്നില്ല കേരളത്തിൽ നവോത്ഥാനം സംഭവിച്ചത്. തെക്കൻ തിരുവിതാംകൂറിൽ, മഹാരാജാവിനെതിരായി ഉയർന്നുവന്ന പ്രസ്ഥാനമാണല്ലോ അയ്യാ വൈകുണ്ഠസ്വാമികളുടേത്. അതേസമയം, ഒരർഥത്തിൽ, മഹാരാജാവും ഒരു വശത്ത് നവോത്ഥാനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസവും മെഡിക്കൽ സമ്പ്രദായവും കൊണ്ടുവരുന്നു, ലെജിസ്‌ലേറ്റീവ് അസംബ്ലി സ്ഥാപിക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തില്ലേ. മറുവശത്ത്, സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലെ മനുഷ്യരെയാണ് വൈകുണ്ഠസ്വാമി സംഘടിപ്പിക്കാൻ ശ്രമിച്ചത്. നവോത്ഥാനത്തിന്റെ തുടക്കം പോലും ഏകശിലാരൂപത്തിലല്ല എന്നതിന് ഒരു ഉദാഹരണമാണിത്.

സമുദായപ്രീണനത്തിലൂടെയുള്ള പാർലമെന്ററി വ്യാമോഹമായിരുന്നില്ല അന്നത്തെ കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്. എന്നാൽ, പാർലമെന്ററി ദുര മാത്രമാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർക്കുള്ളത്. അതുകൊണ്ട് അവർക്ക് സമുദായങ്ങളെയൊന്നും പിണക്കാൻ കഴിയില്ല.

അതായത്, കീഴാള നവോത്ഥാനവും മേലാള നവോത്ഥാനവും രണ്ടാണ്. ശ്രീനാരായണ ഗുരു കേരളത്തിൽ വരുമ്പോൾ, ഭൂരിപക്ഷം ഈഴവർക്കും എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഗുരുവിന് നവോത്ഥാനം നടപ്പാക്കാൻ പണക്കാരായ ഈഴവ പ്രമാണിമാരെ കൂടി മുൻനിർത്തേണ്ടിവന്നു. എന്നാൽ, ഗുരുവിന്റെ കാഴ്ചപ്പാട് കീഴാള നവോത്ഥാനത്തിൽ അധിഷ്ഠിതമായിരുന്നു. അതുകൊണ്ടാണല്ലോ ശിവഗിരി മഠത്തിൽ ദലിതരെ പ്രവേശിപ്പിച്ചപ്പോൾ അതിനെതിരായി ഗുരുവിനെതിരെ ഈഴവർ തന്നെ വിമർശനമുന്നയിച്ചത്. ഗുരു ഉയർത്തിപ്പിടിച്ച കീഴാള നവോത്ഥാനത്തിനെതിരായിട്ടായിരുന്നു, പിന്നീട് എസ്.എൻ.ഡി.പിയുടെ നേതൃത്വം വഹിച്ച ഈഴവ പ്രമാണിമാരെല്ലാം പ്രവർത്തിച്ചത്. കേരളത്തിലെ പുതിയ മുതലാളിമാരായിരുന്നു അവർ. ബ്രിട്ടീഷ് ഭരണകാലത്ത് കള്ളിന്റെ കോൺട്രാക്റ്റ് പിടിച്ചും യുദ്ധകാലത്ത് കയറും കൊപ്രയും കയറ്റുമതി ചെയ്തുമൊക്കെ പണക്കാരായവരാണവർ. മഹാരാജാവു കഴിഞ്ഞാൽ കാറുണ്ടായിരുന്നത് ആലുംമുട്ടി ചാന്നാർക്കുമാത്രമാണ്. അങ്ങനെ വലിയ പണക്കാരുടെ കൈയിലാണ് നവോത്ഥാനം ചെന്നകപ്പെട്ടത്. കുമാരനാശാനെ പന്തിയിൽനിന്നുമാത്രമല്ല, എസ്.എൻ.ഡി.പി യൂണിയനിൽനിന്നുപോലും ഇറക്കിവിട്ടു. എസ്.എൻ.ഡി.പി സ്ഥാപകനായ ഡോ. പൽപ്പുവിനെ എസ്.എൻ.ഡി.പിയിൽനിന്ന് ഇറക്കിവിട്ടു, വളരെക്കാലം ഭ്രാന്താണെന്നു പറഞ്ഞ് അദ്ദേഹത്തെ പൂട്ടിയിട്ടു. എസ്.എൻ.ഡി.പി യൂണിയൻ അധഃപ്പതിച്ചുപോകുന്നതു കണ്ട് ഗുരു തന്നെ എത്രയോ തവണ നാടുവിട്ടുപോകാനൊരുങ്ങി.

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1959ൽ നടന്ന രഥയാത്ര
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1959ൽ നടന്ന രഥയാത്ര

അയ്യൻകാളിയും പണ്ഡിറ്റ് കറുപ്പനുമൊക്കെ കൊണ്ടുവന്ന കീഴാള നവോത്ഥാനം എന്നു പറയുന്ന അടിച്ചമർത്തപ്പെട്ട ഫോഴ്‌സുണ്ട്. ഇതിന്റെ അടിത്തട്ടിൽനിന്നുള്ള വളർച്ചയെ മുഴുവൻ ഈ മുതലാളി നവോത്ഥാനക്കാർ തടയുകയാണുണ്ടായത്. മുതലാളിമാർക്കും വേണമായിരുന്നു നവോത്ഥാനം. കാറുണ്ടെങ്കിലും അവർക്ക് പൊതുവഴി നടക്കാനാകുമായിരുന്നില്ല. അമ്പലത്തിനുമുന്നിലൂടെ ആലുംമൂട്ടിൽ ചാന്നാറുടെ ഡ്രൈവർക്ക് കാറോടിച്ചുപോകാം, എന്നാൽ, ചാന്നാർക്ക് അമ്പലത്തിനുമുന്നിൽ ഇറങ്ങി വയലിലൂടെ നടന്നുവന്നു കയറണം. ഇതായിരുന്നുവല്ലോ സ്ഥിതി. അവർക്ക് വഴി നടക്കണമെങ്കിലും സമ്പത്ത് ഉപയോഗപ്പെടുത്തണമെങ്കിലും ഒരു നവോത്ഥാനം ആവശ്യമായിരുന്നു. ഇതാണ് മേലാള നവോത്ഥാനത്തിന്റെ ആവശ്യം. ഈയൊരു വിഭജനത്തെ മനസ്സിലാക്കാത്തതാണ് പ്രശ്‌നം.

ശ്രീനാരായണൻ ഉയർപ്പിടിച്ച എല്ലാ മൂല്യങ്ങളെയും മുതലാളിമാർ വിപരീതമാക്കിക്കളഞ്ഞു. ഈ വിപരീതമാക്കപ്പെട്ട നവോത്ഥാനത്തെയാണ്, നവോത്ഥാനത്തിന്റെ ധാരയായി ഇവർ വിചാരിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെയും പുന്നല ശ്രീകുമാറിനെയും ഒരുവശത്ത് ചേർത്തുനിർത്താൻ ശ്രമിക്കുന്നത്.

സമ്പന്നരും വിദ്യാസമ്പന്നരുമായവരാണ്​ ഓരോ ജാതിയുടെയും നേതൃത്വം പിടിച്ചെടുത്തത്​. അതിന്റെ ഏറ്റവും അവസാനത്തെ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും. ശ്രീനാരായണൻ ഉയർപ്പിടിച്ച എല്ലാ മൂല്യങ്ങളെയും മുതലാളിമാർ വിപരീതമാക്കിക്കളഞ്ഞു. ഈ വിപരീതമാക്കപ്പെട്ട നവോത്ഥാനത്തെയാണ്, നവോത്ഥാനത്തിന്റെ ധാരയായി ഇവർ വിചാരിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെയും പുന്നല ശ്രീകുമാറിനെയും ഒരുവശത്ത് ചേർത്തുനിർത്താൻ ശ്രമിക്കുന്നത്. നവോത്ഥാനത്തെക്കുറിച്ച് നിഷ്‌കൃഷ്ടമായ ധാരണയില്ലാത്തതുകൊണ്ടാണ് മന്നത്തു പത്മനാഭനെ ഒരു നവോത്ഥാന നായകനായി ഇവർ കാണുന്നത്. വാസ്തവത്തിൽ, നിവർത്തന പ്രക്ഷോഭം എന്നൊരു സംഭവത്തെക്കുറിച്ച് എന്തെങ്കിലുമൊരു വെളിച്ചമുണ്ടായിരുന്നുവെങ്കിൽ ഇവർ നവോത്ഥാനത്തെക്കുറിച്ച് ഈയൊരു കാഴ്ചപ്പാടിലെത്തുമായിരുന്നില്ല. കാരണം, നവ സവർണ വിഭാഗങ്ങൾക്കെതിരായ പ്രക്ഷോഭത്തിലൂടെയാണല്ലോ അത് വളർന്നുവന്നത്. നിവർത്തനപ്രക്ഷോഭത്തിലും ഈ രണ്ടു ശക്തികൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്.

മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്​ഘാടനവേദിയിൽ ശശി തരൂരും എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും / Photo: Shashi Tharoor FB Page
മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്​ഘാടനവേദിയിൽ ശശി തരൂരും എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും / Photo: Shashi Tharoor FB Page

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയോടെയാണ് ശരിക്കുപറഞ്ഞാൽ, കീഴാള നവോത്ഥാനം പ്രകാശിതമാകുന്നത്. അതിനെ തകർക്കാനാണ്, മേലാള നവോത്ഥാനത്തിന്റെ ആളുകളെല്ലാം കൂടിച്ചേർന്ന് വിമോചന സമരമുണ്ടാക്കുന്നത്. അതിന്റെ നായകനായിരുന്നു മന്നത്ത് പത്മനാഭൻ. കേരള ചരിത്രത്തിലെ എത്ര വലിയ പ്രതിലോമശക്തിയായി അത് വളർന്നുകഴിഞ്ഞു എന്നത് തിരിച്ചറിയേണ്ടതായിട്ടുണ്ട്.

നവോത്ഥാനം എന്ന് നാഴികക്കു നാൽപ്പതുവട്ടം പറയുന്നുണ്ടെങ്കിലും അത് ആരുടെ നവോത്ഥാനമാണ്? ഇടതുപക്ഷ പ്രസ്ഥാനത്തിന്, നവോത്ഥാനത്തിൽ പ്രവർത്തിച്ച വർഗസമരത്തെ കാണാൻ കഴിഞ്ഞിട്ടില്ല, ഇപ്പോഴുമതേ. നമ്മുടെ രാഷ്ട്രീയം അകപ്പെട്ട മഹാ പ്രതിസന്ധി മനസ്സിലാക്കണമെങ്കിൽ, ഈ പറഞ്ഞവരെയെല്ലാം കൂട്ടിപ്പിടിച്ച് നവോത്ഥാനം പറയുന്ന കാഴ്ചപ്പാടിൽനിന്ന് നമ്മൾ ഇതിന്റെ അടിയിലേക്കിറങ്ങണം. അതിലൂടെ മാത്രമേ പുതിയൊരു വ്യവഹാരം തുറക്കാനാകുകയുള്ളൂ, ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ പറ്റുകയുള്ളൂ.

സമുദായ സംഘടനകളെ പിണക്കിയാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയായിരുന്നില്ല.

കോൺഗ്രസിൽ ശശി തരൂർ സ്വന്തം നിലയ്ക്ക് നടത്തുന്ന സാമുദായിക സമ്പർക്ക പരിപാടിയുടെ ഭാഗമായി മാത്രം സുകുമാരൻ നായരുടെ പ്രശംസയെ കാണാനാകില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ബലപ്പെട്ടുവരുന്ന ജാതീയമായ ഒത്തുതീർപ്പുകളുടെ ഉരകല്ലുകൂടിയാണ് ആ പ്രശംസ. രാഷ്ട്രീയപാർട്ടികളുടെ ഇത്തരം ജാതി സംഘടനാ വിനിമയങ്ങൾ കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ എങ്ങനെയാണ് സ്വാധീനിക്കുക?

സമുദായ സംഘടനകളെ പിണക്കിയാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയായിരുന്നില്ല. ഇലക്ഷന്റെ പല ഘട്ടങ്ങളിലും ഇ.എം.എസ് തന്നെ സമുദായങ്ങളെ പിണക്കുന്ന പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഇന്ന് ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവ് ഇതിന് ധൈര്യപ്പെടുമോ? ഒരു സമുദായത്തെ പിണക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലല്ലോ. സമുദായപ്രീണനത്തിലൂടെയുള്ള പാർലമെന്ററി വ്യാമോഹമായിരുന്നില്ല അന്നത്തെ കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്. എന്നാൽ, പാർലമെന്ററി ദുര മാത്രമാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർക്കുള്ളത്. അതുകൊണ്ട് അവർക്ക് സമുദായങ്ങളെയൊന്നും പിണക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ, ഇന്ത്യയിലെ മുതലാളിത്ത പാർട്ടികൾ ചെയ്യുന്നതുപോലെ അവർക്കും ചെയ്യേണ്ടിവരും.

ഇ.എം.എസ്
ഇ.എം.എസ്

1947 മുതൽ സമുദായങ്ങളെ പ്രീണിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. പ്രത്യേക സമുദായങ്ങളുടെ വോട്ടുകളാണല്ലോ മൊബിലൈസ് ചെയ്യുന്നത്. സമുദായങ്ങൾക്കുപുറത്തേക്ക് വോട്ട് മൊബിലൈസേഷൻ ഇന്ത്യയിൽ നടന്നിട്ടില്ല. അതേസമയം, സെക്യുലറിസം പറയുകയും വേണം. അതുകൊണ്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളും സമുദായത്തിന്റെ പിൻവാതിലിൽ ചെന്ന് മുട്ടിവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. മുൻവാതിലിൽ വന്നുനിന്ന് സെക്യുലറിസം പറയും. ഇതാണ് ഇന്ത്യയിലെ ലിബറൽ പാർട്ടികളെല്ലാം ചെയ്തുവന്നത്. ഇങ്ങനെ ചെയ്യാതിരുന്ന ഒരേയൊരു പാർട്ടി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയാണ്, കാരണം, അവർ പാർലമെന്ററി വ്യാമോഹത്തെ തൃപ്തിപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് പാർലമെന്ററി താൽപര്യങ്ങൾ സംരക്ഷിക്കാൻ മറ്റെല്ലാ മൂല്യങ്ങളെയും ബലി കൊടുക്കുന്നുവെന്നതാണ് പ്രശ്‌നം.

അതുകൊണ്ട്, ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന പുതിയൊരു രാഷ്ട്രീയ വ്യവഹാരം ആരംഭിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ, ദൈനംദിന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന അന്തിച്ചർച്ചയുടെ ലെവലിലേക്ക് പോകേണ്ടിവരും. എന്തെല്ലാം പറഞ്ഞാലും, ഈ പാർട്ടികൾക്കെല്ലാം സമുദായങ്ങളെ പേടിയാണ്. വിപ്ലവകാരികളും ലിബറലുകളും സമുദായവാദികളുമെല്ലാം സമുദായപ്രീണനത്തിനായി പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ദയനീയാവസ്ഥയാണ് കേരളത്തിൽ. ഇതൊരു അപകടാവസ്ഥ മാത്രമല്ല, പ്രതിസന്ധി കൂടിയാണ്. ഇതിനെ മറികടക്കാൻ തുറന്ന, നിർഭയമായ ചർച്ചകൾ, ചരിത്രബോധത്തോടെ ആരംഭിക്കണം. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments