പി.ഡി.ടി. ആചാരി

ഗവർണർമാർ സൃഷ്ടിക്കുന്ന പല തടസ്സങ്ങളും രാഷ്ട്രീയപ്രേരിതം

ഭരണഘടനാപരമായി ഗവർണർക്ക് സവിശേഷമായ യാതൊരു അധികാരവുമില്ല എന്നതാണ് യാഥാർത്ഥ്യം. അധികാരങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളിലാണ്.

ഷഫീഖ് താമരശ്ശേരി: ഒരിടവേളയ്ക്കുശേഷം കേരളത്തിൽ സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ പോര് മുറുകിയിരിക്കുകയാണല്ലോ. സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുന്ന ഓർഡിനൻസുകൾ ഒപ്പിട്ട് പാസാക്കുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം മടക്കുകയുണ്ടായി. ഓർഡിനൻസുകളിൽ കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്നും അവ പിന്നെയും പുതുക്കണമെങ്കിൽ വകുപ്പുമന്ത്രിമാരുടേതടക്കം വിശദീകരണം വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ ഭരണവ്യവഹാരങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് തടസം സൃഷ്ടിക്കുക വഴി ഇവിടുത്തെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയ്ക്ക് പോറലുകൾ തീർക്കുകയാണ് കേന്ദ്ര സർക്കാർ എന്ന ആരോപണം കേരളത്തിലെ ഭരണ കക്ഷികൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

പി.ഡി.ടി. ആചാരി: നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ, ഗവർണർ ഒരു സ്വതന്ത്ര പ്രാതിനിധ്യമല്ല. ഓരോ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിനിധികളായാണ് ഗവർണർമാർ ആക്ട് ചെയ്യുന്നത്. കേന്ദ്ര സർക്കാറിന് താത്പര്യമുള്ള, അവരുടെ രാഷ്ട്രീയ പ്രതിനിധികളെയാണ് ഓരോ സംസ്ഥാനങ്ങളിലും ഇതിനായി ഗവർണർമാരായി നിയമിക്കുന്നത്. ഭരണഘടനാ വിഭാവന പ്രകാരം, കക്ഷിരാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്നെല്ലാം മാറി, ഭരണനിർവഹണ പ്രവർത്തനങ്ങളെ ഭരണഘടനാപരമായി നോക്കിക്കാണേണ്ട ചുമതലയുള്ള ആളുകളാണ് ഗവർണർമാർ. എന്നാൽ അതിൽനിന്ന് വിപരീതമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ. പൂർണമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രം ഗവർണർമാരെ നിയമിക്കുന്നത്. ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ ഗവർണർമാർ അവിടുത്തെ സർക്കാറുകൾക്കെതിരായ പ്രവർത്തനങ്ങൾ നടത്തിവരുന്നതും ഇപ്പോൾ നാം കാണുന്നു. പശ്ചിമബംഗാളും മഹാരാഷ്ട്രയും തമിഴ്‌നാടും ഇപ്പോൾ കേരളവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടനാപരമായി ഗവർണർക്ക് സവിശേഷമായ യാതൊരു അധികാരവുമില്ല എന്നതാണ് യാഥാർത്ഥ്യം. അധികാരങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളിലാണ്. അധികാരം സർക്കാറിന്റേതായിരിക്കുമ്പോഴും ഭരണനിർവഹണ പ്രവർത്തനങ്ങൾക്ക് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് ഉറപ്പുവരുത്തേണ്ട കടമയാണ് ഗവർണർക്കുള്ളത്. അല്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഗവർണർക്കില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളത് സർക്കാറിനാണ്, ഗവർണർക്കല്ല. ഏതെങ്കിലും ഒരു പുതിയ നിയമം, ഭരണപരിഷ്‌കാരം, പദ്ധതി, തീരുമാനങ്ങൾ എന്നിവയെല്ലാം നടപ്പാക്കപ്പെടുന്നത് ഏത് മന്ത്രിസഭയുടെ കാലത്ത് എന്ന നിലക്കല്ലേ വിലയിരുത്തപ്പെടാറുള്ളൂ, ഗവർണർക്ക് അതിൻമേലൊന്നും സവിശേഷമായ യാതൊരു റോളും ഇല്ല.

ഓർഡിനൻസ് ഒരു നിത്യസംഭവമായി മാറുന്നതിൽ ഭരണഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഭരണഘടനയിൽ ഓർഡിനൻസ് എന്ന ഒരു സാധ്യത നിലനിർത്തിയിരിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ പ്രയോഗിക്കാൻ വേണ്ടിയാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 355 അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം ഭരണഘടനാപരമായി തന്നെയാണ് മുന്നോട്ടുപോകുന്നത് എന്നുറപ്പ് വരുത്താനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട പല വിധിന്യായങ്ങളും ഇത് ഉറപ്പിച്ച് പറയുന്നുമുണ്ട്. അതുപ്രകാരം സംസ്ഥാന ഭരണങ്ങളിൽ മേൽനോട്ടം വഹിക്കാനും ഭരണഘടനാപരമായ ശുപാർശകൾ സർക്കാറുകൾക്ക് നൽകാനും, കേന്ദ്രത്തിൽ പ്രസിഡണ്ട് എന്നതുപോലുള്ള ഒരു പദവി മാത്രമാണ് ഗവർണർമാർ. അതുകൊണ്ട് തന്നെ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, കേന്ദ്രത്തിലെ ഭരണകക്ഷികളല്ലാത്ത മറ്റുള്ളവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഗവർണർമാർ സൃഷ്ടിക്കുന്ന ഇത്തരം തടസ്സങ്ങളെ രാഷ്ട്രീയപ്രേരിതമായി മാത്രം വിലയിരുത്തേണ്ടി വരും.

സംസ്ഥാനങ്ങൾ നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിന് പകരം നിരന്തരം ഓർഡിനൻസുകൾ കൊണ്ടുവരുന്ന രീതി പതിവാകുന്നുണ്ടല്ലോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭ ചേരുന്ന കേരളത്തിലും ഓർഡിനൻസുകൾ പതിവാണ്. ഇത് ശരിയായ രീതിയാണോ?

തീർച്ചയായും അല്ല. ഓർഡിനൻസ് ഒരു നിത്യസംഭവമായി മാറുന്നതിൽ ഭരണഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഭരണഘടനയിൽ ഓർഡിനൻസ് എന്ന ഒരു സാധ്യത നിലനിർത്തിയിരിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ പ്രയോഗിക്കാൻ വേണ്ടിയാണ്. സഭ ചേരാൻ സാധിക്കാത്ത ഘട്ടങ്ങളിൽ, പെട്ടന്നുള്ള നിയമനിർമാണം ആവശ്യമായി വരുമ്പോഴാണ് സർക്കാറുകൾ ആ സാധ്യത വിനിയോഗിക്കേണ്ടത്. അല്ലാത്തപക്ഷം നിയമിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്തവും അധികാരവും നിയമസഭയ്ക്കാണ്. എന്നാൽ, ഇന്നിപ്പോൾ പല സംസ്ഥാനങ്ങളും നിയമസഭയിൽ ബില്ലുകൾ കൊണ്ടുവരാതെ തുടർച്ചയായി ഓർഡിനൻസുകൾ ഇറക്കുകയാണ്.

ഒരു പുതിയ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച്, അതിൻമേൽ ചർച്ച നടന്നശേഷം അത് പാസ്സാക്കിയെടുക്കുന്ന രീതി ഇന്നിപ്പോൾ അപൂർവമാണ്. ഇത് ഭരണഘടനാപരമായി ശരിയായ കാര്യമല്ല. പല നിയമങ്ങളിലും ബിൽ പാസ്സാക്കാതെ ഓർഡിനൻസ് ഇറക്കി അതിന്റെ കാലാവധി കഴിയുമ്പോൾ വീണ്ടും പുതുക്കി എളുപ്പത്തിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്ന ഒരു രീതിയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അറിയാതെ, നിയമസഭ അറിയാതെ നിർമിക്കപ്പെടുന്ന നിയമങ്ങൾ ഉദ്യോഗസ്ഥ അധികാരങ്ങളിലൂടെ മാത്രം നിലനിൽക്കുകയാണിവിടെ. ഇത് ഭരണഘടനയുടെ ലംഘനം മാത്രമല്ല, ഭരണഘടനയെ ഉപയോഗിച്ചുകൊണ്ടുള്ള കൃത്രിമത്വം കൂടിയാണ്. ഒരു ഓർഡിനൻസ് ഇറങ്ങിയാൽ പിന്നീട് ചേരുന്ന നിയമസഭയിൽ അവ ബില്ലായി കൊണ്ടുവന്ന് നിയമമായി പാസാക്കിയെടുക്കണം എന്നാണ്. എന്നാൽ അവയൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.

2017 ൽ കൃഷ്ണകുമാർ സിങ് vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്ന കേസിൽ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരടങ്ങുന്ന ഒരു ഭരണഘടനാ ബെഞ്ച് വളരെ ശക്തമായും വ്യക്തമായും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. അതായത്, ഒരു വിഷയത്തിൽ ഒരു തവണയിൽ കൂടുതൽ ഓർഡിനൻസ് കൊണ്ടുവരരുതെന്നും ഓർഡിനൻസ് പുതുക്കുക എന്നത് ഭരണഘടനാവിരുദ്ധമാണെന്നും, അത് ചെയ്യാൻ പാടില്ല എന്നും അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിന്യായമാണ് ഈ രാജ്യത്തെ നിയമം. അത് പാലിക്കാതിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉദ്യോഗസ്ഥ നേതൃത്വം ഇക്കാര്യത്തിൽ ഗൗരവമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

ഒരു സംസ്ഥാനത്തെ ഗവൺമെന്റും ഭരണഘടനാവിരുദ്ധമായ നടപടി സ്വീകരിക്കാൻ പാടില്ല. പിന്നെന്തിമാണ് നിയമസഭ. ഉദ്യോഗസ്ഥരും ക്യാബിനറ്റും ചേർന്ന് നിയമമുണ്ടാക്കുന്നിടത്ത് നിയമസഭ ആവശ്യമില്ലല്ലോ. ഉദ്യോഗസ്ഥരുടെ ഭരണം വേണ്ട എന്ന് കോടതി തന്നെയാണ് പറഞ്ഞത്. നിയമ നിർമാണം എന്നത് കേവലം ഒരു കത്ത് തയ്യാറാക്കുന്നതുപോലെയല്ലല്ലോ, നമ്മുടെ സമൂഹത്തെ, ജനജീവിതത്തെ എല്ലാം ബാധിക്കുന്ന കാര്യങ്ങളല്ലേ നിയമങ്ങൾ. ഓർഡിനൻസുകൾ എന്തുകൊണ്ട് നിയമസഭയിലെത്തുന്നില്ല എന്ന ഗൗരവതരമായ ചോദ്യം ഉയരേണ്ടതുണ്ട്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments