യു. കലാനാഥൻ / Photo : Muhammed Hanan

ഗ്രാമീണ വികസനത്തിന്റെ ‘വള്ളിക്കുന്ന് മോഡൽ’, യുക്തിവാദി ആക്റ്റിവിസത്തിന്റെ പുതിയ മുഖം​

ജനകീയവും മാനവികവും ശാസ്ത്രീയവുമായ ചിന്തയും ദർശനവും ഉയർത്തിപ്പിടിച്ച്, യുക്തിവാദ ആക്ടിവിസത്തിന് പുതിയ മുഖം നൽകിയ ആളാണ് യു. കലാനാഥൻ. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്തു വർഷം കൊണ്ട് ജനകീയാസൂത്രണത്തിന്റെ യഥാർഥ സത്ത പ്രായോഗികമായി നടപ്പാക്കി, സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വള്ളിക്കുന്നിനെ വികസിപ്പിച്ചു. യു. കലാനാഥൻ ഇന്ന് അന്തരിച്ചു. അദ്ദേഹവുമായി എം.കെ. രാമദാസ് 2022-ൽ നടത്തിയ അഭിമുഖം റീ പോസ്റ്റ് ചെയ്യുന്നു.

കേരളത്തിലും ദേശീയതലത്തിലും യുക്തിവാദ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനാണ് യു. കലാനാഥൻ. സി.പി.എമ്മിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, ജനകീയവും മാനവികവും ശാസ്ത്രീയവുമായ ചിന്തയും ദർശനവും ഉയർത്തിപ്പിടിച്ച്, യുക്തിവാദ ആക്ടിവിസത്തിന് പുതിയ മുഖം നൽകി. മതേതരമായ ആദർശം മുറുകെപ്പിടിച്ച്, ജാതിമതവിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തി. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു, പത്തുവർഷക്കാലം. ജനകീയാസൂത്രണത്തിന്റെ യഥാർഥ സത്ത ഏറ്റവും പ്രായോഗികമായി നടപ്പാക്കിയ സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വള്ളിക്കുന്നിനെ ഈ കാലത്ത് അദ്ദേഹം വികസിപ്പിച്ചു. ഗ്രാമീണ ജനകീയ വികസനത്തിൽ ഒരു ‘വള്ളിക്കുന്ന് മോഡൽ' തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായി. ആശയപരമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചുകൊണ്ടുതന്നെ, സി.പി.എമ്മിനോടും യുക്തിവാദി പ്രസ്ഥാനത്തോടുമുള്ള തന്റെ വിനിമയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം ഈ അഭിമുഖത്തിൽ.

എം.കെ. രാംദാസ്​: മാഷുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ, വീട്ടിൽനിന്ന്​ കിട്ടിയ സ്വതന്ത്രമായ അന്തരീക്ഷം എന്തുമാത്രം പങ്കുവഹിച്ചിട്ടുണ്ട്​?

യു. കലാനാഥൻ: സഹോദരിമാർ രണ്ടാളും അപ്പുറവും ഇപ്പുറവും കൈ പിടിച്ചിട്ടാണ് ഞാൻ സ്കൂളിലേക്ക്​ പോയിരുന്നത്​. ചോറ്റുപാത്രം കൊണ്ടുപോകുന്ന മാതിരിയാണ്​ അവർ എന്നെ കൊണ്ടുപോയിരുന്നതെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്​.
അച്ഛൻ ശാന്തനാണ്. ഒരു പ്രശ്‌നത്തിലും ഇടപെടില്ല. സ്വന്തം അഭിപ്രായം ഉണ്ടായിരുന്നെങ്കിൽപോലും അത്​ കർശനമായി പറയുന്ന സ്വഭാവമില്ല. ആയുർവ്വേദ വൈദ്യനായിരുന്നു. അത്താണിക്കലായിരുന്നു കച്ചവടം. സ്​കൂൾ വിട്ടാൽ അച്​ഛന്റെ പീടിക. രാവിലെയും ആദ്യം പീടികയിൽ കുറച്ചുനേരമിരിക്കും. അതുകഴിഞ്ഞിട്ടാണ് സ്കൂളിൽ പോകുക. അച്ഛനുമായി നല്ല ബന്ധമായിരുന്നു.

അച്​ഛന്​ രാഷ്ട്രീയമുണ്ടായിരുന്നുവോ?

കോൺഗ്രസായിരുന്നു, പക്ഷേ ഞാൻ കമ്യൂണിസ്റ്റായിട്ടാണ് വളർന്നത്.

അച്ഛൻ മക്കളെ കോൺഗ്രസാക്കാൻ നോക്കിയില്ലേ?

അച്ഛൻ അങ്ങനത്തെ ഒരു രാഷ്ട്രീയക്കാരനല്ല. ജന്മനാ കോൺഗ്രസ്​ ആയിപ്പോയി എന്നുമാത്രം. മണ്ഡലം കമ്മറ്റി പ്രസിഡൻറ്​ ഒക്കെയായിരുന്നു. പക്ഷേ, അങ്ങനെയൊരു വാശിയുള്ള ആളായിരുന്നില്ല.

അച്ഛൻ രാഷ്ട്രീയമൊക്കെ പറയുമായിരുന്നോ വീട്ടിൽ?

ഇല്ല. അച്ഛൻ ഇങ്ങോട്ടും പറയില്ല, ഞങ്ങൾ അങ്ങോട്ടും പറയില്ല. മൂത്ത ഏട്ടൻ കമ്യൂണിസ്റ്റായിരുന്നു കേട്ടു. കുട്ടിമോൻ എന്നാണ് പറയുക. വേലായുധൻ എന്നാണ് പേര്. ഞാനൊക്കെയായി നല്ല ബന്ധമാണ്​. രണ്ടാമത്തെ ഏട്ടൻ കോൺഗ്രസാണ്​, ആദ്യം കമ്യൂണിസ്റ്റായിരുന്നു. പഞ്ചായത്ത് ഇലക്ഷനിലെന്തോ അഭിപ്രായവ്യത്യാസം വന്നാണ് കോൺഗ്രസിലേക്കുപോയത്.

ദൈവത്തിലുള്ള വിശ്വാസവും ആരാധനയും എങ്ങനെയായിരുന്നു അച്ഛനൊക്കെ?

ഉറച്ച ദൈവവിശ്വാസികളാണ്. ആരാധകന്മാരാണ്. ഭക്തന്മാരാണ്. എനിക്ക്​ നാസ്തിക ഭാവം എവിടെനിന്ന്​ കിട്ടിയെന്നറിയില്ല. അമ്മ എന്നെ പഴനിക്കൊക്കെ കൊണ്ടുപോയിട്ടുണ്ട്. അച്ഛൻ കൊടുങ്ങല്ലൂർക്ക്​ പോകുന്ന ആളായിരുന്നു. എൽ.പി സ്​കൂൾ മാഷായിരുന്ന പി.സി. കടലുണ്ടിയെ കണ്ടുമുട്ടിയത്​ ഒരു മാറ്റമുണ്ടാക്കിയെന്നുപറയാം. യുക്തിവാദത്തിൽ പേരെടുത്ത ആളാണ്. പ്രദീപം പത്രം ആണ് അയാളുടെ പ്രസിദ്ധീകരണ മേഖല. പ്രദീപത്തിൽ അയാളുടെ സ്റ്റേറ്റ്‌മെന്റുകൾ വരും. അങ്ങനെ ഞാനും ചിന്തിക്കാൻ തുടങ്ങി. ശരിക്കുപറഞ്ഞാൽ യുക്തിവാദിയാകുന്നത് അവിടെനിന്നാണ്. ആയിടയ്ക്ക് ഒരു സംഭവമുണ്ടായി. ‘ലോകാവസാനം’ എന്ന പ്രവചനം വന്നു, ജ്യോത്സ്യന്മാരുടെ. ഞങ്ങൾ അതിനെ ശക്തിയായി എതിർത്തു. അന്നൊന്നും ഞങ്ങൾ സംഘത്തിൽ എത്തിയില്ല. ഇതിനെതിരെ ഞങ്ങൾ പോസ്റ്ററൊട്ടിച്ചു. അവരിൽ ചിലർ ഞങ്ങളോട്​ചോദിച്ചു, ലോകം അവസാനിക്കുകയാണെങ്കിൽ എന്തു ചെയ്യും?.
ലോകം അവസാനിച്ചാൽ പിന്നെ ആരും ചോദിക്കാനില്ലല്ലോ എന്ന്​ ഞങ്ങൾ മറുപടിയും പറഞ്ഞു.

യു. കലാനാഥനും ഭാര്യ ശോഭയും

യുക്തിവാദി സംഘവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സമ്മേളനത്തിലാണ് ആദ്യം മാഷ് പങ്കെടുക്കുന്നത് എന്നുപറഞ്ഞു. അതിനു ശേഷമായിരുന്നുവോ പാർട്ടി പ്രവർത്തനം?

വള്ളിക്കുന്നിൽ മാത്രമേയുള്ളൂ പാർട്ടി പ്രവർത്തനം. വള്ളിക്കുന്നിലെ സഖാക്കളുമായി കുടുംബബന്ധങ്ങളുണ്ടല്ലോ, പാർട്ടിപ്രവർത്തനം കൊണ്ടുള്ള ബന്ധങ്ങൾ. പാർട്ടിസഖാക്കളിൽ പലരും അടുത്ത സുഹൃത്തുക്കളോ ശിഷ്യന്മാരോ ആണ്​. അവർ മുഖേനെയാണ് ശരിക്കുപറഞ്ഞാൽ വള്ളിക്കുന്നിൽ യുക്തിവാദ ചിന്തയുടെ ആരംഭവും തുടർച്ചയുമൊക്കെയുള്ളത്. പഠിക്കുമ്പോൾതന്നെ കെ.എസ്.വൈ.എഫ് ആണ്. 10-ാം ക്ലാസ്​ കഴിഞ്ഞപ്പോൾ എംഗൽസിന്റെ സ്വകാര്യസ്വത്ത്, കുടുംബം, ഭരണകൂടം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് രണ്ടാമത്തെ ഏട്ടൻ, അപ്പൂട്ടിയേട്ടൻ എനിക്കുതന്നു. കോളേജിൽ പോകുമ്പോൾ ഇംഗ്ലീഷ് നന്നാക്കണം എന്നൊക്കെ പറയുമായിരുന്നു അദ്ദേഹം. അങ്ങനെയാണ് മൂലധനം വായിച്ചത്. അർത്ഥം അറിയാത്തത് എഴുതിവച്ച് അങ്ങനെ പലപ്രാവശ്യം വായിച്ചാണ് മനസ്സിലാക്കിയത്.

നാട്ടിൽ പാർട്ടി ക്ലാസ്​ എടുത്തിരുന്നോ?

സഖാക്കൾ ആവശ്യപ്പെട്ടാൽ വിഷയം ഏതാണെന്നുനോക്കും, അതുമാത്രം തിരഞ്ഞെടുത്ത് പറഞ്ഞുകൊടുക്കും. അതിന് പാർട്ടി സാഹിത്യം ഉണ്ട്. എന്റെ കൈയ്യിൽ തന്നെ ഒരുപാട് പുസ്​തകമുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുത്ത് വിഷയം തയ്യാറാക്കും. സമയം രണ്ടുമണിക്കൂർ നിശ്ചയിക്കും. ആവശ്യമുള്ള നോട്ടുകളെടുക്കും. നല്ല പ്രിപ്പറേഷൻ നടത്തിയിട്ടാണ് ക്ലാസെടുക്കുക.

മതത്തിലും ജാതിയിലുമൊക്കെ വലിയ താല്പര്യമുള്ള ആളുകളുള്ള സ്​ഥലമാണ്​ കടലുണ്ടി. അവിടെ മാഷ് മാർക്‌സിസവും യുക്തിവാദവും പറഞ്ഞപ്പോൾ എതിർപ്പുണ്ടായില്ലേ?

കടലുണ്ടിയിൽ, മാധവൻ എന്ന ഏട്ടന്റെ വീടാണ്. അവിടെ കടലുണ്ടിക്കാരനായിട്ടാണ്, ചാലിയം സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയത്. അതുകൊണ്ടുതന്നെ ആളുകളുമായി നല്ല ബന്ധമായി. ആരെയും അറ്റാക്ക് ചെയ്യാൻ വേണ്ടിയല്ലല്ലോ അതിന്റെ പ്രസേന്റഷൻ. മാർക്‌സിസം എന്താണോ, അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞത് അതുതന്നെയാണ് ഞാനും പറയുന്നത്. സി.പി.എമ്മിന്റെ ഒരാൾക്കും ഒരപ്രിയവും തോന്നാൻ വഴിയില്ല. യുക്തിവാദം ഒന്നും അന്നില്ല. അത് പിന്നീടുവന്ന കാഴ്ചപ്പാടാണ്.

യു. കലാനാഥൻ

ചാലിയം സ്കൂളിൽ സയൻസ് ആയിരുന്നു വിഷയം. സുവോളജി ആയിരുന്നു മെയിൻ. ഫിസിക്‌സ് എക്​സ്​പെർട്ടാണ്​. ഹെഡ്മാസ്റ്റർ ചോദിച്ചു, ഫിസിക്‌സ് എടുത്തുകൂടേ എന്ന്​. അങ്ങനെയാണ് ഊർജ്ജതന്ത്രം അധ്യാപകനായത്. അവിടെ ലാബോറട്ടറി ഇല്ലായിരുന്നു. അവിടെയുള്ള സാധനങ്ങൾ സംഘടിപ്പിച്ചും മക്കളോട് വീട്ടിലുള്ള സാധനങ്ങൾ സാധനങ്ങൾ കൊണ്ടുവരാൻ പറഞ്ഞും അവരുടെ സഹകരണത്തോടെ ഉപകരണങ്ങൾ ഉണ്ടാക്കുക എന്നത് സ്പെഷ്യൽ ഇന്ററസ്റ്റ് ആയിരുന്നു. താൽക്കാലികമായി ലഭിച്ച സാധനങ്ങളിൽ നിന്ന്​ പുതിയ ഉപകരണങ്ങൾ ആവിഷ്‌കരിക്കും. അത് വലിയ രസമായിരുന്നു.

ഹെഡ്മാസ്റ്റർ ഇമ്പിച്ചിബാവ മാഷ് നല്ലൊരു മതവിശ്വാസിയായിരുന്നു. എന്നോട് മാനവികമായും സൗഹാർദ്ദപരവുമായാണ് അദ്ദേഹം പെരുമാറിയത്. അതുകൊണ്ട് അദ്ദേഹത്തോട് അതേ രീതിയിൽ പ്രതികരിച്ചു. അയാൾക്ക് എന്നോട് എന്തുകൊണ്ടാണ് ഒരു പ്രത്യേക താല്പര്യം അല്ലെങ്കിൽ ഇഷ്ടം തോന്നിയത് എന്നെനിക്കറിഞ്ഞുകൂടാ.

സയൻസ് എപ്രകാരമായിരുന്നു ജീവിതത്തിൽ പ്രയോഗിച്ചിരുന്നത്?

മാർക്‌സിസത്തിന്റെ താത്വികാംശങ്ങളെ മാത്രം അവലംബിച്ചിട്ടല്ല പ്രശ്‌നങ്ങളിൽ ഞാൻ ഇടപെടാറ്​. നേരെമറിച്ച് പാർട്ടി ആശയങ്ങളും ജനങ്ങളുടെ ജീവിതസൗകര്യങ്ങളുംകൂടി കൂട്ടിയോജിപ്പിച്ചിട്ടാണ് അത് ചെയ്യുക. അപ്പോൾ, ബഹുജനങ്ങളുടെ ജീവിതസൗകര്യങ്ങൾക്ക് ദോഷം ചെയ്യുന്ന പാർട്ടി ലൈൻ പലപ്പോഴും നടപ്പാക്കാറില്ല, സ്വീകരിക്കാറുമില്ല. ജീവിതത്തിനുവേണ്ടിയാണ് പാർട്ടി, അത് മെച്ചപ്പെടുത്താനാണ് പാർട്ടി. രാഷ്ട്രീയഭേദമന്യേ ഐക്യത്തോടുകൂടി കൊണ്ടുപോകാനുള്ള ഒരു നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നത്. അത് അങ്ങനെ കൊണ്ടുപോകണമെന്ന നിലപാടിൽ ഞാൻ അന്നും ഇന്നും ഉറച്ചുനിൽക്കുന്നു.

മാഷോട് സംസാരിക്കുന്നവരോട് മതം തെറ്റാണ്​ എന്നാണോ പറഞ്ഞിരുന്നത്?

ഇങ്ങനെയൊരു വൈരുദ്ധ്യമുണ്ടെന്നുതന്നെ അറിയില്ല. കലഹിക്കുമോ എന്നും അറിയില്ല. ഇപ്പോൾ മതം, മനുഷ്യന്റെ അശാസ്ത്രീയമായ പാതയിലുള്ള ഒരു നീക്കമാണെന്ന് എനിക്കുറപ്പാണ്. അത് ആവർത്തിച്ചുപറയുന്നു. മതത്തെ ന്യായീകരിക്കാനൊന്നും ഇപ്പോഴത്തെ കാലത്ത് എനിക്കു കഴിയില്ല. മതത്തെ നേരിട്ടല്ല, മതത്തിന്റെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ്​എതിർക്കുന്നത്.

അന്ധവിശ്വാസ നിർമ്മാർജന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കേരള യുക്തിവാദി സംഘം കോഴിക്കോട്​ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്​ടറേറ്റ്​ മാർച്ചിൽ​ യു. കലാനാഥൻ സംസാരിക്കുന്നു

മാഷിന് വിമർശനം പോരാ എന്നും ദൈവത്തെയും മതത്തെയും വിമർശിക്കുന്നില്ല എന്നും ഒരു വിമർശനം, യുക്തിവാദികൾക്കിടയിലുണ്ടായിരുന്നുവോ?

അന്നത്തേത് പാർട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയമായിരുന്നു, അത്​ വെച്ചിട്ടാണ് ആ അഭിപ്രായം പറഞ്ഞത്. അത് അന്നത്തെ നിലയ്ക്ക് ശരിയാണ്. മറ്റ് താല്പര്യങ്ങളൊന്നും അതിലുണ്ടായിരുന്നില്ല.

യുക്തിവാദത്തെ മാർക്‌സിസത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ഒരാക്ഷേപം യുക്തിവാദസംഘത്തിനുണ്ടായിരുന്നുവോ?

അവർ അങ്ങനെ പറഞ്ഞിരുന്നു എന്നുതോന്നുന്നു. എന്നോട് നേരിട്ടൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ ആരോപണം വന്നാൽ അവരോട് ഞാൻ, മാർക്‌സിസം പഠിക്കുന്ന പുസ്തകവുമായി വരാൻ പറയും. യുക്തിവാദികളോട് അവരുടെ നിലപാട് തെറ്റാണ് അത് കറക്ട് ചെയ്യാനും പറയും. ടെക്​സ്​റ്റിലെ മാതൃകകളെയാണ്​ എനിക്ക് അംഗീകരിക്കാൻ പറ്റൂ. വായിൽ തോന്നിയത് അവിടെയും ഇവിടെയും പറഞ്ഞാൽ സ്വീകാര്യമല്ല.

സി.പി.എമ്മിൽ വന്നപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നീട് പ്രസിഡന്റായി. പാർട്ടിയുമായി വൈരുദ്ധ്യം നിലനിൽക്കുമ്പോൾ മതത്തിനോടുള്ള സമീപനം എങ്ങനെയായിരുന്നു?

ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞിട്ടൊന്നുമില്ല. പാർട്ടിക്കാർക്ക് യുക്തിവാദം അത്ര ഇഷ്ടമല്ല. അതിന്റെ തർക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. മാർക്‌സിസം ആൻറി റിലീജിയസ് ആണ്. പിന്നെ, മതത്തിന്റെ കൂട്ടാളിയായിട്ടാണ് പാർട്ടിക്കാരെ കൊണ്ടുനടക്കുക. അത് അശാസ്ത്രീയവും പാർട്ടിവിരുദ്ധവുമാണ്. അത് ഞാൻ തരം കിട്ടുമ്പോഴൊക്കെ ഉയർന്ന വേദികളിൽ പറയും. താണവേദികളിൽ അതൊഴിവാക്കും. സാധാരണക്കാർക്ക്​ അതൊന്നും മനസ്സിവില്ല. അതുകൊണ്ട് സാധാരണക്കാർ എനിക്കുതന്നെ എതിരാവും. അതുകൊണ്ട് അത്തരം വിഷയം മാറ്റിവയ്ക്കും.

‘വീ​ണ്ടെടുക്കാം വള്ളിക്കുന്നിനെ’ എന്ന കാമ്പയിന്റെ ഭാഗമായ ന്യൂസ്​ പേപ്പർ ചാലഞ്ച്​, കാമ്പയിൻ കൺവീനർ യു. കലാനാഥൻ മാഷ് പത്രക്കെട്ടുകൾ സി.പി.എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റി മെമ്പർ രാമകൃഷ്ണന് കൈമാറി ഉൽഘാടനം ചെയ്യുന്നു.

പാർട്ടിക്ക്​ അനഭിമതനാകുന്നതിനുമുമ്പ് പഞ്ചായത്ത്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായി. സി.പി.എമ്മിന്​ ലീഗുമായി ഐക്യമുന്നണി ഉണ്ടായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്തിൽ ആ ഐക്യം ഇല്ലാതെ മത്സരിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ജയിക്കുകയും ചെയ്തു. അല്ലെങ്കിൽ പ്രശ്‌നമാകുമായിരുന്നു. കടപ്പുറം മുസ്​ലിം മേഖലയാണല്ലോ.

യുക്തിവാദ ആശയവുമായി ബന്ധപ്പെട്ട്​ പാർട്ടിയിൽ നിരന്തര സംഘർഷം ഉണ്ടായിരുന്നോ?

സത്യം പറഞ്ഞാൽ, ഗൗരവമേറിയ ഒരു സംഘർഷം പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടില്ല. അവിടെ പലപ്പോഴും അത്തരം ചർച്ച ഒഴിവാക്കുകയാണ് ചെയ്യുക. പാർട്ടിക്കാർക്കും എനിക്കും അതാണിഷ്ടം. അതുകൊണ്ട് പലപ്പോഴും സംവാദം തീവ്രമാകാറില്ല.

മതവുമായി ബന്ധപ്പെട്ട വലിയ പ്രശ്​നങ്ങൾ നമ്മുടെ സമൂഹം നേരിടുന്നുണ്ട്​. എന്നിട്ടും, മാർക്‌സിസ്റ്റ് പാർട്ടി അല്ലെങ്കിൽ മാർക്‌സിസം, മതത്തിന്റെ ഫിലോസഫിയുമായി അനുരഞ്ജനത്തിലാവുന്നതുകൊണ്ടാണ്?

ഇക്കാര്യത്തിൽ പാർട്ടിയുടെ നയം തെറ്റാണ്. അത് അവർ തിരുത്തേണ്ട കാലം കഴിഞ്ഞു.

അന്ന് പാർട്ടി നിലപാട്​ എന്തായിരുന്നു?

മതക്കാരെ എതിർക്കാൻ നിൽക്കേണ്ട എന്ന മട്ടിലുള്ള നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. അധികാര രാഷ്ട്രീയത്തിന് ഒരു ഒത്തുതീർപ്പുണ്ടല്ലോ. കുഴപ്പമുണ്ടാക്കാതിരിക്കാനുള്ള മാർക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ കേരളാ ബേസ്​ഡ്​ ആയ നിലപാടാണത്. അതില്ലാതെ അവർക്ക് മുന്നോട്ടുപോകാൻ കഴിയില്ല. അതിനെതിരായി ഞാൻ ശക്തമായി വർത്താനം പറഞ്ഞാൽ അത് പാർട്ടിയെ ബാധിക്കും.

ആദ്യ തവണ, വള്ളിക്കുന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റായശേഷം പിന്നെ അടുത്ത തവണ മത്സരിക്കാൻ സീറ്റ്​ നൽകിയില്ല, അതെന്തുകൊണ്ടായിരുന്നു?

ഞാൻ യുക്തിവാദി സംഘത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട്, പാർട്ടിക്ക് പ്രശ്‌നമുണ്ടാവുന്നുണ്ട് എന്നവർ മനസ്സിലാക്കി. ശരിഅത്തിനെപ്പറ്റി ഞാൻ മുസ്​ലിംകളോട്​ പറഞ്ഞു, പ്രസ്താവനയിറക്കി. യുക്തിരേഖയിൽ ലേഖനം എഴുതി. അതിനുശേഷമാണ് പ്രശ്‌നമുണ്ടായത്. ഇ.എം.എസിനെ വിമർശിച്ചു എന്നു പറഞ്ഞായിരുന്നു വിവാദം. പാർട്ടിക്കുവേണ്ടി യുക്തിവാദത്തിൽ നിന്ന് മാറിനിൽക്കാൻ പറഞ്ഞെങ്കിലും ഞാൻ തയ്യാറായില്ല. ഇമ്പിച്ചിവാവ വന്ന്​, മലപ്പുറം ജില്ലാ കമ്മറ്റിയിൽ വർക്ക് ചെയ്യണമെന്നുപറഞ്ഞു. എന്റെ വർക്ക് കോഴിക്കോടും മലപ്പുറത്തുമാണ്, അതുകൊണ്ട്​ പ്രയാസമുണ്ട്, അല്ലെങ്കിൽ ജോലി രാജി​വെക്കേണ്ടിവരും എന്നുഞാൻ പറഞ്ഞു. ജോലി വേണ്ടെന്നുവച്ചിട്ടൊന്നും പാർട്ടി പണിക്ക് വരേണ്ട എന്നായിരുന്നു ഇമ്പിച്ചിവാവയുടെ മറുപടി.
പാലൊളി, സി.കെ. ബാലേട്ടൻ, അഹമ്മദുകുട്ടി മാഷ് എന്നിവരാണ് എന്നെ സമീപിച്ചത്. അപ്പോഴാണ് അവർ പറഞ്ഞത്, പാർട്ടി അല്ലെങ്കിൽ യുക്തിവാദം എന്ന്. ഞാൻ പറഞ്ഞു, ഞാൻ പഠിച്ച പാർട്ടി ഇങ്ങനെയാണ്. ഇ.എം.എസുമായി ‘ചോദ്യോത്തര’ത്തിൽ ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്​. പഴയ ആളുകളൊക്കെ യുക്തിവാദികളാണ്. ഇ.എം.എസ് അടക്കം കമ്യൂണിസ്റ്റ് ആയത് യുക്തിവാദം പറഞ്ഞിട്ടാണ്. ഇപ്പോഴെന്താണ് മാറ്റം? അതെനിക്കറിയണം എന്ന് ഞാൻ ശഠിച്ചു. വിശദീകരണമൊന്നും വേണ്ട, പറഞ്ഞതൊക്കെ അങ്ങ് അനുസരിച്ചാൽ മതി എന്നായിരുന്നു ആ സംഘത്തിന്റെ മറുപടി.
പാർട്ടിയുടെ ആ സമീപനം എനിക്കിഷ്ടമായില്ല. അവർ പറയുന്നതനുസരിച്ച്​നടക്കണമെന്ന ഒരു ആജ്ഞാശക്തി അതിനുപിന്നിലുണ്ട്. അത്​ ഇഷ്ടമായില്ല എന്നുമാത്രമല്ല, അത് അംഗീകരിക്കില്ല എന്ന മട്ടിൽ ഞാൻ നിലപാട് തുടർന്നുകൊണ്ടുപോയി.

യുക്തിവാദമൊക്കെയായി ബന്ധപ്പെട്ട് പ്രവർത്തിച്ച മാഷിന് പാർട്ടിയുടെ ഇപ്പോഴത്തെ രീതിയോടുള്ള നിലപാട് എങ്ങനെയാണ്?

ഞാൻ നിലപാടുകളിൽ നിന്ന്​ ഇന്നും മാറിയിട്ടില്ല. മതവുമായി ബന്ധപ്പെട്ട കാര്യത്തിൽ, പാർട്ടി ഒരിക്കലും പൊരുത്തപ്പെട്ടുപോകരുത് എന്നതാണ്​ വ്യക്തിപരമായ നിലപാട്. പല കാര്യങ്ങളിലും മതപരമായ പ്രീണനപ്രവർത്തനമാണ്​ പാർട്ടിയുടെ പൊതുരീതി. പാർട്ടി ബന്ധങ്ങൾ മാത്രം നിലനിർത്തി മുന്നോട്ടുപോകാൻ കഴിയും. ഞാൻ പാർട്ടിക്ക് എതിരല്ല. പക്ഷേ, ഈയൊരു കാഴ്​ചപ്പാട്​ എനിക്ക് തലയിൽ കയറ്റാൻ പറ്റില്ല.

സി.പി.എമ്മിന്​ യുക്തിവാദം ഉപേക്ഷിക്കാൻ പറ്റുമോ?

എന്തിനുപേക്ഷിക്കണം? ജീവിതവീക്ഷണത്തെ സംബന്ധിച്ച്​ കറക്ട് ആയ ശാസ്ത്രീയ സമീപനമാണിത്​. ആധുനിക ശാസ്ത്രത്തിന്റെ തത്വങ്ങളുമായി പൊരുത്തപ്പെട്ട ആശയം എന്ന അർത്ഥത്തിലാണ് യുക്തിയെ വ്യാഖ്യാനിക്കുന്നത്. അപ്പോൾ യുക്തിവാദത്തെ അംഗീകരിക്കുക എന്നതിനർഥം, ആധുനിക ശാസ്ത്രത്തെ മാനിക്കുക എന്നാണ്​. പിന്നെ പാർട്ടിക്കാർക്ക് അവരുടേതായ പഴയ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. അതിനെ സ്വീകരിക്കാൻ കഴിയില്ല എന്നുമാത്രം.

2014ൽ കോഴിക്കോട് നടന്ന സോമയാഗത്തിതിരെ യുക്തിവാദി സംഘം പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ യു. കലാനാഥൻ സംസാരിക്കുന്നു

മലപ്പുറം പോലെ, അല്ലെങ്കിൽ വള്ളിക്കുന്ന് പോലെയുള്ള സ്ഥലത്ത് സെക്യുലർ രാഷ്ട്രീയം പറഞ്ഞാൽ വിജയിക്കുമോ?

വിജയിക്കാതിരിക്കാൻ വഴിയില്ല. സെക്യുലർ രാഷ്ട്രീയം എന്നുപറയുന്നത് പൊതുജനത്തിന്റെ സത്യസന്ധമായ വികസനത്തിനുള്ള രാഷ്ട്രീയവീക്ഷണമാണ്. അല്ലാത്ത സമീപനമെടുത്താൽ, പാർട്ടിയുടെ ആളുകളുടെ സെക്യുലറായ വികാസത്തെ അത് തടസ്സപ്പെടുത്തും. അത് പാർട്ടിക്ക് ദോഷം ചെയ്യും. രാഷ്ട്രീയത്തിൽ മതനിരപേക്ഷത വേണം എന്ന നിലപാടാണ് അന്നും ഇന്നും ഉള്ളത്. അത് മാർക്‌സിസത്തോടുള്ള എന്റെ നിലപാടിന്റെ ഒരു ശരിയായ പ്രയോഗമാണ്​. ഒന്നാമതായി, നമ്മുടെ സഖാക്കൾ മാർക്‌സിസം പഠിക്കില്ല, പഠിപ്പിക്കുകയുമില്ല. അതാണ് പാർട്ടിക്കാർക്കുള്ള വലിയ ദോഷം. ‘ഞാൻ കമ്യൂണിസ്റ്റാണ്’ എന്നുപറഞ്ഞ് നടക്കുന്ന ഒരു ഗ്രൂപ്പാണ് അവരുടേത്. ഐഡിയോളജി സ്വാംശീകരിച്ച് അത് പ്രയോഗിച്ച് അതിന്റെ അഡ്വാന്റേജ്​ ബഹുജനങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു യഥാർത്ഥ മാർക്‌സിസ്റ്റിന്റെ നിലപാടല്ല. അതാണ് അതിന്റെ ദൗർബല്യം. അത് ഈയൊരു കാര്യത്തിൽ മാത്രമല്ല, പല കാര്യത്തിലുമുണ്ട്.

ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എമ്മിന്റെ സമീപനത്തെക്കുറിച്ച്​ മാഷിന്​ വിയോജിപ്പുണ്ടോ?

ഏക സിവിൽകോഡ് വിഷയത്തിൽ പാർട്ടി ശരിയായ നിലപാടിലാണ്. ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ്. സിവിൽകോഡിൽ വെള്ളം ചേർത്തതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ ആ എതിർപ്പ് ഇപ്പോൾ പറയാൻ പറ്റില്ല. ഇപ്പോൾ മോദി സർക്കാർ അത് കൊണ്ടുവരുന്നുണ്ട്. അതിനെ എതിർക്കുന്നു. നല്ല രീതിയിലല്ല കൊണ്ടുവരുന്നത് എന്ന വ്യാഖ്യാനമാണ്. മോദിക്കൊരിക്കലും അത് അതേ രൂപത്തിൽ കൊണ്ടുവരാൻ കഴിയില്ല. അത് കള്ളത്തരമാണ്​. ആളുകളെ വഞ്ചിക്കാനും ഇടതുപക്ഷക്കാരെ ചതിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

സ്വന്തം അനുഭവങ്ങളുടെ കൂടി പശ്​ചാത്തലത്തിൽ, സി.പി.എമ്മിലുണ്ടാകേണ്ട ആശയപരമായ മാറ്റങ്ങളെക്കുറിച്ച്​ ആലോചിച്ചിട്ടുണ്ടോ?

നയപരമായി തന്നെ പാർട്ടി ആശയം ഇന്നതാണ്​, മാർക്​സിസം എന്ന തത്വശാസ്ത്രത്തി​ന്റെ അടിസ്​ഥാനത്തിൽ വേണം കാര്യങ്ങൾ തീരുമാനിക്കാൻ, അതുപ്രകാരം ഇന്നിയിന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണം എന്ന കർശന നിലപാട്​ പാർട്ടിയിൽ വേണം. എന്നാൽ, ഇതെല്ലാം ചെയ്യേണ്ടവർ ഇന്ന്​ പാർട്ടിക്ക് പുറത്താണ്. യഥാർത്ഥ കമ്യൂണിസ്​റ്റുകാരെ പുറത്താക്കി. ഞാൻ മാർക്‌സിസത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും ഒരുവിധം വായിച്ച് പഠിച്ചതാണ്. ആവർത്തിച്ചാവർത്തിച്ച് വിഴുങ്ങിയിട്ടുണ്ട്, പഠിച്ചിട്ടുണ്ട്. ആ വിധത്തിൽ മാർക്‌സിസം അതിന്റെ ശരിയായ രൂപത്തിൽ എടുക്കുകയാണ് എന്റെ ലക്ഷ്യം. ഇപ്പോൾ പാർട്ടിക്കാരുമായി ആശയപരമായ തർക്കങ്ങളുണ്ട്. അത് അവരുമായി സംസാരിച്ച് കറക്ട് ചെയ്തുകൊണ്ടാണ് ഞാൻ പോവുക. പക്ഷേ അതൊന്നും ചിലപ്പോൾ അവർക്ക് മനസ്സിലാവില്ല. മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ല എന്ന് അംഗീകരിക്കാനോ അനുസരിക്കാനോ അവർ തയ്യാറുമല്ല.

യു.കലാനാഥനെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊന്നാടയണിയിച്ച് ആദരിക്കുന്നു

പാർട്ടി പിളർന്ന സമയത്തും ഈ പ്രശ്‌നമുണ്ട്. ഇത്തരം ആശയസംവാദങ്ങൾ പിന്നെയല്ലേ ഡവലപ് ചെയ്തത്?

വള്ളിക്കുന്നിലെ പാർട്ടിക്കാരുടെ നിലപാടുകൾ പരിഗണിച്ചാണ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐയുടെ കൂടെ നിൽക്കാതിരുന്നത്. മറ്റൊന്നും ഞാൻ നോക്കിയില്ല. കാരണം, അതൊക്കെ നോക്കിയിരുന്നു എങ്കിൽ, എനിക്കിവിടെ നിൽക്കാൻ കഴിയില്ല.

അധികാര രാഷ്ട്രീയമായിരുന്നു​വോ പ്രശ്​നം?

ഇവിടുത്തെ അധികാര രാഷ്ട്രീയം നോക്കിയതുകൊണ്ടാണെന്നതിൽ എനിക്ക് തർക്കമില്ല. അവർ എന്തു രാഷ്ട്രീയമാണ്​ ഉദ്ദേശിച്ചത്​ എന്ന്​ അവർക്കുതന്നെയേ അറിയൂ. പക്ഷേ എന്റെ രാഷ്ട്രീയം ഞാൻ അവതരിപ്പിച്ചു. യോജിപ്പുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തർക്കമാണ് ഞങ്ങൾ തമ്മിലുള്ളത്. ഞാൻ ശക്തമായ എതിർപ്പിനൊന്നും പോയില്ല.

നക്‌സലൈറ്റുകൾ അടക്കമുള്ള തീവ്രവാദത്തോട്​ അനുഭാവമുണ്ടായിരുന്നോ?

അന്ന് അതിനോട് യോജിപ്പില്ലായിരുന്നു. സി.പി.എം അന്നെടുത്ത നിലപാടിനോടായിരുന്നു യോജിപ്പ്. നക്‌സലൈറ്റുകളോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് എനിക്ക് വേറെ തടസമുണ്ടായില്ല. നമ്മുടെ പാർട്ടിക്കാർക്ക് എന്നെ ശക്തമായി എതിർക്കാനും കഴിഞ്ഞില്ല. പാർട്ടി ക്ലാസൊന്നും എടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എടുക്കേണ്ടങ്കിൽ വേണ്ട, അത്രയുമേ ഞാനും നിലപാട് എടുത്തുള്ളൂ. ഇത്ര ക്ലാസ്​ തന്നേ പറ്റൂ എന്നൊന്നും പറയാൻ ഞാൻ പോയില്ല. പാർട്ടിക്കാരുടെ സങ്കുചിത മനസിന്റെ ഭാഗമായി വന്ന പാളിച്ചകളാണെന്നാണ് ഞാൻ കരുതുന്നത്​. എന്റെ മെമ്പർഷിപ്പ് പാർട്ടി പുതുക്കിയില്ല. അതിന്​ കാരണമൊന്നും പറഞ്ഞില്ല. അവർ പറയുന്നതുപോലെ ഞാൻ കേൾക്കാത്തതുകൊണ്ടാകാം. പാർട്ടിയുടെ പൊതുലൈനിനോട് യോജിച്ച് പോകുന്നില്ല എന്നുള്ള ഒരു നിലപാടല്ലാതെ വേറെ തർക്കമൊന്നും ഞാൻ അറിഞ്ഞുകൊണ്ട് പാർട്ടി ലൈനിൽ ഇല്ല. പാർട്ടിക്കാരുടെ സങ്കുചിതവീക്ഷണം എന്നല്ലാതെ എന്തുപറയാൻ.

Photo : CPIM 23rd Party Congress, fb page

പാർട്ടിയെ വിമർശിക്കാൻ പറ്റാത്ത നിലയിലായിരുന്നു​വോ മാഷ്?

പാർട്ടി എനിക്ക് ശാസനകളൊന്നും തന്നിരുന്നില്ല. തന്നാൽ ഞാനൊട്ട് മാനിക്കുകയുമില്ല. അതവർക്ക് അസ്സലായിട്ടറിയാം. അതൊരു പ്രശ്‌നമാണ്. ഇതിനൊക്കെ കാരണം, ഞാൻ മാർക്‌സിസം ടെക്​സ്​റ്റ്​ ബുക്ക് വഴിക്ക് പഠിക്കാൻ ശ്രമിച്ചു എന്നതാണ്. മാർക്‌സിയൻ ടെക്​സ്​റ്റ്​ വായിച്ചുപഠിച്ച് മാർക്‌സിസത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് എന്നിലെ മാർക്‌സിസം രാഷ്ട്രീയ മാർക്‌സിസമായി മാറുന്നത്. അല്ലാതെ പാർട്ടിയുടെ രാഷ്ട്രീയമല്ല. ഇതുമൂലം പാർട്ടിയുടെ പൊതുസമീപനവുമായി എനിക്ക്​ താത്വികമായ എതിർപ്പ്​പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അത്​ ഞാൻ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് അവരോടുള്ള എതിർപ്പല്ല, ഞാൻ വായിച്ച മാർക്‌സിസവും അവർ അവതരിപ്പിക്കുന്ന മാർക്‌സിസവും തമ്മിലുള്ള വ്യത്യാസം കൊണ്ട്​ സംഭവിക്കുന്നതാണ്​.

ജനകീയാസൂത്രണം, പഞ്ചായത്ത് പ്രസിഡൻറ്​ പദവി തുടങ്ങിയവയിലെ പ്രാവീണ്യം പാർട്ടി അംഗീകരിക്കാൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്​?

പാർട്ടിയുടെ വിവരക്കേടിന്റെ ആഴമാണ്​ അത് തെളിയിക്കുന്നത്​.

ഒരു ‘റൈറ്റ് വിങ് യുക്തിവാദം’ ഉണ്ടോ?

സി. രവിചന്ദ്രനെ പോലെയുള്ള ആളുകൾ ഉന്നയിക്കുന്ന യുക്തിവാദം ഇപ്പോൾ വന്നതല്ലേ.

യുക്തിവാദത്തെ ഒന്നുകൂടി പുനർനിർണയിക്കേണ്ടതുണ്ടായിരുന്നോ ഇന്നത്തെ സാഹചര്യത്തിൽ?

യുക്തിവാദം മാത്രമല്ല, മാർക്‌സിസവും പുനഃപരിശോധിക്കപ്പെടണം. കാലത്തിനും തന്ത്രത്തിനും ആനുകാലിക രാഷ്ട്രീയ പ്രവണതകൾക്കും അനുസരിച്ച്​. അതിലൊരു തെറ്റുമില്ല. അത് ചെയ്യണം.

രണ്ട് ആശയങ്ങൾക്കൊപ്പമാണ്​ മാഷ് നിന്നത്. മാർക്‌സിസ്റ്റ് ആയും യുക്തിവാദിയായും. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഏതാണ്​?

അത്, മാർക്‌സിസം തന്നെ. അടിസ്ഥാനപരമായ വീക്ഷണവും ദർശനവും മാർക്‌സിസത്തിലാണുള്ളത്. മാർക്‌സിസത്തിന്റെ ടെക്​സ്​റ്റിനെ വെല്ലുന്ന പ്രത്യയശാസ്ത്രമൊന്നും മറ്റുള്ളവയ്ക്ക് അവകാശപ്പെടാൻ കഴിയില്ല. യുക്തിവാദം പാർശ്വചിന്തയാണ്. പാർട്ടിയും യുക്തിവാദവും എനിക്ക് ഒരേപോലെയാണ്. രണ്ടും സ്വീകരിച്ചു. അന്ന് പാർട്ടിക്കാർ അംഗീകരിച്ചില്ല. അവരുടെ സങ്കുചിത വീക്ഷണത്തിന്റെ ഭാഗമായി ഒന്നേ അംഗീകരിച്ചുള്ളൂ.

ജാതിക്കും മതത്തിനും വിശ്വാസങ്ങൾക്കും അതിപ്രസരമുള്ള ഒരു സമൂഹത്തിൽ മാഷ് കലഹിക്കുകയായിരുന്നു എന്നു പറയാമോ?

കലഹത്തിന്റെ പ്രശ്‌നമില്ല. ശത്രുക്കളുമില്ല. ഭിന്നാഭിപ്രായങ്ങൾ ശാന്തമായി പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് എന്റെ നിലപാട്. അതിൽ ഭിന്നിപ്പോ എതിർപ്പോ ഒരു വിഷയമായി വരുന്നില്ല. എതിർക്കാതെ, ആശയങ്ങൾ പുനരവതരിപ്പിക്കുക എന്ന തന്ത്രം ഉപയോഗിക്കുമ്പോൾ ആളുകളെ കൂടെക്കൊണ്ടുവരാൻ എളുപ്പമാണ്. ആ ഒരു സമീപനമേ എടുത്തിട്ടുള്ളൂ. കലഹിക്കാൻ പോയിട്ടില്ല.

എന്നാൽ, യുക്തിവാദം കലഹത്തിന്റെ തലത്തിലേക്ക് പോയിട്ടില്ലേ?

അതുണ്ട്. ഓരോരുത്തർക്കുമുള്ള ബോധത്തിനനുസരിച്ചാണല്ലോ ആർഗ്യുമെന്റുകളും ഫൈറ്റിന്റെ ആയുധങ്ങളും തിരഞ്ഞെടുക്കുന്നത്. ഞാനതിനോടൊന്നും പൂർണമായി യോജിക്കുന്നില്ല. യുക്തിവാദികളുടെ നിലപാട് തന്നെ ഞാൻ പൂർണമായും അംഗീകരിക്കുന്നില്ല.

യുക്തിവാദികളിൽ മാഷിന്റെ നിലപാടിനോട് വിയോജിപ്പുള്ളവരുടെ എണ്ണം കൂടിവരുന്നതായി തോന്നുന്നു.

ആയിരിക്കാം. അത് നോക്കിയിട്ടല്ല ഞാൻ നിലപാട് സ്വീകരിക്കുന്നത്. പാർട്ടിയിലും അങ്ങനെ തന്നെ. കാരണം, നയപരമായ കാര്യങ്ങളിൽ ദാർശനികമായ സമീപനമാണ് ഏറ്റവും പ്രധാനം. ദാർശനിക സമീപനത്തിൽ ശരിയേതോ, അതിന്റെ കൂടെ ഉറച്ചുനിൽക്കുക.

ദൈവമേ എന്ന് വിളിക്കാറുണ്ടോ?

അതിന്റെ ഒരാവശ്യവുമില്ലല്ലോ. ഇല്ലാത്ത ഒരു സാധനത്തിനെ വിളിക്കുമോ?

എന്നാൽ, ഇപ്പോൾ കോംപ്രമൈസ് ചെയ്​ത്​, അങ്ങനെ വിളിക്കാം എന്നൊരവസ്ഥയിൽ പാർട്ടി എത്തിയിട്ടുണ്ടെന്ന് തോന്നുന്നു?

ഉണ്ടെങ്കിൽ അത് സി.പി.എമ്മിനെ സംബന്ധിച്ച്​ അത്ഭുതകരമായ ഒരു തകർച്ചയുടെ ലക്ഷണമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


യു. കലാനാഥൻ

കേരള യുക്തിവാദി സംഘം പ്രസിഡൻറായിരുന്നു. ഇന്ത്യയിലെ യുക്തിവാദ സംഘടനകളുടെ ഫെഡറേഷനായ ‘ഫിറ’യുടെ പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ, രക്ഷാധികാരിയാണ്​. യുക്തിവാദി സംഘത്തിന്റെ സമരങ്ങൾക്കിടെ കടുത്ത മർദ്ദനമേൽക്കേണ്ടിവന്നു. മലപ്പുറം ജില്ലയി​ലെ വള്ളിക്കുന്ന്​ പഞ്ചായത്ത്​ പ്രസിഡൻറായിരുന്നു. ആത്മാവ്​ സത്യമോ മിഥ്യയോ, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ, മതം സാമൂഹ്യപുരോഗതിയുടെ ശത്രു, ഇസ്​ലാം മതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏകസിവിൽ കോഡും എന്നിവയാണ് പ്രധാന പുസ്​തകങ്ങൾ.

എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments