പാലക്കാട്ട് രാഹുലിലൂടെ ഭൂരിപക്ഷമുയർത്തി യു.ഡി.എഫ്, എൽ.ഡി.എഫ് മൂന്നാമതു തന്നെ

ത്രികോണ മത്സരം നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം സ്വന്തമാക്കി യു.ഡി.എഫിൻെറ രാഹുൽ മാങ്കൂട്ടത്തിൽ. ബി.ജെ.പി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയിടത്ത് സി.കൃഷ്ണകുമാർ നേരിട്ടത് വലിയ തിരിച്ചടി. ഡോ.പി.സരിനെ സ്ഥാനാർഥിയാക്കി എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയ പരീക്ഷണവും വിജയം കണ്ടില്ല.

News Desk

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അത്ഭുതമൊന്നും സംഭവിച്ചില്ല. കഴിഞ്ഞ മൂന്ന് ടേമിലായി തുടർച്ചയായി ഷാഫി പറമ്പിൽ ജയിച്ച് വന്ന നിയമസഭാമണ്ഡലത്തിൽ ഇക്കുറി പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ. ഭൂരിപക്ഷം വൻതോതിൽ ഉയർത്താൻ സാധിച്ചുവെന്നതാണ് മാറ്റം. ബി.ജെ.പി തുടർച്ചയായി രണ്ട് തവണയായി രണ്ടാം സ്ഥാനത്തെത്തിയ ഇടത്ത് മൂന്നാം തവണയും രണ്ടാം സ്ഥാനം തന്നെ. കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞ് ഇടതുപക്ഷ സ്ഥാനാർഥിയായി എത്തിയ ഡോ.പി.സരിൻ മൂന്നാമത്. ശോഭാ സുരേന്ദ്രനും ഇ.ശ്രീധരനും ശേഷം പാലക്കാട് നഗരസഭയിൽ നിന്ന് തന്നെയുള്ള സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയിട്ടും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ രണ്ട് തവണത്തേതിനേക്കാൾ വോട്ട് കുറഞ്ഞ് വലിയ തിരിച്ചടി നേരിടുകയും ചെയ്തു. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടന്നത്. കോൺഗ്രസിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം ഇത് അഭിമാന പോരാട്ടമായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് മുതിർന്ന നേതാക്കളും യുവനേതാക്കളുമെല്ലാം ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണത്തിന് ഒടുവിൽ വിജയത്തിളക്കം. വെറും 3859 വോട്ടുകൾക്ക് കഴിഞ്ഞ തവണ ജയിച്ചിടത്ത് നിന്ന് ഇത്തവണ 18840 വോട്ടുകളുടെ അഭിമാനമകരമായ ജയം. വർഗീയ ശക്തികൾക്ക് ഇടമില്ലാത്ത കേരള നിയമസഭ അങ്ങനെ തന്നെ തുടരുമെന്ന് ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം പകരുന്ന ഫലം.

വെറും 3859 വോട്ടുകൾക്ക് കഴിഞ്ഞ തവണ ജയിച്ചിടത്ത് നിന്ന് ഇത്തവണ 18715 വോട്ടുകളുടെ അഭിമാനമകരമായ ജയം
വെറും 3859 വോട്ടുകൾക്ക് കഴിഞ്ഞ തവണ ജയിച്ചിടത്ത് നിന്ന് ഇത്തവണ 18715 വോട്ടുകളുടെ അഭിമാനമകരമായ ജയം

58389 വോട്ടുകൾ നേടിയാണ് ഇത്തവണ യു.ഡി.എഫിൻെറ വിജയം. കഴിഞ്ഞ തവണ 54,079 ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞത് ബി.ജെ.പിക്കാണ്. ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത് 39549 വോട്ടുകളുമായാണ്. 37,293 വോട്ടുകൾ നേടി എൽ.ഡി.എഫിൻെറ ഡോ.പി.സരിൻ മൂന്നാം സ്ഥാനത്തെത്തി. ഈ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് രാഷ്ട്രീയമായി വലിയ വിജയം സമ്മാനിക്കുമ്പോൾ എൽ.ഡി.എഫിന് വോട്ടിൻെറ കാര്യത്തിൽ നേരിയ തോതിൽ നില മെച്ചപ്പെടുത്താൻ മാത്രമാണ് സാധിച്ചത്. എന്നാൽ, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയം നേടി അക്കൌണ്ട് തുറന്നതിൻെറ ആവേശമൊന്നും പാലക്കാടുണ്ടായില്ല. എൽ.ഡി.എഫുമായി നേരിയ വോട്ടിൻെറ അന്തരത്തിലാണ് മൂന്നാം സ്ഥാനത്തായത്.

മണ്ഡലത്തിൽ വോട്ടെണ്ണിത്തുടങ്ങിയ ഘട്ടത്തിൽ നേരിയ മേൽക്കൈ ഉണ്ടായിരുന്നത് ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറിനാണ്. എന്നാൽ, നഗരസഭയിൽ വോട്ടെണ്ണി പൂർത്തിയയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ തുടക്കം മുതലേ കോൺഗ്രസിന് പാലക്കാട് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. പാലക്കാട് നഗരസഭ ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കിലും കോൺഗ്രസിനും ഇവിടെ ശക്തമായ അടിത്തറയുണ്ട്. പിരായിരിയിലും മാത്തൂരും പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. കണ്ണാടിയിൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണെങ്കിലും അവിടെയും കോൺഗ്രസിന് വേരുകളുണ്ട്. മുൻ എം.എൽ.എയും നിലവിലെ വടകര എം.പിയുമായ ഷാഫി പറമ്പിലാണ് പാലക്കാട് കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നയിച്ചത്. പാർട്ടിക്കകത്ത് നിന്നും ജില്ലയിലെ മുതിർന്ന നേതാക്കളിൽ നിന്നുമെല്ലാം പലവിധ വിമർശനങ്ങൾ ഷാഫിക്കെതിരെ ഉണ്ടായിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വം പോലും കെ.മുരളീധരനെ ഇവിടെ സ്ഥാനാർഥിയാക്കാനായിരുന്നു താൽപര്യപ്പെട്ടിരുന്നത്. വ്യക്തിപരമായി പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം യുവനേതാവായ ഷാഫി പറമ്പിലിന് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാക്കിക്കൊടുക്കാൻ പോവുന്ന മൈലേജ് ചെറുതല്ല. പാലക്കാട് എം.പിയും മുൻ ഡി.സി.സി പ്രസിഡൻറുമായ വി.കെ.ശ്രീകണ്ഠനും ഷാഫിക്കൊപ്പം പ്രചാരണത്തിൻെറ മുൻനിരയിലുണ്ടായിരുന്നു.

ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം
ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം

മണ്ഡലത്തിൽ വോട്ടെണ്ണിത്തുടങ്ങിയ ഘട്ടത്തിൽ നേരിയ മേൽക്കൈ ഉണ്ടായിരുന്നത് ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറിനാണ്. എന്നാൽ, നഗരസഭയിൽ വോട്ടെണ്ണി പൂർത്തിയയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. ബി.ജെ.പിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നിടത്താണ് തിരിച്ചടി ഉണ്ടായത്. നഗരസഭയിൽ മാത്രം ബി.ജെ.പിക്ക് 7000ത്തിലധികം വോട്ട് കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാളും ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠൻ നേടിയതിനേക്കാളും വോട്ട് നഗരസഭയിൽ മാത്രം രാഹുൽ മാങ്കൂട്ടത്തിലിന് നേടാൻ സാധിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിലാണ് യു.ഡി.എഫിന് നില മെച്ചപ്പെടുത്താൻ സാധിച്ചത്. പിന്നീട് മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുന്നതാണ് കണ്ടത്.

ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞത് ബി.ജെ.പിക്കാണ്. ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത് 39529 വോട്ടുകളുമായാണ്
ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞത് ബി.ജെ.പിക്കാണ്. ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത് 39529 വോട്ടുകളുമായാണ്

ഇന്നലെ വരെ മറുപുറത്തുണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം തങ്ങളുടെ സ്ഥാനാർഥിയായത് ഉൾക്കൊള്ളാൻ പാലക്കാട്ടെ ഇടതുപക്ഷക്കാർക്ക് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല

തെരഞ്ഞെടുപ്പ് പ്രചാരണം

സംഭവബഹുലമായിരുന്നു പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിൽ പാലക്കാടിനൊപ്പം ചേലക്കരയിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും രാഷ്ട്രീയ സംഭവവികാസങ്ങൾ മുഴുവൻ നടന്നത് പാലക്കാടാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഷാഫി പറമ്പിലിൻെറ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പാർട്ടിക്കകത്ത് തന്നെ വിയോജിപ്പുണ്ടായി. പാർട്ടിക്കുള്ളിലുണ്ടായ കലാപത്തെ തുടർന്നാണ് ഡോ. പി. സരിൻ പുറത്തേക്ക് പോവുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനുമോളെ സ്ഥാനാർഥിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ഇടതുപക്ഷം സരിനെ ഉപയോഗപ്പെടുത്തി. അങ്ങനെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയെ പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. ഇന്നലെ വരെ മറുപുറത്തുണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം തങ്ങളുടെ സ്ഥാനാർഥിയായത് ഉൾക്കൊള്ളാൻ പാലക്കാട്ടെ ഇടതുപക്ഷക്കാർക്ക് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.

പി.സരിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
പി.സരിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലും വലിയ തർക്കങ്ങളുണ്ടായിരുന്നു. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് പാലക്കാട്ടെ പ്രധാന ബി.ജെ.പി നേതാവായ എൻ.ശിവരാജൻ പോലും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ എത്തിക്കണമെന്നും ഇടയ്ക്ക് ചർച്ചയുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന് താൽപര്യം സി.കൃഷ്ണകുമാറിനോടായിരുന്നു. ഇ.ശ്രീധരൻെറ പിൻഗാമിയായി ബി.ജെ.പി സ്ഥാനാർഥിയായി കൃഷ്ണകുമാർ വരുന്നത് അങ്ങനെയാണ്. ഇതിനിടയിലാണ് ഷൊർണൂരിലെ മുൻ ബി.ജെ.പി സ്ഥാനാർഥിയും സംസ്ഥാന വക്താവുമായിരുന്ന സന്ദീപ് വാര്യർ പരസ്യമായി പാർട്ടിയോട് ഇടയുന്നത്. വാർത്താസമ്മേളനം വിളിച്ച് പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച സന്ദീപും പുറത്തേക്കാണെന്ന സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. സന്ദീപിനെ പാർട്ടിയിലെത്തിക്കാൻ ആദ്യം ശ്രമിച്ചത് സിപിഐഎമ്മാണ്. എ.കെ.ബാലനും എം.ബി രാജേഷുമെല്ലാം സന്ദീപിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ സന്ദീപിനെ കോൺഗ്രസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാന നാളുകളിൽ സന്ദീപ് വാര്യരും സജീവമായിരുന്നു.

മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥി ആക്കണമെന്നായിരുന്നു പാലക്കാട്ടെ ഡി.സി.സിക്ക് താൽപര്യമെന്ന് വ്യക്തമാക്കുന്ന പഴയ കത്ത് പുറത്തുകൊണ്ട് വന്ന് മാധ്യമങ്ങൾ വലിയ ചർച്ചകളുണ്ടാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെ.പി.എം റീജൻസി ഹോട്ടലിൽ നടന്ന റെയ്ഡായിരുന്നു മറ്റൊരു ചർച്ചാവിഷയം. കോൺഗ്രസ് നേതാക്കളുടെ റൂമുകളിലാണ് റെയ്ഡ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കള്ളപ്പണം എത്തിച്ചുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വലിയ രാഷ്ട്രീയ കോലാഹലമായ വിവാദം ഒടുവിൽ എവിടെയുമെത്താതെ അവസാനിക്കുകയാണ് ചെയ്തത്. കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ വർഗീയ നിലപാടുകൾ ഉയർത്തിക്കാട്ടി സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എൽ.ഡി.എഫ് നൽകിയ പരസ്യമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാനമുണ്ടായ വിവാദം.

Comments