സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം

ഉമർ ഫൈസി: ‘നല്ല മുസ്‍ലി’മിലേക്കുള്ള റിക്രൂട്ടുമെന്റും
ഫ്യൂഡൽ പണ്ഡിതവർഗവും

തട്ടവും പർദ്ദയും ഇസ്‍ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും മുസ്‍ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ല എന്നുമുള്ള സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം, ഏതൊക്കെയോ നിലകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മുസ്‍ലിം സ്ത്രീ ജനവിഭാഗത്തെ വേഷത്തിന്റെ പഴയ ഒറ്റമൂലി കൊണ്ട് തളച്ചിടുന്ന പാണ്ഡിത്യഗർവാണെന്ന് ഡോ. ഉമർ തറമേൽ.

മൂഹത്തിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസവും ധാരണയും തകർത്തുകളയും വിധം അപഭാഷണങ്ങൾ പെരുകുകയാണ്. ദൃശ്യ - നവ മാധ്യമങ്ങളുടെ കാലത്ത് ഈ ഭാഷണങ്ങൾ പേമാരിപോലെ പെയ്യുകയും സംവാദങ്ങളെക്കാൾ കെട്ട വിവാദങ്ങൾക്ക് വഴിമരുന്നിന്നിടുകയും ചെയ്യുന്നു. സാമൂഹ്യശരീരത്തിന് ഇവയേൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.

പണ്ഡിതർ എന്ന തിരുനാമത്തിൽ, ഇന്ന് എല്ലാ മതങ്ങളിലും കുറേപ്പേരെക്കാണാം. പൗരോഹിത്യത്തിന്റെ അടയാളങ്ങളെന്നപോലെ വേഷം കൊണ്ട് അവർ വേറിട്ട് അടയാളപ്പെടുന്നു. ആ ഒറ്റ മാറ്റുകൊണ്ടുതന്നെ പൊതുസമൂഹമധ്യത്തിൽ ഒരു അധികാരസ്ഥമായ മേൽപ്പാടപോലെ അവർ പരിലസിക്കുന്നു. സമുദായത്തിലെ സാമാന്യജനത്തിന്റെ വിധേയത്വവും അജ്ഞതയുമാണ് ഇവർക്ക് ഊർജ്ജം.

ഇന്ന് പഴയപോലെ, ‘പണ്ഡിതർ’ എന്ന സംവർഗം ഒരനിവാര്യഘടകമേയല്ല. കാരണം, അറിവുല്പാദനത്തിന്റെയും വിനിമയത്തിന്റെയും സാങ്കേതിക മാർഗങ്ങൾ മാറിയിരിക്കുന്നു. വേഷത്തിൽ മാത്രം ‘പണ്ഡിതൻ’ തുളുമ്പിനിൽക്കുകയും ആശയത്തിലും പ്രയോഗത്തിലും തീരെ സാമൂഹ്യ പ്രത്യുല്പന്ന പരന്മല്ലാതാവുകയും ചെയ്യുന്ന അനുഭവം നൽകുകയും ചെയ്യുന്നു.

നവസമൂഹത്തിന്റെ ചലനനിയമങ്ങളും (Dynamics) സാമൂഹ്യയഥാർഥ്യങ്ങളുടെ നിനവും മനസ്സിലാക്കുന്നതിൽ ഏറെ പരാജയപ്പെടുന്ന ഒരു വർഗമായിട്ടാണ് ഇന്ന് പൊതുവെ മത പണ്ഡിതവർഗത്തിന്റെ നിൽപ്പ്. സമകാലിക രാഷ്ട്രീയത്തെയോ ദൈനംദിന സംസ്കൃതിയേയോ വായിച്ചെടിക്കുന്നതിൽ പലപ്പോഴും സമ്പൂർണ പരാജയമാണ് ഈ വർഗം. അരനൂറ്റാണ്ടു മുമ്പത്തെ ഫ്യൂഡൽ കേരളത്തെ ഇപ്പോഴും ഉള്ളിൽ പേറുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും.

മുക്കം ഉമർ ഫൈസിയെപ്പോലുള്ളവരുടെ വ്യവഹാരങ്ങൾ പഴയതിന്റെ കേവലം അനുകരണം മാത്രമാണ്. ഏതൊക്കെയോ നിലകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മുസ്ലിം സ്ത്രീ ജനവിഭാഗത്തെ വേഷത്തിന്റെ പഴയ ഒറ്റമൂലി കൊണ്ട് തളച്ചിടുന്ന പാണ്ഡിത്യഗർവ് നമ്മുടെ സമൂഹത്തിൽ തുടർക്കഥയാവുകയാണ്. ലിംഗ പദവിയെക്കുറിച്ചുള്ള സാമാന്യധാരണകളെ കുറേക്കൂടി ആൺകോയ്മയിൽ കുളിപ്പിക്കാനാണ് ഇവരുടെ ശ്രമം. ഏതുകാര്യത്തിലുമുള്ള, ഇസ്‍ലാമിന്റെ വൈവിധ്യമാർന്ന സമീപനങ്ങളെയും കണ്ടില്ലെന്ന് ഭാവിച്ചും എന്തിനെയും ഒരുതരം പാൻ ഇസ്ലാമിസത്തിൽ കുത്തിനിറുത്തുകയും ചെയ്യുന്ന സമീപനമാണ് പൊതുവെ കണ്ടുവരുന്നത്.

സമാധാന നൊബേൽ ലഭിച്ച ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദി

എന്തിനധികം, ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മൊഹമ്മദിക്ക് സമാ ധാനത്തിനുള്ള നൊബേൽ കിട്ടിയ വാർത്ത പോലും കേരളത്തിൽ ഒരുതരം വർഗീയമായ ബൈനറിക്ക് അകത്താണ് കൊണ്ടാടപ്പെട്ടത് എന്നത് തികച്ചും ഖേദകരമായിപ്പോയി. ദേശീയവാദികൾപോലും അക്കാര്യത്തിൽ കൂടുതൽ കസർത്തു കാട്ടുന്നതാണ്, സാമൂഹ്യമാധ്യമങ്ങളിൽ നാം കണ്ടത്. ഏതൊരാൾക്കും താൻ പഠിച്ചത് പാടാനും ആടാനും അവകാശമുണ്ട്. എന്നാൽ മതമേലധികാരികളാണെങ്കിൽ പോലും, സമകാലികമായ സോഷ്യൽ ഡയ്നമിക്സ്നെ വായിക്കാതെ പൊതുസമൂഹത്തിന്റെ തോളിൽ കയറിയിരുന്നു കൊണ്ടാവരുത്, അത്. ഉമർഫൈസിയെപ്പോലുള്ളവർക്കും അത് ബാധകമാണ്.

ഉമര്‍ ഫൈസി മുക്കം (Umer Faizy Mukkam)

ഒരു വ്യക്തിക്കോ കൂട്ടത്തിനോ തോന്നുന്നതെന്തും സാമൂഹ്യസത്യമാണെന്ന എന്ന മിഥ്യാധാരണ മറ്റേണ്ടതുണ്ട്. അത്തരമൊരു ഫാഷിസ്റ്റ് ചിന്ത ഇന്നത്തെ ഇന്ത്യയെപ്പോലും എങ്ങോട്ട് നയിക്കുന്നു എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. കൃത്യമായ സാമൂഹ്യ- രാഷ്ട്രീയ ധാരണയും ഭാഷാപ്രയോഗചാതുരിയും ഇല്ലാത്തവരെ മാധ്യമങ്ങൾ ഇന്ന് വല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഉമർ ഫൈസിമാരുടെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. സംവാദോന്മുഖമായ ഒരു രാഷ്ട്രീയമല്ല മാധ്യമങ്ങളും പലപ്പോഴും ഇക്കാര്യത്തിൽ അനുവർത്തിക്കുന്നത്. മീഡിയ റേറ്റിംഗ് ആണ് ഇവർക്ക് പ്രഥമ പരിഗണനീയം.

സ്‌മൃതി പരുത്തിക്കടുമായുള്ള അഭിമുഖം കുറെ ഭാഗം ഞാൻ കേട്ട /കണ്ടതാണ്. പല കാര്യങ്ങളും ചോദിച്ച കൂട്ടത്തിൽ, ഫൈസിയുടെ ഈ വിവാദവാക്യമാണ് അവസാനം പൊതുമാധ്യമ മണ്ഡലത്തിൽ മുഖ്യസ്ഥാനം പിടിച്ചത്.

ഒരു ജനസമൂഹത്തിന്റെ പൊതു അധികാരമണ്ഡലം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് ഇന്ന് കാര്യമായ പങ്കുണ്ട്. അത് വിഭാവിത സമുദായമെന്ന (Imagined Community) സംവർഗത്തിനകത്ത് കൂടുതൽ ശക്തിയോടെ നങ്കൂരമിടുന്ന കാഴ്ച തന്നെയാണ്, പലയിടത്തും നാം കാണുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിൽ മുൻകൂട്ടിയുറപ്പിച്ച ആശയം തന്നെ കേൾക്കാൻ കാത്കൂർപ്പിചിരിക്കുന്ന ഒരു ആൾക്കൂട്ടം ചുറ്റുമുണ്ട്.

ഇത് മീഡിയയുടെ കാലമാണ്. ലോകം ഭരിക്കുന്നത് ഭരണകൂടങ്ങൾ അല്ല, വൻ മാധ്യമ ചങ്ങലകളാണ്. വൻ കോർപറേറ്റുകൾ വിലക്കുവാങ്ങുന്ന മാധ്യമസ്ഥാപനങ്ങളുടെ കഥ നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു. വിവരസാങ്കേതികതയുടെ ഈ കാലത്ത്, അറിവും അതിലേക്ക് നയിക്കുന്ന ഡേറ്റയും അണുബോംബിനേക്കാൾ പ്രാധാന്യവും മാരകവുമാണെന്ന് എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്?

എന്നാൽ, മാധ്യമങ്ങൾക്ക് കുറേകൂടി മികച്ച ‘സോഷ്യൽ കോൺട്രാക്റ്റ്’ ഇന്ന് ആവശ്യമുണ്ട്. പല കാര്യങ്ങളിലും അവർ അക്കാര്യം മറക്കുന്നു.

എ.പി. അബൂബക്കർ മുസ്ലിയാര്‍

മുസ്‍ലിംലീഗുകാരെപ്പോലെ ഒരിക്കലും സമസ്തക്കാരെ കാണാവുന്നതല്ല. ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യവും നയചാതുരിയും കേരളത്തിലെ ജനാധിപത്യശീലങ്ങളുടെ കൂടെ ഭാഗമാണ്. സമസ്ത അങ്ങനെയല്ല. അത് ഒരു രാഷ്ട്രീയ -സാംസ്‌കാരിക സംഘടനയല്ല. കേവലം വിദ്യാഭ്യാസസമിതിയോ അതിനെ ചുറ്റിപ്പറ്റിയുള്ള പ്രൊഫഷണൽ കൂട്ടായ്മയോ ആണ്. അതിന് കേരളീയ മുസ്‍ലിം ചരിത്രത്തിൽ മറ്റൊരു റോളാണുള്ളത്. എന്നാൽ, കുറേക്കാലമായി സമസ്ത, രാഷ്ട്രീയത്തിന്റെ കോർട്ടിലേക്ക് കേറിക്കളിക്കുന്നുണ്ട്. അതിനുകാരണം പലതാണ്. ഇതൊക്കെ മുസ്‍ലിം സമൂഹത്തിനകത്ത് അടുത്തകാലത്ത് വളർന്നുവന്ന വിളുമ്പുകളെയാണ് പ്രകാശിപ്പിക്കുന്നത്. അവയെ അഭിസംബോധന ചെയ്യാനുള്ള ക്രിയാത്മകമായ ആലോചനകൾ സമുദായത്തിനകത്തുനിന്നുണ്ടാകുന്നതിനുപകരം പടലപ്പിണക്കങ്ങളിലൂടെ അവ സ്വയം മൂടിവെക്കപ്പെടുകയാണ് പതിവ്. ബൗദ്ധികമായ ഒരു പാപ്പരത്തം ആമൂലാഗ്രാം ഗ്രസിച്ചപോലെയാണ് കേരളത്തിലെ ഇന്നത്തെ മുസ്‍ലിം സമൂഹം പെരുമാറുന്നത്. കേവലം ഒച്ചകളിലും ആചാരങ്ങളിലും അഭിരമിക്കുന്ന ഒരു ഭൂരിപക്ഷം സമുദായത്തിനുള്ളിൽ സജീവമാകുന്നു. രാഷ്ട്രീയ - സാംസ്‌കാരിക ബോധ്യമുള്ള ഒരു നേതൃത്വത്തിന്റെ അഭാവം ഇന്ന് കൂടുതലാണ്. മുസ്‍ലിം ലീഗടക്കമുള്ള രാഷ്ട്രീയ പാർട്ടികളെപ്പോലും അലട്ടുന്ന പ്രശ്നമേയല്ല, ഇന്ന് ഇവയൊന്നും.

മുസ്‍ലിം ലീഗിന്റെ വോട്ട്ബാങ്ക് നയവും ഒരു പരിധിവരെ ഇതിന് കാരണമാണ്. എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള (അരിവാൾ) സുന്നികളുടെ, സമുദായത്തിലുള്ള കരുത്തുറ്റ സ്വാധീനം ഇന്ന് ലീഗ് പേറുന്ന നിലനിൽപ്പിന്റെ ഏറ്റവും വലിയ ഭീഷണിയാണ്. തൊഴിൽമേഖലയിൽ എ.പി സുന്നികളുടെ മുന്നേറ്റം പുതിയ തലമുറയിൽപ്പെട്ടവരെ കൂടുതൽ അങ്ങോട്ട് ആകർഷിക്കുന്നുണ്ട്. ലീഗ് സമസ്തയെ പൊതിഞ്ഞുസൂക്ഷിച്ചിരിക്കുന്നത്, ഒരു പരിധിവരെ ഈ വോട്ട്ബാങ്ക് ചോർച്ചക്ക് എളിയ പരിഹാരം എന്ന നിലയക്കുകൂടിയാണ്.

പാണക്കാട് തങ്ങന്മാരുടെ ഇടപെടലായിരുന്നു ഇതുവരെ രണ്ടു കൂട്ടരെയും ഒട്ടിച്ചു നിർത്തിയിരുന്നത്. കരുത്തനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കുശേഷം ഈ അധികാരസമവായത്തിൽ ഏറെ മാറ്റം വന്നു. മുസ്‍ലിം ലീഗിനുള്ളിൽ അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിവേകശൂന്യമായ രാഷ്ട്രീയ ഏകധിപത്യം, ഒരുപക്ഷേ പുതിയ തങ്ങന്മാരെ കുറേക്കൂടി ലീഗിന്റെ വിധേയരാക്കുകയും അകമേ ശിഥിലമാക്കുകയുണ്ടായി. (പുതിയ തങ്ങന്മാരുടെ കഴിവും ധിഷണയും സംഘടനാപാടവവും ഒരിക്കലും കുറച്ചുകാണുന്നില്ല). മുസ്‍ലിം ലീഗിനെ വിരിച്ചിടത്ത് ഇരിത്താൻ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെ ഒരാൾ പിന്നെയുണ്ടായിട്ടില്ല.

ഇവിടെയാണ്, കുറേക്കൂടി സമുദായ അംഗബലം നേടി എന്ന് വിശ്വസിക്കുന്ന സമസ്തയയിലെ പണ്ഡിതരെ വാർത്താമുഖത്തേക്ക് ആനയിക്കുന്നതിന്റെ മാധ്യമപശ്ചാത്തലം. അധ്യാപകരും വിദ്യാർഥികളും ഇവരുടെയൊക്കെ ആശ്രിതരായിട്ടുള്ള ഒരു ജനസഞ്ചയവും സമസ്തക്കൊപ്പമുണ്ട്. എന്നാൽ, സമസ്തയെ നയിക്കുന്ന പണ്ഡിതരിൽ പലരും പുതിയ സാമൂഹ്യ ചലനങ്ങളറിഞ്ഞ് സമൂഹത്തെയോ സമുദായത്തെയോ വായിക്കുന്നവരല്ല. ജിഫ്രി തങ്ങൾ തന്നെ മികച്ച ഉദാഹരണം.

തങ്ങൾ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന പിടിവാശി രാഷ്ട്രീയധാരണയുടെ അഭാവത്തിൽനിന്ന് രൂപപ്പെടുന്നതാണ്. സത്യത്തിൽ അത് ഒരു നയമല്ല. ഒരു ഫ്യൂഡൽ മനോഭാവമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ എന്തൊക്കെയോ ബാഹ്യസമ്മർദ്ദങ്ങളുടെ നടുവിൽകിടന്നുള്ള വീർപ്പുമുട്ടലും ആ മനോഗതത്തിലുണ്ട്.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ

മറ്റൊന്ന്, ആരാണ് കൂടുതൽ ‘നല്ല മുസ്ലിം’ എന്ന ലേബൽ സ്ഥാപിച്ച് സ്വർഗത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന മാത്സര്യമാണ് ഇന്ന് കേരളത്തിൽ ഈ പണ്ഡിതർക്കിടയിൽ പൊതുവെ കാണുന്നത്. ഇക്കാര്യത്തിൽ എ.പി പക്ഷത്തോട് ഏറ്റുമുട്ടാൻ കുറച്ചൊരു ഊർജ്ജം പോരാ. അത്ര സാമ്പത്തിക അടിത്തറയും മനുഷ്യവിഭവവും അവർക്കുണ്ട്. നിലനിൽക്കുന്നവരിൽ ഏറ്റവും ‘പഴഞ്ചരാണെ’ങ്കിലും ഇടതുഭരണകൂടത്തിന്റെ താങ്ങും തണലും, അതുമുണ്ടുതാനും.

പരിഷ്കാരികളെന്ന് മറ്റുള്ളവർ വിശ്വസിക്കുന്ന സലഫികളുടെ കാര്യം നോക്കിയാൽ, അരനൂറ്റാണ്ട് മുമ്പുള്ള മതനവോത്ഥാനപ്രക്രിയയിൽ തറഞ്ഞുപോയവരാണവർ. പുതിയ സാമൂഹ്യചലനങ്ങളെ ബൗദ്ധികമായി വായിക്കാനുള്ള പ്രാപ്തി ഇപ്പോഴും അവർ പ്രകടിപ്പിച്ചുകാണുന്നില്ല. അന്ന് സലഫിസത്തിന് പുരോഗമനപരമായ സാമൂഹ്യ വശമുണ്ടായിരുന്നുവെങ്കിൽ ഈ നവസമൂഹത്തിൽ അവയുടെ ഡയമൻഷൻ ഏറെ പരിഷ്കരിക്കേണ്ടതുണ്ട്. തലമുറകൾ അതാതുകാലത്തെ സാങ്കേതിക സമൂഹത്തിനനുസരിച്ചു മാറ്റം ആവശ്യമുള്ളവരാണ്‌. ഇത്തരം ഡയനമിക്സൊന്നും ഇവരെ ബാധിച്ചു കാണാറില്ല. മറ്റൊരു തരത്തിലുള്ള ‘റിക്രൂട്ട് സംഘ’മായി അവരും നിലകൊള്ളുന്നു.

സ്വയംകൃതാനർത്ഥം കുഴിച്ച കുറെ കെണികൾ ഇന്ന് സമുദായം പേറുന്നുണ്ട്. ആ കെണികളിലേക്ക് കൂടിയാണ് ഉന്മാദദേശീയതയുടെ വക്താക്കൾ മുസ്‍ലിം സമൂഹത്തെ പ്രശ്നപരമായി തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിയാനുള്ള ഒരു ആന്തരിക ബൗദ്ധികശക്തി കേരളത്തിൽ 80- കളിലെന്നപോലെ ഇന്നില്ല. പരസ്പരം ഛിദ്രമായ വിശ്വാസ കിടമാൽസര്യങ്ങളിലും സാമ്പത്തിക താല്പര്യങ്ങളിലും അകപ്പെട്ടുപോയമട്ടിൽ തൊണ്ണൂറുകൾക്കുശേഷം വളർന്നുവന്ന സ്ഥിതിവിശേഷങ്ങളുടെ ബാക്കി പത്രമാണ്, ഇപ്പോൾ വാർത്താമാധ്യമങ്ങളിലൂടെ ഓടയിലേക്കെന്നപോലെ പണ്ഡിതന്മാരും മാധ്യമങ്ങളും ഒത്തുചേർന്ന് ഒഴുക്കിക്കൊണ്ടിരിക്കുന്നത്.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments