ആതിര കെ. കൃഷ്​ണനും ഉ​മേഷ്​ വള്ളിക്കുന്നും സംസാരിക്കുന്നു; പൊലീസിന്റെ സദാചാര ഗുണ്ടായിസം

മുഴുവൻ വീഡിയോ കാണാം ↑

പൊലീസിലെ അമിതാധികാരപ്രയോഗത്തിനും മോറൽ പൊലീസിങ്ങിനും എതിരെ ധീരമായി പൊരുതുന്ന കോഴിക്കോട്​ സ്വദേശിനിയായ ഗായികയും മ്യൂസിക്​ കമ്പോസറുമായ ആതിര കെ. കൃഷ്​ണന്റെയും സിവിൽ പൊലീസ് ഓഫീസർ ഉമേഷ്​ വള്ളിക്കുന്നിന്റെയും അനുഭവമാണ്​ ഈ അഭിമുഖം.

തനിക്കെതിരായ പൊലീസ് അധിക്ഷേപത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആതിര ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അഞ്ചുവർഷം മുമ്പ് കോഴിക്കോട്​ സിറ്റി പൊലീസ് കമീഷണർഎ.വി. ജോർജിന്റെ ഷോർട്ട്ഫിലിമിനൊപ്പം താൻ കൂടി ഭാഗമായ ഷോർട്ട്ഫിലിം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് വിരോധത്തിന് തുടക്കമിട്ടത്. അതിന്റെ തുടർച്ചയാണ് കമീഷണറുടെ പകപോക്കൽ നടപടികൾക്കുപിന്നിലെന്ന് ഉമേഷ് ആരോപിക്കുന്നു.

ഇരുവർക്കുമെതിരായ പൊലീസ്​ വേട്ടയുടെ തുടക്കം ഇങ്ങനെയാണ്​: 31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ സപ്തംബർ 18ന് കമീഷണർ എ.വി. ജോർജ് സസ്‌പെന്റ് ചെയ്യുന്നു.

കൂടാതെ, അമ്മ നൽകിയ പരാതിയുടെ പേരിൽ മൊഴിയെടുക്കാൻ ആതിരയുടെ ഫ്‌ളാറ്റിലെത്തിയ പൊലീസ് അവരെ അപമാനിക്കുംവിധം പരാമർശങ്ങൾ നടത്തുകയും ചെയ്തു. സ്ത്രീയായ താൻ തനിച്ച് താമസിക്കുന്നിടത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് പുരുഷ പോലീസുകാർ കടന്നുവന്ന് തന്നെ ഭയപ്പെടുത്തി മൊഴിയെടുത്തുവെന്നും നിർബന്ധപൂർവം ‘മൊഴി വായിച്ച് കേട്ടു, ശരി' എന്നെഴുതി ഒപ്പുവെപ്പിച്ചുവെന്നും ‘ഫോട്ടോയിൽ കാണുന്നതു പോലെയല്ലല്ലോ' എന്ന് ഒരു പോലീസുദ്യോഗസ്ഥൻ അനാവശ്യമായി കമന്റടിച്ച് ബോഡി ഷെയിമിങ്ങും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തിയെന്നും ചൂണ്ടിക്കാട്ടി ആതിര ഐ.ജിക്ക് പരാതി നൽകിയിട്ടുണ്ട്.

ആതിരയുടെ പേരെടുത്ത് പറഞ്ഞ്, അവരുടെ ആത്മാഭിമാനത്തെ ആക്രമിക്കുന്ന പരാമർശങ്ങളുള്ള സസ്‌പെൻഷൻ ഉത്തരവ് ഉമേഷ് തന്നെയാണ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതേതുടർന്ന് ഉമേഷിന് പിന്തുണയുമായി നിരവധി പേരെത്തി. ഇതിന്റെ പ്രകോപനമെന്നോണം, സസ്‌പെൻഷനിൽ കഴിയുന്ന ഉമേഷിന് കഴിഞ്ഞദിവസം കമീഷണറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹക്കും അലനും കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിലെ ആരോപണം. ‘‘വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി. ‘കോടതി വിധി വായിക്കുക' എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ!'' എന്നായിരുന്നു ഉമേഷിന്റെ പ്രതികരണം.

‘കാട് പൂക്കുന്ന നേരം' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അടക്കം മുമ്പും ഉമേഷിന് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സാംസ്‌കാരിക- കലാ രംഗത്ത് സജീവസാന്നിധ്യമായ, മനുഷ്യാവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന, പൊലീസിന്റെ അമിതാധികാരപ്രയോഗങ്ങൾക്കെതിരെ പോരാടുന്ന വ്യക്തി കൂടിയാണ് ഉമേഷ്. ആതിര, വനിത ശിശുക്ഷേമ വകുപ്പിൽ കൗൺസിലറാണ്​, ഗായിക, മ്യൂസിക് കമ്പോസർ എന്നീ നിലകളിൽ പൊതുജീവിതത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.

ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്റ് ചെയ്ത സംഭവത്തെക്കുറിച്ച് ഐ.ജി തല അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഉത്തരവിട്ടുണ്ട്. അപകീർത്തിപ്പെടുത്തിയെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ച് കമ്മീഷണർക്കെതിരെ ആതിര നൽകിയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Comments