മുഹമ്മദ് അബ്ദുറഹിമാൻ അച്ചുകൂടം
This servitude is a curse we deserve nothing less than freedom.- Muhammad Abdurahiman
ആരാണ് മുഹമ്മദ് അബ്ദുറഹിമാൻ എന്ന ചോദ്യത്തിന് ചരിത്രം നേർരേഖയിലുള്ള മറുപടി തരില്ല. കാരണം; അദ്ദേഹം കോളനിവിരുദ്ധ ചരിത്രത്തോടൊപ്പം തന്റെ വിശ്വാസവും ശരീരഭാഷയും സ്വപ്നങ്ങളും പ്രയോജനപ്പെടുത്തി നിലകൊണ്ട വ്യക്തിത്വമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സവിശേഷ വക്താവായ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ വേറിട്ട സമരചരിത്രഭാഷ്യം രചിച്ചു. പ്രകൃതിസ്‌നേഹം കൊണ്ടും കലാസ്‌നേഹം കൊണ്ടും തന്റെ രാഷ്ട്രീയജീവിതത്തിൽ വേറിട്ടുനിന്നു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക നവോത്ഥാനത്തിന്റെ വൈരുധ്യപൂർണമായ പ്രതലങ്ങളെ ഊക്കോടെ അറിഞ്ഞു. 1920-കളിൽ തിളച്ചുമറിഞ്ഞ കേരളത്തിന്റെ, മലബാറിന്റെ കോളനിവിരുദ്ധവും പുരോഗമനപരവുമായ മാനവികവിമോചന ദർശനം ഉള്ളിൽ പേറിയ മനുഷ്യൻ... ഇങ്ങനെ ചരിത്രത്തിന്റെ ഏതടരുകളെയും കൂട്ടിയോജിപ്പിക്കാവുന്ന പ്രതിഭാസമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ -സാമൂഹിക ജീവിതം രൂപപ്പെട്ടത്.
അടിവരയിടുന്ന പാഠങ്ങളിലൂടെയാണ് ഏതു ചരിത്രവും ആഖ്യാനമായിത്തീരുന്നത് എന്നർഥം. ബർബാറ വെയിൻസ്‌റ്റൈൻ (Barbara Weinstein/ History Without a Cause? Grand Narratives, World History, and the Postcolonial Dilemma) പറയുന്നതുപോലെ, ചരിത്രത്തിൽ സംഭവങ്ങളാണ് മുഖ്യം. എന്നാൽ, അതൊരു ആഖ്യാനമായി മാറുമ്പോൾ അവയുടെ വ്യവഹാരമാതൃക തന്നെ മാറും. ചരിത്രവും ആഖ്യാനവും ഈ അർഥത്തിൽ ഒന്നല്ല. അവയിൽ തുടർച്ചകളും ഇടർച്ചകളും പല മട്ടിൽ കടന്നുവരും. സമൂഹത്തിൽ അപ്പപ്പോൾ സംഭവിക്കുന്നതാണ് ചരിത്രമെങ്കിൽ ആഖ്യാനത്തിൽ സാമൂഹ്യവ്യവസ്ഥയും മുൻഗണന നേടുന്ന മൂല്യസമ്പ്രദായങ്ങളും പലതരത്തിൽ ഇടപെടുന്നു. സംഭവിച്ചതുതന്നെ ഒരു പ്രത്യേക അരിപ്പയിലൂടെ ചോർന്നുപോകുകയോ മറ്റൊരുതരത്തിൽ വികസിതമാവുകയോ ചെയ്യും.
നമ്മുടെ ചരിത്രവ്യക്തിത്വങ്ങളിൽ മുഹമ്മദ് അബ്ദുറഹിമാനോളം കാവ്യാഖ്യാനങ്ങൾക്ക് ഇടം കിട്ടിയ ഒരാൾ കേരളത്തിലുണ്ടോ എന്ന് സംശയമാണ്. 40ലധികം മലയാള കവികൾ അദ്ദേഹത്തെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾ വേറെയും.
കവിത ചരിത്രമല്ല. ചരിത്രം സംഭവിച്ചതുപോലെ കവിതയിൽ നിലനിൽക്കുന്നുമില്ല. ചരിത്രത്തിന്റെ സവിശേഷ ആഖ്യാനവും ആശയത്തിന്റെ അതതുകാലത്തെ പ്രതിനിധാനവും ചേർന്നാണ് കവിതയുണ്ടാകുന്നത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ചുള്ള കവിതകളും മറ്റ് ആഖ്യാനരൂപങ്ങളും ഈയർഥത്തിൽ ചരിത്രത്തിന്റെയോ സത്യത്തിന്റെയോ പുനരുത്പാദനചിഹ്നങ്ങളാണെന്ന് പറയാം.
ഒരുപക്ഷേ, നമ്മുടെ ചരിത്രവ്യക്തിത്വങ്ങളിൽ മുഹമ്മദ് അബ്ദുറഹിമാനോളം കാവ്യാഖ്യാനങ്ങൾക്ക് ഇടം കിട്ടിയ ഒരാൾ കേരളത്തിലുണ്ടോ എന്ന് സംശയമാണ്. 40ലധികം മലയാള കവികൾ അദ്ദേഹത്തെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾ വേറെയും. ഒരുപക്ഷേ, ഏതുഭാഷയിലും അത്യപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണിത്. മഹാത്മജിയെപ്പറ്റിപ്പോലും ഇത്ര കവിതകൾ മലയാളത്തിലില്ല. തന്റെ കാലത്ത് ജീവിച്ച കവികളിൽ തുടങ്ങി പുതുകവിതയിലെ കവികളോളം നീളുന്നു ഈ നിര. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം ആർജ്ജിച്ചെടുത്ത ചിരപ്രതിഷ്ഠയാണ് ഇതിന് കാരണമെന്നുതോന്നുന്നു. പുലിക്കോട്ടിൽ തൊട്ട് ഇങ്ങോട്ടുള്ള മാപ്പിളക്കവികളുടെ ഇശൽമാതൃകകളിലൂടെ ജീവിക്കുന്ന ഒരിടവും മുഹമ്മദ് അബ്ദുറഹിമാനുണ്ട്.
എൻ. പി. മുഹമ്മദിന്റെ മുഹമ്മദ് അബ്ദുറഹിമാൻ ഒരു നോവൽ എന്ന കൃതി, മുഹമ്മദ് അബ്ദുറഹിമാനെയും അദ്ദേഹം പ്രതിനിധീകരിച്ച സംഭവബഹുലമായ കാലത്തിന്റെയും ആഖ്യാനമാതൃകയാണ്. ജീവചരിത്രരേഖ എന്നതിനേക്കാൾ, സാഹിബിന്റെ സംഘർഷം മുറ്റിയ വൈയക്തിക -രാഷ്ട്രീയ- സാമൂഹിക ജീവിതം, ഭാവനത്മകമായി പകർത്താനാണ്, എൻ. പി. ശ്രമിച്ചിട്ടുള്ളത്. ഈ കൃതിയെ പുരസ്‌കരിച്ചാണ്, പി. ടി. കുഞ്ഞുമുഹമ്മദ് വീരപുത്രൻ എന്ന സിനിമയെടുത്തത്.
മലയാള നാടകവേദിയുടെ, വിശിഷ്യ, കോഴിക്കോടൻ നാടകവേദിയുടെ ചരി മന്വേഷിക്കുമ്പോൾ അതിന്റെ പ്രാരംഭചോദനകളിലൊന്നായി കണ്ടെത്താനാകുന്നത്, സാഹിബ് കുറ്റിച്ചിറ കേന്ദ്രമാക്കി രൂപീകരിച്ച ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളാണെന്നു കാണാം. മുഹമ്മദ് യൂസഫിനെപ്പോലുള്ള വിഖ്യാത കലാകാരൻമാർ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ചവരാണ്. അദ്ദേഹമെഴുതിയ ‘ശ്രീജിത്ത് മുഹമ്മദ് അബ്ദുറഹിമാൻ' എന്ന കൃതി ഒരു പക്ഷേ, സാഹിബിന്റെ ജീവിതചരിത്രങ്ങളിൽ മികവുറ്റതാണ്. മികച്ച നിലയിൽ ചില ജീവചരിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുള്ളതും സാഹിബിനെക്കുറിച്ചുതന്നെ. കലയിലായാലും രാഷ്ട്രീയത്തിലായാലും മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ നിലയ്ക്കുന്നില്ല എന്നത്, അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം പുനഃസൃഷ്ടിക്ക് വിധേയമാക്കാൻ എന്നും കെൽപ്പുള്ളതാണ് എന്നതുകൊണ്ടത്രേ.
കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിൽ ഒരു കവിയുടെയും ഒരു രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകന്റെയും ജീവചരിത്രം ഏതൊക്കെയോ സംഗമബിന്ദുവിൽ കൂടിച്ചേരുന്നതായി നമുക്കുതോന്നാം.
‘ഷേർ എ മലബാർ’
മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം ഷേർ എ മലബാർ (മലബാറിന്റെ സിംഹം) എന്ന ഡോക്യു ഡ്രാമയായി മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. സാഹിബിന്റെ വ്യക്തി- രാഷ്ട്രീയ ജീവിതത്തെ പുതിയ കാഴ്ചക്കോണിലൂടെ അവതരിപ്പിക്കാനുള്ള സർഗാത്മകശ്രമം അതിനുപിന്നിലുണ്ട്. കവിയും ഗ്രന്ഥകാരനുമായ ബക്കർ മേത്തല ഡോക്യു ഡ്രാമയുടെ തിരക്കഥയും സലിം പടിയത്ത് സംവിധാനവും നിർവഹിച്ചു. സാഹിബിന്റെ ജീവിതം ഏറെക്കുറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിൽ ഈ ഡോക്യു ഡ്രാമ വിജയിച്ചിട്ടുണ്ട്. മദിരാശി പ്രസിഡൻസി കോളേജിലെ ഡിഗ്രി പഠനസമയവും, കാലത്തിന്റെ വിളികേട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് പുറപ്പെട്ടതും മുതൽ സംഭവബഹുലമായ ജീവിതത്തിന്റെ രേഖാഖണ്ഡങ്ങൾ തന്മയത്വത്തോടെ ഈ ചിത്രം കോർത്തുവെക്കുന്നു, ഒപ്പം, ആശയപരമായ സംവാദത്തിലേക്ക് നയിക്കാനും ശ്രമിക്കുന്നു. ഒരു സമരനേതാവിന്റെയും വിമോചന ചിന്തകന്റെയും വേഷമണിഞ്ഞ് ഒരു ജന്മത്തെ മുഴുവൻ സജ്ജമാക്കുന്നതിൽ, അദ്ദേഹം നിർവഹിച്ച പങ്കിന്റെ ചിത്രീകരണത്തിൽ, മൗലാന അബുൽകലാം ആസാദിന്റെ ഖിലാഫത് ആൻഡ് ജസീറത്തുൽ അറബ് എന്ന കൃതിയുടെ പ്രചോദനം തെളിഞ്ഞുകാണാം.
ജാതി - ജന്മിത്തത്തിനെതിരെയുള്ള ഉറച്ച നിലപാട് കാരണം കോൺഗ്രസിനോട് യോജിച്ചും വിയോജിച്ചുമുള്ള സംഘർഷഭരിതജീവിതത്തെ ചിത്രം നന്നായി അവതരിപ്പിക്കുന്നു. സമരസഖാവും സമാധാനദൂതനുമായി ഒരുപോലെ പ്രവർത്തിക്കാനുള്ള സാഹിബിന്റെ ശേഷി മിഴിവോടെ പകർത്തുന്നു. മാത്രമല്ല, 1921- ലെ മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്ജ്വല ഏടാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഡോക്യുമെന്ററി കൂടിയാണിത്. ആ പേരിനെ അന്വത്ഥമാക്കുംവിധം സാഹിബിന്റെ ജീവിതം വരച്ചിടാനും സ്വാതന്ത്ര്യസമരത്തിന്റെ നെടുമുറിയെന്നോണം ദേശീയ സമരചരിത്രം അവതരിപ്പിക്കാനും ഈ ചലച്ചിത്രം ശ്രമിക്കുന്നു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘വീരപുത്രൻ' ഈ ഡോക്യു ഡ്രാമയുടെ തുടർച്ചയെന്നോണം സംഭവിച്ച ചലച്ചിത്രമാണ്.
കവിതയിലെ സാഹിബ്
സുകുമാർ അഴീക്കോട്, അബ്ദുറഹിമാൻ കവിതകളുടെ കാവ്യസന്ദർഭങ്ങളെ ഓർക്കുമ്പോൾ ഇങ്ങനെ പറയുന്നു: ‘അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അബ്ദുറഹ്മാൻ സാഹിബ് മാത്രമേയുള്ളൂ. ഇത് വെറും വസ്തുതയാണ്. പക്ഷെ, പറഞ്ഞുവരുമ്പോൾ അത് ഏതോ അലങ്കാരമാണെന്നും തോന്നിപ്പോകും. ഉപമാനമില്ലാത്തയവസ്ഥ യഥാർത്ഥമല്ലെന്നും സ്വല്പം അതിശയോക്തിയാണെന്നും പറഞ്ഞുനിൽക്കാം. അനന്വയമെന്ന അലങ്കാരമാണ് അതെന്ന് പണ്ഡിതന്മാർ പറയും. പക്ഷേ കടലിന് ഉപമാനമില്ലാത്തത്, അലങ്കാരമോ വസ്തുതയോ?'
ഉപമാനങ്ങളുടെ നിഷ്ഫലതയെ ഉദാഹരിക്കും മട്ടിൽ, അദ്ദേഹത്തെക്കുറിച്ചുള്ള മിക്ക കവിതകളും ചരിത്രത്തിലേയ്ക്ക് കണ്ണുകാട്ടുന്നതായി അഴീക്കോട് അഭിദർശിക്കുന്നുണ്ട്. (അബ്ദുറഹിമാൻ കവിതകൾ /അവതാരിക).
കേരളത്തിലെ കോളനിവിരുദ്ധസമരത്തിന്റെ ജിഹ്വയായിത്തീർന്ന മുഹമ്മദ് അബ്ദുറഹിമാന്റെ അൽ അമീൻ പത്രത്തിന് വള്ളത്തോളിന്റെ ആശംസ മനോഹരമായ കവിതയിലാണ്.
ചരിത്രത്തെ അത് സംഭവിക്കുന്ന കാലത്തുള്ളവർ അനുഭവിക്കുന്നതും പിൻതലമുറ അനുഭവിക്കുന്നതും രണ്ടുതരത്തിലാണ്. ചരിത്രകാലത്തെക്കുറിച്ചുള്ള ആഖ്യാനരൂപങ്ങളാണ് പിൻതലമുറയുടെ ആഖ്യാനത്തിനടിസ്ഥാനം. മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ചുള്ള രണ്ടു കാവ്യസമാഹാരങ്ങളെയും കവിതകളെയും താരതമ്യം ചെയ്താൽ നമുക്കിത് ബോധ്യമാവും.
കേരളത്തിലെ കോളനിവിരുദ്ധസമരത്തിന്റെ ജിഹ്വയായിത്തീർന്ന മുഹമ്മദ് അബ്ദുറഹിമാന്റെ അൽ അമീൻ പത്രത്തിന് വള്ളത്തോളിന്റെ ആശംസ മനോഹരമായ കവിതയിലാണ്. നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച അൽ അമീൻ പ്രതീകാത്മകമായ വിമോചന സമരോർജം ആവാഹിക്കുന്നു എന്ന അർഥത്തിൽ, അതിന് നബിയുടെ ദയാനുഗ്രഹം ഉണ്ടാകട്ടെ എന്ന് വള്ളത്തോൾ അനുഗ്രഹിക്കുന്നുണ്ട്, ആ കവിതയിൽ.
ശ്രീമച്ചെങ്കഴലെന്നണച്ചതിളമേ - ലിസ്ലാം മതത്തിൻ പിതാ - വാ മംഗല്യ ദിനേ ജനിച്ച ശിശുവാം പോന്നോമനപ്പത്രമേ, പ്രേമത്തിൻ കുളിർകൊഞ്ചൽ കെഞ്ചി വലുതാ - മൈക്യാങ്കണത്തിങ്കലെ - ത്തൂ മണ്ണാടി രമിയ്ക്ക നീ നബി നിന- ക്കേകും ദയാനുഗ്രഹം.
കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിൽ ഒരു കവിയുടെയും ഒരു രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകന്റെയും ജീവചരിത്രം ഏതൊക്കെയോ സംഗമബിന്ദുവിൽ കൂടിച്ചേരുന്നതായി നമുക്കുതോന്നാം.
ഇടശ്ശേരിയുടെ കാലഘട്ടം ഒരേസമയം, മുഹമ്മദ് അബ്ദുറഹിമാന്റെ കാലഘട്ടത്തിന്റെ ഒരറ്റത്തും പുതുതായി ആരംഭിക്കുന്ന മറ്റൊരു കാലഘട്ടത്തിന്റെ ഒരറ്റത്തും കാൽചവിട്ടിനിൽക്കുന്ന കാഴ്ച തന്റെ മുഹമ്മദ് അബ്ദുറഹിമാൻ എന്ന കവിതയിലുണ്ട്. ‘ജീവനുള്ള മനുഷ്യമാംസം കയറ്റി വാഗണുകളോടും കാലം' ഇടശ്ശേരിയുടെ കുട്ടിക്കാലമാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഈ കവിതയടക്കം മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതത്തുടർച്ചയാണ്, എന്നും കരുതാം. ഈ കവിത ആവർത്തിച്ചാവർത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു കാലം. അത്രയധികം വ്യാഖ്യാനധ്വനി എന്നും ആ കവിതക്കുണ്ടായിരുന്നു എന്ന് ഇന്ന് എളുപ്പം മനസ്സിലാവും.
1944-ൽ കമ്പളത്ത് ഗോവിന്ദൻനായർ, ഹിച്ച്‌കോക്കിന്റെ പ്രതിമക്കെതിരെ എഴുതിയ മാപ്പിളപ്പാട്ട്, ഈണത്തിൽ ദേശാഭിമാനിയിൽ എഴുതിയ, ‘ഏറെനാട്ടിൽ ധീരമക്കൾ’ പിൽക്കാല കവിതയിലും മാപ്പിളപ്പാട്ടിലും ഏറെ സ്വാധീനം ചെലുത്തി, പ്രചോദനവുമേകി.
‘അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില് ഒന്നുചേർന്നു വെള്ളരോടെ തിർത്തുനല്ല മട്ടില് ഏറനാട്ടിൽ ധീരമക്കൾ ചോര ചിന്തിയ നാട്ടില് ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില്...'
ഈ കവിതയുടെ തുടർച്ചയായി വേണം ഇടശ്ശേരിയുടെ മുഹമ്മദ് അബ്ദുറഹിമാൻ എന്ന ശക്തമായ രചനയെ കാണാൻ. മലബാർ ചരിത്രത്തിലുണ്ടായ കഠിനമായ ക്രൂരതകളും മനുഷ്യവേദനകളും സ്മര്യപുരുഷനെ സാക്ഷിനിർത്തി, കവി പങ്കുവയ്ക്കുന്നു. മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതത്തിലെ കടുത്ത പരീക്ഷണഘട്ടങ്ങളെ ഈ കവിത കൂടുതൽ ഫോക്കസ് ചെയ്യുന്നു. ഒരുപക്ഷേ, വാഗൺ കൂട്ടക്കൊലക്കെതിരെ വന്ന അതിശക്തമായ കാവ്യാഖ്യാനം കൂടിയാണിത്.
മാപ്പിള ഔട്ട്റേജിയസ് ആക്ട്, ആന്തമാൻ സ്‌കീം എന്നിവയോടുള്ള മുഹമ്മദ് അബ്ദുറഹിമാന്റെ കഠിനമായ എതിർപ്പുകളും അവയ്‌ക്കെതിരെയുള്ള സന്ധിയില്ലാസമരവും ഒക്കെ ധ്വനിപ്പിക്കപ്പെടുന്ന, കവിതയെന്നോ പാട്ടെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണിത്.
‘കണ്ണിവെള്ളക്കാറ് പോലെ കേരളത്തിൽ നീളെ - ക്കതിർ ചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ മുറ്റമഴീക്കോട്ടുനിന്നു മുക്കമെത്തുവോളം മുഗ്ദ്ധമാം നിൻ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ പാടീടട്ടെ സുസ്വാതന്ത്രകണ്ഠമുതിർത്തെങ്ങൾ പാടലമാം നിന്റെ കീർത്തി തലമുറകൾക്കായീ എങ്കിലെന്തീ ഹർഷബിന്ദു തങ്കുമോ നിൻ കാതിൽ മംഗലാത്മനേ മുഹമ്മദ് അബ്ദുറഹിമാനേ'
1921-ലെ മലബാർ കലാപത്തിലെ ധീരസഖാക്കളെ പ്രകീർത്തിച്ചെഴുതിയ, പി. ഭാസ്‌ക്കരന്റെ ‘മഞ്ഞണിഞ്ഞ മാമല'യിലും ഇതേ തുടർച്ച അവകാശപ്പെടാമെന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ തന്നെ മായാത്ത ചിത്രങ്ങളിൽ മുഹമ്മദ് അബ്ദുറഹിമാനെ തൊട്ടുനിൽക്കുന്ന വാങ്മയഭാഷ്യം ഇങ്ങനെ:‘കാലിൽ ചങ്ങല, കൈയിലാമ, മുടലിൽ നീളൻ ഖദർജുബ്ബ, തൻ ഫാലം തൊട്ട് ശിരസ്സു മൂടി വിലസും വെള്ള ഖദർ തൊപ്പിയും കൂസാതുള്ള നടത്തവും ഇരുവശം തോക്കും പിടിച്ചാദരം വീശിടും മുഖമാർന്നു നടകൊണ്ടീടുന്ന പോലീസും’
ഈ തോതിൽ എടുത്തുപറയാവുന്ന നിരവധി കവിതകൾ വേറെയുമുണ്ട്.
പി. കുഞ്ഞിരാമൻ നായരുടെ വീരമുസൽമാൻ, കേവലമൊരു ചരമഗീതമല്ല. കേരള ചരിത്രം സൃഷ്ടിച്ച സകല ചരിത്രപുരുഷന്മാരുടെയും പൊൻചന്ദ്രക്കലയേന്തിയ മഹാതുടർച്ചയായിട്ടാണ് മുഹമ്മദ് അബ്ദുറഹിമാന്റെ നിൽപ്പ്.‘അന്ധകാരത്തിൻ കോണികേറിച്ചെന്നള്ളാവിന്റെ- യന്തരീക്ഷത്തിൽ നീന്തിക്കളിക്കും ബാലേന്ദുവായ് ഓതുന്നു തദാത്മാവ് ജാതിക്കും മതത്തിനും മീതെയാണെടോ രാജ്യസ്‌നേഹത്തിൻ നിലാവെന്നും'
എന്നുൽഘോഷിക്കാൻ പോന്ന കേരള ചരിത്രപ്പെരുമ കുഞ്ഞിരാമൻനായരുടെ കൂടി അനുഭവവും സ്വപ്നവും തന്നെ.
തന്റെ ജീവിതത്തിൽ സംഭവബഹുലമായ അനുഭവങ്ങളുടെ രേഖാഖണ്ഡങ്ങളേറെയുണ്ട്.1930-ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചതും വെള്ളക്കാരുടെ ബൂട്ടിനടിയിൽ കിടന്നമർന്ന ആ മുഖവുമൊക്കെ, ഒരുപക്ഷെ വേദനയേക്കാൾ നാടിന്റെ വിമോചനത്തോടുള്ള ആദരമായിക്കണ്ട് കലാസൃഷ്ടികളിൽ പലവുരു ചിത്രീകരിക്കപ്പെട്ടു. നാടിന്റെ വിമോചന സ്മരണകളുടെ തിണർത്ത ചിത്രം ഇങ്ങനെ നവോത്ഥാന കവികളുടെ ആഖ്യാനങ്ങളിലൊക്കെ ചിതറിക്കിടക്കുന്നുണ്ട്.
ഒരു ‘കായവ്യൂഹ'മായിട്ടാണ് മുഹമ്മദ് അബ്ദുറഹിമാന്റെ ഓർമച്ചിത്രം അക്കിത്തത്തിൽ നിറയുന്നത്. കായവ്യൂഹമെന്നാൽ, യോഗവിദ്യകൊണ്ട് ഒരു വ്യക്തി അനേകവ്യക്തികളായി മാറുന്ന പ്രതിഭാസം.
പ്രേംജിയുടെ ഭാവനയിൽ, സമാനചരിത്രസാഹചര്യം സാഹിബിന്റെ സമരവീര്യവും കോളനിഭാഷയുടെ നികൃഷ്ടതയും ഏറ്റുമുട്ടുന്ന മനുഷ്യനാടകത്തിന്റെ രംഗംപോലെയാണ് അവതരിപ്പിക്കപ്പെടുന്നത്.‘കേരളസിംഹമാം അബ്ദുറഹിമാന്റെ വീരകണ്ഠത്തിലും ലാത്തി ചാർത്തിയാർ ആ മുഴുമുഠാള പോലീസു സൂപ്രണ്ട് ആമുസാഹേബിന്റെ നാടാണ് കേരളം.’
വൈലോപ്പിള്ളി, മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതത്തെ പുരസ്‌കരിച്ചു തിരിഞ്ഞുനോക്കുമ്പോൾ, ചരിത്രത്തിന്റെ ഒരു പോർക്കളം തന്നെ കാണുന്നുണ്ട്,‘യുദ്ധമാങ്ങിനെ തീർന്നു
സാഗരം വഴിമണ്ടും
ശത്രുവിൻ രഥം ചക്ര -
വാളത്തിൽച്ചുരുങ്ങവേ
ഭാരതജയക്കൊടി-
യ്ക്കാത്മശോണിതം നൂറ്റ
കേരളം തിരിഞ്ഞൊന്നു
നോക്കി തൻപടക്കളം’
(അബ്ദുറഹിമാൻ)
ഒരു ‘കായവ്യൂഹ'മായിട്ടാണ് മുഹമ്മദ് അബ്ദുറഹിമാന്റെ ഓർമച്ചിത്രം അക്കിത്തത്തിൽ നിറയുന്നത്. കായവ്യൂഹമെന്നാൽ, യോഗവിദ്യകൊണ്ട് ഒരു വ്യക്തി അനേകവ്യക്തികളായി മാറുന്ന പ്രതിഭാസം. അബ്ദുറഹിമാനിൽ മേളിക്കുന്ന ഭാരതീയവും ഇസ്ലാമികവുമായ നിരവധി സ്വത്വപ്രകാരങ്ങളെ സ്വാതന്ത്ര്യകാലവുമായി കണ്ണിചേർക്കുന്ന ഭാവം ഇക്കവിതയിലുണ്ട്. 1945 നവംബർ 23ന്, മുക്കത്തെ നീണ്ട പ്രസംഗത്തിനുശേഷം മരിച്ച അബ്ദുറഹിമാനെ മരണമില്ലാത്ത മനുഷ്യൻ എന്ന കവിതയിൽ കവി ഓർക്കുന്നു.
ഏത് നവോത്ഥാനചരിത്രവും ബഹുലാർഥങ്ങളാൽ സമ്പുഷ്ടമാണെന്നും ചരിത്രത്തിന് ഏക ദിങ്മുഖദർശനം അസാധ്യമാണെന്നും അക്കിത്തം വിചാരിക്കുന്നു.
ആധുനികതയിലെ അബ്ദുറഹ്മാൻ
കുറെക്കൂടി ആധുനികനായ അയ്യപ്പപ്പണിക്കരുടെ കാലത്തേക്കുവരുമ്പോൾ അബ്ദുറഹിമാൻ വർത്തമാന ചരിത്രമുഹൂർത്തത്തോട് ഏറ്റുമുട്ടുന്നതിന്റെ രസകരമായ ചിത്രം കിട്ടും. ഉപ്പുസത്യാഗ്രഹത്തിൽ ‘ഉപ്പിന്റെ ഉപ്പാ'യിട്ടാണ് സാഹിബ് അനുധ്യാനം ചെയ്യപ്പെടുന്നത്. (ഉപ്പിന്റെ ഉപ്പ് എന്ന കവിത). എന്നാൽ കണികണ്ടതിന്റെ നേട്ടം വാങ്ങാൻ മണ്ടി നടക്കുന്ന പിൽക്കാല രാഷ്ട്രീയ പുരുഷന്മാരുടെ ചരിത്രവുമായി തട്ടിച്ച് ഒരു വിദൂഷകച്ചിരി ചിരിക്കുകയാണ് അയ്യപ്പപ്പണിക്കർ.
അബ്ദുറഹിമനോടൊപ്പം കേരളത്തിലേക്കുവന്ന സമര -സാംസ്‌കാരിക സൗരഭ്യങ്ങളുടെ കാവ്യകൗസ്തുഭം മുഴുവൻ സച്ചിദാനന്ദന്റെ പിന്നെയും പിറന്നാലും എന്ന കവിതയിലുണ്ട്.
‘എങ്ങാലിമുസ്ലിയാർ തന്നിടിമിന്നൽ, പോയ തെങ്ങു കുഞ്ഞഹമ്മദു ഹാജിതൻ തേക്കിൻകാതൽ മഞ്ചേരി രാമയ്യർ തൻ മസ്തക മഹൗന്നിത്യം, എങ്ങയ്യങ്കാളിക്കുള്ളിൽ വിളഞ്ഞ കടുംവജ്രം, എങ്ങു കേളപ്പൻ, ഉപ്പു - പോൽ പരിശുദ്ധൻ, സഹോദരൻ സഹ്യന്, എങ്ങേക്കേജിയാം'
അധിനിവേശ ചരിത്രത്തിന്റെ ക്രൂരതകളെ മഹാമനസ്‌കത കൊണ്ട് നേരിട്ട് സഹനസമരങ്ങളുടെ ഗാഥ മുഴുവൻ ഈ കവിതയിൽ സംക്ഷേപ്പിക്കുന്നു സച്ചിദാനന്ദൻ.
കുറേക്കൂടി സമകാലികതയിലേക്ക് വരുമ്പോൾ അബ്ദുറഹിമാന്റെ ചരിത്രസന്ദർഭങ്ങളിൽനിന്ന് ഏറെ മാറിയ ഭാവനാചിത്രമായി അബ്ദു റഹിമാനെക്കുറിച്ചുള്ള ആഖ്യാനം മാറിപ്പോകുന്നത് ദേശമംഗലം രാമകൃഷ്ണന്റെ കവിതയിൽ കാണാം.
‘എന്റെയാടിന് പാൽവള്ളി തന്നു
എന്റെ കുട്ടിക്കു കഞ്ഞി നീ തന്നു
കൊണ്ടു തന്നു നീ മണ്ണെണ്ണ,
രാവിൽ എന്റെ വീടിൻവിളക്കു കെടുമ്പോൾ
ഇന്നതൊക്കെ പഴങ്കഥ
കൊന്നു കൊന്നു ചെന്നെത്തുന്നതേങ്ങോ.’
(ക്രൂരതയുടെ അന്നം )
അബ്ദുറഹിമാന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരു ചെറുജന്മത്തിന് ഏറ്റെടുക്കാൻ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചത് എന്നുകാണാം. കോൺഗ്രസിനകത്തുതന്നെ, അദ്ദേഹത്തിന് നിത്യം പൊരുതേണ്ടിവന്നു. സ്റ്റേറ്റും സമുദായവും തമ്മിൽ നിലനിൽക്കുന്ന ആന്തര സംഘർഷങ്ങളിൽ മനസ് പൊള്ളി. നിരന്തരം ജയിൽവാസവും പീഡനവും. 1923-ൽ ജയിൽമോചിതനായി വന്നപ്പോൾ കടുത്ത നിരാശയിൽ വെന്തുകഴിയുന്ന സമുദായത്തെയാണ് അദ്ദേഹം കാണുന്നത്. നാടും സമുദായവും അധിനിവേശശക്തികളെ നേരിടുന്നതിൽനിന്ന് പിന്തിരിയാൻ പാടില്ല എന്ന ദൃഢപ്രതിജ്ഞയിൽനിന്നാണ്, അൽ അമീൻ എന്ന പത്രത്തെക്കുറിച്ചുള്ള ചിന്തയുത്ഭവിച്ചത്.
‘അക്ഷരം മനുഷ്യന്നു
വെളിച്ചം, വിശപ്പിന്നു
ഭക്ഷണം, പടംപൊഴി-
ക്കുന്നതാമഹന്തകൾ
പട്ടിണിപ്പാവങ്ങൾക്ക്
കിട്ടിയോ? തിരക്കുന്നു
ബ്രിട്ടന്റെ തോക്കിൻമുന്നിൽ
തോൽക്കാത്ത മനസ്സുകൾ’
(പെരുമാൾ /മുല്ലനേഴി )
മുല്ലനേഴിയുടെ ഓർമയിൽ ഇതൊക്കെ നിഴലിടുന്നുണ്ട്.
വലിയ ചരിത്രങ്ങൾ പലതരത്തിലും സമകാല ജീവിതത്തിന്റെ ചിന്താ നേരിപ്പോടുകളായി കവിതകളിലൂടെ വരാറുണ്ട്. കവിത ചരിത്രരൂപകങ്ങളോട് അടുക്കുന്നത് അങ്ങനെയാണ്. അത്തരം ചരിത്രങ്ങൾ അവധാനതയോടെയും സത്യത്തോടെയും രചിക്കേണ്ട ബാധ്യതയെക്കുറിച്ച്, പി. ടി. അബ്ദുറഹിമന്റെ ‘നുണയില്ലാക്കഥ' എന്ന കവിത ഓർമിപ്പിക്കുന്നു.
മാറിയ മൂല്യസമ്പ്രദായത്തിനകത്ത്, പഴയ കാലത്തെ മൗലികമായി പുനഃസൃഷ്ടിക്കുമ്പോഴേ നല്ല കവിത ഉടലെടുക്കൂ. അങ്ങനെ നോക്കുമ്പോൾ ഓജസ്സാർന്ന ചില തേജോഭാവനകളും ചപലമായ സ്മരണകളും കൂടിക്കിടക്കുന്ന അനുഭവമാണ് മുഹമ്മദ് അബ്ദുറഹിമനെക്കുറിച്ചുള്ളത്.
ആധുനിക കവിതയിൽ കവിപ്പട്ടമുറപ്പിച്ച ചെമ്മനം, യൂസഫലി കേച്ചേരി തുടങ്ങി, പുതുകവിതകളുടെ ലാവണ്യശാസ്ത്രത്തെ വേറിട്ട് അടയാളപ്പെടുത്തിയ സി.എസ്. ജയചന്ദ്രൻ, റഫീക്ക് അഹമ്മദ്, മണമ്പൂർ രാജൻ ബാബു, രാജു വള്ളിക്കുന്നം മുതൽ കയ്യുമ്മു വരെയുള്ള കവികളുടെ, മുഹമ്മദ് അബ്ദുറഹിമാൻ ആഖ്യാനങ്ങൾ രൂപകാത്മകമായി വേറിട്ടുനിൽക്കുന്നവയാണ്. കാലിഡോസ്‌കോപ്പ് ചെറുങ്ങനെ ഇളക്കുമ്പോഴേക്കും അതിനകത്തെ വർണചിത്രങ്ങൾ മാറുന്നതുപോലെയാണ് ആഖ്യാനങ്ങളുടെ വ്യത്യാസം. ചരിത്രത്തിന് തുടർച്ച മാത്രമല്ല, ഇടർച്ചകളുമുണ്ട്. ആഖ്യാനം പ്രത്യാഖ്യാനമാണെന്നു പറയുന്നതുപോലെ ചരിത്രം പ്രതിചരിത്രവുമാകുന്നു. അതതുകാലത്ത് മാറിമാറി ഉപയോഗിക്കുന്ന രൂപകളിലൂടെയാണ് (Metaphoric Structure) പുതുവ്യവഹാരങ്ങളുടെ ഭാഷ ഭിന്നസ്വഭാവമാർജിക്കുക. പുതുതലമുറയ്ക്ക്, ചരിത്രപുരുഷൻ ചരിത്രവും പുരാവൃത്തവും ഓർമകളും കൂടിക്കുഴഞ്ഞ ഭാവനയാണ്. മാറിയ മൂല്യസമ്പ്രദായത്തിനകത്ത്, പഴയ കാലത്തെ മൗലികമായി പുനഃസൃഷ്ടിക്കുമ്പോഴേ നല്ല കവിത ഉടലെടുക്കൂ. അങ്ങനെ നോക്കുമ്പോൾ ഓജസ്സാർന്ന ചില തേജോഭാവനകളും ചപലമായ സ്മരണകളും കൂടിക്കിടക്കുന്ന അനുഭവമാണ് മുഹമ്മദ് അബ്ദുറഹിമനെക്കുറിച്ചുള്ളത്.
വൈക്കം മുഹമ്മദ് ബഷീർ, തന്റെ ബാല്യകാലത്ത് ആദ്യമായി സാഹിബിനെ അഭിമുഖീകരിക്കുന്ന അനുഭവത്തിന്റെ കാവ്യാഖ്യാനം ചമയ്ക്കുകയാണ് ചെമ്മനം. ഉപ്പുസത്യാഗ്രഹകാലത്ത് ആവേശം മൂത്ത് തെണ്ടിത്തിരിഞ്ഞ് കോഴിക്കോട്ടെത്തി കല്ലായിയിലുള്ള അൽ അമീൻ ലോഡ്ജിന്റെ കോലായിൽ ചുരണ്ടുകൂടിയുറങ്ങുന്ന ബാലനെ ഉണർത്തി, ‘ഊണ് കഴിച്ചോ' എന്നുചോദിക്കുന്ന അപരിചിതൻ, താൻ മനസ്സിലാരാധിക്കുന്ന മഹാകായനായ അബ്ദുറഹിമാൻ സാഹിബാണെന്ന് തിരിച്ചറിയുന്ന രംഗം കാവ്യഭാവനയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ചെമ്മനത്തിന്റെ കവിത.
സമാനമായ മറ്റൊരു സ്മരണയാണ് യൂസഫലിയുടെ കവിത. പുതുകവിതകളിൽ സാഹിബ് പ്രതിനിധാനം ചെയ്ത കാലം പലതരത്തിൽ മിന്നിമറയുന്നു. അവയിലെ ചില ശക്തിമത്തായ ചിത്രങ്ങളെ മാത്രം ഓർമിപ്പിക്കാം. തന്റെ ഉപബോധത്തെ സ്വകാര്യമായി വന്നുതൊടുന്ന ഇലച്ചാർത്താണ് മാധവൻ പുറച്ചേരിക്ക് സാഹിബിനെക്കുറിച്ചുള്ള സ്മരണ.
‘ചുവന്ന രുധിരച്ചാലുകൾ നീന്തി-
ക്കടന്നതാണീ പുതുകാലം
പവിത്രജീവിതമദ്ധ്വനികൾ
മറന്നതാണ് നവലോകം'
(വീരപുത്രൻ) എന്ന് റഫീക്ക് അഹമ്മദ് എഴുതുമ്പോൾ ചരിത്രത്തിന്റെ വിരുദ്ധകാല പകർച്ചകൾ അടയാളപ്പെടുന്നു. നവലോകം എന്ന് കേസരി പേരിട്ടുവിളിച്ച നവോത്ഥാനവീര്യങ്ങളുടെയും ഉത്പതിഷ്ണുത്വത്തിന്റെയും ഊർജം മുറ്റിനിൽക്കുന്ന ഒന്നല്ല, പുതുകാലം. മറിച്ച് ഓർമകളെ മറവിയിലേക്ക് ഇറക്കിക്കിടത്തി ഒരു വീരചരിത്രത്തെ മറയ്ക്കുന്ന രാഷ്ട്രീയകാലമാണ്.
എന്നാൽ, ‘ആഴി പൂണ്ടുനില്ക്കുന്ന ശാദ്വലഭൂമിയിൽ തേരിറങ്ങിയ നിലാവല പോലെയും ആഴമറ്റ കുടിലാന്ധ തമസ്സിൽ ആളിനിന്ന മണിദീപികപോലെയും ഒരു നിമിഷം കത്തി മറഞ്ഞൊരു വെളിച്ചം' ആണ്, റഫീഖ് അഹമ്മദിന് സ്മര്യപുരുഷൻ.
എവിടെയോ ദൃശ്യമാകുന്ന വെളിച്ചവും അതിനാധാരമായ അഗ്‌നിയുടെ തെല്ലും തന്റെ ചരിത്രബോധത്തോട് ചേർത്തുവെക്കുമ്പോൾ മുഹമ്മദ് അബ്ദുറഹിമാൻ അനുഭൂതമാക്കുന്ന കാഴ്ചയാണ് സി. എസ്. ജയചന്ദ്രന്റെ പടപ്പാട്ട് എന്ന കവിതയിലെ കാവ്യാനുഭവം.
‘അബ്ദുറഹിമാനെ ഓർക്കുമ്പോൾ
ഓർമയിൽ ഓർമകൾ കോർക്കുന്നു.
ഉമ്മയെ കണ്ടപോൽ തോന്നുന്നു,
അജ്ഞാതമിത്രത്തെ അല്പമാത്രം ഓർത്തിട്ടു
തോർന്നപോൽ തോന്നുന്നു.'
(പടപ്പാട്ട്).
ചരിത്രത്തിന്റെ വിശാലമുറ്റത്തുനിന്ന് കവി ഒരു തിരുമുറ്റമുണ്ടാക്കിയെടുക്കുന്നതിനുപകരം സൂക്ഷ്മമായ ജീവിതചുറ്റുപാടുകളിൽ നിന്ന് ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന കാവ്യനിർമാണം ജയചന്ദ്രന്റെ മറ്റുകവിതകളിലെന്നപോലെ ഇതിലുമുണ്ട്.
ഇടശ്ശേരിയിലെ വിഖ്യാതകവിതയെ മുൻനിർത്തി സ്വാതന്ത്ര്യസമരകാലഘട്ടത്തിന്റെ ഷോട്ടുകളെ പ്രത്യാനയിക്കുന്ന അനുഭവം രാജു വള്ളിക്കുന്നത്തിന്റെ ‘മംഗളാത്മനേ മുഹമ്മദുറഹിമാനേ' എന്ന കവിതയിലും കാണാം. ‘പാട്ടു മറന്നാലും ഇടശ്ശേരിയെ മറക്കുമോ, മുഹമ്മദ് അബ്ദുറഹിമാനെ മറന്നാലും വാഗൺ ട്രാജഡി മറക്കുമോ' എന്ന കാവ്യയുക്തി പുതുകാലത്തുനിന്നുകൊണ്ടുള്ള ചരിത്രത്തിന്റെ പ്രത്യായനമായി കാണാം.
ആയുധവും അധികാരവും കൊണ്ടല്ല, സ്‌നേഹവും കൂട്ടായ്മയും കൊണ്ടുള്ള ഹൃദയവെളിച്ചത്തിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന സ്വാതന്ത്രപ്പൂനിലാവിനെക്കുറിച്ചുള്ള ഇശൽവിരുത്തമാണ് ബാപ്പു വെള്ളിപറമ്പിന്റെ കാവ്യസ്മരണ. (മുഴുതികൾ )
അബ്ദുറഹിമാന്റെ ത്യാഗോജ്വലജീവിതം സ്വാതന്ത്ര്യസമര മുഹൂർത്തങ്ങളോടിണക്കി 36 ചതുഷ്പദികളിലായി കോർത്തുണ്ടാക്കിയ ചരിത്ര കാവ്യമാതൃകയാണ് തയ്യപ്പറമ്പിൽ ഗോപാലൻകുട്ടിമേനോൻ രചിച്ച ‘അനശ്വരൻ' എന്ന കവിത.
ഷൊർണൂർ കാർത്തികേയൻ, ഭാരതത്തിന്റെ/കേരളത്തിന്റെ ആധ്യാത്മിക ചരിത്രസംഹിതയ്ക്കകത്ത് പുതിയതായി രൂപമെടുത്ത ശാസ്താവായാണ് അബ്ദുറഹിമാനെ ദർശിക്കുന്നത്.
ഇ. ജിനൻ രചിച്ച ‘അകംപുറം' എന്ന കവിത വിലാപകാവ്യമട്ടിലുള്ളതാണ്. കബറിടത്തിൽ ഉറങ്ങിക്കിടക്കുന്ന, സാഹിബിന്റെ വീരചരിത്രത്താൽ ഊട്ടപ്പെട്ട ശരീരഭാഷ ശ്മശാനത്തിൽ ഒടുങ്ങാത്തതാണെന്നും മലബാറിന്റെ മാറിലൂടെ നടന്ന പാദമാണെന്നും ഈ കവിത സങ്കൽപ്പിക്കുന്നു.
അബ്ദുറഹിമാൻ സാഹിബിന്റെ സർവതലസ്പർശിയായ വ്യക്തിത്വത്തെ പ്രകൃതിയുടെ വിഭിന്ന ഭാവങ്ങളിലൂടെ കാവ്യാത്മകമായി ആവിഷ്‌കരിക്കുകയാണ് ‘ആരും പാടിപ്പോകും നിന്നെക്കുറിച്ച്' എന്ന കവിതയിലൂടെ ബക്കർ മേത്തല. കഴിഞ്ഞ തലമുറയ്ക്ക് അബ്ദുറഹിമാൻ സാഹിബ് ഒരു വികാരമായിരുന്നു എന്ന വസ്തുത വി.എസ്. കേരളീയനുമായുള്ള സമാഗമത്തിന്റെ ഓർമ വീണ്ടെടുത്ത്, ഭാരതീയൻ എന്ന കവിതയിലൂടെ ബക്കർ മേത്തല പകുത്തുനൽകുന്നു.
സ്മര്യപുരുഷൻ കവിയുടെ യൗഗികാനുഭൂതിബോധത്തിൽ പൂക്കളുടെ പ്രാർഥനകളായി പുനർജനിക്കുന്നതിനെക്കുറിച്ചുള്ള ഉത്കൃഷ്ടഭാവന കെ.ടി. സൂപ്പിയുടെ ‘സാഹിബും പ്രാർഥനയിലാണ്' എന്ന കവിതയിൽ കാണാം. നൂറ്റാണ്ടുകളായി കൊളോണിയൽ ചരിത്രം വന്നുമൂടി മനുഷ്യന്റെ വിമോചനബോധത്തെ കെടുത്തിക്കളഞ്ഞ ചരിത്രാധ്യായങ്ങളോട് കലഹിക്കുന്ന കവിതയാണിത്.
അകതാരിലെ ഇന്ത്യാഭൂപടത്തിന് അബ്ദുറഹിമാന്റെ ഛായയാണെന്ന് മണമ്പൂർ രാജൻ ബാബു. (അകതാരിൽ അല്പം ഇടം).
കമ്യൂണിസ്റ്റുകൾ പോലും‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' കൈയിൽ കൊണ്ടു നടക്കാൻ ഭയപ്പെട്ടിരുന്ന കാലത്ത് അൽ അമീൻ പ്രസിൽ അതിന്റെ മലയാള പരിഭാഷ അച്ചടിക്കാൻ ധൈര്യം കാണിച്ച സാഹിബിന്റെ ത്യാഗോജ്ജ്വല വിമതസ്വരം ‘രണ്ടാം ഗാന്ധി’ എന്ന കവിതയിൽ ഓർമിച്ചെടുക്കുന്നുണ്ട്.
പുതുകാലത്തെ രണ്ട് കവികളുടെ കവിതകൾ ഈ ഗണത്തിൽ, സ്വരഭേദത്താൽ വേറിട്ടു നിൽക്കുന്നു. അബ്ദുറഹിമാൻ പ്രതിനിധീകരിച്ച ചരിത്രകാലവും പുരാവൃത്തവിശേഷങ്ങളും സ്ത്രീകളുടെ ഭാഷയിലൂടെ ആവിഷ്‌കരിക്കുന്നതുകൊണ്ടായിരിക്കണം ഈ അഴക്. നട്ടുനനച്ച ചെടി മഹാവൃക്ഷമായി പന്തലിച്ച് തനിക്കുള്ളിൽ പൂത്തുനിൽക്കുന്ന ചരിത്രാനുഭവമാണ് കയ്യുമ്മുവിന്, സാഹിബ്.‘ചുറ്റിലും വന്ന് നിറഞ്ഞുനിൽക്കുമാ
ശോണമാമബ്ദുറഹിമാന്റെ പൂമുഖം
പെട്രോമാക്‌സ് കത്തിച്ച്
ഉള്ളിന്റെയുള്ളിലെരിഞ്ഞങ്ങു നിൽപ്പുണ്ട്.'
(വീരപുത്രൻ)
പ്രകൃതിയും അക്കാലത്തെ പ്രകൃതിജീവിതവും അബ്ദുറഹിമാൻ എന്ന വീരപുരുഷന്റെ പ്രകൃതിബോധത്തോടും നാട്ടുജീവിതബോധത്തോടും ഇണങ്ങി നിൽക്കുന്ന കാഴ്ച ഇക്കവിതയിൽ നിറയുന്നു.
നൈമ നസ്രിന്റ ‘വസന്തം' എന്ന കവിതയിലും സമാനമായ പ്രകൃതിരസമുണ്ട്.
നീലമ്പേരൂരിന്റെ കവിത അബ്ദുറഹിമാന്റെ അന്ത്യനിമിഷങ്ങളെ കവിതയിൽ ഓർമിച്ചെടുക്കുന്നു.‘അടർക്കളത്തിൽ നിൽക്കും നിന്നെ
പതുങ്ങി മരണം തൊട്ടപ്പോൾ
മറിഞ്ഞു വീണത് നാടിന്റെ
പൗരുഷമഹത്ത്വ'മാണെന്ന് കവി രേഖപ്പെടുത്തുന്നു.
(മുഹമ്മദ് അബ്ദുറഹിമാൻ ).
നൗഷാദ് തളിക്കുളത്തിന്റെ ‘രണ്ടാം ഗാന്ധി' അക്കാലത്തെ മുഴുവൻ ചരിത്രവത്കരിക്കുന്നുണ്ട്. കഥാപുരുഷന്റെ വംശരക്തത്തിന്റെ വീരപൈതൃകമാണ് ഇക്കവിതയ്ക്ക് വിഷയം. ‘വീരചരിതങ്ങളിൽ വിമതശബ്ദം സമരക്കാടുകളിൽ ഗർജിക്കും വ്യാഘ്രം' (രണ്ടാം ഗാന്ധി).
ഇങ്ങനെ, അബ്ദുറഹിമാന്റെ പൂർവസൂരികളുടെ സമരപാരമ്പര്യത്തിന്റെ തുടർച്ചയായി തന്റെ ജീവിതവും മാറുന്നു എന്ന് സങ്കൽപ്പിക്കപ്പെടുന്നുണ്ട്, ഈ കവിതയിൽ. ഇന്ത്യയെ അധിനിവേശിക്കാൻ ശ്രമിച്ച പോർച്ചുഗീസുകാരുമായി ചങ്ങാത്തത്തിലാവുന്ന സാമൂതിരിയുമായി കലഹിച്ച് മലബാറിൽനിന്ന് കൊടുങ്ങല്ലൂരിലെത്തിയ കലന്തൻ പോക്കറുടെ കറുകപ്പാടം തറവാടിന്റെ പിൽക്കാല വസതിയെക്കുറിച്ചുള്ള ഓർമയായി പരിലസിക്കുന്നു ഈയോർമ.
കമ്യൂണിസ്റ്റുകൾ പോലും‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' കൈയിൽ കൊണ്ടു നടക്കാൻ ഭയപ്പെട്ടിരുന്ന കാലത്ത് അൽ അമീൻ പ്രസിൽ അതിന്റെ മലയാള പരിഭാഷ അച്ചടിക്കാൻ ധൈര്യം കാണിച്ച സാഹിബിന്റെ ത്യാഗോജ്ജ്വല വിമതസ്വരം ഇക്കവിതയിൽ ഓർമിച്ചെടുക്കുന്നുണ്ട്. പത്രവുമായി ബന്ധപ്പെട്ട കേസ് നിമിത്തം കോടതി പാപ്പരായി പ്രഖ്യാപിക്കുന്ന സാഹിബിന്റെ ഉജ്ജ്വലജീവിതം, ഋണബാധ്യതകളെ എടുത്തുകാട്ടി ഓട്ടയടയ്ക്കുന്ന പൊതുസമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി ബാക്കിയാവുന്നു എന്ന് ഈ കവിത പറഞ്ഞുവെക്കുന്നു.
‘അൽ അമീനും ഫേസ്ബുക്കും' എന്ന കവിതയിൽ പ്രസാദ് കാക്കശ്ശേരി, രണ്ടറ്റങ്ങളിൽ നിൽക്കുന്ന മാധ്യമീകരണങ്ങളുടെ സത്യത്തെ കാട്ടുകയാണ്.‘വാക്കിനാൽ വിശ്വസ്ഥനാവാൻ
ഊക്കറിഞ്ഞു പൊരുതുമ്പോൾ
നാക്കറുക്കാൻ കൊടുത്തില്ലേ
നീക്കുപോക്കില്ലാത്ത ലിപികൾ.’
എന്നെഴുതുമ്പോൾ അബ്ദുറഹിമാൻ തുടങ്ങിവച്ച ജിഹ്വ ഇന്ത്യൻ കോളനി വിരുദ്ധചരിത്രത്തെ എപ്രകാരം തീപ്പിടിപ്പിച്ചു എന്നോർമിച്ചുപോകും.
മാപ്പിളപ്പാട്ടിൽ, പുലിക്കോട്ടിൽ ഹൈദർ പദംഇശലിൽ സാഹിബിനെക്കുറിച്ച് മനോ ഹാരമായൊരു രചന നടത്തിയിട്ടുണ്ട്. വീരശൂരൻ മാത്രമല്ല, കാരുണ്യവാനും വേദന്തജ്ഞാനീയുമായിട്ടാണ് അബ്ദുറഹിമാന്റെ വ്യക്തിത്വത്തെ കരുതുന്നത്.‘കരാഗ്രഹം കഴിഞ്ഞു കോഴിക്കോട്ടെത്തിയേ
കാലം ഒരുമാസം വരെ പ്രചാരവേലയേ
ശക്തിപ്പെടുത്തി
ലോകരിൽ വഴികാട്ടിയ ശ്രീമാൻ
സർവത്ര ശൂരനാം മുഹമ്മദ് അബ്ദുറഹ്മാൻ!'
എന്ന് വിമോചനത്തിന്റെ വഴികാട്ടിയായി പുലിക്കോട്ടിൽ അദ്ദേഹത്തെ കാണുന്നു. വി. എം. കുട്ടി, പി. ടി. അബ്ദുറഹിമാൻ മുതൽ പുതുപ്പാട്ടെഴുത്തുകാരോളം സാഹിബിനെക്കുറിച്ചുള്ള കാവ്യസ്മൃതികൾ ഇനിയും ഏറെയുണ്ട്.
ഖിസ്സപ്പാട്ടിൽ, ഖിസ്സ മാത്രം മതിയോ? ഖിസ്സ കൊണ്ടുമാത്രം പൂർണമാവുന്നതാണോ സാഹിബിനെപ്പോലുള്ള ഒരു സംഘർഷജീവിതത്തിന്റെ പൊരുൾ എന്നിങ്ങനെ ചിലത് അബ്ദുറഹിമാൻ ഖിസ്സപാട്ട് എന്ന കൃതിയോട് ന്യായമായും വായനക്കാർക്ക് ചോദിക്കാനുണ്ടാവും.
അബ്ദുറഹിമാൻ ഖിസ്സപ്പാട്ട്
ഇത്തരുണത്തിൽ ഓർമിക്കേണ്ട ഒരു ജീവചരിത്ര ഖിസ്സപ്പാട്ടാണ് സാഹിബിനെക്കുറിച്ച് യോഗ്യൻ ഹംസ മാപ്പിളപ്പാട്ട് ഇശലുകളിൽ കോർത്തെഴുതിയ അബ്ദുറഹിമാൻ ഖിസ്സപാട്ട്. 52 ഇശലുകളിലായി ആ സംഭവബഹുല ജീവിതം പാട്ടുരൂപത്തിൽ പകർത്തുന്നു. ‘പുസ്തകവായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ മഹാന്മാരുടെ ജീവിതകഥകൾ യുവതലമുറയിലെത്തിക്കുവാൻ ഏറെ അനുയോജ്യം പാട്ടാണെന്ന ' ബോധത്തിൽനിന്നാണ് ഈ പാട്ടിലേക്കുള്ള പ്രചോദനം എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തി, കുടുംബനാഥൻ, പ്രകൃതി - പരിസ്ഥിതി സ്‌നേഹി, സാമൂഹ്യ - കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറുത്തുറ്റ നേതാവ് എന്നീ നിലകളിൽ ശോഭിച്ച, എന്നാൽ സ്വജീവിതത്തിന് ഒന്നും കരുതിവെക്കാതെ ജീവിച്ചു മരിച്ചവൻ... ഇങ്ങനെ നിരവധി വ്യക്തിത്വങ്ങളുടെ ഉടമയെയാണ് ഈ പാട്ട് ചിത്രീകരിക്കുന്നത്.
ജനനം, കുടുംബത്തിന്റെ പൂർവചരിത്രം, കൊടുങ്ങല്ലൂരുമായുള്ള ബന്ധം, ബി.എക്ക് മദ്രാസ് പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തി കലാലയം വീട്ടിറങ്ങിയത് തുടങ്ങിയ കാര്യങ്ങൾ പാട്ടിന്റെ ആദ്യഭാഗത്തുണ്ട്.‘തിജാറത്ത് ചെയ്യുവാനെത്തി വെള്ളപ്പാടാളർ
തഞ്ചത്തിൽ വഞ്ചിച്ചും ആയി പിന്നെ ഭരണാളർ
കഷ്ടതയേറും ജനത എല്ലാമൊരുമിക്കാനും
കഠിന പ്രവർത്തനം തന്നെ ചെയ്തതു റഹ്മാനും '
എന്നിങ്ങനെ സമരചരിത്രത്തിന്റെ ഭാഗമായി മാറുന്നു..
യാക്കൂബ് ഹസൻ സേട്ടിന്റെ മലബാറിലേക്കുള്ള വരവും മുഹമ്മദ് അബ്ദുറഹിമാന്റെ രാഷ്ട്രീയജീവിതത്തീച്ചൂളയും കെ. മാധവൻ നായർ, മൊയ്തീൻ കോയ, ഗോപാലമേനോൻ തുടങ്ങിയ നേതാക്കളോടൊത്തുള്ള പ്രവർത്തനവും തുടർന്നുള്ള അറസ്റ്റും ജയിൽജീവിതവും മാർഷൽ ലോ പ്രകാരമുള്ള രണ്ടു വർഷത്തെ കഠിന തടവും പൂക്കോട്ടൂർ യുദ്ധത്തിലെ ഉജ്ജ്വലസാന്നിധ്യവും ഉപ്പുസത്യാഗ്രഹത്തിലെ പ്രവർത്തനവുമെല്ലാം ഇശലുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കോൺഗ്രസ് സമ്മേളനങ്ങൾ, ആന്തമാൻ സ്‌കീമിനെനെരെയുള്ള പ്രവർത്തനം, ജയിലിനിന്ന് രോഗിയായ ഉമ്മയെ കാണാൻ വരുന്നത്, വിവാഹം, ഭാര്യയുടെ അകാലവിയോഗം, പ്രിയപ്പെട്ടു വളർത്തിയ മാൻകുട്ടിയെയും പൂച്ചകളെയും കുറിച്ചുള്ള പരാമർശങ്ങൾ, മാപ്പിള ഔട്ട് റേജിയസ് ആക്ടിനെതിരെയുള്ള പ്രക്ഷോഭം, അൽ അമീൻ പ്രത്യേക പതിപ്പ്, സാഹിബ് കോൺഗ്രസ് പ്രസിഡൻറും ഇ.എം.എസ് സെക്രട്ടറിയും ആവുന്നത്, ജയിൽ ജീവിതം, കൊടിയത്തൂരിലെ അവസാന പ്രസംഗം, വിടവാങ്ങൽ തുടങ്ങിയ സംഭവബഹുലമായ ജീവിതചിത്രങ്ങൾ.
ഖിസ്സപ്പാട്ടിൽ, ഖിസ്സ മാത്രം മതിയോ? ഖിസ്സ കൊണ്ടുമാത്രം പൂർണമാവുന്നതാണോ സാഹിബിനെപ്പോലുള്ള ഒരു സംഘർഷജീവിതത്തിന്റെ പൊരുൾ എന്നിങ്ങനെ ചിലത് ഈ കൃതിയോട് ന്യായമായും വായനക്കാർക്ക് ചോദിക്കാനുണ്ടാവും. സ്വാതന്ത്ര്യകാല ഇന്ത്യൻ / കേരളീയ സാഹചര്യത്തിൽ സാഹിബിനെപ്പോലുള്ള ഒരാൾ അനുഭവിച്ച ആശയപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്‌നങ്ങളെ ഈ ഖിസ്സ അഭിസംബോധന ചെയ്യുന്നില്ല. സാധാരണ അറബിമലയാളത്തിലെ ഖിസ്സകൾ ഇതുമാതിരിയുള്ളതാണ് എന്നു പറയാം. പുതിയ കാലത്തെ ഖിസ്സപ്പാട്ടിന് അതുമതിയോ എന്നും പ്രത്യുത ആമുഖത്തിൽ ഗ്രന്ഥകാരൻ പറഞ്ഞപോലെയാണെങ്കിൽ സാഹിബിന്റെ ജീവിതത്തിന്റെ ഉൾപ്പൊരുൾ ഈ ഖിസ്സയിൽനിന്ന് കിട്ടുമോ എന്ന ചോദ്യവും ബാക്കിയാവുന്നു. ഏതായാലും സാഹിബിന്റെ പ്രവർത്തനമണ്ഡലത്തിന്റെ ഒരാകെത്തുക ഈ പാട്ടിലുണ്ട് എന്നു പറയാം. ആമുഖത്തിൽ, എം. എൻ. കാരശ്ശേരി പറഞ്ഞപോലെ, വർണ്ണനങ്ങളിൽ എന്നതിനേക്കാൾ വിവരണത്തിലാണ് ഈ ഖിസ്സപ്പാട്ട് ഏറെ ശ്രദ്ധിച്ചിട്ടുള്ളത്.
ഇങ്ങനെ പ്രശസ്തരും അല്ലാത്തവരുമായ 45ലധികം കവികൾ, ഒരു മനുഷ്യനെയും അയാളുണ്ടാക്കിവച്ച ഉജ്ജ്വല ചരിത്രത്തെയും പ്രത്യക്ഷവും പരോക്ഷവുമായ ഭാവനകൊണ്ട് ഓർമിക്കുന്നത് ഒരുപക്ഷേ, ഏതുഭാഷയിലും അപൂർവ കാഴ്ചയാണ്. മലയാളത്തിലെ, മുഹമ്മദ് അബ്ദുറഹിമാൻ ആഖ്യാനങ്ങൾ എന്നുതന്നെ ഇവയെ പേരിട്ടുവിളിക്കേണ്ടിയിരിക്കുന്നു. ▮
സഹായകഗ്രന്ഥങ്ങൾ:
1. കാതിയാളം അബൂബക്കർ (എഡിറ്റർ), അബ്ദുറഹിമാൻ കവിതകൾ, വാർത്ത പബ്ലിക്കേഷൻ, കൊടുങ്ങല്ലൂർ, 2001.
2. ബക്കർ മേത്തല (എഡിറ്റർ), ആരും പാടിപ്പോകും നിന്നെക്കുറിച്ച്, എച്ച് & സി പബ്ലിഷിങ് ഹൗസ്, തൃശൂർ, 2017.
3. യോഗ്യൻ ഹംസ, അബ്ദുറഹിമാൻ ഖിസ്സപാട്ട്, മോയിൻ കുട്ടി വൈദ്യർ മാപ്പിള അക്കാദമി, കൊണ്ടോട്ടി, 2016.
4. എം. എൻ. കാരശ്ശേരി (എഡിറ്റർ), പുലിക്കോട്ടിൽ കൃതികൾ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ, 1979.