ഉന്നതകുലമെന്ന പ്രാകൃതബോധം പേറുന്ന സുരേഷ് ഗോപിയ്ക്ക് മനസ്സിലാവാത്ത ഇന്ത്യൻ ജനാധിപത്യം

“മുന്നാക്ക ജാതികൾ എന്നു വിളിക്കപ്പെടുന്നവർക്ക് പ്രത്യേക വകുപ്പുകളൊന്നും ഇന്ത്യയിലില്ലെന്ന് മനസ്സിലാകാത്ത ആളൊന്നുമല്ല സുരേഷ് ഗോപി. സ്വാതന്ത്ര്യാനന്തരം പട്ടികജാതി സംവരണം ഏർപ്പെടുത്തപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് എന്നു മനസ്സിലാക്കുവാൻ ഒരു കേന്ദ്രമന്ത്രിയ്ക്ക് സാധിക്കുന്നില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യത്തെപ്പറ്റിയാണ് മന്ത്രി സംസാരിക്കുന്നത്?” ഇ.വി. പ്രകാശ് എഴുതുന്നു.

"2016 മുതൽ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം. ട്രൈബൽ മന്ത്രിയാകാൻ ആളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകണം,'', ഡൽഹിയിൽ ബി.ജെ.പി-യുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. വളരെ നിഷ്കളങ്കമെന്നു തോന്നും വിധത്തിൽ ഉത്തമ സവർണബോധം സമൂഹമനസ്സിൽ സ്ഥാപിക്കുവാനുള്ള പരിശ്രമത്തിൻ്റെ ഭാഗമാണിത്.

'അവർണ'രെ ഉദ്ധരിക്കുവാൻ 'ഉന്നതകുലജാതരാ'യ 'സവർണർ'ക്കാണ് സാധിക്കുകയെന്ന മനുസ്മൃതി നിയമകാലത്തെ ബോധം വളരെ സ്വാഭാവികമെന്ന മട്ടിലാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കൂടെത്തന്നെ ട്രൈബൽ മന്ത്രിയാകാൻ ആളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണമെന്നുകൂടി പറഞ്ഞു കൊണ്ട് ഉദാരവാദിയാകുന്നുമുണ്ട് സുരേഷ് ഗോപി. മുന്നാക്ക ജാതികൾ എന്നു വിളിക്കപ്പെടുന്നവർക്ക് പ്രത്യേക വകുപ്പുകളൊന്നും ഇന്ത്യയിലില്ലെന്ന് മനസ്സിലാകാത്ത ആളൊന്നുമല്ല സുരേഷ് ഗോപി. സ്വാതന്ത്ര്യാനന്തരം പട്ടികജാതി സംവരണം ഏർപ്പെടുത്തപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് എന്നു മനസ്സിലാക്കുവാൻ ഒരു കേന്ദ്രമന്ത്രിയ്ക്ക് സാധിക്കുന്നില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യത്തെപ്പറ്റിയാണ് മന്ത്രി സംസാരിക്കുന്നത്.

ചില വിഭാഗങ്ങൾക്ക് പ്രത്യേക സൗജന്യങ്ങൾ നൽകുന്നതിനോ, ദാരിദ്ര്യ നിർമാർജ്ജനത്തിനു വേണ്ടിയോ രൂപീകരിക്കപ്പെട്ട ഒരു സംവിധാനമല്ല സംവരണം. പഴയ ചാതുർവർണ്യ സമ്പ്രദായത്തിലൂടെ മുന്നേറിയ സവർണർ, താഴെ തട്ടിൽ കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കുന്നത് തടയുക എന്നുള്ള ഒരു ലക്ഷ്യം കൂടി ജാതി സംവരണത്തിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളോളം വിജ്ഞാന മേഖലയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് വേണ്ടത്ര അധികാരവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളുമെല്ലാം പാരമ്പര്യമായി ലഭിച്ച ജനവിഭാഗങ്ങളോട് മത്സരിച്ച് വിജയം നേടുക എന്നുള്ളത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഈ മത്സരത്തിൽ പിൻതള്ളപ്പെട്ടു പോകാതിരിയ്ക്കാൻ ഇന്ത്യൻ ഭരണഘടന നൽകുന്ന ഒരു കൈ സഹായമാണ് സംവരണം. പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവർ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ സംവരണം അവസാനിപ്പിക്കാം എന്നതാണ് ഡോ.അംബേദ്കർ അടക്കമുള്ള ഭരണഘടനാ ശിൽപ്പികൾ സ്വപ്നം കണ്ടത്.

'അവർണ'രെ ഉദ്ധരിക്കുവാൻ 'ഉന്നതകുലജാതരാ'യ 'സവർണർ'ക്കാണ് സാധിക്കുകയെന്ന മനുസ്മൃതി നിയമകാലത്തെ ബോധം വളരെ സ്വാഭാവികമെന്ന മട്ടിലാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
'അവർണ'രെ ഉദ്ധരിക്കുവാൻ 'ഉന്നതകുലജാതരാ'യ 'സവർണർ'ക്കാണ് സാധിക്കുകയെന്ന മനുസ്മൃതി നിയമകാലത്തെ ബോധം വളരെ സ്വാഭാവികമെന്ന മട്ടിലാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ആദിവാസികൾ അടക്കമുള്ള പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരടക്കം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി വർഗ്ഗത്തിന് സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിടുമ്പോഴും ജീവിതം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിൽ അതിൻ്റെ കാരണം ജാതീയമായ വിവേചനം മാത്രമല്ല, മുതലാളിത്ത ചൂഷണവുമാണ്. മുതലാളിത്ത ചൂഷണ വ്യവസ്ഥ തുടരുവോളം സമൂഹത്തിൻ്റെ താഴേത്തട്ടുകളിൽ കഴിയുന്ന മനുഷ്യർക്ക് മോചനം സാദ്ധ്യമാവില്ല. 2024 ഒക്ടോബറിൽ ഫോബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള മുതലാളിമാരുടെ പട്ടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 9,98000 കോടി രൂപയും ഗൗതം അദാനിക്ക് 9,68000 കോടി രൂപയുമാണ് ആകെ ആസ്തി. ഈ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ 80 ശതമാനത്തോളം 100 കുത്തക കുടുംബങ്ങളിലായിരിക്കുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുവാനാണ്?

ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആദിവാസികളുടെ ഭൂമിയും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിൽ സുരേഷ് ഗോപി അഭിമാനത്തോടെ പറയുന്ന 'ഉന്നതകുലജാത'ർ മുന്നിൽ തന്നെയുണ്ടായിരുന്നു.

വർഗ്ഗീയമായ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അത് പിൻവലിച്ചു കൊണ്ട് സുരേഷ് ഗോപി നടത്തിയ വിശദീകരണത്തിൽ ഇപ്രകാരം പറയുന്നു: "38000 കോടി രൂപ ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം," ആദിവാസികൾക്കുവേണ്ടി വകയിരുത്തിയ പണം തട്ടിയെടുത്തത്, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളുമാണോ? ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആദിവാസികളുടെ ഭൂമിയും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിൽ സുരേഷ് ഗോപി അഭിമാനത്തോടെ പറയുന്ന 'ഉന്നതകുലജാത'ർ മുന്നിൽ തന്നെയുണ്ടായിരുന്നു. ആദിവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ആദിവാസി മന്ത്രിമാരും ആദിവാസി ഉദ്യോഗസ്ഥരും തട്ടിയെടുക്കുന്നു എന്ന് വ്യംഗ്യാർത്ഥത്തോടെ സുരേഷ് ഗോപി പ്രസംഗിക്കുന്നത്, വർഗ്ഗീയതയും സംവരണ വിരുദ്ധത രാഷ്ട്രീയവും ചിലവഴിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ്.

അടുത്ത ജന്മത്തിൽ തനിയ്ക്കൊരു ബ്രാഹ്മണനായി ജനിക്കണം എന്ന് വലിയ അഭിമാനത്തോടെ പറഞ്ഞ സുരേഷ് ഗോപിയെ ആരും മറക്കാനിടയില്ല.
അടുത്ത ജന്മത്തിൽ തനിയ്ക്കൊരു ബ്രാഹ്മണനായി ജനിക്കണം എന്ന് വലിയ അഭിമാനത്തോടെ പറഞ്ഞ സുരേഷ് ഗോപിയെ ആരും മറക്കാനിടയില്ല.

എല്ലാ മനുഷ്യരും ഭരണഘടനാപരമായി തുല്യരാണെന്ന് എഴുതപ്പെട്ടിട്ടുള്ള രാജ്യത്ത് സുരേഷ് ഗോപി സവർണ്ണ ബോധം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായിട്ടല്ല. അടുത്ത ജന്മത്തിൽ തനിയ്ക്കൊരു ബ്രാഹ്മണനായി ജനിക്കണം എന്ന് വലിയ അഭിമാനത്തോടെ പറഞ്ഞ സുരേഷ് ഗോപിയെ ആരും മറക്കാനിടയില്ല. ബ്രാഹ്മണനായി ജനിക്കുന്നത് അഭിമാനകരമാണെന്നത് സുരേഷ് ഗോപിയുടെ മനസ്സിൽ വേരുറച്ചിട്ടുണ്ടെങ്കിൽ, അത് വിളിച്ചു പറയുന്നതിലൂടെ അദ്ദേഹം സാമാന്യയുക്തിയുള്ള മനുഷ്യർക്കിടയിൽ പരിഹാസ്യനാവുകയാണ് ചെയ്യുന്നത്.

"പുണർന്നുപെറുമെല്ലാമൊ-

രിനമാം, പുണരാത്തത്

ഇനമ,ല്ലിനമാമിങ്ങൊ-

രിണയാർന്നൊത്തു കാൺമതും."

"മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല."

ഒരു നൂറ്റാണ്ട് മുമ്പ് ശ്രീനാരായണഗുരു പല പ്രകാരത്തിൽ, കൃത്യമായ ശാസ്ത്രീയ ബോധത്തോടെ പറഞ്ഞിട്ടുള്ളത് സുരേഷ് ഗോപി മനസ്സിരുത്തി വായിക്കണം. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാവാക്യം മുൻനിർത്തി വി.ടി ഭട്ടതിരിപ്പാട് യോഗക്ഷേമസഭ രൂപീകരിച്ച് പ്രവർത്തിച്ചിട്ടുള്ളതും ചരിത്രത്താളുകളിൽ ഉണ്ട്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ വക്താവായതിനാൽ ചരിത്രപഠനവും വായനയും പ്രതീക്ഷിക്കുന്നതിൽ വലിയ അർത്ഥമില്ലെന്നറിയാം.

Comments