കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

കാര്യക്ഷമമല്ലെന്ന് തെളിയിക്കപ്പെട്ട ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിലേക്ക്, കെ.വി. തോമസ് എന്ന രാഷ്ട്രീയ അവസരവാദ പ്രതീകത്തെ കുടിയിരുത്തുന്നതിനുപുറകിൽ അധികാരത്തിന്റെ ഇടനാഴികളിലെ അവിഹിതത്വങ്ങളല്ലാതെ മറ്റെന്താണുള്ളത്?

22 വർഷം ലോക്‌സഭാംഗം, അഞ്ചു വർഷം കേന്ദ്രമന്ത്രി. മൂന്നുതവണ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി. തോമസിന്റെ, ഡൽഹിയിലെ രാഷ്ട്രീയജീവിതം ഇങ്ങനെ സംഗ്രഹിക്കാം.

ഒരു രാഷ്ട്രീയപ്രവർത്തകന്റെ പ്രൊഫൈലിൽ ഇതെല്ലാം യോഗ്യതകളാണ്. എന്നാൽ, കെ.വി. തോമസ് എന്ന കോൺഗ്രസുകാരൻ കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ പ്രതിനിധിയായി ബി.ജെ.പി സർക്കാറിനോട് നടത്താനിരിക്കുന്ന വിലപേശലുകളും സമ്മർദതന്ത്രങ്ങളും, ഇടതുപക്ഷത്തിനുചേരാത്ത ഇടനില രാഷ്ട്രീയമാണ്. കോൺഗ്രസ്, ബി.ജെ.പി ഭരണകൂടങ്ങളിലൂടെ നിയോ ലിബറലിസം പാലിച്ചുപോരുന്ന ഈയൊരു ഏജൻസിഷിപ്പ് ഒരു ഇടതുപക്ഷ സർക്കാർ ഒരുതരം സന്ദേഹങ്ങളുമില്ലാതെ ഏറ്റെടുക്കുമ്പോൾ, അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനുപുറത്ത് ഒരു വിമർശവും ഉയരുന്നില്ല എന്നത് കേരളത്തിലെ ഇടതുപക്ഷ വിമർശനങ്ങളുടെ പാപ്പരത്വം കൂടി വെളിവാക്കുന്നു.

കേരളം കേന്ദ്രത്തിന്റെ ഒരു രാഷ്ട്രീയ ഉന്നമാണ്. ഫെഡറലിസത്തിനെതിരെ ബി.ജെ.പി സർക്കാർ മുന്നോട്ടുവക്കുന്ന സെൻട്രലൈസ്ഡ് അതോറിറ്റേറിയനിസത്തിന്റെ ഏറ്റവും വലിയ ഇര കൂടിയാണ് കേരളം. രാഷ്ട്രീയമായ അട്ടിമറികൾ മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികവും ധനപരവുമായ അവകാശങ്ങളെ പോലും നിഷേധിച്ച് കേന്ദ്രത്തിന്റെ സാമന്ത ഭരണകൂടങ്ങളാക്കി സംസ്ഥാനങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ വലിയ വില കൊടുക്കേണ്ടിവരുന്നുണ്ട് കേരളവും. അതിന് കേരളത്തിലെ ജനങ്ങൾ നൽകിയ മികച്ച മറുപടി കൂടിയാണ് ബി.ജെ.പിക്കെതിരെ നിലപാടെടുക്കേണ്ട 20 എം.പിമാർ.

ജനാധിപത്യ രാഷ്ട്രീയത്തിന്റേതായ അത്തരമൊരു പ്ലാറ്റ്‌ഫോമിനെ ഒരു സമ്മർദശക്തിയെന്ന നിലയ്ക്ക് ഏകോപിപ്പിക്കാൻ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാറിന് കഴിയാതെ പോകുന്നത്? അതിനുപകരം, കാര്യക്ഷമമല്ലെന്ന് തെളിയിക്കപ്പെട്ട ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിലേക്ക്, കെ.വി. തോമസ് എന്ന രാഷ്ട്രീയ അവസരവാദ പ്രതീകത്തെ കുടിയിരുത്തുന്നതിനുപുറകിൽ അധികാരത്തിന്റെ ഇടനാഴികളിലെ അവിഹിതത്വങ്ങളല്ലാതെ മറ്റെന്താണുള്ളത്?

മുമ്പ്, ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസ് നടത്തിപ്പിനുമായി 20 മാസം കൊണ്ട് ചെലവിട്ട രൂപയുടെ ഫലം വട്ടപ്പൂജ്യമായിരുന്നു എന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര സർക്കാറുമായുള്ള ഇടപാടുകളെ ഇത്തരം, ബ്യൂറോക്രാറ്റിക് ബ്രോക്കറേജുകൾക്ക് ഒരുതരത്തിലും സ്വാധീനിക്കാനാകില്ല എ ന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കണക്ക്. കാരണം, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും കേരളത്തിലെ ഇടതുമുന്നണി സർക്കാറും തമ്മിലുള്ള വിനിമയങ്ങളെ രാഷ്ട്രീയമായാണ് സമീപിക്കേണ്ടത്.
കെ- റെയിൽ, വിഴിഞ്ഞം തുറമുഖം, ദേശീയപാത നിർമാണം, ബഫർസോൺ തുടങ്ങിയ പദ്ധതികളുടെ കാര്യത്തിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ടും കേരളത്തിനെതിരായ നിലപാടുകളിലുമെല്ലാം പ്രവർത്തിക്കുന്നത് ബി.ജെ.പി സർക്കാറിന്റെ രാഷ്ട്രീയമാണ്. അതിനെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുതന്നെയാണ് നേരിടേണ്ടത്. കഴിഞ്ഞ ദിവസം ഖമ്മത്ത് നടന്ന ബി.ആർ.എസ് റാലിയിൽ പിണറായി വിജയൻ പറഞ്ഞതുതന്നെയാണ് ആ രാഷ്ട്രീയം. എന്നാൽ, അതേ പിണറായി വിജയൻ തന്നെയാണ്, ഇടതുപക്ഷത്തേക്കുവന്ന ഒരു മുൻ കോൺഗ്രസുകാരനുവേണ്ടിയുള്ള ഉപകാരസ്മരണയിലേക്ക് ഒരു വലിയ രാഷ്ട്രീയ പ്രതിരോധത്തെ ചുരുക്കുന്നത്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുമായുള്ള ഇടപെടലുകൾക്കാവശ്യമായ വ്യവസ്ഥാപിതമായ ഉദ്യോഗസ്ഥ സംവിധാനം നിലവിലുണ്ട്. അതിനുമുകളിലുള്ള പ്രതിഷ്ഠകൾക്ക്, അധികാരത്തിന്റെ ഇടനാഴികളിലാണ് സ്ഥാനം. അത്തരം വിലപേശലുകൾ ജനാധിപത്യത്തിന് യോജിച്ചവയുമല്ല.

മാത്രമല്ല, ഇടതുപക്ഷം വിമർശിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ വലതുപക്ഷനയങ്ങളുടെയെല്ലാം ശക്തനായ വക്താവുകൂടിയാണ് കെ.വി. തോമസ്. അദ്ദേഹം കോൺഗ്രസിൽ നേടിയെടുത്ത സ്വാധീനത്തെ, വംശീയഛായ കലർന്ന ആക്ഷേപങ്ങളാൽ ഒരു കാലത്ത് ആക്രമിച്ച നേതാക്കൾ ഇപ്പോഴും സി.പി.എമ്മിലുണ്ട്. അങ്ങനെയൊരാൾ, അജണ്ടക്കുപുറത്തെ ഒരു ഇനമായി, മന്ത്രിസഭായോഗത്തിലെ ചർച്ചയിലെത്തിയതും ഉടൻ നിയമിക്കപ്പെടുന്നതുമെല്ലാം പിണറായി വിജയൻ സർക്കാറിന്റെ മാറി വരുന്ന നിലപാടുകളുടെ സൂചനകളായിരിക്കാം. എന്നാൽ, അത് തീർച്ചയായും കേരളത്തെ മുന്നോട്ടുനടത്തുന്ന ഒന്നല്ല.

കെ- റെയിലും വിഴിഞ്ഞം തുറമുഖവും പോലെ, ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഒരേപോലെ സ്വീകാര്യമായ പദ്ധതികളിൽ ഈയൊരു ബ്രോക്കറേജ് വിജയകരമാകും. അദാനിക്ക് ഗുണകരമാകുന്ന രീതിയിൽ വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർക്കുന്നതിൽ ലത്തീൻ സഭയുമായി നടത്തിയ ഇടപാടുകളിൽ കെ.വി. തോമസിനും റോളുണ്ടായിരുന്നുവല്ലോ. കെ- റെയിലിന്റെ കാര്യത്തിലും ബി.ജെ.പിക്കോ കേന്ദ്രത്തിനോ നയപരമായ ഭിന്നതയൊന്നുമില്ല. കേരളത്തിലെ ബി.ജെ.പിയുടെ മുതലെടുപ്പുരാഷ്ട്രീയം മാത്രമാണ് കെ- റെയിലിന് അനുമതി നൽകാൻ കേന്ദ്രത്തിനുമുന്നിലെ ഏക തടസം.

നരേന്ദ്രമോദിയുടെ വികസന നയങ്ങളെ പിന്തുണയ്ക്കുകയും ബി.ജെ.പിയുമായി നല്ല രീതിയിൽ വിനിയമം നടത്തിവരികയും ചെയ്യുന്ന ആൾ എന്ന നിലയ്ക്കുകൂടിയുള്ള കെ.വി. തോമസിന്റെ റോൾ, സംസ്ഥാന- കേന്ദ്ര താൽപര്യങ്ങൾ ഒത്തുപോകുന്ന സംരംഭങ്ങൾ അതിവേഗത്തിലാക്കാൻ സഹായിക്കുമെന്ന് തീർച്ചയാണ്. ഇത്തരം പൊതുതാൽപര്യ സംരംഭങ്ങളുടെ എണ്ണം ഭാവിയിൽ കൂടിവരുന്നതിനനുസരിച്ച് കെ.വി. തോമസുമാർ വഴിയാധാരമാകാതെ സംരക്ഷിക്കപ്പെടാൻ ഇത്തരം ഇരിപ്പിടങ്ങളുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും

Comments