തരൂർ ബലൂൺ തന്നെ, പക്ഷെ പൊട്ടില്ല, വേണമെങ്കിൽ പറക്കും

മാധ്യമങ്ങൾ പൊലിപ്പിച്ചെടുക്കുന്ന തരൂർ പ്രഭാവം കോൺഗ്രസിൽ ചലനങ്ങളുണ്ടാക്കിയേക്കാം. എന്നാൽ, അത് കേരളത്തിന്റെ രാഷ്ട്രീയത്തിൽ എന്തു ചലനങ്ങളുണ്ടാക്കും എന്ന് ഇപ്പോൾ പറയാനാകില്ല. ഒട്ടൊരു ആശങ്കയോടെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

ശി തരൂർ, വി.ഡി. സതീശൻ പറയുന്നതുപോലെ കോൺഗ്രസിലെ ഊതിവീർപ്പിച്ച ബലൂൺ അല്ല എന്നാണ് കഴിഞ്ഞ രണ്ടുമൂന്നുദിനം കൊണ്ട് തരൂർ തന്നെ തെളിയിച്ചത്. കെ.പി.സി.സി അനൗദ്യോഗികമായി തന്നെ പൊളിക്കാൻ തീരുമാനിക്കുകയും കോഴിക്കോട് ഡി.സി.സിയും ഇവിടുത്തെ യൂത്ത് കോൺഗ്രസുകാരുമെല്ലാം വിലക്കുകയും ചെയ്തിട്ടും ശശി തരൂരിന്റെ പരിപാടികൾക്ക് ഒരു വിഘ്‌നവും സംഭവിച്ചില്ല എന്നുമാത്രമല്ല, ലോകകപ്പിനേക്കാൾ ആവേശകരമായ മീഡിയ സ്‌പെയ്‌സ് മലബാറിലെ മാധ്യമങ്ങളിൽ അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

ഒരുകാലത്ത് എ.കെ. ആന്റണി എന്ന ഇടതുവിരുദ്ധബിംബത്തെ എങ്ങനെയാണോ കേരളത്തിലെ മാധ്യമങ്ങൾ വ്യാജമായ ഒരാദർശപ്രതീകമായി സ്ഥാപിച്ചെടുത്തത്, അതുപോലുള്ള ഒരു ബിംബനിർമിതിയല്ല, തരൂരിലൂടെ നടക്കുന്നത് എന്നു വ്യക്തം.

എന്തുകൊണ്ട് ഒരു മലബാർ പര്യടനം എന്ന ചോദ്യത്തിന്റെ ആദ്യ ഉത്തരം മുസ്‌ലിം ലീഗ് എന്നതാണ്.

ഇപ്പോഴത്തെ കെ.പി.സി.സി നേതൃത്വത്തോട് ഒരുവിധ അനുഭാവവുമില്ല, ലീഗിന്. മാത്രമല്ല, എളുപ്പം നടക്കില്ലെങ്കിലും, എൽ.ഡി.എഫിലേക്കുപോകും എന്ന ഒരു ഭീഷണി ലീഗ് നിലനിർത്തി വരുന്നുണ്ട്. അതിന് സി.പി.എമ്മിനെക്കൊണ്ടുതന്നെ ഇടക്കിടക്ക് പച്ചക്കൊടി വിശിപ്പിക്കാനും ലീഗിലെ ചില നേതാക്കൾക്ക് കഴിയുന്നുണ്ട്. മുന്നണിഭരണത്തിലെ ഏറ്റവും ശക്തമായ ഘടകകക്ഷികളിൽ ഒന്നിന്റെ വിലപേശൽശേഷി മാത്രമല്ല തരൂരിന്റെ ഉന്നം. തിരുവനന്തപുരത്തെ ഒരു സവർണരാഷ്ട്രീയ പൊതുബോധത്തിന്റെ സൃഷ്ടി എന്ന ഷാളണിഞ്ഞുകൊണ്ട്, കോൺഗ്രസിന്റെ ജനകീയത സ്വന്തമാക്കാനാവില്ല എന്ന് തരൂർ മനസ്സിലാക്കുന്നുവെന്നുവേണം കരുതാൻ. അത് ലീഗും വകവച്ചുകൊടുക്കുന്നു. കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയ തരൂർ, മുമ്പ് പലതവണ അവിടം സന്ദർശിച്ച തരൂർ അല്ലായിരുന്നു. സമീപകാലത്ത് കോൺഗ്രസിലെ ഒരു നേതാവിനും പാണക്കാട്ട് ഇത്ര ഗംഭീരമായ ഒരു രാഷ്ട്രീയ ആതിഥേയത്വം ലഭിച്ചിട്ടില്ല. രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുക എന്ന് പതിവിൽനിന്ന് വിരുദ്ധമായി പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞതിൽ, തരൂരിനെ മുൻനിർത്തിയുള്ള ലീഗിന്റെ രാഷ്ട്രീയനീക്കം വ്യക്തമാണ്.

കാരന്തൂരിലെ മർക്കസിൽ ചെന്ന്, കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനത്തിൽ അംബേദ്കറെ മുൻനിർത്തി ഇൻക്ലൂസീവ്‌നസ്സിനെക്കുറിച്ച് സംസാരിച്ചും കാശ്മീരിൽനിന്നെത്തിയ വിദ്യാർഥിയോട് ഹിന്ദിയിൽ കുശലം പറഞ്ഞും തലശ്ശേരിയിൽ ബിഷപ്പ് ഹൗസ് സന്ദർശിച്ചും കൃത്യമായ പ്ലാനോടെയാണ് തരൂരിന്റെ സഞ്ചാരം.

കേരളത്തിന്റെ അധികാര രാഷ്ട്രീയവും അതിനെ നിർണയിക്കുന്ന മുഖ്യധാരാ രാഷ്ട്രീയവും അതിവേഗം വലതുപക്ഷവൽക്കരണത്തിന് വിധേയമാകുന്നുണ്ട്. തുടർഭരണത്തിലൂടെ, ബ്യൂറോക്രസിയും പൊലീസുമെല്ലാം ചേർന്ന ഇടതുപക്ഷ ഭരണകൂടം തന്നെ ഈ വലതുപക്ഷവൽക്കരണത്തിന്റെ രാസത്വരകമായി പലപ്പോഴും മാറുന്നുണ്ട്. ഇതിലൂടെ, സാമൂഹികമായ പൊതുബോധം തീവ്രമായ വലതുപക്ഷവൽക്കരണത്തിന് വിധേയമാകുന്നുണ്ടെന്നും പറയാം. ഈ പരിണാമത്തെ ഏറ്റവും സമർഥമായി എൻകാഷ് ചെയ്യുന്ന കോൺഗ്രസ് നേതാവാണ് തരൂർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾക്കിടയിൽ നടത്തിയ ആശയവിനിമയത്തിൽനിന്നാകാം "ജനവികാര'ത്തിന്റെ പൾസ് തരൂർ മനസ്സിലാക്കിയത്.

അങ്ങനെയാകണം, ശബരിമലയിൽ ആചാരസംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പ്രകടനപത്രികയിൽ ഇടം പിടിച്ചത്. മാത്രമല്ല, വിഴിഞ്ഞം തുറമുഖം, കെ റെയിൽ അടക്കം, സാമൂഹിക നീതിയുടെ മുൻഗണനകളെ നിഷേധിക്കുന്ന വികസനമാതൃകകളെ പിന്തുണക്കുന്നതിൽ അദ്ദേഹത്തിന് സംശയങ്ങളേതുമില്ല. വികസന രാഷ്ട്രീയത്തിലെ ഈ വലതുപക്ഷ പോപ്പുലിസം മാത്രമല്ല തരൂരിനെ സർവസമ്മതനാക്കുന്നത്. സവർണ ഹൈന്ദവതയുടെ ശരീരഭാഷയിൽ ഇന്ത്യൻ മതേതരത്വത്തെക്കുറിച്ച് വിശ്വാസയോഗ്യമായി അദ്ദേഹം സംസാരിക്കും. ഹിന്ദു എന്ന നിലയിൽ തന്നെ ഇൻക്ലൂസീവ്‌നസ്സിനെക്കുറിച്ച് പറയും. പൂണൂലിട്ട ശരീരത്തെ ചൂണ്ടി, "ജാതിയെ തള്ളിക്കളയുന്നയാൾ' എന്ന് സമർഥിക്കും.

അങ്ങനെ, എൻ.എസ്.എസും ക്രിസ്ത്യൻ സഭയും മുസ്‌ലിം ലീഗും അടക്കം, കേരളത്തിലെ ഭരണകൂട രാഷ്ട്രീയം നിയന്ത്രിക്കുന്ന വിഭാഗങ്ങളുടെയെല്ലാം പ്രതീക്ഷാപുരുഷനാകാൻ ശശി തരൂരിന് എളുപ്പം കഴിയും.

കോൺഗ്രസിൽ എക്കാലത്തും പ്രബലമായിരുന്ന ജാതി മത സാമുദായികതയുടെ ഐഡിയോളജിക്കൽ പ്ലാറ്റ്‌ഫോം, കെ. കരുണാകരനെപ്പോലെ കൃത്യമായി വിനിയോഗിച്ച നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. ആർ.എസ്.എസുമായി പോലും നേരിട്ട് രാഷ്ട്രീയവിനിയമം നടത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1991 -ൽ വടകരയിൽ കോ- ലീ- ബി സഖ്യമുണ്ടാക്കാൻ കരുണാകരൻ നടത്തിയ അത്യുത്സാഹത്തെക്കുറിച്ച് എന്ന് കെ.ജി. മാരാരുടെ ജീവചരിത്രത്തിലുണ്ട്. എന്നാൽ, കാലം കരുണാകരന്റേതിൽനിന്ന് ഏറെ മുന്നോട്ടുപോയി. ആ മാറ്റത്തെക്കുറിച്ചാണ് തരൂർ സംസാരിച്ചുകൊണ്ടിരിക്കുന്നത്, മാറിയ ആ സ്‌പെയ്‌സിലാണ് തരൂർ കളിക്കാനിറങ്ങുന്നത്.

അദ്ദേഹത്തിന് പക്ഷേ, കരുണാകരന്റേതുപോലെ സ്വന്തം പാർട്ടിയിൽ ജനകീയമായ അടിത്തറയില്ല. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ലഭിച്ച 1072 വോട്ടുകളാണ് ഇപ്പോൾ തരൂരിന്റെ യഥാർഥ മൂലധനം. അതുവച്ച് പാർട്ടി പ്രവർത്തകരുടെ വിശ്വാസം നേടിയെടുക്കുക എളുപ്പമല്ല. അതുകൊണ്ട്, ചില ബാലൻസിംഗുകളെ തകർത്ത് മുന്നേറുക മാത്രമേ വഴിയുള്ളൂ. അതാണ് തരൂർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കെ. സുധാകരനെ സംശയാലുവും നിശ്ശബ്ദനുമാക്കി, പുതുതലമുറ നേതൃത്വത്തിൽ ഒരങ്കലാപ്പ് സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ശരിക്കുപറഞ്ഞാൽ, കെ. സുധാകരനും ശശി തരൂരും ഒന്നിക്കുന്ന ഒരു പുതിയ ഗ്രൂപ്പിന് കോൺഗ്രസിൽ നല്ല സാധ്യതയുണ്ട്. ഇടംവലമുള്ള സി.പി.എമ്മിനെയും ബി.ജെ.പിയെയും നേരിടാനുള്ള ഒരു കോമ്പിനേഷൻ. പക്ഷെ, അത്, തന്റെ ഭാവിക്കുതന്നെയായിരിക്കും ആത്യന്തിക ഭീഷണിയാകുക എന്നതുകൊണ്ടാകാം തരൂർ വിഷയത്തിൽ സുധാകരൻ, വി.ഡി. സതീശനേക്കാൾ ഔചിത്യം പാലിക്കുന്നത്.

മാധ്യമങ്ങൾ പൊലിപ്പിച്ചെടുക്കുന്ന തരൂർ പ്രഭാവം കോൺഗ്രസിൽ ചലനങ്ങളുണ്ടാക്കിയേക്കാം. എന്നാൽ, അത് കേരളത്തിന്റെ രാഷ്ട്രീയത്തിൽ എന്തു ചലനങ്ങളുണ്ടാക്കും എന്ന് ഇപ്പോൾ പറയാനാകില്ല. ഒട്ടൊരു ആശങ്കയോടെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

Comments