നേമത്ത് ജയിക്കുക കെ. മുരളീധരനും വി. ശിവൻകുട്ടിയും

നിയമസഭാ തെരഞ്ഞെടുപ്പിൽ, കേരളത്തിനുവേണ്ടത് ബി.ജെ.പിക്കെതിരായ ഒരു ജനവിധി കൂടിയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്തുനിന്ന് നേടിയെടുത്ത മാൻഡേറ്റ്, കേരളത്തിനുവേണ്ടിയുള്ള ഒരു പ്ലാനായി വികസിപ്പിക്കാൻ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുകയാണ്. ‘നേമം കേരളത്തിലെ ഗുജറാത്താണ്' എന്ന പേടിപ്പിക്കുന്ന ഒരു പ്രസ്താവനയിലൂടെയാണ് ബി.ജെ.പി ആ പ്ലാൻ വെളിപ്പെടുത്തിയത്. ഒപ്പം, വിവിധ ജാതി വിഭാഗങ്ങളെയും ക്രിസ്ത്യൻ സഭകളെയും സാമുദായിക സംഘടനകളെയും വർഗീയമായ ഒരു സമവാക്യത്തിലൂടെ കൂട്ടിയിണക്കാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി.

അതായത്, കേരളീയ പൗരസമൂഹത്തെ ഒരു രാഷ്ട്രീയ വോട്ടുബാങ്കായല്ല, വർഗീയ വോട്ടുബാങ്കായാണ് ഈ പാർട്ടി കൈകാര്യം ചെയ്യുന്നത്. ആ അർഥത്തിലാണ് ‘ഗുജറാത്ത്' എന്ന വിശേഷണം ശ്രദ്ധിക്കേണ്ടത്. അതായത്, ന്യൂനപക്ഷങ്ങളും കീഴാളരും വംശഹത്യക്കിരയാക്കപ്പെടേണ്ട ഒരു ജനതയാണെന്ന ഞെട്ടലല്ലാതെ ഗുജറാത്ത്, ഒരു വിവേകിയായ പൗരന്റെ ഓർമയിൽ മറ്റെന്താണ് അവശേഷിപ്പിക്കുന്നത്.

അതുകൊണ്ട്, ബി.ജെ.പിയുടെ കേരളത്തിനുവേണ്ടിയുള്ള ‘ഗുജറാത്ത് പ്ലാൻ' ഈ തെരഞ്ഞെടുപ്പിലൂടെ തോൽപ്പിക്കപ്പെടണം. അതിന്റെ പോരാട്ടഭൂമിയാകുകയാണ് നേമം.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ, നേമത്ത് ബി.ജെ.പി വളരുന്നത് യു.ഡി.എഫിന്റെ ചെലവിലാണെന്നുകാണാം. എന്നാൽ, ഇത്തവണ നേമം തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മത്സരമായതിനുപുറകിൽ കോൺഗ്രസിന്റെ നിലപാടുകൂടിയുണ്ട്. കെ. മുരളീധരന്റെ സ്ഥാനാർഥിത്വത്തിനുപുറകിൽ, ആരോപിക്കപ്പെടുന്ന തരത്തിലുള്ള, അവിഹിത ഇടപെടലുകളുണ്ടായാൽ പോലും അത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമായ ഒരു സ്ഥാനാർഥിത്വമായി മാറുകയാണ്.

2011 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാലറിയാം, ഇരുമുന്നണികൾക്കും ബലാബലമുള്ള മണ്ഡലമാണ് നേമം. ഇവിടെ ബി.ജെ.പി സമാഹരിക്കുന്നത്, ഇരുമുന്നണികളിൽനിന്നുമുള്ള വോട്ടുകളാണ്. കൃത്യമായി പറഞ്ഞാൽ, കേരളത്തിലെ മറ്റു മേഖലകളിലെപ്പോലെ, നേമത്തും വർഗീയമായ ചാഞ്ചാട്ടങ്ങളുടെ ഫലമായി വീണുകിട്ടുന്നവ വോട്ടുകളാണിവ. നേമത്തെ സവർണ ഹിന്ദു ഭൂരിപക്ഷം അടക്കമുള്ള വിഭാഗങ്ങളുടെ പേരിൽ അവതരിപ്പിക്കപ്പെടുന്ന വോട്ടുബാങ്ക് കണക്കുകൾ വിശ്വസനീയമാണെങ്കിൽ ബി.ജെ.പിയുടെ വോട്ട് ഷെയറിലും വോട്ട് സ്വിങ്ങിലും അത് പ്രതിഫലിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ഇരുമുന്നണികൾക്കും സംഭവിക്കുന്ന പാളിച്ചകളിലൂടെയാണ് വോട്ട് ചോരുന്നത്. ആ പഴുത് അടച്ചുള്ള ഒരു രാഷ്ട്രീയ മത്സരമാണ് ഇത്തവണ നേമത്ത് നടക്കുക. യു.ഡി.എഫിനും എൽ.ഡി.എഫിനും സ്വന്തമായുള്ള വോട്ടുകൾ കൃത്യമായി വിഭജിക്കപ്പെട്ടാൽ ബി.ജെ.പിയുടെ കേരള പരീക്ഷണത്തിന് തുടങ്ങിയിടത്തുതന്നെ അന്ത്യം കുറിക്കപ്പെടും.

തങ്ങളുടെ രാഷ്ട്രീയം പച്ചയായി പറഞ്ഞ് വോട്ടുപിടിക്കാനിറങ്ങിയാൽ കേരളത്തിൽ നിലംതൊടാനാകില്ലെന്ന് നന്നായി തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടിയാണ് ബി.ജെ.പി. അതിനുകാരണം, ഇരുമുന്നണികളിലൂടെയും സാധ്യമാകുന്ന വോട്ടുകളുടെ രാഷ്ട്രീയവൽക്കരണമാണ്. ഏറെ ബലഹീനതകളുണ്ടെങ്കിലും കേരളത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണി സംവിധാനം നിലനിൽക്കേണ്ടതിന്റെ പ്രസക്തിയും ഇതുതന്നെയാണ്. അതുകൊണ്ട് നേമത്ത് കുമ്മനം രാജശേഖരൻ തോൽപ്പിക്കപ്പെടുന്നതിലൂടെ ജയിക്കുക രണ്ടുപേരുമാണ്, കെ. മുരളീധരനും വി. ശിവൻകുട്ടിയും.

Comments