അക്കൗണ്ട് മരവിപ്പിക്കൽ സാങ്കേതിക പ്രശ്നം, മുസ്​ലിംകളെ ലക്ഷ്യം വെക്കുന്നുവെന്നത് വ്യാജ പ്രചരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പട്ട സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി മലയാളികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൻറെ വസ്തുതകൾ വിശദീകരിക്കുകയാണ് സൈബർ സുരക്ഷാ ഫൗണ്ടേഷൻറെ സ്ഥാപകനായ അഡ്വ. ജിയാസ് ജമാൽ

ഷഫീഖ് താമരശ്ശേരി: ഗുജറാത്ത് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത ഏതാനും കേസുകളുടെ ഭാഗമായി എറണാകുളത്തെയും ആലപ്പുഴയിലെയും ചില വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ ഭാഗമായി അക്കൗണ്ട് മരവിപ്പിക്കപ്പെട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് പലയിടങ്ങളിൽ നിന്നും ആളുകൾ രംഗത്ത് വരുന്നുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ പത്തിരിക്കച്ചവടക്കാരനായ ഇസ്മായിലിന് പത്തിരി വിറ്റതിന്റെ മൂന്നൂറ് രൂപ ഗൂഗിൾ പേ വഴി സ്വീകരിച്ചതാണ് വിനയായത്. പണം നൽകിയയാൾക്കെതിരെ ഗുജറാത്ത് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ബാങ്കിൽ നിന്നും അറിയിച്ചത്. വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ പിൻവലിക്കാനാകാതെ പ്രയാസത്തിലകപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങളാണ് ആളുകൾ തുറന്നുപറയുന്നത്. എന്താണ് ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനം?

അഡ്വ. ജിയാസ് ജമാൽ: ഏതെങ്കിലും തരത്തിൽ ദുരൂഹതയോടെയോ സംശയത്തോടെയോ കാണേണ്ട കാര്യങ്ങളല്ല ഇത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിയമനടപടികളുടെ സാങ്കേതികമായ പ്രശ്‌നങ്ങളാൽ സംഭവിക്കുന്ന ദുരിതങ്ങളാണിത്.

രാജ്യമാസകലം സൈബർ കുറ്റകൃത്ര്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം പരാതികൾ സ്വീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ഒരു വെബ് പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ. cybercrime.gov.in എന്ന പോർട്ടലിലും 1930 എന്ന ടോൾഫ്രീ നമ്പറിലുമായി രാജ്യത്തുള്ള ഏതൊരു പൗരനും ഏത് കോണിൽ നിന്നും ഏത് സൈബർ കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

ജോലിവാഗ്ദാനം, ലിങ്ക് ക്ലിക്ക് ചെയ്താൽ പണം കിട്ടുമെന്ന തരത്തിലുള്ള തട്ടിപ്പ്, വായ്പാ തട്ടിപ്പ്, വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം പറ്റുക, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വ്യാജ ലോട്ടറി, വ്യാജ സ്‌ക്രാച്ച് കാർഡുകൾ, ഇങ്ങനെ പലതരത്തിൽ വൈവിധ്യങ്ങളായ തട്ടിപ്പ് മാതൃകകളിലൂടെ തട്ടിയെടുക്കുന്ന പണം തട്ടിപ്പ് നടത്തുന്ന ആളുകൾ ആ അക്കൗണ്ടുകളിൽ സൂക്ഷിക്കാറില്ല. മറ്റേതെങ്കിലുമൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് പതിവ്.

വർധിച്ചുകൊണ്ടിരിക്കുന്ന സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തിൽ രാജ്യത്തെ മുഴുവൻ ബാങ്കുകളും യു.പി.ഐ സർവീസ് പ്രൊവൈഡേഴ്‌സുമെല്ലാം ചേർന്ന് റിസർവ്ബാങ്കിന്റെയും കേന്ദ്രസർക്കാറിന്റെയും നേത്വത്തിൽ ഒരു സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ആ സമിതിയുടെ ലക്ഷ്യം രാജ്യത്ത് ആർക്കെങ്കിലും സൈബർ തട്ടിപ്പിന്റെ ഭാഗമായി പണം നഷ്ടപ്പെട്ടാൽ അവർക്ക് ഓൺലൈൻ ആയി തന്നെ ഉടൻ പരാതി നൽകാനും നടപടികളുമായി മുന്നോട്ടുപോകാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക, പൊലീസിന്റെയും, ബാങ്കിന്റെയും പ്രവർത്തനങ്ങളെ പരസ്പരം സംയോജിപ്പിക്കുക എന്നിവയാണ്. സമിതിയുടെ നിർദേശപ്രകാരമുള്ള നടപടികളുടെ ഭാഗമായി, ആരെങ്കിലും ഏതെങ്കിലും സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതി നൽകിയാൽ ഉടൻ തന്നെ ആരോപിതനായ വ്യക്തിയുടെ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടും. പരാതിയുടെ തുടർനടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് തിരികെ ലഭിക്കാനുള്ള നടപടികളും ആരംഭിക്കും.

Credit: MediaoneTV
Credit: MediaoneTV

പലപ്പോഴും സംഭവിക്കുന്നത്, തട്ടിപ്പുകാർ അവർ തട്ടിടെയുക്കുന്ന പണം ഉടൻ ക്രിപ്‌റ്റോ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറ്റുകയോ മറ്റെന്തിലും സർവീസ്​ പ്രൊവൈഡേഴ്‌സിന് പണം നൽകി ആ സർവീസ് നേടുകയോ ഒക്കെ ചെയ്തിരിക്കും എന്നതാണ്. ഇത്തരം സാഹചര്യങ്ങൾ പണം തിരിച്ചുപിടിക്കാനുള്ള വഴി പൊലീസിന് മുന്നിലുണ്ടാകില്ല. തട്ടിയെടുത്തതായി പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്രയും പണം കുറ്റാരോപിതനായ ആളുടെ അക്കൗണ്ടിൽ ഇല്ലെങ്കിൽ സൈബർ പൊലീസ് ഉടൻ ചെയ്യുക ഇതേ അക്കൗണ്ടിൽ നിന്നും സമീപ സമയങ്ങളിൽ പണമിടപാട് നടന്നിട്ടുള്ള മറ്റ് അക്കൗണ്ടുകൾ കൂടി ഫ്രീസ് ചെയ്യുക എന്നതാണ്. കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടി നടത്തുന്ന ഈ നടപടികളുടെ ഇരകളായി ഒന്നുമറിയാത്ത സാധാരണക്കാർ മാറുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധി.

ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഒരാൾ ഏതെങ്കിലും ഒരു കടയിൽ കയറി 250 രൂപയുടെ ഒരു ചെരിപ്പ് വാങ്ങി അതിന്റെ പണം യു.പി.ഐ വഴി നൽകിയാൽ നാളെ തട്ടിപ്പുകാരനെതിരെ പരാതി രജിസ്റ്റർ ചെയ്യപ്പെടുന്ന ഘട്ടത്തിൽ ഒന്നുമറിയാത്ത ഈ ചെരിപ്പുകടക്കാരന്റെ അക്കൗണ്ടും ഫ്രീസ് ചെയ്യപ്പെട്ടേക്കാം. പരാതി ഉയരുന്ന അത്രയും തുക തട്ടിപ്പ് നടത്തിയ അക്കൗണ്ടിൽ ഇല്ലാതിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ആ അക്കൗണ്ടിൽ നിന്നും പണമിടപാട് നടന്ന അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാറുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം കൂടിയായതിനാൽ ഇതിൽ ഭാഗമായ അക്കൗണ്ടുകളിൽ കുറ്റകൃത്യത്തിൽ പങ്കുള്ളവ ഏത് അല്ലാത്തതേത് എന്നത് കണ്ടുപിടിക്കാനുള്ള വഴി പൊലീസിന് മുന്നിൽ ഉണ്ടാകില്ല. പലപ്പോഴും അമ്പതും നൂറും അനുബന്ധ അക്കൗണ്ടുകൾ വരെ ഫ്രീസ് ചെയ്യപ്പെടാറുണ്ട്.

പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അയാളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് സൈബർ പൊലീസിൽ നിന്നും ഡോക്യുമന്റുകൾ അയക്കും. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണങ്ങൾ ആരംഭിക്കുകയാണ് ചെയ്യുക. ബാങ്കിലേക്കും സൈബർ പൊലീസ് ലെറ്റർ അയക്കും.

Photo: unsplash.com
Photo: unsplash.com

സാധാരണക്കാർ അവരുടെ അക്കൗണ്ട് പ്രവർത്തിക്കാത്തതറിഞ്ഞ് ബാങ്കിൽ ചെന്ന് അന്വേഷിക്കുമ്പോൾ ബാങ്ക് അധികൃതർക്കും കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയാറില്ല. ഏത് കേസിന്റെ ഭാഗമാണെന്നോ, ക്രൈം നമ്പർ എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും ബാങ്കിന്റെ കയ്യിൽ ഉണ്ടാവില്ല എന്നതാണ് സത്യം. പല നോട്ടീസുകളിലും അക്‌നോളജ് നമ്പർ പോലും ഉണ്ടാകില്ല. എന്നാൽ ചില ബാങ്കുകൾ പരാതിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ നൽകാറുമുണ്ട്. എഫ്.ഐ.ആർ നമ്പർ വഴി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാലും കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യങ്ങളാണ് കൂടുതലും ഉള്ളത്. ചില കേസുകളിൽ പല സംസ്ഥാനത്തെയും പൊലീസുകാർ അക്കൗണ്ട് മരവിപ്പിക്കൽ ഒഴിവാക്കാനായി കൈക്കൂലി ചോദിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

വളരെയധികം കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു പ്രതിസന്ധിയാണിത്. തട്ടിപ്പ് നടത്താൻ പലരും ഉപയോഗിക്കുന്നത് മറ്റ് പലരുടെയും അക്കൗണ്ടുകളായിരിക്കും. ഉത്തരേന്ത്യയിലെ സാധാരണ ഗ്രാമങ്ങളിലുള്ള കർഷകരും തൊഴിലാളികളുമെക്കെയായ ആളുകൾ, ഗ്യാസ് സബ്‌സിഡി, വായ്പ, പെൻഷൻ എന്നിവയ്ക്കായി എടുത്ത ബാങ്ക് അക്കൗണ്ടുകൾ ചെറിയ പണം കൊടുത്ത് അവരിൽ നിന്നും സ്വന്തമാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കേസുകളിലും അക്കൗണ്ട് ഉടമയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ അയാൾ എഴുതാനും വായിക്കാനും പോലുമറിയാത്ത ഏതെങ്കിലും ഒരു സാധാരണക്കാരനായിരിക്കും. യഥാർത്ഥ കുറ്റവാളികൾ ഇയാളിൽ നിന്ന് അക്കൗണ്ട് കൈവശപ്പെടുത്തി കടന്നുകളഞ്ഞിട്ടുണ്ടാകും. അയ്യായിരമോ പതിനായിരമോ രൂപ പ്രതിഫലമായി നൽകി കുറ്റവാളികൾ കൈവശപ്പെടുത്തിക്കൊണ്ടുപോയ അക്കൗണ്ടിലായിരിക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടാവുക. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി നടക്കുമ്പോൾ പ്രതികളെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്താനും പൊലീസിന് എളുപ്പമല്ല. ഇതുപോലുള്ള അക്കൗണ്ടുകളിൽ നിന്ന് പണമിടപാട് നടന്നിട്ടുള്ള ഒന്നുമറിയാത്ത സാധാരണക്കാർ കാലങ്ങളോളം കേസിൽ കുടുങ്ങും എന്നതാണ് പ്രയാസകരം.

റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കേസുകളിലും അക്കൗണ്ട് ഉടമയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ അയാൾ എഴുതാനും വായിക്കാനും പോലുമറിയാത്ത ഏതെങ്കിലും ഒരു സാധാരണക്കാരനായിരിക്കും/ Photo: unsplash.com
റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കേസുകളിലും അക്കൗണ്ട് ഉടമയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ അയാൾ എഴുതാനും വായിക്കാനും പോലുമറിയാത്ത ഏതെങ്കിലും ഒരു സാധാരണക്കാരനായിരിക്കും/ Photo: unsplash.com

ഇതുപോലുള്ള ഏതെങ്കിലും കേസിൽ പരിഹാരങ്ങൾ കാണാൻ സാധിച്ചിട്ടുണ്ടോ?

ഉണ്ട്. ചെറിയ തുകയുമായി ബന്ധപ്പെട്ട പല കേസുകളിലും പണമിടപാട് എന്തിന് വേണ്ടി നടന്നു എന്നത് സംബന്ധിച്ച കൃത്യമായ വിശദീകരണങ്ങൾ തെളിവ് സഹിതം മെയിൽ വഴിയും നേരിട്ടുമൊക്കെ നൽകിയ പല കേസുകളിലും പൊലീസ് അവരുടെ നിരപരാധിത്വം മനസ്സിലാക്കി അക്കൗണ്ട് ഫ്രീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ അതേസമയം ചെറിയ തുകയുടെ പേരിൽ കാലങ്ങളോളം നിയമക്കുരുക്കിൽ പെട്ട് വലയുന്നവരുമുണ്ട്. കേസ് നടത്താൻ വക്കീലിനെ വെച്ച് മുന്നോട്ടുപോകാൻ സാധിക്കാത്ത പാവങ്ങൾ അക്ഷരാർത്ഥത്തിൽ വലയുകയാണ്. പത്ത് മാസത്തിലധികമായിട്ടും തീരുമാനമാകാത്ത കേസുകൾ വരെയുണ്ട്. വീടുവെക്കാനും ചികിത്സയ്ക്ക് വേണ്ടിയും വിവാഹത്തിന് വേണ്ടിയുമൊക്കെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള പണം കേവലം മുന്നൂറും അഞ്ഞൂറും രൂപയുടെ ഇടപാടിന്റെ പേരിൽ കുടുങ്ങിക്കിടക്കുന്ന അനേകം പാവങ്ങളുണ്ട്.

ഇത്തരം അപകടങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുകൾ എന്താണ്?

സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ആളുകൾക്ക് പരമാവധി ബോധവത്കരണം നൽകുക എന്നത് മാത്രമാണ് ഇതിന്റെ പരിഹാരം. മറ്റ് മുൻകരുതലുകൾ ഇതിൽ സാധ്യമല്ല എന്നത് വലിയ നിസ്സാഹയതാണ്.

കാഷ്‌ലെസ് എക്കണോമി, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ റുപ്പീ തുടങ്ങിയ പദ്ധതികളുമായി നമ്മുടെ രാജ്യം മുന്നോട്ടുപോവുകയും യു.പി.ഐ ഇടപാടുകൾ സാർവത്രികമായി മാറുകയും ചെയ്തിരിക്കുന്ന കാലത്ത് ഇത് വലിയൊരു വെല്ലുവിളിയല്ലേ. ഡിജിറ്റൽ പെയിമെന്റിന്റെ പേരിൽ ആരും ഏത് നിമിഷവും അപകടത്തിലായേക്കാമെന്ന സാഹചര്യത്തിന് മാറ്റം വരേണ്ടതില്ലേ?

അതെ. ഇത്തരം സാഹചര്യങ്ങൾ നമ്മുടെ സാങ്കേതിക പുരോഗതികൾക്ക് വലിയ അപടകം ആണ്. ആളുകൾ അവർക്ക് നേരിട്ട് പരിചയമുള്ള ആളുകളുമായി മാത്രം പണമിടപാട് നടത്തണം എന്ന് പറഞ്ഞാൽ ഇനിയുള്ള കാലത്ത് അത് സാധ്യമല്ലല്ലോ. കേന്ദ്ര സർക്കാർ ഇതിൽ തീരുമാനങ്ങളെടുക്കുകയല്ലാതെ മറ്റ് പരിഹാരങ്ങളില്ല. എത്ര രൂപയുമായി ബന്ധപ്പെട്ട പണമിടപാടാണോ സംശയാസ്പദമായി കാണുന്നത്, ആ തുക മരവിപ്പിച്ചു നിർത്തി അവരുടെ അക്കൗണ്ടിലുള്ള ബാക്കി തുക ഉപയോഗിക്കാനുള്ള വഴി സാധ്യമാകുന്ന തരത്തിൽ നടപടികൾ മുന്നോട്ടുപോകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്.

മുസ്​ലിം പശ്ചാത്തലത്തിൽ നിന്നുള്ള ആളുകളുടെ അക്കൗണ്ടുകൾ മാത്രമാണ് മരവിപ്പിക്കപ്പെടുന്നത്, പിന്നിൽ ഗുജറാത്ത് സൈബർ പൊലീസ്, ഇത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന നീക്കം എന്നിങ്ങനെ പലവിധത്തിലുള്ള ദുരൂഹ പ്രചാരണങ്ങളും നടക്കുന്നുണ്ടായിരുന്നല്ലോ?

അത്തരം ആശങ്കകൾക്കും പ്രചാരണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല. എല്ലാ ജാതിമത വിഭാഗത്തിൽപ്പെട്ട ആളുകളും കഴിഞ്ഞ കുറച്ചുകാലങ്ങൾക്കിടെ ഇത്തരം കേസുകളിൽ പെട്ടതിന്റെ ഭാഗമായി ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ ഭാഗമായി നമ്മുടെ നാട്ടിലെ ആളുകൾ കുടുങ്ങുന്നു എന്നതാണല്ലോ ദുരൂഹത. എന്നാൽ നേരെ തിരിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം കേസുകളുടെ ഭാഗമായി ഞങ്ങൾ നേരിട്ട് പോവുകയും ഫോണിൽ ബന്ധപ്പെടുകയുമെല്ലാം ചെയ്തിട്ടുണ്ട്. രാജ്യമാസകലം നടന്നുകൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെ തടയാനായി സർക്കാർ കൊണ്ടുവന്ന നിയമനടപടികളുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രശ്‌നമാണിത്. മറ്റൊരു ദുരൂഹതയും ഇതിലില്ല.


Watch Also:


Summary: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പട്ട സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി മലയാളികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൻറെ വസ്തുതകൾ വിശദീകരിക്കുകയാണ് സൈബർ സുരക്ഷാ ഫൗണ്ടേഷൻറെ സ്ഥാപകനായ അഡ്വ. ജിയാസ് ജമാൽ


Comments