എൽ.ഡി.എഫിന് ചേലക്കരയിൽ രാഷ്ട്രീയ ജയം, യു.ആർ. പ്രദീപിന്റെ ഭൂരിപക്ഷം 12,201

രാഷ്ട്രീയ മത്സരം എന്നു തന്നെയാണ് കോൺഗ്രസും സി.പി.എമ്മും ചേലക്കര ഉപതെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഭരണവിരുദ്ധവികാരമില്ല എന്ന എൽ.ഡി.എഫ് അവകാശവാദത്തിനും ഈ ജയം ബലം നൽകും.

News Desk

എൽ.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ഒരേപോലെ അവകാശപ്പെട്ട ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സി.പി.എമ്മിനും സംസ്ഥാന സർക്കാറിനും അഭിമാനിക്കാവുന്ന രാഷ്ട്രീയ വിജയം കൂടിയാണ് ചേലക്കരയിലേത്. രാഷ്ട്രീയ മത്സരം എന്നു തന്നെയാണ് കോൺഗ്രസും സി.പി.എമ്മും ചേലക്കര ഉപതെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഭരണവിരുദ്ധവികാരമില്ല എന്ന എൽ.ഡി.എഫ് അവകാശവാദത്തിനും ഈ ജയം ബലം നൽകും.

യു.ആർ. പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ രമ്യ ഹരിദാസിനെ തോൽപ്പിച്ചത്. 2021-ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണനാണ് മൂന്നാമത്. പി.വി. അൻവറിന്റെ പാർട്ടിയായ ഡി.എം.കെയുടെ സ്ഥാനാഥി എൻ.കെ. സുധീറിന് കാര്യമായ ചലനവുമുണ്ടാക്കാനായില്ല, 3920 വോട്ടൊടെ വെറും നാലാം സ്ഥാനം.

2016-ൽ നേടിയ ഭൂരിപക്ഷം (10,200) നിലനിർത്തിയാണ് പ്രദീപിന്റെ ഇത്തവണത്തെ ജയം. രമ്യ ഹരിദാസിന് ഒരു പഞ്ചായത്തിലും മുന്നേറ്റം നടത്താനായില്ല.

  • 2021-ൽ സി.പി.എം 83,415 വോട്ടാണ് നേടിയത്, ഇത്തവണ അത് 64,827 ആയി കുറഞ്ഞു.

  • 2021-ൽ കോൺഗ്രസ് 44,015 വോട്ടാണ് നേടിയത്. അത് 52,626 ആയി കൂടി.

  • ബി​​.ജെ.പി കഴിഞ്ഞ തവണ നേടിയ 24,045 വോട്ടിൽ നിന്ന് ഇത്തവണ 33,609 വോട്ടായി ഉയർത്തി.

സ്ഥാനാർഥികൾ നേടിയ വോട്ട്:

യു.ആർ. പ്രദീപ് (എൽ.ഡി.എഫ്): 64,827.
രമ്യ ഹരിദാസ് (യു.ഡി.എഫ്): 52,626.
കെ. ബാലകൃഷ്ണൻ (എൻ.ഡി.എ): 33,609.
എൻ.കെ. സുധീർ (സ്വതന്ത്രൻ): 3920.

കാമ്പയിനിൽ കടുത്ത മത്സരമെന്ന പ്രതീതിയുണ്ടാക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞുവെങ്കിലും വോട്ടെണ്ണലിന്റെ തുടക്കം മുതൽ പ്രദീപ് ലീഡ് നിലനിർത്തി. ഇ.വി.എം കൗണ്ടിംഗിന്റെ രണ്ടാം റൗണ്ടിൽ തന്നെ 4300 വോട്ടിന്റെ ഭൂരിപക്ഷം പ്രദീപിന് നേടാനായി. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഓരോ റൗണ്ടിലും സ്ഥിരമായി ഭൂരിപക്ഷം ഉയർത്തി. എന്നാൽ, രമ്യ ഹരിദാസിന് ഒരിക്കൽ പോലും മുന്നിലെത്താനായില്ല.

ആദ്യ റൗണ്ടിൽ വോട്ടെണ്ണിയ വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ആധിപത്യം നിലനിർത്തി.

സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങൾ എൽ.ഡി.എഫും ഭരണപരാജയം യു.ഡി.എഫും കാമ്പയിൻ വിഷയങ്ങളാക്കിയിരുന്നു. വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും പോളിങ് ശതമാനം ഇത്തവണ കുറഞ്ഞു. 2021-ൽ 77.46 ശതമാനമായിരുന്നു, ഇത്തവണ 72.77 ശതമാനമായി കുറഞ്ഞു.

സി.പി.എമ്മിന് ഉറച്ച ജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, അവസാനനിമിഷം അട്ടിമറി ജയം നേടാനാകുമെന്ന നേരിയ പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 5173 വോട്ടായിരുന്നു. ഈ കണക്കിലായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്ന രമ്യ ഹരിദാസിനെ നിർത്തിയാൽ ഈ മാർജിൻ വിജയമാക്കി മാറ്റാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മണ്ഡലത്തിലെ സ്വന്തം വോട്ടുകൾ സുരക്ഷിതമായി നിലനിർത്താൻ എൽ.ഡി.എഫിനായി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ പട തന്നെ പ്രദീപിനുവേണ്ടി രംഗത്തിറങ്ങി. കെ. രാധാകൃഷ്ണനെപ്പോലെ മണ്ഡലത്തിൽ ജനകീയ പ്രതിച്ഛായയുള്ള നേതാവാണ് പ്രദീപ്.

അത്യന്തം വാശിയേറിയതായിരുന്നു ഇത്തവണ ഇലക്ഷൻ. പി.വി. അൻവറിന്റെ പാർട്ടിയായ ഡി.എം.കെയുടെ സ്ഥാനാഥി എൻ.കെ. സുധീറിന്റെ സാന്നിധ്യം ഇരുമുന്നണികളും, പ്രത്യേകിച്ച് യു.ഡി.എഫ്, ഒട്ടൊക്കെ ആശങ്കയോടെയാണ് കണ്ടിരുന്നത്. രമ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതിനെതിരെ തുടക്കത്തിൽ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. എ.ഐ.സി.സി അംഗമായ എൻ.കെ. സുധീർ സ്ഥാനാർഥിയാകാൻ ശക്തമായ നീക്കം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഇക്കാര്യം തനിക്ക് ഉറപ്പുനൽകിയിരുന്നുവെന്നുമാണ് സുധീർ പറഞ്ഞിരുന്നത്. എന്നാൽ, രമ്യയുടെ ജനപ്രിയതയാണ് കോൺഗ്രസ് ചേലക്കരയിൽ പരിഗണിച്ചത്. ഈ തീരുമാനത്തിൽ കോൺഗ്രസുമായി ഇടഞ്ഞ സുധീറിനെ പി.വി. അൻവർ തന്ത്രപൂർവം വശത്താക്കുകയായിരുന്നു.

മുൻ ഇലക്ഷനുകളിലെ കണക്കു നോക്കിയാൽ കോൺഗ്രസിനെ സംബന്ധിച്ച് നിസ്സാരനായി എഴുതിത്തള്ളാവുന്ന സ്ഥാനാർഥിയായിരുന്നില്ല സുധീർ. 2009-ൽ പി.കെ. ബിജുവിനെതിരെ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ 20,962 വോട്ടിനാണ് തോറ്റത്. പോൾ ചെയ്തതിന്റെ 43.5 ശതമാനം വോട്ടാണ് സുധീർ നേടിയത്. അന്ന് ചേലക്കരയിൽ 2459 വോട്ടിന്റെ ലീഡ് മാത്രമായിരുന്നു ബിജുവിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഇത്തവണ കോൺഗ്രസിന് ഒരു 'സുധീർപ്പേടി'യുണ്ടായിരുന്നു. എങ്കിലും, വ്യക്തിപരമായി വോട്ട് പിടിക്കാനുള്ള സന്നാഹമൊന്നും സുധീറിനില്ല എന്ന ആശ്വാസത്തിലായിരുന്നു കോൺഗ്രസ്. എൽ.ഡി.എഫിനും പിണറായി വിജയൻ സർക്കാറിനും എതിരെയായിരുന്നു എൻ.കെ. സുധീറിന്റെ കാമ്പയിൻ. അതിന് വിശ്വാസ്യത നേടാനായില്ലെന്ന് തെരഞ്ഞെടുപ്പുഫലം കാണിക്കുന്നു.

1996 മുതൽ 2011 വരെ തുടർച്ചയായി ചേലക്കരയിൽ കെ. രാധാകൃഷ്ണനാണ് ജയിച്ചത്. 2016-ൽ യു.ആർ. പ്രദീപും 2021-ൽ കെ. രാധാകൃഷ്ണനും ജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയിൽ ഒഴിവുവന്നത്.

2021-ൽ കെ. രാധാകൃഷ്ണൻ 83,415 വോട്ടും യു.ഡി.എഫിന്റെ സി.സി. ശ്രീകുമാർ 44,015 വോട്ടും എൻ.ഡി.എയുടെ ഷാജുമോൻ വട്ടേക്കാട് 24,045 വോട്ടുമാണ് നേടിയത്.

1967-യാണ് ചേലക്കരയിൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുണ്ടായത്. കോൺഗ്രസിലെ പി. കുഞ്ഞനാണ് ജയിച്ചത്. 1970, 77 വർഷങ്ങളിൽ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണൻ ജയിച്ചു. 1982-ൽ സി.പി.ഐയുടെ സി.കെ. ചക്രപാണിയും 87-ൽ കോൺഗ്രസിലെ എം.എ. കുട്ടപ്പനും 1991ൽ കോൺഗ്രസിലെ എം.പി. താമിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Comments