ഒഞ്ചിയം രക്തസാക്ഷി സ്മാരകം

രാഷ്ട്രീയ അകവേവുകളുടെ വടകര

സി.പി.എമ്മിൽ ആന്തരിക ചർച്ചകൾക്ക് വഴിയൊരുക്കുന്നതും ആർ.എം.പിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകവുമാവും വടകരയിലെ ജനവിധി

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടകര നിയമസഭാ നിയോജക മണ്ഡലം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് വടകരയും പരിസരപ്രദേശങ്ങളും. അതിൽത്തന്നെ സി.പി.എമ്മിനാണ് കൂടുതൽ ജനസ്വാധീനം. ലഭ്യമായ കണക്കുപ്രകാരം നിലവിൽ ഇവിടെ 76946 പുരുഷന്മാരും 84694 സ്ത്രീകളും ഒരു ട്രാൻസ്‌ജെന്ററും ഉൾപ്പടെ ആകെ 161641 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 3132 പേർ കൂടുതൽ.
1957- ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ എം.കെ. കേളു, പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ കൃഷ്ണനെ തോൽപിച്ചാണ് നിയമസഭയിലെത്തിയത്. പിന്നീട് ജനതാ കുടുംബത്തിൽ‌പ്പെട്ട കക്ഷികൾക്കാണ് വിജയമുണ്ടായതൊക്കെയും. കൃഷ്ണൻ 1960 മുതൽ 1970 വരെയുള്ള കാലയളവിൽ നാലു തവണ നിയമസഭയിലെത്തി. 1977 മുതൽ ജനതാദളിന്റെ കെ. ചന്ദ്രശേഖരനും അഞ്ച് തുടർജയങ്ങളോടെ മണ്ഡലം കയ്യടക്കി വെച്ചു. 1996-ൽ ജനതാദളിന്റെ സി.കെ. നാണു സീറ്റ് നിലനിർത്തി. കോൺഗ്രസിന്റെ സി. വൽ‌സലനായിരുന്നു എതിരാളി. 2001 ലും സി.കെ. നാണുവിനെ ഇറക്കി എൽ.ഡി.എഫ് വിജയം തുടർന്നു. 2006-ൽ കോൺഗ്രസിന്റെ പൊന്നാറത്ത് ബാലകൃഷ്ണനെ 21269 വോട്ടിന് തോൽപിച്ച് ജനതാദളിന്റെ എം.കെ. പ്രേംനാഥ് നിയമസഭയിലെത്തി.

എം.കെ. കേളു

2009-ൽ വീരേന്ദ്ര കുമാർ വിഭാഗം ജനതാദൾ- എസ് പിളർത്തി എൽ.ഡി.എഫ് വിട്ടു. മുന്നണിക്കൊപ്പം നിന്ന ഔദ്യോഗിക വിഭാഗത്തിന് 2011ലെ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വടകര സീറ്റ് നല്കി. യു.ഡി.എഫിനായി മത്സരിച്ച വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ എം.കെ. പ്രേംനാഥിനെ സി.കെ. നാണു അട്ടിമറിച്ചു. 847 വോട്ടിനായിരുന്നു നാണുവിന്റെ ജയം. 2016-ൽ സി.കെ. നാണു ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും അന്നത്തെ യു.ഡി.എഫ് സ്ഥാനാർഥിയുമായ മനയത്ത് ചന്ദ്രനെ പതിനായിരത്തിനടുത്ത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജനതാദളിലെ പിളർപ്പിന് പിന്നാലെ തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയ കേരളത്തിലെ ഏക മണ്ഡലമായി വടകര മാറി. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി മനയത്ത് ചന്ദ്രനും യു.ഡി.എഫ് പിന്തുണ നൽകുന്ന ആർ.എം.പി സ്ഥാനാർഥിയായി കെ.കെ. രമയും എൻ.ഡി.എ സ്ഥാനാർഥിയായി കഴിഞ്ഞതവണ പതിനാലായിരത്തിനടുത്ത് വോട്ട് നേടിയ എം. രാജേഷ് ‌കുമാറുമാണ് മത്സരിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രതിനിധിയില്ലാത്ത കമ്യൂണിസ്റ്റ് കര

1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എം.കെ. കേളുവാണ് എം.എൽ.എ ആയത്. അതിനുശേഷം കമ്യൂണിസ്റ്റ് കോട്ട എന്നു വിശേഷിപ്പിക്കാവുന്ന വടകര നിയമസഭാ നിയോജക മണ്ഡലത്തിൽ ‌നിന്ന്​കമ്യൂണിസ്റ്റായ ഒരു സാമാജികൻ ഉണ്ടായിട്ടില്ല എന്നത് അമ്പരപ്പിക്കുന്ന യാഥാർത്ഥ്യമാണ്. പി.വി. കുഞ്ഞിരാമൻ 1980-ൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇക്കാലത്തിനിടെ വേറെ കമ്യൂണിസ്റ്റുകാർ‌ക്കൊന്നും ഇവിടെനിന്ന്​ മത്സരിക്കാൻ കഴിഞ്ഞുമില്ല. മണ്ഡലത്തിൽ ജനതാപരിവാറിൽ‌പ്പെടുന്ന ഏതെങ്കിലും പാർട്ടികൾക്കാണ് ഇക്കാലമത്രയും മത്സരിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള മേഖലകൾ ഉൾ‌പ്പെടുന്നു എന്നതുകൊണ്ടാണ് ഇരുമുന്നണികളും വടകര മണ്ഡലം ആ പാർട്ടികൾക്ക് വിട്ടുകൊടുക്കുന്നത്.

സി.കെ. നാണു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഇക്കാര്യത്തിൽ വലിയ വിശാലത കാണിച്ചിട്ടുള്ളതെന്നു പറയാം. യു.ഡി.എഫിൽ കോൺഗ്രസ് പലപ്പോഴായി സീറ്റ് ഏറ്റെടുത്തിട്ടുള്ളതായി കാണാം. വലിയ ജനകീയാടിത്തറയുണ്ടായിട്ടും സി.പി.എം സീറ്റ് മുന്നണിയിലെ ഘടകകക്ഷിയായ ജനതാപരിവാർ പാർട്ടിക്ക് വിട്ടു കൊടുത്തുകൊണ്ടിരുന്നു. ഇതിനെതിരെ പാർട്ടി അണികൾക്കിടയിൽ കാലാകാലങ്ങളിൽ അമർഷവും ഉയർന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ആദർശങ്ങൾ പറയുമെങ്കിലും പ്രാദേശിക വർഗസമര സന്ദർഭങ്ങളിൽ വരേണ്യ പക്ഷത്തോടൊപ്പമാണ് ജനതാ കക്ഷികൾ മിക്കപ്പോഴും നിലയുറപ്പിക്കുക. ഏറ്റവും സമീപസ്ഥമായ സമരസന്ദർഭങ്ങളിൽ എതിരിടേണ്ടിവരുന്ന ഈ കക്ഷിയെത്തന്നെ തെരഞ്ഞെടുപ്പിൽ എല്ലാ ശക്തിയും സമാഹരിച്ച് വിജയിപ്പിക്കാനും ഭരണത്തിലേറ്റാനും നിർബന്ധിതമാകുന്ന അവസ്ഥയാണ് ഇടത് അനുഭാവികൾക്ക് നേരിടേണ്ടി വരാറ്​.

പ്രാദേശിക ജന്മിമാരുടേയും കാർഷിക ബൂർഷ്വ വിഭാഗത്തിന്റേയും താൽപര്യങ്ങൾക്കു വേണ്ടി നിലകൊണ്ട ഇവർ അതുകൊണ്ടു തന്നെ തൊഴിൽ ‌മേഖലയിലുള്ള സംഘർഷസ്ഥലികളിൽ കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കത്തോടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏർ‌പ്പെട്ടവരാണ്. അതിനാൽ വിവിധ കാലത്ത് വിവിധ സോഷ്യലിസ്റ്റ് കക്ഷികളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുഴുവൻ ഊർജ്ജവും വിനിയോഗിക്കാൻ നിർബന്ധിക്കപ്പെടുന്ന സഖാക്കൾ അകമേ സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉന്നതമായ മുന്നണിമര്യാദയുടെ പേരിൽ അതെല്ലാം സ്വയം മറികടന്ന് സ്തുത്യർഹമായ രീതിയിൽ കടമകൾ നിർവ്വഹിച്ചവരാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പ്രവർത്തകർ. പക്ഷേ അതൊക്കെ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നത്തിൽ വോട്ടുചെയ്യാനും പ്രചാരണം നടത്താനും അവർക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.

കമ്യൂണിസ്റ്റ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ ആവേശത്തിന്റെ അലകളുയർത്തി നൃത്തം ചെയ്യുക! അറുപത്തിമൂന്നു വയസ്സായ ഒരു കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകാരിക്കും അത്​ കഴിഞ്ഞിട്ടില്ല.

തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ

ഇത് സംഭവിക്കുന്നതാകട്ടെ എണ്ണമറ്റ കർഷക- കർഷക തൊഴിലാളി പോരാട്ടങ്ങൾ നടന്ന കമ്യൂണിസ്റ്റ് ഭൂമികയിൽ. ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാനാർഥി ആയാണ് എം.കെ. കേളു വിജയിച്ചത്. അരിവാളും കതിരും ചിഹ്നത്തിൽ. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച് ആരും ഇതുവരെ ഇവിടെ വിജയിച്ചിട്ടില്ല. ഒരു തവണ സി.പി.എം സ്ഥാനാർഥി പി.വി. കുഞ്ഞിരാമൻ കമ്യൂണിസ്റ്റ് ചിഹ്നത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതിനുശേഷം ജനതാ പരിവാറിൽ‌പ്പെട്ട കക്ഷികളെ, അവർ മുന്നണി ബന്ധങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ മാറിയ അവസരങ്ങളിലും, മുന്നണി ഘടകകക്ഷിയാണ് എന്ന ഒറ്റക്കാരണത്താൽ പിന്തുണയ്ക്കുകയും വിയർത്തധ്വാനിച്ച് വിജയിപ്പിച്ചു വിടുകയും ചെയ്തിട്ടുണ്ട് ഇടത് പ്രവർത്തകർ. ഏറാമല പഞ്ചായത്തിൽ രണ്ടര വർഷത്തിനുശേഷം ജനതാദളിന് പ്രസിഡണ്ട് സ്ഥാനം കൈമാറണം എന്ന്​ എൽ.ഡി.എഫ് നേതൃത്വം തീരുമാനിച്ചപ്പോൾ പാർട്ടി അണികൾ അതിനെ എതിർക്കുകയുണ്ടായി. ടി.പി. ചന്ദ്രശേഖരനും കൂട്ടരും സി.പി.എം ൽ നിന്ന്​പുറത്താക്കപ്പെടുന്നതിനും ആർ.എം.പിയുടെ പിറവിയ്ക്കും തൊട്ടുമുമ്പായിരുന്നു അത്.

ചരിത്രത്തിലെ വടകര

കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടത്തനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രവും (ഇപ്പോൾ മണ്ഡലാതിർത്തിക്കുള്ളിലല്ലെങ്കിലും) വടകര വലിയ മുസ്‌ലിം ജമാഅത്ത്​ പള്ളിയും സ്ഥിതിചെയ്യുന്നത് വടകര മേഖലയിലാണ്. വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര. അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് (താഴെ അങ്ങാടി) എന്നിവിടങ്ങൾ കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ പ്രധാന വിപണകേന്ദ്രങ്ങളായിരുന്നു. താഴെഅങ്ങാടി വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായിരുന്നു. നഗരത്തിലെ പ്രധാന ജനവാസകേന്ദ്രം. പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണത്. ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ ചോമ്പാൽ, മുട്ടുങ്ങൽ എന്നീ പ്രദേശങ്ങൾ ചെറുതുറമുഖങ്ങളായി വികസിച്ചിരുന്നു. കോട്ടക്കൽ പുഴയുടെ വടക്കേകരയായതിനാലാണ് വടകര എന്ന സ്ഥലനാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു. എന്നാൽ കോട്ടക്കൽ പുഴയുടെ വടക്കേകര, വടകര നഗരസഭയിൽ ഉൾ‌പ്പെട്ട ചരിത്രപ്രസിദ്ധമായ പുതുപ്പട്ടണം (പുതുപ്പണം) ആയതിനാൽ ഈ അഭിപ്രായം ശരിയല്ല എന്ന് ചിലർ സമർത്ഥിക്കുന്നു. വടകരയിലെ തീരപ്രദേശത്ത് അക്കാലത്ത് വടുക സമുദായക്കാരായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അധിവാസ കേന്ദ്രമായതിനാലാണ് വടകര എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥലനാമോൽപത്തിയെപ്പറ്റി മറ്റു ചിന്താഗതികളുമുണ്ട്. അറബി സഞ്ചാരികൾ വടകരയെ ബുറൈറ എന്നാണു വിളിച്ചിരുന്നത്.

ടി.പി. ചന്ദ്രശേഖരൻ

അഴിയൂർ, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ ഗണ്യമായ വിഭാഗം ജനങ്ങൾ മത്സ്യബന്ധന മേഖലയിൽ ഉപജീവനം നടത്തുന്നവരാണ്. വടക്ക് മയ്യഴി പുഴയും തെക്ക് വടകര നഗരവും അതിരിടുന്ന അറബിക്കടൽ തീരത്തെ ഈ പ്രദേശം സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം കൈമുതലായുള്ള ഒരുൾ‌നാടൻ ഗ്രാമമേഖലയാണ്. കോൽക്കളി, തച്ചോളി, ദഫ്മുട്ട് കളി തുടങ്ങിയ പഴയ കലാരൂപങ്ങൾ ചിലേടങ്ങളിലെങ്കിലും ഇന്നും പരിശീലിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. കോൽക്കളിയും തച്ചോളിക്കളിയും കണ്ണൂക്കര, മടപ്പള്ളി ഭാഗങ്ങളിൽ സജീവമാണ്. മലയ പണിക്കന്മാരുടേയും, വണ്ണാന്മാരുടേയും കുടുംബങ്ങൾ അനുഷ്ഠാന കലാരൂപങ്ങളായ തിറ കെട്ടിയാടുന്നവരായിട്ടുണ്ട്. സാമൂഹ്യപരിഷ്‌ക്കരണ പന്ഥാവിൽ പുതിയൊരു സാംസ്‌കാരിക അവബോധം സംക്രമിപ്പിച്ച ആത്മവിദ്യാസംഘം ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളിൽ സജീവ സാന്നിധ്യമായി ഇന്നും നിലകൊള്ളുന്നു. സജീവമായി നിലനിന്നുപോരുന്ന കലാസമിതികളാണ് പ്രദേശത്തെ മറ്റൊരു സവിശേഷത.

സ്വാതന്ത്ര്യസമരത്തോടൊപ്പം വളർന്നുവന്ന കലാ- സാംസ്‌ക്കാരിക രംഗത്തെ നവോത്ഥാന പ്രവണതയുടെ ബാക്കിപത്രമാണിത്. കവിയും പണ്ഡിതനുമായിരുന്ന വി.ടി. കുമാരൻ മാസ്റ്റർ, നോവലിസ്റ്റ്​ പുനത്തിൽ കുഞ്ഞബ്ദുള്ള, കവി കടത്തനാട്ട് മാധവി അമ്മ തുടങ്ങി പ്രതിഭാധനന്മാരായ ഒട്ടേറെ എഴുത്തുകാർക്ക് ജന്മം നല്കിയ നാടാണിത്. ഗ്രന്ഥശാലകൾ, കലാസമിതികൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ എന്നിങ്ങനെ ഒട്ടേറെ സാംസ്‌കാരിക സ്ഥാപനങ്ങൾ എല്ലാ പഞ്ചായത്തുകളിലുമുണ്ട്.

പ്രക്ഷോഭങ്ങളുടെ കര

ഇരുപതാം നൂറ്റാണ്ടിൽ വളർന്നുവന്ന ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിരവധി കർഷക പ്രക്ഷോഭങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. എം.കെ. കേളുവും എം. കുമാരൻ മാസ്റ്ററും കർഷക പ്രക്ഷോഭങ്ങളെ മുന്നിൽ നിന്നു നയിച്ച കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷകരുടെ ചെറുത്തുനിൽപ്പിനെ തകർക്കാൻ 1948-ൽ ഒഞ്ചിയത്ത് പൊലീസ് നടത്തിയ വെടിവെപ്പ്​ ചരിത്രത്തിൽ അടയാളപ്പെട്ടതാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സജീവ പങ്കുവഹിച്ച പ്രദേശമാണ് വടകര. മാഹി വിമോചനസമരകാലത്ത് ഫ്രഞ്ചുഭരണത്തിനെതിരെ പോരാടിയ സമര സേനാനികളുടെ പ്രധാന പ്രവർത്തന കേന്ദ്രങ്ങളിലൊന്നായിരുന്നു അഴിയൂർ. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ പുതിയൊരു സാംസ്‌കാരിക അവബോധം സംക്രമിപ്പിച്ച ആത്മവിദ്യാസംഘം ഒഞ്ചിയം, അഴിയൂർ ഗ്രാമങ്ങളിൽ നിലനില്ക്കുന്നു. അവിഭക്ത കോഴിക്കോട് ജില്ലയിലെ ആദ്യ സർക്കാർ കോളേജ് ഈ പ്രദേശത്തുള്ള മടപ്പള്ളിയിൽ 1958-ൽ പ്രവർത്തനം തുടങ്ങി- പ്രശസ്തമായ മടപ്പള്ളി ഗവണ്മെന്റ് കോളജ്. നാഷണൽ ഹൈവേയും, ഷൊർണ്ണൂർ- മംഗലാപുരം റെയിൽപാതയും ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നു.
ചോമ്പാലിലെ പ്രസിദ്ധമായ കുഞ്ഞിപ്പള്ളി, ചോമ്പാലിലെ സി.എസ്.ഐ ചർച്ച്, നിത്യഹരിതവനത്തിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ ശ്രീ കോറോത്ത് നാഗഭഗവതി ക്ഷേത്രം, വിശാലമായ ചിറയോടുകൂടിയ അഴിയൂരിലെ ശ്രീ പരദേവതാ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം, ഉത്തര മലബാറിൽ വെടിക്കെട്ടിന് പ്രസിദ്ധമായ മടപ്പള്ളി അറയ്ക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം, ഒഞ്ചിയം ശ്രീമലോൽ കുട്ടിച്ചാത്തന് ക്ഷേത്രം, ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രം, ചേന്ദമംഗലം ശിവക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്.

മത്സ്യബന്ധനത്തിന് പ്രസിദ്ധമായ ചോമ്പാൽ ഫിഷിംഗ് ഹാർബർ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഓർക്കാട്ടേരി ചന്ത, ഒറ്റദിവസംകൊണ്ട് കടത്തനാട് പോർ‌ളാതിരി രാജാവ് പണി കഴിപ്പിച്ച മുട്ടുങ്ങൽ കോവിലകം എന്നിവ ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. പഴയ കാലത്ത് നൂറ്റിനാല് അംശങ്ങൾ അടങ്ങിയ വടകരയും നാദാപുരവും ചേർന്ന പ്രദേശത്തെയാണു കടത്തനാട് എന്നു വിളിച്ചിരുന്നത്.

ഒഞ്ചിയത്തെ അണിഞ്ഞ രാഷ്ട്രീയ ഭൂമിക

ഒഞ്ചിയത്തിന്റെ വിപ്ലവ ചരിത്രത്തെക്കുറിച്ച് അൽപമെങ്കിലും പ്രതിപാദിക്കാതെ വടകര നിയമസഭാ മണ്ഡലത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക സാധ്യമല്ല. കേരളത്തിന്റെ ബോൾഷെവിക്ക് ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണൻ രക്തസാക്ഷിയാവുന്നത് 1949 മാർച്ച് നാലിനാണ്. ലോക്കപ്പ് മുറിയിൽ ക്രൂര മർദ്ദനത്തെ തുടർന്ന് സ്വന്തം ശരീരത്തിൽ‌നിന്ന് ഒലിച്ചിറങ്ങിയ രക്തത്തിൽ കൈമുക്കി അരിവാൾ ചുറ്റിക വരച്ച വിപ്ലവ ധീരതയാണ് മണ്ടോടി കണ്ണൻ. ഭരണകൂടം നടത്തിയ ഭീകര കമ്യൂണിസ്റ്റ് വേട്ട പ്രതിരോധിച്ചവരാണ് ഒഞ്ചിയം രക്തസാക്ഷികൾ. 1948- ലെ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ കമ്യൂണിസ്റ്റ് വിപ്ലവ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് ഒഞ്ചിയം രക്തസാക്ഷിത്വം.

ഹെർമൻ ഗുണ്ടർട്ടിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും വാഗ്ഭടാനന്ദ ഗുരുദേവന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെയും പ്രധാനകേന്ദ്രമായിരുന്നു ഒഞ്ചിയം ഉൾ‌പ്പെടുന്ന കാരക്കാട് പ്രദേശം. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിൽ ജന്മിത്തത്തിനും കൊളോണിയൽ ഭരണവാഴ്ചയ്ക്കുമെതിരായ കമ്യൂണിസ്റ്റ് ചിന്താഗതികൾക്ക് വേരോട്ടമുണ്ടായത് സ്വാഭാവികം. അനാചാരങ്ങൾക്കും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കുമെതിരെ നവോത്ഥാന പ്രസ്ഥാനം ഉയർത്തിവിട്ട സമരജ്വാലകളെ മനസ്സിലേക്കാവാഹിച്ച ഒരു തലമുറയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായത്.

ഒഞ്ചിയം രക്തസാക്ഷികളുടെ രേഖാചിത്രം / ഫോട്ടോ: ദേശാഭിമാനി

1939-ൽ തന്നെ സഖാവ് മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനുമെതിരെ മലബാറിലാകെ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ വളർന്നുവന്നു. ഈയൊരു സാഹചര്യത്തിലാണ് 1948 ഫെബ്രുവരിയിൽ കൽക്കത്ത രണ്ടാം പാർട്ടി കോൺഗ്രസ്​ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി യോഗം ഒഞ്ചിയത്തു ചേരാൻ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞാണ് യോഗത്തിനെത്തുന്ന നേതാക്കളെ പിടികൂടാൻ എം.എസ്.പി സംഘം മുക്കാളിയിലെത്തുന്നത്. നാട്ടുകാർ അറസ്​റ്റ്​ ചോദ്യം ചെയ്തു, സഖാക്കളെ വിട്ടുതരാനാവശ്യപ്പെട്ടു. ഇത് ചെവികൊള്ളാതെ പൊലീസ് മർദ്ദനങ്ങളും അടിച്ചമർത്തലുമായി മുന്നോട്ടു പോവുകയാണുണ്ടായത്. സഖാക്കളെ വിമോചിപ്പിക്കാനുറച്ച ജനങ്ങളും പിന്മാറിയില്ല. വെടിവെപ്പുണ്ടായി. പതിനാല് ചുറ്റ്. എട്ടുപേർ പിടഞ്ഞുമരിച്ചു. ഈ രണധീരരുടെ മൃതദേഹങ്ങൾ ലോറിയിൽ കയറ്റിക്കൊണ്ടുപോയി വൈകീട്ടോടെ പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്ന നരനായാട്ട് ഒഞ്ചിയം ഗ്രാമത്തെ ചോരയിൽ കുതിർത്തു. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മർദ്ദനത്തെത്തുടർന്ന് രക്തസാക്ഷികളായി. 1948 ഏപ്രിൽ 30-ന് ഒഞ്ചിയം ഗ്രാമമാകെ പാർട്ടിയെയും അതിന്റെ നേതാക്കളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചോരചിന്തി കേരളത്തിന്റെ സമരചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിച്ചു.

ഇടതുപക്ഷത്തെ തിളനിലകൾ

ഇപ്പോൾ വടകരയിലെ മത്സരത്തെ ജീവസ്സുറ്റതാക്കുന്നത് ഇടതുപക്ഷ പൊതുമണ്ഡലത്തിൽ നടക്കുന്ന സംവാദവും പൊളിറ്റിക്കൽ കറക്റ്റ്‌നസ്സിനെക്കുറിച്ചുള്ള ഓഡിറ്റിംഗുമാണ്. ആർ.എം.പിയുടെ യു.ഡി.എഫ് പിന്തുണയോടെയുള്ള സ്ഥാനാർഥിത്വമാണ് ഈ സംവാദത്തെ ചൂടുപിടിപ്പിക്കുന്നത്. വിപ്ലവഭൂമിയായ ഒഞ്ചിയവും മറ്റനേകം സമരഭൂമികളും ഉൾ‌പ്പെടുന്ന വടകരയിൽ ഇടതുപക്ഷം ഒരു വികാരമാണ്. അതിനാൽ ഒഴുകിപ്പരക്കുന്ന ഈ ചർച്ചകൾ സ്വാഭാവികം. മുമ്പ് ലോക്​സഭ തെരഞ്ഞെടുപ്പിൽ കോ- ലി- ബി സഖ്യം പരീക്ഷിച്ച നാടാണ്. പണ്ട് അങ്കംവെട്ടുകളുടെ നാടായിരുന്നു. കൊല്ലാനും മരിക്കാനും തയ്യാറായിരുന്ന ചേകവന്മാരുടെ നാട്. അടവുകൾ അതിനാൽ പലമട്ട് പ്രയോഗിക്കപ്പെടും. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി വടകര മാറുന്നത് ഇതെല്ലാംകൊണ്ടുകൂടിയാണ്.

ഇടതുമനസ്സിലെ പിളർപ്പിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ആർ.എം.പി ഇത്തവണയും പ്രത്യക്ഷമായിത്തന്നെ യു.ഡി.എഫ് പാളയത്തിൽ എത്തിച്ചേർന്നത് സി.പി.എമ്മിന് വലിയ പ്രചാരണായുധമാക്കാൻ കഴിയും. യു.ഡി.എഫ് പക്ഷത്തു പോയ ആർ.എം.പി നിലപാട് ടി. പി കൊലപാതകത്തിലുള്ള രോഷത്താൽ പാർട്ടി വിട്ടവരേയും പാർട്ടിയോട് അകൽച്ച കാണിക്കുന്നവരേയും തിരിച്ചു ചിന്തിപ്പിക്കും എന്നാണ് സി.പി.എം പ്രതീക്ഷ. പ്രചാരണം ഈ ദിശയിൽ ശക്തമായിത്തന്നെ നടത്താൻ സി.പി.എമ്മിന് കഴിയും. അപ്പോഴും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്വന്തം സ്ഥാനാർഥിയില്ല എന്നത് അവരെ ഉള്ളാലെ അലട്ടുന്നുണ്ടാകും. മണ്ഡലത്തിൽ എല്ലായിടത്തും സജീവമായ തങ്ങളുടെ സംഘടനാ ശേഷിയും തൃണമൂൽതലത്തിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ സ്വാധീനങ്ങളും പൂർണമായും പുറത്തെടുത്ത് ആർ.എം.പി സ്ഥാനാർഥിയുടെ പരാജയം ഉറപ്പുവരുത്തുക എന്നതാണ് സി.പി.എം തന്ത്രം.

മണ്ടോടി കണ്ണൻ ദിനാചരണത്തിനിടെ

ആർ.എം.പിയെ സംബന്ധിച്ച്​ വലതുപക്ഷത്തേക്ക് പൂർണമായും പോയി എന്ന ആക്ഷേപമാണ് നേരിടാനുള്ളത്. വിപ്ലവ ഇതുപക്ഷത്തിന്റെതായ ബദലുകൾ ആരാഞ്ഞാണ് പാർട്ടിയുടെ പിറവി. അതിനാൽ ഇടതുപക്ഷ അണികളുടെ ചോദ്യങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അവർ മറുപടി പറയേണ്ടതുണ്ട്. സ്വന്തമായി സ്ഥാനാർഥിയെ നിർത്താതെ യു.എഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ ആ ബാന്ധവം ദൃഢമാക്കുന്ന വിധത്തിൽ മുന്നണി പിന്തുണയ്ക്കുന്ന സ്ഥാനാർഥിയായി കെ.കെ. രമ എത്തുന്നത് ഈ ദിശയിൽ കൂടുതൽ ചോദ്യങ്ങളുയർത്തും. ഇന്നത്തെ സാഹചര്യത്തിൽ, സംഘപരിവാർ ഭരണകൂടം ഫാസിസ്റ്റ് നടപടികൾ സ്വീകരിക്കുന്ന വേളയിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസിനെ വലതുപക്ഷമായി വിലയിരുത്താനാവില്ലെന്ന് സി.പി.എം സ്‌കൂളിൽ പഠിച്ചുവളർന്ന അനുഭാവികളെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമത്തിലാണവർ. കോൺഗ്രസ് വിമുക്ത ഭാരതത്തിനായി സംഘപരിവാർ ഊർജം ചെലവഴിക്കുമ്പോൾ അതു കോൺഗ്രസിന്റെ പരിമിതമായെങ്കിലുമുള്ള പുരോഗമന സ്വഭാവത്തിനുള്ള സർട്ടിഫിക്കറ്റാണെന്ന് അവർക്ക് പറഞ്ഞു നിൽക്കാം. പക്ഷേ കോൺഗ്രസിനെ മുഖ്യശത്രുവായി കണ്ട്​ ദശകങ്ങളായി തുടർന്നുപോന്ന ഇടതുരാഷ്ട്രീയ പാഠശാലകളിലെ വിദ്യാർത്ഥികളായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷവും എന്നതിനാൽ ഈ സൈദ്ധാന്തികവൽക്കരണം എളുപ്പമായിരിക്കില്ല.

ഒരു കാര്യമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ പറഞ്ഞുനിൽക്കാൻ ആർ.എം.പിയെ പ്രാപ്തമാക്കിയേക്കുക. ഭാവിയിൽ സി.പി.എമ്മിനുതന്നെ ഇപ്പോഴുള്ള അടവുനയത്തിൽ വ്യതിയാനം വരുത്തി ദേശീയ തലത്തിൽ കോൺഗ്രസിന് പിന്തുണ കൊടുക്കേണ്ടി വരും എന്ന സാധ്യത. വടക്കേ മലബാറിലേയും കടത്തനാട്ടിലെയും രാഷ്ട്രീയ ഭൂമികയിൽ ഇതിനെത്രമാത്രം സ്വാധീനമുണ്ടാവും എന്നു കണ്ടറിയണം. കോൺഗ്രസും ബി.ജെ.പിയും മുസ്‌ലിം ലീഗും എല്ലാമുണ്ടെങ്കിലും, അവരൊക്കെ ആവേശപൂർവം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്ത് സി.പി.എമ്മുമായും ആർ.എം.പിയുമായും ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധികൾ തന്നെയാണ് വടകരയിലെ രാഷട്രീയ പോരാട്ടത്തെ അകത്തും പുറത്തും പൊള്ളിക്കുന്നത്. ഇപ്പോഴത്തേത് താൽകാലിക തന്ത്രമാണെന്നും കോൺഗ്രസിന്റെ ഉദാരവൽക്കരണ നയത്തിനെതിരെ ഭാവിയിൽ സമര രംഗത്തെത്തുന്നതോടെ പാർട്ടിയുടെ ഇടതുനിലപാട് വ്യക്തമാക്കപ്പെടുമെന്നും ആർ.എം.പി ഇടതു അഭ്യുദയകാംക്ഷികളെ ഓർമിപ്പിക്കുന്നു. വടകരയുടെ ഇടതുഹൃദയത്തെ തങ്ങൾക്കൊപ്പം നിർത്താനുള്ള വിവിധ ഇടതുപക്ഷ പാർട്ടികളുടെ പരിശ്രമങ്ങളാണ് ഇതിലെ പ്രധാന സംവാദഭൂമിക.

സങ്കീർണമാകുന്ന കണക്കുകൾ

മലബാറിൽ വാശിയേറിയ രാഷ്ട്രീയ ചർച്ചകൾക്കും തെരഞ്ഞെടുപ്പുകൾക്കും വേദിയാകുന്ന മണ്ഡലമാണ് എന്നും വടകര. ആർ.എം.പി.യുടെ പിറവിയും മുന്നണി ബന്ധവുമാണ് ഇവിടുത്തെ തെരഞ്ഞെടുപ്പു ഫലം അപ്രവചനീയമാക്കുന്നത്. വടകരയിൽ ജനപിന്തുണയുള്ള ആർ.എം.പി യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിക്കുന്നതും, എൽ.ജെ.ഡി ഇടതുമുന്നണിക്കൊപ്പം വന്നതും ഈ അപ്രവചനീയതയെ സങ്കീർണമാക്കുന്നു. വടകര മുനിസിപ്പാലിറ്റിയും ചോറോട് പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫ് ആണ്. ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകൾ യു.ഡി.എഫ്- ആർ.എം.പി സഖ്യവും ഭരിക്കുന്നു.

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെ.കെ. രമ

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടുകണക്കുപ്രകാരം ഇടതുമുന്നണിക്ക് ചെറിയ മുൻതൂക്കമുണ്ട്. 2016-ൽ ഒരു മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ച കെ.കെ. രമയ്ക്ക് ലഭിച്ചത് 20,504 വോട്ട്​. സി.കെ. നാണുവിന് 49,211 വോട്ടും മനയത്ത് ചന്ദ്രന് 39,700 വോട്ടും ലഭിച്ചു. നാണുവിന് ലഭിച്ച പതിനായിരത്തിനടുത്ത് ലീഡിനെ മറികടക്കാൻ ഇപ്പോൾ ആർ.എം.പി.യ്ക്ക് ലഭിച്ച ഇരുപതിനായിരമുണ്ട്. അപ്പോൾ എൽ.ജെ.ഡി ഇടതുപക്ഷത്ത് വന്നപ്പോൾ കൂടുതലായി എത്രവോട്ട് കൊണ്ടുവരും എന്നതിലേയ്ക്ക് കണക്ക് മാറുന്നു. അത്​ പതിനായിരത്തിൽ കൂടുതലാണെങ്കിൽ കണക്കുകൊണ്ട് എൽ.ഡി.എഫിന് നേട്ടം കൊയ്യാൻ കഴിയേണ്ടതാണ്. പക്ഷേ, സി.കെ. നാണുവിനെപ്പോലെ ഒരു പ്രഗത്ഭനേതാവ് നേടിയെടുത്ത വോട്ടുകൾ അതേപടി ഇത്തവണ നേടിയെടുക്കാൻ കഴിയണമെന്നില്ല എന്ന വാദത്തിന് പ്രസക്തിയുണ്ട്. പ്രത്യേകിച്ച് സി.കെ. നാണുവിനും കൂട്ടാളികൾക്കും കഴിഞ്ഞതവണ തങ്ങൾ തോൽപ്പിച്ചുവിട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന വിഷമിപ്പിക്കുന്ന വസ്തുത മുന്നിലുള്ളപ്പോൾ. കഴിഞ്ഞ തവണ ജയിച്ച സീറ്റ്, തോറ്റ പാർട്ടിക്കു നൽകിയതിന്റെ അമർഷം ഇടതുപക്ഷത്തു നിലയുറപ്പിച്ച വിഭാഗത്തിൽ ചിലർക്കുമുണ്ടാവാം. വിവിധ മുന്നണികളിലായാണ് മത്സരിച്ചത് എന്നതിനാൽ എൽ.ജെ.ഡിക്ക് മാത്രമായി എത്ര വോട്ട് മണ്ഡലത്തിലുണ്ട് എന്ന് കൃത്യമായി കണക്കാക്കുക എളുപ്പമല്ല. ഈ മേഖലയിലെ പരമ്പരാഗത കമ്യൂണിസ്റ്റുകാർ പൊതുവേ കോൺഗ്രസ് വിരുദ്ധരാണ് എന്നത് ആർ.എം.പി. സ്ഥാനാർഥിക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ട നിയമസഭാ മണ്ഡല കണക്കെടുത്താൽ യു.ഡി.എഫ്- ആർ.എം.പി സഖ്യം വലിയ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതാണ്. എന്നാൽ ലോക്​സഭ തെരഞ്ഞെടുപ്പിന്റെ പരിഗണനകളും സാഹചര്യവും തികച്ചും വ്യത്യസ്തമായിരുന്നതിനാൽ ഇവിടെ അതിന് വലിയ പ്രസക്തിയില്ല.

2008-ൽ രൂപീകൃതമായശേഷം പതിമൂന്നു വർഷത്തെ ആർ.എം.പിയുടെ നിലപാടുകളും പരിണാമങ്ങളും ഇടതുപക്ഷ പ്രയോഗങ്ങളെ സംബന്ധിച്ച ഒരുപാട് സംവാദങ്ങൾക്കിടം കൊടുക്കുന്നുണ്ട്. നിലവിലെ ഇടതുപക്ഷ ജീർണതക്കെതിരെ പോരാടാനുറച്ച ഒരു പാർട്ടി കോൺഗ്രസ് പാളയത്തിൽ എത്തിച്ചേരുന്നതിലെ വിപര്യയങ്ങൾ, ഇടതുപക്ഷ പ്രയോഗങ്ങൾക്കിടയിലെ ജനാധിപത്യ ഇടം, പാർട്ടിക്കകത്തെ സമരവും പുറത്തെ സമരവും, ഇങ്ങനെ നിരവധി കാര്യങ്ങൾ. ചില സമരങ്ങൾ പ്രസ്ഥാനത്തിനകത്ത് ക്ഷമാപൂർവ്വം നടത്താൻ മാത്രമേ കഴിയൂ എന്നതാണോ ഈ അനുഭവങ്ങൾ കാണിക്കുന്നത്? ഇതുപോലുള്ള കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഉയരാത്ത അനേകം ചോദ്യങ്ങൾ ഇവിടെ ഉയരാവുന്നതാണ്. നിരവധി ചോദ്യങ്ങൾ ഇനിയും ഉയർത്തുന്ന പ്രയോഗങ്ങളും പോരാട്ടങ്ങളുമാകും വടകരയിൽ നടക്കുക. ഫലം എന്തുതന്നെയായാലും അത് ആർ.എം.പിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകവും സി.പി.എമ്മിനെ സംബന്ധിച്ച് ആന്തരിക ചർച്ചകൾക്ക് വഴിയൊരുക്കുന്നതുമാകും. ▮

Reference

Comments