വി.എസിന്റെ പാർട്ടിയും
പാർട്ടിയിലെ വി.എസും

‘‘കീഴാള വിഭാഗത്തിൽ നിന്ന് പാർട്ടിയുടെ സവർണഘടനക്കകത്തേക്ക് എത്തിയ ആൾ എന്ന നിലയിലുള്ള ഒരുതരം അന്യവൽക്കരണം പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന് എല്ലാ കാലത്തും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതേസമയം, അതൊരു സാദ്ധ്യതയുമായിരുന്നു. കീഴാള വിഭാഗത്തിൽ നിന്നുള്ള വിരലിലെണ്ണാവുന്ന സഖാക്കളിൽ ഒരാളെന്ന നിലയിൽ സംവരണപരമായ കാരണങ്ങളാൽ സംരക്ഷിക്കപ്പെടേണ്ട സഖാവുമായിരുന്നു അദ്ദേഹം. ഈ നിലയിലാണ് പാർട്ടിക്കകത്ത് വി.എസ് എല്ലാ കാലത്തും പ്രവർത്തിച്ചത്’’- വി.എസിനെക്കുറിച്ച് എൻ.വി. ബാലകൃഷ്ണൻ എഴുതുന്നു.

വി.എസ്. അച്യുതാനന്ദന് നൂറാം പിറന്നാൾ. അതിരറ്റ സ്‌നേഹവാത്സല്യങ്ങളോടെ, ബഹുമാനാദരങ്ങളോടെ കേരളവും ലോകമലയാളി സമൂഹവും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ഒരുപക്ഷേ അദ്ദേഹം അതറിയുന്നുണ്ടാവണമെന്നില്ല. കോവിഡിനുശേഷം ഓർമയും ശാരീരികക്ഷമതയും കുറഞ്ഞതിനു ശേഷമുള്ള ഒരു സന്ദർശനത്തിലും അദ്ദേഹം വന്നയാളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതായി തോന്നിയിട്ടില്ല. അപ്പോഴും പെയ്‌തൊഴിഞ്ഞ കനമുള്ള ഒരു മഴ പോലെ ശാന്തമായ ആ കിടപ്പ് മലയാളി സമൂഹത്തിനാകെ ഒരു കൈത്താങ്ങും പ്രതീക്ഷയും തന്നെയാണ്. ഇനിയുമൊരുപാട് കാലം ആ സാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ഒരു നൂറ്റാണ്ട് പിന്നിട്ട ആ ജീവിതം മലയാളി സമൂഹത്തിന് നൽകിയ കനപ്പെട്ട സംഭാവനകളെക്കുറിച്ചുള്ള പരിശോധനകൾക്കോ പഠനങ്ങൾക്കോ ഉള്ള സമയമല്ലിത്. അപ്പോഴും വി. എസ്സ് എന്ന രണ്ടക്ഷരത്തിൽ കേരളമറിയുന്ന ആ മഹത്തായ സാന്നിദ്ധ്യം, ആ വാഗ്‌ധോരണി, ജനപക്ഷം ചേർന്നുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ- ഓരോ മലയാളിയും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നതാണ് വർത്തമാനകാലം. വ്യക്തി എന്ന നിലയിലും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ആദരവോടെ നോക്കിനിൽക്കുകയും ചേർന്നുനിൽക്കുകയും ചെയ്ത വി. എസിനെ വ്യക്തിപരമായ ഓർമകളിലൂടെയും അനുഭവങ്ങളിലൂടെയും പങ്കുവെക്കുകയാണിവിടെ.

Photo: Amit Schandillia Twitter

സഖാവ് വി.എസ്. അച്യുതാനന്ദൻ ഒരു പോരാളിയാണ്. അക്കാര്യത്തിൽ തർക്കങ്ങൾക്കിടയില്ല. വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുക ശ്രമകരമായ ഉത്തരവാദിത്വമാണ്. പ്രകൃതിയിൽ പരിശുദ്ധമായ വസ്തുക്കളോ വ്യക്തികളോ ആശയങ്ങളോ ഒന്നുമില്ല. വി.എസ്. അച്യുതാനന്ദനെ അറിയാൻ ശ്രമിക്കുമ്പോഴും ഒരു പരിശുദ്ധ പുണ്യാളനായി അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഒട്ടും ശരിയായിരിക്കില്ല. ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന, ചരിത്രമായി മാറിയ, ഒരു നൂറ്റാണ്ടിനകത്തുവെച്ച് അദ്ദേഹത്തെ മനസ്സിലാക്കാനുള്ള ശ്രമമായിരിക്കും കൂടുതൽ ശരിയായിരിക്കുക.

വി.എസ്സിനെക്കുറിച്ചെന്താണഭിപ്രായം എന്ന് പലരോടായി പല തവണ ചോദിച്ചിട്ടുണ്ട്. കിട്ടിയ ഉത്തരങ്ങളെ ക്രോഡീകരിക്കുമ്പോൾ പ്രസക്തമെന്ന് തോന്നുന്നത് മൂന്നെണ്ണമാണ്:
ഒന്ന്; മൂന്ന് പതിറ്റാണ്ടിലധികമായി നാമറിയുന്ന വി. എസ് ആദരണീയനായ പോരാളിയാണ്. അതിനു മുമ്പുള്ള വി.എസ് കടുംപിടുത്തക്കാരനും മുരടനുമായ മനുഷ്യനായിട്ടാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

പരുക്കൻ രീതി, വി. എസ്സിന് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു കൊടുത്തിരുന്നു. പക്ഷേ നിലപാടുകളിലെ ആ കാർക്കശ്യക്കാരൻ അതൊന്നും പരിഗണിച്ചിരുന്നേയില്ല.

രണ്ട്; മറ്റെല്ലായിടത്തുമെന്ന പോലെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതികളും രാഷ്ട്രീയവുമൊക്കെ ഒട്ടും അയവില്ലാത്ത വരട്ടുവാദങ്ങളുടേയും വരണ്ട യുക്തികളുടേയും പിടിയിലായിരുന്നു. വി.എസ് അതിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു. എന്നാൽ പരിസ്ഥിതി, സ്ത്രീ, ജാതി, അറിവുസാങ്കേതിക വിദ്യകളുടെ രാഷ്ട്രീയം പോലുള്ള ആധുനിക ആശയാവലികൾ പാർട്ടിക്കകത്തേക്ക് കടത്തിക്കൊണ്ടുവന്ന് സർഗ്ഗാത്മകമാക്കാനുള്ള പരിശ്രമത്തിൽ വി.എസ്സിന് ഒരു പ്രമുഖ സ്ഥാനമുണ്ട്. മൂന്ന്; ഇയാൾ എല്ലാ കാലത്തും പാർട്ടിക്കകത്ത് ഒരു പ്രശ്‌നക്കാരനായിരുന്നു.

ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്നവയാണ് മൂന്ന് കാര്യങ്ങളും. വ്യക്തിപരമായ ചില അനുഭവങ്ങളിൽ നിന്ന് തുടങ്ങാം. പത്രങ്ങളിൽ അച്ചടിച്ചുവരുന്ന പ്രസ്താവനകളിലും ചിത്രങ്ങളിലും മാത്രം പരിചയമുണ്ടായിരുന്ന ഒരാൾ. പിന്നീടൊരിക്കൽ കർണ്ണാടകത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ബംഗളൂരുവിലെത്തി. മലയാളത്തിലായിരുന്നു പ്രസംഗം. ഇപ്പോൾ പാർട്ടിയിലില്ലാത്ത, അന്ന് പാർട്ടി ബംഗളൂരു ജില്ലാ സെക്രട്ടറിയായിരുന്ന, പിന്നീട് കർണാടക സംസ്ഥാന സെക്രട്ടറി ചുമതല ഉൾപ്പെടെ വഹിച്ച വി.ജെ. കെ. നായർ ആയിരുന്നു പരിഭാഷകൻ. മലയാളികളായിരുന്നു കേൾവിക്കാരിൽ മഹാഭൂരിപക്ഷം. ബംഗളൂരുവിലെ ഹോട്ടൽ തൊഴിലാളികളുടെ സംഘടനാ പ്രവർത്തകനും പാർട്ടി അംഗവുമായിരുന്നതിനാൽ സംഘാടകരോടൊപ്പം വി.എസ്സിനെ അടുത്തുകാണാനും പ്രസംഗം കേൾക്കാനും അവസരം ലഭിച്ചു. ശരീരമാകെ ഉലഞ്ഞും നീട്ടിയും കുറുക്കിയുമൊക്കെയുള്ള ആ പ്രസംഗശൈലി എന്നെ ഒട്ടും ആകർഷിച്ചില്ല. പിന്നീട് വി.എസ്സിനെ അടുത്തു കാണുന്നതും പ്രസംഗം കേൾക്കുന്നതും കോഴിക്കോട്ടു വെച്ചായിരുന്നു. അപ്പോഴേക്കും നാട്ടിൽ തിരിച്ചെത്തി എസ്.എഫ്. ഐ പ്രവർത്തകനായി കഴിഞ്ഞിരുന്നു.

പരുക്കൻ പ്രസംഗം;
പാർട്ടിയെ പ്രതിരോധിക്കാൻ

കോഴിക്കോട് മുതലക്കുളം മൈതാനിയിലായിരുന്നു പൊതുയോഗം. മലപ്പുറത്തെ പ്രമുഖനായ ഒരു ട്രേഡ് യൂണിയൻ നേതാവിനെതിരായ സംഘടനാ നടപടിയായിരുന്നു വിഷയം. നടപടി കാര്യങ്ങൾ ആറ്റിക്കുറുക്കി പറയുന്നതിനിടയിൽ പ്രസംഗത്തിന് ഒരു ട്വിസ്റ്റ് വന്നു. തന്റെ തനത് ശൈലിയിലേക്ക് പ്രസംഗം വഴുതിപ്പോയി: ''ഒരോണത്തിനോ... ഒര് വിഷുവിനോ... ഒരു സുഖത്തിന്... ഒരു സുഖത്തിന് കുടിച്ചതല്ല. ദിനസരി കുടി... ദിനസരി കുടി... ഇത്തരത്തിലുള്ള തീട്ടംതീനികൾ നമ്മുടെ പാർട്ടിയിൽപറ്റുമോ, പറ്റത്തില്ല.''

പ്രസംഗം കേട്ട പലർക്കും ആ പ്രയോഗങ്ങൾ അരോചകമായി തോന്നി. പി.ബി അംഗമാണ് പ്രസംഗിക്കുന്നത്. ചിലരൊക്കെ അതിനെ ന്യായീകരിക്കാനുമുണ്ടായി. പ്രസംഗം കേട്ടുനിന്ന പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ ജീവനക്കാരനായ ചെറുപ്പക്കാരന് അത് സഹിക്കാനായില്ല. അയാൾ അതുമിതുമൊക്കെ പറയാൻ തുടങ്ങിയപ്പോൾ ഞാനയാളോട് പറഞ്ഞു, വെറുതെ ഒരോന്ന് പറയാതെ സഖാവിന് ഒരു കത്തയക്ക്, മറുപടിയില്ലങ്കിൽ നമുക്ക് പാർട്ടിക്ക് പരാതി എഴുതിക്കൊടുക്കാം. അതൊരു നല്ല നടപടിയാണെന്ന് അയാൾക്കും തോന്നി. സഖാവ് നടത്തിയ പ്രയോഗങ്ങൾ ഒരു പി.ബി അംഗത്തിന്റെ വായിൽ നിന്ന് വരാൻ പാടില്ലാത്തതാണെന്നൊക്കെ എഴുതി ഒരു കവറിലൊട്ടിച്ച് തിരുവനന്തപുരം എ.കെ. ജി സെന്ററിന്റെ മേൽവിലാസത്തിലയച്ചു. സംഭവങ്ങൾ ഞങ്ങൾ മറന്നെങ്കിലും, രണ്ടാഴ്ചക്കകം തന്നെ വി.എസിന്റെ സ്വന്തം കൈപ്പടയിലെഴുതിയ മറുപടി വന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു കത്ത്. അപ്പോഴത്തെ വികാര വിക്ഷോഭത്തിൽ അങ്ങനെ പറഞ്ഞു പോയതാണെന്നും സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും ക്ഷമ ചോദിക്കുന്നെന്നുമൊക്കെ ആ കത്തിൽ എഴുതിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലെ സഖാവിന് വലിയ സന്തോഷമായി. അയാൾ ആ കത്ത് എല്ലാവരേയും അഭിമാനത്തോടെ കാണിക്കുമായിരുന്നു. ഒരു നിധിപോലെ ആ കത്ത് സഖാവ് സൂക്ഷിച്ചുവെച്ചത് ഓർക്കുന്നു. വി.എസ്സിനോട് വലിയ ബഹുമാനാദരങ്ങളാണ് പിന്നീടയാൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ആരേയും മുഖത്തുനോക്കി അതിനിശിതമായി വിമർശിക്കുകയും ജനങ്ങളോട് വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ആ പരുക്കൻ രീതി, വി. എസ്സിന് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു കൊടുത്തിരുന്നു. പക്ഷേ നിലപാടുകളിലെ ആ കാർക്കശ്യക്കാരൻ അതൊന്നും പരിഗണിച്ചിരുന്നേയില്ല.

ഇ.കെ. നായനാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു

മൂന്നാം നായനാർ മന്ത്രിസഭ (1996- 2001) അധികാരത്തിലുള്ള കാലം. ശിവദാസമേനോനായിരുന്നു അന്ന് ധനമന്ത്രി. അദ്ധ്യാപക സംഘടനാ നേതാവായി രാഷ്ട്രീയത്തിലെത്തിയ മേനോന് അദ്ധ്യാപകരോടും സർക്കാർ ജീവനക്കാരോടും പ്രത്യേകമായി ഒരു മമതയുള്ളതായി പൊതുവേ അഭിപ്രായമുണ്ടായിരുന്നു. അക്കാലത്താണ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമീഷൻ റിപ്പോർട്ട് വന്നത്. തുടർന്ന് സംഘടനകൾ ആവശ്യപ്പെട്ടതിനേക്കാൾ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചതായും അതിനുപിന്നിൽ ശിവദാസമേനോന്റെ അധ്യാപക പക്ഷപാതമാണെന്നുമൊക്കെ പാർട്ടിക്കകത്തു തന്നെ ചർച്ചയുണ്ടായി. കിട്ടിയവർക്ക് വലിയ സന്തോഷമായെങ്കിലും നിലയറിയാതെ വാരിക്കോരി നൽകുന്ന നടപടി ശരിയല്ലെന്ന ചർച്ചയും ഉയർന്നുവന്നു. സംസ്ഥാനത്തെ പാർട്ടി അദ്ധ്യാപകരുടെ ഒരു യോഗം എ.കെ.ജി സെന്ററിൽ വിളിച്ചു ചേർത്തിരുന്നു. കീഴ്ഘടകങ്ങളിൽ പാർട്ടി ക്ലാസ് നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങളും പരിപാടികളും തയാറാക്കലായിരുന്നു അജണ്ട. പാർട്ടി അദ്ധ്യാപകരിലും സ്‌കൂൾ ടീച്ചർമാരുടെ എണ്ണം കുറവായിരുന്നില്ല. യോഗത്തിന്റെ ഉദ്ഘാടകനായെത്തിയത് വി.എസ്. അച്ചുതാനന്ദൻ. ഉദ്ഘാടന പ്രസംഗം പതിവുശൈലിയിൽ കത്തിക്കയറി ശമ്പള പരിഷ്‌കരണത്തിലെത്തി: ''ശിബിയേക്കാൾ വലിയ ദാനധർമ്മിഷ്ടനാണ് നമ്മുടെ മേനവൻ. ശിബി പക്ഷേ ദാനം ചെയ്തത് സ്വന്തം തുടയെല്ലായിരുന്നു. മേനവൻ ദാനം ചെയ്യുന്നതാകട്ടെ ഒരു നാടിന്റെ എല്ലാവർക്കും അവകാശപ്പെട്ട സമ്പത്താണ്. ഉണ്ണുന്നവനറിഞ്ഞില്ലെങ്കിലും വിളമ്പുന്നവനറിയണം എന്ന ചൊല്ല് മേനവനറിയാത്തതാവില്ല. ഇരിക്കട്ടെ; ഇത്രയൊക്കെ കിട്ടിയിട്ടും തൃപ്തി വന്നോ... ഇല്ല. എ.കെ.ജി സെന്ററിലിപ്പോൾ മറ്റ് പണിയൊന്നും നടക്കുന്നില്ല. അദ്ധ്യാപകരും ജീവനക്കാരും നേതാക്കളും ബഹളം തന്നെ. കാര്യമെന്താന്നറിയാമോ? ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഭൂതക്കണ്ണാടി വെച്ച് വായിക്കുമ്പം നിറയെ അനോമിനികൾ. അതൊക്കെ പരിഹരിക്കാതൊക്കുമോ?... ഇല്ല. അത് പരിഹരിച്ചു വരുമ്പം ഒരു നൂറു രൂപ അധികമായി കീശയിൽ വരും. എന്നാലതു കൂടിയിങ്ങ് പോരട്ടെ എന്നാണ് മനസ്സിലിരിപ്പ്. എന്നാ അതൊട്ട് പറയുകയുമില്ല. കമന്നു വീണാൽ കാപ്പണം നക്കിയെടുക്കും. മട്ടു കണ്ടാലോ... കാശിന് വേണ്ടിയൊന്നുമല്ല കേട്ടോ. അനോമിനി ഇങ്ങനെ കിടന്നാൽ വിപ്ലവം നടക്കുമോ? നടക്കത്തില്ല. അതുകൊണ്ടാ... ഇരിക്കട്ടെ കാശൊക്കെ ധാരാളമായി കിട്ടിയല്ലോ. എന്നാ അതിനൊത്ത പണിയെടുക്കുമോ? സ്വാഹ. ഈ അദ്ധ്യാപക ശ്രേഷ്ഠന്മാർക്ക് നന്നായി ഒരു കരിക്കുലവും മറ്റും തയാറാക്കി പാർട്ടിക്ക് നൽകാൻ ഇതുവരെ സാധിച്ചോ? ഇല്ല. അതിനവർക്ക് നേരം കിട്ടത്തില്ല. വാദ്യാർ പണിക്ക് പോലും സമയം തികയുന്നില്ല. സംഘടനാ പ്രവർത്തനമാണ് തൊഴിൽ. കാശൊക്കെ നന്നായി കിട്ടിയല്ലോ... ഇവർക്ക് വേണ്ടി വാദിക്കാൻ കേരളത്തിൽ ഒരു പത്രമല്ലേ ഒള്ളൂ... ദേശാഭിമാനി. അതിന്റെ വരിക്കാരനാവുമോ? ഇല്ല. ഞങ്ങളാപ്പീസീന്ന് ചക്കാത്തിന് വായിക്കുന്നുണ്ടല്ലോ സഖാവെ. വീട്ടീലിടാനൊക്കില്ല. പെമ്പ്രന്നോത്തിക്ക് ടേസ്റ്റ് പിടിക്കത്തില്ല''.

വി.എസ്. അച്യുതാനന്ദൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കൊപ്പം

വിമർശനങ്ങൾ ഇങ്ങനെ നിലവിട്ട് മുന്നേറി. ജീവനക്കാരുടേയും അദ്ധ്യാപകരുടേയും തൊലി പൊളിക്കുന്ന പ്രസംഗം കത്തികയറി. അതിലവർക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതവർ പാർട്ടി സംസ്ഥാന സമിതിയെ എഴുതി അറിയിക്കുകയും ചെയ്തു. പക്ഷേ അതൊന്നും പരിഗണിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല വി.എസ്. തന്റെ നിലപാട് എവിടേയും വെട്ടിത്തുറന്നുപറയും. ആരുടെ മുഖത്തു നോക്കിയും വിമർശിക്കും. ഇ.എം. എസ്സിനെപ്പോലും നിശിതമായി വിമർശിച്ചതിന്റെ ധാരാളം കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. തനിക്കെതിരായ വിമർശനങ്ങളെ പന പോലെ നിന്ന് കേൾക്കും.

പാർട്ടിനയം;
അതിൽ വെള്ളം ചേർത്തുകൂടാ

സോവിയറ്റ് യൂണിയന്റെ തകർച്ചക്കു മുമ്പുള്ള കാലത്ത് പൊതുവേ, മാർക്‌സ്, ഏംഗൽസ് ലെനിൻ, സ്റ്റാലിൻ എന്നിവരെ മാത്രമാണ് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ ആചാര്യ സ്ഥാനത്ത് അവരോധിച്ചിരുന്നത്. മാവോ സെ തുങ്ങിനുപോലും അത്തരം ഒരു പദവി അനുവദിച്ചിരുന്നില്ല. ഹോചിമിൻ, ഫിദൽ കാസ്‌ട്രോ തുടങ്ങിയവരുടെ ലേഖനങ്ങളും പ്രസംഗങ്ങളുമൊക്കെ വായിക്കാനവസരമുണ്ടെങ്കിലും അതൊന്നും ഔദ്യോഗിക പാർട്ടി സാഹിത്യമായി കണക്കാക്കിയിരുന്നില്ല. ഇന്ന് ലോകത്താകെ യുവജനങ്ങളുടെ ഹരമായി മാറിയ ചേ ഗുവേരയെ മാർക്സിസ്റ്റായി പോലും പരിഗണിച്ചില്ല. അന്റോണിയോ ഗ്രാംഷി, അൽത്തൂസർ എന്നിവരുടെയൊക്കെ നവ മാർക്‌സിസ്റ്റ് പഠനങ്ങൾ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിരുന്നെങ്കിലും മാർക്‌സിസവുമായി ബന്ധമുള്ള തത്വശാസ്ത്രവിഷയങ്ങളായി അവയൊന്നും പരിഗണിക്കപ്പെട്ടില്ല. സോവിയറ്റ് യൂണിയൻ സൗജന്യമായി അച്ചടിച്ചുതരുന്ന ചുവന്ന പുറംചട്ടയുള്ള മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ എന്നിവരുടെ പടം ഉൾച്ചേർന്ന പുസ്തകങ്ങളായിരുന്നു ഔദ്യോഗിക മാർക്‌സിസ്റ്റ് സാഹിത്യം. പിന്നെ പ്രധാനമായും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കൃതികളും. നക്‌സലൈറ്റ് പ്രസ്ഥാനം ഉടലെടുത്തതോടെ അവർ മുൻകൈയ്യെടുത്ത്, മാവോയുടെ പ്രധാന കൃതികൾ പരിഭാഷപ്പെടുത്തി മലയാളത്തിൽ 'മാവോ സെതൂങ്ങ് കൃതികൾ' എന്ന പേരിൽ രണ്ട് വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. പുസ്തകം ഒരു നക്‌സലൈറ്റ് സുഹൃത്ത് എനിക്ക് സംഭാവനയായി തന്നു. അതിപ്പോഴും എന്റെ ലൈബ്രറിയിലുണ്ട്. യൂറോപ്പിലെ ന്യൂ ലെഫ്റ്റ് മൂവ്‌മെന്റിന്റേയും ഫ്രാംഗ്ഫർട്ട് സ്‌കൂളിന്റേയുമൊക്കെ സ്വാധീന വഴികളിലാകാം, കേരളത്തിലും നവഇടതു കാഴ്ചപ്പാടുള്ള പുസ്തകങ്ങൾ അക്കാലത്ത് ധാരാളമായി പ്രസിദ്ധീകൃതമായി. ആഫ്രിക്കൻ കവികളുടേയും ലാറ്റിനമേരിക്കൻ കവികളുടേയുമൊക്കെ കവിതകൾ മൊഴിമാറ്റം ചെയ്ത്, മലയാളത്തിൽ പ്രചുരപ്രചാരം നേടി.

വി. എസ് അസംബ്ലി ഹാളിൽ

നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ജനകീയ സാംസ്‌കാരിക വേദി പ്രവർത്തകരായിരുന്നു ഇത്തരം സമാന്തര ഇടത് സാഹിത്യത്തിന്റെ പ്രചാരകർ. സമാന്തര പുസ്തക പ്രസാധക സംഘങ്ങളും ഫിലിം സൊസൈറ്റികളും ഇതിന് ആക്കം കൂട്ടി. എസ്.എഫ്.ഐയിലും ഡി. വൈ.എഫ്.ഐയിലുമൊക്കെ ഇതിന് വലിയ സ്വാധീനമുണ്ടായി. ഔദ്യോഗിക മാർക്‌സിസ്റ്റ് സാഹിത്യങ്ങൾക്ക് പുറത്തോട്ട് വായനയുടെ ചക്രവാളങ്ങളെ വികസിപ്പിച്ച ധാരാളം പേർ ഇത്തരം സംഘടനകളിലുമുണ്ടായി. മരിച്ചുപോയ മത്തായി ചാക്കോ ഉൾപ്പെടെയുള്ള വിദ്യാർത്ഥി യുവജന നേതാക്കളിൽ പലരും ഇങ്ങനെ ഉയർന്നു വന്നവരാണ്. അലസമായ വസ്ത്രധാരണരീതി, ഗഹനമായ സംഭാഷണരീതി, ഒക്കെ ഇവരുടെ മുഖമുദ്രയായിരുന്നു. തെരുവുനാടകം, ചൊൽകാഴ്ചകൾ, കവിതാലാപനം, കൊളാഷ് പ്രദർശനം, സിനിമാ പ്രദർശനം എന്നിവയിലൂടെയൊക്കെയുള്ള പുത്തൻ പ്രചാരണരീതികളും ആവിഷ്‌കരിക്കപ്പെട്ടു. സംശയദൃഷ്ടിയോടെയാണ് യഥാസ്ഥിതികരായ നേതാക്കൾ ഇത്തരക്കാരെ നോക്കിക്കണ്ടത്. എപ്പോഴും ഇവർക്കുമേലെ ഒരു കണ്ണ് വേണമെന്നും വഴിതെറ്റിപ്പോകാതെ നോക്കണമെന്നുമൊക്കെ പാർട്ടി 'രക്ഷിതാക്കൾ' ആശങ്കപ്പെട്ടു.

ഈ സ്വഭാവ സവിശേഷതകളൊക്കെയുള്ള ഒരാളായാണ് അന്ന് എസ്.എഫ്‌.ഐയിൽ പ്രവർത്തിച്ചുവന്നത്. കാവി മുണ്ടുടുത്താണ് പലപ്പോഴും ക്ലാസിൽ പോവുക. ജില്ലാ കമ്മിറ്റി ഓഫീസിലെ മുതിർന്നവരുടെ വസ്ത്രങ്ങളാണ് ധരിക്കുക. വലിയൊരു ശരീരമുളള സി.പി. ജോണിന്റെ ഷർട്ടിട്ട് ചെറിയ പയ്യനായ ഞാൻ നടന്നതൊക്കെ ഓർമയിലുണ്ട്. താടി അവിടെയും ഇവിടെയുമായി കിളിർത്തു തുടങ്ങിയിട്ടേയുള്ളൂ. ഷേവ് ചെയ്യുന്ന സ്വഭാവമേയില്ല. പെട്ടെന്ന് ആർക്കും ഇടതു തീവ്രവാദം മണക്കാവുന്ന കോലം.

ഇക്കാലത്താണ് ആദ്യമായി സി.പി.ഐ(എം) കോഴിക്കോട് ജില്ലാസമ്മേളനത്തിലേക്ക് പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെടുന്നത്. എസ്. എഫ്.ഐ ക്വാട്ടയിലാണ് പ്രാതിനിധ്യം. അന്നെനിക്ക് 25 വയസ്സിന് താഴെയാണ് പ്രായം. മാവൂരിലോ കല്ലാച്ചിയിലോ ആണ് ആ സമ്മേളനം നടന്നത്. പി. ബി അംഗമായ വി.എസ്. അച്യുതാനന്ദനായിരുന്നു സമ്മേളനത്തിന്റെ പ്രധാനപ്പെട്ട നടത്തിപ്പ് ചുമതലയുള്ളയാൾ. സംഘടനാരീതിയനുസരിച്ച് കൊയിലാണ്ടി ഏരിയയിലെ മറ്റു പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ ചർച്ച ചെയ്ത് അംഗീകരിച്ച കാര്യങ്ങളേ സമ്മേളനത്തിന്റെ പൊതുചർച്ചയിൽ അവതരിപ്പിക്കാൻ പറ്റൂ. പൊതുചർച്ചക്ക് ഞങ്ങളുടെ ഗ്രൂപ്പിന് അനുവദിച്ച പരിമിതസമയത്തിനകം കാര്യങ്ങൾ സംഗ്രഹിച്ച് അവതരിപ്പിക്കുകയും വേണം. കുഴപ്പക്കാരല്ലാത്ത 'ഇരുത്തം വന്ന' സഖാക്കളെയാണതിന് പതിവായി ചുമതലപ്പെടുത്തുക. സോവിയറ്റ് യൂണിയൻ തകർച്ചയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാലമാണ്.

പതിവില്ലാത്തതാണെങ്കിലും, ഉച്ചയൂണിന്റെ ഇടവേളയിൽ വി.എസ്സിനെ തിരക്കി ചെന്നു. സഖാവ് ചെറുചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. ഞാൻ പഠിച്ചവതരിപ്പിച്ച കാര്യങ്ങൾ സഖാവ് പരിഗണിച്ചതേയില്ലന്ന ആക്ഷേപം നേരിട്ടങ്ങ് പറഞ്ഞു.

'മാമ്പൂവിന് മാങ്ങയാകാമെന്നല്ലാതെ, മാങ്ങക്ക് തിരികെ മാമ്പൂവാകാൻ കഴിയില്ല. അതേപോലെ സോഷ്യലിസം കെട്ടിപ്പടുത്ത് കമ്മ്യൂണിസത്തിലേക്ക് മുന്നേറുന്ന സോവിയറ്റ് യൂണിയൻ മുതലാളിത്തത്തിലേക്ക് തിരിച്ചു പോവുകയുമില്ല' എന്ന ഇ.എം.എസ്സിന്റെ ആത്മവിശ്വാസമാണ് സി.പി.എമ്മിനെ മുന്നോട്ട് നയിച്ചിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് അക്കാലത്തെ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതും.

ആദ്യം സാർവ്വദേശീയം, പിന്നെ ദേശീയം, അത് കഴിഞ്ഞ് സംസ്ഥാന - പ്രദേശിക-വിഷയങ്ങൾ എന്നിങ്ങനെ ചർച്ചയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് മാർക്‌സിസ്റ്റുകൾ പിന്തുടർന്നിരുന്നത്. സാർവ്വദേശീയ പ്രശ്‌നങ്ങളിൽ ചില കാര്യങ്ങൾ എന്റേതായി ഗ്രൂപ്പ് ചർച്ചയിലുന്നയിച്ചു. റഷ്യയിൽ മാത്രമായി വിപ്ലവം നടത്താമെന്ന കാഴ്ചപ്പാടിനെ ട്രോഡ്‌സ്‌കി എതിർത്തതും അദ്ദേഹം മുന്നോട്ടുവെച്ച നിരന്തരവും ശാശ്വതവുമായ വിപ്ലവ കാഴ്ചപ്പാട്, (Perpetual revolution) ലെനിൻ മുന്നോട്ടുവെച്ച ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാ കാഴ്ചപ്പാട് ജനാധിപത്യവിരുദ്ധമായി മാറാമെന്ന ആശങ്കയിൽ റോസ ലക്‌സംബർഗ് മുന്നോട്ടു വെച്ച വിയോജിപ്പുകൾ തുടങ്ങിയവയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. ഗ്രൂപ്പ് ചർച്ചയിലുന്നയിച്ച പ്രശ്‌നങ്ങൾ ചുരുക്കി പൊതുചർച്ചയിലുന്നയിക്കണമെന്ന് തീരുമാനമായി. പതിവിൽ നിന്ന് വ്യത്യസ്തമായി, ഇളംതലമുറക്കാരനായ എന്നോടുതന്നെ പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാനും ആവശ്യപ്പെട്ടു.

ഇ. എം. എസും വി എസും

അതനുസരിച്ച് എനിക്കുകിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് സമ്മേളനത്തിൽ കത്തിക്കയറി സംസാരിച്ചു. വ്യവസ്ഥാപിത മാർക്‌സിസ്റ്റ് ധാരണകൾപലതും തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതായിരുന്നു എന്റെ വിമർശനത്തിന്റെ കാതൽ. എല്ലാവരും എന്റെ ചർച്ച സാകൂതം കേട്ടിരുന്നതും എന്നെ ശ്രദ്ധിച്ചതുമൊക്കെ അഭിമാനമായി കരുതുകയും ചെയ്തു. പിറ്റേന്ന് പൊതുചർച്ചക്ക് മറുപടി പറയേണ്ടയാൾ വി.എസ്. അച്യുതാനന്ദനാണല്ലോ. അദ്ദേഹം മറുപടി പ്രസംഗം ആരംഭിച്ച് രണ്ടു മിനുട്ടു കൊണ്ടു തന്നെ എന്നെ കയറിപ്പിടിച്ചു: 'ഒരു പയ്യൻ, ഒരു കിളിന്തു പയ്യൻ; ഞങ്ങളെയൊക്കെ മാർക്‌സിസം പഠിപ്പിക്കുന്നൂ... കൊള്ളാം' എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രം, ലെനിന്റെ പങ്ക്, ട്രോഡ്‌സ്‌കിയുടെ നിലപാട്, ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രാധാന്യം തുടങ്ങി ഔദ്യോഗിക പാർട്ടി നിലപാട് ഒരു തട്ടും തടവുമില്ലാതെ നീട്ടിയും കുറുക്കിയും ഞെളിഞ്ഞും കുനിഞ്ഞുമൊക്കെ വി.എസ് വിശദീകരിച്ചവസാനിപ്പിച്ചപ്പോൾ ഒരു മഴ പെയ്ത് തോർന്ന പ്രതീതിയായിരുന്നു സമ്മേളനഹാളിൽ. പരിഹാസങ്ങളും ഉപമയും ഉൽപ്രേക്ഷയുമൊക്കെച്ചേർന്ന മറുപടി പ്രസംഗം അവസാനിച്ചതോടെ ഞാനൊരു പരുവത്തിലായി. എല്ലാവരും പരിഹാസത്തോടെ എന്നെ നോക്കാൻ തുടങ്ങി. ഞാൻ പറഞ്ഞതൊക്കെ അസംബന്ധങ്ങളായാണ് നേതൃത്വം പരിഗണിക്കുന്നത് എന്ന തോന്നലാണെനിക്കുണ്ടായത്. എനിക്കതിൽ വലിയ പ്രയാസം തോന്നി.

പ്രതികൂലമായ ജീവിതാനുഭവങ്ങളിൽ കാരിരുമ്പു പോലെ ഉറച്ച ഒരു വലിയ മനുഷ്യന്റെ മുമ്പിലാണ് ഞാൻ നിൽക്കുന്നതെന്ന യാഥാർത്ഥ്യം എനിക്ക് തിരിച്ചറിയാനായി. ആ മനുഷ്യനെ പ്രതി മനസ്സിൽ നിറഞ്ഞ കാലുഷ്യങ്ങളുടെ സ്ഥാനത്ത് ആദരവ് നിറയുന്നത് ഞാനറിഞ്ഞു.

ഉയർന്ന നേതാക്കളോട് സമ്മേളനത്തിനിടയിൽ സാധാരണ പ്രതിനിധികളൊന്നും അങ്ങോട്ടു പോയി സംസാരിക്കുക പതിവില്ലാത്തതാണെങ്കിലും, ഉച്ചയൂണിന്റെ ഇടവേളയിൽ വി.എസ്സിനെ തിരക്കി ചെന്നു. സഖാവ് ചെറുചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. ഞാൻ പഠിച്ചവതരിപ്പിച്ച കാര്യങ്ങൾ സഖാവ് പരിഗണിച്ചതേയില്ലന്ന ആക്ഷേപം നേരിട്ടങ്ങ് പറഞ്ഞു. അപ്പോൾ വി.എസ് പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ മുഴങ്ങുന്നുണ്ട്: ''ഞാൻ സഖാവിന്റെ ചർച്ച സാകൂതം കേട്ടു. എല്ലാം കുറിച്ചെടുത്തു. പറഞ്ഞ കാര്യങ്ങളുടെ ഗൗരവവും ബോദ്ധ്യപ്പെട്ടു. ഞാനത് എന്റെ പാർട്ടി വേദികളിൽ ഉന്നയിക്കുകയും ചെയ്യും. പക്ഷേ സമ്മേളനത്തിലെനിക്കത് അതേ പോലെ പറയാൻ പറ്റില്ല. ഇവിടെ നമ്മുടെ പാർട്ടി ചർച്ച ചെയ്ത് അംഗീകരിച്ച നയനിലപാടുകളേ പറയാൻ പറ്റൂ. അതാണ് സഖാവ് തന്നെ ചൂണ്ടിക്കാണിച്ച കേന്ദ്രീകൃത ജനാധിപത്യത്തിന്റെ സ്വഭാവം. ആദ്യം അതംഗീകരിച്ച് പ്രവർത്തിക്കൂ. വിമർശനങ്ങൾ നിങ്ങളുടെ ഘടകത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉന്നയിച്ചുകൊണ്ടിരിക്കൂ. സഖാവിന്റെ നിലപാട് ശരിയാണെങ്കിൽ പാർട്ടിയിൽ തിരുത്തലുകൾ നാളെ സംഭവിച്ചേക്കാം. അപ്പോൾ സഖാവിന് അഭിമാനിക്കാം. അതുവരെ പാർട്ടി അംഗീകരിച്ച നിലപാട് മാത്രമേ എനിക്ക് പറയാനാകൂ. അതനുസരിച്ചേ സഖാവിന് പ്രവർത്തിക്കാനുമാവൂ. സഖാവ് പറഞ്ഞതാണ് ശരി എന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമുണ്ടായാലും അത് സമ്മേളനത്തിൽ അംഗീകരിച്ചു സംസാരിക്കാൻ പി.ബി അംഗമെന്ന നിലയിൽ എനിക്ക് അവകാശമില്ല. അതുകൊണ്ട് കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല. സഖാവ് നന്നായി പഠിക്കൂ. ഉശിരോടെ പ്രവർത്തിക്കൂ. ഈ പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നുവരൂ....''

വി.എസ്സിന്റെ മറുപടിപ്രസംഗം എന്നിലുണ്ടാക്കിയ വിപ്രതിപത്തി അപ്പാടെ ആവിവായിപ്പോയി. പ്രതികൂലമായ ജീവിതാനുഭവങ്ങളിൽ കാരിരുമ്പു പോലെ ഉറച്ച ഒരു വലിയ മനുഷ്യന്റെ മുമ്പിലാണ് ഞാൻ നിൽക്കുന്നതെന്ന യാഥാർത്ഥ്യം എനിക്ക് തിരിച്ചറിയാനായി. ആ മനുഷ്യനെ പ്രതി മനസ്സിൽ നിറഞ്ഞ കാലുഷ്യങ്ങളുടെ സ്ഥാനത്ത് ആദരവ് നിറയുന്നത് ഞാനറിഞ്ഞു. ഒരു പക്ഷേ ആ ആദരവ് ഇന്നും മനസ്സ് നിറഞ്ഞുനിൽക്കുന്നു. ഔപചാരിക വിദ്യാഭ്യാസം മാത്രം ലഭിച്ച, ജീവിതം പോരാട്ടമാക്കി മാറ്റിയ ആ വലിയ മനുഷ്യനിൽ, എനിക്ക് പുസ്തകങ്ങളിൽനിന്ന് ലഭിച്ച അറിവിനപ്പുറം അനുഭവങ്ങളിലൂടെ തീച്ചൂളയിൽ വെന്ത് പാകപ്പെട്ട അറിവുകളെക്കുറിച്ച് ഓർത്തപ്പോൾ ആ രൂപം വീണ്ടും വീണ്ടും എന്നിൽ വളർന്ന് വലുതായിക്കൊണ്ടിരുന്നു.

ആശ്വസിപ്പിക്കാനെത്തുന്ന സഖാവ്

2011- ലോ മറ്റോ ആണ്, ഞങ്ങളുടെ വീടിനു നേരെ ബോംബാക്രമണമുണ്ടാകുന്നത്. ഞാനന്ന് പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്നു. കൊയിലാണ്ടിയിൽ തുടർച്ചയായി നടന്ന ആർ.എസ്.എസ് ആകമണങ്ങളുടെ ബാക്കിപത്രമായിരുന്നു അത്. രാത്രി 2.20 മണിയോടെയാണ് എട്ട് ഉഗ്രശേഷിയുള്ള ബോംബുകൾ വീടിനുനേരെ വലിച്ചെറിഞ്ഞത്. ഉമ്മറത്തെ മൂന്ന് വാതിലുകളും ജനലുകളും തൂണുകളും തറയോടുമൊക്കെ തകർന്ന് ചിതറി. ഇടതുവശത്തെ വാതിൽ പൂർണമായി തകർന്നു പോയെങ്കിലും നിലംപതിച്ചിരുന്നില്ല. പിന്നീട് പോലീസെത്തി വാതിലിന്റെ പരിക്കുകൾ രേഖപ്പെടുത്തുന്നതിനിടയിൽ അത് ഒന്നിച്ച് തകർന്ന് വീണു. ഒരുപക്ഷേ സ്‌ഫോടനസമയത്തുതന്നെ വാതിൽ നിലംപതിച്ചിരുന്നെങ്കിൽ അക്രമികൾ അകത്തു കയറുമായിരുന്നു. എങ്കിൽ പിന്നെ ഈ കുറിപ്പെഴുതാൻ ഞാനുണ്ടാവണമെന്നില്ല.

എന്നോട് കുടുംബകാര്യങ്ങളും മറ്റും സംസാരിക്കുന്നത് വിരളമാണെങ്കിലും ശാന്തയോട് ഒരു മകളോടെന്ന പോലെയാണ് വി.എസ് പെരുമാറിയിരുന്നത്. അതവൾ വളരെ ഹൃദ്യമായി അനുഭവിക്കുകയും ചെയ്തു.

കാലത്ത് വിവിധ പാർട്ടികളുടെ നേതാക്കൾ വീട് സന്ദർശിച്ച് തിരിച്ചുപോയി. രാവിലെ ഒൻപത് മണിയായിക്കാണും, മകളാണ് വിളിച്ചു പറഞ്ഞത്, ലാന്റ് ഫോണിൽ വി.എസ് വിളിക്കുന്നു എന്ന്. ഫോൺ വാങ്ങി എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു. വീണ്ടും വീണ്ടും ഓരോ കാര്യങ്ങൾ വി.എസ് ചോദിച്ചുകൊണ്ടിരുന്നു. ധാരാളം പേർ വീട് സന്ദർശിക്കാനെത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഉത്തരങ്ങൾ ചുരുക്കാൻ ഞാനൊരു ശ്രമം നടത്തി. ബഹളമൊക്കെ അടങ്ങിയിട്ട് അങ്ങോട്ടു വിളിച്ചാൽ മതിയോ എന്ന് വി.എസ്സിനോട് ചോദിച്ചു: ‘‘അതു പോരാ; നിന്റെ കാര്യങ്ങൾ നിന്നെപ്പോലെ പറയാൻ കഴിയുന്ന ഒരു സഖാവിന്റെ കയ്യിൽ ഫോൺ കൊടുക്ക്. ഒരു ജില്ലാ കമ്മിറ്റി അംഗം ആയിക്കോട്ടെ’’ എന്നായി വി.എസ്.
പാർട്ടി ജില്ലാ നേതാക്കളൊക്കെ അതിനിടയിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയിരുന്നു. ഒരു ഡി. വൈ.എഫ്.ഐ നേതാവിന്റെ കൈവശം ഫോൺ കൊടുത്ത് നാട്ടുകാരെ സ്വീകരിക്കാൻ പോയി. ആ സഖാവിനോട് 20 മിനുട്ടിലധികം വി.എസ് സംസാരിച്ചു. എന്തൊക്കെ കാര്യങ്ങൾ എങ്ങനെയൊക്കെ ചെയ്യണമെന്ന് പരിണിതപ്രജ്ഞനായ നേതാവെന്ന നിലയിൽ വിശദീകരിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പ്രകടനവും പൊതുയോഗവും എങ്ങനെ നടത്തണം, പത്രങ്ങൾക്ക് പ്രസ്താവന എങ്ങനെ നൽകണം, പരാതി എങ്ങനെ തയാറാക്കണം, കുട്ടികൾ പേടിച്ചോ എന്ന് നോക്കണം, വൈകീട്ട് വീടിന് കാവലുണ്ടാവണം അങ്ങനെയങ്ങനെ.

പാർട്ടി പ്രവർത്തകർ പതിവായി ചെയ്യുന്ന കാര്യങ്ങളാണല്ലോ ഇതൊക്കെ. പക്ഷേ അതിലടങ്ങിയ ജാഗ്രതയും സ്‌നേഹവും ഒരു പാർട്ടി കേഡറെ എങ്ങനെ സംരക്ഷിക്കണമെന്ന ശുഷ്‌കാന്തിയുമൊക്കെ ഓർത്തപ്പോൾ എനിക്ക് വി. എസ്സിനോട് എന്തെന്നില്ലാത്ത ആദരവ് തോന്നി. മറ്റ് നേതാക്കളൊക്കെ വിളിച്ച് ഔപചാരികമായ അന്വേഷണം നടത്തി ഫോൺ കട്ട് ചെയ്യുമ്പോൾ, വി. എസ് ഒട്ടും ഔപചാരികമല്ലാത്ത ആത്മാർത്ഥത എന്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നതിൽ സഖാവിനോട് വലിയ ബഹുമാനം തോന്നി.

വൈകീട്ട് അഞ്ചു മണിയായിക്കാണും വീണ്ടും അദ്ദേഹം വിളിച്ചു. ഭക്ഷണം വീട്ടിലുണ്ടാക്കിയിരുന്നോ, മക്കളും ഭാര്യയും കഴിച്ചിരുന്നോ, പോലീസ് കാവലുണ്ടോ, വൈകീട്ട് വീട്ടുകാവലിന് സഖാക്കളുണ്ടാകുമോ എന്നൊക്കെയാണ് വി.എസ് തിരക്കിയത്. ഞാനാണെങ്കിൽ എല്ലാം കൃത്യമായി തന്നെ നടക്കുന്നതായാണ് സഖാവിനോട് പറഞ്ഞത്. അപ്പോൾ വി.എസ്സിന്റെ മറുപടി, 'തനിക്കിതൊന്നും വലിയ പ്രശ്‌നമായിരിക്കില്ല. പക്ഷേ വീട്ടിലെ സ്ത്രീകളും കുട്ടികളും അങ്ങിനെയല്ല, അവർ തീർച്ചയായും പേടിച്ചിട്ടുണ്ടാവും, താൻ ഫോൺ ശാന്തയുടെ കയ്യിൽ കൊടുക്ക്, ഞാനവളോട് സംസാരിക്കട്ടെ' എന്നായിരുന്നു.
ഭാര്യയോടും ഇക്കാര്യങ്ങളൊക്കെ സമയമെടുത്ത് അദ്ദേഹം സംസാരിച്ചു. അതുവരെ തന്റേടത്തോടെ എല്ലാത്തിനെയും സമീപിച്ച അവൾ ഫോൺ കട്ട് ചെയ്ത ശേഷം മുറിക്കകത്ത് കയറി വാതിലടച്ച് വിതുമ്പിക്കരയുന്നതുകണ്ട് എനിക്കും പ്രയാസമായി.

ഇരമ്പുന്ന കടലുപോലെ ഒരാൾ. അതിന്റെ കരയിൽ നിൽക്കുന്ന കൊച്ചുകുട്ടിയെ പോലെ ഞാൻ. വി. എസ് എനിക്കു മാത്രമല്ല, ഇടപെട്ട എല്ലാവർക്കും നിലക്കാത്ത ഊർജ്ജസ്രോതസ്സായിരുന്നു.

‘‘ബഹളത്തിനിടയിൽ മറ്റൊരാളും എന്റെ പ്രയാസങ്ങൾ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ വി. എസ് അച്ഛനെ പോലെ ഭക്ഷണം കഴിച്ചതും കുട്ടികളുടെ പേടിയുമുൾപ്പെടെ അന്വേഷിച്ചപ്പോൾ ഞാൻ ഒരച്ഛന്റെ സാന്നിദ്ധ്യം അനുഭവിച്ചു. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കരഞ്ഞു പോയതാണ്'', ഇതായിരുന്നു അവളുടെ മറുപടി. വളരെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചതുകൊണ്ട് അച്ഛന്റെ വാത്സല്യം അനുഭവിക്കാൻ അവൾക്ക് ഭാഗ്യമുണ്ടായിരുന്നില്ല. വി.എസ്സിന്റെ വാക്കുകളിലൂടെ അവളത് അനുഭവിക്കുകയായിരുന്നു. പിന്നീട് ശാന്ത നഗരസഭാ ചെയർപേഴ്‌സണായ കാലത്ത് ഒരിടവേളയിൽ വി.എസ് ആയിരുന്നു മുഖ്യമന്ത്രി. വളരെ വാത്സല്യത്തോടെയാണ് ഭരണകാര്യങ്ങളിൽ വി.എസ് അവളെ മുഖ്യമന്ത്രി എന്ന നിലയിൽ സഹായിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്ത് ചെല്ലുമ്പോൾ വീട്ടിൽ പോയി വി.എസ്സിനെ സന്ദർശിക്കുന്നത് ഞങ്ങളുടെ പതിവായി. എന്നോട് കുടുംബകാര്യങ്ങളും മറ്റും സംസാരിക്കുന്നത് വിരളമാണെങ്കിലും ശാന്തയോട് ഒരു മകളോടെന്ന പോലെയാണ് വി.എസ് പെരുമാറിയിരുന്നത്. അതവൾ വളരെ ഹൃദ്യമായി അനുഭവിക്കുകയും ചെയ്തു.

Photo: neerampok.blogspot.com

എന്തും പഠിക്കും, ഏതു പ്രായത്തിലും

2016- ലാണ് എന്നാണോർമ്മ. കവടിയാർ ഹൗസിലെത്തി വി.എസ്സിനെ ഒന്ന് കണ്ട് പോകാമെന്ന് കരുതി. അവിടെയെത്തിയപ്പോൾ വൈകീട്ട് നാലര മണിയായി. വി.എസ് എന്തോ പഠിച്ചുകൊണ്ടിരിക്കയാണ്. സഖാവ് പോയി കണ്ടോളൂ എന്ന് പേഴ്‌സണൽ അസിസ്റ്റന്റ് വിനോദിന്റെ മറുപടി. മുറിയിലെത്തിയപ്പോൾ വി. എസ് ഉത്സാഹത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘വയസ്സാൻ കാലത്ത് ഹിന്ദി പഠിച്ചു കൊണ്ടിരിക്കുകയാ... ഗുജറാത്തി സ്‌കൂളിലെ കുട്ടികൾ ഒരു നിവേദനം തന്നിരുന്നു. പക്ഷേ അത് ഹിന്ദിയിലായിരുന്നു. ഹിന്ദി അത്യാവശ്യത്തിന് വായിക്കാനൊക്കെ അറിയാം. പക്ഷേ ഭാഷാപ്രയോഗങ്ങളൊന്നും അത്രക്കങ്ങ് പിടികിട്ടുന്നില്ല. അത് മലയാളത്തിൽ പരിഭാഷപ്പെടുത്തി വാങ്ങി, കാര്യങ്ങൾ മനസ്സിലാക്കി ഒരു കവറിംഗ് ലെറ്ററൊക്കെ വെച്ച് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കയച്ചു കൊടുത്തു. കുട്ടികൾക്ക് കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനുള്ള തടസ്സങ്ങളൊക്കെയാണ് പറയുന്നത്. അതുകഴിഞ്ഞപ്പോൾ ഞാനാലോചിക്കുകയായിരുന്നു. നമ്മുടെ രാഷ്ട്രഭാഷയാണെല്ലോ ഹിന്ദി. എളുപ്പം പഠിച്ചെടുക്കാവുന്ന ഭാഷ. എന്നിട്ടും ക്യാ... ഹേ..... എന്നൊക്കെപ്പറയുന്നതല്ലാതെ ഇക്കണ്ട കാലമത്രയും അത് പഠിക്കാൻ ശ്രമിച്ചില്ലല്ലോ. എന്നാൽ പിന്നെ പഠിച്ചുകളയാമെന്ന് കരുതി. ഭാഷാ സഹായിയും വ്യാകരണപുസ്തകങ്ങളുമൊക്കെ അടങ്ങിയ ഒരു പാക്കേജുണ്ട്. അതിങ്ങു വാങ്ങി. കഴിഞ്ഞ ഒരാഴ്ചയായി അതൊക്കെ കൂടി പഠിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. അതിരിക്കട്ടെ തനിക്ക് ഹിന്ദി അറിയാമോ? ഇല്ലങ്കിൽ ഇതൊരെണ്ണം വാങ്ങിക്കോ ഉപകാരപ്പെടും. രാഷ്ടീയക്കാരൊക്കെ നിർബന്ധമായി ഹിന്ദി പഠിക്കണം. ഭാഷയറിയാത്തത് കൊണ്ടാ നമ്മുടെ പല വിദ്വാന്മാരും പാർലമെന്റിലൊക്കെ പോയി മിഴിച്ചിരിക്കുന്നത്''.
ഇതൊക്കെ പറഞ്ഞ് ചുമലുകുലുക്കിച്ചിരിച്ച്, ഇരിക്കാൻ ആംഗ്യം കാണിച്ച് വീണ്ടും പുസ്തകത്തിലേക്ക് തല പൂഴ്ത്തുന്ന വി.എസ്സിനെ ഞാൻ അത്ഭുതാതിരേകത്തോടെ നോക്കി നിന്നു. അപ്പോൾ അദ്ദേഹത്തിന് വയസ്സ് തൊണൂറ്റി മൂന്നോ നാലോ ആണ്. ഈ പ്രായത്തിലൊരു മനുഷ്യൻ കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ പുതിയ ഭാഷ പഠിക്കുന്നു. ഇതുപോലെ ഏതു കാര്യവും പഠിച്ചെടുക്കുകയും തന്റെ ബോദ്ധ്യങ്ങൾക്കനുസരിച്ച് വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റാരുണ്ട് നമുക്കിടയിൽ?

കോവിഡ് മഹാമാരി പുറത്തേക്കുള്ള വാതിലുകളെല്ലാം അടക്കുകയും പക്ഷാഘാതം കൈകാലുകളുടെ ചലനശേഷി കുറയ്ക്കുകയും ചെയ്യുന്നതുവരെ കർമ്മനിരതനായിരുന്ന ഒരാൾ. അതിനുശേഷവും ആ തലച്ചോറും ഹൃദയവും മനുഷ്യവിമോചനത്തെ കുറിച്ചും അരുതായ്മകൾക്കെതിരായ ചെറുത്തുനിൽപ്പുകളേക്കുറിച്ചം ചിന്തിച്ചു കൊണ്ടേയിരുന്നു. അമ്പത്തിനാലോ അഞ്ചോ പ്രായം കാണും അന്നെനിക്ക്. വലിയ വലിയ എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത്, ഇരുത്തംവന്ന ഒരാളെപ്പോലെ റിട്ടയർമെന്റ് മൂഡിലേക്ക് മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയായിരുന്നു ഞാനന്ന്. എനിക്ക് എന്നെത്തന്നെ കളിയാക്കണമെന്ന് തോന്നി. ജിവിതത്തിന്റെ എല്ലാ അടരുകളിലും പൊരുതിക്കയറി, ചുറ്റുപാടുകളെ പുതുക്കിപ്പണിത ഒരു മനുഷ്യൻ. തന്റെ തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിലും വിശ്രമില്ലാതെ ഉത്സാഹത്തോടെ പുതിയ കാര്യങ്ങൾ പഠിക്കുന്നു. പുതിയ പോർനിലങ്ങളെ സ്വപ്നം കാണുന്നു. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെപ്പോലും മാറ്റിമറിക്കുന്നു. ഇരമ്പുന്ന കടലുപോലെ ഒരാൾ. അതിന്റെ കരയിൽ നിൽക്കുന്ന കൊച്ചുകുട്ടിയെ പോലെ ഞാൻ. വി. എസ് എനിക്കു മാത്രമല്ല, ഇടപെട്ട എല്ലാവർക്കും നിലക്കാത്ത ഊർജ്ജസ്രോതസ്സായിരുന്നു.

ഒരോ പ്രദേശത്തുമെത്തുമ്പോൾ അവിടത്തെ ഏറ്റവും സമ്പന്നനായ ആളുടെ വീട്ടിൽ മാത്രം വിശ്രമിക്കുകയും അവരുടെ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്ന നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ വേണ്ടുവോളമുണ്ട്.

സമ്പന്നരോട് ഇടപെടുമ്പോൾ
ജാഗ്രത വേണം

യാത്രയിലും മറ്റും ഭക്ഷണം കഴിക്കുന്നതിലും താമസിക്കുന്നതിലുമൊക്കെ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്ന സഖാവായിരുന്നു വി.എസ്. ഒരിക്കൽ ഒരു പാർട്ടി ഓഫീസിന്റെ ഉദ്ഘാടകനായി കൊയിലാണ്ടിയിലെത്തിയപ്പോൾ ടി.ബിയിലായിരുന്നു അദ്ദേഹത്തിന് വിശ്രമിക്കാൻ സൗകര്യമൊരുക്കിയത്. അത്താഴം എങ്ങനെ വേണം എന്നദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട് തീരുമാനിക്കാം എന്നാണ് ഞാനഭിപ്രായം പറഞ്ഞത്. എന്നാൽ അതിനിടയിൽ തന്നെ കൊയിലാണ്ടിയിലെ ഒരു ഡോക്ടറുടെ വീട്ടിൽ ജില്ലാ ചുമതലക്കാരനായ മാഷ് ഭക്ഷണം ഒരുക്കിയിരുന്നു. വൈകീട്ട് ഭക്ഷണം കഴിക്കാൻ ആ വീട്ടിലോട്ട് പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ വി.എസ് സ്‌നേഹപൂർവ്വം അന്വേഷിച്ചു, ''ആരുടെ വീടാണ്? ഒരു പാട് യാത്ര ചെയ്യേണ്ടതുണ്ടോ?''
പാർട്ടിബന്ധുവായ ഒരു ഡോക്ടറുടെ വീടാണ് എന്ന മറുപടി കേട്ടതോടെ വി.എസ് സ്‌നേഹപൂർവ്വം തന്നെ അത് നിരസിച്ചു: ''രാത്രിയിൽ അങ്ങനെ ഭക്ഷണം പതിവില്ല. പഴങ്ങളെന്തെങ്കിലും മതി. പപ്പായയോ മറ്റോ ആയാൽ കൊള്ളാം. അത് വണ്ടിയിൽ വെച്ചു കഴിക്കാം അതുമതി.''

വി എസും ജീവിത പങ്കാളി കെ. വസുമതിയും

ഇതായിരുന്നു വി.എസ്സിന്റെ മറുപടി. അതല്ല സഖാവേ, കൂടുതലൊന്നും കഴിക്കണമെന്നില്ല. എന്നാലും ആ വീടു വരെ ഒന്നു പോകണം. അവർ വിഭവങ്ങളൊക്കെ ഒരുക്കി കാത്തിരിക്കയാണ്. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അവിടെ കാത്തിരിക്കുന്നുണ്ട് എന്ന് മാഷ് മറുപടി പറഞ്ഞതോടെ വിഎസിന്റെ മുഖഭാവം മാറി. ''അതൊക്കെ അറിയാവുന്നതു​കൊണ്ടാണ് സഖാവേ ഞാനാദ്യമേ ആരുടെ വീടാണെന്നന്വേഷിച്ചത്. അയാളുടെ പശ്ചാത്തലം എനിക്കറിയില്ല. അവിടെ ചെല്ലുമ്പോൾ കൂടെ നിന്ന് പടമൊക്കെ എടുക്കും. പിന്നീട് അരുതാത്തത് വല്ലതും സംഭവിച്ചാൽ ഈ പടമൊക്കെ പത്രങ്ങളിൽ വരും. ഞാനവരുടെ ആളാണെന്ന് സ്ഥാപിക്കും. ചിലപ്പോൾ ശുപാർശകളുമായി അവർ വരും. അന്ന് ഭക്ഷണം കഴിച്ച വീടില്ലേ അവിടുത്തെയാ എന്ന് പരിചയപ്പെടുത്തും. മുഖം തിരിക്കാനൊക്കുമോ? കഴിച്ചു പോയില്ലേ? ഇതൊക്കെ കൊണ്ടാണ് സഖാവെ ഞാനങ്ങോട്ടില്ല എന്ന് പറഞ്ഞത്. ഏതെങ്കിലും പാവപ്പെട്ട പാർട്ടി സഖാവിന്റെ വീട്ടിലാക്കാമായിരുന്നല്ലോ. ഏതായാലും രാത്രി ഭക്ഷണം പതിവില്ല. ഞാനങ്ങോട്ടില്ല. റെയിൽവേ സ്റ്റേഷനിലോട്ട് പോകാം.'' വി.എസ് എഴുന്നേറ്റു.

സംഘടനാസംവിധാനങ്ങൾക്കകത്തുതന്നെ നിലകൊള്ളുമ്പോഴും ജാതി തുടങ്ങിയ സവിശേഷമായ സ്വത്വപ്രശ്‌നങ്ങളെ ഗൗരവമായി പരിഗണിച്ചവരും സംഘടനക്കകത്ത് ധാരാളമുണ്ടായിരുന്നു.

നേതാവ് പരവശനായി. അവിടെ ആളുകൾ കാത്തിരിക്കുകയാണ്. പോയില്ലങ്കിൽ അത് അവർക്കും മാഷിനും വലിയ കുറച്ചിലാകും. ഉണ്ടാക്കി വെച്ച ഭക്ഷണമൊക്കെ വെറുതെയാകും. ഭക്ഷണം കഴിച്ചില്ലെങ്കിലും അവിടെ വരെ പോയില്ലെങ്കിൽ അത് വലിയ പ്രശ്‌നമാകും. മാഷിന്റെ സംസാരം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ഡോക്ടർ കുഴപ്പക്കാരനൊന്നുമല്ലന്നും ഒന്നവിടം വരെ പോയി വരുന്നതാണ് നല്ലതെന്നും വി.എസ്സിനോട് പറഞ്ഞു. ''എന്നാൽ പോയി ആ ബാദ്ധ്യതയങ്ങ് തീർക്കാം. ഭക്ഷണം കഴിക്കാൻ നിർബന്ധിക്കരുത്. ഇനിയും ഇങ്ങനെ പരിപാടി വെക്കുമ്പോൾ രണ്ടാവർത്തി ആലോചിക്കണം'' എന്ന് മാഷിന് ഒരു താക്കീതും നൽകി വി.എസ് പുറപ്പെട്ടു. അവിടെച്ചെന്ന് തീൻമേശക്കു മുമ്പിലൊന്നും ഇരിക്കാതെ ഒരു പഴം മാത്രം കഴിച്ച് ഡോക്ടറോടും ബന്ധുക്കളോടുമൊപ്പം പടം പിടിച്ച് എല്ലാവരെയും കൈകൂപ്പി വണങ്ങി വി.എസ് വണ്ടിയിൽ കയറി.

ഒരോ പ്രദേശത്തുമെത്തുമ്പോൾ അവിടത്തെ ഏറ്റവും സമ്പന്നനായ ആളുടെ വീട്ടിൽ മാത്രം വിശ്രമിക്കുകയും അവരുടെ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്ന നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ വേണ്ടുവോളമുണ്ട്. എന്നാൽ എല്ലാ കാര്യത്തിലും ഒരു കമ്യൂണിസ്റ്റ് രീതി പുലർത്തുക എന്ന കാര്യത്തിൽ ഒരു മാറ്റവും വരുത്താൻ വി.എസ് ഒരിക്കലും സന്നദ്ധനായിരുന്നില്ല. ഒരുപക്ഷേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രശേഷിപ്പുകൾ തന്നെയായിരിക്കും വി.എസ്സിന്റെ ജീവിതമന്വേഷിക്കുമ്പോഴും നമുക്കു മുമ്പിൽ തെളിഞ്ഞുവരിക.

എൻ. വി. ബാലകൃഷ്ണൻ വി.എസിനൊപ്പം

പാർട്ടിയും വി.എസും
ഒരുമിച്ച് നടന്ന കാലം

പ്രസ്ഥാനത്തോളം തന്നെ പ്രായമുണ്ട് വി.എസ്സിനും. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷമാണല്ലോ ഇന്നത്തെ നിലയിലുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ രൂപം കൊണ്ട് തുടങ്ങിയത്. ലെനിനിസ്റ്റ് സംഘടനാ ക്രമമനുസരിച്ച് പ്രവർത്തിക്കുന്ന, നൂറ് കണക്കിന് കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്തുണ്ടായിട്ടുണ്ട്. പലതും അവയുടെ ജന്മദൗത്യം പൂർത്തീകരിച്ച് തിരോഭവിച്ചു. വിജയകരമായ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയവയെങ്കിലും സോഷ്യലിസത്തിലേക്കും വർഗ്ഗരഹിത സമൂഹങ്ങളിലേക്കുമൊന്നും അവ വളർന്നു കയറിയില്ല. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിന് ശേഷവും അതിന്റെ ബാലാരിഷ്ടതകളിൽ നിന്ന് കരകയറാനായില്ല. ഇടക്കാലത്തുണ്ടായിരുന്ന അല്പം പച്ചപ്പും കരിഞ്ഞതല്ലാതെ തളിർപ്പുകളുണ്ടായില്ല. പേരിൽ കമ്യൂണിസ്റ്റ് പാർട്ടി എന്നാണെങ്കിലും, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയായി അതിന് രൂപാന്തരം സംഭവിക്കുന്നു. കേരളത്തിലാവട്ടെ ഒരു കോർപ്പറേറ്റ് രാഷ്ട്രീയപാർട്ടിയുടെ എല്ലാ ലക്ഷണങ്ങളും അത് പ്രകടിപ്പിക്കുന്നു. സംസ്ഥാനത്ത് ഭരണം നിലനിർത്താനായി എന്നതിനപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കൊന്നും അത് മുന്നേറിയില്ല. എന്തുകൊണ്ടിതു സംഭവിച്ചു എന്ന ചോദ്യവും അതിനുള്ള ഉത്തരവും ഒരുപാട് സങ്കീർണ്ണതകളെ അനാവരണം ചെയ്യും. വി.എസ്സിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പ്രസക്തമായ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമാണിവിടെ പരിശോധിക്കുന്നത്.

ഇന്ത്യയിലെ വർഗസമരത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്, ബ്രാഹ്മണാധിപത്യവും കീഴാള ജനതയും തമ്മിലുള്ള, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വൈരുദ്ധ്യത്തെ കേന്ദ്ര പ്രശ്‌നമായി പരിഗണിച്ചുകൊണ്ടേ നിലപാടെടുക്കാനാവൂ.

ലോകത്ത് വിജയിച്ച വിപ്ലവങ്ങളുടെ ഉളളടക്കം പരിശോധിച്ചാൽ, ആ മണ്ണിന്റെ ചരിത്രവും പൈതൃകവും സംസ്‌കാരവും സാമൂഹ്യജീവിതവുമൊക്കെ സാംശീകരിച്ച്, അതത് ദേശങ്ങളുമായി ബന്ധപ്പെട്ട ആശയധാരകളെ, ഭൗതിക കാഴ്ചപ്പാടോടെ വികസിപ്പിച്ചാണ് അവ മുന്നേറിയത് എന്ന് കാണാം. ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് അത്തരം ആശയധാരകൾ ശക്തമായിരുന്നു. പിൽക്കാലത്ത് മാർക്‌സിസം തന്നെ ഉപേക്ഷിച്ചെങ്കിലും എം.എൻ. റോയിയേപ്പോലുള്ളവർ ഇത്തരം കാഴ്ചപ്പാടുകൾ പിന്തുടർന്നവരാണ്. ഔദ്യോഗിക മാർക്‌സിസ്റ്റ് പ്രസ്ഥാനത്തിനകത്തുതന്നെ ഈ ഒരു ആശയധാര ശക്തമായിരുന്നു. ദാമോദർ ധർമ്മാനന്ദ് കൊസാംബി, രാഹുൽ സാംകൃത്യായൻ, ദേബീ പ്രസാദ് ചതോപാദ്യായ തുടങ്ങി പ്രസ്ഥാനത്തിന്റെ തുടക്കക്കാരായ ഇസ്‍ലാമിക പശ്ചാത്തലമുള്ള ആദ്യകാല പ്രവർത്തകർ എന്നിവരെയൊക്കെ നമുക്കീ വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇവരാകട്ടെ ഇന്ത്യൻ സവിശേഷതകളിലൂന്നുന്ന നിലപാടുകൾ മുന്നോട്ടു വെച്ചതല്ലാതെ, ലെനിൻ രൂപപ്പെടുത്തിയ കേന്ദ്രീകൃത സംഘടനാ സംവിധാനത്തെ ആ നിലയിൽ പിന്തുടർന്നവരായിരുന്നില്ല. എന്നാൽ സംഘടനാ മാർക്സിസ്റ്റുകൾ എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു പ്രബല വിഭാഗമാണ് ഔദ്യോഗിക പാർട്ടി സംഘടനാസ്വരൂപമായി ചുവടുറപ്പിച്ചത്. അവരുടെ പിൻബലമാകട്ടെ കമ്മ്യൂണിസ്റ്റ് ഇന്റർനേഷനലുമായും ലെനിൻ സ്റ്റാലിൻ തുടങ്ങി ലോക കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധങ്ങളായിരുന്നു. ലെനിനിസ്റ്റ് സംഘടനാരീതികളെ മുറുകെ പിടിക്കുന്നതോടൊപ്പം, മാർക്‌സിന്റെ പുസ്തകങ്ങളെ യൂറോ കേന്ദ്രീകൃത രീതിശാസ്ത്രങ്ങൾക്കകത്തുവെച്ച് മനസ്സിലാക്കാനാണവർ ശ്രമിച്ചത്. ഇന്ത്യൻ സമൂഹങ്ങളുടെ വൈവിധ്യം, ഭാരതീയ തത്വചിന്തയുടെ ആഴവും പരപ്പും, ചരിത്രവും പൈതൃകവും, സാമൂഹ്യഘടനയിലെ ജാതിമേധാവിത്വം തുടങ്ങിയ കാര്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി, അത്തരം ഒരു ചട്ടക്കൂട്ടിനകത്ത് മാർക്‌സിസത്തിന്റെ ഭൗതിക വിശകലന രീതി പ്രായോഗികമാക്കുക എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല. വർഗസമരം പുരോഗമിക്കുമ്പോൾ അതിന് 'കീഴ്‌പ്പെട്ടു' നിൽക്കുന്ന ജാതി ഉൾപ്പെടെയുള്ള എല്ലാ സ്വത്വപ്രശ്‌നങ്ങളും ആശയസങ്കീർണതകളും സ്വാഭാവികമായി പരിഹരിക്കപ്പെടും എന്നാണവർ വിശദീകരിച്ചത് /ധരിച്ചത്.

'കുളം കുഴിക്കുമ്പോൾ കുറ്റി പ്രത്യേകമായി കുഴിച്ചു പറിക്കുന്നതെന്തിന്’ എന്നാണ് ഇ.എം.എസ് ഇതേക്കുറിച്ച് പറഞ്ഞത്. ഭാരതീയ ദർശനങ്ങളുടെ സവിശേഷതകൾ ശരിയായി മനസ്സിലാക്കുന്നതിനു പകരം അവയെ 'ആശയവാദപരം' എന്ന കള്ളിയിൽപ്പെടുത്തി തള്ളിക്കളയാനാണവർ ആദ്യ കാലങ്ങളിലെങ്കിലും ശ്രമിച്ചത്. എസ്.എ. ഡാങ്കേ മുതൽ ഇ.എം.എസ് വരെയുള്ള പ്രബലമായ ഇന്ത്യൻനേതൃനിരയാകെ ഇങ്ങനെ ചിന്തിച്ചവരായിരുന്നു. ജാതിയെ ഒരു കേവല വർഗപ്രശ്‌നമായാണവർ മനസ്സിലാക്കിയത്. സംഘടനാസംവിധാനങ്ങൾക്കകത്തുതന്നെ നിലകൊള്ളുമ്പോഴും ജാതി തുടങ്ങിയ സവിശേഷമായ സ്വത്വപ്രശ്‌നങ്ങളെ ഗൗരവമായി പരിഗണിച്ചവരും സംഘടനക്കകത്ത് ധാരാളമുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള കെ. ദാമോദരൻ, സി. ഉണ്ണിരാജ തുടങ്ങിയവരെയൊക്കെ ഈ ഗണത്തിൽപ്പെടുത്താവുന്നവരാണ്. എന്നാൽ കാലാന്തരത്തിൽ ഈ വിഭാഗം കുറ്റിയറ്റുപോയി, സംഘടനാ മാർക്‌സിസ്റ്റുകൾ ആധിപത്യം സ്ഥാപിച്ചു. ഈ വസ്തുകളെയാകെ പരിഗണിച്ചു കൊണ്ടു വേണം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാൻ. വി.എസ്സിന്റെ രാഷ്ട്രീയജീവിതവും ഇതുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാനാകൂ.

എൻ. വി. ബാലകൃഷ്ണൻ വി.എസിനൊപ്പം

ബ്രീട്ടീഷ് വിരുദ്ധ ദേശീയ പ്രസ്ഥാനത്തിനകത്താണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും രൂപം കൊണ്ട് വികസിച്ചത്. ദേശീയ സഹചര്യങ്ങളുടേയും ദേശീയ പ്രസ്ഥാനത്തിന്റേയും സവിശേഷതകൾക്കനുസരിച്ച സവർണ നേതൃരൂപങ്ങളാണ് അതിനുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടികളും വ്യത്യസ്ഥമായിരുന്നില്ല. ത്യാഗികളെങ്കിലും ഉന്നതകുലജാതരും സവർണരുമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളിൽ മഹാഭൂരിപക്ഷം. മുകളിൽ വിശദീകരിച്ച ആശയ പരിസരത്തിനകത്തുനിന്ന് പ്രവർത്തിക്കുമ്പോൾ പ്രസ്ഥാനത്തിന്റെ പരിമിതികൾ തിരിച്ചറിയാനവർക്ക് കഴിയുമായിരുന്നില്ല.

അംബേദ്കറുടെ 'ബ്രാഹ്മിൺ ബോയ്‌സ്,' എന്ന വിമർശനത്തിന്റെ കാതലും സ്വാഭാവികമായും അവർക്ക് ഉൾക്കൊള്ളാനായില്ല. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഘട്ടവും ഉള്ളടക്കവും നിശ്ചയിക്കൽ, സമരമുന്നണിയുടെ സ്വഭാവം, ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സ്വഭാവം, അതിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി കൂട്ടിയിണക്കൽ, സാമൂഹ്യ വിപ്ലവത്തിന്റെ ദിശ, യുദ്ധ പശ്ചാത്തലത്തിൽ ബ്രിട്ടനോട് സ്വീകരിക്കേണ്ട നിലപാട്, നാട്ടുരാജ്യങ്ങളോട് സ്വീകരിക്കേണ്ട നിലപാട്, ദേശീയ സ്വയംനിർണായാവകാശത്തിന്റെ പ്രശ്‌നം, ഇന്ത്യയിലെ വ്യത്യസ്ത വർഗ്ഗങ്ങളെ നിർണ്ണയിക്കലും ഇന്ത്യൻ വിപ്ലവത്തിൽ അവയുടെ പങ്ക് നിശ്ചയിക്കലും, കൈവന്ന സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കം, കോൺഗ്രസ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടികൾ തുടങ്ങിയ മറ്റ് രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നിലപാട്, നെഹ്‌റു സർക്കാരിനോട് സ്വീകരിക്കേണ്ട സമീപനം തുടങ്ങി സർവത്ര ആശയക്കുഴപ്പങ്ങളാണ് പ്രസ്ഥാനം തുടക്കം മുതൽ അഭിമുഖീകരിച്ചത്. പ്രവർത്തന പദ്ധതികൾക്കായി പാർട്ടി അവതരിപ്പിച്ച് അംഗീകരിച്ച രേഖകൾ പരിശോധിച്ചാൽ ഈ ആശയക്കുഴപ്പവും അപൂർണ്ണതയും വ്യക്തമാകും. 1928- ലെ പ്രവർത്തന പദ്ധതിക്കുള്ള കരട് രേഖ, 1951- ലെ നയപ്രഖ്യാപനം, പിളർപ്പിനുശേഷമുള്ള പാർട്ടി പരിപാടികൾ ഒക്കെ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.

ഇന്ത്യയിലെ വർഗസമരത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്, ബ്രാഹ്മണാധിപത്യവും കീഴാള ജനതയും തമ്മിലുള്ള, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വൈരുദ്ധ്യത്തെ കേന്ദ്ര പ്രശ്‌നമായി പരിഗണിച്ചുകൊണ്ടേ നിലപാടെടുക്കാനാവൂ. അങ്ങനെയൊരു കാഴ്ചപ്പാട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലാതെ പോയതോടെ ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമൊക്കെയുള്ള സാധാരണ മനുഷ്യരുമായി പാർട്ടിക്കുണ്ടാവേണ്ടിയിരുന്ന നാഭീനാള ബന്ധങ്ങൾ വികസിതമായില്ല. പാർട്ടിയുടെ തുടക്കക്കാരായ മുസ്‍ലിം ന്യൂനപക്ഷങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങൾ നേർത്ത് നേർത്ത് ഇല്ലാതാകുകയും ചെയ്തു. റാം മനോഹർ ലോഹ്യയെപ്പോലുള്ളവർ വികസിപ്പിച്ച, ജാതിയെ കേന്ദ്രപ്രമേയമായി കാണുന്ന, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോട് ഐക്യപ്പെടാൻ പാർട്ടിക്ക് സാധിച്ചില്ല. സാമൂഹ്യ പ്രശ്‌നങ്ങളെ ഭൗതികമായി നോക്കിക്കാണുന്ന മാർക്‌സിയൻ പ്രപഞ്ചവീക്ഷണവുമായി സോഷ്യലിസ്റ്റുകൾക്ക് വിയോജിപ്പുകളുണ്ടെങ്കിലും പ്രയോഗതലത്തിൽ അവരുമായി ഐക്യമുന്നണി രൂപപ്പെടുത്തുന്നതിനോ ജാതിക്കും ജന്മിവാഴ്ചക്കും മുതലാളിത്തത്തിനുമെതിരായ സമരത്തിൽ യോജിച്ചു നീങ്ങുന്നതിനോ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല; സോഷ്യലിസ്റ്റ് കാഴ്ചപാടുകൾ വെച്ചു പുലർത്തുന്നവരെന്ന നിലയിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറ്റവും ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാവുന്ന വിഭാഗവും അവരായിരുന്നു. പക്ഷേ സംഭവിച്ചത് അവരുമായി കടുത്ത ശത്രുതയും ഏറ്റുമുട്ടലുമായിരുന്നു. മാർക്‌സിന്റെ സോഷ്യലിസമാണോ ശരി, അതോ ലോഹ്യയുടെ സോഷ്യലിസമോ എന്ന തർക്കം മുറുകി വന്നു. സെമിനാർ ഡിബേറ്റുകളിൽ മാത്രമായി ഒതുക്കി നിർത്തേണ്ട വിഷയം, പ്രായോഗിക പ്രവർത്തനങ്ങളിൽ പൊതുയോജിപ്പിനുള്ള അന്തരീക്ഷം തന്നെ ഇല്ലാതാക്കുന്ന നിലയിലേക്ക് വളർന്നുവന്നു.

കീഴാളവിഭാഗങ്ങളിൽ നിന്ന് കുറച്ചെങ്കിലും കേഡർമാർ ഉയർന്നുവന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. അപ്പോഴും നേതൃവിഭാഗങ്ങളിൽ മേധാവിത്വമുണ്ടായിരുന്നത് നായർ, നമ്പ്യാർ വിഭാഗങ്ങൾക്ക് മുകിലോട്ടുള്ള സവർണ വിഭാഗങ്ങൾക്കായിരുന്നു.

സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ചേർന്നു നിന്നാൽ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉറപ്പുവരുത്താൻ കഴിയും എന്ന് 1952- ലെ പൊതുതെരഞ്ഞെടുപ്പ് തെളിയിച്ചിരുന്നു. രണ്ടാം പൊതു തെരഞ്ഞെടുപ്പിൽ, എട്ടോളം സംസ്ഥാനങ്ങളിൽ അത് മുഖ്യപ്രതിപക്ഷമായി മാറാവുന്ന സഹചര്യം വന്നു. ഈ ഐക്യം വിസിപ്പിക്കുന്നതിനുപകരം അനാവശ്യമായ തർക്കങ്ങളിലേക്കും പിടിവാശികളിലേക്കുമാണ് ഇരുകൂട്ടരും മുന്നേറിയത്. ഇതോടെ പരസ്പരം ശത്രുക്കളെപ്പോലെ പോരടിച്ച് സ്വതന്ത്ര പാർട്ടി, ജനസംഘം പോലുള്ള വലതുപക്ഷ പാർട്ടികൾക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് ഇരുകൂട്ടരും ഫലത്തിൽ നിർവഹിച്ചത്. നെഹ്‌റുവിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ച് മുന്നേറാൻ, കോൺഗ്രസ് പാർട്ടി ഈ അവസരം ശരിക്കും ഉപയോഗിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു പിളർപ്പിനുവരെ കാരണമാകും വിധം, കോൺഗ്രസിനോട് സ്വീകരിക്കേണ്ട നിലപാട് പാർട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഗാന്ധിയെ മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർക്ക് സംഭവിച്ച പിഴവ് ഇതിനകം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി വികസിപ്പക്കുന്നതിൽ അനിഷേധ്യമായ നേതൃസ്വരൂപമായി വർത്തിച്ച ഗാന്ധിയെ കേവലം ഒരു ബൂർഷ്വാ നേതാവായാണ് പാർട്ടി വിലയിരുത്തിയത്. (ഇ.എം.എസ് രചിച്ച 'ഗാന്ധിയും ഗാന്ധിസവും' കാണുക)

കീഴാളവിഭാഗങ്ങളിൽ നിന്ന് കുറച്ചെങ്കിലും കേഡർമാർ ഉയർന്നുവന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. അപ്പോഴും നേതൃവിഭാഗങ്ങളിൽ മേധാവിത്വമുണ്ടായിരുന്നത് നായർ, നമ്പ്യാർ വിഭാഗങ്ങൾക്ക് മുകിലോട്ടുള്ള സവർണ വിഭാഗങ്ങൾക്കായിരുന്നു. ഇത് പരിഹരിക്കുന്നതിന് സംവരണ സ്വഭാവങ്ങളിലൂന്നിയ ചില യാന്ത്രിക നീക്കങ്ങൾ പിന്നീടുണ്ടായത് കാണാതിരിക്കുന്നില്ല. കീഴാള ഹിന്ദു വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയിൽ നിന്നൊകെ സംവരണ സ്വഭാവത്തോടെ ചിലരെ നേതൃനിരയിലേക്ക് പ്രമോട്ട് ചെയ്യാനുള്ള നീക്കങ്ങളുണ്ടായി.

എല്ലാ ഒതുക്കലുകൾക്കും വിധേയമായി നിൽക്കുന്നതിനുപകരം അതിനെ ചെറുക്കുന്ന പ്രകൃതക്കാരായിരുന്നു വി.എസ്സും ഗൗരിയമ്മയും. ഗൗരിയമ്മക്ക് പുറത്തേക്കുള്ള വഴിയാണത് തുറന്നുകൊടുത്തതെങ്കിൽ വി.എസ്. അച്യുതാനന്ദനെ വിഭാഗീയതയുടെ വക്താവായി മുദ്രകുത്തി ഒതുക്കുന്ന കാര്യത്തിൽ നേതൃത്വം വിജയിച്ചു.

തികഞ്ഞ സംഘടനാ മാർക്‌സിസ്റ്റായി പ്രവർത്തിക്കുമ്പോഴും സ്വന്തം നേതൃപാടവവും സംഘടനാ ശേഷിയും കൊണ്ട് പാർട്ടിയുടെ കേന്ദ്രതലം വരെ ഉയർന്ന നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. അപ്പോഴുമദ്ദേഹം കീഴാള വിഭാഗത്തിൽ നിന്നുയർന്നുവന്ന സഖാവായിരുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരേസമയം സാദ്ധ്യതയും പരിമിതിയുമായി തീർന്നതായി കാണാം. കീഴാള വിഭാഗത്തിൽ നിന്ന് പാർട്ടിയുടെ സവർണഘടനക്കകത്തേക്ക് എത്തിയ ആൾ എന്ന നിലയിലുള്ള ഒരുതരം അന്യവൽക്കരണം പാർട്ടിയിൽഅദ്ദേഹം എല്ലാ കാലത്തും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം, അതൊരു സാദ്ധ്യതയുമായിരുന്നു. കീഴാള വിഭാഗത്തിൽ നിന്നുള്ള വിരലിലെണ്ണാവുന്ന സഖാക്കളിൽ ഒരാളെന്ന നിലയിൽ സംവരണപരമായ കാരണങ്ങളാൽ സംരക്ഷിക്കപ്പെടേണ്ട സഖാവുമായിരുന്നു അദ്ദേഹം. ഈ നിലയിലാണ് പാർട്ടിക്കകത്ത് വി.എസ് എല്ലാ കാലത്തും പ്രവർത്തിച്ചത്. പാർട്ടിയിലെ പിളർപ്പിന് മുമ്പു തന്നെ കേന്ദ്രമ്മറ്റിയിലെത്തിയ സഖാവായിരിക്കുമ്പോഴും സവർണ നേതൃത്വവുമായി നിരന്തരം കലഹിച്ചു കൊണ്ടിരുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോദ്ധ്യങ്ങൾ. ഇ.എം.എസ്, എ.കെ.ജി, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ എന്നിവരൊക്കെ പാർട്ടിയുടെ ജനപ്രിയരും ആദരണീയരുമായ നേതൃത്വമായി നിലയുറപ്പിച്ചപ്പോൾ വി.എസ്. അച്ചുതാനന്ദനും കെ. ആർ. ഗൗരിയമ്മയുമൊക്കെ സംവരണാനുകൂല്യം പേറുന്ന പാർട്ടിയിലെ കലഹപ്രിയരായ നേതാക്കളായാണ് പാർട്ടിനേതൃത്വവും അണികളിൽ തന്നെ ഒരു വലിയ വിഭാഗവും പരിഗണിച്ചത്. അർഹതപ്പെട്ട ഒരുപാട് സ്ഥാനങ്ങളിൽ നിന്ന് നിരന്തരം തഴയപ്പെട്ടവരായിരുന്നു അവർ. ഇത് എല്ലാ കാലത്തും വി.എസ്. അച്ചുതാനന്ദനിൽ ഒരു വിമത പ്രതിഛായ സൃഷ്ടിച്ചിരുന്നു. എല്ലാ ഒതുക്കലുകൾക്കും വിധേയമായി നിൽക്കുന്നതിനുപകരം അതിനെ ചെറുക്കുന്ന പ്രകൃതക്കാരായിരുന്നു വി.എസ്സും ഗൗരിയമ്മയും. ഗൗരിയമ്മക്ക് പുറത്തേക്കുള്ള വഴിയാണത് തുറന്നുകൊടുത്തതെങ്കിൽ വി.എസ്. അച്യുതാനന്ദനെ വിഭാഗീയതയുടെ വക്താവായി മുദ്രകുത്തി ഒതുക്കുന്ന കാര്യത്തിൽ നേതൃത്വം വിജയിച്ചു. കർഷകതൊഴിലാളികളുടയും കീഴാളരുടേയും നേതാവ് എന്ന പ്രതിഛായ അദ്ദേഹത്തിന് ഒരനുഗ്രഹമായി തീർന്നു എന്ന് വേണമെങ്കിൽ പറയാം. വ്യക്തിപരമായ ഒതുക്കലുകൾക്ക് നിരന്തരം വിധേയമാകുമ്പോഴും നേതൃത്വത്തിനെതിരെ കലാപങ്ങൾ കെട്ടഴിച്ചുവിടാൻശേഷിയുള്ള ജനനായക പരിവേഷം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു.

വി.എസും ഗൗരിയമ്മയും / Photo: MeidaOne

സ്വന്തം ജില്ലയായ ആലപ്പുഴയിൽ തുടങ്ങി കേരളമാകെ വ്യാപിച്ച, പരിസ്ഥിതി ഉള്ളടക്കമുള്ള, നെൽവയൽ സംരക്ഷണ സമരത്തെ ഒരു വിഭാഗീയ സമരമായി വ്യാഖ്യാനിക്കാനാണ് നേതൃത്വം ഏറെക്കുറെ പരസ്യമായി തന്നെ ശ്രമിച്ചത്. അങ്ങനെയാണ് 'വെട്ടിനിരത്തിൽ സമരം' എന്നത് അറിയപ്പെടാനിടയായത്. പക്ഷേ, തുടർന്നിങ്ങോട്ട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ തന്നെ പരിസ്ഥിതി സമരങ്ങളുടെ വേലിയേറ്റം കേരളത്തിലുണ്ടായി. അതുവരെ പരിസ്ഥിതി വിഷയങ്ങൾ മാർക്‌സിസ്റ്റുകൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും വലിയ വികസന പദ്ധതികളും ടൗൺഷിപ്പുകളുമൊക്കെ സ്ഥാപിച്ച് തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് തൊഴിലാളിവർഗ്ഗ വിപ്ലവത്തിന് അരങ്ങൊരുക്കുകയാണ് വേണ്ടത് എന്നുമുള്ള കാഴ്ചപ്പാടായിരുന്നു യഥാസ്ഥിതിക മാർക്‌സിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. സൈലന്റ് വാലി പ്രക്ഷോഭത്തിനും ചാലിയാർ മലിനീകരണ വിരുദ്ധ പ്രക്ഷോഭത്തിനുമൊക്കെ നേതൃത്വം നൽകിയ ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കളെ 'ജ്ഞാനലവ ദുർവിദഗ്ധന്മാർ' എന്ന് ഇ.എം.എസ് പരിഹസിച്ചത് ഈ അവസരത്തിൽ ഓർക്കാം. ഈ യാന്ത്രിക കാഴ്ചപ്പാടുകൾക്കുപകരം പരിസ്ഥിതിയും വികസനവും സാമൂഹ്യവികാസത്തിൽ പരസ്പരം ചേർന്നുനിൽക്കുന്ന ദ്വന്ദങ്ങളാണ്; ഒന്നിനെ കയ്യൊഴിഞ്ഞ് മറ്റൊന്നിനെ സ്വീകരിക്കാനാവില്ല എന്ന ശാസ്ത്രീയ മാർക്‌സിസ്റ്റ് സമീപനം പ്രയോഗതലത്തിൽ വിജയിപ്പിച്ച നേതാവാണ് വി. എസ്. അച്യുതാനന്ദൻ. കർഷകതൊഴിലാളി വർഗം തന്നെ നെൽകൃഷിയും വയലുകളും പരിസ്ഥിതിയും സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. വി.എസിന്റെ നേതൃത്വത്തിൽ എണ്ണമറ്റ പരിസ്ഥിതി സമരങ്ങൾക്ക് കേരളം വേദിയായി.

ഭൂമിക്കുവേണ്ടിയും പട്ടിണിക്കൂലിക്കുവേണ്ടിയും കേരളത്തിൽ എവിടെ പ്രക്ഷോഭം നടക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ സമരം നയിക്കാൻ ഓടിയെത്തുന്ന വി.എസ്. അച്യുതാനന്ദനെ പ്രതീക്ഷയോടെ കേരള ജനത കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഇതുപോലെ പ്രധാനമാണ് ഭൂമിപ്രശ്‌നത്തോട് വി. എസ് സ്വീകരിച്ച നിലപാട്. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തെക്കുറിച്ച് നാം അഭിമാനത്തോടെ പറയാറുണ്ട്. അത് അഭിമാനിക്കാൻ ഒരു പാട് വകയുള്ളതാണ് താനും. കമ്യൂണിസ്റ്റുകാർ ആഗ്രഹിച്ച പോലൊരു ഭൂപരിഷ്‌കരണം കേരളത്തിൽനടപ്പിലാക്കാനായില്ല. കേന്ദ്രഭരണവും രാഷ്ടപതിയും കേരളത്തിലെ മത- സമുദായിക ശക്തികളും വലതുപക്ഷ ശക്തികളുമൊക്കെ ചേർന്ന് നടത്തിയ ഇടങ്കോലിടൽ, വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇതൊക്കെ വാസ്തവമായിരിക്കുമ്പോഴും കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ ജാതിസമവാക്യങ്ങളും ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ആർക്കാണ് ഭൂമി കിട്ടിയത്? അത് കർഷകർക്കായിരുന്നു. നായർ, ഈഴവാദികൾ മുതൽ മുകളിലോട്ടുള്ളവരായിരുന്നു ഈ കർഷകർ. അവർക്ക് ഭാഗികമായെങ്കിലും ഭൂമി ലഭിച്ചു. എന്നാൽ കർഷകതൊഴിലാളി വിഭാഗങ്ങൾക്ക് കൃഷിഭൂമിയേ ലഭിച്ചില്ല. ദലിതുകളും ആദിവാസികളുമെല്ലാമുൾപ്പെട്ട കീഴാള വിഭാഗങ്ങൾ ഭൂപരിഷ്‌കരണത്തിന്റെ പരിധിയിൽ വന്നില്ല. അവർക്കിന്നും ഭൂമി കിട്ടിയിട്ടില്ല. 28000- ത്തിലധികം വരുന്ന പട്ടികജാതി കോളനികളിലാണ് കേരളത്തിലെ ദലിത് വിഭാഗങ്ങൾ ഇപ്പോഴും കഴിയുന്നത്. ആദിവാസികളുടെ ഭൂപ്രശ്‌നവും പരിഹരിക്കപ്പെട്ടില്ല. ഹാരിസൺസ് മലയാളവും ടാറ്റായുമൊക്കെ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി സ്വന്തമാക്കി വെച്ച് കേരളത്തിന്റെ ഭൂപരമായ അതിർത്തിക്കകത്ത് തങ്ങളുടെ സ്വതന്ത്ര നാട്ടുരാജ്യം സ്ഥാപിച്ച് വിലസുകയാണ്. ആത്മാർത്ഥതയുള്ള ധാരാളം ഉദ്യോഗസ്ഥർ ഈ ഭൂമി വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികളുമായി രംഗത്തിറങ്ങുമ്പോൾ അവരെ ഇടതു- വലതു സർക്കാരുകൾ വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റി നടപടികൾ അട്ടിമറിക്കുന്നതാണ് നാം കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് വി.എസ് മുന്നോട്ടു വെച്ചതും പാർട്ടി നിരാകരിച്ചതുമായ 'രണ്ടാം ഭൂപരിഷ്‌കരണം' എന്ന ആശയത്തെ മനസ്സിലാക്കേണ്ടത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കാൻ ശ്രമിച്ച മൂന്നാർ ദൗത്യവും അതിനോട് പാർട്ടി നേതൃത്വം കൈക്കൊണ്ട അസഹിഷ്ണുതയും നാം ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. പാർട്ടിയുടെ വിലക്കുകൾ നിമിത്തം പലതും പരാജയപ്പെട്ടെങ്കിലും ഭൂമിക്കുവേണ്ടിയും പട്ടിണിക്കൂലിക്കുവേണ്ടിയും കേരളത്തിൽ എവിടെ പ്രക്ഷോഭം നടക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ സമരം നയിക്കാൻ ഓടിയെത്തുന്ന വി.എസ്. അച്യുതാനന്ദനെ പ്രതീക്ഷയോടെ കേരള ജനത കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതേപ്പോലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ ലൈംഗികവും അല്ലാത്തതുമായ അതിക്രമങ്ങൾക്കെതിരെ, സ്ത്രീവിമോചന പോരാട്ടങ്ങൾക്ക് താങ്ങും തണലുമായി നിന്ന വി.എസിനെ കേരളം പ്രതീക്ഷയോടെ കണ്ടുനിന്നിട്ടുണ്ട്.

വി എസും പിണറായി വിജയനും / Photo: Sitaram Yechury Twitter

2016- ൽ കേരളത്തിൽ വികസനത്തിന്റെ യുഗപ്പിറവിയാണ് സംഭവിച്ചത് എന്ന് മുഖ്യമന്ത്രിയും പാർട്ടിയുടെ പി.ബി അംഗവുമായ പിണറായി വിജയൻ സ്ഥിരമായി അവകാശപ്പെടാറുണ്ട്. അദ്ദേഹം പറയാതെ പറയുന്ന ഒരു കാര്യം കേരളത്തിൽ വി.എസ് പ്രതിനിധാനം ചെയ്ത മൂല്യാധിഷ്ഠിതമായ, കീഴാള ജനതയോട് ആഭിമുഖ്യമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചിരിക്കുന്നു എന്ന് കൂടിയാണ്. വികസനത്തിന്റെ മേലങ്കി ചാർത്തി കോർപ്പറേറ്റ് കൊള്ളയുടെ രാഷ്ട്രീയം കൊടിയുയർത്തുമ്പോൾ കീറിപ്പറിഞ്ഞ് ചളിയിൽ പുതഞ്ഞ് പോകുന്നത് ചെങ്കൊടിയാണ്. തൊഴിലാളിവർഗ്ഗത്തിനും കീഴാള ജനതക്കും വിമോചനത്തിന്റെ വഴി കാണിച്ചു കൊടുത്ത മാർക്‌സിസത്തിന്റെ മഹത്തായ സ്വപ്നങ്ങളാണ്. അതോടൊപ്പം ആഴങ്ങളിൽ കുഴിച്ചുമൂടാൻ അവരാഗ്രഹിക്കുന്നത് വി.എസ് എന്ന രണ്ടക്ഷരങ്ങളിൽ തുടിച്ചുനിൽക്കുന്ന വിമോചന മൂല്യങ്ങളാണ്. അങ്ങനെത്തന്നെയായിരിക്കുമോ സംഭവിക്കുക?
കാലം ഉത്തരം നൽകട്ടെ.

Comments