ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവന്മാരിലെ അവസാനകണ്ണികളിൽ ഒരാളുടെ നൂറാം പിറന്നാളാണ്. വി.എസ് എന്ന രണ്ടക്ഷരത്തിൽസംഭവബഹുലവും സ്‌ഫോടനാത്മകവും വിപ്ലവകരവുമായ ഒരു മഹാകാലം ആർത്തലയ്ക്കുന്നു. സഖാവ് വി.എസ് അച്യുതാനന്ദൻ കേരളത്തിന്റെ മനഃസ്സാക്ഷിയായി നിലകൊള്ളുന്നു. വാർദ്ധക്യം ശരീരത്തെ തളർത്തിയെങ്കിലും ആ പേര് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. പാർശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് നമ്മൾ വി.എസിനെ കാണുന്നത്. എപ്പോഴും അദ്ദേഹം അങ്ങനെയായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ മലയാളിയ്ക്കും വി.എസ് വ്യത്യസ്തമായ ഒരു അനുഭവമാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി.
ഇന്ത്യയിൽ തന്നെ ഏറ്റവും സ്വീകാര്യനായ ഒരു കമ്യൂണിസ്റ്റ് നേതാവായി വി.എസ് വളർന്നുവന്നതിന്റെ ചരിത്രം പരിശോധിച്ചാൽ, അദ്ദേഹം ഏറ്റെടുത്ത സമരങ്ങളും എടുത്ത നിലപാടുകളും അതിൽ പ്രധാന പങ്കുവഹിച്ചതായി കാണാം.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 1964-ൽ പിളർന്ന് സി.പി.ഐ- എം രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ വി.എസ് ആയിരുന്നു. രാഷ്ട്രീയജീവിതത്തിലുടനീളം പുലർത്തിപ്പോന്ന പ്രവർത്തനശൈലിയും നിലപാടുകളും മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഒരുപക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിയിലും ഇടതുപക്ഷ പ്രസ്ഥാനത്തിലും വി.എസിനേക്കാളും കൂടുതൽ സംഭാവനകൾ ചെയ്തവരും നിരവധിയായ ത്യാഗങ്ങൾ ചെയ്തവരുമായ ഒട്ടനവധി നേതാക്കൾ ഉണ്ടായിട്ടുണ്ടെങ്കിലും വി.എസ് തന്റേതായ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വിപ്ലവകാരിയാണ്. സി.പി.ഐ പിളർന്ന് സി.പി.ഐ- എം രൂപീകരിക്കപ്പെട്ടശേഷം, കേരളത്തിൽ സി.പി.ഐ- എമ്മിന്റെ ഏറ്റവും ജനകീയനായ, താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന നേതാവാണ് അദ്ദേഹം. ജനകീയ സമരങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഒരു നേതാവ് എന്നിനേക്കാളുപരിയായി, ഇന്നത്തെ കാലഘട്ടത്തിൽ, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും സ്വീകാര്യനായ ഒരു കമ്യൂണിസ്റ്റ് നേതാവായി വി.എസ് വളർന്നുവന്നതിന്റെ ചരിത്രം പരിശോധിച്ചാൽ, അദ്ദേഹം ഏറ്റെടുത്ത സമരങ്ങളും എടുത്ത നിലപാടുകളും അതിൽ പ്രധാന പങ്കുവഹിച്ചതായി കാണാൻ കഴിയും.
ഒരു കാലത്ത് വി.എസ് അച്യുതാനന്ദൻ കേരളരാഷ്ട്രീയത്തിൽ അത്രയൊന്നും ജനകീയനായ നേതാവായിരുന്നു എന്നു പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗശൈലിയും ജനങ്ങൾക്ക് അത്രകണ്ട് സ്വീകാര്യമായിരുന്നില്ല. എന്നാൽ പിന്നീട്, നീട്ടലും കുറുക്കലുമുള്ള ആ ശൈലി പൊതുസമൂഹത്തിനാകെ പ്രിയപ്പെട്ടതായി മാറി. കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനകീയനായത് ഒരു സമരപോരാളി എന്ന നിലയിലാണ്. ഇടതുപക്ഷം എന്ന നിലയിൽ നാം അഭിമുഖീകരിക്കുകയും എതിരിടുകയും ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളിൽ ഇടപെടുകയും ആ സമരങ്ങൾ ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കുകയും അവ വലിയ വിജയമാക്കുകയും ചെയ്തു എന്നതാണ്. അഴിമതിയ്‌ക്കെതിരെ മുഖംനോക്കാതെ പോരാടിയ വി.എസ്, പരിസ്ഥതിയ്ക്കുവേണ്ടി, ദലിതർക്കുവേണ്ടി, സ്ത്രീകൾക്കുവേണ്ടി, നിരാലംബർക്കും കുടിയിറക്കപ്പെടുന്നവർക്കുംവേണ്ടി നിലകൊണ്ടു. അത് മതികെട്ടാൻ മലയിലെ വിഷയങ്ങളായാലും നിരവധിയായ ഭൂമി കയ്യേറ്റത്തിന്റെ വിഷയങ്ങളിലായാലും വി.എസ് ഏറ്റെടുത്ത സമരങ്ങൾ കേരളത്തിന്റെ പൊതുമനസ്സിൽ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.
വി.എസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയിൽ അദ്ദേഹം ഒരിക്കലും പരാജയപ്പെടില്ല എന്നുറപ്പുള്ള മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് മലമ്പുഴയിൽനിന്ന് ജയിച്ച് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി ഉയർന്ന സമയത്താണ് വി. എസിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ നിരവധി സംഭവങ്ങൾ അരങ്ങേറുന്നത്. ആ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനും സഹായിച്ച ഘടകങ്ങളാണ്. കേരളീയ പൊതുമനസ്സിനെ തിരിച്ചറിയാനും കീഴടക്കാനും കഴിയുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നു എന്നത് നാം ഇപ്പോൾ ഓർക്കുകയാണ്.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വി.എസ് എനിക്കെന്നും ആവേശം പകരുന്ന ജനകീയ നേതാക്കളിലൊരാളാണ്. വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്ന കാലം മുതൽ അദ്ദേഹത്തോട് വലിയ സ്‌നേഹവും ആദരവും പുലർത്തിയിരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത്, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ 14 ദിവസത്തെ നിരാഹാരസമരം നടത്തുകയുണ്ടായി. ആ സമരം അവസാനിപ്പിക്കുന്ന അന്ന് ഞങ്ങൾക്ക് നാരാങ്ങാനീര് എടുത്തുനൽകിയത് അന്ന് സി.പി.ഐ- എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി. എസ് ആയിരുന്നു. വിദ്യാർത്ഥികളുടെയാകട്ടെ, സ്ത്രീകളുടെയാകട്ടെ, കുട്ടികളുടെയാകട്ടെ, ദുർബലജനവിഭാഗങ്ങളുടേതാകട്ടെ ന്യായമായ എന്തുപ്രശ്‌നത്തിലും വി. എസ് ഇടപെട്ടു പരിഹാരമുണ്ടാക്കി.
അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട യുവജന സംഘടനാ പ്രവർത്തകനായിരുന്നില്ല എങ്കിലും പല സന്ദർഭങ്ങളിലും നേരിട്ട് വിളിച്ചും നേരിൽ കണ്ടും പിന്തുണയും പ്രോത്സാഹനവും നൽകിയത് ഓർക്കുകയാണ്.
2001-2006 കാലഘട്ടത്തിൽ എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും രണ്ടു ടേമായി മുഖ്യമന്ത്രിമാരായിരുന്ന യു ഡി എഫ് സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെ ഒട്ടനവധി സമരങ്ങൾ അക്കാലത്ത് നടക്കുകയുണ്ടായി. ഇടതുപക്ഷ യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദിവസേനയെന്നോണം പ്രക്ഷോഭങ്ങൾ അരങ്ങുതകർത്ത് നടന്നിരുന്നു. ഇടതുപക്ഷ വിദ്യാർത്ഥി- യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതിയുടെ തുടർച്ചയായ പ്രക്ഷോഭങ്ങൾ ആ കാലഘട്ടത്തിൽ സാധാരണ സംഭവമായിരുന്നു. യുവജന സംഘടനകളുടെ സ്ഥിരം സംയുക്തസമരവേദി എന്നത് ആ കാലഘട്ടത്തിലാണ് വളർന്നുവന്നത്. ആ സമരവേദിയുടെ ചെയർമാനായി പ്രവർത്തിക്കാൻ എനിക്ക് അവസരമുണ്ടായി. നിരവധി സമരങ്ങൾ ആ കാലഘട്ടത്തിൽ കേരളത്തിലുണ്ടായി. കരിമണൽഖനനം, ഭൂമികയ്യേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ സമരങ്ങൾ നടക്കുമ്പോൾ വളരെ അനുഭാവത്തോടുകൂടി ആ സമരങ്ങളെ വി. എസ് പ്രോത്സാഹിപ്പിക്കും. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട യുവജന സംഘടനാ പ്രവർത്തകനായിരുന്നില്ല എങ്കിലും പല സന്ദർഭങ്ങളിലും നേരിട്ട് വിളിച്ചും നേരിൽ കണ്ടും പിന്തുണയും പ്രോത്സാഹനവും നൽകിയത് ഓർക്കുകയാണ്.
അന്ന് ഉമ്മൻചാണ്ടി സർക്കാരിലെ പല മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോഴും വലിയ സമരങ്ങൾക്ക് കേരളം സാക്ഷിയായി. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ സമരഐക്യനിര കേരളത്തിൽ രൂപംകൊണ്ടു. യുവജന സംഘടനകൾ മാത്രമല്ല, മഹിളാസംഘടനകൾ ഉൾപ്പെടെ സമരരംഗത്ത് വളരെ സജീവമായി നിലകൊണ്ട സമയമായിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വന്ന സമയത്ത് വി. എസ് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തെ പോയി കണ്ടത് ഓർക്കുകയാണ്. കേരളത്തിൽ അറിയപ്പെടുന്ന പോരാളി കെ. അജിതയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഒരു സമരവുമായി ബന്ധപ്പെട്ട് നടന്ന വലിയ കൂടിക്കാഴ്ചയായിരുന്നു അത്. അദ്ദേഹം വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടുകളും എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ കാഴ്ചപ്പാടുകളും ആ വാക്കുകളിൽ നിറഞ്ഞുനിന്നു.
ഒരു ദിവസം പൂർണമായി മുഖ്യമന്ത്രി വി.എസിനൊപ്പം തൃശൂർ കോൾമേഖലയിൽ സഞ്ചരിക്കുകയും നെൽകൃഷിയിൽ കനത്ത നാശം നേരിട്ട കർഷകരെ നേരിൽകണ്ട് ആശ്വസിപ്പിക്കുകയും ചെയ്തത് മറക്കാനാവാത്ത കാര്യമാണ്.
സമരങ്ങൾ ചെയ്യുന്നവരോട് അദ്ദേഹത്തിന് വലിയ പ്രതിപത്തിയാണ്. പഴയ കമ്യൂണിസ്റ്റ് നേതാക്കന്മാർക്കെല്ലാം കണ്ടിട്ടുള്ള ഒരു വലിയ സ്വഭാവസവിശേഷതയാണ്. ഇതുപോലെ കണ്ടിട്ടുള്ള മറ്റൊരു നേതാവ് സഖാവ് വെളിയം ഭാർഗ്ഗവനാണ്. യുവജന- വിദ്യാർത്ഥി സമരങ്ങൾ നടക്കുമ്പോൾ മുൻനിരയിൽ സമരത്തോടൊപ്പം നിൽക്കാനും കരുത്ത് പകരാനും ഭാർഗ്ഗവനാശാൻ സമാനമായ രീതിയിലാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. സമരങ്ങൾ ചെയ്യുന്നവരോടുള്ള വീറുറ്റ ഐക്യദാർഢ്യം.
2006-2011 കാലഘട്ടത്തിൽ ചേർപ്പ് നിയോജകമണ്ഡലത്തെയും 2011-2016 കാലത്ത് കയ്പമംഗലം നിയോജകമണ്ഡലത്തെയും 2016 - 2021 കാലത്ത് തൃശൂർ നിയോജക മണ്ഡലത്തെയും കേരള നിയമസഭയിൽ പ്രതിനിധീകരിക്കുമ്പോഴാണ് വി. എസിന്റെ രാഷ്ട്രീയപ്രഭാവം (Political Charishma) കൂടുതൽ അടുത്തറിയുവാൻ കഴിഞ്ഞത്. 2006-2011 കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. അക്കാലത്ത് നിയമസഭയിൽ കന്നിക്കാരനായ എനിക്ക് വി. എസ് നൽകിയ ഉപദേശനിർദ്ദേശങ്ങളും വാത്സല്യവും സ്‌നേഹവും എക്കാലത്തും വിലമതിക്കാനാവാത്ത അനുഭവമാണ്.
അധികമഴ പെയ്ത് തൃശൂർ കോൾമേഖലയിലെ കൊയ്ത്തിന് പാകമായ നെൽകൃഷി മുഴുവൻ വെള്ളത്തിൽ മുങ്ങി നെല്ലെല്ലാം മുളച്ചുതുടങ്ങിയ സംഭവമുണ്ടായി. അന്ന് ഒരു ദിവസം പൂർണമായി മുഖ്യമന്ത്രി വി.എസിനൊപ്പം തൃശൂർ കോൾമേഖലയിൽ സഞ്ചരിക്കുകയും നെൽകൃഷിയിൽ കനത്ത നാശം നേരിട്ട കർഷകരെ നേരിൽകണ്ട് ആശ്വസിപ്പിക്കുകയും ചെയ്തത് മറക്കാനാവാത്ത കാര്യമാണ്. തൃശൂർ ജില്ലയിലെ ചണ്ടിപ്പുലി പാടശേഖരത്തിൽ നിലം നികത്താൻ അടിച്ച മണ്ണ് തിരിച്ചെടുപ്പിച്ച സംഭവം ഓർക്കുന്നു. മുഖ്യമന്ത്രിയായിരുന്ന വി. എസ് അന്ന് ആ സമരത്തിൽ ഞങ്ങൾക്കൊപ്പം പിന്തുണയുമായി നിന്നു. എത്രയോ നേരനുഭവങ്ങൾ. അവയെല്ലാം വിശദീകരിക്കാൻ തുനിയുന്നില്ല.
ചേർപ്പ് എം എൽ എയായി വിജയിച്ച സമയത്ത് അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഭരണപക്ഷത്താണെങ്കിലും സർക്കാരിന്റെ പല നയങ്ങൾക്കുമെതിരെ സമരം നടത്താൻ അന്ന് ഞങ്ങൾക്ക് ഇടവന്നിട്ടുണ്ട്. പ്രത്യേകിച്ച്, പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമരരംഗത്ത് ഇറങ്ങേണ്ടിവന്ന സന്ദർഭത്തിലും വി. എസ് യാതൊരു പ്രയാസവും പ്രകടിപ്പിച്ചില്ല. മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ സമരസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. അക്കാലത്ത് കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി. എസ് എം എൽ എ മാരെ കൂട്ടി ദൽഹിയിൽ പോയി ജന്തർമന്ദിറിൽ വലിയ സമരം നടത്തുകയും അത് ദേശീയതലത്തിൽ തന്നെ വാർത്തയാവുകയും ചെയ്തു. റേഷൻവിഹിതം വെട്ടിക്കുറച്ചതുൾപ്പെടെ അന്നത്തെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ച അവഗണനയ്ക്ക് എതിരെയായിരുന്നു വി.എസിന്റെ നേതൃത്വത്തിലുള്ള സമരം.
സമരോത്സുകമായ ഭരണനേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. വി. എസ് വീണ്ടും അധികാരത്തിൽ വരുമെന്ന തോന്നൽ അക്കാലത്ത് ശക്തമായിരുന്നു. എന്നാൽ, പിന്നീട്, 2011-ൽ നേരിയ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫ് അധികാരമേറ്റത്. തുടർഭരണം ലഭ്യമാകാവുന്ന നിലയിലുള്ള മികച്ച ഭരണമായിരുന്നു വി. എസ് സർക്കാരിന്റേത്. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാക്കാൻ കഴിഞ്ഞു.
2011-2016 കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി. എസ് പ്രതിപക്ഷ നേതാവായിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. സമരഭരിതമായ ആ നാളുകളിൽ വി.എസിൽ നിറഞ്ഞുതുളുമ്പിയിരുന്ന വിപ്ലവവീര്യം ഞങ്ങൾക്കാകെ വലിയ ആവേശവും ഊർജ്ജവും പകർന്നുതന്നു. അക്കാലത്താണ് സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രക്ഷേഭങ്ങളും സമരപരമ്പരകളും കേരളത്തിൽ അരങ്ങേറിയത്. അന്ന് വി.എസിനോടൊപ്പം പ്രതിപക്ഷത്ത് അദ്ദേഹത്തോട് ചേർന്നുനിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വ്യക്തിപരമായി വലിയ അഭിമാനം തോന്നിയ സന്ദർഭമാണ്. സി.പി.ഐ- എം, സി.പി.ഐ വേർതിരിവൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. വലിയ വാത്സല്യവും അതിരറ്റ സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
നിയമസഭയിൽ ഫ്ലോർ മാനേജ്‌മെന്റ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിക്കുന്നതിൽ പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
നിയമസഭയിൽ ഫ്ലോർ മാനേജ്‌മെന്റ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിക്കുന്നതിൽ പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തിരുന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവരിൽ പ്രധാനികൾ എ. പ്രദീപ്കുമാർ, സാജു പോൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ സംഘമായിരുന്നു. മുദ്രാവാക്യം വിളിക്കുമ്പോൾ വി. എസ് സൂക്ഷ്മതയോടെ അത് ശ്രദ്ധിക്കുകയും വേണ്ടത്ര മൂച്ചും മൂർച്ഛയുമില്ലെങ്കിൽ അദ്ദേഹം സ്വന്തം കൈപ്പടയിൽ മുദ്രാവാക്യമെഴുതി തന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. എം എൽ എമാർക്ക് നൽകുന്ന പാഡിൽ ഇങ്ങനെ വിളിച്ചാൽ പോരാ, ഇന്ന രീതിയിൽ വിളിക്കണം എന്ന് അദ്ദേഹം സ്വതഃസിദ്ധമായ ശൈലിയിൽ പറഞ്ഞുതരുമായിരുന്നു. അദ്ദേഹത്തിന് സ്വന്തം പാർട്ടിയുമായി അക്കാലത്ത് ചില അസ്വാരസ്യങ്ങൾ ഉള്ളത് സംബന്ധിച്ച് പത്രവാർത്തകൾ വന്നിരുന്നുവെങ്കിലും നിയമസഭയ്ക്ക് അതൊന്നും പ്രതിഫലിക്കാത്ത തരത്തിൽ വി.എസും കോടിയേരിയും സി.പി.ഐ കക്ഷിനേതാവ് സി. ദിവാകരനും വളരെ മികച്ച നിലയിൽ പ്രതിപക്ഷത്തെ സഭയിൽ കൊണ്ടുപോകുമായിരുന്നു. നിയമസഭയിൽ വി. എസ് പറയുന്ന വാക്കുകൾ അസ്ത്രം പോലെ ഭരണപക്ഷത്തേയ്ക്ക് തുളച്ചുകയറുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ നിയമസഭയിൽ ഒരു വിദ്യാർത്ഥിയെ പോലെ ഞങ്ങൾ നേരിൽകണ്ട് മനസ്സിലാക്കിയിട്ടുണ്ട്. സഭയ്ക്കകത്തെ സമരം പുറത്തേയ്ക്ക് വ്യാപിപ്പിച്ചപ്പോഴൊക്കെ വി.എസിന്റെ സാന്നിദ്ധ്യം വളരെ കരുത്ത് നൽകിയിരുന്നു.
കേരളത്തിലെ സമരമുഖങ്ങളിൽ ഓടിയെത്തി, സമരം ചെയ്യുന്നവരോട് കാണിക്കുന്ന ഐകദാർഢ്യവും സമരക്കാരുടെ വീറും വീര്യവും വർദ്ധിപ്പിക്കന്നതിനുതകുന്ന പ്രോത്സാഹനവുമൊക്കെയാണ് വി.എസിനെ എക്കാലത്തെയും പ്രിയപ്പെട്ട രാഷ്ട്രീയനേതാവാക്കുന്നത്. വി.എസിന്റെ ഇത്തരം ഇടപെടലുകൾ തന്നെയാണ് പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുന്നതിന് കളമൊരുക്കിയത് എന്ന കാര്യത്തിൽ തർക്കമില്ല. വി. എസ് എന്നാൽ വിപ്ലവവീര്യം ചോർന്നുപോകാത്ത ഉശിരൻ സഖാവ് എന്നാണല്ലോ അർത്ഥം.