വി.എസിലെ സഖാവേ,
സഖാവിന് എന്താണ് സംഭവിച്ചത്?

എന്താണ് വി.എസിന് ഒരു ബദലിലേയ്ക്ക് നീങ്ങാൻ കഴിയാതിരുന്നത്?. അടിസ്ഥാനപരമായി പാർട്ടിക്കാരനായിരുന്ന അദ്ദേഹത്തിന് മൗലികമായ ബദൽചിന്തകൾ ഉള്ളിൽ ഇല്ലാത്തതുകൊണ്ട് പോരാട്ടം തുടരുക സാധ്യമല്ലായിരുന്നു. സി.പി.ഐ- എം സ്കൂളിന്റെ ലക്ഷ്മണരേഖയ്ക്കപ്പുറം പോകാനുള്ള ശേഷി അദ്ദേഹത്തിന്റെ നിലപാടുകൾക്കുണ്ടായിരുന്നില്ല എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ സാവധാനമുള്ള കീഴടങ്ങലിന്റെ അടിസ്ഥാനകാരണം എന്നു വിലയിരുത്താവുന്നതേയുള്ളൂ.

നപക്ഷ ആശയത്തിന്റെ പ്രതീകമായാണ് വി.എസ് കേരളീയ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലത്തിൽ നിലനിന്നതും വളർന്നതും. സാമൂഹിക ഇടതുപക്ഷം എന്നു വിളിക്കാവുന്ന ജനാധിപത്യോന്മുഖമായ ഒരു വിശാല മണ്ഡലത്തിൽ ഇടതുകക്ഷിരാഷ്ട്രീയത്തിനും അപ്പുറം ഒരു കാലത്ത് വി.എസ് നിറഞ്ഞുനിന്നു. ആ കാലത്തെ പോരാളിയായിരുന്ന വി.എസ് ആണ് ഇന്നും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന വി എസ്.

മൂന്ന് ടേമുകളിലായി 14 വർഷം പ്രതിപക്ഷനേതാവായി പ്രവർത്തിച്ച കാലത്തു നടത്തിയ പ്രക്ഷോഭാത്മക പ്രവർത്തനങ്ങളാണ് വി. എസിന് കേരള സമൂഹത്തിൽ അത്തരമൊരു സ്ഥാനം നേടിക്കൊടുത്തത്. പ്രതിപക്ഷ നേതാവ് എന്ന പാർലിമെന്ററി പദവിയെ അദ്ദേഹം മുമ്പൊന്നും കാണാത്ത വിധത്തിൽ പുതിയ മാനങ്ങൾ നൽകി വികസിപ്പിച്ചു. കേരളമൊട്ടുക്കും പ്രത്യക്ഷപ്പെട്ട് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയും പുതിയ സമരങ്ങൾ വികസിപ്പിച്ചും അതുവരെ അറിയപ്പെടാതിരുന്ന മേഖലകളിൽ സമരമുഖങ്ങൾ തുറന്നും അദ്ദേഹം സി.പി.ഐ- എം എന്ന പാർട്ടിയ്ക്കും എൽ.ഡി.എഫ് എന്ന കക്ഷിരാഷ്ട്രീയ മുന്നണിക്കും അപ്പുറം ജനസമൂഹത്തിന്റെ മൊത്തം നേതാവായിത്തീർന്നു. തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും ബുദ്ധിജീവികൾക്കിടയിലും ഒരുപോലെ അദ്ദേഹം സഖാവായി.

വി.എസ്. അച്യുതാനന്ദൻ

കക്ഷിരാഷ്ട്രീയപരമായ ഭരണമാറ്റത്തെ ലക്ഷ്യം വെക്കുന്നതിനപ്പുറം സാമൂഹ്യമാറ്റത്തെ ലക്ഷ്യമിടുന്ന ചലനങ്ങൾക്ക് പ്രചോദനമായി, എല്ലാ തലത്തിലും വി.എസ് നിലകൊണ്ടു. വിവിധ സമരകേന്ദ്രങ്ങൾ വി.എസിന്റെ സാന്നിദ്ധ്യത്താൽ ശ്രദ്ധാകേന്ദ്രങ്ങളാവുകയും പല സമരങ്ങളും വിജയത്തിലെത്തുകയും ചെയ്തു. വി.എസ് എന്ന കമ്യൂണിസ്റ്റിന്റെ നൂറാം ജന്മദിനമാണിന്ന്. പ്രായത്തിന്റെ അവശതകളിലാണ് അദ്ദേഹമിപ്പോൾ. എങ്കിലും വി.എസിലെ സഖാവിനെ തിരയുന്നുണ്ട്, കേരളജനത.

വി.എസിന്റെ ഉൾപ്പാ‍ർട്ടി പോരാട്ടത്തിന് തുടർച്ചകളുണ്ടാതെ പോയിട്ടുണ്ടെങ്കിൽ ആ പോരാട്ടത്തിന്റ ആശയതലത്തിലുള്ള പരിമിതി കൂടി അതിലൂടെ വെളിപ്പെടുന്നുണ്ട്.

പാർട്ടിയിലും ഭരണത്തിലും സമരം

അനാഥത്വത്തിന്റെ നോവും ദാരിദ്ര്യത്തിന്റെ കയ്‍പും നിറഞ്ഞ ബാല്യമായിരുന്നു വി.എസിന്റേത് എന്നു നമുക്കറിയാം. പോരാട്ടത്തിന്റെ ഇതിഹാസം രചിച്ച യുവത്വം. പ്രസ്ഥാനത്തോടും കമ്യൂണിസ്റ്റ് ആശയത്തോടും കാണിച്ച ആ ആത്മസമർപ്പണം അനുപമമായിരുന്നു. യാതനാനിർഭരമായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്. അച്യുതാനന്ദന് പരുക്കനും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രകൃതം സ്വായത്തമായത്.

1964-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആളായ വി.എസ് പാർട്ടിവേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെട്ട വി.എസ് പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കാലത്ത് അദ്ദേഹം പ്രതിപക്ഷ നേതാവായതോടെയാണ്‌. മതികെട്ടാൻ പ്രശ്നം, പ്ലാച്ചിമട പ്രശ്നം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്നനയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തെ അസ്വസ്ഥമാക്കിയെങ്കിലും പൊതുജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു.

വി.എസ്. മുഖ്യമന്ത്രിയായ സമയത്തെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി

മുഖ്യമന്ത്രിയായശേഷം 2007-ൽ മൂന്നാറിൽ വി. എസിന്റെ നേതൃത്വത്തിൽ നടന്ന സർക്കാർഭൂമിയുടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ചില എതിർപ്പുകളെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഏറെ പ്രശംസ പിടിച്ചുപറ്റി. എന്നാലും 2006 മെയ് 18 മുതൽ 2011 മെയ് 14 വരെ അദ്ദേഹം മുഖ്യമന്ത്രിയായ കാലയളവിൽ നിന്നുള്ളതിനേക്കാൾ വി.എസിലെ കമ്യൂണിസ്റ്റ്പോരാളി പുറത്തുവന്നത് പ്രതിപക്ഷനേതാവ് കാലഘട്ടത്തിലെ സമരമുഹൂർത്തങ്ങളിലായിരുന്നു.

വി.എസ് വിഭാഗീയതയുടെ തടസ്സങ്ങൾ അതിജീവിച്ച് 2006- ൽ മുഖ്യമന്ത്രിയായതോടെ പാർട്ടിക്കുള്ളിൽ മാത്രമല്ല ഭരണത്തിനുള്ളിലും സമരം നടത്താൻ നിർബന്ധിതനായി. പാർട്ടി ലൈനിൽ മുഖ്യമന്ത്രിയെ നിർത്താൻ പലതലത്തിലും സംവിധാനങ്ങൾ പാർട്ടി ഏർപ്പെടുത്തി. തന്റേതായ വീക്ഷണത്തോടെ മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെയും പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിൽ അതിന് തടയിട്ടു. അപ്പോഴും പിന്നീടും വി.എസ് തന്റെ ഉൾരാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാവുന്നത്ര ശ്രമിച്ചു. ജനകീയരാഷ്ട്രീയത്തിന്റെ ചുവന്ന അടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പിന്നീടുള്ള ഒരു പതിറ്റാണ്ട് കേരള ജനത സാക്ഷ്യം വഹിച്ചത്.

2016- നു ശേഷം പാർട്ടിയുടെ കർശനമായ വിധികളെ മുറിച്ചുകടക്കാനുള്ള രാഷ്ട്രീയശേഷി അദ്ദേഹത്തിൽ നിന്ന് ചോർന്നുപോയതു പോലെയാണ് പുറത്തു നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിയുക.

2016- നു ശേഷം പാർട്ടിയുടെ കർശനമായ വിധികളെ മുറിച്ചുകടക്കാനുള്ള രാഷ്ട്രീയശേഷി അദ്ദേഹത്തിൽ നിന്ന് ചോർന്നുപോയതു പോലെയാണ് പുറത്തു നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിയുക. ഒരു കമ്യൂണിസ്റ്റിന് പാർട്ടിക്ക് പുറത്തും അകത്തും സമരം നടത്തേണ്ടിവരും. എന്നാൽ രണ്ടു സമരങ്ങളുടേയും സ്വഭാവം ഒരു പോലെയല്ല. സാമൂഹ്യമാറ്റത്തിനുവേണ്ടി നടത്തുന്ന സമരങ്ങൾ ചിലത് ആദ്യം പാർട്ടിക്കകത്ത് നടത്തി സഖാക്കളെ ബോധ്യപ്പെടുത്തിയാലേ പുറത്തേക്ക് കൊണ്ടുപോകാൻ കഴിയൂ. തന്റെ പാർട്ടി സഖാക്കളെ തന്റെ നിലപാട് പാർട്ടിക്കകത്തെ സമരത്തിലൂടെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ, അതെന്തു കാരണത്താലായാലും പാർട്ടിക്കുള്ളിൽ അയാൾ ഒറ്റപ്പെടും. വി.എസ് അത്തരമൊരു ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവോ?

പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ

കീഴടങ്ങിയ വി.എസ്

വി.എസിന്റെ കാര്യത്തിൽ അത്തരത്തിൽ ഒറ്റപ്പെടൽ ഉണ്ടായി എന്നുവേണം കരുതാൻ. തന്റെ നിലപാടുകൾക്കുവേണ്ടി താനും കൂടി പരിശ്രമിച്ച് ജന്മം നൽകിയ പ്രസ്ഥാനത്തിനുള്ളിൽ പോരാടി മുന്നേറാൻ ഒരു പരിധിയ്ക്കപ്പുറം അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രായത്തിന്റെ വിഷമതകൾ മാത്രമാണ് അതിനുകാരണം എന്നു കരുതാനാവില്ല. പാർട്ടിക്കകത്തുതന്നെയുള്ള കിടമത്സരം, വിഭാഗീയത എന്നതിനപ്പുറം ഒരു പുതിയ രാഷ്ട്രീയപരിപ്രേക്ഷ്യം അദ്ദേഹത്തിനു മുമ്പോട്ടുവെയ്ക്കാൻ ഉണ്ടായിരുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെ സന്ദർഭത്തിൽ പോലും അദ്ദേഹത്തിന് പരിമിതികളെ മറികടന്ന് പ്രതികരിക്കാനും മുമ്പോട്ടുപോകാനും സാധിച്ചു എന്നു പറയാനാവില്ല. കെ.കെ. രമയെ വീട്ടിലെത്തി സന്ദ‍ർശിച്ച് തന്റെ ഐക്യദാർഢ്യം പരോക്ഷമായി പ്രകടിപ്പിക്കാനും ടി.പി കമ്യൂണിസ്റ്റായിരുന്നു എന്നു പറയാനും പാർട്ടിക്ക് വധത്തിൽ പങ്കുണ്ടെന്നു സൂചിപ്പിക്കാനും കഴിഞ്ഞു എന്നത് വാസ്തവം തന്നെ. അതിനപ്പുറം അക്കാര്യത്തിൽ പാർട്ടിയിൽ ശക്തിപ്പെട്ട സോഷ്യൽ ഫാഷിസ്റ്റ് പ്രവണതയെ പ്രതിക്കൂട്ടിൽ നിർത്തി പോരാടുക എന്നത് അദ്ദേഹത്തിന് സാധിക്കാതെ വന്നു. ദുർബലനായ ഒരു വി.എസിനെയാണ് പിന്നീട് കേരളം കണ്ടത് എന്നുതന്നെ പറയേണ്ടിവരും. അത്തരമൊരു വി.എസിനെ പാർട്ടിയിലെ മറുവിഭാഗത്തിന് പരാജയപ്പെടുത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല.

അദ്ദേഹത്തിന്റെ പോരാട്ടം ഏറ്റെടുത്ത് മുമ്പോട്ടുപോകാൻ പാർട്ടിയിലെ സമാനമനസ്കർക്കോ യുവതലമുറയിൽപെട്ട അനുയായികൾക്കോ കഴിഞ്ഞതുമില്ല (അവരിൽ പലരും മറുകണ്ടം ചാടി പദവികൾ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു). മറ്റു ചിലർ ഒന്നും നടക്കില്ല എന്ന് മനസ്സിലാക്കി നേതൃത്വവുമായി സമരസപ്പെട്ടുപോകുക എന്ന നിലപാടിലുമെത്തി. പിന്നെ സാവധാനം ഒതുങ്ങുക എന്ന നിലപാടിലേക്ക് സ്വയം എത്തുകയാണ് അദ്ദേഹം ചെയ്തത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭരണപരിഷ്കാര കമീഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം രാഷ്ട്രീയകാര്യങ്ങളിൽ അദ്ദേഹം മൗനിയായി വർത്തിച്ചത് ചിലരിലെങ്കിലും ആശ്ചര്യം ജനിപ്പിച്ചിരിക്കും. അദ്ദേഹത്തിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ച ഒരു വിഭാഗം ഇതേത്തുടർന്ന് നിരാശരായി.

തൊണ്ണൂറുകളിലെ ഇലക്ഷൻ പ്രചാരണത്തിൽ ജീപ്പിന് മുകളിൽ കയറി നിന്ന് പ്രസംഗിക്കുന്ന വി.എസ്

എന്താണ് വി.എസിന് ഒരു ബദലിലേയ്ക്ക് നീങ്ങാൻ കഴിയാതിരുന്നത് എന്ന് രാഷ്ട്രീയവിദ്യാർത്ഥികളുടെ പഠനത്തിന് വിധേയമാകും എന്നു പ്രതീക്ഷിക്കാം. അടിസ്ഥാനപരമായി പാർട്ടിക്കാരനായിരുന്ന അദ്ദേഹത്തിന് മൗലികമായ ബദൽചിന്തകൾ ഉള്ളിൽ ഇല്ലാത്തതുകൊണ്ട് പോരാട്ടം തുടരുക സാധ്യമല്ലായിരുന്നു. സി.പി.ഐ- എം സ്കൂളിന്റെ ലക്ഷ്മണരേഖയ്ക്കപ്പുറം പോകാനുള്ള ശേഷി അദ്ദേഹത്തിന്റെ നിലപാടുകൾക്കുണ്ടായിരുന്നില്ല എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ സാവധാനമുള്ള കീഴടങ്ങലിന്റെ അടിസ്ഥാനകാരണം എന്നു വിലയിരുത്താവുന്നതേയുള്ളൂ. നയപരമായ കാര്യങ്ങളിൽ വി.എസിന് അടിസ്ഥാനപരമായ അഭിപ്രയവ്യത്യാസങ്ങൾ പാർട്ടിയുമായി ഉണ്ടായിരുന്നില്ല. എന്നാൽ പാർട്ടിയിൽ കാണപ്പെട്ട ചില രോഗലക്ഷണങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു താനും. അതിന് ചില ചെറിയ ചികിൽസകൾക്കപ്പുറം അദ്ദേഹത്തിന്റെ കൈവശം മറ്റൊന്നുമുണ്ടായിരുന്നില്ല എന്നു വേണം കരുതാൻ. അതുകൊണ്ടുതന്നെ സഹജാതരുടെ കുടുംബകലഹവും അവസാനത്തിലുള്ള ഒത്തുതീർപ്പുമായി മൊത്തം കാര്യങ്ങൾ പര്യവസാനിച്ചു.

വി.എസിന്റെ സമരങ്ങൾക്ക് പലപ്പോഴും സംഭവിച്ച പാളിച്ചകളിലൊന്ന്, ജനവിരുദ്ധ കുത്തകമാധ്യമങ്ങൾക്ക് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിൽ അവ മാറിത്തീർന്നു എന്നതാണ്.

പാർട്ടിക്കകത്ത് വിഭാഗീയത പടർന്നുപിടിച്ച ഘട്ടത്തിലും പാർട്ടിക്കുപുറത്തെ ഇടതുപക്ഷാനുഭാവികളുടെ മണ്ഡലത്തിൽ വി.എസ് സ്വീകാര്യനായി. അതുകൊണ്ടുതന്നെ പാർട്ടിയിലെ എതിരാളികൾക്കും അദ്ദേഹത്തെ വലിയ പരിധി വരെ അംഗീകരിക്കേണ്ടിവന്നു. 1940- ൽ, 17-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ വി.എസിൽ നിന്ന് പാർട്ടി അച്ചടക്ക നടപടികൾ പല ഘട്ടത്തിലും അകലം പാലിച്ചു. സി.പി.ഐ- എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാൾ എന്ന പദവിയും ഇതിന് കാരണമായി. ‘വി.എസിനുകിട്ടുന്ന പരിഗണന നിങ്ങൾക്ക് കിട്ടില്ല’ എന്ന് പാർട്ടി യോഗങ്ങളിൽ നേതാക്കൾ വി.എസിനൊപ്പം നിലകൊണ്ടവരെ ജാഗ്രതപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവിധ സന്ദർഭങ്ങളിൽ വി.എസിന് പറ്റിയ ചില പിഴവുകൾ ഇടതുപക്ഷ ജനസാമാന്യം കാര്യമാക്കിയില്ല. കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായതും മലപ്പുറത്തെ വിദ്യാർത്ഥികളുടെ പരീക്ഷാവിജയത്തെ കുറിച്ച് സാമുദായികനിറം ആരോപിക്കാവുന്ന രീതിയിൽ പ്രസ്താവന നടത്തിയതും വലിയ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനിടെയുണ്ടായ ചെറിയ തെറ്റുകൾ എന്ന നിലയിൽ കാണാനായിരുന്നു അദ്ദേഹത്തിലെ പോരാളിയെ സ്നേഹിച്ചവർക്കിഷ്ടം.

വി.എസിന്റെ ഒരു രാഷ്ട്രീയയോഗം

2006 ലും 2011 ലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ പാർട്ടി മത്സരരംഗത്തിറക്കുകതന്നെ ചെയ്തു. രണ്ടു സന്ദർ‍ഭങ്ങളിലും കേന്ദ്രനേതൃത്വം ഇടപെട്ട് നടത്തിയ തിരുത്തൽ നിർണായകമായി. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കാനും കേന്ദ്രനേതൃത്വം ഇടപെടേണ്ടി വന്നു. എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം പി.ഡി.പിയുമായി ഉണ്ടാക്കിയ നീക്കുപോക്കിന്റെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിനെതിരായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. 2009- ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയുമുണ്ടായി.

പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് ജനകീയനാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിലെ നീക്കുപോക്കുകളില്ലാത്ത സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. തിരഞ്ഞെടുപ്പു യോഗങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ രാഷ്ട്രീയത്തിനതീതമായി ജനം ഒഴുകിയെത്തി.

സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നെല്ലാം അച്യുതാനന്ദനെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുമെങ്കിലും അതവരുടെ മാർക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ഉപായം മാത്രമായിരുന്നു. പ്രത്യേകിച്ചും പാർട്ടിക്കകത്തെ പോരാട്ടങ്ങളുടെ കാര്യത്തിൽ.

വി.എസ് ശൂന്യമാക്കിയ ഇടങ്ങൾ

ഇപ്പോൾ വി.എസ് സജീവമായി കേരളത്തിൽ രാഷ്ട്രീയരംഗത്ത് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ധാരാളമുണ്ടാവാം. വി.എസ് എന്നത് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ഒരാശയത്തിന്റെ പേരായി മാറിയിട്ടുണ്ടായിരുന്നു എന്നതുകൊണ്ടാണ് അത്. ആ ഓർമയിലാവും അത്തരമൊരു ആഗ്രഹം പിറവിയെടുക്കുന്നത്. ഇടതുമുന്നണി കേരളം ഭരിക്കുന്ന സമകാലിക സന്ദർഭത്തിൽ സർക്കാരെടുത്ത അനേകം നടപടികളിലും സമീപനങ്ങളിലും വിയോജിക്കുന്നവർ ഇടതുപക്ഷത്തുതന്നെ ധാരാളമുണ്ട്. പാർട്ടിക്കുള്ളിലും നിരവധിയുണ്ട്. ഇടതുപക്ഷത്തു തന്നെ നിലയുറപ്പിച്ച് അവയെ എതിർത്തുതോൽപ്പിക്കണം എന്നാഗ്രഹിക്കുന്നവർക്ക് പ്രതിപക്ഷത്തോടൊപ്പം അവയ്ക്കെതിരായുള്ള സമരങ്ങളിൽ അണിചേരാനാവില്ല. ആ സന്ദർ‍ഭത്തിലാണ് വി. എസിനെപ്പോലെ ഒരാളെ ഇടതുജനത തേടുന്നത്. ആ ശൂന്യത ഇപ്പോൾ അനുഭവിക്കുകയും ചെയ്യുന്നു.

താഹ- അലൻ യു.എ.പി.എ അറസ്റ്റ്, മാവോയിസ്റ്റ് വേട്ട, പോലീസ് ലോക്കപ്പ് മരണം ഉൾപ്പെടെയുള്ള പൊലിസ് നടപടികൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ ശബ്ദം ആവശ്യമുണ്ടായിരുന്നു. അത് ഇന്നില്ല. ജനപക്ഷത്തുനിന്ന് ചിന്തിക്കുകയും ഭരണമുള്ള കാലഘട്ടത്തിൽപോലും അതിൽ ഉറച്ചുനിന്ന് വിട്ടുവീഴ്ച ചെയ്യാതെ പോരാടുകയും വാസ്തവം വിളിച്ചുപറയുകയും ചെയ്യുന്ന രാഷ്ട്രീയം ഇന്നാവശ്യമുണ്ട്. അത്തരം തുറസ്സുകൾ ഇടതുപക്ഷ മണ്ഡലത്തിനകത്തുനിന്നുതന്നെ ഉയർന്നുവരേണ്ടതും നിലനിൽക്കേണ്ടതുമാണ്. അത്തരമൊന്നിന്റെ പ്രതീകമായി ഇടതുമനസ്സിൽ വി. എസ് എന്ന നാമം ഇന്നും നിലകൊള്ളുന്നു.

വി.എസിന്റെ സമരങ്ങൾക്ക് പലപ്പോഴും സംഭവിച്ച പാളിച്ചകളിലൊന്ന്, ജനവിരുദ്ധ കുത്തകമാധ്യമങ്ങൾക്ക് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിൽ അവ മാറിത്തീർന്നു എന്നതാണ്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നെല്ലാം അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുമെങ്കിലും അതവരുടെ മാർക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ഉപായം മാത്രമായിരുന്നു. പ്രത്യേകിച്ചും പാർട്ടിക്കകത്തെ പോരാട്ടങ്ങളുടെ കാര്യത്തിൽ. അത്തരമൊരു ഉപയോഗപ്പെടുത്തലിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ വി.എസിനും കൂട്ടർക്കും കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് സംഭവിച്ച ജീർണതക്കെതിരെ നടത്തേണ്ടുന്ന സമരങ്ങൾ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ ആകാൻ പറ്റില്ല. കാരണം അത് ആത്യന്തികമായി വലതുവൽക്കരണത്തിനെതിരായ സമരമാണ്. ഇക്കാര്യത്തിൽ നിഷ്കർഷ പുലർത്താൻ ഓരോ മാർക്സിസ്റ്റിനും ഉത്തരവാദിത്തമുണ്ട്.

മൂന്നാറിലെ സ്ത്രീപോരാട്ടങ്ങൾക്ക് അഭിവാദ്യം അറിയിക്കുന്ന വി.എസ്

പോരാട്ടത്തിന് അവധികൊടുക്കാത്ത വി.എസ് എന്ന ജനനേതാവിൽ സമീപകാലത്ത് കാണപ്പെട്ട നിസ്സഹായതയും അതിന്റെ ഫലമായി നടത്തേണ്ടിവന്ന ഒത്തുതീര്‍പ്പുകളും ഇന്ന് കേരളജനതക്കുമുമ്പിലുണ്ട്. വി.എസ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പ്രാധാന്യം പക്ഷേ, ഇതൊന്നും കൊണ്ട് ഇല്ലാതാകുന്നില്ല. നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമായി, നാവായി ഒരു കമ്യൂണിസ്റ്റ് ഒരു കാലത്ത് പ്രവര്‍ത്തിച്ചതിന്റെ ആവേശം നിറഞ്ഞ നേരനുഭവങ്ങളാണത്‍ അവ. പ്രതിപക്ഷ നേതാവ് എന്ന പദം അന്വര്‍ഥമാക്കിയ പോരാട്ടങ്ങളായിരുന്നു അവ. താൻ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനത്തിന്റെ ബോധപൂര്‍വ്വമായ നിസ്സഹകരണത്തിന്റെ നടുവിലാണ് ഈ സമരമത്രയും ഇക്കാലയളവിൽ ആ പ്രക്ഷോഭകാരി നടത്തിയത്.

പലപ്പോഴും ആരാധകസംഘങ്ങൾ പ്രതിച്ഛായാനിര്‍മ്മാണത്തില്‍ വ്യാപൃതരായി എന്നും വി.എസ് തന്നെ അതിന് മൗനാനുവാദം കൊടുക്കുന്ന സ്ഥിതിയുണ്ടായി എന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്.

പാര്‍ട്ടി ബ്യൂറോക്രസിയുടെ ക്രൗര്യങ്ങളെ, വരേണ്യവര്‍ഗ പരിഹാസങ്ങളെ സഹനങ്ങളാല്‍ മറികടന്ന് മണ്ണിന്റെയും മനുഷ്യരുടെയും തേങ്ങലുകള്‍ക്ക് പരിഹാരം തേടിയുള്ള എണ്ണമറ്റ യാത്രകള്‍ അതിലുണ്ട്. പാര്‍ട്ടി പരിപാടികള്‍ക്കപ്പുറം വി.എസ്സിന്റെ ഇടപെടല്‍ മേഖലകള്‍ അമ്പരപ്പിക്കും വിധം വൈപുല്യമാര്‍ന്നതായിരുന്നു. ആദിവാസി പീഡനം മുതൽ ഐടി @ സ്കൂൾ സ്വകാര്യവൽക്കരണനീക്കം വരേയും എന്‍ഡോസള്‍ഫാന്‍ വിഷബാധിതരുടെ പ്രശ്നം മുതൽ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വരേയും അത് വൈവിധ്യമാർന്നതുമായിരുന്നു.
ഇരകള്‍ക്കു മുന്‍പില്‍ വികാരധീനനാകുന്ന വി. എസ്. ഇടുക്കിയിലെ കഞ്ചാവുകൃഷിക്കെതിരെ തളരാതെ യാത്രക്ക് നേതൃത്വം വഹിച്ച വി.എസ്. സംശുദ്ധമായ ഇടതുപക്ഷരാഷ്ട്രീയമാണ് നമ്മുടെ ശക്തി എന്ന് ഒരോ സന്ദർഭത്തിലും വി.എസ് പാര്‍ട്ടിയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

വി.എസ്. അച്യുതാനന്ദൻ, സീതാറാം യെച്ചൂരി എന്നിവർ വാർത്താസമ്മേളനത്തിൽ

ആരാധകസംഘങ്ങളുടെ ഉപരിപ്ലവതയില്‍നിന്ന് മാറി അവയുടെ പ്രസക്തി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഒപ്പം, അദ്ദേഹത്തിന്റെ പരിമിതികൾ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വേണം. ഭാവിതലമുറ അത് ചെയ്യാതിരിക്കില്ല. ഇതിനിടയിൽ പലപ്പോഴും ആരാധകസംഘങ്ങൾ പ്രതിച്ഛായാനിര്‍മ്മാണത്തില്‍ വ്യാപൃതരായി എന്നും വി.എസ് തന്നെ അതിന് മൗനാനുവാദം കൊടുക്കുന്ന സ്ഥിതിയുണ്ടായി എന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ വരവില്‍ കവിഞ്ഞ് സമ്പാദിക്കുന്ന സ്വത്ത് കണ്ടുകെട്ടാനുള്ള നിയമനിര്‍മ്മാണം പോലുള്ളവ മുഖ്യമന്ത്രിയായ കാലത്ത് പ്രാവര്‍ത്തികമാകാഞ്ഞത് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടു തന്നെ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യാനുള്ള സന്നദ്ധത വി.എസ് പ്രകടിപ്പിക്കാഞ്ഞതുകൊണ്ടാണ് എന്ന വിമർശനവും തള്ളിക്കളയാനാകില്ല.

ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടികൾ ഉപേക്ഷിച്ചുപോയ ഇടതിടം തിരിച്ചുപിടിക്കാനും വിവിധ സമരങ്ങളെ ഏകോപിപ്പിച്ച് ഒരു വേദിയൊരുക്കാനും സി.പി.ഐ- എമ്മിൽനിന്ന് വി. എസ് ഇറങ്ങിവരും എന്നു പ്രതീക്ഷിച്ചവരെ വി. എസിന്റെ നിഷ്ക്രിയതയിലേക്കുള്ള സംക്രമണം ദുഃഖിപ്പിച്ചിരിക്കും.

വികസനത്തിന്റെ പേരിൽ കോർപ്പറേറ്റ് ശക്തികൾക്ക് നിർബാധം ഭൂമിയും വിഭവങ്ങളും ഒരുക്കിക്കൊടുക്കാനുള്ള പാർട്ടിയുടെ ചില നേതാക്കളുടെ ശുപാർശകൾ മുഖ്യമന്ത്രിക്കാലത്ത് അദ്ദേഹത്തിന് തിരസ്കരിക്കാൻ കഴിഞ്ഞു. എന്നാൽ സാമ്രാജ്യത്വാശ്രിത സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരൻ എന്ന നിലയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ സ്വാഭാവികമായും കഴിഞ്ഞില്ല. ഇതു തുറന്നുപറയാനും ജനങ്ങളെ സംഘടിപ്പിച്ച് ബദൽമാർഗ്ഗങ്ങൾ തേടാനുമുള്ള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം പോയതുമില്ല. ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടികൾ ഉപേക്ഷിച്ചുപോയ ഇടതിടം തിരിച്ചുപിടിക്കാനും വിവിധ സമരങ്ങളെ ഏകോപിപ്പിച്ച് ഒരു വേദിയൊരുക്കാനും സി.പി.ഐ- എമ്മിൽനിന്ന് വി. എസ് ഇറങ്ങിവരും എന്നു പ്രതീക്ഷിച്ചവരെ വി. എസിന്റെ നിഷ്ക്രിയതയിലേക്കുള്ള സംക്രമണം ദുഃഖിപ്പിച്ചിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരം വിവേചനങ്ങൾക്കെതിരെ രൂപപ്പെട്ട സമരോത്സുകസ്വഭാവമുള്ള ജനസഞ്ചയങ്ങൾ അത്രമൊരു ഇറങ്ങിവരൽ പ്രതീക്ഷിച്ചിരുന്നിരിക്കാം.

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിഞ്ജ

എൽ.ഡി.എഫ് തുടർച്ചയായി രണ്ടാമതും വിജയിച്ച് സംസ്ഥാനഭരണം കൈയാളുന്ന ഇന്ന് തിരുത്തൽ ശക്തിയായി ഒരു വി.എസ് രാഷ്ട്രീയം ഇല്ല എന്നത് ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിന് ഒരു വ്യക്തി ഇല്ല എന്നതിനേക്കാൾ ആശങ്കപ്പെടേണ്ടത് അത്തരമൊരു രാഷ്ട്രീയം ഉയർന്നുവരുന്നില്ല എന്ന കാര്യത്തിലാണ് എന്നുതോന്നുന്നു. ജനങ്ങൾക്കുമേൽ ആ‍ജ്ഞകളുടെ രൂപത്തിൽ അച്ചടക്കബദ്ധരാവാൻ നിർദ്ദേശങ്ങൾ ചൊരിയുന്നതിനുപകരം, പ്രസ്ഥാനത്തിന് സംഭവിച്ച അപചയങ്ങൾ സത്യസന്ധമായി ജനങ്ങളോട് തുറന്നുപറയാൻ എക്കാലത്തും വിമതത്വം ആവശ്യമുണ്ട്.

തുടർച്ചയായി നാല് പതിറ്റാണ്ടുകൾ പാർട്ടി ഭരണം കൈയാളിയ ഒരു ബാങ്കിൽ ആസൂത്രിതമായി നിക്ഷേപകരെ കൊള്ളയടിക്കുമ്പോൾ സത്യസന്ധമായ ഒരു സ്വയംവിമർശനം നടത്താൻ ഒരാളില്ലാതെ പോയി എന്നത് അത്തരമൊരു രാഷ്ട്രീയത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വി.എസിന്റെ ഉൾപ്പാ‍ർട്ടി പോരാട്ടത്തിന് തുടർച്ചകളുണ്ടാതെ പോയിട്ടുണ്ടെങ്കിൽ ആ പോരാട്ടത്തിന്റ ആശയതലത്തിലുള്ള പരിമിതി കൂടി അതിലൂടെ വെളിപ്പെടുന്നുണ്ട്. സ്വയംവിമർശനത്തിന് കമ്യൂണിസ്റ്റ് ആർജ്ജവവും ആത്മധൈര്യവും ആത്മവിശ്വാസവും വേണം. അതിനുപകരം ആരും ഒറ്റു കൊടുക്കരുതെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നതെങ്കിൽ സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കലാണത്. ഇവിടെ വി. എസിലെ സഖാവിന്റെ അഭാവം നാം അനുഭവിക്കുന്നു.

Comments