സുരേഷ് ഗോപിയുടെ വിജയത്തില്‍ മറുപടി പറയേണ്ടത് കോൺഗ്രസ്- വി.എസ്. സുനില്‍കുമാര്‍

‘‘കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടു കൂടി വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു ലക്ഷം വോട്ടുകള്‍ നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും വളരെ ഗൗരവത്തോടു കൂടി നോക്കി കാണണം’’- വി.എസ്. സുനിൽകുമാർ.

Election Desk

കേരളമൊന്നാകെ കോണ്‍ഗ്രസിന് അനുകൂലമായ ട്രെന്‍ഡുണ്ടായിട്ടും തൃശ്ശൂരില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍.

എഴുപതിനായിരത്തിലധികം വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് തൃശ്ശൂരില്‍ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ജയിച്ചത്. കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്കുപോയി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വി.എസ്. സുനില്‍ കുമാര്‍ ലീഡ് പിടിച്ചെങ്കിലും പിന്നീട് സുരേഷ് ഗോപി ലീഡുയർത്തുകയായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേഡര്‍ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് വി.എസ് സുനില്‍ കുമാര്‍ പറയുന്നത്: “ 2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷ മുന്നണിയുടെ വോട്ടില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടു കൂടി വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു ലക്ഷം വോട്ടുകള്‍ നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും വളരെ ഗൗരവത്തോടു കൂടി നോക്കി കാണണം. ഈ വിഷയത്തില്‍ വിവാദത്തിന് താല്‍പ്പര്യപ്പെടുന്നില്ല. മതേതരത്വത്തിനുവേണ്ടി, വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഞാന്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിരാശപ്പെടാനില്ല, വര്‍ഗീയതയ്‌ക്കെതിരായി മുന്നോട്ടു പോവുക തന്നെ ചെയ്യും

തൃശ്ശൂരില്‍ അതിദയനീയമായിരുന്നു മുരളീധരന്റെ പ്രകടനം. കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളില്‍പോലും മുരളിധരന് പിടിച്ചുനില്‍ക്കാനായില്ല. പത്മജയുടെ ബി.ജെ.പി പ്രവേശനം അടക്കമുള്ള ഘടകങ്ങളിലൂടെ ആടിനിന്നിരുന്ന മധ്യവര്‍ഗ- സവര്‍ണ വിഭാഗ വോട്ടുകളെ മുരളീധരനിലൂടെ ഉറപ്പിച്ചുനിര്‍ത്താമെന്ന് കോണ്‍ഗ്രസ് കരുതിയെങ്കിലും അത് സുരേഷ് ഗോപിക്ക് ഗുണമാവുകയാണ് ചെയ്തത്.

Comments