വടകര: സോഷ്യലിസ്റ്റുകളാണ്, ഒരേ മുന്നണിയാണ്; എന്നിട്ടും...

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ലോകത്തുതന്നെ സോഷ്യലിസ്റ്റുകൾ തമ്മിൽ ഇത്ര വീറോടെയും വാശിയോടെയും പോരാട്ടം നടത്തുന്ന മറ്റൊരു സ്ഥമില്ല; വടകരയെപ്പോലെ. എന്തുതരം സോഷ്യലിസ്റ്റുകളായാലും അവരുടെ ചോരയുടെ നിറംനോക്കാതെ, തൊലിപ്പുറമേയെങ്കിലും സോഷ്യലിസമുണ്ടോയെന്ന് തൊട്ടുനോക്കി കണ്ണുംപൂട്ടി ജയിപ്പിച്ചുവിട്ട പാരമ്പര്യം. ആ പാരമ്പര്യത്തിന്റെ അവകാശത്തർക്കമാണ് ഇടതുപക്ഷ ജനതാദൾ- എസും ഇടതുപക്ഷ എൽ.ജെ.ഡിയും തമ്മിൽ നടക്കുന്നത്.

2016ൽ രണ്ടു മുന്നണികളിലായിട്ടായിരുന്നു മൽസരം: ജനതാദൾ- എസിലെ സി.കെ. നാണു 9511 വോട്ടിന് ജെ.ഡി- യുവിലെ മനയത്ത് ചന്ദ്രനെയാണ് തോൽപ്പിച്ചത്. അതേ ജെ.ഡി-യു എൽ.ജെ.ഡിയായി ഇപ്പോൾ ഇടതുപക്ഷത്താണ്.

സി.കെ. നാണു / വര: ദേവപ്രകാശ്

രണ്ടുമുന്നണികളിലാകുമ്പോൾ മൽസരത്തിന് ഒരു ന്യായമൊക്കെയുണ്ടായിരുന്നു. ഇപ്പോഴോ? സോഷ്യലിസ്റ്റുകൾ ഒരു മുന്നണിയിലായതിനാൽ കഴിഞ്ഞ തവണത്തെ കണക്കനുസരിച്ച് വടകരയിൽ ജയം ഉറപ്പാണ് എൽ.ഡി.എഫിന്. ആ ഉറപ്പായ ജയം സ്വന്തമാക്കാനുള്ള മൽസരം കൂടിയാണിപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് ഇരുപാർട്ടികളുടെയും ലയനത്തിന് സി.പി.എം ഏറെ വിയർപ്പൊഴുക്കി. ഇതാ, തീരുമാനവും വന്നു; ലയനമില്ലെന്ന് എൽ.ജെ.ഡി ഉറപ്പിച്ചു. കാരണം ഇടതുകുടുംബത്തെ ധരിപ്പിക്കുകയും ചെയ്തു: ‘‘വിവാഹത്തിനുമുമ്പ് വധൂവരന്മാരുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് അന്വേഷിക്കാറുണ്ടല്ലോ. അങ്ങനെ അന്വേഷിക്കുമ്പോൾ ദേശീയതലത്തിൽ ജെ.ഡി- എസിനെപ്പറ്റി നല്ല അഭിപ്രായമില്ല.

കർണാടകയിൽ ബി.ജെ.പിയുമായി ചേർന്ന് ലെജിസ്‌ലേറ്റീവ് കൗൺസിലിൽ ഭരണം നടത്തുന്ന പാർട്ടിയാണ് അത്. അവരുടെ സഹായത്തോടെയാണ് ഗോവധനിരോധന നിയമം ബി.ജെ.പി നടപ്പാക്കിയത്''- ലയനമൊഴിയാനുള്ള എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരീസിന്റെ ‘വക്കീൽ നോട്ടീസി'ൽ പറയുന്ന വാദങ്ങൾ എൽ.ഡി.എഫിന് എളുപ്പം ദഹിക്കും- അതായത്, ബി.ജെ.പി സേവയുള്ള ഒരു പാർട്ടിക്ക് എങ്ങനെയാണ് സീറ്റ് കൊടുക്കുക എന്ന് സി.പി.എമ്മിനിപ്പോൾ ജെ.ഡി- എസിന്റെ മുഖത്തുനോക്കി ചോദിക്കാം.

എന്നാൽ, അതിലും വലിയൊരു ചോദ്യം ഇടതുമുന്നണിയുടെ തലക്കുമീതെ വാളായി തൂങ്ങിക്കിടപ്പുണ്ടല്ലോ? ഒരു ‘സംഘ്പരിവാർ സോഷ്യലിസ്റ്റ് പാർട്ടി'യെ എങ്ങനെയാണ് ഇടതുകുടുംബത്തിൽ പാർപ്പിക്കുക? ഉടൻ വേണ്ടതല്ലേ വിവാഹമോചനം? ലയനം വേണ്ട എന്നതിനുപകരം, മുന്നണിയിൽനിന്നുതന്നെ ഇവരെ പുറത്താക്കണം എന്നല്ലേ എൽ.ജെ.ഡി ശരിക്കും ആവശ്യപ്പെടേണ്ടത്? കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയിലുള്ള, എം.വി. ശ്രേയാംസ്‌കുമാർ എം.പിക്കും ലയനത്തിൽ അത്ര തൃപ്തി പോരാ.

ഇരുപാർട്ടികളും ലയിച്ചാൽ, 2006ലേതുപോലെ എട്ടുസീറ്റ് നൽകാമെന്നായിരുന്നു സി.പി.എം ഉറപ്പ്. എന്നാൽ, എൽ.ജെ.ഡി ഒറ്റക്ക് ഏഴു സീറ്റാണ് ചോദിച്ചിരിക്കുന്നത്, അതും സി.പി.എമ്മിന്റെ സീറ്റുകൾ. ജെ.ഡി- എസാകട്ടെ, കഴിഞ്ഞ തവണത്തേതുപോലെ അഞ്ചു സീറ്റും. എന്നാൽ, മുന്നണിയിലേക്ക് പുതിയ പാർട്ടികൾ വന്ന സ്ഥിതിക്ക് ‘അൽപം അഡ്ജസ്റ്റുമെന്റൊക്കെ' വേണമെന്നാണ് ജെ.ഡി- എസിനുള്ള സി.പി.എം തിട്ടൂരം. അതായത്, സിറ്റിംഗ് സീറ്റായ വടകര വിട്ടുനൽകണമെന്നാണ് ഉത്തരവ്. അത്, മറ്റൊരു ഘടകകക്ഷിയായ എൽ.ജെ.ഡിക്കുനൽകുന്നത് എന്തുതരം അഡ്​ജസ്​റ്റുമെൻറാണ്​ എന്ന്​ ഇടതുപക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾപോലും ഒരെത്തുംപിടിയും കിട്ടുന്നുമില്ല.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സി.പി.എമ്മിന് എൽ.ജെ.ഡിയോട് ഒരുപണത്തൂക്കം താൽപര്യക്കൂടുതലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും അവർക്കായിരുന്നു മുൻതൂക്കം. സി.പി.എമ്മിന്റെ ഒത്താശയിൽ എൽ.ജെ.ഡി സ്വന്തം നിലക്ക് തെരഞ്ഞെടുപ്പുകൺവെൻഷൻ വരെ നടത്തിക്കഴിഞ്ഞു. ശക്തി തെളിയിക്കാൻ ജെ.ഡി- എസിനെ വെല്ലുവിളിച്ച് വടകര ടൗണിൽ പ്രകടനവും നടത്തി. ഇരുപാർട്ടികളും ഒരു മുന്നണിയിലായതിനാൽ, സിറ്റിംഗ് സീറ്റ് എന്ന വാദത്തിന് അർഥമില്ലെന്നാണ് എൽ.ജെ.ഡി പറയുന്നത്. മനയത്ത് ചന്ദ്രൻ തന്നെയാകും സ്ഥാനാർഥിയെന്നും ഏതാണ്ട് ഉറപ്പാണ്. എന്നാൽ, വർഷങ്ങളായി വിജയിച്ചുകൊണ്ടിരിക്കുന്ന വടകര വിട്ടുനൽകില്ലെന്ന് ജെ.ഡി- എസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് ചർച്ച പോലുമില്ലെന്ന നിലപാടിലാണ് അദ്ദേഹം. സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ദേശീയ അധ്യക്ഷൻ പിരിച്ചുവിട്ട് താൽക്കാലിക കമ്മിറ്റിയുണ്ടാക്കിയപ്പോൾ, അതിനെതിരെ പുതിയ സംസ്ഥാന കമ്മിറ്റിയുണ്ടാക്കാൻ നാണു നീക്കം നടത്തിയിരുന്നു. വടകര ഉറപ്പുനൽകിയാണ് നാണുവിനെ ഇതിൽനിന്ന്​ തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ, വടകര പാർട്ടിക്ക് അഭിമാനപ്രശ്‌നമല്ല, നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്.

എൽ.ഡി.എഫിന്റെ അതേ അവസ്ഥയിലാണ്, അതിലും പരിതാപകരമാണെന്നും പറയാം യു.ഡി.എഫിന്റെ കാര്യം. മണ്ഡലത്തിൽ വോട്ടുള്ള ആർ.എം.പിയും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലാണ് വടംവലി. സാക്ഷാൽ കെ.പി.സി.സി പ്രസിഡന്റിന് പ്രത്യേക താൽപര്യമുള്ള, അദ്ദേഹത്തിന്റെ കൂടി സ്ഥലമായതിനാൽ പോരിന് വീര്യമേറുന്നു.

2016ൽ സ്വതന്ത്രയായി മൽസരിച്ച ആർ.എം.പിയിലെ കെ.കെ. രമ 20,346 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ ജയിക്കുകയും തോൽക്കുകയും ചെയ്ത കക്ഷികൾ ഒരേ മുന്നണിയിലായ സ്ഥിതിക്ക്, ഇത്തവണ രമക്ക് യു.ഡി.എഫ് പിന്തുണ നൽകുകയാണെങ്കിൽ അത് മൽസരത്തിന്റെ ഗതി തിരിച്ചുവിടുമെന്ന കോമൺസെൻസാണ് സ്ഥലം എം.പി കെ. മുരളീധരനെ നയിക്കുന്നത്. അതിനായി അദ്ദേഹം ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ, താൻ മൽസരിക്കുന്നില്ലെന്ന് രമ പ്രഖ്യാപിച്ചതോടെ മുരളിയുടെ പ്ലാൻ ഏതാണ്ട് സ്തംഭിച്ച മട്ടാണ്. താനില്ലെങ്കിലും, യു.ഡി.എഫ് പിന്തുണയില്ലെങ്കിലും വടകരയിൽ ആർ.എം.പി മൽസരിക്കുമെന്ന് രമ വ്യക്തമാക്കിയ സ്ഥിതിക്ക് പാർട്ടി സംസ്ഥാന അധ്യക്ഷൻ എൻ. വേണുവായിരിക്കും സ്ഥാനാർഥി. അപ്പോഴതാ, മുല്ലപ്പള്ളിയുടെ വക പൂഴിക്കടകൻ. കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുന്നു: കോൺഗ്രസിന്റെ ശക്തിദുർഗമാണ് വടകര. ആർ.എം.പി ധാരണ എന്ന വിഷയം ഇപ്പോൾ എന്റെ മുന്നിലില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ, സ്വന്തം നാട്ടിൽ സ്വന്തം ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന ആഗ്രഹത്തിൽ, മുന്നണി ധാരണ പോലും നോക്കാതെ, സ്വന്തമായി കൈപ്പത്തി ചിഹ്​നത്തിൽ സ്​ഥാനാർഥിയെ നിർത്തിയ കെ.പി.സി.സി പ്രസിഡൻറി​ന്റെ വാക്കുകളെ അങ്ങനെ അവഗണിക്കാനും വയ്യ. ഏതു കെ.പി.സി.സി പ്രസിഡൻറിനും​ തോന്നിപ്പോകുന്ന അത്തരമൊരു ആഗ്രഹം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ, ആ ആത്മാർഥതയെ തള്ളിക്കളയാനും പറ്റില്ല.

കെ.പി.സി.സി പ്രസിഡൻറി​ന്റെ പരീക്ഷണം ഇതായിരുന്നു: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, ആർ.എം.പി- യു.ഡി.എഫ് ധാരണ പൊളിക്കാൻ കല്ലാമല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തി. മുല്ലപ്പള്ളിയുടെ ജന്മനാടാണ് കല്ലാമല. ഫലം: ആർ.എം.പി സ്ഥാനാർഥി തോറ്റു, എൽ.ഡി.എഫ് ജയിച്ചു. മുല്ലപ്പള്ളി- മുരളീധരൻ ധാരണയെത്തുടർന്ന് തെരഞ്ഞെടുപ്പിനുമുമ്പ് മുല്ലപ്പള്ളി തന്റെ സ്ഥാനാർഥിയായ ജയകുമാറിനെ പിൻവലിപ്പിച്ചിട്ടും അദ്ദേഹത്തിന് 268 വോട്ട് കിട്ടി! വേണമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും മാതൃകയാക്കാവുന്ന വേറിട്ട പരീക്ഷണം.

വടകര വഴി നിയമസഭയിലെത്താനാണ് മുല്ലപ്പള്ളിയുടെ നീക്കമെന്ന് കോൺഗ്രസിലെ മുരളി വിഭാഗവും ആർ.എം.പിയും സംശയിക്കുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ കുപ്പായവും തയ്ച്ചിരിക്കുന്ന വടകരയിൽ, കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകുമെന്ന് പ്രാദേശിക പ്രവർത്തകർക്ക് മുല്ലപ്പള്ളി ഉറപ്പുനൽകിയിട്ടുണ്ടത്രേ.

ആർ.എം.പിയുമായി ധാരണയുണ്ടാക്കിയാലും കോൺഗ്രസ് വിമതൻ മൽസരരംഗത്തുണ്ടാകുമെന്നാണ് ഇവർ പറയുന്നത്,

വടകര ചോമ്പാലക്കാരനാണ് മുല്ലപ്പള്ളി. മൂന്നുപതിറ്റാണ്ട് വടകര ലോക്‌സഭ മണ്ഡലം അടക്കിവാണ എൽ.ഡി.എഫിനെ 2009ൽ മുല്ലപ്പള്ളിയാണ് അടിയറവ് പറയിച്ചത്. മുരളീധരനും മോശക്കാരനല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കെ. മുരളീധരൻ സി.പി.എം നേതാവ് പി. ജയരാജന്റെ തോൽപ്പിക്കുക എന്ന ചരിത്രദൗത്യവുമായി അവതരിക്കുകയും അവതാരോദ്ദേശ്യം എൺപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് നിറവേറ്റി മടങ്ങുകയും ചെയ്തയാളാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ധാരണയില്ലാത്ത പക്ഷം, തനിച്ച് മൽസരിക്കാനാണ് ആർ.എം.പി നീക്കം. എന്നാൽ, ആർ.എം.പിയുമായുള്ള ധാരണയെക്കുറിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സൂചന നൽകിക്കഴിഞ്ഞു. രമയുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം പറയുന്നു.

ജനപിന്തുണയെച്ചൊല്ലി ആർ.എം.പിയും എൽ.ജെ.ഡിയും തമ്മിലും മൽസരം നടക്കുകയാണിപ്പോൾ. എൽ.ജെ.ഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്ത് ജനകീയമുന്നണിയിലൂടെ ആർ.എം.പി- യു.ഡി.എഫ് സഖ്യം തിരിച്ചുപിടിച്ചു. 19 സീറ്റിൽ 12ഉം ജനകീയ മുന്നണിക്കായിരുന്നു. ഒമ്പതുസീറ്റുണ്ടായിരുന്ന എൽ.ജെ.ഡി നാലുസീറ്റിലൊതുങ്ങി. എന്നാൽ, വടകര ബ്ലോക്ക് പഞ്ചായത്തും ചോറോട് പഞ്ചായത്തും എൽ.ഡി.എഫിന് തിരിച്ചുപിടിക്കാനായത് തങ്ങൾ മുന്നണിയിലേക്ക് വന്നതുകൊണ്ടാണെന്ന് എൽ.ജെ.ഡി പറയുന്നു.
പുകഞ്ഞുകൊണ്ടിരിക്കുകയാണ് വടകര. എന്തും സംഭവിക്കാം.

1957ലെ തെരഞ്ഞെടുപ്പിലൊഴികെ ഇവിടെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥികൾക്കായിരുന്നു ജയം. 1957ൽ സി.പി.ഐയിലെ എം.കെ. കേളുവാണ് ജയിച്ചത്. 1977 മുതൽ 1991 വരെ തുടർച്ചയായി അഞ്ചുതവണ ജനതാദളിലെ കെ. ചന്ദ്രശേഖരൻ. 1996, 2001 വർഷങ്ങളിൽ സി.കെ. നാണു. 2006ൽ ജെ.ഡി. എസിലെ എം.കെ. പ്രേംനാഥ്. 2011 മുതൽ നാണു. വടകര നഗരസഭയും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തും അടങ്ങിയതാണ് മണ്ഡലം.


Comments