2016ൽ സി.പി.എമ്മിലെ ഡി.കെ. മുരളി കോൺഗ്രസിലെ ടി. ശരത്ചന്ദ്രപ്രസാദിനെ 9596 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച മണ്ഡലം. ഇത്തവണയും മുരളി തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അദ്ദേഹം പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിപട്ടിക ഇന്ന് പുറത്തുവരാനിരിക്കേ, ആനാട് ജയനാണ് സാധ്യത. മണ്ഡലത്തിൽ പ്രാദേശിക ബന്ധങ്ങളുള്ള, കെ.പി.സി.സി നിർവാഹകസമിതി അംഗം ജയന് മുരളിയുമായി മികച്ച മത്സരം കാഴ്ചവക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എസ്.എഫ്.ഐയിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെത്തിയ മുരളി കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്. സോമശേഖരനാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി.
1967 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ 1970ൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. എം. കുഞ്ഞുകൃഷ്ണപിള്ളയുടെ ജയത്തിനുശേഷം വാമനപുരം സി.പി.എം കോട്ടയായി തുടർന്നു. 1977ൽ സി.പി.എമ്മിലെ എൻ. വാസുദേവൻ പിള്ള ജയിച്ചു. 1980 മുതൽ 1991 വരെ തുടർച്ചയായി നാലുതവണ കോലിയക്കോട് കൃഷ്ണൻ നായർ വാമനപുരത്തെ സി.പി.എമ്മിൻേറതാക്കി. 1987ൽ വാമനപുരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് എൻ. പീതാംബരക്കുറുപ്പിനെ ഇറക്കിയെങ്കിലും 10,116 വോട്ടായിരുന്നു കോലിയക്കോടിന്റെ ഭൂരിപക്ഷം. 1996, 2001 തെരഞ്ഞെടുപ്പുകളിൽ പിരപ്പൻകോട് മുരളി. 2006ൽ ജെ. അരുന്ധതി. 2011ലും കോലിയക്കോട് കൃഷ്ണൻനായരായിരുന്നു വിജയി. കോൺഗ്രസിലെ സി. മോഹനചന്ദ്രനെതിരെ 2232 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാമനപുരം മണ്ഡലത്തിൽ അടൂർ പ്രകാശ് 10,000 വോട്ടിന് ലീഡ് ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഈ പ്രതീക്ഷയിലാണ് ആനാട് ജയനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ അതേപടി ആവർത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞാൽ, ആനാട് ജയന് മത്സരം കഴിഞ്ഞതവണത്തേക്കാൾ ഒന്നുകൂടി ശക്തമാക്കാൻ കഴിയും. എന്നാൽ, ഒരു വിജയം ഉറപ്പാക്കുന്ന സാഹചര്യം ഇതുവരെ മണ്ഡലത്തിലില്ല.
നെടുമങ്ങാട് താലൂക്കിലെ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്ദിയോട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.