നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ് വർക്കല. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം എൽ.ഡി.എഫും യു.ഡി.എഫും ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വർക്കല കഹാറിനെ 2386 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ അഡ്വ. വി. ജോയ് അട്ടിമറിച്ചത്. ബി.ഡി.ജെ.എസ് സ്ഥാനാർഥി അജി എസ്.ആർ.എം 19,842 വോട്ട് നേടി.
കഴിഞ്ഞ 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും ഇടതുപക്ഷത്തിനായിരുന്നു ജയം. 2001ൽ വർക്കല കഹാറിലൂടെയാണ് കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്. 2001 മുതൽ തുടർച്ചയായ മൂന്നുതവണയും കഹാറിനായിരുന്നു ജയം. ‘വികസന നായകൻ' എന്ന കഹാറിന്റെ പ്രതിച്ഛായ പക്ഷെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിലപ്പോയില്ല. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 33 സീറ്റുള്ള വർക്കല നഗരസഭയിൽ എൽ.ഡി.എഫിനൊപ്പം ബി.ജെ.പി എത്തിയതാണ് വർക്കല നിയമസഭ മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 18 സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണ 12 സീറ്റിൽ ഒതുങ്ങി. ബി.ജെ.പി അംഗബലം കഴിഞ്ഞ തവണത്തെ മൂന്നിൽനിന്ന് 11 ആയി ഉയർത്തി. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫിന് നഗരസഭാ ഭരണം ലഭിച്ചത്.
കഴിഞ്ഞതവണ അട്ടിമറി ജയം നേടിയ വി. ജോയി തന്നെയായിരിക്കും വർക്കലയിലെ സി.പി.എം സ്ഥാനാർഥി എന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ, കഹാർ പിടിമുറുക്കുന്നുണ്ടെങ്കിലും പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന് കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് എം.ജെ. ആനന്ദ്, എം. മുനീർ എന്നിവർ പ്രാദേശികമായി പരിഗണിക്കപ്പെടുന്നവരാണ്.
മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഈഴവ സമുദായത്തിലേക്ക്, ബി.ഡി.ജെ.എസിന്റെ സഹായത്തോടെ നുഴഞ്ഞുകയറാൻ കഴിഞ്ഞതോടെയാണ് വർക്കല ബി.ജെ.പിയുടെ ഭാഗ്യപരീക്ഷണസ്ഥലമായത്. ബി.ഡി.ജെ.എസുമായി ഇപ്പോൾ അകൽച്ചയിലാണെങ്കിലും ബി.ജെ.പി ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണിത്.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മൽസരിച്ച ശോഭ സുരേന്ദ്രനുവേണ്ടി പാർട്ടിയിൽ ഇപ്പോൾതന്നെ സമ്മർദങ്ങളുയരുന്നുണ്ട്. എന്നാൽ, ബി.ഡി.ജെ.എസുമായി കഴിഞ്ഞ തവണയുണ്ടായ സഖ്യം തുടരാൻ തീരുമാനിച്ചാൽ, വർക്കല അവർക്ക് വിട്ടുകൊടുക്കേണ്ടിവരും. അപ്പോൾ, തുഷാർ വെള്ളാപ്പള്ളിയുടെ പേരാണ് ബി.ഡി.ജെ.എസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ, വർക്കല നഗരസഭയിലുണ്ടാക്കിയ മുന്നേറ്റം കണക്കിലെടുത്ത് ബി.ജെ.പി തന്നെ മൽസരിക്കണമെന്ന ആവശ്യം പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
വർക്കല നഗരസഭയും ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.
നാലുതവണ തുടർച്ചയായി ജയിച്ച വർക്കല രാധാകൃഷ്ണന്റെ പേരിൽ കൂടി അറിയപ്പെടുന്ന ഈ മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാന ചർച്ചാവിഷയമാകാറ്. റോഡുപണിയുടെ പേരിലാണ് വർക്കല കഹാറിന്റെ കീർത്തി. വർക്കല നഗരസഭയും ഏഴു പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്- ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ.