വിസ വിസിറ്റിംഗാകട്ടെ, പെർമെനന്റാക​ട്ടെ,
വടകരയിലുണ്ട്, രാഷ്ട്രീയ വോട്ട്

വടകരയിലേക്ക് രാഷ്ട്രീയ കേരളം വീണ്ടും ഉറ്റുനോക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം എൽ എമാർ മുഖാമുഖം വരുന്ന കേരള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ്. മട്ടന്നൂർ എം എൽ എയായ കെ.കെ.ശൈലജ വിജയിച്ചാലും പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്കൊരു ഉപതിരഞ്ഞെടുപ്പ് ഉറപ്പ്.

Election Desk

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ ഏറ്റവും ശക്തമായ മത്സരം വടകരയിലാണ്. കോൺഗ്രസ് നേതാവായിരുന്ന പത്മജയുടെ അപ്രതീക്ഷിത ബി.ജെ.പി. പ്രവേശനവും കെ. മുരളീധരന്റെ മണ്ഡലമാറ്റവും മൂലം മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ ഷാഫി പറമ്പിലിന്റെ എൻട്രിയോടെ തങ്ങൾക്ക് അനുകൂലമാക്കിയിട്ടുണ്ട് യു.ഡി.എഫ്. വടകരയുടെ ടീച്ചർ ടി.പി. ചന്ദ്രശേഖരന്റെ അമ്മ പത്മിനി ടീച്ചറാണെന്ന് പ്രഖ്യാപിച്ച്, കെ.കെ. രമയുടെ കൈ പിടിച്ച്, ടി.പി. ചന്ദ്രശേഖരന്റെ വീട്ടിൽ നിന്നുള്ള ഷാഫിയുടെ കാമ്പയിൻ തുടക്കത്തിനും സമർഥമായ രാഷ്ട്രീയ സൂചനകളുണ്ട്.

തങ്ങളുടെ എക്കാലത്തേയും കുത്തക സീറ്റ് തിരിച്ചു പിടിക്കാൻ എൽ.ഡി.എഫിനുവേണ്ടി ഇറങ്ങുന്ന മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജ, നിപയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ വീട്ടിൽ നിന്നാണ് കാമ്പയിന് തുടക്കമിട്ടത്. നിപ, കോവിഡ് ദുരന്തങ്ങളെ ശക്തമായി പ്രതിരോധിച്ച ആരോഗ്യമന്ത്രി എന്ന ഖ്യാതി ഒന്നുകൂടി ജനങ്ങളെ ഓർമപ്പെടുത്തിയ സന്ദർഭം.

എൽ.ഡി.എഫിന് വടകര ഇത്തവണ അഭിമാന പോരാട്ടം തന്നെയാണ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പാർലമെന്റിൽ വേണ്ടത് ഇടതുപക്ഷത്തിന്റെ ഉറച്ച ശബ്ദമാണെന്ന മുദ്രാവാക്യമാണ് വടകരയിലും ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം.

ഡോ. കെ.ബി. മേനോന്‍

1957- ൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. കെ.ബി. മേനോനിലൂടെയാണ് വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത്. ഇടതുപാർട്ടികളുടെ പിന്തുണയോടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് കെ.ബി. മേനോൻ വടകരയുടെ ആദ്യ എം.പിയാകുന്നത്.

1962- ലും വടകര ഇടതുപക്ഷത്തിനൊപ്പം നിന്നു. ഇത്തവണ പക്ഷെ പ്രജാ സോഷ്യലിസ്റ്റു പാർട്ടി കോൺഗ്രസ് മുന്നണിക്കൊപ്പം ചേർന്നാണ് മത്സരിച്ചത്. സ്ഥാനാർത്ഥി കെ.ബി മേനോൻ തന്നെ. എന്നാൽ കെ.ബി. മേനോനെ പരാജയപ്പെടുത്തി ഇടതുപാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവൻ എം.പിയായി. 1967- ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ അരങ്ങിൽ ശ്രീധരനെന്ന എ. ശ്രീധരനെ ലോക്സഭയിലേക്കയച്ചു. ഇന്ദിര തരംഗം ആഞ്ഞടിച്ച 1971- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ മാത്രം ജയിച്ചിരുന്ന വടകരയിൽ ആദ്യമായി കെ.പി. ഉണ്ണികൃഷ്ണനെന്ന കോൺഗ്രസിന്റെ യുവരക്തം ജയിച്ചുകയറി. 1971 മുതൽ 91 വരെ കെ.പി. ഉണ്ണികൃഷ്ണന്റെ കയ്യിൽ ഭദ്രമായിരുന്നു വടകര. ഇടതുസ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവനെ തോൽപ്പിച്ചാണ് അന്ന് കെ.പി. ഉണ്ണികൃഷ്ണൻ ചരിത്രത്തിലേക്ക് ജയിച്ചു കയറിയത്.
1977 ലും വടകര കെ.പി. ഉണ്ണികൃഷ്ണനോടൊപ്പം നിന്നു. ഇത്തവണ ജനതാപാർട്ടി പിന്തുണയോടെ മത്സരിച്ച അരങ്ങിൽ ശ്രീധനെയാണ് കെ.പി. പരാജയപ്പെടുത്തിയത്.

കെ.പി. ഉണ്ണികൃഷ്ണന്‍

1980- ൽ കെ.പി. ഉണ്ണികൃഷ്ണൻ മൂന്നാമതും ലോക്‌സഭയിലെത്തുന്നത് കോൺഗ്രസ് ഐ സ്ഥാനാർത്ഥിയായി ജനവിധി തേടിയ മുല്ലപ്പളി രാമചന്ദ്രനെന്ന യുവനേതാവിനെ തോൽപ്പിച്ച്.
1984- ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജയിച്ചത് കെ.പി. ഉണ്ണികൃഷ്ണൻ തന്നെ. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷമുണ്ടായ സഹതാപതരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ ജനവിധി തേടിയത് പക്ഷെ ഇടതുപിന്തുണയോടെ. 1989- ൽ ഉണ്ണികൃഷ്ണൻ തോൽപ്പിച്ചത് കോൺഗ്രസ് ഐയിലെ സുജനപാലിനെ.

1991; കേരള രാഷ്ട്രീയം ഒരിക്കലും മറക്കാത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്. കോ ലീ ബി എന്ന അവിശുദ്ധ സഖ്യത്തിന്റെ കാലം. കോൺഗ്രസും ബി ജെ പിയും ലീഗും ചേർന്ന് കെ.പി. ഉണ്ണികൃഷ്ണനെതിരെ ഒരു പൊതുസ്വതന്ത്രനെ ഇറക്കിയാണ് ആ പരീക്ഷണത്തിനൊരുങ്ങിയത്. തലശ്ശേരി, പുൽപ്പള്ളി നക്സലൈറ്റ് കേസിൽ പ്രോസിക്യൂഷന് വേണ്ടിയും രാജൻ കേസ്, ചീമേനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിനുവേണ്ടിയും ഹാജരായ ശ്രദ്ധേയനായ അഭിഭാഷകനും കോൺഗ്രസ് സഹയാത്രികനുമായ അഡ്വ. രത്നസിംഗായിരുന്നു കോ ലീ ബി സഖ്യത്തിന്റെ അന്നത്തെ സ്ഥാനാർത്ഥി. പക്ഷെ കെ.പി. ഉണ്ണികൃഷ്ണന്റെ വിജയയാത്ര തടയാൻ ആ അവിശുദ്ധ കൂട്ടുകെട്ടിനായില്ല.

കേരളത്തിൽ തന്നെ ഒരു ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി വിജയിച്ചതിന്റെ റെക്കോഡ് കെ.പി. ഉണ്ണികൃഷ്ണന് സ്വന്തമായി. വടകര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം എം.പിയായിരുന്നതും കെ.പി. ഉണ്ണികൃഷ്ണനാണ്.

ഒ. ഭരതന്‍

1996-ലാണ് വടകര ലോക്സഭാ മണ്ഡലം കണ്ണൂരുകാരനായ തൊഴിലാളിവർഗ നേതാവ് ഒ. ഭരതനിലൂടെ 79,945 വോട്ടന്റെ ഭൂരിപക്ഷത്തിൽ സി പി എം പിടിച്ചെടുത്തത്. കോൺഗ്രസിലേക്ക് തിരിച്ചെത്തിയ കെ.പി. ഉണ്ണികൃഷ്ണനെയാണ് ഭരതൻ തോൽപ്പിച്ചത്. സി.പി.എം ആദ്യമായി പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. അതിനുശേഷം 2004 വരെ സി.പി.എമ്മിനൊപ്പം നിന്നു വടകര. 1998 ലും 99 ലും എ.കെ. പ്രേമജം പി.എം. സുരേഷ് ബാബുവിനെ തോൽപ്പിച്ച് പാർലമെന്റിലെത്തിയപ്പോൾ 2004- ൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പി.സതീദേവി വടകരയെ ചുവപ്പിച്ചു.

2008- ൽ ആർ.എം.പി പിറന്നു. ഏറാമ്മല ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സി.പി.എം വിട്ടവർ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് ആർ.എം.പി എന്ന പാർട്ടിക്ക് രൂപം നൽകി.

ആർ.എം.പി ഉയർത്തിയ വെല്ലുവിളി എളുപ്പം ചെറുക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു 2009- ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം. പക്ഷെ 1980- ൽ തുടങ്ങിയ ഇടതു ജൈത്രയാത്രക്ക് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോൺഗ്രസ് ചെക്ക് വെച്ചു. 56,186 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സതീദേവിയെ മുല്ലപ്പള്ളി തറപറ്റിച്ചത്. ടി.പി. ചന്ദ്രശേഖരൻ കൂടി മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. അദ്ദേഹത്തിന് കിട്ടിയത് 21,833 വോട്ട്.

2012 മെയ് നാലിന് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു. അക്ഷരാർത്ഥത്തിൽ സി.പി.എം പ്രതികൂട്ടിലായ ഒരു കൊലപാതകം. 18ാം വയസ്സിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി.പി. ചന്ദ്രശേഖരന്റെ വധം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി. കേരള രാഷ്ട്രീയം ഇടവേളകളില്ലതെ വടകരയിൽ തമ്പടിച്ചു. അതുകൊണ്ടുതന്നെ 2014-ലെ തെരഞ്ഞെടുപ്പ് സി പി എമ്മിന് അഭിമാന പോരാട്ടമായി. തലശ്ശേരിക്കാരനായ യുവനേതാവ് എ.എൻ. ഷംസീറിനെ ഇറക്കി സിപിഎം. ഫലം വന്നപ്പോൾ 3306 വോട്ടിന് ഷംസീർ തോറ്റു, മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും പാർലമെന്റിലേക്ക്.

എ.എന്‍. ഷംസീർ, പി. സതീദേവി, പി.ജയരാജന്‍

2019, ദേശീയ രാഷ്ട്രീയമാകെ മാറി മറിഞ്ഞ കാലം. നരേന്ദ്രമോദി സർക്കാറിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമം അഴിച്ചു വിടുകയും ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന തന്നെയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത കാലം. രാഹുൽഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി വരുമെന്ന് പ്രതീക്ഷയർപ്പിച്ച തെരഞ്ഞെടുപ്പ് കാലം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയത്തോടെ എൽ.ഡി.എഫ്. വിജയിക്കുകയും പിണറായി വിജയൻ മുഖ്യമന്ത്രിയാകുകയും ചെയ്ത കാലം. ലോക് താന്ത്രിക് ജനതാ ദൾ (എൽ.ജെ.ഡി) ഇടതുമുന്നണിയിൽ തിരിച്ചെത്തിയ കാലം. എല്ലാത്തിനുപരി വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയ കാലം.

ഇത്തവണ വടകരയിൽ സീറ്റ് തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ചത് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയും പാർട്ടിയിലെ കരുത്തനുമായ പി. ജയരാജനെ. ജയരാജനെ എതിരിടാൻ തിരുവനന്തപുരത്തുനിന്ന് എത്തിയത് കെ. മുരളീധരൻ. മുസ്‍ലിം ലീഗിന്റെയും ആർ.എം.പിയുടേയും അടിയുറച്ച പിന്തുണയിൽ മുരളി ജയിച്ചുകയറി, വടകരയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം- 3306-ല്‍ നിന്ന് 80,000-ത്തിന് മുകളിലേക്ക് ഉയര്‍ത്തിയായിരുന്നു മുരളീധരന്റെ ആധികാരിക ജയം. 1977നു ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് വടകരയില്‍ രേഖപ്പെടുത്തിയത് എന്ന പ്രത്യേകയുമുണ്ടായിരുന്നു 2019 ന്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍

2024, വടകരയിലേക്ക് രാഷ്ട്രീയ കേരളം വീണ്ടും ഉറ്റുനോക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം എൽ എമാർ മുഖാമുഖം വരുന്ന കേരള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ്. മട്ടന്നൂർ എം എൽ എയായ കെ.കെ.ശൈലജ വിജയിച്ചാലും പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്കൊരു ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. പാർട്ടിക്കപ്പുറം വളർന്ന ഇമേജുമായാണ് രണ്ടു പേരും വടകരയിലെ പോരാട്ടത്തിനിറങ്ങുന്നത്. 2019- ലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് കേരളവും വടകരയും ഒരുപാട് മാറിയെങ്കിലും വടകരയുടെ രാഷ്ട്രീയ വോട്ട് ആർക്കൊപ്പം നിൽക്കും എന്നത് പ്രവചനാതീതം. എങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും യു.ഡി.എഫും എൽ.ഡി.എഫും ആഗ്രഹിക്കുന്നില്ല.

നിലവിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് വടകര പാർലമെന്റ് മണ്ഡലം.

Comments