വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്തിനെതിരെ ഉപയോഗിച്ച ആ ഹരിത ട്രൈബ്യൂണൽ 'പിഴ'യുടെ പിന്നാമ്പുറം

വി.കെ. പ്രശാന്തിനോടുള്ള ഈ 'പ്രതികാര നടപടി'ക്ക് ഒരു പിന്നാമ്പുറമുണ്ട്. പ്രശാന്തിനോട് ഈ ഉദ്യോഗസ്ഥൻ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം അത് പറ്റില്ല എന്ന നിലപാടെടുത്തിരുന്നു. അതോടെയാണ് അദ്ദേഹം അവരുടെ ശത്രുവായത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെല്ലാം പ്രശാന്തിനെതിരെ പ്രധാന ആയുധമാക്കിയത് നഗരസഭക്ക് കോടികളുടെ പിഴ ചുമത്തി എന്ന നോട്ടീസായിരുന്നു.

Truecopy Webzine

2019 -ൽ, തിരുവനന്തപുരത്തും കൊച്ചിയിലും ഒരേ സമയത്താണ് ദേശീയ ഹരിത ട്രൈബ്യൂണൽ മാലിന്യ സംസ്‌കരണ പരിശോധന നടത്തിയത്. അന്ന് തിരുവനന്തപുരത്ത് വിളപ്പിൽശാല പ്ലാന്റ് പൂട്ടിയ സമയമാണ്. നഗരത്തിൽ വികേന്ദ്രീകൃത സംവിധാനമുണ്ട്. വലിയ മാലിന്യമലകൾ നീക്കിയിട്ടുണ്ട്. ബാക്കി ഒന്നോ രണ്ടോ എണ്ണം നീക്കാൻ പ്രവർത്തനം നടന്നുവരുന്നു. പുറത്തുനിന്ന് വരുന്ന ഒരാൾക്ക്, കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടും. അതായത്, പത്തു ലക്ഷത്തോളം പേർ താമസിക്കുന്ന ഒരിടത്ത്, മാലിന്യം നഗരത്തിനുപുറത്തേക്ക് പോകുന്നില്ല, എവിടെയും കൂടിക്കിടക്കുന്നുമില്ല. ഈ സമയത്താണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും ദേശീയ ഹരിത ട്രൈബ്യൂണലും പരിശോധന നടത്തി വളരെ തിടുക്കത്തിൽ റിപ്പോർട്ട് അയച്ചത്.

നഗരത്തിൽ എന്താണ് നടക്കുന്നത്, ഭാവിയിൽ സ്വീകരിക്കാൻ പോകുന്ന നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളെല്ലാം നഗരസഭ ട്രൈബ്യൂണലിനുമുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, "തിരുവനന്തപുരം നഗരം ചീഞ്ഞുനാറുകയാണ്' എന്നു പറഞ്ഞ് വലിയൊരു പിഴയിട്ടു. നഗരസഭ പറഞ്ഞതിനെയെല്ലാം നിസ്സാരവൽക്കരിച്ച് ഹരിത ട്രൈബ്യൂണലിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്. സാധാരണ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ നഗരസഭക്കൊപ്പം നിൽക്കാറാണ് പതിവ്.

ഈ തീരുമാനം വളരെ പെട്ടെന്ന് നടപടിയായി. പിഴ ചുമത്തിയ നോട്ടീസ്‌ നഗരസഭയിലെത്തും മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു, അത് വലിയ വാർത്തയായി. അതേസമയത്ത് പരിശോധന നടത്തിയ കൊച്ചിക്ക് നോട്ടീസ് കൊടുത്തില്ല. കാരണം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്. മേയറായിരുന്ന വി.കെ. പ്രശാന്താണ് സ്ഥാനാർഥി. അദ്ദേഹത്തിന്റെ ജയസാധ്യതയെ സ്വാധീനിക്കാനാകുമെന്നതുകൊണ്ടാണ് നോട്ടീസ് വളരെ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പിന് മുമ്പേ കൊടുത്തത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് കൊച്ചിയിലേത് കൊടുത്തത്. കൊച്ചിയുടെ കാര്യത്തിലും തീരുമാനമെടുത്തത് ഈ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെയാണ്.

വി.കെ. പ്രശാന്തിനോടുള്ള ഈ "പ്രതികാര നടപടി'ക്ക് ഒരു പിന്നാമ്പുറമുണ്ട്. പ്രശാന്തിനോട് ഈ ഉദ്യോഗസ്ഥൻ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം അത് പറ്റില്ല എന്ന നിലപാടെടുത്തിരുന്നു. അതോടെയാണ് അദ്ദേഹം അവരുടെ ശത്രുവായത്.

ആ ഉപതെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെല്ലാം പ്രശാന്തിനെതിരെ പ്രധാന ആയുധമാക്കിയത് നഗരസഭക്ക് കോടികളുടെ പിഴ ചുമത്തി എന്ന നോട്ടീസായിരുന്നു. തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥ സംവിധാനം ചീഞ്ഞുനാറുന്ന മാലിന്യത്തോളം ദുഷിച്ച ഇടപെടൽ നടത്തുമെന്നതിന് ഒരു ഉദാഹരണമാണിത്.


ഷിബു കെ.എൻ. എഴുതുന്നു... ഉദ്യോഗസ്​ഥ മാഫിയ തീയിട്ട ബ്രഹ്​മപുരം, തീയിടാനിരിക്കുന്ന കേരളം |നാളെ പറത്തിറങ്ങുന്നട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 120 ൽ.


Summary: വി.കെ. പ്രശാന്തിനോടുള്ള ഈ 'പ്രതികാര നടപടി'ക്ക് ഒരു പിന്നാമ്പുറമുണ്ട്. പ്രശാന്തിനോട് ഈ ഉദ്യോഗസ്ഥൻ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം അത് പറ്റില്ല എന്ന നിലപാടെടുത്തിരുന്നു. അതോടെയാണ് അദ്ദേഹം അവരുടെ ശത്രുവായത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെല്ലാം പ്രശാന്തിനെതിരെ പ്രധാന ആയുധമാക്കിയത് നഗരസഭക്ക് കോടികളുടെ പിഴ ചുമത്തി എന്ന നോട്ടീസായിരുന്നു.


Comments