ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഷർട്ടൂരണമോ എന്ന പ്രശ്നം ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാനപരമായ ഇടപെടലുകളുടെ ചരിത്രഗതിയിൽ ഉയർന്നുവരുന്നത് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ്. 1908-ലാണ് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രനിർമ്മാണത്തിനുള്ള ആലോചനകൾ വരുന്നത്. കോഴിക്കോട്ടെ തിയ്യ പ്രമാണിയായ കല്ലിങ്ങൽ രാരിച്ചൻ മൂപ്പനാണ് തന്റെ ഉടമസ്ഥതയിലുള്ള നല്ലീശ്വരം മഠം വയൽ ക്ഷേത്രനിർമ്മാണത്തിന് നൽകുന്നത്. അദ്ദേഹത്തിന്റെ മുൻകൈയിലാണ് ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം വിളിച്ചുചേർക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ തിയ്യകുടുംബങ്ങളിലെ 80 ഓളം പേരടങ്ങുന്ന ഒരു സമിതി ക്ഷേത്രനിർമ്മാണത്തിനായി ആ യോഗത്തിൽവെച്ച് രൂപീകരിക്കുകയും ചെയ്തു. മിതവാദി കൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആ യോഗം ക്ഷേത്രനിർമ്മാണത്തിന് കല്ലിടാൻ ശ്രീനാരായണഗുരുവിനെ ക്ഷണിച്ചുവരുത്താനും തീരുമാനിച്ചു.
ക്ഷേത്രത്തിന് കുറ്റിയടിച്ചതിനുശേഷം ക്ഷേത്രാരാധനയ്ക്കായി ഗുരു മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ഒരു നിർദ്ദേശമായിരുന്നു ക്ഷേത്രത്തിൽ ഭക്തർക്ക് ഷർട്ടിട്ടും പ്രവേശിക്കാമെന്നത്. എന്നുപറഞ്ഞാൽ ബ്രാഹ്മണ്യം കൽപിച്ച ഷർട്ടഴിച്ചേ ക്ഷേത്രത്തിൽ കയറാവൂ എന്ന ജാത്യാധിഷ്ഠിതമായ ആചാരത്തെ ഗുരു ശ്രീകണ്ഠേശ്വരം ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം റദ്ദുചെയ്തു എന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്നു പറഞ്ഞാൽ കഴിഞ്ഞ ദിവസം ശിവഗിരി പ്രസംഗത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതുമായ ക്ഷേത്രാരാധന സംബന്ധിച്ച ആചാരവിമർശനം ഗുരുദർശനത്തിലധിഷ്ഠിതമായിരുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഗുരുവിനെ ഹിന്ദുത്വവൽക്കരിക്കാനും ഗുരുദർശനങ്ങളെ കാവിവൽക്കരിക്കാനുമുള്ള ആർ.എസ്.എസ് അജണ്ടയാണ് സനാതനധർമ്മ ഉദ്ഘോഷണങ്ങളെന്നും എന്തുകൊണ്ടോ എൻ.എസ്.എസ് സെക്രട്ടറി ജി.സുകുമാരൻ നായർക്കോ കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനോ മനസ്സിലാകാതെ പോകുന്നു. ശ്രീനാരായണഗുരു തന്റെ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ആശയധർമ്മസംഹിതകളുടെ അർത്ഥവും ധർമ്മശാസ്ത്രവിവക്ഷകളും മനസ്സിലാകാത്തവരാണ് ശിവഗിരി പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രിയെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദയെയും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങളിൽ ഉടുപ്പൂരി മാത്രമേ കയറാൻ പറ്റൂ എന്ന നിബന്ധന ഒഴിവാക്കണമെന്നും കാലാനുസൃതമായി ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വേണമെന്നുമാണ് സച്ചിദാനന്ദ പറഞ്ഞത്. അതിൽ ആർ.എസ്.എസുകാർ പ്രകോപിതരാകുന്നത് മനസ്സിലാക്കാം. കോൺഗ്രസ് നേതാവായ കേരളത്തിലെ പ്രതിപക്ഷനേതാവ് ശ്രീനാരായണഗുരുവിന്റെ പാരമ്പര്യത്തെ ഉയർത്തിക്കൊണ്ടുതന്നെ ആചാരങ്ങളിൽ മാറ്റം വേണമെന്ന വാദത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത്.
അതിലേക്ക് കടക്കുമ്പോഴാണ് വി.ഡി.സതീശനെ പോലുള്ള കോൺഗ്രസ് നേതാക്കൾ ചാതുർവർണ്യാധിഷ്ഠിതമായ ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന സനാതനധർമ്മത്തിന്റെ വക്താക്കളാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടി വരുന്നത്. ഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെ എതിർക്കാനാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ നാക്കുകൊണ്ട് സതീശൻ സംസാരിച്ചത്. മോഹൻ ഭഗവത് പറഞ്ഞത് സനാതനധർമ്മം ഇന്ത്യയുടെ പാരമ്പര്യമാണെന്നും രാജ്യത്തിന്റെ സംസ്കാരം സനാതനധർമ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ്. ഇതേ അഭിപ്രായം തന്നെയാണ് സതീശനും പങ്കുവെക്കുന്നത്. സനാതനധർമ്മം രാജ്യത്തെ മുഴുവനാളുകളുടെയും പാരമ്പര്യമാണെന്നും അത് ആർ.എസ്.എസിന് വിട്ടുകൊടുക്കേണ്ടതല്ലെന്നുമാണ് സതീശൻ പറഞ്ഞത്.

രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യമാണ് സനാതനധർമ്മമെന്നും അത് രാജ്യത്തിന്റെ സംസ്കാരമാണെന്നുമുള്ള വാദം ചരിത്രവിരുദ്ധവും വസ്തുതകൾക്ക് നിരക്കുന്നതുമല്ല. സനാതനധർമ്മം വർണാശ്രമധർമ്മങ്ങളിലധിഷ്ഠിതമായ ബ്രാഹ്മണ്യമാണ്. സതീശന് ഇക്കാര്യത്തിൽ കോൺഗ്രസിൽ പൂർവ്വികരുണ്ട്. ഹിന്ദുമഹാസഭയുടെ സ്ഥാപകനും സംഘാടകനുമായ മദൻ മോഹൻ മാളവ്യ കോൺഗ്രസ് നേതാവായിരുന്നു കൊണ്ടാണല്ലോ ചാതുർവർണ്യാധിഷ്ഠിത സനാതന ധർമ്മത്തിനുവേണ്ടി വാദിച്ചത്. മദൻ മോഹൻ മാളവ്യയുടെ ഹിന്ദുമഹാസഭ സവർക്കറുടെയും ഗോൾവാൾക്കറുടെയും ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി രൂപംകൊണ്ട മനുവാദികളുടെ പ്രസ്ഥാനമായിരുന്നു. മനുവാദികൾക്കും കോൺഗ്രസിൽ ഒരു മുറിയുണ്ടായിരുന്നുഎന്നതാണ് ചരിത്രം.
ഇതിനെയെല്ലാം എതിർത്തുകൊണ്ടാണ് ജവഹർലാൽ നെഹ്റുവും കോൺഗ്രസിലെ ഇടതുപക്ഷക്കാരും ആധുനികമായ ഒരു ഇന്ത്യ നിർമ്മിക്കാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോയത്. സനാതന ധർമ്മത്തിനു വേണ്ടി വാദിക്കുന്ന സതീശന്മാർ മനസ്സിലാക്കേണ്ടത് മദൻ മോഹൻ മാളവ്യമാരുടെ വർണാശ്രമ ധർമ്മങ്ങളല്ല നെഹ്റുവിന്റെ ആധുനിക ദർശനങ്ങളാണ് ഇന്ത്യയെ രൂപപ്പെടുത്തിയത് എന്നാണ്. നെഹ്റുവിന്റെയും അംബേദ്കറുടെയും ചാതുർവർണ്യാധിഷ്ഠിത സനാതന ധർമ്മ വിമർശനമാണ് ഇന്ത്യയെന്ന ആശയത്തെ രൂപപ്പെടുത്തിയതും സാക്ഷാത്കരിച്ചതും. ഇന്ത്യയെന്ന ആശയത്തെയും ഇന്ത്യയെന്ന നാമത്തെയും ഭയപ്പെടുന്നവരാണ് സനാതനവാദികളായ ആർ.എസ്.എസുകാർ.
ഇന്ത്യയെന്ന നമ്മുടെ രാഷ്ട്രനാമം ഒരു മ്ലേച്ഛപദമാണെന്നും ഒരു ശൂദ്രനാമമാണെന്നും കാണുന്ന ദീനനാഥ് ബത്രമാരാണ് ആർ.എസ്.എസിന്റെ സനാതന ധർമ്മ പ്രചാരകരെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നവരാണ് സനാതന ധർമ്മത്തെ നമ്മുടെ പാരമ്പര്യവും പൈതൃകവും സംസ്കാരവുമൊക്കെയായി കൊട്ടിഘോഷിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥ ശ്രേണീരൂപത്തിലുള്ള അസമത്വങ്ങളെയും ലിംഗവിവേചനങ്ങളെയും യാതൊരുവിധ മാറ്റങ്ങളുമില്ലാതെ നിലനിർത്തിക്കൊണ്ടു പോകുന്നതിന് നിയമപരവും ആചാരപരവുമായ അനുമതിയായാണ് വർത്തിക്കുന്നത്. ഇതിനെയാണ് അലംഘനീയവും മാറ്റമില്ലാത്തതുമായ ധർമ്മശാസ്ത്രമായി, സനാതനധർമ്മമായി ഹിന്ദുത്വവാദികൾ ആഘോഷിക്കുന്നത്.

ജാതി സമൂഹത്തിൽ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളെയാകെ നിർണ്ണയിക്കുന്ന ജാതിധർമ്മ വ്യവസ്ഥയാണ് ഗോൾവാൾക്കറും മോഹൻ ഭഗവതുമൊക്കെ കൊട്ടിഘോഷിക്കുന്ന സനാതന ധർമ്മമെന്നത്. പൂർവ്വാചാരങ്ങളെ വിമർശനരഹിതമായി പിന്തുടരുന്ന പൂർവ്വ നിശ്ചിത വിശ്വാസങ്ങളുടെ ചലന രഹിതമായൊരു വ്യവസ്ഥയാണ് ഇന്ത്യയിലെ ജാതിയെന്നത്. ഹിന്ദുത്വമെന്നത് ജാത്യാചാരങ്ങളിലധിഷ്ഠിതമായ ബ്രാഹ്മണ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ജാതിയുടെ പ്രത്യയശാസ്ത്രമെന്നത് ദളിതരും അയിത്തജാതിക്കാരുമായ എല്ലാവരുടെയും മേൽ അടിച്ചമർത്തൽ നടത്താനുള്ള അലംഘനീയമായ ആചാരവ്യവസ്ഥയിലധിഷ്ഠിതമായ പ്രതിലോമ പദ്ധതിയാണ്.
കേരളത്തിലും ഇന്ത്യയിലും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ പൂർവ്വരൂപം ചാതുർവർണ്യമാണെന്ന കാര്യത്തിൽ ഒരു തർക്കം ആരും ഉന്നയിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ സുരേഷ് സോണിയെ പോലുള്ള ആർ.എസ്.എസ് ബുദ്ധിജീവികൾ ഇന്ത്യയിൽ ജാതിവ്യവസ്ഥയും അയിത്തവുമൊക്കെയുണ്ടാക്കിയത് മുഗള ഭരണവും മുസ്ലീങ്ങളുമാണെന്ന അബദ്ധ പൂർണ്ണമായ വിദ്വേഷ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിലേക്ക് ഇവിടെ കടക്കുന്നില്ല. സനാതന ധർമ്മത്തിന്റെ ജാത്യാധിഷ്ഠിത ഹിന്ദുത്വത്തെ, ചാതുർവർണ്യത്തെ തന്നെ പരിശോധിക്കാം. ചാതുർവർണ്യത്തിന്റെ ആരംഭകാലത്ത് നാല് ജാതികൾക്കേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ എന്നീ ജാതികൾ ഭരണവർഗങ്ങളും ശൂദ്രർ അടിമതുല്യമായ ജീവിതം നയിച്ച പണിയാളരുമായിരുന്നു. ജാതി, ജന്മി നാടുവാഴിത്തമെന്ന് ഇ.എം.എസ് അപഗ്രഥനാത്മകമായി അവതരിപ്പിക്കുന്ന ഈ വ്യവസ്ഥ (കേരളം മലയാളികളുടെ മാതൃഭൂമി) അടിമത്വത്തിന്റെയും ഫ്യൂഡലിസത്തിന്റേതുമായ രണ്ടു സാമൂഹ്യഘട്ടങ്ങളെ ആന്തരികവൽക്കരിച്ച നിഷ്ഠൂരമായൊരു ചൂഷണ വ്യവസ്ഥയായിരുന്നു.

വേദകാലങ്ങളിൽ ക്ഷയിച്ചു തുടങ്ങിയ ഗോത്രജീവിതം തകരുകയും സമൂഹത്തെ ഉള്ളവരും ഇല്ലാത്തവരുമായി വേർതിരിക്കുന്ന ചാതുർവർണ്യ വ്യവസ്ഥ പതുക്കെ പ്രബലപ്പെട്ടുവരികയുമായിരുന്നു. അറിവും അധികാരവും കയ്യടക്കിയ സ്വാർത്ഥതൽപ്പരരായ വൈദികന്മാരാണ് ഈ പ്രതിലോമപരമായ പരിവർത്തനത്തിന് നേതൃത്വം നൽകിയതെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. സർവ്വമാന സാമൂഹ്യ ജീർണതയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തിലാണ് ബുദ്ധൻ വൈദികമാഹാത്മ്യത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവരുന്നത്. ചാതുർവർണ്യത്തെയും വേദമാഹാത്മ്യത്തെയും അദ്ദേഹം നിഷേധിച്ചു. ബൗദ്ധാദർശങ്ങൾ ഇന്ത്യൻ ജനതയുടെ ജീവിതമണ്ഡലത്തിൽ വമ്പിച്ച പരിവർത്തനങ്ങൾക്കും നേട്ടങ്ങൾക്കുമുള്ള സാഹചര്യമൊരുക്കി. എന്നാൽ വൈദിക മേധാവിത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പദ്ധതികളുടെ അഭാവത്തിൽ ബുദ്ധമതം ഇന്ത്യയിൽ നിന്നുതന്നെ തിരോധാനം ചെയ്യപ്പെട്ടു. ബ്രാഹ്മണാധികാരം അഴിച്ചുവിട്ട നിരന്തരമായ ആക്രമണങ്ങളിലും പീഢനങ്ങളിലും പിടിച്ചുനിൽക്കാനാവാതെ ബുദ്ധമതം തകരുകയായിരുന്നു.
അതിനെത്തുടർന്നുള്ള ചാതുർവർണ്യത്തിന്റെ സംഘടിതവും ആസൂത്രിതവുമായ ഉയർത്തെഴുന്നേൽപ്പാണ് കടുത്ത ജാതി വിദ്വേഷത്തിലധിഷ്ഠിതമായ ജാതി സമ്പ്രദായത്തിനും നാല് ജാതികൾ എന്നതിൽ നിന്ന് അനേകം ജാതികളുടെയും ഉപജാതികളുടെയും ആവിർഭാവത്തിനും കാരണമായത്. ചാതുർവർണ്യത്തിന് ആധാരമായി കരുതപ്പെടുന്നത് ഋഗ്വേദത്തിലെ പുരുഷസൂക്തമാണല്ലോ. ബുദ്ധ പ്രഭാവകാലത്ത് രചിക്കപ്പെട്ട 'ബ്രഹ്മസൂത്ര'ത്തിന്റെ തൃതീയപാദം അപശൂദ്രാധികാരത്തിലെ അഞ്ച് സൂത്രങ്ങളിൽ ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു. 'ബ്രഹ്മസൂത്ര' കർത്താവായ വ്യാസൻ അയിത്തജാതിക്കാരിയായ മുക്കുവത്തിയുടെ മകനാണെന്നത് വേറെ കാര്യം!
ചാതുർവർണ്യത്തെ ന്യായീകരിക്കുന്ന ബൗദ്ധിക കസർത്തുകൊണ്ട് മുക്കുവത്തിയുടെ മകന് ബ്രാഹ്മണ്യം നേടാവുന്ന അവസ്ഥ അന്നൊരു പക്ഷെ ഉണ്ടായിരിക്കണം. ഋഗ്വേദകാലത്ത് ആര്യ സംസ്കാര സന്തതിയായി ജനിച്ച ചാതുർവർണ്യം ബ്രഹ്മസൂത്രകാലവും പിന്നിട്ട് 'ഗീത'-യുടെ കാലമെത്തിയപ്പോഴാണ് അതിന്റെ പിതാവിനെ കണ്ടെത്തിയതെന്ന് കൊസാംബി ഒട്ടൊരു തമാശയോടെ പറയുന്നുണ്ട്. 'ഗീത'യിൽ ഭഗവാൻ കൃഷ്ണൻ സ്വയം പ്രഖ്യാപിച്ചു; 'ചാതുർവർണ്യം മായാസൃഷ്ടം' എന്ന്. മാത്രമല്ല വർണസങ്കരംകൊണ്ട് കുലസ്ത്രീകൾ അധഃപതിക്കുമെന്നും, കുലസ്ത്രീകളുടെ അധഃപതനം വംശനാശത്തിന് വഴിതെളിക്കുമെന്നും കൃഷ്ണൻ അരുളിചെയ്തു.

'ചാതുർവർണ്യത്തെ ന്യായീകരിക്കാൻ ശങ്കരൻ ബുദ്ധികൊണ്ട് പറന്നു'വെന്ന് ശ്രീ നാരായണഗുരു പറഞ്ഞത് ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം നേരിട്ട പ്രതിസന്ധികളെ നേരിടാൻ അദ്ദേഹം ബൗദ്ധികമായി നടത്തിയ കസർത്തുകളെ കളിയാക്കികൊണ്ടാണ്. ബ്രഹ്മസൂത്രഭാഷ്യകരനായ ശങ്കരാചാര്യർ ചാതുർവർണ്യ വ്യവസ്ഥയെ സാധൂകരിക്കാൻ നടത്തിയ ബുദ്ധപരമായ കസർത്ത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമർത്ഥിക്കാൻ ശങ്കരൻ പ്രമാണമായി സ്വീകരിച്ചത് 'മനുസ്മൃതി'യെ തന്നെയാണ്. തത്വചിന്താപരമായ ശങ്കരന്റെ പ്രതിഭയെ വിലമതിക്കുമ്പോൾ തന്നെ ബ്രാഹ്മണരുടെയും മറ്റ് ദ്വിജന്മാരുടെയും മേധാവിത്വം ഉറപ്പിക്കാനായി ശൂദ്രന്മാരെ മോചനമില്ലാത്ത അടിമകളാക്കി വെയ്ക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട 'മനുസ്മൃതി'-യുടെ മുമ്പിൽ ശങ്കരൻ തത്വചിന്താപരമായി കീഴടങ്ങുകയായിരുന്നുവെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
അദ്വൈതവേദാന്തിയായ ശങ്കരാചാര്യർക്ക് പോലും ചാതുർവർണ്യത്തിന്റെ പാരമ്പര്യത്തെ അംഗീകരിക്കാനേ കഴിഞ്ഞുള്ളൂ. ശ്രുതികളെയും സ്മൃതികളെയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളണമെന്ന് ധർമ്മശാസ്ത്രജ്ഞന്മാർ അനുശാസിക്കുന്നു. വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാത്തവർ കടുത്ത ശിക്ഷകൾ അനുഭവിക്കുകയും വേണം. ചാതുർവർണ്യത്തിന്റെ നീതിരഹിതവും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്രങ്ങളാൽ നിബന്ധിതമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെന്നും അതാണ് സനാതനധർമ്മമെന്ന രീതിയിൽ കൊണ്ടാടപ്പെടുന്നതെന്നും തിരിച്ചറിയാത്തവരാണ് സനാതനധർമ്മ വിമർശനമെന്തോ അപരാധമാണെന്ന് ആക്ഷേപമുയർത്തുന്നത്.
ജാതിവ്യവസ്ഥയുടെ ബാഹ്യാവരണങ്ങൾക്കകത്ത് നോക്കിയാൽ സാമ്പത്തിക താൽപര്യങ്ങളുടെയും സാമൂഹ്യ അസന്തുലിതത്വങ്ങളുടെയും സംഘട്ടനങ്ങൾ കാണാൻ കഴിയും. ജാതിയും വർഗവും ഇന്ത്യൻ സാഹചര്യത്തിലുള്ള അതിന്റെ പാരസ്പര്യത്തെ നിഷേധിക്കുന്ന, വർഗസമീപനത്തെ ഒരു ന്യൂനീകരണ സമീപനമായി ആക്ഷേപിക്കുന്ന പല ഉത്തരാധുനിക ബുദ്ധിജീവികളും ജാതി വ്യവസ്ഥയുടെ മാപ്പുസാക്ഷികളാണെന്നതാണ് യാഥാർത്ഥ്യം. ലോകത്ത് മറ്റെല്ലായിടത്തും എന്നപോലെ ഇന്ത്യയിലും ഭരണവർഗം തങ്ങളുടെ ചൂഷണതാൽപര്യങ്ങൾക്കും ബഹുഭൂരിപക്ഷം വരുന്ന പണിയെടുക്കുന്നവരെ അടക്കി ഭരിക്കാനുമായി ജാതിമത പ്രത്യയശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഘടനാവിശേഷമായ ജാതി ക്രൂരമായൊരു സവർണാധികാരവ്യവസ്ഥയാണ്.

ഭൗതികജീവിതത്തെയും സമ്പ്രദായത്തെയും സംബന്ധിച്ച ചിന്തപോലും നികൃഷ്ടമായിക്കാണുന്ന ഉൽപാദനത്തിന്റെയും ഭൂമി ഉൾപ്പെടെയുള്ള ഉൽപാദനോപാധികളുടെയും ഉടമാവകാശം ദൈവീകമായി കൈവന്നതാണെന്ന് അഹങ്കരിക്കുന്ന അധീശവർഗങ്ങളുടെ യാന്ത്രികതയും ബോധപൂർവം അടിച്ചേൽപ്പിക്കുന്നതുമായ ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും ഒരു ഇരുണ്ട ലോകമാണ് ചാതുർവർണ്യാധിഷ്ഠിത ജാതി വ്യവസ്ഥയെന്നത്. കൊളോണിയൽ ശക്തികളുടെ പിൻബലത്തോടെ ദൃഢീകരിക്കപ്പെട്ട മതസ്വത്വ പ്രസ്ഥാനങ്ങൾ 'ഭിന്നിപ്പിക്കുക-ഭരിക്കുക'-യെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ സൃഷ്ടിയായിരുന്നു. പരമ്പരാഗത സാമൂഹ്യ സാംസ്കാരിക ആചാരങ്ങളെ കാലാനുസൃതമായി പുനർനിർമ്മിക്കാനുള്ള ആത്മപരിശോധനയാണ് നവോത്ഥാന പ്രക്രിയയിൽ ഉള്ളടങ്ങിയിട്ടുള്ളത്. പ്രതിലോമപരമായ ഭൂബന്ധങ്ങളിൽ നിന്നും വിശ്വാസാചാരങ്ങളിൽ നിന്നും വിമുക്തമാകുന്ന മനുഷ്യന്റെ ഒരു പൗരനെന്ന നിലയിലുള്ള രാഷ്ട്രീയവൽക്കരണത്തെയും ഗുണപരമായ മാറ്റത്തെയുമാണ് വർഗീയ മതതീവ്രവാദ പ്രസ്ഥാനങ്ങളിലൂടെ മൂലധനശക്തികൾ തടയുന്നത്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഏതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമിന്ന് നവോത്ഥാനമൂല്യങ്ങളെ സാമൂഹ്യപ്രയോഗങ്ങളിലൂടെ തിരിച്ചുപിടിച്ചുകൊണ്ടേ അർത്ഥവത്തായ സാമൂഹ്യമാറ്റങ്ങളിലേക്ക് കടന്നുചെല്ലാനാവൂ.
ഏതൊരു സമൂഹത്തിന്റെയും വികാസത്തിനും വളർച്ചയ്ക്കുമാവശ്യമായ, ആധിപത്യവർഗങ്ങളുടെ താൽപര്യങ്ങളിലധിഷ്ഠിതമായ സാമൂഹ്യരാഷ്ട്രീയ സ്ഥാപനങ്ങളെയാണ് ഓരോ ചരിത്രഘട്ടത്തിലും രൂപപ്പെടുത്തപ്പെട്ടത്. കേരളത്തിന്റെ സാമൂഹ്യവികാസഗതിയിൽ ജാതി-ജന്മിത്ത-നാടുവാഴിത്തഘട്ടത്തെ നിർണയിച്ചത് ഇ.എം.എസ് വിശകലനം ചെയ്തവതരിപ്പിക്കുന്നത്; ''വളർന്നുവരുന്ന ഒരു സമുദായത്തിനാവശ്യമായ പ്രവൃത്തിവിഭജനം (ജാതിവ്യവസ്ഥ), സ്വകാര്യസ്വത്ത് സമ്പ്രദായം (നാടുവാഴിത്തം), കലകളും ശാസ്ത്രങ്ങളും സാഹിത്യങ്ങളും എന്നിവയെല്ലാം കേരളത്തിൽ വളർന്നുവന്നത് ബഹുഭൂരിപക്ഷം നാട്ടുകാരുടെയും അടിമത്വത്തിന്റെയും കഷ്ടപ്പാടിന്റെയും അടിസ്ഥാനത്തിലാണ്.''
ഈ ജാതി ജന്മി-നാടുവാഴിത്ത വ്യവസ്ഥ അതിന്റെ ആവിർഭാവകാലംതൊട്ടേ ജനങ്ങളെ നരകതുല്യമായ ജീവിതാവസ്ഥയിലാണ് നിർത്തിയത്. ജാതിവ്യവസ്ഥയുടെ മനുഷ്യത്വരാഹിത്യത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഇ.എം.എസ് പറഞ്ഞത്; ''ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കേരളക്കരയിൽ തൊട്ടുകൂടായ്മ മാത്രമല്ല ദൃഷ്ടിയിൽപ്പെട്ടുകൂടായ്മയും നിലനിന്നിരുന്നു. ശ്രേഷ്ഠ ജാതികളിൽപ്പെട്ടവർക്ക് അകമ്പടി സേവിച്ചിരുന്നവർ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുമായിരുന്നു. വഴിയിൽ എതിരെ വരാനിടയുള്ള ദളിതർ ഈ ശബ്ദം കേട്ടാൽ മേലാളൻ കടന്നുപോകുന്നതുവരെ സ്വയം ഒളിച്ചിരിക്കണം. ദളിതർ ദൃഷ്ടിയിൽ പെട്ടുകൂടാത്തവരായിട്ടാണ് കരുതപ്പെടുന്നത്.''

ഈ ഭീതിദമായ അവസ്ഥയെ മലയാളി എങ്ങനെ അതിജീവിച്ചുവെന്നതാണ് നവോത്ഥാനത്തിന്റെയും ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെയും ചരിത്രം. ഒരു സമൂഹമെന്ന നിലയിൽ മലയാളി ചരിത്രപരമായി എങ്ങനെയാണ് ജാതിജന്മിനാടുവാഴിത്തത്തെയും കൊളോണിയൽ അധീശത്വത്തെയും നേരിട്ടുകൊണ്ട് സാമൂഹ്യപുരോഗതിയും ജനാധിപത്യ രാഷ്ട്രീയക്രമവും രൂപപ്പെടുത്തിയെന്നതാണ് ആധുനിക കേരള നിർമ്മിതിയുടെ ചരിത്രം. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ചരിത്രത്തിലെ ഏറ്റവും പ്രതിലോമപരമായ ഒരു വ്യവസ്ഥയെന്ന നിലയിൽ സംഘടിപ്പിക്കപ്പെട്ടതാണെങ്കിലും ആദ്യകാലഘട്ടത്തിൽ ജനങ്ങളെ ഏറെ പീഢിപ്പിച്ചിരുന്നുവെങ്കിലും ജാതി-ജന്മിനാടുവാഴിത്ത വ്യവസ്ഥയ്ക്ക് അതിനുമുമ്പുള്ള സാമൂഹ്യ വ്യവസ്ഥകളെ അപേക്ഷിച്ച് സമൂഹത്തെ ഏറെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. നാടുവാഴിത്ത ഘടനക്കകത്ത് നിന്നാണെങ്കിലും ഉണ്ടായ പല ഭരണപരിഷ്കാരങ്ങളും, സാർവ്വത്രിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ മുതൽ മാർത്താണ്ഡവർമയുടെ കാലത്തെ ചില ഭൂപരിഷ്കരണങ്ങൾ വരെ പരിഗണനീയ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചു. ഇത്തരം ഭരണപരമായ പരിഷ്കാരങ്ങളുടെയും പുരോഗതിയുടെയും നേട്ടങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേതാക്കി മാറ്റാൻ അധികാരിവർഗങ്ങൾ വിസമ്മതിച്ചു. സാമൂഹ്യപുരോഗതിയുടെ ഫലങ്ങളെ ഒരുപിടി വരുന്ന ഉന്നതവർഗങ്ങളുടെ കുത്തകയാക്കുകയായിരുന്നു സാമൂഹ്യപുരോഗതിയുടെയും വളർച്ചയുടെയും ഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്നും ബഹുഭൂരിപക്ഷത്തെയും തടയുകയായിരുന്ന ഭരണകൂടം.
സാമൂഹ്യപുരോഗതിയുടെ വഴിയിൽ നിന്ന് ബഹുഭൂരിപക്ഷത്തെയും ആട്ടിയകറ്റുകയും സമൂഹത്തെ പിറകോട്ട് വലിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമായതോടെ നാടുവാഴിത്തത്തിനും രാജഭരണത്തിനുമെതിരെ ശക്തമായ ജനകീയ എതിർപ്പുകൾ ഉയർന്നുവരാൻ തുടങ്ങി. അതോടെ സാമൂഹ്യപുരോഗതിയുടെ നേട്ടങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കാനുള്ള മർദ്ദകവാഴ്ചയും ആരംഭിച്ചു. അധഃസ്ഥിത ജാതിസമൂഹങ്ങളിൽ ഉച്ചനീചത്വങ്ങൾക്കും അയിത്താചാരങ്ങൾക്കുമെതിരെ ഉണർവ്വുകൾ ശക്തമായതോടെയാണ് ജാത്യാചാരങ്ങളും പാരമ്പര്യത്തെ സംബന്ധിച്ച ഏകശിലാരൂപത്തിലുള്ള വീക്ഷണങ്ങളും വെല്ലുവിളിക്കപ്പെട്ടത്. ഹൈന്ദവധർമ്മശാസ്ത്രങ്ങൾക്ക് പുറത്തുള്ള പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ജ്യോതിബാഫുലയുടെയും നാരായണഗുരുവിന്റെയും പെരിയോറുടെയും അംബേദ്കറുടെയും കാഴ്ചപ്പാടുകൾ ബ്രാഹ്മണ പാരമ്പര്യം സാർവ്വത്രികമല്ലെന്ന ധാരണ പടർത്തി ബഹുത്വത്തിലധിഷ്ഠിതമായ പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അന്വേഷണങ്ങളിലൂടെയാണ് കീഴാള നവോത്ഥാനം ശക്തിപ്പെട്ടത്. അങ്ങനെയാണ് സാമൂഹ്യപുരോഗതിക്ക് വിഘാതമായ എല്ലാ ആചാരങ്ങളും വിമർശിക്കപ്പെട്ടത്. ജാതിവ്യവസ്ഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രങ്ങളുടെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ചുമുള്ള ആലോചനകൾ തീക്ഷ്ണമായത്.
സാഹോദര്യത്തെയും ദൈവത്തെയുമെല്ലാം സംബന്ധിച്ച കേവലമായ വിശദീകരണങ്ങൾക്കൊന്നും അവസാനിപ്പിക്കാനാവുന്നതല്ല ജാതിവ്യവസ്ഥയുടെ നിഷ്ഠൂരതകളെന്ന തിരിച്ചറിവ് പരമ്പരാഗതമായ ധർമ്മശാസ്ത്രങ്ങളുടെയും വർണവ്യവസ്ഥയുടെയും നിശിതമായ വിമർശനത്തിലേക്ക് നവോത്ഥാന നായകരെ നയിച്ചു. മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്ടികളായതുകൊണ്ട് സാർവത്രിക സാഹോദര്യം സംഭവിച്ചുകൊള്ളുമെന്നും ജാതി സ്വാഭാവികമായും തകരുമെന്നും കരുതിയിരുന്ന ബൂർഷ്വാ നവോത്ഥാന വാദികളിൽ നിന്ന് വ്യത്യസ്തമായി ജാതിയെ ഉന്മൂലനം ചെയ്യണമെന്നാണ് അംബേദ്കറും മാർക്സിസ്റ്റുകളും ചിന്തിച്ചത്. ഇതിനായി ജാതിയുടെ അടിസ്ഥാനമായ വർഗബന്ധങ്ങളെയും സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെയും അഴിച്ചുപണിയണമെന്നും പ്രത്യുൽപാദന ബന്ധങ്ങളിൽ സജാതീയ വിവാഹങ്ങൾ അവസാനിപ്പിച്ച് മിശ്രവിവാഹങ്ങൾ നിർബന്ധിതമാക്കണമെന്ന് അംബേദ്കറും മാർക്സിസ്റ്റുകളും വാദിച്ചു.

ഗുരു ഒരിക്കലും സനാതനധർമ്മത്തെയോ അതിന്റെ അടിസ്ഥാനമായി അവതരിപ്പിക്കുന്ന വേദേതിഹാസങ്ങളുടെയും ശ്രുതികളുടെയും സ്മൃതികളുടെയും പാരമ്പര്യത്തെയോ ഉദ്ഘോഷിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ചരിത്രപരമായ വസ്തുത. സനാതനമായ ധർമ്മങ്ങളെക്കുറിച്ച് സി.വി.കുഞ്ഞിരാമനുമായുള്ള സംഭാഷണവേളയിൽ ഗുരു അർത്ഥമാക്കിയത് മാനവരാശി അതിന്റെ പൊതുവായ നിലനിൽപിനായി രൂപപ്പെടുത്തിയ സത്യം, സ്നേഹം, ദയ, അഹിംസ, സാമൂഹ്യനീതി, സഹിഷ്ണുത തുടങ്ങിയവയെക്കുറിച്ചാണ്. അത് എല്ലാ മതങ്ങളുടെയും ആവിർഭാവകാല ദർശനങ്ങളായാണ് ഗുരു കണ്ടിട്ടുള്ളത്. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ പ്രത്യയശാസ്ത്രമെന്ന നിലയിൽ സനാതനധർമ്മത്തെ ഗുരു തന്റെ ദർശനംകൊണ്ടും കർമ്മം കൊണ്ടും അതിനിശിതമായി എതിർക്കുകയും പ്രതിരോധിക്കുകയുമാണ് ചെയ്തത്.
ആചാരബദ്ധമായ ചാതുർവർണ്യ പ്രത്യയശാസ്ത്രത്തെയും ബ്രാഹ്മണ്യം അടിച്ചേലപ്പിച്ച സനാതനധർമ്മങ്ങളെയും എക്കാലത്തും ചോദ്യം ചെയ്യുകയാണ് ഗുരു ചെയ്തത്. സനാതന ധർമ്മസങ്കൽപ്പങ്ങൾക്കെതിരായ ഗുരുവിന്റെ ദൈവശാസ്ത്രപരമായ വിധിയായിരുന്നു ക്ഷേത്രാരാധനയ്ക്കായി ക്ഷേത്രനടയിൽ കയറുന്നവർക്ക് ഷർട്ടിട്ട് പ്രവേശിക്കാമെന്നത്. അതാണ് 1908-ൽ ശ്രീകണ്ഠേശ്വരക്ഷേത്ര പ്രതിഷ്ഠയ്ക്കുശേഷം ഗുരു നൽകിയ സന്ദേശം. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ, വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃതയാഗവിധി പ്രകാരമുള്ള ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഗുരു നിർവ്വഹിച്ചത്. അതിന്റെ സാമൂഹ്യപശ്ചാത്തലം ഗുരുവിന്റെ അരുവിപ്പുറം ആശ്രമത്തിന് തൊട്ടടുത്തുള്ള വൈഷ്ണവക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് എത്തുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീപുരുഷന്മാർ ക്ഷേത്രമതിലിന് പുറത്തുനിന്ന് ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കുന്നതായിരുന്നു. ഇത് പതിവായി കണ്ടുകൊണ്ടിരുന്ന ഗുരു തന്റെ ആളുകളെ ഒരിക്കൽ വിളിച്ചുവരുത്തി രോഷപൂർവ്വം അവരോട് ചോദിച്ചത്. നിങ്ങളെ കയറ്റാത്ത ക്ഷേത്രത്തിൽ നിങ്ങളെന്തിനാണ് പോകുന്നത് എന്നാണ്. അതിനോട് പ്രതികരിച്ചുകൊണ്ട് ആ പാവങ്ങൾ പറഞ്ഞത് ഞങ്ങൾക്കും ഞങ്ങളുടെ സങ്കടങ്ങൾ ഉണർത്തിക്കാൻ പരിദേവനങ്ങൾ പറഞ്ഞുതീർക്കാനും ഒരു ദൈവം വേണ്ടേ എന്നായിരുന്നു. അതിനുത്തരം തേടിക്കൊണ്ടാണ് ഗുരു അരുവിപ്പുറം നദിയിലിറങ്ങി കയ്യിൽകിട്ടിയ കല്ല് തന്റെ ആശ്രമത്തിൽ പ്രതിഷ്ഠിക്കുന്നത്. ആ പ്രതിഷ്ഠയ്ക്കുശേഷം ഗുരു ക്ഷേത്രമതിലിൽ എഴുതിവെച്ചത്; ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ്. ഗുരുദർശനങ്ങൾ ശുദ്ധാശുദ്ധങ്ങളുടേതായ എല്ലാവിധ ബ്രാഹ്മണ്യ ധർമ്മശാസ്ത്രങ്ങളെയും സനാതനധർമ്മങ്ങളെയും നിഷേധിക്കുന്നതായിരുന്നു.