ഒരു പെണ്ണും ചെറുക്കനും കൂടെ അവർക്ക് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചെങ്കിൽ അതിന് ഭ്രഷ്ട് കൽപ്പിക്കുന്നത് ഒരിക്കലും ശരിയല്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വലിയ വിപ്ലവം പറയുന്ന മലബാറിൽ, ബ്രിട്ടീഷുകാരുടെ ഭരണത്തിൽ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേൾക്കുമ്പോൾ ഞങ്ങൾ തിരുവിതാംകൂറുകാർക്ക് വൻ ലജ്ജ തോന്നുന്നെന്നും ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രേമിച്ച് വിവാഹം കഴിക്കുന്നത് വേറെ. ഇത് രണ്ടും രണ്ടാണ്. മതപരിവർത്തനം വേറെ. വെവ്വേറെ കാണണം. അല്ലാതെ രണ്ട് പേർ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാൽ, തിയ്യ സമുദായത്തിൽപ്പെട്ടവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരും സ്നേഹിച്ചു എന്നതിന്റെ പേരിൽ എന്ത് ഭ്രഷ്ട് കൽപിക്കാനാണ്. അവരെ സുഖമായി ജീവിക്കാൻ അനുവദിക്കണം. അതിനു അനുവദിക്കാതെ ഭ്രഷ്ട് കൽപ്പിക്കുന്നവർ മാനസികമായി രോഗം പിടിച്ചവരാണ്. കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യാനി ഒരു മുസ്ലിമിനെ കല്യാണം കഴിച്ചു. ലൗ ജിഹാദ് അല്ല അത്. അതിനെ നമ്മൾ എന്തിന് എതിർക്കണം? അവർ സന്തോഷമായി കഴിയട്ടെ എന്ന് കരുതണ്ടേ? എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പിണറായി വിജയന്റെ മകൾ ഒരു മുസ്ലിമിനെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു. അവർ സന്തോഷമായി ജീവിക്കുന്നു. അതിനെയൊന്നും മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അതിനെ ലൗ ജിഹാദായി കണക്കാക്കരുത്. ഇതൊക്കെയും വ്യത്യസ്തമായി തന്നെ കാണണം. ഭ്രഷ്ട് കൽപ്പിക്കുന്നതൊക്കെയും കാലത്തിനു പുറകിലേക്ക് ചിന്തിക്കുന്ന രീതിയാണ്. അത് പ്രാകൃത രീതിയാണ്. വലിയ വിപ്ലവം പറയുന്ന മലബാറിൽ, ബ്രിട്ടീഷുകാരുടെ ഭരണത്തിൽ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേൾക്കുമ്പോൾ ഞങ്ങൾ തിരുവിതാംകൂറുകാർക്ക് വൻ ലജ്ജ തോന്നുന്നു. കാരണം മലബാറുകാർ വലിയ പരിഷ്‌കരികളാണല്ലോ. ഞങ്ങൾ രാജാവിന്റെ കീഴിലും നിങ്ങൾ ബ്രിട്ടീഷുകാരുടെ കീഴിലുമായിരുന്നല്ലോ? നിങ്ങൾക്ക് അയിത്തമില്ലാ എന്നാണല്ലോ പറഞ്ഞിരുന്നത്? ഇപ്പോ നിങ്ങളു കാണിക്കുന്ന പ്രാകൃതമായ സ്വഭാവം തിരുവിതാംകൂറുകാരുപോലും കാണിക്കുകേല. - വെള്ളാപ്പള്ളി പറഞ്ഞു.