ബി.ജെ.പി അജണ്ട നടപ്പിലാക്കുന്ന വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണങ്ങൾ, കേൾക്കുന്നുണ്ടോ ഇടതുപക്ഷം?

“വീണ്ടും വീണ്ടും ചരിത്രനിഷേധം നടത്തി മതബോധം സാമാന്യവ്യവഹാരങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള രഹസ്യഅജണ്ട നടപ്പിലാക്കാൻ കൂടുതൽ വെള്ളാപ്പള്ളിമാരെ അനുവദിക്കാതിരിക്കാൻ ഇടതുപക്ഷം നിലപാടെടുക്കേണ്ടതാണ്. മൗനമായിരുന്നാൽ കേരളം ജാതി-മത വർഗീയതയുടെ വിളനിലമായി മാറും,” എം. ശ്രീനാഥൻ എഴുതുന്നു.

ടതുപക്ഷത്തിനു ശക്തമായ വേരുറപ്പുള്ള കേരളത്തിൽ കുറച്ചുകാലം മുമ്പുള്ള സാമൂഹ്യാന്തരീക്ഷം എന്തായിരുന്നു? ജാതി ചോദിക്കരുത്, ജാതി പറയരുത്, മതമേതായാലും മനുഷ്യൻ നന്നായാൽമതി എന്നൊക്കയുള്ള വചനങ്ങൾ പ്രയോഗത്തിലുണ്ടായിരുന്നുവെന്നു മാത്രമല്ല മതസ്പർദ്ധയ്ക്കു പകരം മതസഹിഷ്ണുതയും പ്രയോഗത്തിലുണ്ടായിരുന്നു. ജാതിമത ചിന്ത പരസ്യമാക്കുന്നത് അപമാനമായി കരുതിയിരുന്നു. ജാതിയും മതവും ഇല്ലാതിരിക്കുകയായിരുന്നില്ല വിവാഹം തുടങ്ങിയുള്ള ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും പ്രകടമായിരുന്നുവെങ്കിലും അത് സമൂഹത്തിലുള്ള പരസ്പരബന്ധത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിൽ വ്യവഹരിക്കപ്പെട്ടില്ല എന്നത് വാസ്തവമാണ്.

രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. മതവർഗീയത മറനീക്കി പുറത്തുവരുന്നു. സവർണ ഹിന്ദുവൽക്കരണത്തിന്റെ ഇരകളായി പരിവർത്തനപ്പെടുന്ന, നവോത്ഥാന ചരിത്രനിഷേധ ഇടമായി മാറുന്ന സമകാലിക കാഴ്ചയാണ് മുന്നിൽ തെളിയുന്നത്. ഇതിന്റെ കാര്യകാരണവിശകലനം ചെന്നെത്തുന്നത് നവോത്ഥാന വ്യവഹാരങ്ങളിലാണ്. കേരള നവോത്ഥാനത്തിൻറെ ബാക്കിപത്രമായി തെളിയുന്നതും എന്നാൽ മനപ്പൂർവം മറച്ചുവയ്ക്കുന്നതുമായ രണ്ടു സ്വത്വഘടനകളാണ് ജാതിയും മതവും. വർഗീയതയില്ലെന്നും മതേതരത്വം പൂത്തുലഞ്ഞിരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രബുദ്ധതയാണെന്നു സ്വയം വിശ്വസിക്കുന്നവരുടെ മണ്ണാണ് വ്യവഹാരത്തിൽ ചിത്രീകരിക്കുന്ന കേരളം. ഈ വ്യവഹാരചിത്രം എത്രത്തോളം സത്താപരമാണെന്ന് വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. പശ്ചാത്തലമായി നവോത്ഥാനവ്യവഹാരങ്ങളെ സ്വീകരിക്കാം. നവോത്ഥാനവ്യവഹാരങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ ചിലപൊതുസ്വഭാവങ്ങൾ കണ്ടെത്താവുന്നതാണ്. ജാതി ഉച്ചനീചത്വങ്ങൾക്കറുതി വരുത്തുക, സവർണർ അനുഭവിച്ചുവരുന്ന അവകാശങ്ങൾ അവർണർക്കും ബാധകമാകുക, ജാതിസമുദായ സ്വത്വം സ്ഥാപിക്കുക, ഹിന്ദുമതത്തിന്റെ അവർണീകരണം സാധ്യമാക്കുക, ഹിന്ദുവേതര മതം സ്വീകരിച്ചു മുന്നേറുക, വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾ സ്ഥാപിക്കുക, സംഘടനയിലൂടെ ശക്തരാവുക, ബ്രാഹ്മണരുടെ അറിവ് അധികാരത്തെ ചോദ്യം ചെയ്യുക, അപരിഷ്കൃതാവസ്ഥയിൽ നിന്നും പരിഷ്കൃതരാവുക ജാതിയേതരവും മതേതരവുമായ മാനവികസമത്വം നേടുക എന്നിങ്ങനെ വിവിധ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് നവോത്ഥാനവ്യവഹാരങ്ങൾ. മതവും ജാതിയും ഈ ഘട്ടത്തിൽ നിർണായകമായ രണ്ടു ഘടകങ്ങളായിരുന്നുവെന്നു ബോധ്യപ്പെടുന്നു.

മതം ഒരേ സമയത്തുതന്നെ അടിച്ചമർത്തലിന്റെയും വിമോചനത്തിന്റെയും രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അടിച്ചമർത്തലിന്റെ മുഖമുണ്ടായിരുന്ന സവർണഹിന്ദുമതത്തെ അഭിമുഖീകരിക്കാതെ സവർണാധിപത്യത്തെ നേരിടാനാവില്ല എന്ന രാഷ്ട്രീയതിരിച്ചറിവ് ആർജിച്ച ശ്രീനാരായണഗുരു ആരാധനാസ്വാതന്ത്ര്യത്തെ രാഷ്ട്രീയവൽക്കരിച്ചു. സവർണരുടെ മേൽക്കോയ്മാ രൂപങ്ങളുടെ അവർണീകരണം സാധ്യമാക്കിക്കൊണ്ട് സവർണരുടെ അധികാരഭൂമികയെ പിടിച്ചടക്കി അവർണർക്കും പങ്കിടുകവഴി ഉച്ചനീചത്വം ഇല്ലാതായി സമത്വം പുലരുമെന്നു വിശ്വസിച്ചു. അപരിഷ്കൃതരായിരുന്ന സമൂഹത്തെ വൃത്തിബോധവും ഒരുമയും കൈവരുത്തി പരിഷ്കൃതരാക്കാനുള്ള ഏകവഴി അവർണസമൂഹത്തെ മതാത്മകജീവികളാക്കുക എന്നതല്ലാതെ മറ്റൊരുമാതൃകയും ഗുരുവിന്റെ മുന്നിലന്നുണ്ടായിരുന്നില്ല. അധീശത്വ സമൂഹഘടനയുടെ അടിപ്പടവിളക്കി വിമോചനമുഖം സാധ്യമാക്കാനാണ് ഗുരു സവർണദൈവരൂപങ്ങളെ സ്വീകരിച്ച് അവർണദൈവശാസ്ത്രത്തിന്റെ വക്താവായത്. അന്യമതം സ്വീകരിച്ചു വിമോചനം സാധ്യമാക്കാമെന്നല്ല ഗുരു വിശ്വസിച്ചത്. ഉച്ചനീചത്വം സൃഷ്ടിക്കുന്ന പ്രബലമതത്തിൽ അവർണ അവകാശം സ്ഥാപിച്ചെടുത്ത് സവർണവിരുദ്ധമായി അവർണദൈവശാസ്ത്രം നിർമ്മിച്ചെടുക്കാനാണ് ഗുരു ശ്രമിച്ചത്. ഇതുവഴി അന്യമത സ്പർധയല്ല ഗുരു ലക്ഷ്യം വെച്ചത്. മറിച്ച്, മതാത്മക മതേതരത്വമാണ് മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്നതിലൂടെ ഉദ്ഘോഷിച്ചത്. ദൈവാരാധനയിലൂടെ നന്മയുള്ള മനുഷ്യൻ പിറവികൊള്ളുമെന്നും ആ മനുഷ്യർക്ക് അന്യമതസഹിഷ്ണുതയിലൂടെ സമത്വബോധം ആർജ്ജിച്ചു സഹവർത്തിക്കാനാകുമെന്ന സാധ്യതയാണ് ഗുരു ദർശിച്ചത്. ഒരുജാതിയിലുടെ ജാതിയെ മനുഷ്യജാതിയായാണ് ഗുരു പരിഗണിച്ചത് അല്ലാതെ ഏതെങ്കിലും ജാതിസമുദായമായല്ല. ഗുരുദർശനം പ്രചരിപ്പിക്കാനുള്ള സംഘടനയായാണ് എസ്.എൻ.ഡി.പി പിറവികൊണ്ടത് എന്നത് ഗുരുവിനെ വിശ്വസിപ്പിച്ച വ്യാജ ധാരണയാണ്. സംഘടന എന്ന ലക്ഷ്യത്തിലേക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഡോ പൽപ്പുവും കുമാരനാശാനും നീങ്ങിയത് ഭൂരിപക്ഷ സമുദായത്തിന് ലഭിക്കേണ്ട പ്രാതിനിധ്യം ഉറപ്പിച്ചെടുക്കാൻ അംഗബലമുള്ള സംഘടനയ്ക്കേ കഴിയൂ എന്നറിയാവുന്നതു കൊണ്ടാണ്. സംഘടന രൂപീകരിക്കാനും നിലനിർത്താനും ഗുരുസാന്നിധ്യം കൂടിയേ കഴിയൂവെന്നും അവർക്ക് ബോധ്യമുണ്ടായിരുന്നു. ഗുരുവിനെ കൂടെ നിർത്തിക്കൊണ്ടുതന്നെ ഭൂരിപക്ഷ സമുദായസ്വത്വത്തിന്റെ പിൻബലത്തോടെ സമുദായാവകാശങ്ങൾ സ്ഥാപിച്ചെടുക്കുകയായിരുന്നു സംഘടനയിലൂടെ ലക്ഷ്യംവെച്ചത്. ജാതി നിർമാർജനമോ ജാതിരഹിത സമൂഹസൃഷ്ടിയോ അതിന്റെ ലക്ഷ്യമായിരുന്നില്ല. എല്ലാ അധഃസ്ഥിതവിഭാഗങ്ങൾക്കും അംഗത്വം നൽകണമെന്ന ഗുരു നിർദ്ദേശത്തെ അംഗീകരിക്കാതിരുന്നതും സമുദായതാല്പര്യം കൊണ്ടുതന്നെയാണ്. ചുരുക്കത്തിൽ എസ്.എൻ.ഡി.പി എന്ന സംഘടന ഗുരുദർശനവുമായി ബന്ധമുള്ളതോ അടിസ്ഥാനവർഗ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ളതോ ഒന്നുമായിരുന്നില്ല, മറിച്ച് ഏക സമുദായ താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായാണ് തുടക്കംമുതലേ പ്രവർത്തിച്ചത്. സമാനമായ ജാതിസ്വത്വങ്ങൾക്കായി സംഘടനകളുണ്ടാക്കാൻ എസ്.എൻ.ഡി.പി പ്രേരകമായി എന്നതൊഴിച്ചാൽ കേരളസമൂഹത്തിന് പൊതുവിലും സമുദായത്തിന് സവിശേഷമായും എന്തൊക്കെ ചെയ്തുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സമുദായസ്വത്വത്തെ സ്ഥാപിച്ചുറപ്പിക്കുകയും സ്ഥാപനവിഭവശേഷിയും സമ്പത്തും വർധിപ്പിക്കുകയും സമുദായവോട്ടിന്റെ പേരിൽ സവിശേഷതാല്പര്യങ്ങൾ മുൻനിർത്തിയുള്ള വിലപേശൽനടത്തുകയും ചെയ്ത് ബ്രോക്കർസ്ഥാനം ഉണ്ടെന്ന പാഴ്‌വിശ്വാസം വെച്ചുപുലർത്തുന്നുവെന്നല്ലാതെ സമുദായ ഉന്നമനമൊന്നും സാധ്യമായിട്ടില്ല എന്നതാണ് വാസ്തവം. സ്ഥാപനാധികാരവും കേരളത്തിൽ സമുദായവ്യവസായമാണ്.

നവോത്ഥാനത്തെ പിൻപറ്റി പ്രവർത്തനസജ്ജമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജാതിസ്വത്വങ്ങളെ ഇല്ലാതാക്കാനോ മതത്തെ നിർമാർജനം ചെയ്യാനോ കഴിഞ്ഞില്ല എന്നുമാത്രമല്ല വോട്ടധിഷ്ഠിത ജനാധിപത്യ താല്പര്യം സമുദായസംഘടനകളുമായി ഐക്യംസ്ഥാപിച്ചു മുന്നേറാൻ പ്രേരകമായി. അവർണവിഭാഗങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി തുടക്കത്തിൽ കൂടുതൽ അടുപ്പം നിലനിറുത്തി എന്നത് വാസ്തവമാണ്. ഭൂരിപക്ഷ സമുദായമായ ഈഴവരുടെ ഇടതുപക്ഷ സാന്നിധ്യം പ്രകടമാണ്. ഒപ്പം പരിഗണിക്കേണ്ടതാണ് ദലിത് സാന്നിധ്യവും. ഇതേതോതിൽ സവർണവോട്ടുകൾ ഇടതുപക്ഷത്തിന് ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നില്ല; അതേപോലെ മത ന്യൂനപക്ഷങ്ങളുടെ സഹായവും. ക്രമേണ ഇടതുപക്ഷം അനഭിമതരല്ല എന്നുവന്നതോടെ കേരളസമൂഹത്തിലെ പരമ്പരാഗത വോട്ടിംഗ് ശീലത്തിലും മാറ്റം വന്നിട്ടുണ്ട്. ഇരുമുന്നണികൾക്കും എല്ലാവരിൽനിന്നും വോട്ട് ലഭിക്കുന്ന സ്ഥിതി വന്നു. എങ്കിലും വോട്ട് ഷെയർ പരിശോധിക്കുമ്പോൾ ഇടതുപക്ഷത്തിന് പരമ്പരഗതമായി ലഭിക്കുന്ന അവർണസമുദായവോട്ടുകളിൽ വലിയചോർച്ചവന്നിട്ടില്ല എന്നുറപ്പാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മറ്റൊരുമുന്നണിയ്ക്ക് വോട്ടുകണ്ടെത്തുക എളുപ്പമല്ല. പിന്നെന്താവഴി? ബി.ജെ.പി കണ്ട ആദ്യവഴി തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ബാന്ധവമാണ്. ഇതിന് വലിയ പ്രാധാന്യം ഇല്ലെന്നറിയുമ്പോഴും വെള്ളാപ്പള്ളിയുമായി ബന്ധം സ്ഥാപിക്കാനും ഭാവിയിൽ വെള്ളാപ്പള്ളിയെ പ്രയോജനപ്പെടുത്താനും കഴിയുമെന്ന ദീർഘവീക്ഷണമായിരുന്നു ഈ പുത്രബാന്ധവത്തിനു പിന്നിൽ. അതിപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ ന്യുനപക്ഷവിരുദ്ധ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

മതത്തെ അവഗണിച്ചുകൊണ്ട് ജീവിക്കുക എളുപ്പമല്ല എന്ന തിരിച്ചറിവിലൂടെയാണ് ഇന്ന് ഇന്ത്യയിൽ ഓരോരുത്തരും ജീവിക്കുന്നത്. മതത്തിൻറെ സാമൂഹികസ്വാധീനം അതിൻറെ പിടിയിൽ നിന്ന് ആരെയും വിട്ടുനിൽക്കാൻ അനുവദിക്കുന്നില്ല. അതൊരു വിശ്വാസമാണ്. വിശ്വാസിക്കത് രക്ഷാകവചവുമാണ്. ധർമത്തിലൂന്നിയ കർമം എന്നതിൽ നിന്ന് രാഷ്ട്രീയസ്വത്വഭാവം അതിന് കൈവന്നിട്ടുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന പ്രശ്നങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിങ്ങനെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളെയൊക്കെ പാർശ്വവത്കരിച്ച് മതം കേന്ദ്രവിഷയമായി രാഷ്ട്രീയപ്രാധാന്യം നേടിയിരിക്കുന്നു. ഭരണഘടനയനുസരിച്ച് ഇന്ത്യ ഒരു മതേതര രാജ്യമാണ്. ചെറുതും വലുതുമായ എല്ലാമതങ്ങൾക്കും സഹവർത്തിത്വത്തോടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ മതേതരത്വം മതരാഷ്ട്രീയത്താൽ വെല്ലുവിളി നേരിടുന്ന സാമൂഹിക സാഹചര്യത്തിൽ മതേതരത്വവും വർഗീയതയും മുഖാമുഖം സംഘർഷത്തിൽപെടുന്നു. ഈഅവസ്ഥയിൽ ഭൂരിപക്ഷ മതത്തെ ദേശീയതയുടെ കാവലാളാക്കി മാറ്റുന്ന രാഷ്ട്രീയതന്ത്രമാണ് വർഗീയതയുടെ സൂത്രവാക്യം. മതവും പൗരത്വവും തമ്മിൽ ബന്ധം ഉണ്ടെന്ന കൊളോണിയൽ രാഷ്ട്രതന്ത്രം ആവർത്തിക്കുകയാണ് ദേശീയവാദികളും എന്നതാണ് രാഷ്ട്രീയാഭാസം. ഈ സാഹചര്യത്തിൽ മതവും കേരളസമൂഹവും തമ്മിലുള്ള നരവംശീയ ചരിത്ര സാമൂഹിക സാംസ്കാരിക ബന്ധം എന്താണെന്നും അവ ഓരോ കാലഘട്ടങ്ങളിലും പ്രതിനിധാനം ചെയ്ത രീതികളെന്തെന്നും വസ്തുനിഷ്മായി വിലയിരുത്തപ്പെടേണ്ടതാണ്.

ബി.ജെ.പി കണ്ട ആദ്യവഴി തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ബാന്ധവമാണ്. ഇതിന് വലിയ പ്രാധാന്യം ഇല്ലെന്നറിയുമ്പോഴും വെള്ളാപ്പള്ളിയുമായി ബന്ധം സ്ഥാപിക്കാനും ഭാവിയിൽ വെള്ളാപ്പള്ളിയെ പ്രയോജനപ്പെടുത്താനും കഴിയുമെന്ന ദീർഘവീക്ഷണമായിരുന്നു ഈ പുത്രബാന്ധവത്തിനു പിന്നിൽ.
ബി.ജെ.പി കണ്ട ആദ്യവഴി തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ബാന്ധവമാണ്. ഇതിന് വലിയ പ്രാധാന്യം ഇല്ലെന്നറിയുമ്പോഴും വെള്ളാപ്പള്ളിയുമായി ബന്ധം സ്ഥാപിക്കാനും ഭാവിയിൽ വെള്ളാപ്പള്ളിയെ പ്രയോജനപ്പെടുത്താനും കഴിയുമെന്ന ദീർഘവീക്ഷണമായിരുന്നു ഈ പുത്രബാന്ധവത്തിനു പിന്നിൽ.

മതം പൗരത്വ മുദ്രയാക്കുന്നതിലെ സാംസ്കരിക രാഷട്രീയം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ശക്തിയാർജിച്ച വർഗിയേതര ബഹുത്വസമന്വയ സാംസ്കാരിക ഉടമ്പടിയുടെ രാഷ്ട്രീയവ്യാകരണം നിർണയിച്ചത് ഗുരു വിഭാവനം ചെയ്‌ത മതാധിഷ്ഠിത മതേതരത്വമാണ്. മതവിശ്വാസ നിഷേധമായിരുന്നില്ല ഗുരു മുന്നോട്ടുവെച്ചത്. സർവമതങ്ങളുടെയും സാരം ഏകമാണെന്നും അതാതു മതങ്ങളിൽ വിശ്വസിച്ചുകൊണ്ട് നന്മയുള്ളവരായി മാറണമെന്ന സഹിഷ്ണുതാസിദ്ധാന്തമാണ് ഗുരുവിന്റേത്. അത് ഭൂരിപക്ഷ -ന്യുനപക്ഷ വർഗീയതയുടേതായിരുന്നില്ല. ഗുരുദർശനം പണ്ടേ ഉപേക്ഷിച്ച എസ്എൻഡിപിയുടെ അമരത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് ഗുരുദർശനത്തെ ഉയർത്തിപ്പിടിക്കേണ്ടകാര്യമില്ല. സ്വയം ബ്രോക്കറായി അവതരിച്ചിരിക്കുന്ന വെള്ളാപ്പള്ളിക്ക് രാഷ്ട്രീയം സമുദായ വ്യവസായമാണ്. ഇടതുപക്ഷ അനുഭാവമുള്ള സമുദായത്തെ ബി.ജെ.പി ക്യാംപിലെത്തിക്കുന്നതാണ് ലാഭകരം എന്ന് വെള്ളാപ്പള്ളി മാർക്കറ്റ് കാലാവസ്ഥയായി തിരിച്ചറിയുന്നു. സമുദായവ്യവസായിക്ക് ലാഭം മാത്രമേ ലക്ഷ്യമാക്കേണ്ടതുള്ളൂ. അദ്ദേഹം വിപണിയനുസരിച്ചുള്ള നിക്ഷേപം നടത്തുന്നുവെന്നേയുള്ളൂ. അത് തെറ്റെന്ന് ആർക്കും പറയാനുമാവില്ല. സമുദായവോട്ടിന്റെ കുത്തകാവകാശം തനിക്കാണെന്ന ധാരണ യഥാർത്ഥത്തിൽ കഴമ്പുള്ളതല്ല. എങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ സമുദായ വ്യവസായത്തിന് സ്ഥാനമുള്ളതുകൊണ്ട് ഈ അവകാശവാദവും അധ്യാപകനിയമനങ്ങൾ പോലെ വിറ്റുപോകുന്നുണ്ട്. അധ്യാപക നിയമനങ്ങൾ യാഥാർഥ്യവും വോട്ടുകുത്തകത്വം മിഥ്യയുമാണ്. സമുദായവ്യവസായത്തിനു ഒരേസമയം യാഥാർഥ്യത്തെയും മിഥ്യയേയും കച്ചവടം ചെയ്യാനാകും.

എന്നാൽ അദ്ദേഹം ചരിത്രനിഷേധം നടത്തുന്നുവെന്നതും രാഷ്ട്രീയ ഇരയായി പരിണമിച്ചുവെന്നതും സാമൂഹ്യജീർണത സൃഷ്ടിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ന്യുനപക്ഷത്തോടുള്ള സമീപനം ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്. വെള്ളാപ്പള്ളി ഉന്നംവെക്കുന്ന സമുദായവും മുസ്ലിം ന്യുനപക്ഷവും പിന്നാക്കക്കാരാണ്. കേരളത്തിലെ മുസ്ലിംങ്ങൾ ഈഴവർക്കോ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ ആനുകൂല്യങ്ങൾ നൽകരുതെന്നോ എല്ലാ ആനുകൂല്യങ്ങളും തങ്ങൾക്കുമാത്രം തരണമെന്നോ ഇന്നുവരെയും വാദിച്ചിട്ടില്ല. ആനുപാതികമായി ഞങ്ങൾക്കുള്ളത് നിഷേധിക്കപെടരുതെന്നാണ് അവർ വാദിച്ചിട്ടുള്ളത്. അടുത്തകാലത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത് പ്രകാരം അവർക്ക് ലഭിക്കേണ്ട പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പിന്നാക്കക്കാരുടെ അപ്പോസ്തലനായി സ്വയം വാഴ്ത്തുന്ന വെള്ളാപ്പള്ളി എന്താണ് ചെയ്യേണ്ടത്? പിന്നാക്ക സമത്വത്തിനായി വാദിക്കേണ്ടതാണ്. പകരം അദ്ദേഹം ആർക്കുവേണ്ടി എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നറിയുന്നത് വെള്ളാപ്പള്ളിയുടെ ഇരസ്വത്വം വെളിപ്പെടുത്തുന്നു. ഇസ്ലാം മതത്തെ ചർച്ചയ്‌ക്കെടുക്കുന്നതോടെ അദ്ദേഹം ഗുരു വിഭാവനം ചെയ്‌ത മതാത്മക മതേതരത്വത്തെ ഹനിക്കുന്നു. കൂടാതെ സവർണഹിന്ദുത്വത്തെ രാഷ്ട്രീയവൽക്കരിച്ച് അവർണദൈവശാസ്ത്രം നിർമ്മിച്ചെടുത്ത ഗുരുവിനെ സവർണഹിന്ദുത്വത്തിലേക്കു വലിച്ചിടുന്ന നീചവൃത്തി നടപ്പിലാക്കുന്നു.

 ഗുരുദർശനം പണ്ടേ ഉപേക്ഷിച്ച എസ്എൻഡിപിയുടെ അമരത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് ഗുരുദർശനത്തെ ഉയർത്തിപ്പിടിക്കേണ്ടകാര്യമില്ല. സ്വയം ബ്രോക്കറായി അവതരിച്ചിരിക്കുന്ന വെള്ളാപ്പള്ളിക്ക് രാഷ്ട്രീയം സമുദായ വ്യവസായമാണ്.
ഗുരുദർശനം പണ്ടേ ഉപേക്ഷിച്ച എസ്എൻഡിപിയുടെ അമരത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് ഗുരുദർശനത്തെ ഉയർത്തിപ്പിടിക്കേണ്ടകാര്യമില്ല. സ്വയം ബ്രോക്കറായി അവതരിച്ചിരിക്കുന്ന വെള്ളാപ്പള്ളിക്ക് രാഷ്ട്രീയം സമുദായ വ്യവസായമാണ്.

കേരളമെന്നത് ബി.ജെ.പിക്ക് ഒരു പരീക്ഷണശാലയാണ്. ഇവിടെ നിലനിൽക്കുന്ന മതാത്മക മതേതരത്വത്തെ ഹിന്ദുവൈകാരികതയിലേക്ക് അടുപ്പിച്ച് ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ധ്രുവീകരണം സാധ്യമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ശക്തമായ നവോത്ഥാനധാരയുള്ള കമ്മ്യുണിസ്റ്റ് വേരിറക്കമുള്ള ഈ മണ്ണിൽ എങ്ങനെയാണ് മതാത്മക മതേതരത്വത്തെ വിശ്ളേഷിപ്പിച്ച് ഹിന്ദുവർഗീയത പരത്തി ന്യൂനപക്ഷ പാർശ്വവൽക്കരണം സാധുവാക്കുന്നത് എന്നത് ഹിന്ദുത്വ ബുദ്ധിജീവികളുടെ ഏറ്റവും വലിയ ആവശ്യമാണ്. ഹിന്ദുബോധം വ്യാപിപ്പിക്കാനായുള്ള ക്ഷേത്രകേന്ദ്രിത, ഭാരതാംബ പ്രവർത്തനങ്ങൾ ഒരുവശത്ത് സാംസ്കാരിക ഭൂമികയിലെത്തിക്കുന്നു. മറുവശത്തു ശ്രീനാരായണ ദർശനത്തെയും പ്രസ്ഥാനങ്ങളെയും സവർണഹിന്ദുത്വ ഏകീകരണം നടത്തി ഭൂരിപക്ഷ വർഗീയതയ്ക്ക് ഭൂമികയൊരുക്കുക. ഇതുവഴി കേരളത്തെയും ഹിന്ദുദേശീയതയുടെ വിളഭൂമിയായി പരിവർത്തനപ്പെടുത്താമെന്ന രാഷ്ട്രീയവീക്ഷണമാണ് ബി.ജെ.പിയുടെ പരീക്ഷണതന്ത്രം.

ബദലുകളില്ലാത്ത, സംവാദങ്ങളില്ലാത്ത ഹിന്ദുദേശീയത പ്രാവർത്തികമാക്കാനായി കേരളത്തെ പരീക്ഷണശാലയാക്കിയേ മതിയാവൂ. ഈ വിശാല രാഷ്ട്രീയ വീക്ഷണമോ ഗുരുദർശനത്തിന്റെ സവർണീകരണമോ മനസിലാക്കാതെയാണ് വെള്ളാപ്പള്ളി ഇരയാകുന്നത്. ഹിന്ദുത്വദേശീയതയ്ക്കു കേരളത്തിൽ അന്യമത വിരുദ്ധ സംവാദങ്ങൾ സൃഷ്ടിക്കുന്നതുപോലും അജണ്ടയാണ്. ഗുരു പ്രാവർത്തികമാക്കിയ മതാത്മക മതേതരത്വത്തെ വീണ്ടെടുത്ത് ശാക്തീകരിച്ചു സംരക്ഷിക്കേണ്ട ബാധ്യതയാണ് എസ്എൻഡിപി ഈ അവസരത്തിൽ മുന്നോട്ടുവെയ്‌ക്കേണ്ടത്. മറിച്ച് ഹിന്ദുത്വദേശീയതയുടെ വക്താവായി അറിവില്ലായ്മകൊണ്ട് പ്രസ്‌താവന നടത്തി മാധ്യമ പ്രശസ്തി നേട്ടമായി ആഘോഷിക്കുകയല്ല വേണ്ടതെന്നു സമുദായവ്യവസായിയോട് ആരു പറയും? ഇടതുപക്ഷത്തിനു പറയാൻ കഴിയണം. അവരാണ് ചരിത്രത്തിന്റെ വേരറുക്കുന്ന പ്രവർത്തനങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടതും മുൻകരുതലുകൾ സ്വീകരിക്കേണ്ടതും. ഗൃഹാതുരത്വ വ്യവഹാരങ്ങളിൽനിന്നും പുറത്തുവന്ന് കാലിന്റെ അടിയിലെ മണ്ണൊലിക്കുന്നതിനിയെങ്കിലും ഇടതുപക്ഷം അറിയുക.

മോദി ഭരണകാലം കേരളത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നാലോചിച്ചാൽ മറ്റ് പല വിഷയങ്ങളേക്കാളും വ്യാപകമായിരിക്കുന്നത് മൃദുഹിന്ദുത്വമാണ്. ഇടതുപക്ഷ സംഘടനകളിൽ പോലും പണ്ടൊന്നും നാമ്പെടുക്കാതിരുന്ന സ്വ-അപര മതസ്വത്വബോധം വ്യാപകമായിട്ടുണ്ട്. സാമാന്യജനങ്ങളുടെ ഇടയിലും മതബോധം വ്യാപകമാകുന്നുണ്ട്. മതസഹിഷ്ണുതയെ ഹനിക്കുന്നത്ര ആപത്കരമായിട്ടില്ലെങ്കിലും പണ്ടെത്തേക്കാൾ മതബോധം പ്രകടമായിട്ടുണ്ടെന്നതും ക്രമേണ ശക്തിപ്രാപിക്കുന്നുണ്ടെന്നതും നിഷേധിക്കാനാവില്ല. കേരളം ആർജിച്ച മതസഹിഷ്ണുതയ്ക്കു വിള്ളലേൽക്കവുന്ന തരത്തിൽ ഇത് വളർന്നേക്കാനുള്ള സാധ്യത തിരിച്ചറിയേണ്ടതും മതാത്മക മതേതരത്വം വഴി കൈവന്ന മതസഹിഷ്ണുതയെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ ആസൂത്രണം ചെയ്യേണ്ടതും ഇടതുപക്ഷത്തിന്റെ ചുമതലയാണ്. തങ്ങൾ വിപ്ലവകാരികളാണ് മതമൊന്നും തങ്ങളെ ബാധിക്കില്ല, കോൺഗ്രസ്സുകാർ മൃദുഹിന്ദുത്വം അംഗീകരിക്കുന്നവരാണ് എന്നൊക്കെ അവകാശവാദം പറയുന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. സാമൂഹ്യയാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക. വീണ്ടും വീണ്ടും ചരിത്രനിഷേധം നടത്തി മതബോധം സാമാന്യവ്യവഹാരങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള രഹസ്യഅജണ്ട നടപ്പിലാക്കാൻ കൂടുതൽ വെള്ളാപ്പള്ളിമാരെ അനുവദിക്കാതിരിക്കാൻ ഇടതുപക്ഷം നിലപാടെടുക്കേണ്ടതാണ്. മൗനമായിരുന്നാൽ കേരളം ജാതിമത വർഗീയതയുടെ വിളനിലമായി മാറും. കൂട്ടത്തിൽ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തും: “വേണ്ട സന്ദർഭങ്ങളിൽ ഇടതുപക്ഷം നിലപാടെടുത്തില്ല അതുവഴി വർഗീയതയ്ക്കുവളരാൻ കളമൊരുക്കുകയാണു അവർ ചെയ്‌തത്‌".


Summary: SNDP Yogam general secretary Vellapplly Natesan spreads BJP political agenda in Kerala through hate speeches, M. Sreenathan writes.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments