എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് കസ്റ്റഡിയിൽ

ജയിലിൽനിന്ന്
ഗീതാനന്ദനും സഹപ്രവർത്തകരും
കേരളത്തോട് ചോദിക്കുന്നത്…

എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവർക്കെതിരായ ശിക്ഷാവിധി കേവലം നാല് വ്യക്തികൾക്കെതിരായ നിയമനടപടിയല്ല; മറിച്ച്, അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ശബ്ദമുയർത്തിയ ഒരു ജനതയ്ക്കെതിരായ വിധി കൂടിയായി കാണേണ്ടതുണ്ട്- അശ്വതി എ.പി., ശ്രീനിജ് കെ.എസ്. എന്നിവർ എഴുതുന്നു.

2003 ഫെബ്രുവരി 19-ന് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന പൊലീസ് അതിക്രമം, കേരളത്തിലെ ആദിവാസി ഭൂ അവകാശ പോരാട്ടചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധ്യായമാണ്. വാഗ്ദാനം ചെയ്ത ഭൂമി നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്ന്, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് ആദിവാസി കുടുംബങ്ങൾ നടത്തിയ സമാധാനപരമായ സമരം കടുത്ത രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്. പോലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. സംഘർഷത്തിൽ കെ.വി. വിനോദ് എന്ന പോലീസുകാരൻ മരിച്ചു. കുട്ടികളും ഗർഭിണികളായ സ്ത്രീകളും അടക്കം നിരവധി ആദിവാസികൾക്ക് പിന്നീടുള്ള ജീവിതം ദുസ്സഹമാക്കുംവിധം കടുത്ത മർദ്ദനമേറ്റു. വംശീയാതിക്രമത്തിന്റെ സ്വഭാവത്തിലുള്ള ആക്രമണങ്ങൾ അവർക്കുനേരെയുണ്ടായി.

23 വർഷത്തിലേറെ നീണ്ട നിയമനടപടിക്കുശേഷം കഴിഞ്ഞ ജൂലൈ 31-ന് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അയ്യൂബ് ഖാൻ ഇ. പുറപ്പെടുവിച്ച വിധി, മുത്തങ്ങ സംഭവത്തെ വീണ്ടും ഓർമയിലെത്തിക്കുന്നു. വിനോദിന്റെ കൊലപാതകക്കേസിൽ ജീവിച്ചിരിക്കുന്ന 56 പ്രതികളെയും കോടതി വെറുതെവിട്ടു; രണ്ടാം പ്രതിയായ അശോകനാണ് വിനോദിനെ മാരകമായി പരിക്കേൽപ്പിച്ചതെന്ന് കോടതി കണ്ടെത്തിയെങ്കിലും, വിചാരണ നടക്കുന്നതിനിടെ അദ്ദേഹം മരിച്ചതിനാൽ ശിക്ഷ വിധിക്കാനായില്ല. പൊലീസുകാരനായ അബ്ദുൽ സലാമിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശശിധരനെയും തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവർക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഒരേ സംഭവത്തിൽ നിന്നുടലെടുത്ത ഈ രണ്ട് വിധികൾ, മുത്തങ്ങ സംഭവത്തിൽ നീതിന്യായവ്യവസ്ഥ നടത്തിയ വിലയിരുത്തലിന്റെ സങ്കീർണ്ണത വ്യക്തമാക്കുന്നു. ജനാധിപത്യ സമൂഹത്തിൽ കോടതിവിധികൾ സൃഷ്ടിക്കുന്ന സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിമർശനാത്മകമായി പരിശോധിക്കാനുള്ള അവകാശം പൗരർക്കുണ്ട്. ആദിവാസി ഭൂസമരത്തിന്റെ പശ്ചാത്തലത്തിലും നീതിയുടെ മാനദണ്ഡങ്ങളിലും ഊന്നിനിന്ന് ഈ വിധിന്യായങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

കേരളത്തിലെ ആദിവാസി രാഷ്ട്രീയത്തിലും അവകാശ പോരാട്ടങ്ങളിലും ഒഴിവാക്കാനാവാത്ത​ പേരാണ് എം. ഗീതാനന്ദന്റേത്. 1954-ൽ കണ്ണൂർ ജില്ലയിലെ തയ്യിലിൽ ഒരു ദലിത് കുടുംബത്തിൽ ജനിച്ച അദ്ദേഹം സുവോളജിയിൽ ബിരുദവും മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി, 20 വർഷത്തോളം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലി ചെയ്തു. സുരക്ഷിതമായ ഈ ജോലി ഉപേക്ഷിച്ച്, പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി ജനതയുടെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തെ അനുയായികളും പൊതുസമൂഹവും ഇന്നും സ്നേഹത്തോടെ 'മാഷ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഗീതാനന്ദനൊപ്പം ശിക്ഷിക്കപ്പെട്ട ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരും പതിറ്റാണ്ടുകളായി ഈ പ്രസ്ഥാനത്തിന്റെ മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്നവരാണ്. ഇന്ന് കോടതി വിധിയിലൂടെ ശിക്ഷിക്കപ്പെട്ട് ഇവർ ജയിലിൽ കിടക്കുമ്പോൾ, കേരള സമൂഹം ഗൗരവമായി തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്; ഇവരുടെ പോരാട്ടം തലമുറകളായി സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനതയുടെ ജീവനും അതിജീവനത്തിനും വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ, കേവലം കുറ്റവാളികളായി ഇവരെ വിധിക്കുന്നത് നീതിനിഷേധവും നീതിന്യായത്തിന്റെ വിവേചനപൂർണമായ നടപ്പാക്കലുമാണ്.

2003 ഫെബ്രുവരി 19-ന് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന പൊലീസ് അതിക്രമം, കേരളത്തിലെ ആദിവാസി ഭൂ അവകാശ പോരാട്ടചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധ്യായമാണ്.
2003 ഫെബ്രുവരി 19-ന് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന പൊലീസ് അതിക്രമം, കേരളത്തിലെ ആദിവാസി ഭൂ അവകാശ പോരാട്ടചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധ്യായമാണ്.

ഗീതാനന്ദനോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനുവിനും ഇതേ പോരാട്ടത്തിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും, അവർക്കെതിരെ എഴുപത്തിയഞ്ചോളം കേസുകൾ ചുമത്തപ്പെട്ടിരുന്നെന്നും ഓർക്കുമ്പോൾ, ഈ പോരാട്ടം ഒരു വ്യക്തിയുടെയോ ചെറിയ കൂട്ടത്തിന്റെയോ അല്ല, മറിച്ച് ഭൂരഹിതരായ ഒരു ജനതയാകെയുടെ ദീർഘമായ ത്യാഗത്തിന്റെ ചരിത്രമാണെന്ന് വ്യക്തമാകും. 2001-ലെ കുടിൽകെട്ടി സമരത്തിനിടെ രൂപംകൊണ്ട ആദിവാസി ഗോത്രമഹാസഭ എന്ന സംഘടനയുടെ സ്ഥാപകനേതാക്കളിൽ ഒരാളെന്ന നിലയിൽ, ഗീതാനന്ദന്റെ ജീവിതം കേരളത്തിലെ ആദിവാസി രാഷ്ട്രീയത്തിന്റെ സമകാലിക ചരിത്രത്തോട് ഇഴചേർന്നു കിടക്കുന്നു. ആദിവാസി ജനതയുടെ നീതിക്കുവേണ്ടി നിസ്വാർത്ഥമായി നിലകൊണ്ട സാമൂഹിക പ്രവർത്തകരായാണ് കേരളീയ പൊതുമണ്ഡലം ഇവരെ അടയാളപ്പെടുത്തേണ്ടത്.

മുത്തങ്ങ സമരത്തിന്റെ വേരുകൾ അന്വേഷിക്കുമ്പോൾ തെളിയുന്നത് പതിറ്റാണ്ടുകളായി കേരളത്തിലെ ആദിവാസി സമൂഹം അനുഭവിച്ച ഭൂമിയില്ലായ്മയുടെയും കടുത്ത വിവേചനത്തിന്റെയും ചരിത്രമാണ്. 1975-ലെ ആദിവാസി ഭൂനിയമം പൂർണ്ണമായി നടപ്പാക്കാൻ ഇരു മുന്നണി സർക്കാരുകളും തയ്യാറായില്ല. 1950-കളിൽ ആരംഭിച്ച ഭൂപരിഷ്കരണ നിയമങ്ങളുടെ ഗുണഭോക്താക്കളാകേണ്ടവരാണ് ഭൂരഹിതരായി തുടരുന്നത് എന്നത് കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് വലിയൊരു വൈരുധ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ തുടർച്ചയായ വാഗ്ദാനലംഘനങ്ങൾക്കെതിരെ ആദിവാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയത്.

2001-ൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന ചരിത്രപ്രസിദ്ധമായ കുടിൽകെട്ടി സമരമായിരുന്നു ഈ പോരാട്ടത്തിന്റെ നിർണ്ണായക തുടക്കം. ഈ സമരത്തിനിടയിലാണ് ആദിവാസി ഗോത്രമഹാസഭ എന്ന സംഘടന രൂപംകൊണ്ടത്. അന്ന് ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും അഞ്ച് ഏക്കർ വരെ കൃഷിഭൂമി നൽകാമെന്ന സർക്കാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ടതിനെതുടർന്നാണ് ആദിവാസി കുടുംബങ്ങൾ എം. ഗീതാനന്ദന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തിൽ, അവരുടെ സ്വന്തം ഭൂമിയായ മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച് സമരം തുടങ്ങിയത്. തകരപ്പാടിയിലെ ഗൗഡൻവയലിൽ സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് നടത്തിയ ബലപ്രയോഗത്തിനിടയിലാണ് സംഘർഷമുണ്ടായതും പൊലീസുകാരനായ വിനോദ് കൊല്ലപ്പെടുകയും ചെയ്തത്. ആദിവാസി യുവാവായ ജോഗി പൊലീസ് വെടി​വെപ്പിലാണ് കൊല്ലപ്പെട്ടത്.

വിനോദ് മരിച്ച കേസ് ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയുമാണ് അന്വേഷിച്ചത്. 57 പ്രതികളിൽ 15 പേർ വിചാരണ നീണ്ടുപോയതിനിടെ മരിച്ചു എന്നതും, 47 സാക്ഷികളെ വിസ്തരിച്ചാണ് പ്രോസിക്യൂഷൻ കേസ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നതും ഈ കേസിന്റെ ദൈർഘ്യവും സങ്കീർണ്ണതയും വ്യക്തമാക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിചാരണയുടെ കാലതാമസം തന്നെ ഒരു തരത്തിലുള്ള നീതിനിഷേധമാണെന്ന വാദവും പ്രസക്തമാണ്.

ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും അഞ്ച് ഏക്കർ വരെ കൃഷിഭൂമി നൽകാമെന്ന സർക്കാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ടതിനെതുടർന്നാണ് ആദിവാസി കുടുംബങ്ങൾ എം. ഗീതാനന്ദന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തിൽ, അവരുടെ സ്വന്തം ഭൂമിയായ മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച് സമരം തുടങ്ങിയത്.
ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും അഞ്ച് ഏക്കർ വരെ കൃഷിഭൂമി നൽകാമെന്ന സർക്കാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ടതിനെതുടർന്നാണ് ആദിവാസി കുടുംബങ്ങൾ എം. ഗീതാനന്ദന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തിൽ, അവരുടെ സ്വന്തം ഭൂമിയായ മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച് സമരം തുടങ്ങിയത്.

സംഘർഷത്തിനിടെ പോലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായ പരിക്ക് മുൻനിർത്തി മുത്തങ്ങ സമരത്തെ കേവലം ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കാണുന്നത് നീതിയല്ല. പ്രകോപനപരമായ ഒഴിപ്പിക്കൽ നടപടിയിലെ പോലീസിന്റെ നിഷ്ഠൂര സമീപനവും, അതിലേക്ക് ആദിവാസി ജനതയെ തള്ളിയിട്ട ദശകങ്ങളുടെ അവഗണനയും ഭരണകൂട വഞ്ചനയും കൂടി കണക്കിലെടുക്കുമ്പോൾ മാത്രമേ മുത്തങ്ങയുടെ പൂർണ്ണചിത്രം വ്യക്തമാകൂ. ഒരു ജനതയുടെ അതിജീവനസമരത്തിന് നേതൃത്വം നൽകിയവർ രണ്ട് പതിറ്റാണ്ടിനുശേഷം ജയിലടക്കപ്പെടുന്നത്, ആ ചരിത്രപോരാട്ടത്തെ നിർവീര്യമാക്കാനുള്ള സിസ്റ്റത്തിന്റെ മറ്റൊരു ഗൂഢാലോചനയായി മാത്രമേ കാണാനാകൂ.

ഇന്നും കേരളത്തിലെ ആദിവാസി സമൂഹം സ്വന്തം മണ്ണിനും അടിസ്ഥാന ജീവിത വിഭവങ്ങൾക്കും വേണ്ടിയുള്ള നിരന്തര പോരാട്ടത്തിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി ഒരു ജനത നടത്തുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസുകളിലൂടെ നേരിടുന്നത്, ജനാധിപത്യപരമായ പോരാട്ടങ്ങൾക്കുള്ള പൗരരുടെ അവകാശത്തെത്തന്നെ ദുർബലപ്പെടുത്തും. എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവർക്കെതിരായ ശിക്ഷാവിധി കേവലം നാല് വ്യക്തികൾക്കെതിരായ നിയമനടപടിയല്ല; മറിച്ച്, അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ശബ്ദമുയർത്തിയ ഒരു ജനതയ്ക്കെതിരായ വിധി കൂടിയായി കാണേണ്ടതുണ്ട്. ലോകമെമ്പാടും തദ്ദേശീയ ജനവിഭാഗങ്ങൾ നടത്തുന്ന ഭൂസമരങ്ങൾ പിൽക്കാലത്ത് നീതിക്കുവേണ്ടിയുള്ള ചരിത്രപരമായ പോരാട്ടങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ഓർക്കണം. മുത്തങ്ങ സമരനേതാക്കളെ പ്രതികളാക്കി ജയിലിലടക്കുമ്പോൾ, ഈ ചരിത്രയാഥാർഥ്യത്തെയാണ് മറയ്ക്കാൻ ശ്രമിക്കുന്നത്.

സംഘർഷത്തിനിടെ പോലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായ പരിക്ക് മുൻനിർത്തി മുത്തങ്ങ സമരത്തെ കേവലം ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കാണുന്നത് നീതിയല്ല.
സംഘർഷത്തിനിടെ പോലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായ പരിക്ക് മുൻനിർത്തി മുത്തങ്ങ സമരത്തെ കേവലം ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കാണുന്നത് നീതിയല്ല.

മുത്തങ്ങ സംഭവത്തെ ദശകങ്ങളായി വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ അതിജീവന​പോരാട്ടമായാണ് തിരിച്ചറിയേണ്ടത്. ആ പോരാട്ടം ഉന്നയിച്ച ഭൂപ്രശ്നങ്ങൾ എത്രത്തോളം പരിഹരിക്കപ്പെട്ടു എന്നതാണ് യഥാർത്ഥത്തിൽ പരിശോധിക്കപ്പെടേണ്ടത്. അടിസ്ഥാനജനതയ്ക്ക് ഭൂനീതിയും വിഭവാധികാരവും ഉറപ്പാക്കേണ്ട ഭരണകൂടസംവിധാനവും നീതിന്യായവ്യവസ്ഥയും കേവലം വ്യക്തിപരമായ ശിക്ഷാവിധികളിലൂടെ, അവരുടെ ഉത്തരവാദിത്തം കൈയൊഴിയുന്നതാണ് കാണുന്നത്.

ശിക്ഷാവിധിക്കൊപ്പം, കോൺസ്റ്റബിൾ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും, പരിക്കേറ്റ അബ്ദുൽ സലാമിന് മൂന്ന് ലക്ഷം രൂപയും, ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, ​കൊല്ലപ്പെട്ട ജോഗിയ്ക്ക് നിഷേധിക്കപ്പെടുന്ന നീതിയോ മുത്തങ്ങയിൽ പൊലീസ് ആദിവാസികൾക്കെതിരെ നടത്തിയ കടുത്ത മനുഷ്യാവകാശലംഘനമോ നീതിന്യായസംവിധാനത്തിന്റെ ഉൽക്കണ്ഠാവിഷയമായില്ല.

കേരളീയ പൊതുസമൂഹത്തെ ആകെതന്നെ പ്രതിക്കൂട്ടിലാക്കുന്ന സമീപനങ്ങളും ഈ വിധിന്യായവുമായി ബന്ധപ്പെട്ട് പ്രകടമാണ്. ജീവിതം മുഴുവൻ സമരമുഖത്തായിരുന്ന എം. ഗീതാനന്ദൻ, ഒരു സമരപങ്കാളിത്തത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെടുന്നത് പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ അലട്ടേണ്ട വിഷയമാണ്. ജനാധിപത്യപരമായ സംഭാഷണങ്ങളിലൂടെ മാത്രം പരിഹാരം സാധ്യമാകുന്ന ഈ വിഷയത്തിൽ, അതിനുവേണ്ടിയുള്ള സമ്മർദം പൊതുസമൂഹത്തിൽനിന്നുണ്ടാകുന്നുണ്ടോ എന്നത് വലിയ ചോദ്യമാണ്. ആദിവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം ഈ ശിക്ഷാവിധിക്കെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും അത് കേരളത്തിന്റെ പൊതുവായ വിഷയമായി മാറിയിട്ടില്ല. ഈ കോടതിവിധിയെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് പക്വമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ കടമ കൂടിയാണ്.

ജീവിതം മുഴുവൻ സമരമുഖത്തായിരുന്ന എം. ഗീതാനന്ദൻ, ഒരു സമരപങ്കാളിത്തത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെടുന്നത് പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ അലട്ടേണ്ട വിഷയമാണ്.
ജീവിതം മുഴുവൻ സമരമുഖത്തായിരുന്ന എം. ഗീതാനന്ദൻ, ഒരു സമരപങ്കാളിത്തത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെടുന്നത് പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ അലട്ടേണ്ട വിഷയമാണ്.

മുത്തങ്ങ ഒറ്റപ്പെട്ട സംഭവമല്ല, ഇന്നും തുടരുന്ന കടുത്ത യാഥാർത്ഥ്യമാണ്. ഭൂമി നഷ്ടപ്പെട്ട് തലമുറകളായി ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ജീവിതം വീണ്ടെടുക്കാനുള്ള ഗൗരവകരമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല. മുത്തങ്ങ സമരത്തിനുശേഷവും ആദിവാസി- ഭൂരഹിത ജനവിഭാഗങ്ങൾ നിരവധി ഭൂസമരങ്ങൾ നടത്തിയിട്ടുണ്ട്. 2007-ൽ പത്തനംതിട്ടയിലെ ചെങ്ങറയിൽ നടന്ന ഭൂസമരവും ആറളം ഫാമിലെ ആദിവാസി പുനരധിവാസ പ്രശ്നങ്ങളും ഇതേ അടിസ്ഥാന പ്രശ്നത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ഭൂപരിഷ്കരണനിയമങ്ങളുടെ ആനുകൂല്യം യഥാർത്ഥത്തിൽ ലഭിക്കേണ്ടിയിരുന്ന ആദിവാസി- ദലിത് വിഭാഗങ്ങൾ വീണ്ടും വീണ്ടും ഭരണകൂടത്തിന്റെ വാഗ്ദാനലംഘനങ്ങൾക്ക് ഇരയാകുന്നു എന്നതാണ് ഈ സമരപരമ്പരകൾ വ്യക്തമാക്കുന്നത്. മുത്തങ്ങയെ ഒറ്റപ്പെട്ട ക്രമസമാധാന പ്രശ്നമായി വിലയിരുത്തുമ്പോൾ, ഈ വിശാലമായ ചരിത്രപശ്ചാത്തലം അദൃശ്യമാക്കപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്.

ആദിവാസി ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പൂർണ്ണമായി യാഥാർത്ഥ്യമാകുന്നതുവരെ മുത്തങ്ങ ഉയർത്തിയ സാമൂഹിക നീതിയുടെ ചോദ്യങ്ങൾ പ്രസക്തമായി തുടരും. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യത ഭരണകൂടത്തിനും നീതിന്യായവ്യവസ്ഥയ്ക്കും പൊതുസമൂഹത്തിനും ഒരുപോലെയുണ്ട്. ഇപ്പോൾ ജയിലിൽ കിടക്കുന്ന എം. ഗീതാനന്ദനും സഹപ്രവർത്തകരും ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെ ഒരു നിയമനടപടി മാത്രമായല്ല കാണേണ്ടത്; തലമുറകളായി ഭൂമിക്കും അന്തസ്സിനും വേണ്ടി പോരാടിയ ഒരു ജനതയുടെ പ്രതീക്ഷ കൂടിയാണത്. ആ പ്രതീക്ഷ നിറവേറ്റപ്പെടുന്നതുവരെ, മുത്തങ്ങ കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ മനഃസാക്ഷിയെ അലട്ടുന്ന ചോദ്യചിഹ്നമായി തുടരും.

Comments