സസ്‌പെന്‍ഷന്‍ കൊണ്ട് തീരില്ല എസ്.എഫ്. ഐയുടേയും സർക്കാരിൻ്റേയും ഉത്തരവാദിത്തം

പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥി, തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥൻ എന്ന 21 വയസ്സുകാരൻ, മൂന്ന് ദിവസം അതി ക്രൂരമായ മർദ്ദനമേറ്റ്, സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെട്ടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കു മുന്നിൽ വെച്ച് നഗ്നനാക്കപ്പെട്ട്, ആൾക്കൂട്ട വിചാരണയ്ക്കു വിധേയനായി, ശേഷം ക്യാമ്പസിൽ വെച്ച് മരിക്കുന്നു. ആത്മഹത്യയെന്ന് കോളേജ് അധികൃതരും കൊന്ന് കെട്ടിത്തൂക്കിയതെന്ന് വീട്ടുകാരും പറയുന്നു. പ്രതിസ്ഥാനത്തു നിൽക്കുന്നത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ യൂണിയൻ പ്രസിഡൻ്റും യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെ നാല് എസ്.എഫ്.ഐ പ്രവർത്തകരുൾപ്പെട്ട സംഘമാണ്. സംഘടനയിൽ നിന്ന് പ്രവർത്തകരെ പുറത്താക്കി എന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഒട്ടനവധി ചോദ്യങ്ങളും ആശങ്കകളും ആശയപരമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സിദ്ധാർത്ഥൻ്റെ കൊല്ലപ്പെടൽ ഉയർത്തുന്നുണ്ട്.

അതിൽ പ്രധാനം എസ്.എഫ്.ഐ ഭാരവാഹികൾ ക്രൂരമായ, ആസൂത്രണം ചെയ്ത് നടപ്പിലാക്കപ്പെട്ട ഒരു കൊലപാതകത്തിൻ്റെ പ്രതിസ്ഥാനത്ത് വന്നു എന്നതുതന്നെയാണ്. വന്നുപെട്ടതല്ല, ആസൂത്രകരും നടത്തിപ്പുകാരും ഇവരായിരുന്നു. ആൾക്കൂട്ട കൊലയുടെ എല്ലാ ലക്ഷണങ്ങളുമൊത്ത സംഭവമാണത്. സിദ്ധാർത്ഥൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആ ക്രൂരതയുടെ സാക്ഷ്യപത്രമാണ്. എതിരാളിയെന്നും ശത്രുവെന്നും എതിരഭിപ്രായമുള്ളയാളെന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നയാളെന്നും കരുതുന്ന ഒരാളെ ശരീരം മുഴുവൻ വേദനിപ്പിച്ചും ഉപദ്രവിച്ചും ആസ്വദിക്കുന്നതും, അയാളുടെ ആത്മാഭിമാനത്തെ എങ്ങനെയൊക്കെ തകർക്കാമോ അതൊക്കെയും ചെയ്യുന്നതും, കഴിയുമെങ്കിൽ ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കുന്നതും, ഇല്ലാതാക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് കരുതുന്ന, ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ പാടേ കയ്യൊഴിഞ്ഞു കളഞ്ഞ ഒരു സംവിധാനമായി ഇടതുപക്ഷപ്രസ്ഥാനങ്ങൾ മാറുന്നതിൻ്റെ ലക്ഷണമാണത്.

സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ടപ്പോൾ അതുനോക്കി നിന്ന വിദ്യാർത്ഥികളുടെ കൂട്ടം ഒന്നുകിൽ അതു നടപ്പാക്കിയവരുടെ അതേ മാനസികാവസ്ഥ പേറുന്നവരായിരിക്കണം. അല്ലെങ്കിൽ അധികാരത്തോടുള്ള ഭയത്താലും വിധേയത്വത്താലും നിശ്ശബ്ദത രാഷ്ട്രീയ അടവായി സ്വീകരിച്ചവരായിരിക്കണം. ഇപ്പോഴും അവർ നിശ്ശബ്ദരാണ്. ഒന്നുകിൽ സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായവരോടുള്ള ഭയം സ്വന്തം ജീവനോടുള്ള ഭയമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ശത്രുവിൻ്റെ മരണം അവർ ആസ്വദിക്കുന്നുണ്ടാവും. ആ കൂട്ടത്തിൽ സിദ്ധാർത്ഥൻ്റെ ക്ലാസിൽ പഠിച്ചവരുണ്ട്, സുഹൃത്തുക്കൾ എന്ന് സിദ്ധാർത്ഥൻ കരുതിയവരുണ്ട്. പരിചയക്കാരുണ്ട്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചവരുണ്ട്. സ്വാതന്ത്ര്യം സംഘടനയ്ക്കും തങ്ങൾക്കും മാത്രമുള്ള സ്വാതന്ത്ര്യമാണെന്നും ജനാധിപത്യം തങ്ങളുടെ കൂട്ടത്തിനു മാത്രം നിലനിൽക്കാനുള്ള ജനാധിപത്യമാണെന്നും സോഷ്യലിസം തങ്ങളുടെ അധികാരപരിധിയിൽ തൊമ്മികളുടെ കൂട്ടത്തിന് വിതരണം ചെയ്യുന്ന വർണസഞ്ചികളുടെ എണ്ണത്തിലുള്ള തുല്യതയാണെന്നും അവർ മനസ്സിലാക്കി വെച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ഒരു വിദ്യാഭ്യാസ പ്രശ്നത്തിലും എസ്.എഫ്.ഐയുടെ സമരങ്ങൾ നമ്മൾ കഴിഞ്ഞ കുറേ വർഷങ്ങളായി തെരുവിൽ കാണാത്തത്. പഠിക്കുക പോരാടുക എന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ ഏറ്റവും സാർത്ഥകമായ മുദ്രാവാക്യം ഒരു കാലത്ത് ക്യാമ്പസുകളിൽ ഉയർത്തിയുന്ന പ്രസ്ഥാനം ഭൂതകാലത്തിലെ മുദ്രാവാക്യ ക്കുളിരുകളിലും പണ്ട് ഞങ്ങൾ ഹാ! കഥകളിലും ഏതോ കാലത്ത് നടത്തിയ വിദ്യാഭ്യാസ സമരങ്ങളുടെ ഓർമകളിലും മാത്രം അഭിരമിക്കേണ്ടി വരുന്നവരായി മാറുന്നത്.

2019 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു എസ്.എഫ്.ഐ ക്കാരൻ മറ്റൊരു എസ്.എഫ്.ഐക്കാരന്റെ, സഹപാഠിയുടെ നെഞ്ചിൽ അധികാരം കയ്യിലുള്ളതിന്റെ പേരിൽ കത്തി കുത്തിയിറക്കിയപ്പോൾ, എസ്.എഫ്.ഐ മാത്രമുള്ള ഒരു കോളേജ് ക്യാമ്പസിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വന്തം സംഘടനയുടെ നേതൃത്വത്തിന്റെ ഗുണ്ടായിസത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചു കൊണ്ട് തെരുവിലിറങ്ങിയപ്പോൾ എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ് വി.പി. സാനു, കേരള ജനതയോട് മാപ്പ് ചോദിച്ചു. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് പറഞ്ഞിരുന്നു. തളർച്ചയല്ല. തിരുത്തലാണ് വേണ്ടത് എന്നും. സ്വയം നവീകരിച്ച് മുന്നേറണമെന്നും കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണമെന്നും രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണമെന്നും. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണമെന്നും പറഞ്ഞിരുന്നു.

2024 ലെത്തിയപ്പോൾ എസ്.എഫ്.ഐയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള മറ്റൊരു സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതികളായി എസ്.എഫ്.ഐയുടെ നേതാക്കൾ വന്നിരിക്കുന്നു.

തെറ്റ് ചെയ്ത പ്രവർത്തകരെ പുറത്താക്കിയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു വെച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റുമെന്ന നിസ്സഹായതയുടെ മുഖാവരണമിട്ടുകൊണ്ട്.

ഗവൺമെൻ്റിനെ സംബന്ധിച്ച് ഏത് സംഘടനയിൽ പെട്ടവരാണെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളിൽ, തെറ്റായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ മുഖം നോക്കാതെ കർക്കശമായ നിലപാട് സ്വീകരിക്കും. അതാണ് സർക്കാർ പൊതുവെ എടുക്കുന്ന രീതി എന്ന് മന്ത്രി പി. രാജീവും പറഞ്ഞിട്ടുണ്ട്. പ്രായോഗികതയുടെ മുഖം മൂടിവെച്ചും കൊണ്ട്.

അതുകൊണ്ട് തീരുമോ സിദ്ധാർത്ഥൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്തം? തീരില്ല. അതിലെ രാഷ്ട്രീയം തിരിച്ചറിയാത്തിടത്തോളം അത് തീരില്ല. ഭരണക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരാണ് പ്രതികൾ.

ഇലക്ഷൻ കാലത്ത് എസ്.എഫ്.ഐയെ, ഇടതുപക്ഷ രാഷ്ട്രീയത്തെ എതിർപക്ഷത്തു നിർത്തുകയാണെന്ന വിലാപവും കൊലപാതകത്തിലെ ക്രൂരതയുടെ യാഥാർത്യവും ഒരേ പാനപാത്രത്തിൽ നിറച്ചാണ് സൈദ്ധാന്തിക രാഷ്ട്രീയ വിശകലനങ്ങൾ നടക്കുന്നത്. എസ്.എഫ്.ഐ.യിൽ എങ്ങനെ ഇത്തരം ദുഷ്പ്രവണതകൾ കടന്നു കൂടിയെന്ന നിഷ്കളങ്ക രോദനങ്ങൾ. ഇനിയിങ്ങനെ ചെയ്യരുതേയെന്ന ശാസിക്കലുകൾ.

ഒരു ഇടതു പക്ഷ സംഘടനാ ശരീരത്തിൽ അടിമുടി അധികാരത്തിൻ്റെ മത്തു പിടിക്കുന്നത്, അതിന്റെ വേരുകളിൽ ചീയൽ പടരുന്നത്, അതിന്റെ ശിഖരങ്ങളിൽ ചിതലുപിടിക്കുന്നത്, അതിന്റെ ഇലകളിൽ അഹങ്കാരത്തിന്റെ രോഗം ബാധിക്കുന്നത്,

അറിയാതെ പോവുകയാണെങ്കിൽ അധികം താമസിയാതെ അത് പൊളിഞ്ഞ് വീഴും.

ആ പ്രത്യയശാസ്ത്രം സമരത്തിൻ്റെ രാഷ്ട്രീയത്തെ കയ്യൊഴിയുന്നതിനെ, എതിരുകളെ മുഴുവൻ നിശ്ശബ്ദമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിനെ, അധികാരത്തിൻ്റെ ദുരയെ ഓരോ അണിയിലേക്കും പടർത്തുന്നതിനെ

സ്വയം വിമർശനപരമായി നോക്കാൻ കഴിയാത്ത ഒരു വൻ മരത്തിനും വേരുകളിൽ ശക്തിയുണ്ടായിരുന്ന ചരിത്രത്തിന്റെ മാത്രം ബലത്തിൽ നിലനിൽക്കാനാവില്ല. അതിന് വേരുബലം യഥാർത്ഥമായിരിക്കണം.

സിദ്ധാർത്ഥൻ മൂന്ന് ദിവസം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടപ്പോൾ അതറിയാതിരുന്ന സർവ്വകലാശാലാ അധികാരികളും മരണത്തിൽ ഉത്തരവാദികളാണ്. മഹാരാജാസ് കോളേജിൽ ഇസ്‌ലാമിസ്റ്റുകൾ കുത്തിക്കൊന്ന അഭിമന്യുവിൻ്റെ അമ്മയുടെ നാൻ പെറ്റ മകനേ എന്ന രോദനം നമ്മൾ മറന്നിട്ടില്ല.

ഇടുക്കി ഗവ എഞ്ചിനീയറിങ്ങ് കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ അമ്മയുടെ കരച്ചിലും നമ്മൾ മറന്നിട്ടില്ല. പഠിക്കാൻ പോയ മക്കൾ മരിച്ചു പോയതറിഞ്ഞ അമ്മമാരുടെ കണ്ണുകൾ പിന്നെയും നമ്മുടെ ഓർമയിലുണ്ട്. ജിഷ്ണു പ്രണോയിയുടെ രോഹിത് വെമുലയുടെ നജീബിൻ്റെ. മകൻ മരിച്ചതറിയാതെ മരിച്ച രാജൻ്റെ അമ്മയുമുണ്ട്.

ഇവിടെയെല്ലാം പ്രതികൾ രാഷ്ട്രീയത്തിൻ്റെ, സിസ്റ്റത്തിൻ്റെ പ്രതിലോമകരമായ അധികാരപ്രയോഗമാണ്. അധികാരമാണ് എതിർപക്ഷത്തുനിൽക്കുന്നവരെ ഇല്ലാതാക്കുന്ന പ്രാകൃത രീതി നടപ്പിക്കാൻ തയ്യാറാവുന്നത്. കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ അംഗങ്ങളായ സംഘടനയാണ് എസ്എഫ്ഐ. അധികാരം കൊണ്ട് ക്രൂരമായിത്തീർന്ന, അധികാരം കൊണ്ട് അരാഷ്ട്രീയമായിത്തീർന്ന ആ ഇടതുപക്ഷ സംഘടനാ ശരീരം രാഷ്ട്രീയമായ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്.

Comments