‘ഞങ്ങൾക്ക് കിട്ടിയത് ഉറപ്പുകൾ മാത്രം’,
ആശങ്കയൊഴിയാതെ വിലങ്ങാട്ടെ ദുരിതബാധിതർ

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലുണ്ടായി എട്ടു മാസം പിന്നിടുമ്പോഴും ദുരന്തബാധിതരോടൊപ്പമല്ല സർക്കാർ സംവിധാനങ്ങൾ. വയനാടിന് നൽകുന്ന അതേ പരിഗണന വിലങ്ങാടിനും നൽകുമെന്നാണ് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പുനരധിവാസടക്കം കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല.

2024 ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ അതേസമയത്ത് തന്നെയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടലുണ്ടാകുന്നത്. ഒരാൾ മരിച്ച ദുരന്തത്തിൽ 14 വീടുകൾ പൂർണമായും ഒഴുകിപ്പോകുകയും 112 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. നൂറിലേറെ ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകളാണ് വിലങ്ങാട് സംഭവിച്ചത്. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ നിരവധി സ്ഥലങ്ങളിലാണ് ഒരേസമയം ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ സംഭവിച്ചത്. ദുരന്തം സംഭവിച്ച് 8 മാസം പിന്നിടുമ്പോഴും ദുരന്തബാധിതരോടൊപ്പം നിൽക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറായിട്ടില്ല. വയനാടിന് നൽകുന്ന അതേ പരിഗണന വിലങ്ങാടിനും നൽകുമെന്നാണ് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ പുനരധിവാസമടക്കം എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്.

‘‘15 ലക്ഷം വീതം ദുരിതബാധിതർക്ക് തരുമെന്നാണ് പറഞ്ഞത്. 15 ലക്ഷം രൂപ കൊണ്ട് സ്ഥലമെടുത്ത് ഒരു വീട് പണിയാൻ എന്തായാലും കഴിയില്ല’’- അഭിലാഷ്.

വയനാട് ദുരന്തത്തിൽ ടൗൺഷിപ്പ് വേണ്ടാത്തവർക്ക് പ്രഖ്യാപിച്ചതു പോലെ വിലങ്ങാടും ദുരന്തബാധിതർക്ക് 15 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്. വയനാടിന് ലഭിച്ചതുപോലുള്ള പരിഗണന വിലങ്ങാടിന് ലഭിച്ചില്ലെന്ന പരാതി ആദ്യം മുതൽ ഉണ്ടായിരുന്നു. വിലങ്ങാടിനു വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നു പറഞ്ഞെങ്കിലും ദുരിതബാധിതർ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. വീട് നഷ്ടപ്പെവർക്ക് ഇപ്പോൾ പ്രഖ്യാപിച്ച 15 ലക്ഷം രൂപക്ക് മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് വെക്കാനാകില്ലെന്ന് ദുരിതബാധിതരിൽ ഒരാളായ അഭിലാഷ് ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

“എന്റെ വീടുണ്ടായിരുന്ന പാനോം മഞ്ഞക്കുന്ന ഭാഗം വാസയോഗ്യമല്ല. നിലവിൽ 31 പേരാണ് ലിസ്റ്റിലുള്ളത്. 15 ലക്ഷം വീതം ദുരിതബാധിതർക്ക് തരുമെന്നാണ് പറഞ്ഞത്. 15 ലക്ഷം രൂപ കൊണ്ട് സ്ഥലമെടുത്ത് ഒരു വീട് പണിയാൻ എന്തായാലും കഴിയില്ല. ഇപ്പോഴത്തെ മാർക്കറ്റ് വെച്ച് 10 സെന്റ് സ്ഥലം വാങ്ങാൻ തന്നെ എട്ട് ലക്ഷത്തിനടുത്താകും. ബാക്കി പണം ഉപയോഗിച്ച് വീട് വെക്കാൻ പറ്റുമെന്ന് തോന്നുന്നില്ല” - അഭിലാഷ് പറയുന്നു.

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന അഭിലാഷിന്റെ  വീട്
വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന അഭിലാഷിന്റെ വീട്

217 കോടിയുടെ നഷ്ടമാണ് വിലങ്ങാട് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. വീടുകൾ കൂടാതെ കടകളും കൃഷിസ്ഥലങ്ങളും റോഡുകളും പാലങ്ങളുമെല്ലാം നഷ്ടമായി. ഇതിലെല്ലാം സർക്കാർ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ദുരിതബാധിതർ. വാണിമേൽ പഞ്ചായത്തിലെ 10, 11 വാർഡുകളും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ താമസയോഗ്യമല്ലെന്നാണ് സർക്കാർ പറയുന്നത്.

READ MORE CONTENTS

15 ലക്ഷം രൂപ കിട്ടിയാലും എവിടെയാണ് വീട് വെക്കേണ്ടതെന്ന കാര്യത്തിൽ പഞ്ചായത്തിന് മറുപടിയില്ലെന്ന് ഉരുൾപൊട്ടലിൽ വീടും കടയും നഷ്ടമായ സോണി എബ്രഹാം ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:

“വാഗ്ദാനങ്ങൾ മാത്രമാണ് ഞങ്ങൾക്ക് കിട്ടിയത്. വയനാട്ടിലേതുപോലെ ടൗൺഷിപ്പ് വിലങ്ങാടിനില്ല. വീട് നഷ്ടപ്പെട്ടവർക്ക് 15 ലക്ഷം രൂപ ലഭിക്കാനുള്ള സമ്മതപത്രം വില്ലേജിൽ നിന്ന് ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. 31 പേരാണ് ആ ലിസ്റ്റിലുള്ളത്. 15 ലക്ഷം രൂപയിൽ തൃപ്തരല്ലെന്നാണ് പലരും സമ്മതപത്രത്തിൽ അറിയിച്ചിട്ടുള്ളത്. ദുരന്തബാധിതരോടൊപ്പം നിൽക്കാൻ ഇപ്പോൾ ആരുമില്ല. പഞ്ചായത്തിൽ വിളിച്ചാലും കൃത്യമായ മറുപടി ലഭിക്കുന്നില്ല. പഞ്ചായത്തിൽ എവിടെയെല്ലാം ഇനി വീട് വെക്കാൻ കഴിയും എന്ന് പോലും അറിയില്ല. 15 ലക്ഷം കിട്ടിയാൽ തന്നെ എവിടെ സ്ഥലം വാങ്ങുമെന്നോ എവിടെ വീട് വെക്കുമെന്നോ അറിയില്ല. ദുരിതാശ്വാസനിധിയായി 15 ലക്ഷം രൂപ തരും അതിന് സമ്മതമാണോ എന്ന് മാത്രമാണ് ഞങ്ങളോട് ചോദിച്ചത്. അപ്പോൾ തന്നെ ഞങ്ങൾക്കിത് പോരാ എന്ന് പറഞ്ഞിട്ടുമുണ്ട്. താമസിക്കാൻ പറ്റാത്ത വീടുകൾ വിലങ്ങാടുണ്ട്. അതിന്റെ സർവേ എടുത്തു എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ദുരന്തം സംഭവിച്ച വാണിമേൽ പഞ്ചായത്തിലെ 10,12 വാർഡുകളിൽ ഇനി വീട് വെക്കാൻ പറ്റുമോ എന്നുപോലും അറിയില്ല. പഞ്ചായത്ത് ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഞാൻ അടുത്ത ആഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിച്ചാലും പഞ്ചായത്തിന്റെ തീരുമാനപ്രകാരം എവിടെ എനിക്ക് വീട് വെക്കാമെന്ന് അറിയണം. അങ്ങനെ അറിഞ്ഞാൽ മാത്രമെ വീട് വെക്കാൻ സ്ഥലം വാങ്ങാൻ പറ്റുകയുള്ളൂ” - സോണി എബ്രഹാം പറയുന്നു.

സോണി എബ്രഹാം തന്റെ വീട് ഉണ്ടായിരുന്ന സ്ഥലത്ത്.
സോണി എബ്രഹാം തന്റെ വീട് ഉണ്ടായിരുന്ന സ്ഥലത്ത്.

വിലങ്ങാടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്റർ അവസാനം നിന്ന കടയടക്കം നിരവധി കടകളും ദുരന്തത്തിൽ തകർന്നിട്ടുണ്ട്. എന്നാൽ, ഇതിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് സോണി എബ്രഹാം കൂട്ടിച്ചേർത്തു:

“മാത്യു മാഷ് മരിച്ചത് എന്റെ കടയിൽ നിന്നാണ്. എന്റെയും ചേട്ടന്റെയും കടയാണത്. മാഷ് അവിടെ നിൽക്കുന്നതും തിരമാല പോലെ വെള്ളം വരുന്നതും ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ആ കടകൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വീടിനു മാത്രമാണ് നഷ്ടപരിഹാരം എന്നാണ് കേൾക്കുന്നത്. കടയുടേതടക്കം സർവേ എടുത്തിട്ടുണ്ട്. ഇടയ്ക്കിടെ കടയുടെ അളവും മറ്റും ചോദിച്ച് വിളിക്കുന്നുണ്ട്. പക്ഷെ അതിന്റെ ബാക്കി കാര്യങ്ങളൊന്നും വില്ലേജിൽ നിന്ന് അറിയിച്ചിട്ടില്ല.” - സോണി എബ്രഹാം പറയുന്നു.

വീടുകൾ കൂടാതെ കടകളും കൃഷിസ്ഥലങ്ങളും റോഡുകളും പാലങ്ങളുമെല്ലാം വിലങ്ങാടിന് നഷ്ടമായിട്ടുണ്ട്.
വീടുകൾ കൂടാതെ കടകളും കൃഷിസ്ഥലങ്ങളും റോഡുകളും പാലങ്ങളുമെല്ലാം വിലങ്ങാടിന് നഷ്ടമായിട്ടുണ്ട്.

വീട് നഷ്ടമായവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിനുശേഷം 31 പേരുടെ സമ്മതപത്രം വാങ്ങി വെച്ചതല്ലാതെ തുടർനടപടിയുണ്ടായിട്ടില്ല. വില്ലേജ് ഓഫീസിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ദുരന്തബാധിതർ പറയുന്നു. നിരവധിയാളുകൾ ഇപ്പോഴും വാടക വീടുകളിലാണ്. ഇവരിൽ ഏറെ പേരും നഷ്ടപരിഹാര ലിസ്റ്റിൽ വന്നിട്ടില്ല. നഷ്ടപരിഹാരവും നിലവിൽ താമസിക്കുന്ന വീടിന്റെ വാടകയും ലഭിക്കാതെ സർക്കാർ സഹായങ്ങളിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്ന നിരവധിയാളുകൾ ഇപ്പോഴും വിലങ്ങാടുണ്ട്. അവരിലൊരാളായ ടിന്റു സജി ട്രൂ കോപ്പി തിങ്കിനോട് ആശങ്കകൾ പങ്കുവെച്ചു:

“ഞങ്ങളുടെ വീട് പൂർണമായും വാസയോഗ്യമല്ലാത്ത സ്ഥിതിയാണ്. പക്ഷെ സർക്കാർ ലിസ്റ്റിൽ പേര് വന്നിട്ടില്ല. രണ്ടാം ഘട്ട ലിസ്റ്റ് വരുന്നുണ്ടോ എന്നു പോലും വില്ലേജ് അധികൃതർക്ക് വ്യക്തമായി പറയാനാകുന്നില്ല. വീട് പൂർണമായും തകർന്നില്ലെന്നേയുള്ളൂ, ഉരുളു കയറി വീട് മുഴുവൻ ചെളി നിറഞ്ഞു, മുറ്റമടക്കം പുഴ കയറി. പുഴ ഒഴുകുന്നത് വീടിന്റെ മുറ്റത്തുകൂടിയാണ്. പത്ത് സെന്റ് പുരയിടമായിരുന്നു. അതിൽ മൂന്ന് സെന്റോളം പുഴ എടുത്തു. ബാക്കി ഭാഗം ചെളിയും കല്ലും വന്ന് അടിഞ്ഞു. വീട് തകർന്നില്ലല്ലോ എന്നാണ് അന്വേഷിക്കാനെത്തുന്നവർ പറയുന്നത്. എന്നാൽ വീട് വാസയോഗ്യമല്ലെന്നും വില്ലേജിൽ നിന്ന് പറയുന്നുണ്ട്. വിലങ്ങാടിനപ്പുറം കന്നുകുളം എന്ന സ്ഥലത്ത് വാടക വീട്ടിലാണ് ഇപ്പോൾ താമസം. ആദ്യത്തെ നാല് മാസമാണ് വാടക ലഭിച്ചത്. അതിനു ശേഷം ലഭിച്ചിട്ടില്ല. ഇപ്പോൾ കൈയിൽ നിന്ന് വാടക കൊടുക്കുകയാണ്. ഇനി ആരോട് പരാതി പറയണമെന്ന് പോലും മനസിലാകുന്നില്ല’’.

താമസിക്കുന്ന വീടിന് വാടക ലഭിക്കാതെ, സ്വന്തം വീടുകളിൽ താമസിക്കാനാകാതെ, സർക്കാർ സഹായത്തിന്റെ ലിസ്റ്റിലും പെടാതെ വിലങ്ങാടിലെ ദുരിതബാധിതരിലേറെ പേരും ഇപ്പോഴും ആശങ്കയിൽ തന്നെയാണ്. ഒമ്പത് മാസമായിട്ടും ആശങ്കകൾക്ക് വ്യക്തമായ ഉത്തരം ലഭിക്കാതിരിക്കുന്നത് ഈ നിരാലംബ മനുഷ്യരെ മാനസികമായി തളർത്തുന്നുമുണ്ട്.

Comments