ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി അവരുടെ ‘വിശുദ്ധിക്ക്' കളങ്കം സംഭവിക്കുമോ എന്ന ശങ്കയാണെന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ വി. അബ്ദുൾ ലത്തീഫ്. ആൺകുട്ടികളുമായി ഇടപഴകുന്ന പെൺകുട്ടികൾക്ക് എന്തോ അപകടമുണ്ടാക്കും എന്ന ചിന്തയാണ് നമ്മുടെ നാട്ടിൽ പെൺപള്ളിക്കൂടങ്ങൾ ധാരാളമായി ഉണ്ടായതിനു കാരണം. വിദ്യാഭ്യാസകാലത്തിനുശേഷം തിരിച്ചുവരുന്ന വിദ്യാർത്ഥിനികൾ എന്തു പഠിച്ചു എന്നതിനേക്കാൾ അവരുടെ ‘വിശുദ്ധി' കേടുകൂടാതെ തിരിച്ചുകിട്ടിയോ എന്നാണ് രക്ഷിതാക്കൾ നോക്കുന്നത്. പൊതുസമൂഹത്തിലും വിദ്യാലയങ്ങളിലും തുടർന്നുപോകുന്ന പെൺകുട്ടികളുടെ ‘വിശുദ്ധി' സങ്കൽപ്പങ്ങളെയും സദാചാര കരുതലുകളെയും കുറിച്ച് ട്രൂകോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചർച്ച ചെയ്യുന്നത്.
"" ക്ലാസിനകത്തോ പുറത്തോ ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നതു തന്നെ സംശയാസ്പദമായ സംഗതിയാണ്. അതുകൊണ്ട് നമ്മുടെ കലാലയങ്ങളിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ആഴത്തിലുള്ള സൗഹൃദം കെട്ടിപ്പടുക്കണമെങ്കിൽ നിയമവിരുദ്ധ മാർഗങ്ങളിലൂടെയേ അത് സാധിക്കുകയുള്ളൂ. സൗഹൃദം പോലും കള്ളക്കടത്തായി നടത്തേണ്ടുന്ന സ്ഥാപനങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറിയതിന്റെ പ്രത്യക്ഷ സൂചനയാണ് പഠനയാത്രകളിൽ വിദ്യാർത്ഥിനികളെ ഉദ്ദേശിച്ചുകൊണ്ടിറക്കിയ ചട്ടങ്ങൾ. ''
"" എന്തുകൊണ്ടാണ് പെൺകുട്ടികളെ/സ്ത്രീകളെ നമ്മുടെ സമൂഹം ഇത്തരത്തിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസകാലത്തിനുശേഷം തിരിച്ചുവരുന്ന വിദ്യാർത്ഥിനികൾ എന്തു പഠിച്ചു എന്നതിനേക്കാൾ അവരുടെ ‘വിശുദ്ധി' കേടുകൂടാതെ തിരിച്ചുകിട്ടിയോ എന്നാണ് രക്ഷിതാക്കൾ നോക്കുന്നത്. ഏറ്റവും മികച്ച കലാലയമല്ല, പെൺകുട്ടികൾ മികച്ച രീതിയിൽ ‘സംരക്ഷിക്കപ്പെടുന്ന' കോളേജുകളാണ് രക്ഷിതാക്കൾ തിരഞ്ഞെടുക്കുക. ജീവിതകാലം മുഴുവൻ പെൺപള്ളിക്കൂടങ്ങളിലും കർശന നിയന്ത്രണങ്ങളുള്ള ഹോസ്റ്റലുകളുലും കഴിയേണ്ടിവന്ന സ്ത്രീകളുടെ അനുഭവം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിലെ പല വനിതാ ഹോസ്റ്റലുകളിലും ജനലിന് കൊളുത്തുകളുണ്ടാവില്ലത്രെ. മേട്രൻ എന്ന സംരക്ഷക രാത്രികാലങ്ങളിൽ കുട്ടികളുടെ റൂമുകളിലൂടെ വിസിറ്റു നടത്തുകയും പെൺകുട്ടികൾ കട്ടിൽ അടുപ്പിച്ചിട്ട് കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുകയുമാണ് ഈ വിസിറ്റിന്റെ പ്രധാനലക്ഷ്യം. പെൺകുട്ടികൾ ഒറ്റക്കട്ടിലിൽ കിടന്നാൽ അവരിൽ ലെസ്ബിയനിസം വളരും എന്ന ഭീതിക്ക് പരിഹാരമാണ് ഈ സന്ദർശനങ്ങൾ.''
"" 18 വയസ്സിൽ വോട്ടവകാശമുള്ളവരാണ് ആണും പെണ്ണുമടക്കം ഇന്ത്യയിലെ എല്ലാ പൗരരും. വിദ്യാഭ്യാസത്തിലോ ജോലി നേടുന്നതിലോ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിലോ ഇന്ത്യൻ ഭരണഘടന സ്ത്രീ- പുരുഷ വിവേചനം കാണിക്കുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും സർക്കാറുകളുടെ പരിഗണനയിൽ വരുന്ന പ്രധാനപ്പെട്ട കാര്യവുമാണ്. ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി അവരുടെ ‘വിശുദ്ധിക്ക്' കളങ്കം സംഭവിക്കുമോ എന്ന ശങ്കയാണ്. ആൺകുട്ടികളുമായി ഇടപഴകുന്ന പെൺകുട്ടികൾക്ക് എന്തോ അപകടമുണ്ടാക്കും എന്ന ചിന്തയാണ് നമ്മുടെ നാട്ടിൽ പെൺപള്ളിക്കൂടങ്ങൾ ധാരാളമായി ഉണ്ടായതിനു കാരണം. ഒരേ വിദ്യാലയത്തിൽത്തന്നെ ആണിനും പെണ്ണിനും വെവ്വേറെ ക്ലാസ് മുറികളുണ്ടായിരുന്ന, അവരെ വ്യത്യസ്ത നിലകളിൽ വിന്യസിച്ച ഒരു വിദ്യാലയത്തിലാണ് ഞാൻ പഠിച്ചിരുന്നത്. ക്രമേണ പെൺപള്ളിക്കൂടങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഒരു ഭാഗത്തുകൂടി കലാലയാന്തരീക്ഷത്തിൽ കുട്ടികളെ വിഭജിച്ചു നിർത്താനുള്ള വിരുദ്ധ തിട്ടൂരങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.''
"" ഇന്ത്യൻ സാഹചര്യത്തിൽ കുടുംബം എന്ന സാമൂഹിക സ്ഥാപനം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ ചെലവിൽ പടുത്തുയർത്തിയ ഒന്നാണ്. അവരുടെ സൗജന്യസേവനമാണ് കുടുംബത്തെ നിലനിർത്തുന്നത്. വീട്ടുജോലികൾ മുതൽ കുട്ടികൾ വരെ സ്ത്രീകളുടെ ചോയ്‌സേ അല്ല ഇവിടെ. തനിക്ക് വിവാഹം വേണോ? എങ്കിൽ അത് എപ്പോൾ വിവാഹം വേണം? കുഞ്ഞുങ്ങൾ വേണോ തുടങ്ങിയ കാര്യത്തിലൊന്നും നമ്മുടെ സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം പോയിട്ട് ആലോചിക്കാൻ പോലുമുള്ള ഇട ഇവിടെയില്ല. വളരെക്കുറച്ച് സ്ത്രീകളെ സംബന്ധിച്ച് ഇക്കാര്യങ്ങളിൽ നിർവാഹകത്വം അവകാശപ്പെടാൻ സാധിക്കുമെങ്കിലും എല്ലാ മതത്തിലുംപെട്ട വലിയൊരു വിഭാഗത്തെ സംബന്ധിച്ച് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് ഇതൊക്കെ. ഭർത്താവിന് ഭാര്യയെ എപ്പോഴൊക്കെയാണ് അടിക്കാൻ അവകാശമുള്ളത് എന്ന് വിശദീകരിക്കുന്ന ഒരു ഉസ്താദിന്റെ പ്രസംഗ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം പണ്ഡിതരുമായാണ് സ്വത്തവകാശത്തിലെ തുല്യതയെക്കുറിച്ചൊക്കെ ആധുനികസമൂഹം സംസാരിക്കേണ്ടത്. ''
പെൺകുട്ടികൾക്കുള്ള പത്തു കല്പനകൾ
വി. അബ്ദുൽ ലത്തീഫ് എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 122