നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുക മലയാളിയുടെ പ്രബുദ്ധമായ വർഗീയത

കുഞ്ഞാലിക്കുട്ടിയുടെ ലീഗ് മുന്നോട്ടുവെച്ച ന്യൂനപക്ഷ വർഗീയത എന്ന പൂഴിക്കടകനുള്ള ലക്ഷണം തികഞ്ഞ മറുകടകമാണ് സി.പി.എം പ്രഖ്യാപിച്ച സവർണ സംവരണം. പിണറായി വിജയന്റെ ഇടതുപക്ഷം പിടിക്കുന്ന പരിച ഭൂരിപക്ഷ വർഗീയതയുടേതാകുന്നു. അത് ബി.ജെ.പിയുടെ ഭൂരിപക്ഷ വർഗീയതയെ കുറുകെ വെട്ടുകയും ചെയ്യുന്നു. അതിനെ മൃദുഹിന്ദുത്വം എന്നൊന്നും പറഞ്ഞ് കൊച്ചാക്കരുത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുജയം ആർക്കായാലും ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു- പ്രകടനപത്രികകളും രാഷ്ട്രീയ യുക്തികളുമാകില്ല ഇക്കുറി മാറ്റുരക്കുക; മലയാളിയുടെ പ്രബുദ്ധമായ വർഗീയത തന്നെ

സ്വപ്‌ന സുരേഷ്, ശിവശങ്കർ, സി.ബി.ഐ... ഇത്യാദി മാധ്യമവെടിവട്ടമാണ് കാലികമായ റിയാലിറ്റി ഷോ. ഇതേ മാധ്യമങ്ങൾ തൊലിപ്പുറം തലോടി വിട്ടുകളയുന്ന ചില നാട്ടുനടപ്പുകളിലാണ് ശരിയായ റിയാലിറ്റി: കുഞ്ഞാലിക്കുട്ടിയുടെ ഘർവാപസി, കോൺഗ്രസിൽ എ- ഗ്രൂപ്പിന്റെ ബലക്ഷയം, മാണിഗ്രൂപ്പിന്റെ കളംമാറ്റം, സവർണ സംവരണം.

നേരാണ്, സകല മല്ലന്മാരുടെയും മാതേവന്മാരുടെയും ഉള്ളിലിരുപ്പ് തെരഞ്ഞെടുപ്പുതന്നെ- പഞ്ചായത്തും നിയമസഭയും. ഭരണവിരുദ്ധവികാരം സ്വഭാവികം. പോരെങ്കിൽ സ്വർണക്കടത്തും അതിന്മേൽ പിടിച്ചുള്ള അന്വേഷണ മഹാമഹവും. ഭരണമുന്നണിയുടെ പ്രതിരോധം കിഫ്ബി അക്കൗണ്ടിലെ വികസനക്കണക്കും പ്രളയം, കോവിഡ് പ്രോഗസ് കാർഡുമാണ്. ഇത്തരത്തിലാണ് അങ്കസദ്യക്കുള്ള മെനുകാർഡെങ്കിൽ നമ്മുടെ ഭോജനപാരമ്പര്യപ്രകാരം യു.ഡി.എഫ് ഭരണത്തിൽ വരും, ചെന്നിത്തലയുടെ ചിരകാല പൂങ്കിനാവ് സാക്ഷാൽക്കരിക്കപ്പെടും. പാണക്കാട്ടുനിന്ന് അഞ്ചുസുൽത്താന്മാർ ടിയാന്റെ കാബിനറ്റിനെ അലങ്കരിക്കും. ദ്വിമുന്നണിപ്പോരിൽ ബി.ജെ.പി പഴയപടി ഗോപി വരക്കും.

എന്നാലിതാ, കുഞ്ഞാലിക്കുട്ടിയുടെ വർഗീയ ഫോർമുല

ഭാവി ഇത്ര ശോഭനമായിരിക്കുന്ന ഒരു മുന്നണിയിലെ രണ്ടാം കക്ഷി ബോധപൂർവം എടങ്ങേറുണ്ടാക്കുമോ? അവിടെയാണ് എം.പി എന്ന നിലയിൽ പടുദുരന്തമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ദില്ലിയിലെ പീടിക പൂട്ടി കേരളത്തിലേക്ക് തിടുക്കത്തിൽ തിരിച്ചുവന്നതിന്റെ പ്രസക്തിയും ഭവിഷ്യത്തും. കോവിഡ് പ്രതിരോധത്തിലെ ഉപചാരം ചൊല്ലൽ കഴിച്ച് ടിയാൻ നേരെ കാര്യത്തിലേക്കു കടന്നു- ഇക്കുറി തോറ്റാൽ നമ്മുടെ കഥ തീരും. സമുദായം
‘വൻഭീഷണി' നേരിടുന്നു എന്ന സൂചന നാലുപാടും വിന്യസിക്കുന്നു.

അടുത്തതായി, കോൺഗ്രസിനുപിന്നിൽ വിശ്വസ്ത ഘടകകക്ഷിയായി നിലകൊള്ളന്ന പതിവുശൈലി വിട്ട് നേതൃപരമായ മുൻകൈ തന്നെ കൈക്കൊള്ളുന്നു- ഭരണകക്ഷിക്കെതിരായ സമരങ്ങളിൽ, തെരുവുതല ആക്രോശങ്ങളിൽ, അഴിമതിയാരോപണങ്ങളിൽ. ഓർക്കണം, ഇന്ത്യൻ മുസ്‌ലിംകളെ പച്ചക്കു കീറുന്ന ബില്ലുകൾ പാസാക്കുന്ന ഒരു പാർലമെന്റിൽനിന്ന്, വിമാനം മിസ്സായി, മുള്ളാൻ മുട്ടി ഇത്യാദി പ്രത്യയശാസ്ത്രന്യായങ്ങൾ പറഞ്ഞ് തടി കഴിച്ചിലാക്കിയ ഏറനാടൻ പുലിയാണ് പൊടുന്നനെ ഭീഷണിക്കഥയിറക്കി സമുദായത്തിനുള്ളിൽ ഒരടിയന്തരാവസ്ഥ സൃഷ്ടിക്കുന്നത്. എന്താണീ തന്ത്രത്തിന്റെ ഉള്ളടക്കം?

ജോസ്.കെ മാണി

എല്ലാത്തരം മുസ്‌ലിം സംഘടനകളെയും ലീഗിനുചുറ്റും അണിനിരത്തി മലബാറിൽ പരമാവധി സീറ്റ് തരപ്പെടുത്തുകയാണ് പ്രത്യക്ഷലക്ഷ്യം. ആ തൊലിപ്പുറത്തുനിന്നുതന്നെ തുടങ്ങാം. കോൺഗ്രസ് നേരത്തെതന്നെ മലബാറിൽ ലീഗിനെ കുഞ്ഞനുജൻ മാത്രമാണ്. മുന്നണി മൂപ്പൻ എന്ന തലയെടുപ്പിനുവേണ്ട സീറ്റെണ്ണം ആ പാർട്ടി കണ്ടെത്തുന്നത് മധ്യ, ദക്ഷിണ കേരളത്തിൽനിന്നാണ്. അതിൽ തന്നെ കോട്ടയം- ഇടുക്കി ബൽറ്റിൽ കേരള കോൺഗ്രസുകളുടെ വീതവും തുണയും പ്രധാനം. ആ താങ്ങുംകരങ്ങളിലൊന്നാണ് മാണിപുത്രന്റെ രൂപത്തിൽ മറുകണ്ടം ചാടിയിരിക്കുന്നത്.

നാൽപതാണ്ടിനിടെ നടാടെയാണ് കേരള കോൺഗ്രസിലെ ഒരു പ്രബലകഷണത്തെ ഇടതുപക്ഷത്തിന് കിട്ടുന്നത് (ജോസഫ് മുതൽ ഫ്രാൻസിസ് ജോർജു വരെ ഈ ജനുസ്സിലെ അവശവിഭാഗങ്ങളായിരുന്നു). കെ.എം. മാണിയുടെയത്ര കരുത്ത് പകർന്നില്ലെങ്കിലും ജോസിന്റെ മാറ്റം കോട്ടയം ബെൽറ്റിൽ കോൺഗ്രസിന്റെ പേശി ക്ഷയിപ്പിക്കാനുതകും. വിശേഷിച്ചും ഉമ്മൻചാണ്ടിക്ക് ആരോഗ്യപരമായും സംഘടനാപരമായും വന്നുഭവിച്ചിരിക്കുന്ന വൃദ്ധിക്ഷയത്തിന്റെ കൂടി പാശ്ചാത്തലത്തിൽ. അഥവാ, തെക്കൻ കേരളത്തിലെ ക്ഷയം കോൺഗ്രസിനെ ലീഗിനുപിന്നിലാക്കും, അങ്ങനെ മുന്നണി നേതൃത്വത്തിലേക്ക് ലീഗ് സ്വഭാവിക ചോയ്‌സായിത്തീരും. ഇതാണ്​ കുഞ്ഞാലിക്കുട്ടിയുടെ വർഗീയ ഫോർമുലയുടെ പ്രത്യക്ഷയുക്തി.

സുറിയാനി ക്രിസ്ത്യാനി, കത്തോലിക്കൻ, മുസൽമാൻ ഐക്യമുന്നണിക്ക് സംഭവിക്കുന്നത്

ഇവ്വിധം മുന്നണിയുടെ ചുക്കാൻ കവരുന്നത് കേവലമായ സ്വാർഥമോഹത്തിന്റെയോ അധികാരവിപുലീകരണത്തിന്റെയോ മാത്രം ഫലമല്ലതാനും. കോൺഗ്രസിനുള്ളിൽ നടന്നുവരുന്ന പരിണാമമാണ് മുഖ്യപ്രേരകം. എ, ഐ ഗ്രൂപ്പുകൾ ജീവനോടെയുണ്ടെങ്കിലും എ- ഗ്രൂപ്പിന് പഴയ ഉയിരില്ല. ഉമ്മൻചാണ്ടിയെ ആദ്യം ‘ദേശീയ'തലത്തിലേക്ക് നീക്കിയതും പിന്നീട് ടിയാനുണ്ടായ അനാരോഗ്യങ്ങളുമാണ് ഈ ശോഷണത്തിനുകാരണം.

ബെന്നി ബഹ്‌നാനെപ്പോലെ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിലെ പ്രമുഖനുണ്ടായ മനംമാറ്റവും ഈ പരിണാമത്തിന്റെ ബഹിർസ്ഫുരണമായിരുന്നു. ഐ- ഗ്രൂപ്പിനാകട്ടെ ഈ വക ബലക്ഷയമൊന്നുമില്ലെങ്കിലും യു.ഡി.എഫ് രാഷ്ട്രീയത്തിലെ ചിരപുരാതനമായ ശാക്തിക ഗുട്ടൻസിൽ ഈ ഗ്രൂപ്പ് അപ്രക്തമാണ്.

അതായത്, യു.ഡി.എഫിന്റെ അസ്തിത്വമർമം മൂന്ന് ഹൃദയധമനികളാണ്. അവയുടെ ഐസിംഗായി വരിക മൂന്നുതാരനാമങ്ങൾ- ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി. അഥവാ, എ ഗ്രൂപ്പ്, കേരള കോൺഗ്രസ് (എം), മുസ്‌ലിംലീഗ്. ഐസിങ് തട്ടിക്കളഞ്ഞാലോ, കേക്കിന്റെ പ്ലം വ്യക്തമാകും- സുറിയാനി ക്രിസ്ത്യാനി, കത്തോലിക്കൻ, മുസൽമാൻ. ഈ അച്ചുതണ്ടിൽ ഐ- ഗ്രൂപ്പിന്റെ സവർണമുന്തിരിക്ക് അടിസ്ഥാനപരമായി കാര്യമൊന്നുമില്ല. ചുമ്മാ, ഒരു രുചിക്കും അലങ്കാരത്തിനും.

ഇലക്ടറൽ ബലതന്ത്രത്തിൽ 30-35 ശതമാനം വോട്ടാണ് ഇപ്പറഞ്ഞ ക്രിസ്ത്യൻ- മുസ്‌ലിം ഐക്യമുന്നണിയുടെ മൂലധനം. അതിലുണ്ടാകുന്ന വിള്ളൽ എക്കാലവും യു.ഡി.എഫിന്റെ സാധ്യത തകിടം മറിക്കും. മാണിക്കഷണം പോകുമ്പോൾ അതാണ് ഉണ്ടാകുന്ന ഒരു ഭീഷണി. ഓർക്കുക, രണ്ടു മുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം സദാ രണ്ടു ശതമാനം കഷ്ടി.
ഈ നേർത്ത വ്യത്യാസത്തിനിടയിലാണ് ബി.ജെ.പി പഴയ വോട്ടുദല്ലാൾ റോൾ കളഞ്ഞ് സ്വയം ഗൗരവത്തിലെടുക്കാൻ തുടങ്ങിയത്. കാലങ്ങളായി 8-10 ശതമാനം വോട്ടുണ്ടായിരുന്ന അവർ കേന്ദ്രഭരണവും ബി.ഡി.ജെ.എസ് സഖ്യവും ശബരിമല പ്രശ്‌നവുമൊക്കെയായി 15 ശതമാനത്തിൽ കളമുറപ്പിച്ചു. ഇത് സാധാരണ സമയത്തെ അടിസ്ഥാനബലം. കോലാഹലമൂഡിൽ സംഗതി 20-25 ശതമാനമാക്കാൻ കഴിയും.

ഈ അധികവോട്ട് വരിക കോൺഗ്രസിലെ ഹിന്ദുവിഭാഗങ്ങളിൽ നിന്നാകും. അല്ലാതെ മുസ്‌ലിം, ക്രിസ്ത്യൻ കൂടാരം കനിയില്ലല്ലോ. അപ്പോഴും തട്ടുകേട് കോൺഗ്രസിനാണ്.ഈ തട്ടുകേട് വഴി ക്രമേണ കോൺഗ്രസിനെ ഗളഹസ്തം ചെയ്യുകയാണ് ബി.ജെ.പിയുടെ ലക്ഷ്യവും. ഇക്കുറി, ഇടതുപക്ഷത്തിന് എതിരായ ഭരണവിരുദ്ധവികാരം കൂടി വസൂലാക്കിയാൽ കഴിഞ്ഞകുറി രണ്ടാം സ്ഥാനവും രണ്ടിനടുത്തുമെത്തിയ മണ്ഡലങ്ങളിൽ 15 എണ്ണമെങ്കിലും തരപ്പെടുത്താം എന്ന കണക്കുകൂട്ടലിലായിരുന്നു ഇഷ്ന്മാർ.

തെക്കുള്ള വർണഹിന്ദു ബദൽ ആർക്കൊപ്പം?

ഈ വക മനോരാജ്യങ്ങൾ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിൽ കാറ്റെടുക്കുക. ചാണ്ടിയുടെ പ്രസക്തിശോഷണവും അതുവഴി സുറിയാനി ക്രിസ്ത്യാനിപക്ഷത്തിനുള്ള ക്ഷയവും ഒന്ന്. മാണിഗ്രൂപ്പിന്റെ കളംമാറ്റവും അതുവഴി കത്തോലിക്ക വോട്ടിലുണ്ടാകുന്ന ഭിന്നിപ്പും മറ്റൊന്ന്. കോൺഗ്രസിലെ ഹിന്ദുവോട്ടിൽനിന്ന് ബി.ജെ.പി ചുരണ്ടിയെടുക്കുന്ന വക ഇനിയൊന്ന്. പലവഴിക്കു സംഭവിക്കുന്ന ഇമ്മാതിരി ചോർച്ചകളാണ് കുഞ്ഞാലിക്കുട്ടിയെ ബേജാറാക്കുന്നത്- ന്യൂനപക്ഷഐക്യത്തിന്റെ ബലക്ഷയം. നാലുപതിറ്റാണ്ടിൽ ആദ്യമായി സംഭവിക്കുന്ന ടെക്‌ടോണിക് ഷിഫ്റ്റ്.

പി.കെ കുഞ്ഞാലിക്കുട്ടി,

അത് സംഭവിച്ചാൽ യു.ഡി.എഫ് ശിഥിലമാകും. ആ ഒഴിവിലേക്ക് ബി.ജെ.പി നിസ്സാരമായി കയറിപ്പറ്റും. ദ്വിമുന്നണി സംവിധാനം തുടരുക തന്നെ ചെയ്യും- ഇടതുമുന്നണിയും ബി.ജെ.പി മുന്നണിയും. അത്തരമൊരു ചുറ്റുവട്ടത്ത് ഹിന്ദുത്വമുന്നണിയിൽ ചേരാൻ ലീഗിന് സാധാരണഗതിയിൽ നിവൃത്തിയില്ല. (പാണക്കാടൻ ഒളിഗാർക്കിയുടെ കാര്യമായതുകൊണ്ട് ഒന്നും അസാധ്യവുമല്ല). ഇടതുപക്ഷത്തേക്ക് ചേർന്നാലാകട്ടെ, യു.ഡി.എഫിൽ ധരിച്ചുപോന്ന പട്ടും കിരീടവും ഊരിവെക്കേണ്ടിവരും. അവിടുത്തെ വല്യേട്ടൻ ആളുവേറെ തന്നെയാണേല്ലോ.

ഈ ഭവിഷ്യത്ത് കുഞ്ഞാലിക്കുട്ടി നല്ലോണം മണക്കുന്നു. കോൺഗ്രസിലെ ആത്മാരാമന്മാർക്ക്, വിശേഷിച്ചും ചെന്നിത്തലയിൽ സംഗതി കത്തുന്നുമില്ല. കുഞ്ഞാലിക്കുട്ടിയിലെ സൃഗാലബുദ്ധി പത്തിവിരിച്ചതിന്റെ ഫലമാണ് വെൽഫെയർ പാർട്ടി തൊട്ടുള്ള സകലമാന മുസ്‌ലിം കഷണങ്ങളെയും സ്വരുക്കൂട്ടാനുള്ള തിരക്ക്. ചാണ്ടി ശിങ്കിടിയായ എം.എം. ഹസനെ മുന്നണി കൺവീനറായ വാറേ കോഴിക്കോട്ടുവരുത്തി ജമാഅത്തെ ഇസ്‌ലാമി അമീറിനുമുന്നിൽ ഭിക്ഷാംദേഹിയാക്കിയതും ഇതേ ബുദ്ധികേന്ദ്രം തന്നെ.

പച്ചയായ വർഗീയതയുടെ ഈ പൂഴിക്കടകനുള്ള ലക്ഷണം തികഞ്ഞ മറുകടകമാണ് സി.പി.എം പ്രഖ്യാപിച്ച സവർണ സംവരണം. നേരാണ്, ഇത് പണ്ടേക്കുപണ്ടേയുള്ള പാർട്ടിനയമാണ്. കർപ്പൂരി ഠാക്കൂർ ഫോർമുലയിൽനിന്ന് സഖാക്കൾ തരപ്പെടുത്തിയ ആശയം. മോദി സർക്കാർ അത് നിയമമാക്കി, ചില്ലറ തർക്കങ്ങൾ സുപ്രീംകോടതിയിൽ നടക്കുന്നു. സ്‌റ്റേ കൊടുത്തിട്ടില്ല എന്നതിൽ തന്നെയുണ്ട് കോടതിയുടെ മനോഭാവ സൂചന. മെജോറിറ്റേറിയനിസം സർവാംഗം പേറുന്ന ഭരണകൂടത്തിന് നിരക്കുന്ന ശിരോവസ്ത്രമല്ലേ സ്‌റ്റേറ്റിന്റെ തൂണുകളിൽ ഒന്നുമാത്രമായ ജുഡീഷ്യറിക്കും ധരിക്കാനാകൂ?

അതറിഞ്ഞുകൊണ്ടുതന്നെ, കോടതിവിധിക്കു കാക്കാതെ പിണറായി സർക്കാർ സവർണ സംവരണം നടപ്പാക്കുന്നു. ഇംഗിതം സരളം: മലബാറിലെ മുസ്‌ലിം സമന്വയത്തിന് തെക്കോട്ടുള്ള വർണഹിന്ദുക്കൾ സ്വഭാവികമായും ബദലുയർത്തും (പിണറായി വിജയൻ മുമ്പ് മഅ്ദനിയെ ചേർത്തുപിടിച്ചപ്പോൾ അത് നാം കണ്ടതാണ്). ഇവിടെ കോൺഗ്രസിലെ വർണഹിന്ദുക്കൾ മാത്രമല്ല, ബി.ജെ.പിയിലെ അത്രക്ക് തീവ്രസംഘികളല്ലാത്ത വർണഹിന്ദുക്കളും പിന്നെ മതേതര ഹിന്ദുക്കളും ഈ മുസ്‌ലിം ഐക്യത്തിന് ബദലൊരുക്കും. ആ മനോഭാവം വോട്ടായി വീഴുക ഏത് പെട്ടിയിലാകും?

തീർച്ചയായും ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫ് പെട്ടിയിലല്ല. മുസ്‌ലിം ഐക്യമുന്നണിക്ക് ഭരണം കിട്ടാതാക്കലാണല്ലോ ഉദ്ദേശ്യം തന്നെ, അപ്പോൾ പിന്നെ ബി.ജെ.പിക്ക് കുത്തുമോ? പ്രതിഷേധവോട്ട്? വോട്ട് പാറ്റേണിലെ 15 ശതമാനക്കാർക്ക് ഈ വോട്ടുകൂടി കിട്ടിയാലും ഭരണം കിട്ടുന്ന പ്രശ്‌നമേയില്ല. അതുകൊണ്ട്, അവർക്കു കുത്തുന്നത് അസാധുവിന് കൊടുക്കുന്ന പാഴ്‌വേലയാകും. എന്നുവെച്ചാൽ, ഓട്ടോമാറ്റിക് ചോയ്‌സാവുന്നു ഇടതുപക്ഷം എന്നർഥം. ആ നിശ്ചയത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിലേക്കുള്ള മുൻകൂർ അൻപൊലിയാണ് സവർണ സംവരണം.

ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, എം.എം ഹസൻ, രമേശ് ചെന്നിത്തല എന്നിവർ

ചുരുക്കിയാൽ, കുഞ്ഞാലിക്കുട്ടിയുടെ ലീഗ് മുന്നോട്ടുവെച്ച ന്യൂനപക്ഷ വർഗീയതക്ക് പിണറായി വിജയന്റെ ഇടതുപക്ഷം പിടിക്കുന്ന പരിച ഭൂരിപക്ഷ വർഗീയതയുടേതാകുന്നു. അത് ബി.ജെ.പിയുടെ ഭൂരിപക്ഷ വർഗീയതയെ കുറുകെ വെട്ടുകയും ചെയ്യുന്നു. അതിനെ മൃദുഹിന്ദുത്വം എന്നൊന്നും പറഞ്ഞ് കൊച്ചാക്കരുത്.

തെരഞ്ഞെടുപ്പുജയം ആർക്കായാലും ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു- പ്രകടനപത്രികകളും രാഷ്ട്രീയ യുക്തികളുമാകില്ല ഇക്കുറി മാറ്റുരക്കുക; മലയാളിയുടെ പ്രബുദ്ധമായ വർഗീയത തന്നെ. അപ്പോ, ചെന്നിത്തലയുടെ പൂങ്കിനാവ്? അത് തീരുമാനിക്കാൻ ഇക്കുറി പെരുന്ന പോപ്പിനുമാവില്ല, പ്രശ്‌നം കാണിപ്പയ്യൂരിനുവിടാം.

Comments