കെ.ടി. കുഞ്ഞിക്കണ്ണൻ

വയലൻസ്, ലഹരി;
കീഴടങ്ങരുത് കേരളം

അക്രമോത്സുകതയുടേതായ സംസ്​കാരം പൊതുജീവിതത്തിലും കാമ്പസുകളിലും കുട്ടികൂട്ടായ്മകളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്. സമീപകാല അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ കുറിച്ചും കുട്ടികളില്‍ പോലും പിടിമുറുക്കിയ ലഹരിമാഫിയയെ കുറിച്ചും കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

യപ്പെടുത്തുന്ന വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേരളം നേടിയ സമസ്​ത സാമൂഹ്യ പുരോഗതിയെയും നവോത്ഥാന മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിൽ വയലൻ്റ്സും മയക്കുമരുന്ന് സ്വാധീനവും അതെല്ലാം ചേർന്ന ഗ്യാംഗ് കൾച്ചറും ആപൽക്കരമാംവിധം വളരുകയാണ്. സാമൂഹ്യ വികസന സൂചികകളിൽ വികസിത സമൂഹങ്ങൾക്കൊപ്പം നിലനിൽക്കുന്ന കേരളത്തിൽ, ഈ സാഹചര്യം ശക്തമായൊരു സാംസ്​കാരിക പ്രതിരോധം ആവശ്യപ്പെടുന്നുണ്ട്.

അക്രമോത്സുകതയുടേതായ ഒരു സംസ്​കാരം പൊതുജീവിതത്തിലും കാമ്പസുകളിലും കുട്ടികൂട്ടായ്മകളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്.
ഏറ്റവുമൊടുവിൽ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ രണ്ട് സ്​കൂൾ ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഷഹബാസ് എന്ന വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളുടെ സാമൂഹ്യവും മനഃശാസ്​ത്രപരവുമായ തലങ്ങളെ ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. അതുന്നയിക്കുന്ന സാമൂഹ്യ- സാമ്പത്തിക- സാംസ്​കാരിക പ്രശ്നങ്ങളെ സംബന്ധിച്ച് ജനാധിപത്യ സമൂഹമൊന്നാകെ ചർച്ച ചെയ്യേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന കുറ്റവാസനകളുടെയും കുറ്റകൃത്യങ്ങളുടെയും സാമൂഹ്യ- സാംസ്​കാരിക കാരണങ്ങളെ അവയുടെ വ്യത്യസ്​ത തലങ്ങളിൽതന്നെ കണ്ടെത്തി പ്രതിരോധം തീർക്കേണ്ടതുണ്ട്.

കുറ്റവാസനകളുടേതായ ഈ അവസ്​ഥാവിശേഷം സൂചിപ്പിക്കുന്നതെന്താണ്? ആഗോളവൽക്കരണവും അത് സൃഷ്ടിച്ച അരാഷ്ട്രീയവൽക്കരണവും സിനിമകളിലൂടെയും മാധ്യമങ്ങളിലൂടെയും ഇളം മനസ്സുകളിലേക്ക് പകരുന്ന അക്രമോത്സുകതയുടെ അപരാധപൂർണമായ സാമൂഹ്യപ്രകടനങ്ങളാണിതൊക്കെയെന്ന് കാണണം. തിരുവനന്തപുരത്തെ വെഞ്ഞാറംമൂട്ടിൽ ഒരു 23- കാരൻ പ്രണയിനിയെയും കുഞ്ഞനിയനെയും ഉൾപ്പെടെ അഞ്ച് പേരെയാണ് ചുറ്റിക കൊണ്ട് അടിച്ചുകൊന്നത്. ഈ അടുത്ത ദിനങ്ങളിൽ തന്നെ ഇതിന് സമാനമായ പലതരം കൊലപാതകങ്ങൾ, ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അച്ഛനും അമ്മയും മക്കളെ കൊല്ലുന്ന അവസ്​ഥ. മക്കൾ അച്ഛനമ്മമാരെ കൊല്ലുന്ന സ്​ഥിതി. പിഞ്ചുകുഞ്ഞിനെ അമ്മാവൻ തന്നെ കിണറ്റിലെറിഞ്ഞ് കൊല്ലുന്ന സംഭവം.

ഷഹബാസ് എന്ന വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളുടെ സാമൂഹ്യവും മനഃശാസ്​ത്രപരവുമായ തലങ്ങളെ ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്.
ഷഹബാസ് എന്ന വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളുടെ സാമൂഹ്യവും മനഃശാസ്​ത്രപരവുമായ തലങ്ങളെ ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്.

ഇതെല്ലാം സൂചിപ്പിക്കുന്നത്, കേരളീയ സമൂഹമനസ്സിന്റെ അകത്തളങ്ങളിൽ ഉറഞ്ഞുകൂടിക്കിടക്കുന്ന അക്രമവാസനകളെയും ക്രിമിനൽ ത്വരകളെയുമാണ്. അത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. നിയോ ലിബറലിസം സൃഷ്ടിച്ച ജീവിതാവലംബങ്ങളുടെ തകർച്ച, അതുമൂലം കൂടി വരുന്ന അരക്ഷിതത്വം, എല്ലാ സാമൂഹ്യ മൂല്യങ്ങളെയും നിരാകരിക്കുന്ന കടുത്ത വൈയക്തികവൽക്കരണം- ഇതെല്ലാം ചേർന്ന് അത്യന്തം പ്രതിലോമകരമായൊരു സ്​ഥിതിവിശേഷത്തെയാണ് ഇത് കാണിക്കുന്നത്.

സർവ്വതന്ത്രസ്വതന്ത്രമായ കമ്പോള സാമ്പത്തികനയങ്ങളും ഉപഭോഗ സംസ്​കാരവും ഇൻ്റർനെറ്റിന്റെ വിനിമയശൃംഖലകളും മുതലാളിത്തത്തിന്റെ ചരക്കുകളെയെന്നപോലെ സംസ്​കാരത്തെയും വിമർശനരഹിതമായി സ്വീകരിക്കുന്ന അവസ്​ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദാരവൽക്കരണം യുക്തിരഹിതവും അനിയന്ത്രിതവുമായ ആനന്ദാന്വേഷണങ്ങളിലേക്കും ധനസമ്പാദന മാർഗങ്ങളിലേക്കുമാണ് മനുഷ്യരെ തള്ളിവിടുന്നത്. അത്യന്തം പ്രയോജനമാത്രപരമായ ദർശനങ്ങളും സ്വാർത്ഥതയും തന്റെ നേട്ടങ്ങൾക്കും താൽപര്യങ്ങൾക്കും എതിരുനിൽക്കുന്നുവെന്ന് തോന്നുന്നവരോടുള്ള ശത്രുത വളർത്തുന്ന ഒരക്രമോത്സുക കമ്പോള സംസ്​കാരമാണ് ഉദാരവൽക്കരണം നമ്മുടെ ജീവിതബന്ധങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. മുതലാളിത്തത്തിനാവശ്യമായ ആശയങ്ങളുടെയും സംസ്​കാരത്തിന്റെയും പുനരുത്പാദനവും നിയോ ലിബറൽ സമ്പദ്ഘടനയുടെ അതിജീവനത്തിനാവശ്യമായ തീവ്രവലതുപക്ഷ വർഗീയശക്തികളുടെ പുനരുജ്ജീവനവും ജനാധിപത്യപരമായ ജീവിതത്തിനും സംസ്​കാരത്തിനും ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നു.

ഗ്യാംഗ് സംസ്​കാരവും കടുത്ത അരാഷ്ട്രീയവൽക്കരണവും വളർത്തിയെടുക്കുന്ന കുട്ടിപ്പകയുടെയും കൊലപാതകങ്ങളുടെയും അമേരിക്കൻ സംസ്​കാരത്തിനെതിരെ ജാഗ്രത്തായ ഇടപെടലുകളാവശ്യപ്പെടുന്ന സന്ദർഭമാണിത്.

കുട്ടികൾക്കിടയിൽ കൂടിവരുന്ന അക്രമോത്സുകതയെ സാമൂഹ്യബന്ധങ്ങളെയാകെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സാമ്പത്തിക- രാഷ്ട്രീയ നയങ്ങളിൽ നിന്ന് അടർത്തിമാറ്റിക്കാണാൻ കഴിയില്ല. ഈ അക്രമോത്സുകതയും കുറ്റവാസനകളും ഗ്യാംഗ് കൾച്ചറും അപമാനവീകരിക്കപ്പെടുന്ന പുതുതലമുറ ബന്ധങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭീകരമായൊരു അവസ്​ഥാവിശേഷമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ മയക്കുമരുന്നുകളുടെ സ്വാധീനം പ്രധാനവുമാണ്. ഗ്യാംഗ് സംസ്​കാരവും കടുത്ത അരാഷ്ട്രീയവൽക്കരണവും വളർത്തിയെടുക്കുന്ന കുട്ടിപ്പകയുടെയും കൊലപാതകങ്ങളുടെയും ഒരമേരിക്കൻ സംസ്​കാരത്തിനെതിരെ ജാഗ്രത്തായ ഇടപെടലുകളാവശ്യപ്പെടുന്ന സന്ദർഭമാണിത്. കടുത്ത വംശീയതയും ആക്രമണ സ്വഭാവവും വളർത്തുന്ന അമേരിക്കൻ മാധ്യമസംസ്​കാരത്തെ സംബന്ധിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. അത്തരം പഠനങ്ങളെല്ലാം അമേരിക്കൻ വിദ്യാലയങ്ങളിൽ കൂടിവരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുറത്തുവന്നത്.

അമേരിക്കയിലെ ഡെൻവർ നഗരത്തിലെ ഒരു വിദ്യാലയത്തിൽ കൗമാരപ്രായക്കാരായ രണ്ട് വിദ്യാർത്ഥികൾ നടത്തിയ സംഹാരതാണ്ഡവത്തിൽ 12 വിദ്യാർത്ഥികളും 3 അധ്യാപകരുമുൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. അമേരിക്കൻ മാധ്യമങ്ങൾ ഡെൻവർ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിനുപിറകിൽ ‘ട്രെഞ്ച് കോട്ട് മാഫിയ’ (Trench Coat Mafia) എന്ന സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നാണ് പിന്നീട് വെളിവായത്. ഇതൊരു രഹസ്യ സംഘടനയായിരുന്നു. കുക്ലാസ് ​ക്ലാൻ പോലുള്ള വംശീയ ഭീകരസംഘങ്ങൾക്ക് സമാനമായ രീതിയിൽ സാമൂഹ്യമാധ്യമ സാധ്യതകൾ ഉപയോഗിച്ച് സംഘടിപ്പിക്കപ്പെട്ടതായിരുന്നു ട്രെഞ്ച് കോട്ട് മാഫിയ എന്ന രഹസ്യ സംഘടന. കറുത്തവരെയും ദരിദ്രരെരയും വെറുതെ ആക്രമിച്ചു കൊല്ലുകയെന്നതും കടുത്ത പുരോഗമന കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം പടർത്തുക എന്നതൊക്കെയായിരുന്നല്ലോ കൂക്ലാസ് ​ക്ലാൻ എന്ന നവനാസിക്കൂട്ടം ചെയ്തുകൊണ്ടിരുന്നത്.

ഡെൻവർ നഗരത്തിലെ വിദ്യാലയത്തിൽ തോക്കുകളും നാടൻ ബോംബുകളുമായിട്ടാണ് ഈ ഭീകരസംഘടനയിലെ 16, 17 വയസ്സ് പ്രായമുള്ള രണ്ട് അംഗങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണമഴിച്ചുവിട്ടത്. ഈ സംഘം സമാഹരിച്ചുവെച്ചിരിക്കുന്ന വൻ പ്രഹരശേഷിയുള്ള ബോംബുകൾ പിന്നീട് അന്വേഷണത്തിൽ കണ്ടെടുക്കുകയുണ്ടായി. ഇൻ്റർനെറ്റിലൂടെ പരസ്​പരം ബന്ധങ്ങൾ സ്​ഥാപിച്ച് അംഗങ്ങളെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് ട്രെഞ്ച് കോട്ട് മാഫിയ പോലുള്ള കുട്ടി ഭീകരസംഘങ്ങൾ അമേരിക്കൻ സാമൂഹ്യജീവിതത്തിന് ഭീഷണിയുയർത്തിയത്.

താമരശ്ശേരി സംഭവത്തെ മുൻനിർത്തി കോഴിക്കോട് മെഡിക്കൽകോളേജിൽ മനഃശാസ്​ത്രവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.എം. ടോം വർഗീസ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘ആൾക്കൂട്ട മനഃശാസ്​ത്രത്തിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ ഏറെയാണ്. രണ്ട് വ്യകതികൾ തമ്മിലുള്ളതുപോലെയല്ല രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ. ഗ്രൂപ്പാകുമ്പോൾ വ്യക്തികളുടെ ഉത്തരവാദിത്വവും കുറ്റബോധവും കുറയുന്നു. അക്രമസ്വഭാവമുള്ളവരുണ്ടെങ്കിൽ അത്തരം ഇടപെടലുകളുടെ സ്വാധീനം ഏറുന്നു. ഹിംസ നിറഞ്ഞ ഗെയിംമുകളും സിനിമകളും കാണുന്നവർ അക്രമങ്ങളോടുള്ള വൈകാരിക അസ്വസ്​ഥത കുറയുമെന്നും പഠനങ്ങളുണ്ട്. ലഹരിയും പെരുമാറ്റത്തെ മോശമായി സ്വാധീനിക്കും’’.

ഡോ.എം. ടോം വർഗീസ്
ഡോ.എം. ടോം വർഗീസ്

താമരശ്ശേരി കൊലപാതകത്തിൽ പ്രതികളായ കുട്ടികളുടെ വാട്സാപ്പ് സന്ദേശങ്ങൾ ഡോക്ടറുടെ ഈ നിരീക്ഷണങ്ങളെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ്. സിനിമകളുടെ സ്വാധീനം കുറ്റകൃത്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. സമൂഹത്തിലെ വയലൻസിൽ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ജി.പി. രാമചന്ദ്രൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ ചോരചീറ്റുന്ന തിരശ്ശീല എന്നാണ്. ബോക്സോഫീസ് വിജയത്തിനായി സിനിമകൾ വയലൻസ് അടിച്ചുകയറ്റുകയാണ്. ആൺശാക്തികതയുടെ ഘനാന്ധത ബാധിച്ച കാലത്ത് ഫാഷിസത്തിന് സ്വന്തം ചോരയൂറ്റിനെ ന്യായീകരിക്കാനാവശ്യമായിട്ടുള്ളത് വയലൻസിന്റെ സാർവ്വത്രികവൽക്കരണമാണെന്നും അദ്ദേഹം ആ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്.

ഫാഷിസം സമൂഹത്തെ രക്തദാഹത്തിലൂട്ടിയ മനോഗതിയിലേക്കാണ് ആട്ടിത്തെളിക്കുന്നത്. അതിനാവശ്യമായ മനോഭവങ്ങളെയും മനോഗതിയെയും സൃഷ്ടിക്കുന്നതിൽ വാണിജ്യസിനിമകൾ വലിയ പങ്കുവഹിക്കുന്നു. അതേപോലെ ഡിജിറ്റൽ ലഹരിയും സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ചതിക്കുഴികളും എല്ലാം കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായിത്തീരുന്നു. അരാഷ്ട്രീയതയും അപരവിദ്വേഷവും വർഗീയതയും യഥേഷ്ടം വിളമ്പുന്ന മുഖ്യധാരാ മാധ്യമങ്ങളും സമൂഹത്തെയും പുതുതലമുറയെയും ക്രിമിനൽവൽക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനാധിപത്യപരമായ കുടുംബബന്ധങ്ങളും സാമൂഹ്യസംഘടനാ ബന്ധങ്ങളും നിഷേധിക്കുന്ന അരാഷ്ട്രീയതയുടെയും വർഗീയവൽക്കരണത്തിെൻ്റയും സംസ്​കാരമാണ് വ്യകതിത്വ ശൈഥില്യങ്ങളിലേക്കും ലഹരി ഉപയോഗങ്ങളിലേക്കും വയലൻസിലേക്കും പുതുതലമുറയെ തള്ളിവിടുന്നത്.

അതേപോലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറ്റകൃത്യങ്ങൾ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. രാസലഹരി മരുന്നുകളുടെ നീർച്ചുഴിയിൽപ്പെട്ടാൽ പിന്നീട് രക്ഷപ്പെടാൻ പ്രയാസകരമാണ്. ഒരളവോളം അതസാധ്യവുമാണ്. ലഹരി മരുന്നുകളിലൂടെ ആഹ്ലാദത്തിന്റെ മഹാ ആകാശങ്ങൾ തേടുന്നവർ രക്ഷപ്പെടാനാവാത്ത ദുരന്തങ്ങളുടെ നീർച്ചുഴിയിലേക്ക് സ്വയം ചെന്നുചാടുകയാണ്. ഈയൊരു ആപത്തിൽനിന്ന് വിദ്യാർത്ഥികളെയും യുവജനങ്ങളെയും കാത്തുരക്ഷിക്കുകയെന്നത് നമ്മുടെ നാടിന്റെയും ഭാവിയുടെയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ലഹരിയെ തടയുകയെന്നത്, മയക്കുമരുന്ന് വ്യാപനത്തെ നിയമപരമായി ഇല്ലാതാക്കുകയെന്നത് അടിയന്തര കടമയായിതന്നെ സർക്കാരിനൊപ്പം ജനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.

മനുഷ്യരെ ജീവിതത്തിന്റെ സഹജവും സ്വാഭാവികവുമായ സൗന്ദര്യലഹരിയിൽ നിന്ന്, ലഹരിയുടെ സൗന്ദര്യം ജീവിതമായി കാണുന്ന അപമാനവീകരണത്തിലേക്ക് അധഃപതിപ്പിച്ചുകൊണ്ടാണ് ലോകമെമ്പാടും മയക്കുമരുന്നു വ്യാപാരവും ഉപയോഗവും നിയോ ലിബറൽ മൂലധനശക്തികൾ തന്നെ വളർത്തിക്കൊണ്ടുവരുന്നത്. ലഹരിക്കെതിരായ യുദ്ധം മനുഷ്യത്വരഹിതമായ ക്രിമിനൽ മൂലധന പ്രവർത്തനങ്ങൾക്കും അധോലോക വാണിജ്യശക്തികൾക്കുമെതിരായ പോരാട്ടമാണ്. കേവലമായ ധാർമ്മിക പ്രബോധനങ്ങൾ കൊണ്ടു തീർത്തുകളയാവുന്നതല്ല ലഹരിയുടെ സ്വാധീനവും മയക്കുമരുന്നു വ്യാപാരവുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. വൻതോതിൽ പണമൊഴുകുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക ബിസിനസ്സാണ് ഇന്ന് ഡ്രഗ് ട്രാഫിക്കിംഗ്. അമേരിക്കൻ സി ഐ എ മുതൽ ലോകമെമ്പാടുമുള്ള ഉന്നത ഭരണകൂട സംവിധാനങ്ങളും മത- വംശീയ ഭീകരവാദ സംഘങ്ങളും വരെ പങ്കാളിയായിട്ടുള്ള ഹിംസാത്മകമായൊരു ബിസിനസ്സാണത്.

കുട്ടികൾക്കിടയിൽ കൂടിവരുന്ന അക്രമോത്സുകതയെ സാമൂഹ്യബന്ധങ്ങളെയാകെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സാമ്പത്തിക- രാഷ്ട്രീയ നയങ്ങളിൽ നിന്ന് അടർത്തിമാറ്റിക്കാണാൻ കഴിയില്ല.

നമ്മുടെ സമൂഹത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗത്തെയും അതിനു പിറകിലുള്ള മാർക്കറ്റിംഗ് മാഫിയകളെയും വിപുലമായ തലങ്ങളിൽ പ്രതിരോധിക്കുന്നതിനാവശ്യമായ ബഹുജന ബോധവൽക്കരണവും ഭരണനടപടികളും ആരംഭിക്കേണ്ടതുണ്ട്. അങ്ങനെയേ സഫലമായ തലങ്ങളിൽ മയക്കുമരുന്നിനെതിരായ പ്രതിരോധം വളർത്താനാവൂ.

സ്​കൂൾ കുട്ടികൾ ഉൾപ്പെടെ പുതുതലമുറയിൽ മയക്കുമരുന്നു ഉപയോഗത്തിന്റേതായ ലഹരിസംസ്​കാരം അപകടരമാംവിധം പിടിമുറുക്കിക്കഴിഞ്ഞിരിക്കുകയാണെന്ന് ഓരോ ദിവസവും വരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നു. കുട്ടികളെ വലവീശിപ്പിടിക്കുന്ന മയക്കുമരുന്ന് വിപണനശൃംഖലകളും ക്രിമിനൽ സംഘങ്ങളും സ്​കൂൾ കാമ്പസുകളെ വരെ തങ്ങളുടെ സ്വാധീനത്തിലാക്കിക്കൊണ്ടിരിക്കുന്നു. നിയോ ലിബറൽ മൂലധന താൽപര്യങ്ങളുടെ ഭാഗമായി ലോകമെമ്പാടും വളർന്നുവന്നിരിക്കുന്ന ക്രിമിനൽ മൂലധന ശക്തികളാണ് ഡ്രഗ് ട്രാഫിക്കിംഗ് ഉൾപ്പെടെയുള്ള അധോലോക വ്യാപാരത്തെ വളർത്തുന്നതെന്ന് കാണണം. ലോകമെമ്പാടും ഭീകരവാദത്തിനും വംശീയ- വർഗീയവാദത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഉൻമാദികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനാണ് സാമ്രാജ്യത്വ മൂലധനശക്തികൾ യത്നിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും കേരളത്തിലുമെല്ലാം വർഗീയ- ഭീകരവാദവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം അഭൂതപൂർവ്വമായ തോതിൽ വളർന്നുവരുന്ന സംഭീതമായ അവസ്​ഥയാണുള്ളത്. ഇതിനെതിരായ ശക്തമായ പ്രതിരോധം മനുഷ്യരാശിയുടെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരുടെയും മുൻകൈയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിശക്തമായ ലഹരിമുക്തപ്രസ്​ഥാനം കെട്ടിപ്പടുക്കാൻ സർക്കാറും ബഹുജന സംഘടനകളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ട സന്ദർഭമാണിത്.

അതായത് കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും വേണം. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും കുറേക്കാലമായി ഭീഷണിയായി വളർന്നിട്ടുണ്ട്. മുമ്പ് വൻകിട നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നു വിൽപ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ലഹരി ഉപയോഗത്തിലെ വർധനയും പുതിയ രീതികളും സംസ്​ഥാനത്തുമാത്രം ഒതുങ്ങുന്ന വിഷയമല്ല. യുവജനങ്ങളിലും കോളേജ് വിദ്യാർഥികളിലും മാത്രമല്ല, സ്​കൂൾ വിദ്യാർഥികളിലേക്കും ലഹരിയുടെ ഉപയോഗം മെല്ലെ പടരുന്നു എന്നത് ഗൗരവകരമായ പ്രശ്നമാണ്. ഇതര സംസ്​ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്​തുകളും എത്തിക്കുന്നത്. വൻകിട മയക്കുമരുന്നു മാഫിയകൾ കേരളത്തെ ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പണസമ്പാദനത്തിന് ഏതു ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികളാണ് ഇതിനു പിന്നിലെന്ന് വിശദീകരിക്കേണ്ടതില്ല. പണമുണ്ടാക്കാനായി തലമുറകളെ ലഹരിയുടെ രക്ഷപ്പെടാനാവാത്ത ലോകത്തേക്ക് തള്ളിവിടുകയാണ് ഈ ലാഭക്കൊതിയന്മാർ.

കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും വേണം.
കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും വേണം.

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യാഘാതവും വളരെ ഭീകരമാണ്. നേരത്തെ കഞ്ചാവു പോലുള്ള ലഹരിവസ്​തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കിൽ സിന്തറ്റിക് – രാസലഹരി വസ്​തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോഴുള്ള വലിയ ഭീഷണി. MDMA (മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ), ഹാഷിഷ് ഓയിൽ, LSD സ്റ്റാമ്പ്, നൈട്രാസെപാം ടാബ്ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് കേരളത്തിൽ പ്രധാനമായും എക്സൈസും പൊലീസും പിടികൂടുന്നത്. സ്​കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമിഠായികളും പാനീയങ്ങളും ഐസ്​ക്രീമും ലഹരിഗുളികകളും വ്യാപകമാണ്. ഉറക്കഗുളികകളും വേദനസംഹാരിയും ലഹരി വസ്​തുക്കളായി ഉപയോഗിക്കുന്നു. പല സ്​കൂളുകളുടെയും സമീപത്തുള്ള ചെറു കച്ചവടക്കാരും മറ്റും ഇത്തരം ലഹരിവസ്​തുക്കളുടെ വിൽപ്പനക്കാരായി മാറുന്നുണ്ട്. സിന്തറ്റിക് – രാസലഹരി വസ്​തുക്കൾ പ്രധാനമായും അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നും കഞ്ചാവ് ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നുമാണ് കേരളത്തിൽ എത്തിക്കുന്നത്. നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമാണ്.

ലഹരി ഉപയോഗം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ നടത്തിയ പ്രസ്​താവനയിൽ പറഞ്ഞിട്ടുണ്ട്. ലഹരിക്ക് വിലങ്ങിടാൻ ഓപ്പറേഷൻ ഡി ഹണ്ടിംഗ് തുടങ്ങിയിട്ടുണ്ട്. എക്സൈസ്​, പൊലീസ് വകുപ്പുകളുടെ പരിശ്രമത്തിന്റെ ഫലമായി ലഹരിവസ്​തുക്കൾ പിടിക്കുന്നത് കൂടിയിട്ടുണ്ട്. അത്തരം നടപടികൾ ശക്തമാക്കണം. ലഹരിക്കെതിരെ നാടിനെയാകെ അണിനിരത്തിയുള്ള പ്രവർത്തനത്തിന് പ്രതിപക്ഷവും പൂർണ പിന്തുണ നൽകണം. വിവിധ ജനവിഭാഗങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ലഹരി വിപത്ത് തടയാൻ സർക്കാർ വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. യുവജനങ്ങൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ–സാംസ്​കാരിക–രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയവരെ ഇതിൽ കണ്ണിചേർക്കും. ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വതലങ്ങളിലും മയക്കുമരുന്നിനെതിരായ അവബോധം വളർത്തുന്ന ശാസ്​ത്രീയമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.

വിവിധ രീതിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതിലൊന്ന്, ഇത് ബോധപൂർവ്വം ചെയ്യുന്ന കുറ്റമാണ് എന്ന് കണ്ട് പ്രതിരോധിക്കുക എന്നതാണ്.

ചിലയിടങ്ങളിൽ ചെറിയൊരു വിഭാഗം ഉദ്യോഗസ്​ഥർ ലഹരി മാഫികളെ അറിഞ്ഞോ, അറിയാതെയോ സഹായിക്കുന്നുവെന്ന പരാതി അസ്​ഥാനത്തല്ല. വിവരം നൽകുന്നവരുടെ വിശദാംശം ലഹരി മാഫിയക്ക് ചോർത്തിക്കൊടുക്കുന്ന ഉദ്യോഗസ്​ഥർക്കെതിരെ കർശന നടപടിയെടുക്കാൻ വകുപ്പുമേധാവികൾ തയ്യാറാകണം.

കർശന നിയനടപടി കൊണ്ടേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവൂ. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്​ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. 1988 ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ടിലെ (Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act- PITNDPS Act) വ്യവസ്​ഥകൾ പ്രകാരമാണിത്. ഈ പ്രത്യേക നിയമമനുസരിച്ച് സ്​ഥിരം കുറ്റവാളികളെ രണ്ട് വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാം. ഇത് നാം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ് കർശനനിർദേശം നൽകിയത്.

വിവിധ രീതിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതിലൊന്ന്, ഇത് ബോധപൂർവ്വം ചെയ്യുന്ന കുറ്റമാണ് എന്ന് കണ്ട് പ്രതിരോധിക്കുക എന്നതാണ്. പണസമ്പാദനത്തിന് ഏത് ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികൾ എല്ലാ തലങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരായിരിക്കും. ഉന്നത ഉദ്യോഗസ്​ഥതലങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരാണ് ഇത്തരം അധോലോക ബിസിനസിനു പിറകിൽ പ്രവർത്തിക്കുന്നതെന്ന് കാണണം.

1988 ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട്.
1988 ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട്.

ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. നാർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. NDPS നിയമത്തിലെ 31, 31 എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ ഇത് ചേർക്കേണ്ടതുണ്ട്. ചാർജ്ജ് ചെയ്യുന്ന കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി ഇനി മുതൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് NDPS നിയമത്തിലെ 31, 31 എ പ്രകാരം ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. അതൊടൊപ്പം കുറ്റവാളികളിൽ നിന്ന്, ഇനി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാൻ സാധിക്കും. ഇത് സാർവ്വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. കാപ്പാ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരി കടത്തുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരം ശേഖരിച്ച് ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ്​സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കണം. അവരെ നിരന്തരം നിരീക്ഷിക്കണം. ഇത്തരം നടപടികൾക്കായി സംസ്ഥാനത്താകെ സ്​പെഷൽ ഡ്രൈവ് നടത്താനും തീരുമാനമുണ്ട്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നാടാകെ ചേർന്നുകൊണ്ടുള്ള നീക്കമാണ് ആവശ്യം. ലഹരിക്കെതിരായ പോരാട്ടം ജനകീയ അവബോധ കാമ്പയിനായി സംഘടിപ്പിക്കേണ്ടുതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ കാമ്പയിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കണം. സർക്കാർ തലത്തിലും സാമൂഹ്യ തലത്തിലും ലഹരിയെ തടയണം. പൊതുജനങ്ങളും എക്സൈസ്​, പൊലീസ് ഉദ്യോഗസ്​ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നമ്മുടെ സമൂഹത്തെ ലഹരിമുക്ത സമൂഹമായി മാറ്റാൻ കഴിയും.

Comments