തീരശോഷണം വ്യാപിക്കുന്നു, നഷ്ടമായത് 289 വീടുകൾ;
വിഴിഞ്ഞം തുറമുഖം ജനകീയ പഠന റിപ്പോർട്ട്

വിഴിഞ്ഞം സമരസമിതി നിയോഗിച്ച ജനകീയ പഠന സംഘം തയാറാക്കിയ റിപ്പോർട്ട് വിഴിഞ്ഞം പദ്ധതിയുടെ എല്ലാ അവകാശവാദങ്ങളെയും വസ്തുതകൾ നിരത്തി ഖണ്ഡിക്കുന്നു. തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവനമാർഗങ്ങൾ എന്നിവയെ പദ്ധതി എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ട് തിരുവനന്തപുരത്ത് ഡോ. രാമചന്ദ്രഗുഹയാണ് പ്രകാശനം ചെയ്തത്. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ശാസ്ത്രീയമായും ബഹുജനങ്ങളിൽനിന്ന് തെളിവ് ശേഖരിച്ചും പഠന വിധേയമാക്കിയ ജനകീയ കമീഷൻ്റെ റിപ്പോർട്ട്, ഒരു സമരം നിർമിച്ച ഏറ്റവും സമഗ്രമായ ഒരു റിപ്പോർട്ട് എന്ന നിലയിൽ വിപുലമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. വിഴിഞ്ഞം സമരസമിതിയാണ് ജനകീയ പഠനക്കമീഷനെ നിയോഗിച്ചത്.

സമുദ്ര ആവാസവ്യവസ്ഥാ സംരക്ഷണത്തിൻ്റെയും മത്സ്യസമ്പത്ത് സംരക്ഷണത്തിൻ്റെയും തീരസുരക്ഷയുടെയും കാഴ്ചപ്പാടിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിർമാണത്തെക്കുറിച്ച് പഠിച്ചാണ് ജനകീയ കമീഷൻ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2022- ൽ നടന്ന തിരുവനന്തപുരത്തെ കടലോര മീൻപിടുത്ത സമൂഹത്തിൻ്റെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്, ക്രൂരമായ പോലീസ് ലാത്തിച്ചാർജിനെ തുടർന്ന് പിറകോട്ടു പോകേണ്ടിവന്ന സാഹചര്യത്തിലാണ് വിഷയത്തിൻ്റെ എല്ലാ വശങ്ങളും സമഗ്രമായി പഠിക്കുന്നതിന് സമരസമിതി ജനകീയ പഠന കമീഷനെ നിയോഗിച്ചത്. ഒരു വർഷമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന സർക്കാർ അതിനു മുന്നേ നിയോഗിച്ച പഠനസംഘത്തിൻ്റെ പ്രവർത്തനം മന്ദീഭവിച്ചു നിൽക്കേ ഭൗമശാസ്ത്രപഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ. വി. തോമസിൻ്റെ നേതൃത്വത്തിൽ പ്രൊബീർ ബാനർജി, സരിത ഫെർണാണ്ടസ്, ഡോ. ജോൺ കുര്യൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി. താര, ഡോ. ജോൺസൺ ജാമൻറ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള തീര ശോഷണത്തെ കുറിച്ച് പഠിച്ച ജനകീയ സമിതി തയാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവേളയിൽ ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. രാമചന്ദ്ര ഗുഹ, ഡോ.ജോൺ കുര്യൻ എന്നിവർ

തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവനമാർഗങ്ങൾ എന്നിവയിൽ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെമേൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ആഘാതങ്ങളാണ് ‘നമ്മുടെ തീരം നമ്മുടെ കടൽ’ എന്ന് പേരിട്ട റിപ്പോർട്ട് പരിശോധിക്കുന്നത്.

പരിസ്ഥിതിയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന മൂലധന നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജനകീയ സമരങ്ങളെ വികസന വിരോധമെന്ന് മുദ്രകുത്തി ഇകഴ്ത്തുന്നത് വ്യാപകമാണ്.

കോർപ്പറേറ്റ് താൽപ്പര്യങ്ങൾ തദ്ദേശസമൂഹത്തിൻ്റെ പൈതൃക സംരക്ഷണത്തിനും കടലിൽ പോകാനുള്ള സ്വാതന്ത്ര്യത്തിനും വിഘാതമാകുന്നതും ഒരു താൽപര്യ സന്തുലിതാവസ്ഥയുടെ ആവശ്യവും റിപ്പോർട്ട് എടുത്തുകാട്ടുന്നു.

വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 2015 മുതൽ നടത്തിയ തുറമുഖ നിർമാണത്തിൻ്റെ പ്രത്യാഘാതങ്ങൾ, ഉപജീവന മാർഗ്ഗത്തിൻ്റെ തകർച്ച, തീരദേശ സമൂഹങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടം, തുറമുഖം പ്രവർത്തനക്ഷമമായാൽ ഭാവിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ പരാമർശിക്കുന്നതാണ് ഒന്നാം അധ്യായം. രണ്ടാം അധ്യായത്തിൽ വിഴിഞ്ഞത്തിൻ്റെയും സമീപ ഗ്രാമമായ കോവളത്തിൻ്റെയും ടൂറിസത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ടൂറിസത്തിൻ്റെ വളർച്ചയും പ്രതിപാദിക്കുന്നു. ഈ ഗുണവുമുണ്ടായിട്ടും വിഴിഞ്ഞം അടുത്തിടെ ഒരു ആഴക്കടൽ തുറമുഖമായി വിവാദത്തിലാകുന്നതും ഭൂമി ഏറ്റെടുപ്പ് പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് ഭീഷണിയാകുന്നതെങ്ങനെയെന്നും ഈ അധ്യായം വിശദീകരിക്കുന്നു. പഴയ മത്സ്യബന്ധന പാരമ്പര്യങ്ങളുടെയും ആധുനിക അഭിലാഷങ്ങളുടെയും ചലനാത്മക മിശ്രിതമായി വിഴിഞ്ഞത്തെ വിലയിരുത്തുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ തദ്ദേശസമൂഹത്തിൻ്റെ പൈതൃക സംരക്ഷണത്തിനും കടലിൽ പോകാനുള്ള സ്വാതന്ത്ര്യത്തിനും വിഘാതമാകുന്നതും ഒരു താൽപര്യ സന്തുലിതാവസ്ഥയുടെ ആവശ്യവും ഈ അധ്യായം എടുത്തുകാട്ടുന്നു.

രാമചന്ദ്ര ഗുഹ തിരുവനന്തപുരം പ്രസ് ക്ലബിൽ പഠന റിപ്പോർട്ടിലെ അധ്യായങ്ങൾ വിശദീകരിക്കുന്നു.

വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എങ്ങനെയാണ് അദാനി തുറമുഖ കമ്പനിയുമായി കരാറിലേർപ്പെട്ടത് എന്ന കാര്യമാണ് മൂന്നാം അധ്യായം പരിശോധിക്കുന്നത്. വിഴിഞ്ഞത്ത് ഒരു അന്താരാഷ്ട്ര തുറമുഖം പണിയാനുള്ള പദ്ധതി 1990കളിൽ ടൂറിസം വ്യവസായത്തിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നതിനെ തുടർന്ന് ഉപേക്ഷിച്ചതാണ്. 2003 നും 2004 നും ഇടയിൽ യു.ഡി.എഫ് ഗവൺമെൻ്റിനുകീഴിൽ ഈ പ്രൊജക്ടിനായി ഒരു റാപിഡ് എൻവയോൺമെൻ്റ് ഇംപാക്റ്റ് അസസ്മെൻ്റ് ആരംഭിച്ചു. L and T- റാം ബോൾ കൺസൾട്ടൻസി നടത്തിയ ഈ പഠനത്തെ തുടർന്നാണ് 2004 ഡിസംബറിൽ വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) സ്ഥാപിതമായത്. 2015-ൽ അദാനി പോർട്ട്സ് SEZ പദ്ധതിയുടെ ഏക കരാറുകാരനായി.

അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ യു.ഡി.എഫ് നടത്തിയ അഴിമതികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കിയ എൽ.ഡി.എഫ് 2016 മെയിൽ അധികാരത്തിൽ വന്നപ്പോഴും പദ്ധതി പുനഃപരിശോധിക്കാതെ മുന്നോട്ടു പോയി.

മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലും നിയമവെല്ലുവിളികളുടെ പശ്ചാത്തലത്തിലും വിഴിഞ്ഞം പദ്ധതി തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയ ചരിത്രമാണ് ‘VISL-ൻ്റെ ആകുലതകൾ’ എന്ന അധ്യായം വിവരിക്കുന്നത്. അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ യു.ഡി.എഫ് നടത്തിയ അഴിമതികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കിയ എൽ.ഡി.എഫ് 2016 മെയിൽ അധികാരത്തിൽ വന്നപ്പോഴും പദ്ധതി പുനഃപരിശോധിക്കാതെ മുന്നോട്ടു പോയി. 2016-ൽ കം​പ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ കരാർ വ്യവസ്ഥകൾ അദാനി തുറമുഖ കമ്പനിയെ പ്രീതിപ്പെടുത്താനുതകും വിധം മാറ്റിമറിച്ചതും മറ്റും ചൂണ്ടിക്കാട്ടി. ബിഡ്ഡിനു ശേഷമുള്ള പ്രൊജക്ട് ഘടനാ പരിഷ്കരണം, സർക്കാർ ഫണ്ടുചെയ്യുന്ന ചെലവുകൾ വർധിപ്പിക്കൽ, സർക്കാർ ആസ്തികൾ ഈട് നൽകി അദാനി കമ്പനിക്ക് ലോണെടുക്കാനുള്ള വ്യവസ്ഥ, ഇളവുകളുടെ അവസാനത്തിൽ അദാനിക്ക് ഒഴിവാക്കപ്പെടുകയാണെങ്കിൽ നൽകാമെന്നേറ്റ വൻ ടെർമിനേഷൻ പേയ്മെൻ്റ്, ട്രാഫിക് അനുസരിച്ച് ഇളവുകാലയളവ് ക്രമീകരിക്കൽ, പുതിയ തുറമുഖങ്ങളുണ്ടായാൽ അധിക ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകൾ, സുരക്ഷാ കൾസൾട്ടൻ്റിൻ്റെ നിയമനം എന്നിവയിലെ ക്രമക്കേടുകൾ എന്നിവ സി.എ.ജി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ മത്സരാധിഷഠിത ലേലത്തിൻ്റെ അഭാവത്തെ വിമർശിക്കുകയും സി.എ.ജി റിപ്പോർട്ടിലെ നിരവധി നിരീക്ഷണങ്ങളോട് യോജിക്കുകയും ചെയ്തു. കൂടാതെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്നു. ഈ സാഹചര്യത്തിലും പദ്ധതി വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ എൽ.ഡി.എഫ് തയ്യാറായില്ല.

അദാനി മുന്നോട്ടുവെച്ച പദ്ധതി വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറായില്ല.

ആവശ്യമായ ജാഗ്രതയുടെ അഭാവം, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, സാമ്പത്തിക വികസനവും തദ്ദേശീയ സാമൂഹികക്ഷേമവും തമ്മിലുള്ള സന്തുലനം എന്നിവയിലെ ആശങ്കകൾ പ്രകടമാവുന്ന ഈ പദ്ധതി അടിസ്ഥാന സൗകര്യ വികസനം, ഭരണം, സാമ്പത്തിക വളർച്ചയും ബാധിത പ്രദേശങ്ങളിലെ സമൂഹങ്ങളുടെ അതിജീവനവും വികസനവും, പരിസ്ഥിതി സംരക്ഷണവും വികസനവും എന്നിവ തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീർണതകൾ സംബന്ധിച്ച് ഒരു മികച്ച കേസ് സ്റ്റഡിക്ക് വക നൽകുന്നതാണ് എന്നു രേഖപ്പെടുത്തിയാണ് ഈ അധ്യായം അവസാനിക്കുന്നത്.

വിഴിഞ്ഞം തുറമുഖനിർമാണത്തെ ചുറ്റിപ്പറ്റിയുള്ള ബഹുമുഖ പ്രശ്നങ്ങളെക്കുറിച്ചും തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലും തീരദേശ പരിസ്ഥിതിയിലും അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നതാണ് ‘തീരവും തീരശോഷണവും’ എന്ന അധ്യായം. തുറമുഖ നിർമാണത്തിൻ്റെ ഫലമായുണ്ടായ മണ്ണൊലിപ്പും കരവെപ്പും തീര മണൽ സന്തുലിതാവസ്ഥയിലുണ്ടാക്കിയ വ്യതിയാനങ്ങൾ, മുൻ നിർമിതികളായ മത്സ്യ ബന്ധന തുറമുഖങ്ങൾ, കടൽഭിത്തികൾ, ഗ്രോ യിനുകൾ, പുലിമുട്ടുകൾ തുടങ്ങിയ മനുഷ്യ ഇടപെടലുകളുണ്ടാക്കിയ ആഘാതങ്ങൾ എന്നിവ ഇവിടെ വിശദീകരിക്കപ്പെടുന്നു. തുറമുഖ നിർമാണം സെഡിമെൻറ് ഡൈനാമിക്സിൽ (മണൽനീക്കം) വരുത്തുന്ന മാറ്റം, തീരനഷ്ടം, കനത്ത തിരമാലകളുടെ ഉയർച്ച, തീരനഷടം തീരപ്രദേശത്ത് സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം എന്നിവ ഈ അധ്യായം ചർച്ച ചെയ്യുന്നു. പദ്ധതി അനുകൂല പഠനങ്ങളിലെ കടൽത്തീര സ്ഥിരതയുടെ തെറ്റായ വ്യാഖ്യാനം മൈക്രോ ക്ലൈമറ്റിൻ്റെയും കാലാവസ്ഥ വ്യതിയാനത്തിൻ്റെയും പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖം തൊട്ട് തെക്കുഭാഗത്ത് ഇപ്പോൾതന്നെ ദൃശ്യമായ, കൃത്രിമമായി മണലടിഞ്ഞ് കരവെക്കുന്ന പ്രതിഭാസം ചൂണ്ടിക്കാട്ടി ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക തുറമുഖമായിരിക്കും വിഴിഞ്ഞം എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. വിഴിഞ്ഞം തുറമുഖ നിർമാണം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് വസ്തുതകൾ നിരത്തി സ്ഥാപിക്കുകയാണ് ഈ അധ്യായം ചെയ്യുന്നത്. മാത്രമല്ല, ഈ പദ്ധതിയുടെ അനന്തര ഫലങ്ങൾ മറ്റ് പ്രാദേശിക സമൂഹങ്ങളിലേക്ക് വ്യാപിച്ച് ദീർഘകാലമായി വികസിച്ചിരുന്ന ടൂറിസം വ്യവസായത്തിനുണ്ടാക്കുന്ന ആഘാതങ്ങളും വിലയിരുത്തുന്നു.

വിഴിഞ്ഞം തുറമുഖം തൊട്ട് തെക്കുഭാഗത്ത് ഇപ്പോൾതന്നെ ദൃശ്യമായ, കൃത്രിമമായി മണലടിഞ്ഞ് കരവെക്കുന്ന പ്രതിഭാസം ചൂണ്ടിക്കാട്ടി, ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക തുറമുഖമായിരിക്കും വിഴിഞ്ഞം എന്ന അവകാശവാദത്തെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു.

വിഴിഞ്ഞം തീരദേശ മേഖലയുടെ പാരിസ്ഥിതിക - സാമൂഹിക- സാമ്പത്തിക പ്രാധാന്യം വിലയിരുത്തുകയും തുറമുഖ നിർമാണം ആവാസവ്യവസ്ഥക്കും ജൈവവൈവിധ്യത്തിനു മുണ്ടാക്കുന്ന ആഘാതങ്ങൾ പരിശോധിക്കുകയുമാണ് ആറാം അധ്യായം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ ഒരു ജനകീയ സമുദ്ര ജൈവവൈവിധ്യ റജിസ്റ്റർ തയ്യാറാക്കിയ പ്രദേശമാണ് വിഴിഞ്ഞം. മറൈൻ ബയോഡൈവേഴ്സിറ്റി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്ത പ്രദേശവുമാണ്. ഇവിടെയാണ് വൻ ആഘാതങ്ങൾക്കിടയാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തീരദേശ പാരിസ്ഥിതിക സേവനങ്ങളെ നാലായി തിരിച്ച് അതിൻ്റെ മൂല്യം നിർണയിക്കുക കൂടി ഈ അധ്യായത്തിൽ ചെയ്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം നഷ്ടമായ ഇക്കോ സിസ്റ്റം സേവനങ്ങളുടെ മൊത്ത വാർഷിക മൂല്യം 2027 കോടി രൂപയായാണ് പഠന സമിതി കണക്കാക്കിയിരിക്കുന്നത്.

ഓഖി പോലുള്ള ചുഴലിക്കാറ്റുകളല്ല, ഉയർന്നതും ഹ്രസ്വ കാലത്തേക്കുമാത്രമുള്ളതുതായ തിരമാലകളാണ് ഈ മേഖലയിൽ മൺസൂൺ മാസങ്ങളിലെ തീരശോഷണത്തിനും വീടുകളുടെ നഷ്ടത്തിനും കാരണം

മത്സ്യത്തൊഴിലാളികളുടെ ഉൾക്കാഴ്ചകളെക്കുറിച്ചുള്ളതാണ് ഏഴാം അധ്യായം. ഉപജീവനമാർഗനഷ്ടം, നിലവിലുള്ള മത്സ്യബന്ധന തുറമുഖത്ത് നടക്കുന്ന അപകടങ്ങളിൽ നിന്ന് അവർ പഠിച്ച പാഠങ്ങൾ, തൊഴിൽ ആഘാതം, പരിസ്ഥിതി നഷ്ടം, സാമൂഹികാഘാതം, സാംസ്കാരിക ആഘാതം, കൂടിയാലോചനയുടെ അഭാവം, അന്താരാഷ്ട്ര പരിശോധനകൾ വേണ്ടത്രയില്ലാത്ത അവസ്ഥ എന്നിങ്ങനെ മത്സ്യത്തൊഴിലാളികളുമായി നടന്ന ആശയവിനിമയത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ അധ്യായം വിശദീകരിക്കുന്നു.

നഗരവൽക്കരണം, തുറമുഖ നിർമാണം, മണൽഖനനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ച തീരരോഷണ പ്രശ്നം വിഴിഞ്ഞം നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് എട്ടാം അധ്യായം. ഗ്രാമീണ വളണ്ടിയർ പഠനം വഴി ശേഖരിച്ച ഡാറ്റകൾ ഇവിടെ വിലയിരുത്തപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണം തുടങ്ങിയശേഷം തീരശോഷണവും വീടുകളുടെ നഷ്ടവും വലിയ തുറക്കുചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിച്ചതായും തൽഫലമായി ഏഴ് തുറകളിലായി 289 വീടുകൾ നഷ്ടപ്പെട്ടതായും ഈപഠനത്തിൽ കണ്ടെത്തി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മൽസ്യ തൊഴിലാളികളും തീരവാസികളും നടത്തിയ പ്രതിഷേധസമരത്തിൽ നിന്ന്

ഓഖി പോലുള്ള ചുഴലിക്കാറ്റുകളല്ല, ഉയർന്നതും ഹ്രസ്വ കാലത്തേക്കുമാത്രമുള്ളതുതായ തിരമാലകളാണ് ഈ മേഖലയിൽ മൺസൂൺ മാസങ്ങളിലെ തീരശോഷണത്തിനും വീടുകളുടെ നഷ്ടത്തിനും കാരണമെന്നാണ് മറ്റൊരു ശ്രദ്ധേയ കണ്ടെത്തൽ. ആഗോള കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായുണ്ടാകുന്ന പ്രതിഭാസങ്ങളുടെ ഭാഗമായുണ്ടായതല്ല മുഖ്യമായും ഈ നഷ്ടങ്ങൾ. തുറമുഖ നിർമാണം മൂലം തീരശോഷണം കൂടുതൽ സംഭവിച്ച തീരങ്ങളിൽ മൺസൂൺ തിരമാലകൾ കൂടുതൽ തീവ്രതയോടെ ഉള്ളിലേക്ക് കടന്നു വരികയും വീടുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് പഠനം വിലയിരുത്തുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണം ഉയർത്തുന്ന ധാർമികവും മനുഷ്യാവകാശപരവുമായ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതാണ് ഒമ്പതാം അധ്യായം. തീരശോഷണവും വീടുകളുടെ നഷ്ടവും, ഉപജീവന മാർഗങ്ങളുടെ നാശം, മത്സ്യ ബന്ധന ഉപകരണങ്ങളുടെ കേടുപാടുകളും ജീവഹാനിയും, മതപരവും സാംസ്കാരികവുമായ ഇടങ്ങളുടെ നഷ്ടം, തുറമുഖത്തിൻ്റെ തെക്ക് ഭാഗത്തുള്ള ഗ്രാമങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ, മത്സ്യമേഖലയിലെ മുതൽമുടക്കിനുണ്ടാക്കുന്ന ആ ഘാതം, സ്ഥലപരമായ അനീതി, ഇൻ്റർനാഷണൽ ഷിപ് ആൻ്റ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ്റെ ഫലമായി മത്സ്യബന്ധന സമൂഹത്തിനുണ്ടാകുന്ന പ്രത്യാഘാതം തുടങ്ങിയവ ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു.

കേരളത്തിലെ കടൽ മത്സ്യബന്ധന സമൂഹങ്ങളുടെ നിലനിൽപ്പിനും സുസ്ഥിതിക്കും വേണ്ടി നടപ്പിലാക്കേണ്ട ദീർഘകാല പരിഹാര നടപടികളാണ് പത്താം അധ്യായത്തിൽ. മത്സ്യത്തൊഴിലാളികളുടെ പാർശ്വവത്കരണം അവസാനിപ്പിക്കാൻ ഇവിടെ ആവശ്യപ്പെടുന്നു. കടൽ ഭിത്തി നിർമാണത്തിൻ്റെ പേരിൽ ഒരു കിലോമീറ്ററിന് 50 കോടി രൂപ ചെലവിട്ട് കരിങ്കൽ /സിമെൻ്റ് പരിഹാരങ്ങൾ ഫലവത്താകാത്തതിൻ്റെ കാരണങ്ങൾ ഇവിടെ പരിശോധനാ വിധേയമാകുന്നു.

വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തിയപ്പോഴുള്ള ആകാശദൃശ്യം

തീരമണൽതിട്ടകൾ സ്വാഭാവികമായും സംരക്ഷിക്കപ്പെടുന്ന വിധത്തിൽ തീരദേശത്തെ ആവാസങ്ങൾ അൽപം പിറകിലോട്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആവശ്യപ്പെടുന്നു. 100 വീടുകളുള്ള ഒരു ഗ്രാമം നിർമിക്കാൻ 30 കോടി രൂപ മതിയാകുമെന്ന് കണക്കാക്കുകയും മണൽത്തിട്ടകൾ സ്വാഭാവികമായി രൂപം കൊള്ളാൻ അനവദിച്ചാൽ 1 കി.മീ കടൽഭിത്തിക്ക് ചെലവാക്കുന്ന 50 കോടി രൂപ ലാഭിക്കുന്ന സാഹചര്യത്തിൽ ഇതൊരധിക ബാധ്യതയാകില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കടൽഭിത്തികളുടെ മൊറട്ടോറിയം, മനുഷ്യവാസത്തിൻ്റെ നിയന്ത്രിത പിന്മാറ്റം, കടൽത്തീര പുനരുദ്ധാരണം, സുചിന്തിതമായ സാമൂഹ്യ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സമീപനമാണ് ഈ അധ്യായം മുന്നോട്ടു വെക്കുന്നത്.

എന്നാൽ, മത്സ്യത്തൊഴിലാളി ജീവിതത്തിൻ്റെ സാമൂഹ്യ- സാംസ്കാരിക- തൊഴിൽ സാഹചര്യങ്ങളിൽ കടൽത്തീരത്തുനിന്നുള്ള താമസ പിന്മാറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെട്ടോ എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മാത്രമല്ല Blue economy- യുടെയും സാഗർമാല പദ്ധതിയുടെയും വൻകിട ടൂറിസത്തിൻ്റെയും ഖനനലോബിയുടെയും കണ്ണു വീണ പ്രദേശങ്ങളിൽനിന്ന് ജനത്തെ പരമാവധി മാറ്റിപ്പാർപ്പിക്കുക എന്നത് ഇന്ന് മൂലധന ശക്തികളുടെ ആവശ്യവുമാണ്. പുനർഗേഹം പോലുള്ള സർക്കാർ പദ്ധതികളുടെയും ദീർഘകാല ലക്ഷ്യം കടലോരത്തുനിന്ന് ജനവാസം മാറ്റിത്തീർക്കുക തന്നെയാണ്. തീരദേശ ഹൈവേ പോലുള്ള പദ്ധതികൾക്കെതിരെയുള്ള എതിർപ്പുകളും ഈ മാറ്റിപ്പാർപ്പിക്കൽ വഴി സർക്കാറുകൾക്ക് ലഘൂകരിക്കാനാവും. ഈ സാഹചര്യത്തിൽ കടലോരത്തു നടക്കുന്ന വിനാശകരമായ വികസന പദ്ധതികളെ ചോദ്യം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സോഷ്യൽ ഏജൻസിയെ ദുർബലപ്പെടുത്താൻ തീരത്തുനിന്ന് പിറകോട്ടുമാറൽ (retreat), സൗഖ്യമാക്കൽ റിട്രീറ്റുകളായി ബീച്ചുകളെ മാറ്റൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഇടയാക്കുമോ എന്ന് ഗൗരവതരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

വിസിലിൻ്റെ (VISL) ഇന്നത്തെ നിലയും ഭാവി യാഥാർത്ഥ്യവും എന്നതാണ് 11ാം അധ്യായം. ഒരു വാണിജ്യ ട്രാൻസ്ഷിപ്പ് പോർട്ടിൻ്റെ പ്രവർത്തനക്ഷമതക്ക് നിർണായകമായ പ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്നും അതെത്ര മാത്രം വിഴിഞ്ഞത്തുണ്ടെന്നും ഇവിടെ പരിശോധിക്കപ്പെടുന്നു. വിജയസാധ്യത തന്ത്രപ്രധാനമായ സ്ഥാനത്തിനും കടലിൻ്റെ ആഴത്തിനും അപ്പുറത്താണ് എന്ന് ഊന്നിപ്പറയുന്നു. കപ്പൽ ഗതാഗത സാധ്യതകളും മത്സരവും വിഴിഞ്ഞത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്നതാണ് ഈ ഭാഗം. ഒരു തുറന്ന കടലിൽ സ്ഥാപിക്കപ്പെടുന്ന തുറമുഖമെന്ന നിലയിൽ നിലനിർത്തൽ ചെലവ് പ്രതീക്ഷിച്ചതിലേറെ ഏറുമെന്നും ഡ്രെഡ്ജിംഗ് ആവശ്യമായിവരില്ലെന്ന വാദം അസ്ഥാനത്താണെന്നും ഈ ഭാഗം വിശദീകരിക്കുന്നു. തുറമുഖ വ്യവസായത്തിനുള്ളിലെ കപ്പൽ ഗതാഗത സാധ്യതകൾ ഭാവിയിലെ പ്രൊജക്ഷനനുസരിച്ച് വികസിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിനടിത്തറയില്ലെന്നും ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ട്രാഫിക്ക് പെട്രോളിയ ഉല്പന്നങ്ങളാണെന്നും ഈ രംഗത്ത് ഭാവിയിൽ വൻ കുറവ് ഉണ്ടാകുമെന്നും കണ്ടെത്തുന്നു. വല്ലാർപാടം, കൊളംബോ തുടങ്ങിയ ട്രാൻസ്ഷിപ്മെൻറ് തുറമുഖങ്ങൾ ഉള്ള ശേഷി വേണ്ടത്ര ഉപയോഗപ്പെടുത്താനാകാതെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യം വിശദമായി ഈ ഭാഗത്ത് പരിശോധിക്കപ്പെടുന്നു.

വല്ലാർപാടം ടെൽമിനൽ

'പ്രവർത്തിക്കാനുള്ള സോഷ്യൽ ലൈസൻസ് മുന്നോട്ടുള്ള വഴി 'എന്ന 12-ാം അധ്യായം തീരദേശ സമൂഹങ്ങളും സ്വകാര്യ നിക്ഷേപം വഴിയുള്ള തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികളും തമ്മിലുള്ള സംഘർഷം വിശദീകരിക്കുന്നു.

കണ്ടെത്തലുകളും ശുപാർശകളും അവതരിപ്പിക്കുകയാണ് അവസാന അധ്യായം.
1. ബീച്ചുകളുടെയും മനുഷ്യാവകാശങ്ങളുടെയും പരസ്പരബന്ധ വിഷയത്തിൽ വാണിജ്യം, മനുഷ്യാവകാശം എന്നിവയിലെ യു.എൻ മാർഗനിർദ്ദേശതത്വങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക, പ്രൊജക്റ്റ് റിപ്പോർട്ടുകളിലേക്കും ആഘാത വിലയിരുത്തലുകളിലേക്കും ഈ ബന്ധം സമന്വയിപ്പിക്കുക.

2. സ്വതന്ത്രമായ മേൽനോട്ടം, പൂർണ ഡാറ്റ വെളിപ്പെടുത്തൽ, അർഥവത്തായ സാമൂഹ്യ കൺസൾട്ടേഷൻ, അധാർമിക പ്രവർത്തനങ്ങൾക്കുള്ള പിഴകൾ, വിദഗ്ധ അവലോകന പാനലുകൾ എന്നിവ ഉപയോഗിച്ച് ElA പോരായ്മകൾ പരിഹരിക്കുക.

3. സി.എ.ജി റിപ്പോർട്ടിലെ വസ്തുതകൾ അവലോകനം ചെയ്ത് ഭാവി വിപുലീകരണത്തിൽ സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുക.

4. സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകൾക്ക് മുൻഗണന നൽകുക, തീരദേശ വികസന പദ്ധതികൾക്ക് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക, തീരപോഷണത്തിലും അവശിഷ്ട പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രദേശിക സമൂഹങ്ങളെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഉൾപ്പെടുത്തുക.

5. ആസന്ന ഭീഷണികളെ നേരിടാൻ കേരള സംസ്ഥാന ജൈവ വൈവിവിധ്യ ബോർഡിനെ ചുമതലപ്പെടുത്തുകയും മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യുക.

6. വിഴിഞ്ഞത്തെ ഇക്കോ സിസ്റ്റം സേവനങ്ങളുടെ സാമ്പത്തിക- പാരിസ്ഥിതിക മൂല്യം കണക്കാക്കുന്നതിന് പങ്കാളിത്ത ഇൻറർ ഡിസിപ്ലിനറി ടീം രൂപീകരിക്കുക.

7. പുനരധിവാസത്തിൻ്റെയും നഷ്ടപരിഹാര നടപടികളുടെയും മേൽനോട്ടം വഹിക്കുന്നതിനും തുല്യമായ നഷ്ടപരിഹാരം, പുനരധിവാസം, സാമൂഹ്യപങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനും ഒരു ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് സമിതി രൂപീകരിക്കുക.

8. സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ -ലഘൂകരണ നടപടികളും ഒപ്പം തീരശോഷണ പരിപാലനത്തിൽ സുതാര്യത, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്ക് മുൻഗണന നൽകുക

9. സമ്പൂർണ സാമൂഹ്യ പങ്കാളിത്തത്തോടെ വിശ്വസനീയ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുൻഗണനാമേഖലകളിൽ ബീച്ചുകൾ പുനരുജ്ജീവിപ്പിക്കാൻ ഉടനടി നടപടി കൈക്കൊള്ളുക.

10. മത്സ്യബന്ധനസമൂഹങ്ങൾക്കുള്ള നഷ്ടപരിഹാര നടപടികൾക്ക് ഉള്ള തടസ്സങ്ങൾ വിലയിരുത്തുക

11. കടൽഭിത്തി നിർമാണത്തിനുപകരം കടലോരത്തുനിന്ന് ജനവാസം മാറ്റുന്നതിന് നടപടി സ്വീകരിക്കുക, കോസ്റ്റൽ കമ്യൂണിറ്റി ഹൗസിംഗ് ഫണ്ട് സ്ഥാപിക്കുക.

വിഴിഞ്ഞം തുറമുഖ തീരത്തോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ

നിർമാണത്തിലിരിക്കുന്ന ഒരു പദ്ധതി പൂർണമായും ഉപേക്ഷിക്കുക എന്ന ശുപാർശ പഠനസംഘം മുന്നോട്ടുവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത് പ്രായോഗികമായി നടപ്പിലാക്കാൻ പ്രയാസമായിരിക്കുമെന്ന നിഗമനത്തിലായിരിക്കാം അത്. വിഴിഞ്ഞം ഒരു യുദ്ധമല്ലെന്നും ഒരു പുതിയ വികസന സങ്കൽപ്പത്തിനായുള്ള ശ്രദ്ധേയമായ ഒരു സമരമായിരുന്നെന്നും പരിഗണിച്ചാൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകുമ്പോൾ സ്വീകരിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ഈ ശുപാർശകളിലുണ്ടെന്നു കാണാം. ഒരു പ്രൊജക്ടിനെ സംബന്ധിച്ച് ഇത്രമാത്രം ജനകീയ പരിശോധനകൾ നടത്താനാവും വിധം കേരളത്തിൻ്റെ പരിസ്ഥിതിബോധം വികസിച്ചിരിക്കുന്നുവെന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ റിപ്പോർട്ട് എന്നത് തീർത്തുപറയാം.

Comments