ശ്രീകണ്ഠന്റെ പാലക്കാട്

വിഭാഗീയതയടക്കം പരിഹരിക്കപ്പെടുകയും ഒരുതരത്തിലുള്ള തരംഗങ്ങളും ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് അതിന്റെ ഇടതുപാരമ്പര്യം കാക്കുമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസമാണ് തകർന്നുപോയത്.

Election Desk

ടതുകോട്ടയായ പാലക്കാട്ട് എ. വിജയരാഘവനെ പിന്നിലാക്കി രണ്ടാമൂഴത്തിലും വിജയം ഉറപ്പിച്ച് സിറ്റിംഗ് എം.പി വി.കെ. ശ്രീകണ്ഠൻ. എൻ.ഡി.എയുടെ സി കൃഷ്ണകുമാറാണ് മൂന്നാം സ്ഥാനത്ത്. എഴുപത്തയ്യായിരത്തിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠൻ വിജയമുറപ്പിക്കുന്നത്.

പോളിംഗ് ശതമാനത്തിലെ കുറവ് പാലക്കാടും പ്രകടമായിരുന്നു. 2019- നെ അപേക്ഷിച്ച വോട്ട് ചെയ്തവരുടെ എണ്ണം കൂടുതലായിരുന്നെങ്കിലും ശതമാനടിസ്ഥാനത്തിൽ കുറഞ്ഞു. 73.57 ശതമാനമായിരുന്നു ഇത്തവണ, 2019- നെ അപേക്ഷിച്ച് 4.2 ശതമാനത്തിന്റെ കുറവ്. പോളിംഗ് ശതമാനം കുറഞ്ഞത് ഗുണമാകുമെന്നായിരുന്നു ഇടതു ക്യാമ്പിലെ പ്രതീക്ഷ.

വി.കെ. ശ്രീകണ്ഠൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍
വി.കെ. ശ്രീകണ്ഠൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍

2019-ലെ പരാജയം രാഹുൽ ഗാന്ധി ഫാക്ടർ മൂലം ആകസ്മികമായി സംഭവിച്ചതാണെന്ന വിലയിരുത്തലായിരുന്നു സി.പി.എമ്മിന്. മാത്രമല്ല, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്, മണ്ണാർക്കാട് ഒഴിച്ച്, മലമ്പുഴയിലും കോങ്ങാട്ടും ഒറ്റപ്പാലത്തും ഷൊർണൂരിലും പട്ടാമ്പിയിലും നേടിയ മുൻകൈ വിജയരാഘവനെ തുണയ്ക്കുമെന്നും ഇടതുപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല, കഴിഞ്ഞ തവണ 11,637 വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീകണ്ഠനുണ്ടായിരുന്നത്. വിഭാഗീയതയടക്കം പരിഹരിക്കപ്പെടുകയും ഒരുതരത്തിലുള്ള തരംഗങ്ങളും ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് അതിന്റെ ഇടതുപാരമ്പര്യം കാക്കുമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസമാണ് തകർന്നുപോയത്.

സി.പി.എം ശക്തികേന്ദ്രങ്ങളായ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മേഖലയിലെ പോളിംഗ് കണക്കുകളും പ്രതീക്ഷ നൽകിയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. കോൺഗ്രസിന് സ്വാധീനമുള്ള മണ്ണാർക്കാട്ടേയും പാലക്കാട്ടേയും ഉയർന്ന പോളിംഗ് യു.ഡി.എഫ് പ്രതീക്ഷകളെ ഇത്തവണയും കാത്തു. ഷൊർണൂരിൽപോളിംഗ് ഉയർന്നത്, മുൻപ് ഷൊർണൂർ നഗരസഭാ കൗൺസിലറായിരുന്ന വി.കെ ശ്രീകണ്ഠന്റെ വോട്ട് വർദ്ധിക്കാൻ കാരണമാകുമെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ തവണയും വി.കെ ശ്രീകണ്ഠന്റെ ഫലം തിരുമാനിക്കുന്നതിൽ മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ നേടിയ ലീഡായിരുന്നു കഴിഞ്ഞ തവണ നേടിയ നിർണായക വിജയത്തിന്റെ പ്രധാന കാരണം. പട്ടാമ്പി മണ്ഡലത്തിൽ മാത്രം 17,179 വോട്ടിന്റെയും മണ്ണാർക്കാട്ട് 29,695 വോട്ടിന്റെയും ഭൂരിപക്ഷം ശ്രീകണ്ഠന് നേടാൻ കഴിഞ്ഞിരുന്നു.

പൊള്ളുന്ന ചൂട് വകവെക്കാതെ നടന്ന പ്രചാരണവും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യവും യു.ഡി.എഫ് കാമ്പയിന് ആവേശമേകി. അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. ആലത്തൂരിലേത് പോലെ കർഷകരും കാർഷിക പ്രശ്‌നങ്ങളും വോട്ടാകുന്ന മണ്ഡലമാണ് പാലക്കാടും. കർഷകരുടെ ഉത്പപന്നങ്ങൾക്ക് നിയമപരമായി താങ്ങുവില ഉറപ്പാക്കുമെന്നും, തൊഴിലാളികൾക്ക് കുറഞ്ഞത് 400 രൂപയെങ്കിലും ദിവസക്കൂലി ഉറപ്പാക്കുന്ന സംവിധാനം നടപ്പാക്കുമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളും വോട്ടർമാരെ ആകർഷിച്ചിട്ടുണ്ട്.

വിഭാഗീയതയടക്കം പരിഹരിക്കപ്പെടുകയും ഒരുതരത്തിലുള്ള തരംഗങ്ങളും ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് അതിന്റെ ഇടതുപാരമ്പര്യം കാക്കുമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസമാണ് തകർന്നുപോയത്.
വിഭാഗീയതയടക്കം പരിഹരിക്കപ്പെടുകയും ഒരുതരത്തിലുള്ള തരംഗങ്ങളും ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് അതിന്റെ ഇടതുപാരമ്പര്യം കാക്കുമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസമാണ് തകർന്നുപോയത്.

നെൽകർഷകരുടെ കൂടി മണ്ഡലമാണ് പാലക്കാട്. സമയത്തിന് നെല്ലിന്റെ സംഭരണ വില കിട്ടാത്ത പ്രശ്‌നം കാമ്പയിനിൽ ഉയർന്നുവന്നിരുന്നു. കേന്ദ്രം കുടിശ്ശിക നൽകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന സി.പി.എം വാദങ്ങൾ പൊളിച്ച്, വിഷയത്തിലെ സംസ്ഥാന സർക്കാറിന്റെ പാളിച്ച യു.ഡി.എഫ് കൃത്യമായി തുറന്നുകാട്ടിയിരുന്നു.

അഞ്ചു വർഷം കൊണ്ട് ശ്രീകണ്ഠൻ നേടിയെടുത്ത ജനകീയത മുൻനിർത്തിയാണ് യു.ഡി.എഫ് വോട്ട് ചോദിച്ചത്. 2019-ലെ വിജയത്തിനുശേഷം വി.കെ. ശ്രീകണ്ഠന് മണ്ഡലത്തിലുള്ള സ്വാധീനവും വർദ്ധിച്ചിട്ടുണ്ട്. ഇതും കോൺഗ്രസ് പാളയത്തിലേക്ക് വോട്ട് എത്തിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സാധാരണക്കാർക്ക് പ്രാപ്യനായ ജനപ്രതിനിധിയെന്ന പേരു സമ്പാദിക്കാൻ അഞ്ചുവർഷം കൊണ്ട് ശ്രീകണ്ഠന് കഴിഞ്ഞു.

Comments