ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സീറ്റ് നേടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിനുപുറകേ, ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ മൂന്നു ശതമാനത്തിന്റെ വർധന.
ഇലക്ഷൻ കമീഷൻ ഡാറ്റ പ്രകാരം ബി.ജെ.പിയുടെ വോട്ടുവിഹിതം 16. 68%-മാണ്. 2019-ൽ 13 % ആയിരുന്നു. തൃശ്ശൂരിൽ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ്‌ഗോപി ജയിച്ചത്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയിലും ബി.ജെ.പി വോട്ടിൽ വർധനവുണ്ടായി.
കോൺഗ്രസിന് കഴിഞ്ഞ തവണയേക്കാൾ രണ്ട് ശതമാനം വോട്ട് കുറഞ്ഞു. 2019-ൽ കോൺഗ്രസിന് 37.46% വോട്ടായിരുന്നുവെങ്കിൽ ഇത്തവണ 35.05 ശതമാനമായി.
സി.പി.എമ്മിനും സി.പി.ഐക്കും വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ല. 2019-ൽ സിപി.ഐക്ക് 6.08%, സി.പി.എമ്മിന് 25.97% വീതം വോട്ട് വിഹിതമാണുണ്ടായിരുന്നത്. ഇത്തവണ സി.പി.എമ്മിന് 25.82%, സി.പി.ഐക്ക് 6.14% വീതം വോട്ടുവിഹിതമാണുള്ളത്.
എന്നാൽ, മുസ്‍ലിം ലീഗിന്റെ വോട്ട് വിഹിതത്തിൽ നേരിയ വർധനവുണ്ടായി. 2019- ൽ 5.48% വും 2024-ൽ 6.07% ശതമാനവുമാണ് വോട്ട് വിഹിതം.
തൃശൂരിൽ സുരേഷ് ഗോപിക്ക് 37.8 ശതമാനവും വി.എസ്. സുനിൽകുമാറിന് 30.95 ശതമാനവും വോട്ട് ലഭിച്ചു. കെ. മുരളീധരന് 30.08 ശതമാനം വോട്ടാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് ശശി തരൂരിന് 37.19 ശതമാനവും രാജീവ് ചന്ദ്രശേഖറിന് 35.52 ശതമാനവും പന്ന്യൻ രവീന്ദ്രന് 25.72 ശതമാനവും വോട്ടാണ് ലഭിച്ചത്.
ആറ്റിങ്ങലിൽ അടൂർ പ്രകാശിന് 33,29, വി. ജോയിക്ക് 33.22, വി. മുരളീധരന് 31.64 ശതമാനം വീതം വോട്ടുവിഹിതമാണുള്ളത്.