ലോകസഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവ്.
ഇലക്ഷൻ കമീഷന്റെ അവസാന കണക്ക് പുറത്ത് വരുമ്പോള്‍ 71.76 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിംഗ്. ഇ വി എം വോട്ടുകള്‍ എണ്ണിത്തീര്‍ക്കുമ്പോഴുള്ള കണക്കാണിത്. പോസ്റ്റല്‍ വോട്ടുകളുടെയും വീട്ടിൽവച്ച് ചെയ്ത വോട്ടുകളുടെയും കണക്കു കൂടി ചേര്‍ത്താലും 77.84 എന്ന കഴിഞ്ഞ തവണത്തെ ശതമാനത്തിലേക്ക് ഉയരാനിടയില്ല.
കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധനവുണ്ടാകുമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളില്‍ പോലും ഇത്തവണ പോളിംഗ് കുറഞ്ഞു. പലയിടത്തും രാത്രി വൈകിയും പോളിംഗ് നടന്നെങ്കിലും ശതമാനത്തിലെ ഇടിവ് മുന്നണികളെ കുഴക്കിയിട്ടുമുണ്ട്. വാഗ്ദാനങ്ങളോ വാശിയേറിയ പ്രചാരണമോ അത്രയും ആവേശത്തിൽ വോട്ടായില്ലെന്നാണ് വിലയിരുത്തലുകള്‍. പോളിങ് ശതമാനത്തിലെ കുറവ് റിസള്‍ട്ടിനെ എങ്ങനെ ബാധിക്കും എന്നു പരിശോധിക്കുകയാണ് മുന്നണികള്‍.
പോളിംഗ് ശതമാനം കുറഞ്ഞത് റിസള്‍ട്ടിനെ ബാധിക്കില്ലെന്നാണ് ആലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്‍ പറഞ്ഞത്: ‘‘പോളിംഗ് ശതമാനം കുറഞ്ഞത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന് വി.വി പാറ്റ് സംവിധാനം കുറച്ചധികം സമയമെടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ വോട്ട് ചെയ്ത് പുറത്തിറങ്ങാന്‍ ഏഴ് സെക്കന്റോളും അധികം എടുത്തു. ചിലയിടങ്ങളില്‍ പോളിംഗ് വേഗത്തിലാക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ട്. ചൂട് കാരണം പലരു വോട്ട് ചെയ്യാതെ തിരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ട് ഇടതുപക്ഷത്തിന് തന്നെ കിട്ടും. അതുകൊണ്ട് പോളിംഗ് ശതമാനം കുറഞ്ഞത് റിസള്‍ട്ടിനെ ബാധിക്കില്ല’’.
40 ദിവസം നീണ്ട പ്രചാരണത്തിനൊടുവിലായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, വടകര തുടങ്ങി ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും കഴിഞ്ഞ തവണത്തെക്കാള്‍കുറവാണ് പോളിംഗ്. 73 ശതമാനമായിരുന്നു 2019-ല്‍ തിരുവനന്തപുരത്തെ പോളിംഗ് എങ്കില്‍ 66.43 ശതമാനമാണ് ഇത്തവണ, ഏഴ് ശതമാനത്തോളം കുറവ്. ആറ്റിങ്ങലില്‍ 2019-ലെ 74 ശതമാനം ഇത്തവണ 69.40 ആയി കുറഞ്ഞു. പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തെ 74 ശതമാനം ഇത്തവണ 63.35 ആയി.
മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം (ബ്രാക്കറ്റിൽ 2019-ലേത്):
കൊല്ലം- 67.92 (74.66), മാവേലിക്കര- 65.88 (74.23), ആലപ്പുഴ- 74.37 (80.25), കോട്ടയം- 65.59 (75.44), ഇടുക്കി- 66.39 (76.34), എറണാകുളം- 68.10 (77.63), ചാലക്കുടി- 71.68(80.49), തൃശ്ശൂര്‍- 72.11 (77.92), പാലക്കാട്- 72.68 (77.72), ആലത്തൂര്‍- 72.66 (80.42), പൊന്നാനി- 67.93 (74.98), മലപ്പുറം- 71.68 (75.49), കോഴിക്കോട്- 73.34 (81.65), വയനാട്- 72.85 (80.33), വടകര- 73.36 (82.67), കണ്ണൂര്‍- 75.74 (83.21), കാസര്‍കോട്- 74.28 (80.65) എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
തിരുവനന്തപുരത്ത് മികച്ച മാര്‍ജിനില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പോളിംഗ് ശതമാനത്തിലെ കുറവ് യു.ഡി.എഫിനെയായിരിക്കും ബാധിക്കുക എന്നും കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശവോട്ടുകളില്‍ ഇത്തവണ വിള്ളല്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പോളിംഗ് ശതമാനം കുറഞ്ഞതില്‍ ഒന്നാപ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനാണെന്നാണ് തൃശൂരിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പ്രതികരിച്ചത്: ‘‘പലയിടങ്ങളിലും വോട്ടിംഗ് വളരെയധികം നീണ്ടുപോയി, ഇതില്‍ ഒന്നാംപ്രതി കേന്ദ്ര ഇലക്ഷന്‍ കമീഷനാണ്. ബാലറ്റില്‍ വോട്ട് ചെയ്യുന്ന അത്രതന്നെ സമയം ഇവിഎമ്മില്‍ വോട്ട് ചെയ്യാനും എടുത്തു. മാത്രമല്ല, പലയിടത്തെയും ഉയര്‍ന്ന താപനിലയും വോട്ടിംഗ് ശതമാനം കുറയാന്‍ കാരണമാണ്. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒന്നും ഏര്‍പ്പാട് ചെയ്തിരുന്നതുമില്ല. ചിലയിടങ്ങളില്‍പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരോട് മോശമായി പെരുമാറുകയും ചെയ്തു. ചില ബൂത്തുകളില്‍ ഇ വി എമ്മില്‍ താമസം വരുമ്പോള്‍ തന്നെ മറ്റുചില ബൂത്തുകളില്‍ അങ്ങനെ സംഭവിക്കുന്നുമില്ല’’.
ഇത്തവണയും തെക്കന്‍ ജില്ലകളെക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മലബാര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ കണ്ണൂര്‍ മണ്ഡലത്തിലാണ് ഇത്തവണയും പോളിംഗ് ശതമാനം കൂടുതല്‍. എങ്കിലും വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം 2019-നെ അപേക്ഷിച്ച് കണ്ണൂരിലും കുറവാണ്. 2019-ല്‍ 83.21 എന്ന റെക്കോര്‍ഡ് പോളിംഗ് ആണ് കണ്ണൂരിലുണ്ടായിരുന്നത്. ഇത്തവണ 76.89 ആയി കുറഞ്ഞു.
കുറഞ്ഞത് കോണ്‍ഗ്രസ് വോട്ടുകളാണെന്ന് ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജും പറയുന്നു: ‘‘എല്‍.ഡി.എഫിന് ലഭിക്കേണ്ട എല്ലാ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വിജയം ഉറപ്പാണ്’’.
കോട്ടയത്ത് ജയം ഉറപ്പെന്ന് കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനും പറുന്നു.
പോളിംഗ് ശതമാനം കുറയുന്നതിന് പലകാരണങ്ങള്‍സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ടെങ്കിലും യുവാക്കള്‍ ഉള്‍പ്പടെ വലിയൊരു കൂട്ടം ആളുകള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് പോളിംഗ് കുറയാന്‍ കാരണമെന്നും, വോട്ടേഴ്‌സ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ പലര്‍ക്കും വോട്ട് നഷ്ടമായെന്നും വിലയിരുത്തലുകളുണ്ട്.