വി.പി. സാനു

‘എസ്.എഫ്.ഐ പ്രവർത്തകർ ഒരു അക്രമത്തിന്റേയും
ഭാഗമാവില്ലെന്ന് ഉറപ്പുവരുത്തും’

പൂക്കോട് വിഷയത്തിൽ സംഭവിച്ചത് ഒരു കാമ്പസിലും സംഭവിക്കാൻ പാടില്ലാത്തതാണ്. അടിക്കുന്ന ആളുകളോട് അത് ചെയ്യരുത് എന്ന് പറഞ്ഞ് മാറ്റിനിർത്തുക എന്നതാണ് അവിടത്തെ എസ്.എഫ്.ഐ ലീഡർഷിപ്പിന്റെ ഉത്തരവാദിത്വം. അതിനുപകരം ഇവരും അതിൻ്റെ ഭാഗമായി എന്നത് ഗുരുതര തെറ്റ് തന്നെയാണ്. മറ്റു സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന വിമർശനത്തെ പൂർണമായും ഞാൻ നിഷേധിക്കുന്നില്ല. യു ഡി എഫ് ഭരിക്കുന്ന കാലത്തുപോലും ഒരു വർഷത്തിനിടയിൽ ഇത്രയധികം എസ്.എഫ്.ഐ പ്രവർത്തകർ ജയിലിൽ പോകുന്ന സ്ഥിതിയുണ്ടായിട്ടില്ല. ഇടതുപക്ഷം ഭരിച്ചാലും ആരു ഭരിച്ചാലും ശരി, വിദേശ സർവകലാശാല വരാൻ എസ്.എഫ്.ഐ അനുവദിക്കില്ല- എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു സംസാരിക്കുന്നു.

മനില സി. മോഹൻ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ വിദ്യാർത്ഥികൾ, അവർ എസ്എഫ്ഐയുടെ യൂണിറ്റിന്റെയും യൂണിയന്റെയും ഭാരവാഹികൾ കൂടിയാണ്, പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. അവർ അറസ്റ്റിലാണ്. ഈ വിഷയത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്, പ്രതിപട്ടികയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉണ്ട് എന്നു പറഞ്ഞുകൊണ്ടാണ്. ഇതാണ് എസ്.എഫ്.ഐ യെ പ്രതിരോധിക്കുന്നവരുടെ വാദം. അത്തരത്തിലുള്ള വാദം ഉന്നയിച്ച് പ്രതിരോധിക്കാവുന്ന ഒന്നല്ല എസ്.എഫ്.ഐ ഉൾപ്പെട്ട ഈ പ്രശ്നം. മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ അക്രമ സംഭവങ്ങൾ ഉണ്ടായപ്പോൾ, ഒരാൾ മറ്റൊരാളെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ അതിനോട് പക്വതയോടെ പ്രതികരിച്ച ഒരാൾ താങ്കളാണ്. പിന്നീട് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ്.എഫ്.ഐക്കാർ നടത്തിയ ആക്രമണത്തെയും താങ്കൾ ന്യായീകരിച്ചില്ല. മറിച്ച് അത് ശരിയല്ല എന്ന രീതിയിലാണ് പ്രതികരിച്ചിരുന്നത്. പൂക്കോട് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ നമ്മൾ ഈ വിഷയത്തെ കാണുമ്പോൾ എന്താണ് എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അതിനെ പ്രത്യയശാസ്ത്രപരമായ പ്രശ്നമായി തന്നെ കാണേണ്ടതില്ലേ? അതിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

വി.പി. സാനു: പൂക്കോട് വിഷയത്തിൽ സംഭവിച്ചത് കേരളത്തിലെ ഒരു കാമ്പസിലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒരു കുട്ടിയെ എന്തിൻ്റെ പേരിലാണെങ്കിലും ഇത്രയും ആളുകൾ ചേർന്ന് മർദ്ദിച്ചു എന്നത് തന്നെ മനുഷ്യത്വപരമായി അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഇത്രയധികം ആളുകൾ ചേർന്ന് മർദ്ദിക്കുന്നത്, എന്തിൻ്റെ പേരിലാണെങ്കിലും, ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ പിടിക്കപ്പെട്ട അവസ്ഥയിലാണെങ്കിൽ പോലും മർദ്ദിക്കുക എന്നത് ശരിയായ സമീപനം അല്ല. അത് ആൾക്കൂട്ട മർദ്ദനമായി മാറാൻ പാടില്ല. രണ്ടാമത്, എസ്.എഫ്.ഐയുടെ സഖാക്കൾ നാലുപേർ അതിൻ്റെ ഭാഗമായി എന്നത് ഗുരുതരമായ കാര്യമാണ്. അടിക്കുന്ന ആളുകളോട് അത് ചെയ്യരുത് എന്ന് പറഞ്ഞ് മാറ്റിനിർത്തുക എന്നതാണ് അവിടത്തെ എസ്.എഫ്.ഐ ലീഡർഷിപ്പിന്റെ ഉത്തരവാദിത്വം. അതിനുപകരം ഇവരും അതിൻ്റെ ഭാഗമായി എന്നുള്ളത് ഗുരുതരമായ തെറ്റ് തന്നെയാണ്. ആ സമയത്ത് തന്നെ അതിൽ ഉൾപ്പെട്ട ആളുകളെ തള്ളി പറയുകയും സംഘടനാപരമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായോ മറ്റുള്ള തരത്തിലോ ഉള്ള ഒരു പരിരക്ഷയും ഒരുക്കില്ല എന്നുമുള്ള കാര്യങ്ങൾ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്എഫ്‌ഐയുടെ സഖാക്കൾ നാലുപേർ അതിന്റെ ഭാഗമായി എന്നത് ഗുരുതരമായ കാര്യമാണ്. അടിക്കുന്ന ആളുകളോട് അത് ചെയ്യരുത് എന്ന് പറഞ്ഞ് മാറ്റി നിർത്തുക എന്നതാണ് എസ്എഫ്‌ഐ ലീഡർഷിപ്പിന്റെ ഉത്തരവാദിത്വം

അതിനുമപ്പുറത്തേക്ക് ഒരു കറക്റ്റീവ് മെഷർ ആയി, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഒരു വെളിച്ചം വീശാനായി ഈ സംഭവം കാരണമാവേണ്ടതുണ്ട്. കാരണം, സംഘടന എല്ലാ കാലത്തും റാഗിങ്ങിന് എതിരായ നിലപാട് എടുത്തിട്ടുണ്ട്. എല്ലാകാലത്തും ഇത്തരത്തിലുള്ള എല്ലാ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളിലും അതിനെതിരായ നിലപാട് സംഘടന എടുത്തിട്ടുണ്ട്. ഇപ്പോൾ കാമ്പസുകൾ പരീക്ഷയ്ക്കായും മറ്റും അടച്ചിരിക്കുകയാണ്. ശക്തമായ ആൻറി റാഗിംഗ് കാമ്പയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്ദേശിക്കുന്നത്. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന ഒരാളും ഇത്തരം ഒരു പ്രവർത്തനത്തിന്റെയും ഭാഗമാവില്ല എന്ന് ഉറപ്പുവരുത്തുന്ന നിലയ്ക്കുള്ള പ്രവർത്തനമാണ് ഇനിയുള്ള അധ്യയന വർഷം ഇതിൻ്റെ വെളിച്ചത്തിൽ ഏറ്റെടുത്തുചെയ്യാൻ ഉദ്ദേശിക്കുന്നത്. ആ നിലക്കുമാത്രമേ ഇതിൽ ഒരു പരിഹാരം ചെയ്യാൻ പറ്റുകയുള്ളൂ. ആ നിലയ്ക്കാണ് ഈ വിഷയത്തെ കാണുന്നത്.

എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന ഒരാളും ഇത്തരം പ്രവർത്തനത്തിന്റെ ഭാഗമാവില്ല എന്നുറപ്പുവരുത്തുന്ന പ്രവർത്തനമാണ് ഇനിയുള്ള അധ്യയന വർഷം ഏറ്റെടുത്തു ചെയ്യാനുദ്ദേശിക്കുന്നത്.

2019-ൽ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ പ്രശ്നത്തിനുശേഷം ഇപ്പോൾ പൂക്കോട് യൂണിവേഴ്സിറ്റിയിൽ വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായിരിക്കുകയാണ്. അന്ന് തുടങ്ങിവച്ച ശ്രമങ്ങൾക്ക് ഒരു തുടർച്ചയുണ്ടായില്ല എന്നാണോ മനസ്സിലാക്കേണ്ടത്?

അക്രമങ്ങളും സംഘർഷങ്ങളും ഒക്കെ എല്ലാ കാലത്തും കാമ്പസുകളിലുണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനമുള്ള കാമ്പസുകളിലും രാഷ്ട്രീയമില്ലാത്ത കാമ്പസുകളിലും അതുണ്ടായിട്ടുണ്ട്. രാഷ്ട്രീയമുള്ള കാമ്പസുകളിൽ അത്തരം സംഘർഷങ്ങൾ ഉണ്ടാവാൻ പാടില്ല എന്നത് തന്നെയാണ് നമ്മുടെ നിലപാട്. യൂണിവേഴ്സിറ്റി കാമ്പസിൽ പ്രശ്നമുണ്ടായ സമയത്ത് കൃത്യമായ നടപടികളുമായി മുന്നോട്ടു പോയിട്ടുണ്ട്. അതിനുശേഷം കോവിഡ് ഉണ്ടാവുകയും കാമ്പസുകൾ അടഞ്ഞുകിടക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.

ഒരുഭാഗത്ത് എസ്.എഫ്.ഐ കൃത്യമായ സമീപനം എടുക്കുന്നുണ്ട്. നിങ്ങളുടെ ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ യൂത്ത് കോൺഗ്രസുകാർ അതിലുണ്ട് അല്ലെങ്കിൽ കേരള കോൺഗ്രസുകാരുടെ മക്കൾ അതിലുണ്ട് തുടങ്ങിയ കാര്യങ്ങൾ എസ്.എഫ്.ഐയുടെ നേതൃത്വം പറയാൻ ശ്രമിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയും മറ്റുമായിരിക്കാം അത്തരം വാദങ്ങൾ വന്നിട്ടുണ്ടാവുക. അതൊന്നും പറഞ്ഞുനിൽക്കാൻ കഴിയില്ല.

പക്ഷേ ധീരജ് രാജേന്ദ്രന്റെ കൊലപാതകം ഉണ്ടായപ്പോൾ കെ. സുധാകരൻ എടുത്ത ഒരു നിലപാടുണ്ട്. ‘എൻ്റെ കുട്ടികളെ രണ്ടും കൽപ്പിച്ചാണ് ഞാൻ കാമ്പസിലേക്ക് വിടുന്നത്, അത് ഇരന്നു വാങ്ങിയ മരണമാണ്’ എന്നൊക്കെ ഒരു ഭാഗത്ത് പറയുകയാണ്. ഒരിടത്ത് കോളേജ് യൂണിയൻ ഇലക്ഷന്റെ ഭാഗമായി മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ എസ്.എഫ്.ഐ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ധീരജ് രാജേന്ദ്രനെ കൊന്നതുമായി ബന്ധപ്പെട്ട് പറയുമ്പോൾ, അവിടെ നിന്ന് കെ എസ് യു സംഘം ആക്രോശിക്കുകയാണ്, ‘ഞങ്ങൾ ഇനിയും കൊല്ലും’ എന്ന്. അപ്പോൾ ഇത് ആര് നിർത്തണം?. ഞങ്ങളുടെ ഭാഗത്തുനിന്ന് നിർത്തിയാൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടാവും എന്നതാണ്.

പൂക്കോട് യൂണിവേഴ്സിറ്റിയിലെ വിഷയം വച്ചല്ല ഈ പറയുന്നത്. പൊതുവിൽ കാമ്പസുകളെ അക്രമത്തിലേക്ക് നയിക്കുന്നതിൽ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഈ ജാഗ്രത വളരെ ശക്തമായി ഉണ്ടാവുന്നുണ്ട്. അത്തരം വിഷയങ്ങൾ വരുന്ന സമയത്ത് ശക്തമായ നടപടി എടുക്കുന്നുണ്ട്. അത്തരം ആളുകളെ ഇതിൽ നിന്ന് മാറ്റിനിർത്താൻ വേണ്ട ഇടപെടലുകളുണ്ട്. നേരെമറിച്ച്, വലതുപക്ഷ രാഷ്ട്രീയം ഇവിടെ എന്താണ് ചെയ്യുന്നത്? കേസിൽ പ്രതിയായ ആളുകൾ മുഴുവൻ പിന്നീട് നേതാക്കന്മാരായി വരികയാണ് എന്നതുകൂടി ചേർത്ത് പരിശോധിക്കേണ്ടതാണ് എന്നാണ് കാമ്പസ് അക്രമവുമായി ബന്ധപ്പെട്ട് പറയാനുള്ളത്.

ധീരജ് രാജേന്ദ്രന്റെ കൊലപാതകമുണ്ടായപ്പോൾ കെ. സുധാകരൻ എടുത്ത നിലപാട്, ‘എന്റെ കുട്ടികളെ രണ്ടും കൽപ്പിച്ചാണ് ഞാൻ കാമ്പസിലേക്ക് വിടുന്നത്, അത് ഇരന്നു വാങ്ങിയ മരണമാണ്’ എന്നാണ്.

കാമ്പസുകളെ പൊതുവായി എടുത്താൽ, പ്രത്യേകിച്ച് സർക്കാർ കോളേജുകളിൽ ഒറ്റ സംഘടന മാത്രം പ്രവർത്തിക്കുന്ന ഒരു രീതി നിലനിൽക്കുന്നുണ്ട്. പൂക്കോട് കാമ്പസിലും ഇത് സംഭവിച്ചിട്ടുണ്ട് എ ഐ എസ് എഫിലെ വിദ്യാർത്ഥികൾ പോലും പറയുന്നുണ്ട്, എസ്.എഫ്.ഐ പ്രവർത്തിക്കാൻ സമ്മതിക്കുന്നില്ല എന്ന്. അതൊരു വലിയ അളവോളം വാസ്തവവും ആണ്. ഒരുപാട് കോളേജുകളിൽ ഒറ്റ സംഘടന മാത്രം പ്രവർത്തിക്കുന്ന അവസ്ഥയുണ്ട്. എസ്.എഫ്.ഐ ആണ് കൂടുതൽ കാമ്പസുകളിലുള്ളത് എന്നതുകൊണ്ട് അതിൻ്റെ എണ്ണം കൂടുതലാണ്. എസ്.എഫ്.ഐ ഇല്ലാത്ത കാമ്പസുകളിലും ഈ ഒറ്റ സംഘടനാ പ്രവർത്തന രീതി നിലനിൽക്കുന്നുണ്ട്. നമ്മൾ വിശാലമായ ജനാധിപത്യത്തെ കുറിച്ച് ഒരു വശത്തു പറയുകയും ഒരു കോളേജ് കാമ്പസിനകത്ത് രണ്ടോ മൂന്നോ സംഘടനകൾക്ക് പോലും പ്രവർത്തിക്കാനുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുക എന്നത് ശരിയായ കാര്യമല്ലല്ലോ. പലതരം സംഘടനകൾ ഈ ഏകാധിപത്യ പ്രവണത കാണിക്കുന്നുണ്ട്. കൂടുതൽ കോളേജുകളിൽ എസ്.എഫ്.ഐ ആയതുകൊണ്ടുതന്നെ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങൾ ആ രീതിയിൽ വിമർശിക്കപ്പെടുന്നുമുണ്ട്. അത് ഒരു ഒരിക്കലും ജനാധിപത്യത്തിന് ഗുണകരമാകുന്ന സംഗതിയല്ല. കൂടുതൽ കുട്ടികൾ എസ്.എഫ്.ഐയിലേക്ക് വരുന്നു എന്ന് പറഞ്ഞതുകൊണ്ടുമാത്രം ന്യായീകരിക്കാവുന്ന വിഷയമല്ല അത്. ഇതിനെ എങ്ങനെ പരിഹരിക്കാനാവും? മറ്റു സംഘടനകൾക്ക് എസ്.എഫ്.ഐ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ല എന്നത് ഒരു വാസ്തവം അല്ലേ?

പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന വിമർശനത്തെ പൂർണമായും ഞാൻ നിഷേധിക്കുന്നില്ല. ചില കാമ്പസുകളിൽ അത്തരം ചില പ്രവണതകളുണ്ട് എന്നത് യാഥാർത്ഥ്യമാണ്. നമ്മൾ അത് തിരുത്താൻ ശ്രമിക്കുന്നതും ആണ്. പലയിടങ്ങളിലും തിരഞ്ഞെടുപ്പ് വരുമ്പോൾ നമ്മൾ നിർദ്ദേശം കൊടുത്തിട്ടുള്ളതാണ്, എതിരില്ലാതെ ജയിക്കുക അല്ലെങ്കിൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതെ ജയിക്കുക എന്നത് വലിയ നേട്ടമായി കാണേണ്ടതില്ല എന്ന്.

വളരെ കൃത്യമായി തിരഞ്ഞെടുപ്പ് തന്നെ നടക്കണം എന്ന നിർദ്ദേശം മേൽ കമ്മിറ്റികൾ കൊടുത്തിട്ടുള്ളതാണ്. കാരണം, ഇലക്ഷൻ നടക്കുക എന്നുള്ളതാണ് സംഘടനയെ സംബന്ധിച്ച് ആവശ്യം. ഇലക്ഷൻ വരികയും എതിരാളികൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഇപ്പുറത്ത് നേതാക്കളുണ്ടാവുന്നത്. അപ്പോഴേ ഇവിടെ രാഷ്ട്രീയം ചർച്ച ചെയ്യൂ, അപ്പോഴേ സംഘടന ഉണ്ടാവൂ. അല്ലാത്തപ്പോൾ അത് ആൾക്കൂട്ടമായി മാറും. അതുകൊണ്ട് എവിടെയായാലും എതിർ ശബ്ദങ്ങൾ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ആ നിലക്ക് തന്നെയാണ് നമ്മൾ അത്തരം നിർദ്ദേശങ്ങൾ കൊടുക്കുന്നതും കൈകാര്യം ചെയ്യുന്നതും. പക്ഷേ പലപ്പോഴും ആ നിലയിലേക്ക് എത്തുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കുറെ നാളുകളായി ശീലിച്ചു വന്നതിൻ്റെ പ്രശ്നങ്ങളുണ്ടാവും. നിരന്തര ഇടപെടലിലൂടെ മാറ്റിയെടുക്കുക എന്നത് മാത്രമാണ് അതിനുള്ള മാർഗ്ഗം. മറ്റു സംഘടനകൾ മാത്രമുള്ള സ്ഥലത്താണെങ്കിലും അത് അങ്ങനെ തന്നെയാണ് വേണ്ടത്.

ഒരാൾക്കുപോലും കയറാൻ പറ്റാത്ത കോട്ടകളാക്കിയിട്ടുള്ള കോളേജുകളുണ്ട്. അതിനെതിരെ സമരം ചെയ്തിട്ടാണ് മലപ്പുറം ജില്ലയിലെ സംഘടന നിൽക്കുന്നത്.

ഞാൻ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ സംഘടനാ പ്രവർത്തനം നടത്തിയ ആളാണ്. ഞങ്ങൾ നേരിട്ടത് എസ്.എഫ്.ഐയുടെ ഈ പറയുന്ന ഉരുക്കു കോട്ടകളായിട്ടല്ല. എതിരാളികളുടെ ഉരുക്കു കോട്ടകളിലാണ് ഞങ്ങൾ സംഘടനാ പ്രവർത്തനം നടത്തിയിട്ടുള്ളത്. ഓരോ കാമ്പസുകളുടെയും പേര് എടുത്തു പറയുന്നില്ല. ഒരാൾക്കുപോലും കയറാൻ പറ്റാത്ത കോട്ടകളാക്കിയിട്ടുള്ള കോളേജുകളുണ്ട്. അതിനെതിരെ സമരം ചെയ്തിട്ടാണ് മലപ്പുറം ജില്ലയിലെ സംഘടന നിൽക്കുന്നത്.

സെൽഫ് ഫിനാൻസ് മേഖലയിലേക്ക് പോയി കഴിഞ്ഞാൽ അതിഭീകരമാണ് അവസ്ഥ. എല്ലായിടത്തും എതിർ ശബ്ദങ്ങളുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തെരഞ്ഞെടുപ്പായാലും ഏതു പ്രവർത്തനമായാലും ഇത്തരം ആരോഗ്യകരമായ സംവാദങ്ങളും മറ്റും നടക്കണമെങ്കിൽ എതിർ ശബ്ദങ്ങൾ തീർച്ചയായും ഉണ്ടാവണം. അത് ഇല്ലാതാക്കുക അല്ലെങ്കിൽ അതിനെ അനുവദിക്കാതിരിക്കുക എന്നു പറഞ്ഞാൽ തീർച്ചയായും ആ സംഘടന പുറകോട്ട് പോവുകയേയുള്ളൂ എന്നുള്ള തിരിച്ചറിവ് തീർച്ചയായും ഞങ്ങൾക്കുണ്ട്.

എതിരില്ലാതെ ജയിക്കുക അല്ലെങ്കിൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതെ ജയിക്കുക എന്നത് വലിയ നേട്ടമായി കാണേണ്ടതില്ല. എവിടെയായാലും എതിർ ശബ്ദങ്ങൾ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

കാമ്പസുകളിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള സമരങ്ങളെക്കുറിച്ച് നമ്മൾ എപ്പോഴും സംസാരിക്കാറുണ്ട്. ഇന്ത്യയിലെ കാമ്പസുകളെ നോക്കിയാലും കേരളത്തിലെ കാമ്പസുകളെ നോക്കിയാലും വലിയ സമരചരിത്രങ്ങൾ ഉള്ളവയാണ് ഇവയൊക്കെ. കേരളത്തിൻ്റെ സാഹചര്യത്തിൽ വിദ്യാർത്ഥി സമരങ്ങളുടെ ചരിത്രത്തിൽ എസ്.എഫ്.ഐയുടെ അല്ലെങ്കിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പങ്ക് വളരെ വലുതാണ്. എത്രയോ സമരങ്ങൾ നമുക്ക് എടുത്തു കാണിക്കാനുണ്ട്. എന്നാൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം, എസ്.എഫ്.ഐ പോലുള്ള സംഘടനകളുടെ സമരങ്ങൾ കാണാറേയില്ല. വിദ്യാർത്ഥി പ്രശ്നങ്ങൾ സംഘടന ഏറ്റെടുത്ത് വിജയിപ്പിക്കുന്നില്ല. വിദ്യാഭ്യാസ പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നത്. ഉദാഹരണത്തിന് ഇ ഗ്രാൻഡ്സ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആ വിദ്യാർത്ഥികൾ സമരം ചെയ്യുന്നുണ്ട്. കാമ്പസുകൾക്കകത്ത് ചെറിയ ഐക്യദാർഢ്യങ്ങൾ നടക്കുന്നുണ്ട് എന്നല്ലാതെ ഇത്തരം വിഷയങ്ങളെ വലിയ രീതിയിൽ ഇടതുപക്ഷ സംഘടനകൾ ഏറ്റെടുക്കുന്നില്ല. ഒരു പ്രത്യക്ഷ സമരത്തിലേക്ക് അത് പുരോഗമിക്കുന്നില്ല. വിദേശ സർവകലാശാലാ വിഷയം വന്നപ്പോൾ എസ്.എഫ്ഐ അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ശക്തമായ എതിർപ്പ് പറയുകയോ സമരത്തിലേക്ക് വരികയോ ചെയ്തില്ല. അടുത്ത കാലത്തെ ചില ഉദാഹരണങ്ങൾ പറ‍ഞ്ഞുവെന്നു മാത്രം. ക്രിയാത്മകമായി വിദ്യാർത്ഥിപക്ഷത്ത് നിന്നിരുന്ന ഒരു ഇടതുപക്ഷ സംഘടനയ്ക്ക് എങ്ങനെയാണ് ഇത്രയും നിശ്ശബ്ദമായിരിക്കാൻ സാധിക്കുന്നത്?

ദിവാസി - ദലിത് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി നൽകേണ്ട ഗ്രാൻ്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയതിനെതുടർന്ന് രണ്ടു വർഷത്തിനുള്ളിൽ നൂറിലേറെ യു.ജി./പി.ജി. വിദ്യാർത്ഥികൾ വിവിധ കലാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി.

കാമ്പസുകൾ എന്നത് ഒറ്റപ്പെട്ട തുരുത്തല്ല. വിദ്യാർത്ഥി സമരങ്ങൾ എന്ന് ഞാൻ കേരളത്തിന്റെ കോണ്ടക്സ്റ്റിലല്ല പറയുന്നത്. നമ്മുടെ രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്നു. ഈ നിലയ്ക്ക് ബഹുമുഖമായി എല്ലാ മേഖലകളെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. എല്ലാ മേഖലയിലും ഉള്ളവർക്ക് സംഘടിക്കാനും സമരം ചെയ്യാനും ഒക്കെയുള്ള ശേഷി ആ നിലയ്ക്ക് കുറഞ്ഞിട്ടുണ്ട്.

ഒരു വിലപേശൽശക്തി എന്ന നിലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് എത്രമാത്രം പറ്റുന്നുണ്ട് എന്നത് വളരെ കൃത്യമായി നമ്മൾ ചർച്ച ചെയ്യേണ്ട വിഷയമാണ്. ആ നിലയ്ക്ക് ചേർത്ത് നിർത്തിയിട്ടേ വിദ്യാർത്ഥികളിൽ വന്നിട്ടുള്ള ഈ പറയുന്ന സമരശേഷിയുടെ കുറവ് അല്ലെങ്കിൽ അപചയം എന്നിവയെയൊക്കെ കാണാൻ പറ്റൂ. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി സമരം നടക്കുന്നില്ല എന്നാണ് നിങ്ങൾ പറയുന്നത്. അത് യോജിക്കാൻ കഴിയുന്ന ഒരു വാദമല്ല. ഗവർണറുടെ വിഷയവുമായി ബന്ധപ്പെട്ട് വലിയ സമരമാണ് കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ എസ്.എഫ്.ഐ നടത്തിയത്.

വിദ്യാഭ്യാസ മേഖലയുമായി നേരിട്ടും എന്നാൽ നമ്മുടെ ഫെഡറൽ സംവിധാനവുമായും ബന്ധപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഉയർത്തിയാണ് എസ്.എഫ്.ഐ സമരം ചെയ്തത്. അതിനുമുൻപ് രാജ്ഭവനിലേക്ക് വലിയ മാർച്ച് നടത്തിയിരുന്നു. അതിനും മുൻപ് പരിശോധിച്ചാൽ, കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അനിശ്ചിതകാല സമരം പന്തലിൽ കെട്ടി എസ്.എഫ്.ഐ നടത്തിയിട്ടുണ്ട്. ഇടതുപക്ഷ ഗവൺമെൻറ് ഭരിക്കുമ്പോൾ തന്നെയാണ് ആ സമരം നടന്നിട്ടുള്ളത്. ഇടതുപക്ഷ ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഗവർണർ നിയോഗിച്ച, ഇപ്പോൾ ഗവർണർ പുറത്താക്കിയിട്ടുള്ള വ്യക്തി സർവകലാശാല വി.സി ആയിരിക്കുന്ന സമയത്താണ് കാലിക്കറ്റ് സർവകലാശാലക്കകത്ത് ആ സമരം നടന്നിട്ടുള്ളത്.

അത്തരം സമരങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലാ കേന്ദ്രങ്ങളിലും നടന്നിട്ടുണ്ട്. ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ടിട്ടുള്ള സമരം, അതിൻ്റെ യഥാർത്ഥ വിഷയം ഉയർത്തിപ്പിടിച്ച് കേരളത്തിലെ സ്കൂളുകൾക്കുമുന്നിൽ കഞ്ഞി വെച്ച് നടത്തിയിട്ടുണ്ട്. അത്തരത്തിൽ വിവിധ സമരങ്ങൾ നടത്തിയിട്ടുണ്ട്. പലപ്പോഴും പൊലീസുമായിട്ടുള്ള കോൺഫ്രണ്ടേഷനിലേക്ക് പോയിട്ടില്ല, അത് യാഥാർത്ഥ്യമാണ്. ഗവർണറുടെ വിഷയവുമായി ബന്ധപ്പെട്ട് മാത്രമാണ് അത്തരം കോൺഫ്രണ്ടേഷനിലേക്ക് പോയിട്ടുള്ളത്.

സാധാരണഗതിയിൽ ഭരണത്തിൻ്റെ ആനുകൂല്യങ്ങൾ പറ്റി ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ നിൽക്കുകയായിരുന്നു എങ്കിൽ ഇത്രയധികം എസ്.എഫ്.ഐക്കാർ ജയിലിൽ പോകുന്ന സ്ഥിതിയുണ്ടാവില്ലല്ലോ.

ഇനി ഒരു കാര്യം കൂടി പരിശോധിക്കുക, കഴിഞ്ഞ കുറേ നാളുകൾ എടുത്താൽ എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റവും കൂടുതൽ ജയിലിൽ പോയ കാലമാണിത്. കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കേസെടുക്കുകയും ജയിലിലാവുകയും ചെയ്തു. കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവർത്തകർ ജയിലിലായി, വയനാട്ടിലും പാലക്കാടും ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ ജയിലിലാവുന്ന സ്ഥിതിയുണ്ടായി. എറണാകുളത്ത് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ ജയിലിലായി. തിരുവനന്തപുരത്തുമതെ. അങ്ങനെ കേരളത്തിലെ എട്ട് ജില്ലകളിൽ എസ്.എഫ്.ഐ പ്രവർത്തകർ, വനിതാ പ്രവർത്തകർ ഉൾപ്പെടെ ജയിൽവാസം അനുഭവിക്കുന്ന സ്ഥിതിയുണ്ടായി. തൃശ്ശൂരിലെ സഖാക്കൾ ജയിലിൽ കിടന്നത് അവിടുത്തെ ഐ ടി ഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടൽ കാരണവുമാണ്. അപ്പോൾ സമരങ്ങൾ ഇല്ലെങ്കിൽ, നിശ്ശബ്ദമായി തിരിക്കുകയായിരുന്നു എങ്കിൽ, ഇതൊന്നും സംഭവിക്കില്ലല്ലോ. ഗവർണറുടെ വിഷയത്തിലല്ല ഈ പറഞ്ഞ എട്ടോ ഒൻപതോ ജില്ലയിലെ സഖാക്കൾ ജയിലിൽ പോയിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളിലാണ്.

സാധാരണഗതിയിൽ ഭരണത്തിൻ്റെ ആനുകൂല്യങ്ങൾ പറ്റി ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ നിൽക്കുകയായിരുന്നു എങ്കിൽ ഇത്രയധികം എസ്.എഫ്.ഐക്കാർ ജയിലിൽ പോകുന്ന സ്ഥിതിയുണ്ടാവില്ലല്ലോ. യു ഡി എഫ് ഭരിക്കുന്ന കാലത്തുപോലും ഒരു വർഷത്തിനിടയിൽ ഇത്രയധികം ആളുകൾ ജയിലിൽ പോകുന്ന സ്ഥിതി കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ട് സമരങ്ങൾ ഇല്ല എന്നു പറയുന്നത് ശരിയായ കാര്യമല്ല. എല്ലാവരും ഉദ്ദേശിക്കുന്ന അർത്ഥത്തിൽ ചിലപ്പോൾ സമരം വന്നിട്ടുണ്ടാവില്ല. പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് പലപ്പോഴും പോയിട്ടുണ്ടാവില്ല. അതാണ് സമരത്തിന്റെ മാനദണ്ഡം എന്ന് കരുതുന്നുണ്ടെങ്കിൽ ആ നിലയ്ക്ക് സമരം കുറഞ്ഞു എന്നു പറയാം. പക്ഷേ, ഒരർത്ഥത്തിലും സമരത്തിൽ കുറവ് വന്നിട്ടില്ല. അങ്ങനെ പറയുന്നത് ശരിയായ നിലപാടല്ല.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ ഉയർത്തിയ ബാനർ

വിദേശ സർവകലാശാലാ വിഷയത്തിൽ, അതിനോട് വിയോജിപ്പുണ്ട് എന്ന് പറഞ്ഞതല്ലാതെ എസ്.എഫ്.ഐ കൃത്യമായ നിലപാട് ശക്തമായി രേഖപ്പെടുത്തിയിട്ടില്ല. അതിൽ എന്തുകൊണ്ടാണ് ഒരു പ്രത്യക്ഷ സമരം ഉണ്ടാകാത്തത്? എസ്.എഫ്.ഐ അതിനോട് യോജിക്കുകയാണോ ചെയ്യുന്നത്?

ഒരു കാരണവശാലും വിദേശ സർവകലാശാല കേരളത്തിൽ വരാൻ പോകുന്നില്ല. അതുവരാൻ അനുവദിക്കുകയും ഇല്ല. അതിൽ ഒരു തർക്കവും എസ്.എഫ്.ഐക്കില്ല. ബജറ്റിന്റെ ഭാഗമായി മന്ത്രി ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ടാകാം. അതിനപ്പുറത്തേക്ക് അത് നടക്കാൻ പോകുന്നതല്ല, അത് നടക്കാൻ എസ്.എഫ്.ഐ അനുവദിക്കുകയും ഇല്ല. കേരളത്തിൽ ഇടതുപക്ഷം ഭരിച്ചാലും ആരു ഭരിച്ചാലും ശരി, വിദേശ സർവകലാശാല വരാൻ അനുവദിക്കില്ല. വിദേശ സർവകലാശാലകളുമായി കൊളാബറേഷനാകാം. ആ കൊളാബറേഷനിലും പക്ഷേ ഞങ്ങൾക്ക് ചില ആശങ്കകളുണ്ട്. കൊളാബറേഷൻ വരുന്ന സമയത്തും ഡാറ്റ കളക്റ്റ് ചെയ്യാൻ ഇന്ത്യൻ വിദ്യാർത്ഥിയും അത് അനലൈസ് ചെയ്യാനും ഇന്റർഫക്ട് ചെയ്യാനും വിദേശത്തുള്ള വിദ്യാർത്ഥിയാവുകയും ചെയ്യുന്നത് പല കൊളാബറേഷനിലും വരാറുണ്ട്.

അത്തരം രീതികൾ അംഗീകരിക്കാൻ പറ്റില്ല. കുസാറ്റിന് ജപ്പാൻ സർവകലാശാലയുമായി കോളാബറേഷനുണ്ട്. ലോകത്തിലെ പ്രമുഖ സർവകലാശാലകളുമായി കൊളാബറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. പ്രശ്നം; അവിടെ പോലും പഠിക്കാൻ ആളില്ലാത്ത, കാശു മാത്രം ലക്ഷ്യമിട്ട് വരുന്ന, ചില ടെക്നിക്കൽ കോഴ്സുകൾ മാത്രം കൊടുക്കുന്ന, നാലാംകിട സർവകലാശാലകൾ വരുന്നതാണ് പ്രശ്നം. ഇതാണ് നേരത്തെ വന്ന യു ജി സി നോട്ടിഫിക്കേഷൻ്റെ ഭാഗമായി നമുക്ക് മനസ്സിലാവുന്നത്. അല്ലാതെ ഹരിയാനയിലേക്ക് ഹാർവാർഡും ഒഡീഷയിലേക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വരുന്നതല്ലല്ലോ പ്രോജക്ട്. അത്തരം സർവ്വകലാശാലകൾ വരികയാണെങ്കിൽ സ്വാഗതം ചെയ്യണം. പക്ഷേ അത്തരം സർവകലാശാലകളൊന്നും അവരുടെ സെൻ്ററിൻ്റെ അപ്പുറത്തേക്ക് ഒരു ഓഫ് സെൻറർ പോലും തുടങ്ങാത്തവയാണ്.

മൂന്നാംകിട, നാലാംകിട സർവകലാശാലകൾ എന്നു വിളിക്കാൻ പറ്റുന്ന സർവകലാശാലകളാണ് ഇവിടെ വരുന്നത്. അത് ഒരു കാരണവശാലും അനുവദിക്കില്ല. കൊളാബറേഷനാണെങ്കിൽ ഞങ്ങൾക്ക് വിരോധമില്ല. പക്ഷേ അതിലും വിദ്യാർത്ഥികളെയും അക്കാദമിക് രംഗത്തുള്ളവരെയും കേട്ടുകൊണ്ടു മാത്രമേ എന്തെങ്കിലും ചെയ്യാൻ പാടുള്ളൂ.

ഒരു കാരണവശാലും വിദേശ സർവകലാശാല കേരളത്തിൽ വരാൻ പോകുന്നില്ല. അതുവരാൻ അനുവദിക്കുകയും ഇല്ല.

പക്ഷേ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറയുന്നത് വിദ്യാർത്ഥികൾ പഠനത്തിനായി വിദേശങ്ങളിലേക്ക് ധാരാളമായി പോകുന്നുണ്ട്, അത് കഴിഞ്ഞ വർഷങ്ങളിൽ കൂടിയിട്ടുമുണ്ട് എന്നാണ്. അത് ശരിയുമാണ്. അതിന് തടയിടുകയാണ് വിദേശ സർവ്വകലാശാലകൾ ഇവിടെ കൊണ്ടുവരുന്നതിൻ്റെ ഒരു കാരണം എന്നാണ് പറയാൻ ശ്രമിക്കുന്നത്. പക്ഷേ കുടിയേറ്റത്തിനുള്ള വഴി എന്ന നിലയിൽ വിദ്യാർത്ഥികൾ വിദേശപഠനത്തിന് ധാരാളമായി പോകുന്നുണ്ട് എന്ന സ്ഥിതിവിവരക്കണക്കുകളുണ്ട്. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, വിദേശ സർവകലാശാലകളുടെ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ നമ്മുടെ നാട്ടിൽ ഇല്ല എന്ന തോന്നലു കൊണ്ടു കൂടിയാണ് വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് എന്നതാണ്. മാത്രമല്ല, കേരളത്തിലെ സർവകലാശാലകളിലേക്ക് പുറത്തുനിന്നു വരുന്ന വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യാവുന്നതല്ല ഇവിടെനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം. അത് കാണിക്കുന്നത് നമ്മുടെ നാട്ടിലെ സർവകലാശാലകളുടെ നിലവാര തകർച്ച തന്നെയാണ്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യാതെ വിദേശ സർവകലാശാലകൾ കൊണ്ടുവരികയാണ് വേണ്ടത് എന്നു പറയുന്നത് യാഥാർത്ഥ്യബോധമുള്ള സമീപനമല്ലല്ലോ. അന്താരാഷ്ട്ര നിലവാരമുള്ളതാക്കി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയല്ലേ വേണ്ടത്? ആ രീതിയിലുള്ള ചിന്ത എന്തുകൊണ്ടാണ് ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്ന രീതിയിൽ എസ്.എഫ്.ഐക്ക് മുന്നോട്ട് വയ്ക്കാൻ പറ്റാത്തത്? അതല്ലേ അടിസ്ഥാന പ്രശ്നം?

അതെ. കേരളത്തിലെ പൊതു വിദ്യാഭ്യാസം മുൻപ് തന്നെ വളരെയധികം പ്രശംസ നേടിയിട്ടുള്ളതാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസരംഗത്ത് നമ്മൾ വളരെയധികം മുന്നിലാണ്. എന്നാൽ ആ അർത്ഥത്തിൽ ഉന്നത വിദ്യാഭ്യാസം എത്തിയിട്ടില്ല എന്നത് നമ്മുടെ ഗവൺമെൻറ് അധികാരത്തിൽ വരുന്നതിനുമുമ്പുതന്നെ കാണുകയും ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഇപ്പോഴും ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പും റിസൾട്ട് പബ്ലിഷ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും കേരളത്തിലെ സർവകലാശാലകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ആ മാറ്റം അക്കാദമിക് രംഗത്തേക്കും തീർച്ചയായും വരേണ്ടതുണ്ട്. സിലബസുകൾ പരിഷ്കരിക്കേണ്ടതുണ്ട്. ആ നിലയ്ക്ക് സർവകലാശാലകളെ നന്നായി തന്നെ പരിഷ്കരിച്ച് മികച്ച സർവകലാശാലകൾ എന്ന നിലയ്ക്ക് മാറ്റാൻ പറ്റണം.

പരീക്ഷാ നടത്തിപ്പും റിസൾട്ട് പബ്ലിഷ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും കേരളത്തിലെ സർവകലാശാലകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്.

രണ്ട്, കേരളത്തിൽ നിന്നല്ല ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് എന്ന വസ്തുതയാണ്. ഇന്ത്യയിൽ ആകെ വിദേശത്തേക്ക് പോകുന്ന കുട്ടികളിൽ നാല് ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർ. പഞ്ചാബ് ഹരിയാന ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പോകുന്നത്. പഞ്ചാബിനും ഹരിയാനക്കും അത്തരം കുടിയേറ്റ പാരമ്പര്യവുമുണ്ട്.

ഏറ്റവും കൂടുതൽ വ്യവസായവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നു പറയുന്ന ഗുജറാത്തിൽ നിന്നാണ് വലിയ രീതിയിൽ വിദേശത്തേക്ക് പോക്ക് നടക്കുന്നത്. അനധികൃത കുടിയേറ്റക്കാരായി പോയി പിടിക്കപ്പെട്ട ആളുകളുടെ കണക്കു വന്നപ്പോൾ അതിലും ഏറ്റവും കൂടുതൽ ഗുജറാത്തിൽ നിന്നുള്ളവരായിരുന്നു. അപ്പോൾ കേരളത്തിൽ നിന്ന് മാത്രമാണ് പോകുന്നത് എന്ന് പറയുന്നത് ശരിയല്ല. കേരളത്തിൽ മാത്രം പരിഹരിച്ച് നിർത്താൻ കഴിയുന്നതും അല്ല ആ പ്രശ്നം.

പലവിധത്തിലാണ് കുട്ടികൾ പോകുന്നത്. പ്രവേശന പരീക്ഷകൾ എഴുതി എം ബി ബി എസിന് സീറ്റ് കിട്ടാൻ മെറിറ്റില്ലാത്ത കുട്ടികൾ. അതുപോലെ മെറിറ്റ് ഉണ്ടെങ്കിൽ പോലും ഒരു സെൽഫ് ഫിനാൻസ് കോളേജിലാണ് അഡ്മിഷൻ കിട്ടുന്നത് എങ്കിൽ ഫീസ് താരതമ്യം ചെയ്യുമ്പോൾ അതിനേക്കാൾ കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളിലേക്ക് പോകുന്നവർ. ഉക്രൈനിലേക്കും റഷ്യയിലേക്കും ചൈനയിലേക്കുമൊക്കെ പോകുന്നത് അങ്ങനെയാണ്. അതുപോലെതന്നെയാണ് യൂറോപ്പിലെ ചില ദരിദ്ര രാജ്യങ്ങളിലേക്ക് പോകുന്നത്. മെഡിസിന് പഠിക്കാൻ പോകുന്നത് അങ്ങനെയാണ്.

കേരളത്തിൽ ഇടതുപക്ഷം ഭരിച്ചാലും ആരു ഭരിച്ചാലും ശരി, വിദേശ സർവകലാശാല വരാൻ അനുവദിക്കില്ല. വിദേശ സർവകലാശാലകളുമായി കൊളാബറേഷനാകാം. ആ കൊളാബറേഷനിലും പക്ഷേ ഞങ്ങൾക്ക് ചില ആശങ്കകളുണ്ട്.

മറ്റൊന്ന്, വിദേശരാജ്യങ്ങളിലെ പൗരരായി മാറുക എന്ന ലക്ഷ്യവുമായി പോകുന്നവരാണ്. അവരെ നമുക്ക് ഇവിടെ നിർത്താൻ കഴിയുമോ എന്നത് ഒരു വലിയ ചോദ്യമാണ്. കാരണം അവരെ ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വിദ്യാഭ്യാസത്തിനു വേണ്ടിയല്ല അവർ പോകുന്നത്. തൊഴിൽ കിട്ടാൻ വേണ്ടി പോലുമല്ല പോകുന്നത്. സാമൂഹിക ജീവിതവും മറ്റുമൊക്കെ വലിയ ഘടകമാണ്. കാനഡയിലേക്ക് ഇനി എത്ര ആളുകൾക്ക് പോകാൻ കഴിയും എന്നത് ചോദ്യമാണ്. അവരുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

മറ്റൊരു വിഭാഗമുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന സ്കോളർഷിപ്പുകളോടെ അവിടത്തെ ഏറ്റവും പ്രമുഖമായ സർവകലാശാലകളിൽ പഠിക്കാൻ പോകുന്നവർ. അവരെ തിരിച്ച് ഇങ്ങോട്ട് വരാൻ, ഇങ്ങോട്ട് ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ചെയ്യേണ്ടത്. ലോകം ഉണ്ടായതുമുതൽ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള കുടിയേറ്റമുണ്ട്. അത് തടയാനാകില്ല. എന്നാൽ നിലവാരം കുറഞ്ഞ കോഴ്സുകൾക്ക് പോയി അവിടെ അനധികൃത കുടിയേറ്റക്കാരായി കയറുക, ദരിദ്ര യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോയി അവിടെ നിന്ന് മറ്റു ധനിക രാജ്യങ്ങളിലേക്ക് കയറാൻ ശ്രമിക്കുക എന്നതൊക്കെ നടക്കുന്നുണ്ട്. അത്തരം ആളുകളെ ഇവിടെ നിർത്തണമെങ്കിൽ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം കൊണ്ടുവരേണ്ടതുണ്ട്.

ധനകാര്യവകുപ്പ് മന്ത്രി അത് പറയുമ്പോൾ അതിന് മറ്റൊരു മാനമുണ്ട്. ഏതാണ്ട് 50,000 കോടി രൂപയിലധികമാണ് ഓരോ വർഷവും കേരളത്തിൽ നിന്നു മാത്രം വിദേശത്തേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം പോയിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏകദേശ കണക്ക്. അതിഭീകരമായ തുകയാണ് പോകുന്നത്. ഒരു സംസ്ഥാനം എന്ന നിലയ്ക്കും ധനകാര്യവകുപ്പ് എന്ന നിലയ്ക്കും അത് വലിയൊരു നഷ്ടം തന്നെയാണ്. അതിൽ കുറച്ചെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തീർച്ചയായും നടത്തേണ്ടതുണ്ട്. അതിന് വിദേശത്തുള്ള സർവ്വകലാശാലകളെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് നടക്കുന്ന കാര്യമല്ല. നമ്മുടെ നിലവാരം വർധിപ്പിച്ചുകൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്.

ലോകം ഉണ്ടായതുമുതൽ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള കുടിയേറ്റമുണ്ട്. അത് തടയാനാകില്ല.

ഇന്ത്യനവസ്ഥയിൽ കാമ്പസുകൾ മുഴുവൻ കാവിവൽക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. കേന്ദ്ര സർവകലാശാലകളും ജെ.എൻ.യു പോലെ ഒരുകാലത്ത് സമരങ്ങളുടെയും പ്രതിരോധത്തിന്റെയും കേന്ദ്രമായിരുന്ന സ്ഥാപനങ്ങൾ മുഴുവനും ഒരുതരത്തിൽ അടിച്ചമർത്തപ്പെട്ട രീതിയിലാണുള്ളത്. അക്കാദമിക് രംഗം, അധ്യാപകർ ഒക്കെയും സംഘപരിവാറിന്റെ ആളുകളായി സ്വയം മാറുകയോ സംഘപരിവാർ ബോധപൂർവ്വം അത്തരം ആളുകളെ നിയമിക്കുന്ന തരത്തിലേക്ക് മാറുകയോ ചെയ്തിരിക്കുന്നു. വിദ്യാർത്ഥി സംഘടനകൾ ആ അർത്ഥത്തിൽ ദുർബലമായി മാറി എന്ന് പറയാം. കേരളത്തിൽ കോഴിക്കോട് എൻ ഐ ടിയിലെ വിഷയം നമുക്കറിയാം. നമ്മുടെ രാഷ്ട്രീയ പ്രതിരോധങ്ങളുടെ ഭാവി എന്താണെന്നാണ് തോന്നുന്നത്?

നമ്മൾ അത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കേണ്ട ഒരു വിഷയമാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഇവർ അധികാരത്തിൽ വരുന്നതിന് മുൻപ് ഒരു പാട് പോസ്റ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. എല്ലാ സർവകലാശാലകളിലും പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അല്ലെങ്കിൽ അവിടെയെല്ലാം ഉള്ളത് താൽക്കാലിക അധ്യാപകരാണ്. ഈ ഒഴിവുകളിലെല്ലാം അധ്യാപകരെ നിയമിച്ചു.

ഇവർ വളരെ കൃത്യമായി ആർ.എസ്.എസ് ബാക്ക്ഗ്രൗണ്ടുള്ളവരാണ്. അതിൻ്റെ വലിയ മാറ്റം ജെ എൻ യു വിലെ സിലബസിൽ ഉൾപ്പെടെയുണ്ട്. ജെ എൻ യു, സമരം നടത്താൻ പാടില്ല എന്ന ഉത്തരവുള്ള സ്ഥലമാണ്. അതിനെതിരെയും സമരം നടക്കുകയാണ്. ഒരു സമരം നടത്തിയാൽ 20,000 രൂപ ഫൈൻ ആണ് ആദ്യ തവണ. പിന്നീട് പൊലീസിന് ഇടപെടാം എന്നു തുടങ്ങിയുള്ള നിർദ്ദേശങ്ങൾ ജെ.എൻ.യുവിൽ വന്നു കഴിഞ്ഞു.

മൂന്നാംകിട, നാലാംകിട സർവകലാശാലകൾ എന്നു വിളിക്കാൻ പറ്റുന്ന സർവകലാശാലകളാണ് ഇവിടെ വരുന്നത്. അത് ഒരു കാരണവശാലും അനുവദിക്കില്ല. കൊളാബറേഷനാണെങ്കിലും വിദ്യാർത്ഥികളെയും അക്കാദമിക് രംഗത്തുള്ളവരെയും കേട്ടുകൊണ്ടു മാത്രമേ എന്തെങ്കിലും ചെയ്യാൻ പാടുള്ളൂ.

ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് ഈ ആർ എസ് എസ് വൽക്കരണമാണ്. സിലബസിൽ വളരെ കൃത്യമായി ഇടപെടൽ നടത്തുന്നുണ്ട്. അധ്യാപകരെ നിയമിച്ച് നടത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരായുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാ കാമ്പസുകളിലും, എവിടെയൊക്കെ സാധ്യമാകുമോ അവിടെയെല്ലാം നടക്കുന്നുണ്ട്.

നടക്കുന്നതിനെയൊക്കെ പലവിധത്തിൽ ഇവർക്ക് ഞെരുക്കാനും സാധിക്കുന്നുണ്ട്. ജെ. എൻ.യു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പോലുള്ള ശ്രദ്ധിക്കപ്പെടുന്ന സർവകലാശാലകളിൽ സമരം നടത്തിയാൽ, അവിടെ കുട്ടികൾക്ക് നേരെ നടപടി വന്നാൽ, അത് മാധ്യമശ്രദ്ധയിൽ വരും. കഴിഞ്ഞ നാളുകളിൽ സമരം നടത്തുകയും അതിൻ്റെ ഭാഗമായി വിക്റ്റിമൈസേഷന് വിധേയമാവുകയും ചെയ്യേണ്ടി വന്ന ഒരു യൂണിവേഴ്സിറ്റിയാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. ട്രൈബൽ യൂണിവേഴ്സിറ്റി എന്നാണ് പേര്. എൻ്റെ അറിവ് ശരിയാണെങ്കിൽ ഒരൊറ്റ ട്രൈബൽ അധ്യാപകൻ പോലും അവിടെ പഠിപ്പിക്കുന്നില്ല. ആ സർവ്വകലാശാലയിൽ വലിയ സമരം നടത്തി, എസ്.എഫ്.ഐയുടെ പേരിലും അല്ലാതെയും ഒക്കെ. ഇപ്പോൾ ആ കുട്ടികളെ ടാർജറ്റ് ചെയ്യുന്ന രീതിയിലാണ് അവിടെ കാര്യങ്ങൾ പോകുന്നത്.

മലയാളിയാണ് അല്ലെങ്കിൽ സൗത്തിൽ നിന്ന് വരുന്ന കുട്ടികളാണ്, എസ്.എഫ്.ഐക്കാരാണ്- ഇതാണ് പൊതുവിലുള്ള നറേഷൻ. ഇതിനു മുൻപ് ജമ്മുവിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ രൂപീകരിച്ച സമയത്തും കുറച്ച് സൗത്തിന്ത്യക്കാരും ഇടതുപക്ഷക്കാരും ചേർന്ന് തീവ്രവാദ സംഘടന രൂപീകരിച്ചു എന്നാണ് അവിടത്തെ ഒരു സ്റ്റേറ്റ് പത്രത്തിൻ്റെ പ്രധാന വാർത്തയായി വന്നത്. ഇത്തരം വലിയ ഇടപെടൽ ചെറിയ ശബ്ദങ്ങളെ പോലും ഇല്ലാതാക്കാൻ നടക്കുന്നുണ്ട്.

ഇതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാനുള്ള പരിശ്രമം വിദ്യാർത്ഥി സംഘടനകൾ എന്ന നിലയ്ക്ക് ഉണ്ടാകുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് 16 വിദ്യാർത്ഥി സംഘടനകൾ ചേർന്ന് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയത്, യുണൈറ്റഡ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ എന്ന പേരിൽ. കഴിഞ്ഞ ജനുവരി 12ന് പാർലമെൻറിലേക്ക് മാർച്ച് നടത്തി. ഫെബ്രുവരി ഒന്നിന് ചെന്നൈയിലും കഴിഞ്ഞ മാർച്ച് ആറിന് കൊൽക്കത്തയിലും മാർച്ച് നടത്തി. ഇത്തരം ഇടപെടൽ എല്ലാ വിദ്യാർത്ഥി സംഘടനകളെയും യോജിപ്പിച്ച് നടത്തുന്നുണ്ട്. എസ്.എഫ്.ഐ ആണ് അതിന് മുൻകൈ എടുത്തത്. എൻ എസ് യു ഉൾപ്പെടെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമായി വരികയും ചെയ്തു. തമിഴ്നാട്ടിലെ സ്റ്റേറ്റ് ലീഡർഷിപ്പിൽ എൻ എസ് യു ഉൾപ്പെടെയാണുള്ളത്.

വിദ്യാർഥി സംഘടനകളുടെ ഐക്യം ആ നിലയിലുണ്ടായിട്ടുണ്ട്. പക്ഷേ എപ്പോഴും വിദ്യാർത്ഥികൾ മാത്രം വിചാരിച്ചാൽ ഇതിന് അന്ത്യം കുറിക്കാനോ പരിഹാരം കാണാനോ സാധിക്കില്ല. നേരത്തെ പറഞ്ഞതുപോലെ ഈ രാജ്യത്തെ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ അല്ലാതെ സാധിക്കില്ല. തെരഞ്ഞെടുപ്പാണ്, തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മാറ്റം സാധ്യമാവാതെ ഇത് സാധ്യമാവും എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാവുക എന്നത് പ്രധാനമാണ്. അപ്പോഴും സമരം വേണ്ട എന്ന്, ഇടപെടൽ വേണ്ട എന്നല്ല. ഇടപെടാനും കുറച്ചുകൂടി റിസൾട്ട് ഉണ്ടാക്കാനും കഴിയുന്ന വിധത്തിൽ ഇടപെടാൻ കഴിയണം. അതല്ല, ഇവർ തന്നെ തുടരുകയാണെങ്കിൽ കൂടുതൽ രൂക്ഷമായുള്ള സമരത്തിലേക്ക് പോകേണ്ടിയും വരും.

Comments