‘വി.പി. സുഹറക്കൊപ്പം ഞങ്ങളുമുണ്ട്’

തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ കോഴിക്കോട് നല്ലളത്ത് നടന്ന കുടുംബശ്രീ പരിപാടിയിൽ തട്ടമൂരി പ്രതിഷേധിച്ച വി.പി. സുഹറക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ. അജിത എഴുതുന്നു.

ട്ടമിടാത്ത പെണ്ണുങ്ങളെല്ലാം അഴിഞ്ഞാട്ടക്കാരികളാണെന്ന ഉമർ ഫൈസിയെന്ന ഒരു മതപണ്ഡിതന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിച്ച എന്റെ സഹോദരി വി.പി. സുഹറയുടെ പോരാട്ടത്തോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
പൊതുവെ ചാനൽ ചർച്ചകളൊന്നും കാണാത്തതിനാൽ, സുഹറയുടെ പ്രതിഷേധം ചാനൽ ന്യൂസിലൂടെ കണ്ടപ്പോൾ മാത്രമാണ് ഇങ്ങനെ ഫൈസിയുടെ വിഷം വമിക്കുന്ന പ്രസ്താവനയെക്കുറിച്ച് ഞാൻ അറിയുന്നത്. ഇയാളാരാണ് സ്ത്രീകളുടെ 'അഴിഞ്ഞാട്ടം' വിലയിരുത്താൻ? അയാൾ തട്ടമിടാത്ത പെണ്ണുങ്ങളെ വെച്ചേക്കില്ലത്രേ!

ഉമര്‍ ഫൈസി മുക്കം

ഇറാനിൽ ഹിജാബ് ധരിക്കാൻ വിസ്സമ്മതിച്ച ഒരു പെൺകുട്ടിയെ അവിടുത്തെ മതഭ്രാന്തന്മാരായ ഭരണകൂടം തൽക്ഷണം കൊന്നുകളഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ഹിന്ദുത്വത്തിന്റെ വാളോങ്ങി നമ്മുടെയൊക്കെ തലക്കുമുകളിൽ തൂങ്ങിയാടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അവരോടൊപ്പം ഫൈസിമാരും ചേർന്നിരിക്കുകയാണല്ലോ. സ്ത്രീകൾ തങ്ങളുടേതായ വഴിയിലൂടെ ഒരു മത ഭ്രാന്തന്മാരെയും വകവെക്കാതെ മുന്നോട്ടു നീങ്ങുക മാത്രമേ വഴിയുള്ളൂ. അതിനിടക്ക് തല പോലും കാണില്ല എന്ന മുന്നറിയിപ്പാണിത്. ആരെയും കൂസാതെ നമുക്ക് മുന്നോട്ടു തന്നെ പോകണം. വി.പി. സുഹറയുടെ പോരാട്ടത്തിന് എല്ലാ ഐക്യദാർഢ്യവും.
ഞങ്ങൾ ഒപ്പം തന്നെയുണ്ട്.

Comments