എന്റെ രാഷ്ട്രീയത്തിലുണ്ട്,
ഒരു വി.എസ് കാലം

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയജീവിതമാരംഭിച്ച സി.എസ്. സുജാത, തന്റെ പൊതുപ്രവർത്തനമേഖലയിൽ വി.എസ് എന്ന പേരാളിയും ഭരണാധികാരിയും നടത്തിയ ഇടപെടലുകളെക്കുറിച്ച് എഴുതുന്നു.

രു നൂറ്റാണ്ട് ജീവിച്ചിരിക്കുക എന്നതുതന്നെ സംഭവ ബഹുലവും മഹത്തരവുമായ കാര്യമാണ്. നൂറു വയസ്സ് തികയ്ക്കുന്ന വി.എസിന് എല്ലാ ആശംസകളും നേരുന്നു.

ചെറിയ കാര്യങ്ങൾക്കുപോലും ഡിപ്രഷനിലേക്ക് പോകുന്ന, നിസ്സാരകാര്യങ്ങൾക്കുപോലും ആശങ്കപ്പെടുന്ന പുതിയ തലമുറക്ക്, വി.എസിന്റെ ജീവിതത്തിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. വി.എസ് ജനിച്ചുവീണത് എല്ലാ രീതിയിലുള്ള അനീതിയും തിന്മയും ജാതിമേധാവിത്തവുമുള്ള കാലത്താണ്. വളരെയധികം കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിച്ച ബാല്യം. വൻതോതിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ച കാലഘട്ടം. വസൂരി വന്ന് മരിച്ച അമ്മയെ കാണാൻ കഴിയാത്ത ഒരു ചെറിയ കുട്ടിയുടെ വിങ്ങൽ, വി.എസ് പലപ്പോഴും സംസാരങ്ങളിൽ പ്രകടമാക്കിയിട്ടുമുണ്ട്. വളരെ ദൂരെയൊരു കുടിലിൽ പാർപ്പിച്ചിരിക്കുന്ന അമ്മയുടെ ആ രംഗം കൊച്ചുകുട്ടിയുടെ മനസ്സു​കൊണ്ട് സങ്കൽപ്പിച്ചുനോക്കിയാൽ, എത്രമാത്രം വേദനാജനകമായിരിക്കുമത്. അമ്മയുടെ സംരക്ഷണം കിട്ടാതെ വളർന്ന ബാല്യമുള്ള കുട്ടിയായിരുന്നു വി.എസ്.

വി.എസ്. അച്യുതാനന്ദനൊപ്പം സി.എസ്. സുജാത

ഞാൻ ആലപ്പുഴയിലൂടെ സഞ്ചരിക്കുമ്പോൾ വി. എസ് പഠിച്ച സ്കൂളിലേക്ക് അറിയാതെ നോക്കിപ്പോകും. ആ പ്രദേശത്തെ സവർണരായ കുട്ടികൾ പഠിച്ചിരുന്ന ആ സ്കൂളിൽ, വി.എസ് എന്ന കുട്ടി പഠിക്കാൻ ചെല്ലുമ്പോൾ ജാതിയുടെയും മറ്റും പേരിൽ നേരിടേണ്ടിവന്നിരുന്ന വിവേചനത്തെക്കുറിച്ച് ഓർക്കും. ഒരിഞ്ചുപോലും തോറ്റുകൊടുക്കരുതെന്നുപറഞ്ഞ് അച്ഛൻ വി.എസിന് അരഞ്ഞാണമുണ്ടാക്കിക്കൊടുത്തതെല്ലാം ഓർമയിലെത്തും.

തൊഴിലാളി​കളോട് സംസാരിക്കാൻ മൈക്ക് ഒന്നുമില്ലല്ലോ. സാധാരണ പോലെ സംസാരിച്ചാൽ കേൾക്കില്ല, അങ്ങനെയാണ് ഉച്ചത്തിൽ പറയുന്നത്. പാടശേഖരങ്ങളെ ഇരുപത്തിനാലായിരം പറ എന്നൊക്കെയാണ് പറയുക. അ​പ്പോൾ ഒരു ഭാഗത്തുനിന്ന് വിളിച്ചുപറയണം. അങ്ങനെയാണ് ഉച്ചത്തിലും നീട്ടിയും കുറുക്കിയുമൊക്കെ സംസാരിച്ചുതുടങ്ങിയത്.

കുട്ടിയായിരിക്കുമ്പോൾ തന്നെ റസിസ്റ്റ് ചെയ്യാനുള്ള ശേഷി വി.എസിലുണ്ടായിരുന്നു. ഏറ്റവും സമർത്ഥനായ വിദ്യാർഥിയായിരുന്നുവെങ്കിലും പിന്നീട് പഠിക്കാൻ കഴിഞ്ഞില്ല. ജീവിതത്തിന്റെ പ്രാരാബ്ദങ്ങളിലേക്ക് കടന്നപ്പോൾ തയ്യൽ പഠിക്കാൻ പോയി. വി.എസിന് ഇംഗ്ലീഷ് പഠിക്കാൻ ഭയങ്കര ആഗ്രഹമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആലപ്പുഴയിലെ കൃഷ്ണപ്പണിക്കർ സാറാണ് വി. എസിനെ ഇംഗ്ലീഷ് പഠിപ്പിച്ചത്. കൃഷ്ണപ്പണിക്കർ സാറിനെ ഞാനും പരിചയപ്പെട്ടിട്ടുണ്ട്. സാർ പറയുമായിരുന്നു, കുട്ടിയായിരിക്കുമ്പോൾ വളരെ മികച്ച നിലയിലേക്ക് പോകാൻ കഴിയുന്ന ശേഷിയും വൈഭവവും വി.എസിനുണ്ടായിരുന്നു എന്ന്. യു.പി തലം വരെ മാത്രമേ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീടാണ് കയർ മേഖലയിലേക്ക് പോകുന്നത്. കയർ തൊഴിലാളിയായി ജീവിതം ആരംഭിക്കുന്നു.

അമ്പലപ്പുഴ- ചേർത്തല താലൂക്കിലെ ആയിരക്കണക്കിന് തൊഴിലാളികൾ കയർ ഫാക്ടറികളിൽ എല്ലാതരം കഷ്ടപ്പാടുകളും അനുഭവിച്ചാണ് പണിയെടുത്തിരുന്നത്. അടിച്ചമർത്തപ്പെട്ട ആ വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ വി.എസ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്നു, സഖാവ് കെ. ദേവയാനി. അദ്ദേഹത്തോടപ്പം പ്രവർത്തിച്ചിരുന്ന കെ. മീനാക്ഷി ചേച്ചിയും അനുസൂയയും പറഞ്ഞുകേട്ടിട്ടുണ്ട്, അന്നത്തെ കയർ തൊഴിലാളികളുടെ ജീവിതം. ആ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന ഘട്ടത്തിലാണ് സഖാവ് പി. കൃഷ്ണപിള്ളയെ വി.എസ് പരിചയപ്പെടുന്നത്.

പി. കൃഷ്ണപിള്ള

യഥാർത്ഥത്തിൽ വി. എസിന്റെ കഴിവ് കണ്ടെത്തിയത്, അല്ലെങ്കിൽ വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് എല്ലാവരുടെയും സഖാവായ പി. കൃഷ്ണപിള്ളയാണ്. പി. കൃഷ്ണപിള്ളയുടെ അനിതരസാധാരണമായ കഴിവിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഒരു കേഡറെ കണ്ടാൽ അദ്ദേഹത്തിനറിയാം, അവർ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന്. ഏതെല്ലാം മേഖലയിലായിരിക്കും അവരുടെ ശേഷി ഉപയോഗപ്പെടുത്താൻ കഴിയുക എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ കേരളത്തിൽ അറിയപ്പെടുന്ന പല നേതാക്കന്മാർക്കും അവരുടെ മേഖല നിർണയിച്ചു കൊടുക്കുന്നതിൽ സഖാവ് പി. കൃഷ്ണപിള്ള പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും നന്നായി വി.എസിന്റെ കഴിവ് രൂപപ്പെടുത്തിയത് അദ്ദേഹമാണ്. ഗൗരിയമ്മയും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

പിന്നീട്, കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കർഷക തൊഴിലാളി മേഖലയിലേക്ക് വി.എസ്. പ്രവർത്തനം വ്യാപിപ്പിച്ചു. കുട്ടനാടൻ പാടശേഖരങ്ങളിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികളുടെ കൂലി അന്ന് നാഴി നെല്ലും ആഞ്ഞിലിച്ചക്കയുമൊക്കെയായിരുന്നു. ആ കൂലിവ്യവസ്ഥ പരിഷ്കരിക്കുന്നതിനു നടന്ന കർഷക പോരാട്ടത്തിനായി കർഷക തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നു. സഖാവ് ജാനകിയുടെ അധ്യക്ഷതയിൽ കൈനകരിയിൽവച്ചു നടന്ന കർഷക തൊഴിലാളി സംഘടനാ രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും വി.എസിന്റെ പരിശ്രമം വളരെ വലുതായിരുന്നു.

ആ കാലത്തെക്കുറിച്ച് വി.എസ് പറഞ്ഞുകേട്ടിട്ടുണ്ട്. തൊഴിലാളി​കളോട് സംസാരിക്കാൻ മൈക്ക് ഒന്നുമില്ലല്ലോ. സാധാരണ പോലെ സംസാരിച്ചാൽ കേൾക്കില്ല, അങ്ങനെയാണ് ഉച്ചത്തിൽ പറയുന്നത്. പാടശേഖരങ്ങളെ ഇരുപത്തിനാലായിരം പറ എന്നൊക്കെയാണ് പറയുക. അ​പ്പോൾ ഒരു ഭാഗത്തുനിന്ന് വിളിച്ചുപറയണം. അങ്ങനെയാണ് ഉച്ചത്തിലും നീട്ടിയും കുറുക്കിയുമൊക്കെ സംസാരിച്ചുതുടങ്ങിയത്. കർഷക തൊഴിലാളികളോട് സംസാരിക്കാൻ വേണ്ടിയാണ് വി. എസ് ആ ഭാഷ ഉപയോഗിച്ചത്. പിന്നീട് അത് അദ്ദേഹത്തിന്റെ ശൈലിയായി. അന്ന്, വലിയ കഷ്ടപ്പാടാണ്. വി.എസ് തന്നെ പറഞ്ഞിട്ടുണ്ട്, ക്ഷേത്രത്തിൽ പടച്ചോറ് കൃത്യമായി കൊടുക്കുമായിരുന്നു. പിന്നെ കൈനകരിയിലെയോ കുട്ടനാട്ടിലെയോ ആറ്റിൽ നിന്ന് കിട്ടുന്ന പരലും പള്ളത്തിയും ഒക്കെ കഴിച്ച കാര്യവും വി.എസ് പറഞ്ഞിട്ടുണ്ട്. അങ്ങനെ കർഷക തൊഴിലാളികളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവുകൂടിയായിരുന്നു വി.എസ്.

വി.എസ് എന്നോട് പറഞ്ഞ ഒരു കാര്യം എപ്പോഴും ഓർക്കും; നമ്മുടെ കുട്ടനാട്ടിൽ തരിശുഭൂമി ഉണ്ടാവാൻ പാടില്ല. തരിശുഭൂമി പരമാവധി കൃഷിയോഗ്യമാക്കണം. അന്ന് ഒരുപാട് തരിശ് കിടക്കുന്ന സ്ഥലമാണ് കുട്ടനാട്.

പുന്നപ്ര- വയലാർ സമരകാലത്ത് പൂഞ്ഞാറിലേക്ക് പോവുകയും അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂര മർദ്ദനമേറ്റുവാങ്ങുകയും ചെയ്തത് നമുക്കറിയാം. വേലിക്കകത്തുവീട്ടിൽവച്ച് പുന്നപ്ര- വയലാർ സമയത്തിനുവേണ്ടിയുള്ള വാരിക്കുന്തമൊക്കെ ഉണ്ടാക്കിയ കഥയും വി.എസ് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം പറയുമ്പോൾ, വി.എസിനെ പഠിക്കാതെ നമുക്ക് മുന്നോട്ടുപോവാൻ പറ്റില്ല. കൃത്യമായി എല്ലാ കാര്യങ്ങളും പഠിക്കുന്ന ഒരു കമ്യൂണിസ്റ്റ് ആയിരുന്നു വി.എസ്.

ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ വി.എസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. 1964- ൽ കമ്യൂണിസ്റ്റ് പാർട്ടി രണ്ടാകുന്ന സമയം. വള്ളികുന്നം എന്ന ഞങ്ങളുടെ ഗ്രാമം ശൂരനാട് സംഭവത്തിന്റെ അലയൊലികൾ ഏറ്റുവാങ്ങിയ ഗ്രാമമാണ്. ആദ്യത്തെ കർഷക തൊഴിലാളി സമരം- മേനി സമരം- നടന്ന സ്ഥലമാണ്. അന്ന് അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനും പുതുശ്ശേരി രാമചന്ദ്രനും പുതുപ്പള്ളി രാഘവനുമൊക്കെയാണ്. 1953 -ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോപ്പിൽ ഭാസിയെ തോൽപ്പിക്കാൻ വേണ്ടി പ്രസംഗിക്കാൻ വന്നത് മറ്റാരുമല്ല, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്ന പ്രവർത്തന കേന്ദ്രമായിരുന്നു ഇവിടം.

വി.എസ്. അച്യുതാനന്ദനും കെ. ആര്‍. ഗൗരിയമ്മയും

1964- ൽ പാർട്ടി പിളർന്നപ്പോൾ ഈ നേതാക്കൻമാരെല്ലാം സി.പി.ഐയുടെ ഭാഗമായി. നേതാക്കന്മാർ ഒരു ഭാഗത്തും അണികൾ മറുഭാഗത്തുമായി വന്നു. അണികളുടെ ഭാഗമായി നിന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ സി.പി.ഐ-എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എന്റെ കുടുംബത്തിലെ ആളുമായിരുന്ന സഖാവ് എൻ. രാമകൃഷ്ണൻ നായരായിരുന്നു. രാമകൃഷ്ണ നായർക്ക് വി.എസുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. മറ്റു നേതാക്കന്മാരെ അപേക്ഷിച്ച് രാമകൃഷ്ണൻ നായർ ചെറിയ നേതാവായിരുന്നു. അണികളെ പിടിച്ചു നിർത്തുന്നതിന് പ്രമുഖരായ എല്ലാ നേതാക്കന്മാരും ഞങ്ങളുടെ നാട്ടിൽ വരുമായിരുന്നു. അതിൽ സഖാവ് വി.എസും സഖാവ് ഗൗരിയമ്മയും സഖാവ് എൻ. ശ്രീധരനും ഉണ്ടായിരുന്നു. ഈ മൂന്നുപേരെയും ഞങ്ങളുടെ നാട്ടുകാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങളുടെ പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായി നിലനിർത്തിയത് ഇവരാണ്. കാരണം, പാർട്ടിയെ സംബന്ധിച്ച് കേരളത്തിന്റെ പ്രധാന സ്ഥലമാണ് വള്ളികുന്നവും ശൂരനാടും. വള്ളികുന്നത്ത് സി.പി.എമ്മിന്റെ അടിത്തറ ഉറപ്പിച്ചുനിർത്തുന്നതിൽ ഏറ്റവും നല്ല പങ്ക് വി.എസ് വഹിച്ചിട്ടുണ്ട്.

‘‘ആ പെണ്ണിന്റെ നാട്ടുകാർ ആ പെണ്ണിന് വോട്ട് ചെയ്യും. ആ പെണ്ണിന്റെ നാടു കൂടി ചേരുന്നതാണല്ലോ ആ മണ്ഡലം. മാവേലിക്കരയും കായംകുളവും പന്തളവുമൊക്കെ ചേരുന്നതാണല്ലോ. ആ പെണ്ണിന്റെ വള്ളികുന്നത്തുകാർ ആ പെണ്ണിന് ​രാഷ്ട്രീയം നോക്കാതെ വോട്ട് കൊടുക്കും. അതുകൊണ്ട് ആ പെണ്ണ് ജയിക്കും.’’

വി.എസിനെ അടുത്ത് പരിചയപ്പെടുന്നത് എസ്.എഫ്.ഐ പ്രവർത്തകയായശേഷമാണ്. അമ്മയു​ടെ വീട്ടുകാരെല്ലാം പറഞ്ഞ് അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ ഒരു രൂപമുണ്ട്. അന്നെല്ലാം കാണുമ്പോൾ അധികം വർത്തമാനം പറയാത്ത ആളാണെങ്കിലും ഒരു വലിയ ആളാണ് എന്ന് മനസ്സിൽ തോന്നിയിട്ടുണ്ട്.

പിന്നീട് എസ്.എഫ്.ഐ പ്രവർത്തകയായ കാലത്ത്, വി.എസ് പാർട്ടി സെക്രട്ടറിയായിരുന്നു. ഞാനടക്കമുള്ള അന്നത്തെ ആലപ്പുഴയിലെ എസ്. എഫ്. ഐക്കാർ- സഖാവ് സജി ചെറിയാൻ, ഇന്നത്തെ ജില്ലാ സെക്രട്ടറി ആർ. നാസർ, ആരിഫ് എം.പി എന്നിവരെല്ലാം ആ കാലഘട്ടത്തിന്റെ ആളുകളാണ്. ഞങ്ങൾക്ക് വി.എസിനോടും പി.​കെ. ചന്ദ്രാനന്ദനോടും സഖാവ് സുശീലാ ഗോപാലനോടും ഗൗരിയമ്മയോടുമെല്ലാം അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഇവരെല്ലാം നമ്മളെ രൂപപ്പെടുത്തുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ വിദ്യാഭ്യാസ നയത്തിനെതിരായ ശക്തമായ പോരാട്ടങ്ങളിലേർപ്പെടുമ്പോൾ നല്ല ഉപദേശവും നിർദേശവും തന്ന് വി.എസ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. വി.എസ് ഞങ്ങളെ നന്നായി വിമർശിക്കുകയും ശകാരിക്കുകയും ചെയ്യും. എങ്കിലും, സീനിയറായ നേതാവിനെ വളരെ ആദരവോടെയായിരുന്നു ഞങ്ങൾ കണ്ടിരുന്നത്.

1995- ൽ ഞാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവാണ്. ആ ഘട്ടത്തിലൊക്കെ ജില്ലാ പഞ്ചായത്ത് എങ്ങനെയാവണം പ്രവർത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുതരും. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഇ.കെ. നായനാരുടെ സർക്കാർ വന്നു. എങ്ങനെയായിരിക്കണം ഒരു പഞ്ചായത്ത് പ്രവർത്തിക്കേണ്ടത്, അതിൽ ഒരു തരത്തിലുമുള്ള അഴിമതിയും ഉണ്ടാവരുത്, ജനങ്ങൾ പറയുന്നത് കേൾക്കണം, ജനകീയ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കണം, ജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനം നടത്തണം തുടങ്ങിയ കാര്യങ്ങൾ അ​ദ്ദേഹം പറയുമായിരുന്നു. വി.എസ് എന്നോട് പറഞ്ഞ ഒരു കാര്യം എപ്പോഴും ഓർക്കും; നമ്മുടെ കുട്ടനാട്ടിൽ തരിശുഭൂമി ഉണ്ടാവാൻ പാടില്ല. തരിശു ഭൂമി പരമാവധി കൃഷിയോഗ്യമാക്കണം. അന്ന് ഒരുപാട് തരിശ് കിടക്കുന്ന സ്ഥലമാണ് കുട്ടനാട്. അന്ന് ഞങ്ങളെയൊക്കെ പഠിപ്പിച്ചിട്ടുണ്ട്, ഒമ്പത് ലക്ഷം ഹെക്ടർ ഭൂമിയാണ് ഇവിടെയുള്ളത്, അതിൽ ഒരുപാട് കൺവർട്ട് ചെയ്തുപോയി എന്നെല്ലാം. ആയിടക്കുതന്നെയാണ്, വെട്ടിനിരത്തൽ സമരമെന്ന് പറഞ്ഞ് വി.എസിനെ ആക്ഷേപിച്ച സമരമുണ്ടായത്. കുട്ടനാട്ടിലെ പാടശേഖരങ്ങളെല്ലാം കൺവർട്ട് ചെയ്യാൻ തീരുമാനിച്ച ഘട്ടത്തിലാണ്, ഇനി നികത്താൻ പറ്റില്ലെന്നു പറഞ്ഞ് ശക്തമായ സമരം നടത്തുന്നത്. ഇന്ന് കുട്ടനാട് വിളഞ്ഞുനിൽക്കുന്നതുകാണുമ്പോൾ നമുക്ക് ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല. സഖാവ് വി.എസും സഖാവ് പി.കെ.എസുമായിരുന്നു ആ സമരത്തിനുമുന്നിൽ നിന്നത്. അതുകൊണ്ടുതന്നെ പിന്നീട് അവിടെ നികത്തൽ നടന്നിട്ടില്ല. കൃഷിഭൂമി സംരക്ഷിച്ച് മുന്നോട്ടുപോകണം എന്നായിരുന്നു ഈ സമരത്തിന്റെ സന്ദേശം. തരിശ് മാറ്റി അവി​ടെ കൃഷി ചെയ്താൽ കണ്ടത്തിൽ വെള്ളമുണ്ടാകും, അതുകൊണ്ട് വരൾച്ചയുണ്ടാകില്ല. വെള്ളപ്പൊക്കം തടയാൻ പറ്റും. മൺമറഞ്ഞുപോയ മൽസ്യ സമ്പത്ത് തിരിച്ചുവരും- ഇക്കാര്യങ്ങളെല്ലാം അന്നത്തെ ചർച്ചാവിഷയങ്ങളായിരുന്നു.

സ്കൂളുകൾ സന്ദർശിക്കാൻ പോകുമ്പോൾ സമ്മർദ്ദങ്ങളുണ്ടാവും, ഏറ്റവും സത്യസന്ധമായ റിപ്പോർട്ടാണ് കൊടുക്കേണ്ടത്, ഒരു തരത്തിലുള്ള പ്രേരണയ്ക്കും വശംവദരാകാൻ പാടില്ല എന്ന് വി.എസ് ഞങ്ങളോട് പറഞ്ഞിരുന്നു.

ഞങ്ങളുടെ ഒന്നുരണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ വി.എസ് വന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘ഗാലക്സ’ എന്ന പദ്ധതി ഞങ്ങൾ നടത്തിയിരുന്നു. അന്ന് വിളവെടുക്കാൻ കുട്ടനാട്ടിലെ കൈനകരി, കാവാലം , നീലംപേരൂർ പഞ്ചായത്തുകളിൽ വി.എസ് വന്നിരുന്നു.

എനിക്ക് മറക്കാൻ പറ്റാത്ത മറ്റൊരു കാര്യത്തെക്കുറിച്ച് പറയാം: സ്കൂളുകളിൽ ഹയർ സെക്കൻഡറി തുടങ്ങിയ സമയമാണ്. ഏതെല്ലാം സ്കൂളുകൾക്ക് പ്ലസ് ടു കൊടുക്കണമെന്ന് തീരുമാനിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ കമ്മിറ്റിയിൽ കലക്ടറും ഡി.ഡിയുമായിരുന്നു മെമ്പർമാർ.
സ്കൂളുകൾ സന്ദർശിക്കാൻ പോകുമ്പോൾ സമ്മർദ്ദങ്ങളുണ്ടാവും, ഏറ്റവും സത്യസന്ധമായ റിപ്പോർട്ടാണ് കൊടുക്കേണ്ടത്, ഒരു തരത്തിലുള്ള പ്രേരണയ്ക്കും വശംവദരാകാൻ പാടില്ല എന്ന് വി.എസ് ഞങ്ങളോട് പറഞ്ഞിരുന്നു.
ഞങ്ങൾ കൃത്യമായ റിപ്പോർട്ട് കൊടുത്തു. പല ജില്ലാ പഞ്ചായത്തുകളുടെയും റിപ്പോർട്ടുകൾക്കെതിരെ പലരും കോടതിയിൽ പോയപ്പോഴും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. അത്രയും പേർഫെക്റ്റായി ചെയ്യാൻ കഴിഞ്ഞു. വി.എസ് അടക്കമുള്ള എല്ലാ നേതാക്കന്മാരും കർശന നിർദേശം തന്നിരുന്നു. അതിൽ വി.എസിന്റെ നിർദേശം മറക്കാനാകില്ല.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മാവേലിക്കരയിലാണല്ലോ മത്സരിച്ചത്. രണ്ടാമത്തെ തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സമയം കൂടിയാണ്. എനിക്ക് വലിയ ആശങ്കയായിരുന്നു. എതിർ സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയായിരുന്നു. രമേശ് ചെന്നിത്തല ആദ്യം മാവലിക്കരയിൽ ജനപ്രതിനിധിയായി, രണ്ടാമത് മൽസരിക്കുകയാണ്. അദ്ദേഹം അറുപതിനായിരത്തോളം വോട്ടിനാണ് ആദ്യ തവണ ജയിച്ചത്. അങ്ങനെയൊരു മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ എനിക്ക് വലിയ ടെൻഷനുണ്ടായിരുന്നു. അപ്പോൾ വി.എസ് സഖാക്കളോട് പറഞ്ഞ ഒരു കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു: ‘‘ജില്ലാ പഞ്ചായത്ത് ഒരുപാട് കാര്യങ്ങൾ ഈ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്. അവരുടെ ജില്ലാ പഞ്ചായത്ത് ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരങ്ങൾ നേടിയെടുത്ത ഒന്നാണ്. ആ പെണ്ണിന്റെ നാട്ടുകാർ ആ പെണ്ണിന് വോട്ട് ചെയ്യും. ആ പെണ്ണിന്റെ നാടു കൂടി ചേരുന്നതാണല്ലോ ആ മണ്ഡലം. മാവേലിക്കരയും കായംകുളവും പന്തളവുമൊക്കെ ചേരുന്നതാണല്ലോ. ആ പെണ്ണിന്റെ വള്ളികുന്നത്തുകാർ ആ പെണ്ണിന് ​രാഷ്ട്രീയം നോക്കാതെ വോട്ട് കൊടുക്കും. അതുകൊണ്ട് ആ പെണ്ണ് ജയിക്കും.’’

വി.എസിന്റെ ഈ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ആളുകളുടെ മനസ്സ്, നാടിന്റെ പ്രത്യേകത, വികസന പ്രവർത്തനങ്ങൾ നടത്തിയാൽ എങ്ങനെയിരിക്കും എന്നീ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തകനേ അങ്ങനെ പ്രതികരിക്കാനാവൂ.

ഏതു ഘട്ടത്തിലും പാർട്ടികമ്മിറ്റികളിൽ കൃത്യമായി ഇരിക്കുന്ന ഒരു നേതാവ് കൂടിയാണ് വി. എസ്. രണ്ട് നേതാക്കൻമാരെയാണ് ഇക്കാര്യത്തിൽ ഞാൻ ഓർക്കുന്നത്. ഒന്ന്, വി.എസ്. മറ്റൊരാൾ പിണറായി വിജയൻ.

പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായ സമയവും സ്ത്രീകൾക്ക് മറക്കാൻ കഴിയില്ല. എവിടെ​യൊക്കെ സ്ത്രീകൾക്ക് വേദനയുണ്ടാവുമ്പോൾ അവിടെയെല്ലാം ഓടിയെത്താറുണ്ട്. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ശബ്ദം നമ്മൾ കേട്ടിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം അദ്ദേഹത്തിന്റെ കാലത്താണ് വരുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി കൊടുത്തിരുന്നത് അദ്ദേഹം മുഖ്യമന്ത്രി ആയ സമയത്താണ്. ഇതെല്ലാം വ്യക്തിപരമായി വി.എസിന്റെ നയമല്ല, ഇടതുപക്ഷത്തിന്റെ നയമാണ്. ഇടതുപക്ഷത്തിന്റെ നയങ്ങൾ ശക്തമായി നടപ്പാക്കാൻ അദ്ദേഹം ശ്രമിച്ചു. അടിസ്ഥാന വികസന മേഖലയിലായാലും മറ്റ് മേഖലകളിലായാലും ഓർത്തുവെക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ജെന്റർ ബഡ്ജറ്റ് ഡോ. തോമസ് ഐസക്ക് ആദ്യമായി അവതരിപ്പിക്കുന്നത് വി.എസ് സർക്കാറിന്റെ കാലത്താണ്. ഇപ്പോൾ പിണറായി വിജയൻ സർക്കാറിന്റെ കാലത്തും അത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.

ഭരണാധികാരിയെന്ന നിലയിലും പോരാളി എന്ന നിലയിലുമുള്ള വി.എസിനെ ഇത്തരം പ്രവർത്തനങ്ങളിലൂടെ ഓർത്തെടുക്കാൻ കഴിയും. തൊഴിലാളികൾക്ക് എവിടെയെല്ലാം പ്രയാസമുണ്ടോ, അവിടെയെല്ലാം കൃത്യമായി ഓടിയെത്തും, വി.എസ്. അഴിമതിരഹിതമായ പൊതുജീവിതമാണ് അദ്ദേഹത്തി​ന്റേത്.

ഏതു ഘട്ടത്തിലും പാർട്ടി കമ്മിറ്റികളിൽ കൃത്യമായി ഇരിക്കുന്ന ഒരു നേതാവ് കൂടിയാണ് വി. എസ്. രണ്ട് നേതാക്കൻമാരെയാണ് ഇക്കാര്യത്തിൽ ഞാൻ ഓർക്കുന്നത്. ഒന്ന്, വി.എസ്. മറ്റൊരാൾ പിണറായി വിജയൻ. എത്ര വലിയ തിരക്കുണ്ടെങ്കിലും കൃത്യമായി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുകയും നമ്മൾ ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യും. ശ്രോതാവ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്, നമ്മൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കുകയെന്നത്. പലപ്പോഴും പലർക്കും അതിന് സമയമില്ലാത്ത കാലത്ത്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേക്ക്, ‘ശരി ശരി’ എന്ന് പറയാതെ, നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കുന്ന നേതാക്കന്മാർ കൂടിയാണിവർ. ആലപ്പുഴയുടെ അല്ലെങ്കിൽ കേരളത്തിന്റെ ചരിത്രം പറയുമ്പോൾ, വി.എസും ഗൗരിയമ്മയും ചന്ദ്രാനന്ദനും അതിനുമുമ്പുള്ള തലമുറയിലെ നേതാക്കളും നമുക്കുള്ള പാഠപുസ്തകം തന്നെയാണ്. നമുക്ക് മുന്നോട്ടുപോവാൻ പ്രേരണയാകുന്നത് അവരുടെയെല്ലാം ജീവിതവും പ്രവർത്തനങ്ങളുമാണ്. പൊതുപ്രവർത്തനത്തിലേക്ക് വരുന്നവർ ഇവരെയെല്ലാം പഠിക്കണം. കാരണം, ചെറിയ വിഷമം വരുമ്പോൾ തളർന്നുപോകുന്നവരുണ്ട്. എന്തെല്ലാം ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് ഗൗരിയമ്മയൊക്കെ പറയാറില്ലേ. ചെറിയ ആക്ഷേപങ്ങൾ പോലും കേൾക്കുമ്പോൾ വിഷമിക്കുന്ന മാനസികാവസ്ഥ നമുക്ക് ചിലപ്പോഴുണ്ടാകാറുണ്ട്. അപ്പോഴെല്ലാം നമ്മൾ ഇവരെ ഓർത്താൽ മതി. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് ഇവരെല്ലാം സമൂഹത്തിനുവേണ്ടി പലതും ചെയ്തത്.

ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്. പലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും ഓർക്കുമ്പോൾ നമുക്ക് സങ്കടവും വിഷമവുമൊക്കെയാണ്. ലോകം ഈ രൂപത്തിൽ പോകുമ്പോൾ ഇത്തരം ഒരുപാട് ആളുകൾ വരണം. നന്നായി സ്ട്രഗ്ൾ ചെയ്ത് മു​ന്നോട്ടുപോകാൻ കഴിയണം. അതിന് നമുക്കുമുന്നിൽ വഴികാട്ടിയായി നിൽക്കുന്ന ഒരാളാണ് വി.എസ്.

Comments