വി.എസ്​.: ചൂണ്ടിക്കാണിക്കാൻ,
ഇതാ ഒരു കമ്യൂണിസ്​റ്റ്​

‘‘ഒരു കമ്യൂണിസ്റ്റിനെ കാണിച്ചുതരൂ എന്നാരെങ്കിലും ആവശ്യപ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ നൂറു വയസ്സായ, ഒരു പൊരുതുന്ന മനുഷ്യൻ എനിക്കുമുമ്പിൽ ഇപ്പോഴുമുണ്ട്.’’- വി.എസ്​. അച്യുതാനന്ദനെ ഓർക്കുകയാണ്​ അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. ശശിധരൻ.

നൂറു വയസ് തികയുന്ന വി.എസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. കടന്നുവന്ന ഒമ്പതിലേറെ പതിറ്റാണ്ടുകളെക്കുറിച്ച് ഏറെയൊന്നും പറയാനും എനിക്കറിയില്ല. അതുപോലെ, ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ന്​ ഈ ദിവസം വരെ ആ വ്യക്തിത്വം എന്നിലുണ്ടാക്കിയ അമ്പരപ്പ് ഏതാനും വാക്കുകളിലൊതുക്കുക ബുദ്ധിമുട്ടുമാണ്.

എന്നെ സംബന്ധിച്ച്, വി.എസ് ഒരിക്കലും ഒരു ബിംബമായിരുന്നില്ല. ആദ്യ കാലങ്ങളിൽ വി.എസിനെക്കുറിച്ച് എനിക്കുള്ള ധാരണകൾ അങ്ങനെയായിരുന്നു താനും. വെട്ടിനിരത്തലിന് നേതൃത്വം നൽകിയ, മുരടനായ, ചിരിക്കാത്ത കാർക്കശ്യക്കാരൻ എന്ന ചിത്രത്തിൽ നിന്ന് വി.എസ് എന്ന പ്രത്യയശാസ്ത്ര ഭൂമികയെ തിരിച്ചറിയുന്നത് 2001 -ലാണ്.

മൈക്രോസോഫ്റ്റ് എന്ന കുത്തകയുടെ പിടിയിൽനിന്ന് കേരളത്തിലെ വിദ്യാർഥി സമൂഹത്തെ, വരും തലമുറയെ മോചിപ്പിക്കുക എന്ന ദൗത്യത്തിൽ പങ്കുചേരാൻ നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു, എനിക്ക്. കെ.എസ്.ടി.എ. എന്ന അധ്യാപക പ്രസ്ഥാനത്തിലെ എന്റെ സ്ഥാനം, റിച്ചാർഡ് സ്റ്റാൾമാനെപ്പോലുള്ളവരുടെ ബോധവൽക്കരണം, കമ്പ്യൂട്ടർ സാങ്കേതികവിദ്യയോടുള്ള പ്രണയം എന്നിവയെല്ലാം ഒത്തുചേർന്നപ്പോൾ ഞാനും പടച്ചട്ടയണിഞ്ഞ കാലമായിരുന്നു, അത്. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ രാഷ്ട്രീയം തലക്കുപിടിച്ച നാളുകൾ. കേരളത്തിലെ വിദ്യാഭ്യാസത്തിലേക്ക് മൈക്രോസോഫ്റ്റിന്റെ പിൻവാതിലിലൂടെയുള്ള ആക്രമണം നേരിടാൻ രാഷ്ട്രീയ പിന്തുണ അഭ്യർഥിച്ച് കോടിയേരി മുതൽ എ. വിജയരാഘവൻ വരെ നിരവധി പേരെ നേരിട്ട് കണ്ട് സംസാരിച്ച നാളുകൾ.

അങ്ങനെ ഒരു ദിവസം കട്ടുപ്പാറയിലെ എച്ച്.കെ. പിഷാരടി (മുൻ മന്ത്രി പാലോളിയുടെ പ്രൈവറ്റ് സെക്രട്ടറിയും കെ.പി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും) നിർദ്ദേശിച്ചതനുസരിച്ചാണ് ഞാൻ ആദ്യമായി വി.എസിനെ കാണുന്നത്. പാർട്ടിയിലെ യുവ നേതാക്കൾക്കുപോലും മനസ്സിലാവാത്ത വിജ്ഞാനത്തിന്റെ രാഷ്ട്രീയം വി.എസ് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. വിജ്ഞാനത്തിന്റെ കുത്തകവൽക്കരണത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആദ്യത്തെ പ്രസ്താവന ടൈപ്പ് ചെയ്യുമ്പോഴുണ്ടായ കോരിത്തരിപ്പാണ് എന്നെ വി.എസ് ഫാനാക്കി മാറ്റിയത്.

പിന്നെ വി.എസ് എന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. ഭൂമിയുടെ രാഷ്ട്രീയം, വികസനത്തിന്റെ രാഷ്ട്രീയം, പരിസ്ഥിതിയുടെ രാഷ്ട്രീയം, തുല്യതയുടെ രാഷ്ട്രീയം...
വി.എസ്. മാത്രമല്ല. വി.എസിനോടൊപ്പം അതത് മേഖലകളിൽ പ്രവർത്തിക്കുന്ന വലിയൊരു നിരയുണ്ടായിരുന്നു. അതൊരു കൂട്ടായ്മയായിരുന്നു.

2006 - ൽ ഇടതുപക്ഷം അധികാരത്തിലെത്തുകയും സർക്കാരുണ്ടാക്കുകയും ചെയ്യണമായിരുന്നു. അധികാരത്തിലെത്തിയാൽ സ്വാഭാവികമായും വി.എസിനായിരിക്കും മുഖ്യമന്ത്രിപദം. വി.എസിനെ മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനവും, അതിനെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഏതായാലും, അധികാരമേറ്റ ശേഷം എന്നോട് പേഴ്സണൽ സ്റ്റാഫിൽ ചേരാൻ വി.എസ്. നിർദ്ദേശിക്കുകയും അതനുസരിച്ച് ഔദ്യോഗികമായി വിഎസ്സിനോടൊപ്പം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.

കേരള രാഷ്ട്രീയത്തിലെ വി.എസിന്റെ അടയാളപ്പെടുത്തലുകളെക്കുറിച്ച് ഏറെ പറയാനുണ്ട്. അതുപോലെത്തന്നെ, വി.എസ് എന്ന രാഷ്ട്രീയ നിലപാടിന് തടയിട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് എവിടെ എത്തുമായിരുന്നു എന്ന കണക്കുകൂട്ടലുകളുണ്ട്. വി.എസ് എന്ന മൃദുലതയെക്കുറിച്ച് പറയാനുണ്ട്. വി.എസ് എന്ന പോരാളിയെക്കുറിച്ചുള്ള ഓർമകളുണ്ട്.. അതൊന്നും ഈ കുറിപ്പിൽ ഒതുങ്ങുന്നതല്ല.

എന്റെ എല്ലാ ഓർമകളും രണ്ട് കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. 2001 മുതൽ 2006 വരെയുള്ള കാലഘട്ടം. അന്നാണ്, വി.എസ് എന്ന വ്യക്തിയെ ഒരു പ്രത്യയശാസ്ത്രമായി ബോധ്യപ്പെടുന്നത്. പരിസ്ഥിതി നശീകരണത്തിനെതിരെ, സ്ത്രീപീഡകർക്കെതിരെ, ഭൂമിയെ കേവലം ചരക്കാക്കുന്നതിനെതിരെ, കയ്യേറ്റങ്ങൾക്കെതിരെ.... പൊള്ളയായ മുദ്രാവാക്യങ്ങൾക്കുപരി, ഉണ്മയായ യാഥാർഥ്യങ്ങളിലാണ് രാഷ്ട്രീയപ്രവർത്തനം നടക്കുന്നത് എന്ന് ഒരു ജനതയെ ബോധ്യപ്പെടുത്തുന്ന ഇടപെടലുകളായിരുന്നു വി.എസിന്റേത്.

പറയാൻ എളുപ്പമാണ്, പ്രവർത്തിച്ച് കാണിക്കുമ്പോഴാണ് പ്രതിസന്ധികളുണ്ടാവുന്നത്. 2006 മുതൽ 2011 വരെയുള്ള കാലത്ത് പറഞ്ഞതെല്ലാം പ്രാവർത്തികമാക്കാനുള്ള പ്രയത്നമാണ് വി.എസ് നടത്തിയത് എന്നാണ് എന്റെ വിചാരം. ഭൂമിയെ ഉൽപ്പാദനോപാധിയായി കാണുന്നതിനു പകരം കേവലം ചരക്കായി കാണുന്നതിനെ വി.എസ്. ശക്തമായി നേരിട്ടു. പഴയ വെട്ടിനിരത്തലിന്റെ രാഷ്ട്രീയം 2008- ലെ നെൽവയൽ - തണ്ണീർത്തട നിയമത്തിലൂടെ വി.എസ്. വ്യക്തമാക്കി. മൂന്നാറിലേക്ക് ജെ സി ബി അയച്ചപ്പോഴും, നവീന മൂന്നാർ എന്ന പദ്ധതി വി.എസിനുണ്ടായിരുന്നു. കേവലം റിയൽ എസ്റ്റേറ്റ് വികസനമായിരുന്ന പഴയ സ്മാർട്ട്​ സിറ്റി കരാറിനെ പുതുക്കിപ്പണിതതും അതേ രാഷ്ട്രീയത്തിന്റെ ബോധ്യങ്ങളിലൂടെയായിരുന്നു.

Photo: VK Sasidharan, FB

സ്വന്തം പാർട്ടി പോലും വികസനവിരുദ്ധൻ എന്ന മുദ്ര ചാർത്തിയപ്പോഴും വളന്തക്കാട് ശോഭ സിറ്റിക്കുവേണ്ടി ഏക്കറു കണക്കിന് കണ്ടൽക്കാടുകൾ വെട്ടി വെളുപ്പിച്ച വികസനം വേണ്ടതില്ല എന്ന നിലപാടിൽ വി.എസ് ഉറച്ചു നിന്നു. വളന്തക്കാട് പദ്ധതി മാത്രമല്ല, മറ്റ് അഞ്ച് വൻകിട പദ്ധതികളും വി.എസ്. വേണ്ടെന്ന് വെച്ചു. ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണത് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

വികസനവും സുസ്ഥിര വികസനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി വി.എസ്. രേഖപ്പെടുത്തിയിട്ടുണ്ട്. കൂടങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികൾ നടത്തിയ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച സന്ദർഭത്തിൽ വി.എസ് പറഞ്ഞു: "മാർക്സിസ്റ്റുകൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഭൗതികത, അഥവാ ഉണ്മ ആപേക്ഷികവുമാണ്. ഇപ്പോൾ, ഇവിടെ എന്നൊക്കെ പറയുന്നത് പറയുന്നവരുടെ വീക്ഷണകോണിനനുസരിച്ചാണ്. ഇപ്പോൾ രാത്രിയാണ് എന്ന് ഇന്ത്യക്കാരൻ പറയുമ്പോൾ, അല്ല പകലാണ് എന്ന് അമേരിക്കക്കാരൻ പറയും. ഇത് ചുവപ്പാണ് എന്ന് മനുഷ്യർ പറയുമ്പോൾ, അല്ല, ഇത് ചാരനിറമാണ് എന്ന് മൂരികൾ പറയും. പോകുമ്പോൾ ഹൈവേയുടെ വലതുവശത്തിരുന്ന വീട് വരുമ്പോൾ ഇടതുവശത്തായിത്തീരും. ആശയങ്ങളിലും ഈ ആപേക്ഷികത നിലനിൽക്കുന്നു. കൂടങ്കുളം ആണവ നിലയം ശരിയാവുമ്പോൾ ജൈതാപൂർ ആണവ നിലയം തെറ്റായി പോവുന്നത് ഒരേ ആശയത്തെ ഒരേ അളവുകോലു വെച്ചാണെങ്കിലും വ്യത്യസ്ത കോണുകളിൽനിന്ന് വീക്ഷിക്കുന്നതുകൊണ്ടാണ്. ഇത്തരം വീക്ഷണ ചട്ടക്കൂടുകളിൽനിന്ന് വേറിട്ട് ആശയങ്ങളെയും ഭൗതികതയെയും വീക്ഷിക്കുന്നവരുടെ നിരീക്ഷണം ചിലപ്പോൾ മറ്റൊന്നായേക്കാം.'
ഊർജ വികസനത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടുകളോട് താൻ എന്തുകൊണ്ട് വിയോജിക്കുന്നു എന്നതിന്റെ സൈദ്ധാന്തിക തലം ഇതിലും സർഗാത്മകമായി പറയാനാവുമോ എന്നറിയില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതി വിരുദ്ധ സമരം, എൻഡോ സൾഫാൻ സമരം, പൊമ്പിളൈ ഒരുമൈ സമരം തുടങ്ങിയ ജനകീയ സമരങ്ങളോട് വി.എസ്. കൈക്കൊണ്ട നിലപാടുകളും അതിന്റെ പ്രതികരണങ്ങളും പൊതു സമൂഹത്തിലുള്ളതുതന്നെയാണല്ലോ.

ഒരു കമ്യൂണിസ്റ്റിനെ കാണിച്ചുതരൂ എന്നാരെങ്കിലും ആവശ്യപ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന, ഒരു പൊരുതുന്ന മനുഷ്യൻ എനിക്കുമുമ്പിൽ ഇപ്പോഴുമുണ്ട്.

[2022 ഒക്ടോബര്‍ 20-ന് ട്രൂകോപ്പി തിങ്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ]

Comments