"പൂക്കളോ? രാക്കിനാക്കളല്ലീ
സുപ്രഭാതത്തിൻ പൂവുകളെല്ലാം!"
- വൈലോപ്പിള്ളി.
ഒരു പൂവിന് ആ പൂവിൻ്റെ ജീവിതത്തിൽ ചില അർത്ഥങ്ങളുണ്ടാകും. ചിലത് കായായി മാറും. ചിലത് പൂവായിത്തന്നെ വീഴും. അത് മനുഷ്യേതരലോകമാണ്. ആയതിനാൽ വീണപൂവ് എന്നതൊക്കെ കാവ്യ പ്രതീകങ്ങൾ മാത്രമാണ്. ചെടിയുടെ ജൈവ ജീവിതവുമായി അതിനു ബന്ധമൊന്നുമില്ല.
മനുഷ്യന് പൂവ് എന്നാൽ വേറെ ചില അർത്ഥങ്ങളാണ്. കല്യാണങ്ങൾക്ക് മാലകൾ പരസ്പരം കൈമാറുമ്പോൾ രണ്ടു ജീവിതങ്ങൾ ഒരുമിക്കുന്നു. പല പൂവുകൾക്കും ഔഷധഗുണങ്ങൾ ഉണ്ട്. അവ മരുന്നുകളായി മാറുന്നു.ആരാധനാ സമ്പ്രദായങ്ങളിൽ പൂവുകൾക്ക് ചില പ്രാധാന്യങ്ങളുണ്ട്.പൂജയ്ക്കെടുക്കാത്ത പൂവുകളുണ്ട്.അതിഥികളെ സ്വീകരിക്കുന്നത് പൂവുകളും പൂച്ചെണ്ടുകളും നൽകിയിട്ടാണ്. പനിനീർ പൂവ് കൊടുത്തിട്ട് അത് എവിടെയുണ്ട് എന്ന് ചോദിച്ച്, അതെന്റെ ഹൃദയമായിരുന്നു എന്ന് ബഷീർ പറയുന്നുണ്ട്. ബഷീർ തന്നെ കാമിനിക്ക് പൂച്ചെടി ജയിൽ മതിലിനും മുകളിലൂടെ എറിഞ്ഞു കൊടുക്കുന്നുണ്ട്.
ഒരു മനുഷ്യജീവിതം അവസാനിച്ചു കഴിഞ്ഞാൽ കൂടെയുണ്ടായിരുന്നവർ സ്നേഹവും ബഹുമാനവും യാത്രാമൊഴിയും പ്രകടിപ്പിക്കുന്നത് ഇതേപോലെ വളച്ചു കെട്ടി ഒരു റീത്ത് അഥവാ പുഷ്പ ചക്രം അർപ്പിച്ചിട്ടാണ്.
അപ്പോൾ റീത്തിന് ജീവിതാവസാനവുമായി പ്രതീകാത്മക ബന്ധമാണുള്ളത്. മരിച്ചവരുടെ ഭൗതിക ശരീരത്തിന് സമർപ്പിക്കുന്നു.മരിക്കാത്തവരുടെ വീട്ടിലോ കോലായിലോ മുറ്റത്തോ കൊണ്ടു വയ്ക്കുന്ന മനോഹരമായ ഒരു ആചാരവുമുണ്ട്. അത് കൂടുതലും പ്രയോഗിക്കുന്നത് കഠിന വിദ്വേഷങ്ങളാൽ മാനുഷികബോധങ്ങളെല്ലാം തകർന്ന,ജനാധിപത്യ ബോധം ഒട്ടുമില്ലാത്ത നമ്മുടെ രാഷ്ട്രീയകക്ഷികളാണ്.മതത്തിലെ ആയാലും പാർട്ടികളിലെ ആയാലും ആചാരങ്ങൾ ഒന്നും മാറ്റാൻ കഴിയില്ലല്ലോ!
പുലർച്ചെ അഞ്ചുമണിക്ക് ഒറ്റ വിളിയിൽ എഴുന്നേറ്റ്, അടുത്തുള്ള ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിങ്ങിന് പോകുന്ന എട്ടുവയസ്സുകാരൻ മകൻ വാതിൽ തുറന്ന്, ഗേഗ്ഗ് തുറക്കാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ചയിൽ അവൻ, "അച്ഛാ ഇതാ ഒരു പൂമാല" എന്ന് വിളിച്ചുപറയുന്നു. അവൻ്റെ അച്ഛൻ നോക്കുമ്പോൾ അത് പൂമാലയല്ല, പുഷ്പചക്രമാണ് എന്നറിയുന്നു. ചെണ്ടുമല്ലി, റോസ്, മുല്ല തുടങ്ങിയ സുന്ദരമായ ഒരു റീത്ത്. നല്ല വിലയുമുണ്ടാകും. എന്നു വെച്ചാൽ ഒരു റീത്ത് രാവിലെ പുലർവെട്ടം വീഴുന്നതിനു മുമ്പ്, അഞ്ചരമണിയോടെ കണ്ണപുരത്ത് മരുതം മുക്കിൽ ഞങ്ങളുടെ മരുതം എന്ന വീട്ടിന്റെ മുറ്റത്ത് കാണുമ്പോൾ ആ വീട്ടുകാർക്ക് ഉണ്ടാവുന്ന വികാരം എന്താവാം? എനിക്ക് ചിരിയാണ് വന്നത്. അതുകൊണ്ടുതന്നെ ടിവി ചാനലുകാർ ചോദിച്ചപ്പോൾ പൂക്കളല്ലേ നല്ല കണിയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. എന്നെ കൊന്നുവെന്നോ കൊല്ലും എന്നോ ആ റീത്ത് വെക്കലിലൂടെ ആരോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുട്ടിൽ രണ്ടുതരം മനുഷ്യരാണ് അവരുടെ പ്രവൃത്തികൾ നടപ്പിലാക്കുക. കള്ളന്മാരും ഭീരുക്കളും. എടുത്തുകൊണ്ടു പോയതല്ല കൊണ്ടുവന്നു വെച്ചതാണ് എന്നതുകൊണ്ട് ഇത് ചെയ്തത് കള്ളന്മാരല്ല; ഭീരുക്കളാണ് എന്നുറപ്പ്.

അതു ചെയ്തവർക്ക് എന്നോട് ചില വിയോജിപ്പുകൾ ഉണ്ട്. മനുഷ്യത്വം, ധാർമികത, നൈതികത, സാമാന്യബോധം തുടങ്ങിയവയുള്ള നോർമൽ മനുഷ്യൻമാർ അവരുടെ വിയോജിപ്പുകൾ നേരിട്ട് പറയുകയും മറുപടി കേൾക്കുകയും ചെയ്യും.ഇതിനാണ് ജനാധിപത്യബോധം (Democratic sense) എന്നു പറയുന്നത്.1924 ൽ ആലുവയിൽ ലോകമത സമ്മേളനം നടത്തിയപ്പോൾ ശ്രീനാരായണഗുരു പന്തലിനു മുന്നിൽ എഴുതി വെച്ചു:"വാദിക്കാനും ജയിക്കാനുമല്ല;അറിയാനും അറിയിക്കാനുമാണ്."
ഇതാണ് ജനാധിപത്യത്തെ കുറിച്ച് ഞാൻ വായിച്ച ഏറ്റവും അർത്ഥ സമ്പൂർണ്ണമായ വാക്കുകൾ.റീത്ത് വെച്ചവർ ഇതൊന്നും വായിച്ചിട്ടോ കേട്ടിട്ടോ ഉണ്ടാവില്ല.
നേരത്തെ പറഞ്ഞ മനുഷ്യത്വവും ധാർമികതയും ഒന്നുമില്ലാത്ത ഭീരുക്കൾ ഇത്തരത്തിൽ എതിരഭിപ്രായങ്ങളെ ഭയപ്പെടുത്തി ഒതുക്കാൻ നോക്കും. ഈ ഭീരുക്കളുടെ കൂട്ടായ്മ വളരെ സുഖവും ശക്തവും ആണെങ്കിൽ അവരുടെ ലക്ഷ്യം മിക്കവാറും വിജയിക്കും. പക്ഷേ ആരുടെ നേർക്കാണോ ഈ പ്രതീകാത്മകത തൊടുത്തു വിടുന്നത് അയാൾക്ക് അല്ലെങ്കിൽ അവർക്ക് ഒരുതരത്തിലുള്ള ഭയവുമില്ലെങ്കിൽ ആ അമ്പുകൾ തൂറ്റി പോവുകയേ ഉള്ളൂ.
ഫെബ്രുവരി പത്തൊമ്പതാം തീയതി ഞങ്ങളുടെ മരുതത്തിൽ സംഭവിച്ചതും അതാണ്. മക്കൾ സുകൃതിക്കും പ്രകൃതിക്കും എട്ടു വയസ്സേ ആയിട്ടുള്ളൂ എന്നതുകൊണ്ട് അവർക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലാകില്ല. എനിക്ക് ചിരിയാണ് വന്നത് എന്ന് പറഞ്ഞുവല്ലോ. പ്രതീക്ഷിക്കാതെ പഞ്ഞിക്കെട്ട് മുന്നിൽ വീണാലും നമ്മൾ ആദ്യം ഒന്ന് പകയ്ക്കും. അതുപോലെ സാവിത്രി ടീച്ചറും ആദ്യമൊന്ന് പകച്ചു. പിന്നെ ഞാൻ ചിരിച്ചത് പോലെ ചിരിച്ചു.അപ്പോൾ പ്രതീകാത്മകമായ ആ ആക്രമണം അട്ടർ ഫ്ലോപ്പ് !
സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഈ ഗ്രാമത്തിൽ എനിക്ക് വ്യക്തിപരമായി ശത്രുക്കൾ ഉണ്ടോ?സ്വർഗ്ഗം ഞാൻ കണ്ടിട്ടില്ല; എങ്കിലും പറയാം. പ്രത്യക്ഷത്തിൽ ഇല്ല. അത്രയേ പറയാൻ പറ്റൂ. ചില പിണക്കങ്ങൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണമായി, ഓട്ടോറിക്ഷ ഡ്രൈവർമാരായ രണ്ട് ഇരട്ട സഹോദരന്മാർ ഉണ്ട്.അതിൽ ഒരാൾ ശരിക്കും വലിയ ലോഗ്യക്കാരനാണ്.എവിടെ കണ്ടാലും ഓട്ടോ നിർത്തി രണ്ട് വർത്തമാനം പറഞ്ഞു പോകും. മറ്റേയാൾ കണ്ടാൽ അകാരണമായി മുഖം തിരിക്കും.ഇതാണ് പിണക്കങ്ങളുടെ ഒരു സാമ്പിൾ.
ഞങ്ങൾ ഇവിടെ വീട്ടിൽ കൂടൽ നടത്തി താമസം തുടങ്ങിയ 2002 മുതൽ ഞാൻ സി പി ഐ എം സഹയാത്രികനും പിന്നീട് എന്റേതല്ലാത്ത കാരണങ്ങളാൽ വിമർശകനുമാണ് എന്ന കാര്യം ഇവിടുത്തെ നേതാക്കൾക്ക് അറിയാം. പുരയ്ക്ക് ചാഞ്ഞ മരം എന്നു പറഞ്ഞ് എം എൻ വിജയൻ മാഷിനെ, അഥവാ എൻ്റെ അച്ഛനെ വെട്ടി കളയാൻ ശ്രമിച്ചപ്പോൾ, അത്രയും കാലം അച്ഛൻ എന്ന നിലയിലല്ലാതെ തന്നെ എം എൻ വിജയൻ്റെ ആശയങ്ങളെ പിന്തുടർന്ന ഞാൻ,ഈ സഹയാത്ര അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ടി.പി. ചന്ദ്രശേഖരൻ എന്ന ധീരനായ കമ്മ്യൂണിസ്റ്റിനെ അരുംകൊല ചെയ്തപ്പോൾ ഞാൻ കണ്ണപുരത്തുനിന്ന് ഒഞ്ചിയത്ത് എത്തിയതും വടകര ബസ്റ്റാൻഡിൽ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതുമെല്ലാം ഇവിടെ അറിയാം. അതിനുശേഷം വർഷങ്ങൾ എത്രയോ കഴിഞ്ഞല്ലോ.
കാരണമില്ലാതെ കാര്യമുണ്ടാവില്ല.ഏറ്റവും അടുത്തുള്ള കാരണമായി പറയാവുന്നത്, വി.കുഞ്ഞി കൃഷ്ണൻ എഴുതിയ,'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ വച്ച് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ, ജോസഫ് സി മാത്യുവിൽ നിന്ന് പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത് ഞാനാണ് എന്നതാണ്.അതുകഴിഞ്ഞിട്ടും ദിവസം 15 ആകുന്നു.അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് അന്ന് ഗാന്ധിജിയുടെ പേരിലുള്ള ഇടത്തിൽ തടിച്ചുകൂടിയത്.

പക്ഷേ തീർച്ചയായും, സംശയത്തിന്റേയോ ഊഹാപോഹത്തിന്റെയോ അടിസ്ഥാനത്തിൽ എന്തെങ്കിലും പറയാൻ ഞാൻ തയ്യാറല്ലായിരുന്നു.
ഉറച്ച തെളിവുകളില്ലാതെ സാധ്യതകളെ മുൻനിർത്തി നടത്തുന്ന ചിന്തയേയോ തീരുമാനത്തെയോ ആണല്ലോ ഊഹാപോഹം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. അത് ജനാധിപത്യവിരുദ്ധമാണ്. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ആവർത്തിച്ചാവർത്തിച്ച് ചോദിച്ച ചോദ്യത്തിന് ഇത് തന്നെയാണ് ഞാൻ ഉത്തരം പറഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് ഒന്നും പറയാനില്ല എന്ന്. പോലീസാണ് അത് കണ്ടുപിടിക്കേണ്ടത് എന്നും. അതുതന്നെയാണ്,കണ്ണപുരം പോലീസ് വളരെ ശുഷ്കാന്തിയോടുകൂടി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എനിക്ക് ആവർത്തിക്കാനുള്ളത്.
സി പി ഐ എമ്മിന്റെ ഇവിടുത്തെ പ്രധാന നേതാക്കൾ അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരും മറ്റുള്ളവരും നേരിട്ട് മരുതത്തിൽ വന്ന്, അവരുടെ ആശങ്കയും നടുക്കവും അറിയിക്കുകയുണ്ടായി. സുഹൃത്തുക്കളും അയൽ വീട്ടുകാരും നേരിട്ട് വന്നും ഫോണിലൂടെയും അവരുടെ പിന്തുണ അറിയിച്ചു. ആ സന്ദർഭങ്ങളിലൊക്കെ എന്റെ നിലപാട് ഞാൻ ആവർത്തിക്കുകയുണ്ടായി.സിപിഎം നേതാക്കളോട് ഞാൻ ഇങ്ങനെ പറഞ്ഞു. "ഇത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമൊന്നുമല്ല.പക്ഷേ ഇതിലൊരു ഒളിപ്പോരുണ്ട്.അതിനു പിന്നിലുള്ള ആളുകൾ ആരാണെന്ന് ശരിക്കും കണ്ടുപിടിക്കണം. കാരണം ഇന്ന് രാവിലെ മുതൽ മലയാളത്തിലെ ദൃശ്യമാധ്യമങ്ങളും നാളെ പത്രങ്ങളും പ്രതിസ്ഥാനത്ത് നിർത്താൻ പോകുന്നത് നിങ്ങളുടെ പാർട്ടിയെയാണ്. അതല്ല എന്ന് തെളിയിക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്.നിങ്ങളുടെ അധികാരത്തിലുള്ള പോലീസിനോട് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് എനിക്കൊരപേക്ഷയുണ്ട്."
സമൂഹമാധ്യമങ്ങളിൽ നിന്ന് വലിയ പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുകയുണ്ടായി എന്ന കാര്യം ഞാനിവിടെ സന്തോഷത്തോടെ പറയട്ടെ. നേരിട്ട് അറിയുന്നവരും ഫേസ്ബുക്ക് സുഹൃത്തുക്കളുമായ ഒരുപാട് പേർ ഇതിനെ എതിർത്തുകൊണ്ട് എഴുതുകയുണ്ടായി. അതിനടിയിൽ നൂറുകണക്കിന് ആൾക്കാർ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളും നടത്തി.സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസവും നിന്ദയും അതിൻ്റെ ആചാരങ്ങളിൽ ചിലതാണ്. ഇരുട്ടിലെ കള്ളന്മാരെയും ഭീരുക്കളെയും പോലെ വ്യാജ പ്രൊഫൈലുകളിൽ ഇരുന്നു അവിടെ പ്രതികരണങ്ങൾ ആവാമല്ലോ.പക്ഷേ അവിടെ ഭൂരിപക്ഷം എനിക്ക് തന്നെ!എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്.
ഇതിൽ ഏറ്റവും ഞെട്ടിച്ചത് വി വി പ്രഭാകരൻ എന്നൊരു മനുഷ്യനാണ്.അദ്ദേഹത്തിന് 86 വയസ്സായി. നടക്കാൻ പ്രയാസമുണ്ട്.ഒരു ഊന്നു വടിയുമായിട്ടാണ് നടക്കുന്നത്.അദ്ദേഹം ഏതാണ്ട് ഇവിടെനിന്ന് 45 കിലോമീറ്റർ അകലെയുള്ള കതിരൂർ എന്ന സ്ഥലത്ത് നിന്ന് എഗ്മോർ മംഗലാപുരം എക്സ്പ്രസ് പിടിച്ച്,കണ്ണപുരത്ത് ഇറങ്ങി മരുതത്തിൽ എത്തിയതാണ്. ഇവിടെ കണ്ണപുരത്ത് കുറച്ചുകാലം അദ്ദേഹം ഉണ്ടായിരുന്നുവത്രേ. പ്രതികരണ വേദി തുടങ്ങിയ കൂട്ടായ്മകൾ ഉണ്ടാക്കി ഇവിടെ നടക്കുന്ന അനീതികൾക്കും അത്യാചാരങ്ങൾക്കും എതിരെ പ്രതികരിക്കലാണ് അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട ദൗത്യം. വിഷയങ്ങൾ കോടതിയിൽ എത്തുമ്പോൾ അദ്ദേഹം തന്നെ വക്കീലാവും. അരമണിക്കൂറോളം ഇരുന്ന് സംസാരിച്ചിട്ട്, ചായ കുടിച്ച്, തിരിച്ചുള്ള വണ്ടിയുടെ സമയമായപ്പോൾ അദ്ദേഹം ഇറങ്ങി."വെറുതെ കാണാൻ വന്നതാണ്" എന്ന് ഇറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.
അതിനിടയിൽ എൻ്റെ എഴുത്തു കാലസുഹൃത്തും ഇപ്പോൾ സിപിഎമ്മിന്റെയും ഗവൺമെന്റിന്റെയും നയ്യാകരണനായ അശോകൻ ചരുവിൽ മറ്റൊരാളുടെ പോസ്റ്റിന് ഇങ്ങനെ കമൻറ് ചെയ്തത് കണ്ടു: "സത്യാനന്തരകാലം അതു വെച്ചതും ഫോട്ടോയെടുത്തതും വാർത്ത കൊടുത്തതും ഒരാൾ തന്നെയായിരിക്കും എന്നതിൽ ഒരു സംശയവുമില്ല." എന്നു വെച്ചാൽ ഞാനാണ് അത് ചെയ്തത് എന്ന്! എൻ്റെ വീട്ടിൽ ഇതൊക്കെ ചെയ്യാൻ കഴിയുന്നത് എനിക്കും പിന്നെ സാവിത്രി ടീച്ചർക്കും മാത്രമാണ്. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവർ. വളഞ്ഞ വഴിയിൽ പ്രശസ്തനാവുകയായിരിക്കും അതിൻ്റെ ലക്ഷ്യം.ഇങ്ങനെയൊക്കെ പറയാൻ എങ്ങിനെ അശോകൻ ചരുവിലിൻ്റെ വിരലുകൾക്ക് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
പ്രശസ്തനാവുകയായിരുന്നു എൻ്റെ ലക്ഷ്യമെങ്കിൽ അശോകൻ ചരുവിലിനെ പോലെ രായ്ക്കുരാമാനം മറുകണ്ടം ചാടിയാൽ മതിയായിരുന്നു. എം.എൻ. വിജയൻ മാഷിൻ്റെയൊക്കെ നേതൃത്വത്തിൽ തുടങ്ങിയ അധിനിവേശ പ്രതിരോധ സമിതിയിൽ അശോകൻ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചിരുന്നു. പുറത്തു കടന്നപ്പോഴും അദ്ദേഹത്തിന് പ്രധാനപ്പെട്ട സ്ഥാനങ്ങൾ ലഭിച്ചു. അതേസമയം അദ്ദേഹം തന്നെ ഇപ്പോൾ പ്രധാന പരികർമ്മിയായ പുരോഗമന കലാസാഹിത്യസംഘം ഇറക്കിയ ഒരു പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നുണ്ട്: " പ്രശസ്ത കഥാകൃത്ത് വി.എസ്. അനിൽകുമാറിന്റെ കണ്ണൂർ കണ്ണപുരത്തുള്ള വീട്ടിനുമുന്നിൽ രാത്രി സമയത്ത് അജ്ഞാതർ റീത്ത് വെച്ച് നടപടിയെ പുരോഗമന കലാസാഹിത്യസംഘം ശക്തിയായി അപലപിക്കുന്നു." നമ്മുടെ പുരോഗമനം ഒട്ടും മുന്നോട്ട് പോയിട്ടില്ലെന്ന് തോന്നുന്നു.അശോകന്റെ ഫേസ്ബുക്ക് പ്രതികരണവും ഇതും ചേർത്ത് വായിച്ചാൽ ഇതിലെ അജ്ഞാതർ എന്ന വാക്കിന് ഞാനും എൻ്റെ വീട്ടുകാരിയും എന്ന അർത്ഥമാണ് വരിക!! ഞാനൊറ്റയ്ക്കല്ല. എനിക്ക് വീണ്ടും ചിരി വരുന്നു."ഓലപ്പാമ്പുകൾക്ക് ഇഴയാൻ പറ്റാത്തതിനാൽ കൊണ്ടു വെച്ചവർ തന്നെ എടുത്തു മാളത്തിൽ ഒളിപ്പിക്കുന്നത് നന്നാവും. " എന്ന് ഫേസ്ബുക്കിൽ വേണുഗോപാലൻ കുനിയിൽ കമൻറ് ചെയ്തത് ഇവിടെ ഓർത്തുപോകുന്നു.അപ്പോഴും ഞാൻ സംശയരഹിതമായി ഇത് തെളിയിയിച്ചു കിട്ടണം എന്ന നിർബന്ധത്തിൽ ഉറച്ചുനിൽക്കുന്നു.

ഇനിയും ഇവിടങ്ങളിലൊക്കെ പൂക്കൾ വിരിയും. പൂവേതരമായ അർത്ഥം കൊണ്ട് അവയെ മനുഷ്യരും പൊലിപ്പിച്ചെടുക്കും.അത്രയും സൗമ്യവും ശാന്തവും മൃദുലവുമായ ഒരു പ്രകൃത്യനുഭവത്തിന് നമ്മൾ മനുഷ്യർ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും അർത്ഥങ്ങൾ കൊടുക്കുമ്പോൾ തന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കടുംചായങ്ങളും പൂക്കളിലേക്ക് കടത്തിവിടുന്നുണ്ട്.അത് എന്തെങ്കിലുമാവട്ടെ.മനുഷ്യരുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ജയിച്ചാലും തോറ്റാലും പ്രതിപക്ഷത്ത് ഇരിക്കുക എന്ന ധർമ്മം ഏറ്റെടുത്തവരാണ് എഴുത്തുകാരും കലാകാരന്മാരും.പലപ്പോഴും പലരും പ്രതിപക്ഷത്തിന് രാജിവച്ച് ഭരണപക്ഷത്ത് ചേരാറുമുണ്ട്.അത് അവരുടെ കാര്യം.സൗവർണ പ്രതിപക്ഷത്തെക്കുറിച്ച് വൈലോപ്പിള്ളി സൂചിപ്പിച്ചിട്ടുണ്ടല്ലോ.ഈ കുറിപ്പിന്റെ തുടക്കവും ഒടുക്കവും അദ്ദേഹം തന്നെയാവട്ടെ.
