ലൈഫിന്​ അക്കരെയും ഇക്കരെയും വടക്കാഞ്ചേരി

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ടക്കാഞ്ചേരി വർഷങ്ങളായി ഒരു സ്റ്റാർ മണ്ഡലമായി തുടരുകയാണ്, സ്ഥാനാർഥികളുടെ കാര്യത്തിലല്ല ഈ സ്റ്റാർഡം, സംഭവങ്ങളുടെ കാര്യത്തിലാണ്. 2016 ലെ വോട്ടെണ്ണൽ സംസ്ഥാനത്തിന്റെ തന്നെ നെഞ്ചിടിപ്പേറ്റിയതാണ്; അവസാന നിമിഷം വെറും 43 വോട്ടിനാണ് കോൺഗ്രസിലെ അനിൽ അക്കര സി.പി.എമ്മിലെ മേരി തോമസിനെ തോൽപ്പിച്ചത്.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനുമുമ്പേ എൽ.ഡി.എഫിന് ഒന്നു കൈ പൊള്ളി. പ്രാദേശിക പ്രവർത്തകരുടെ താൽപര്യം പാടേ അവഗണിച്ച്, യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിക്കാൻ നടി കെ.പി.എ.സി ലളിതയെ സ്ഥാനാർഥിയായി തീരുമാനിച്ചു. അതിനുള്ള ന്യായം ഗംഭീരമായിരുന്നു: പുരുഷവോട്ടർമാരേക്കാൾ 9400 സ്ത്രീ വോട്ടർമാരുണ്ടെന്നും സിറ്റിങ്​ എം.എൽ.എ സി.എൻ. ബാലകൃഷ്ണന് ഭൂരിപക്ഷം 6685 വോട്ടാണെന്നും മണ്ഡലത്തിലെ സ്ത്രീകളുടെ വോട്ട് ലളിതക്ക് സമാഹരിക്കാനാകുമെന്നും അപ്പോൾ ജയം ഉറപ്പാണെന്നുമുള്ള ഒരു പൊട്ടക്കണക്ക് ആരാണ് പാർട്ടിയുടെ കാതിൽ ഓതിയത് എന്നറിയില്ല.

പേരിലെ ആ നാലക്ഷരം ഒഴിച്ചുനിർത്തിയാൽ ഒരു വിധത്തിലും ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ആളായിരുന്നില്ല ലളിത. ഉടൻ അവർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു, സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. അവർ ഒരാൾക്കുവേണ്ടിയാണ് മുദ്രാവാക്യം വിളിച്ചത്; സേവ്യർ ചിറ്റിലപ്പള്ളിയെ സ്ഥാനാർഥിയാക്കണം. ‘ഞാനും ഒരു കമ്യൂണിസ്റ്റുകാരിയാണ്' എന്നൊക്കെ പറഞ്ഞ് ലളിത കാലുറപ്പിക്കാൻ നോക്കിയെങ്കിലും ഒടുവിൽ പിന്മാറേണ്ടിവന്നു. എന്നാൽ, പ്രതിഷേധം വകവച്ചുകൊടുത്തു എന്ന ചീത്തപ്പേരിൽനിന്ന് രക്ഷപ്പെടാൻ സേവ്യറിനുപകരം ഒരു മേരി തോമസിനെ നിർത്തി തോറ്റുകൊടുത്തു.

കഴിഞ്ഞ തവണ അവസരം നിഷേധിക്കപ്പെട്ട സേവ്യർ ചിറ്റിലപ്പള്ളിയാണ് ഇത്തവണ സി.പി.എം സ്ഥാനാർഥി. സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാർഥികളിൽ ഒരാളാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെങ്കിലും മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ളവരുടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച സംഘാടകനാണ്. വടക്കാഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

43 വോട്ടിന്റെ ഭൂരിപക്ഷം എന്ന സമ്മർദത്തിൽനിന്നൊഴിവാകാൻ സമർപ്പിച്ചതായിരുന്നു അനിൽ അക്കരയുടെ അഞ്ചുവർഷത്തെ മണ്ഡലജീവിതം. സ്ഥാനാർഥികളെക്കുറിച്ച് നേതാക്കന്മാരുടെ മനസ്സിലൊരു ചിത്രം തെളിയുന്നതിനുമുമ്പേ അനിൽ വടക്കാഞ്ചേരിയിൽ പ്രചാരണം തുടങ്ങി. ഇതിൽ ജില്ലാനേതൃത്വത്തിനുള്ള അതൃപ്തി വകവെക്കാതെ വികസന സന്ദേശ പദയാത്രയുമൊക്കെയായി അനിൽ മണ്ഡലത്തിൽ നടന്നുതുടങ്ങി. പഞ്ചായത്തുകൾ തോറും പ്രതിദിനം 40 കിലോമീറ്ററാണ് അനിൽ നടന്നുതീർത്തത്. സ്ഥാനാർഥിപ്പട്ടിക ഡൽഹിയിൽ നേതാക്കൾ ചിക്കിച്ചികഞ്ഞുകൊണ്ടിരിക്കുന്നതിനിടക്കും അനിൽ പ്രചാരണത്തിലാണ്.
രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ ഇത്തവണ വടക്കാഞ്ചേരിയിലേക്കുതിരിയുന്നത് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന് കരാർ ലഭിക്കാൻ 4.48 കോടി രൂപ സ്വപ്‌ന സുരേഷ് അടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന കരാറുകാരന്റെ വെളിപ്പെടുത്തലിനെതുടർന്നാണ് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടത്, നായകന്മാർ അനിൽ അക്കരയും മന്ത്രി എ.സി. മൊയ്തീനും. ഈ തെരഞ്ഞെടുപ്പിലും വടക്കാഞ്ചേരിയിൽ മറ്റൊരു പ്രചാരണ വിഷയമുണ്ടാകില്ല എന്നുറപ്പാണ്. യു.ഡി.എഫും എൽ.ഡി.എഫും ലൈഫ് മിഷനിൽ ഊന്നാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ആരോപണം തെളിയിക്കാനുള്ള ധാർമിക ഉത്തരവാദിത്തം യു.ഡി.എഫിനും വെറും വിവാദമാണെന്ന് തെളിയിക്കാനുള്ള ധാർമിക ഉത്തരവാദിത്തം എൽ.ഡി.എഫിനുമുണ്ട്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

തദ്ദേശ തെരഞ്ഞെടുപ്പ് ഇതിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. അതിൽ, ജയിച്ചത് എൽ.ഡി.എഫ്. അനിൽ അക്കര വിവാദത്തിലൂടെ 140 കുടുംബങ്ങൾക്ക് വീട് കിട്ടുന്നത് മുടക്കി എന്ന എൽ.ഡി.എഫ് ആക്ഷേപം ജനങ്ങൾക്ക് ബോധിച്ചു. വടക്കാഞ്ചേരി നഗരസഭയിൽ 41 വാർഡുകളിൽ 21 ഇടത്തും എൽ.ഡി.എഫിനായിരുന്നു ജയം. കഴിഞ്ഞ തവണ 15 സീറ്റ് നേടിയ യു.ഡി.എഫിന് ഒരു ഡിവിഷൻ മാത്രമാണ് ഇത്തവണ അധികം ലഭിച്ചത്. നഗരസഭയിൽ മാത്രം 3697 വോട്ടാണ് എൽ.ഡി.എഫിന് അധികം ലഭിച്ചത്. മണ്ഡലത്തിൽ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്.

ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വാദം ഒന്നുകൂടി മൂർച്ചയോടെ അവതരിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനം- പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതി എം.എൽ.എ അട്ടിമറിച്ചു. ഭവനരഹിതരുള്ള വടക്കാഞ്ചേരിയിൽ പയറ്റാൻ പറ്റിയ മികച്ച മുദ്രാവാക്യം. ലൈഫ് സി.പി.എമ്മിന് മറ്റൊരു കാര്യത്തിൽ കൂടി സമാശ്വാസമായി. വിഭാഗീയ അസ്‌കിതയുള്ള വടക്കാഞ്ചേരിയിൽ ലൈഫ് പാർട്ടിയിലെ വിഭാഗീയതക്ക് അന്ത്യം കുറിച്ചിരിക്കുകയാണെന്നു പറയാം. വർധിതവീര്യത്തോടെയാണ്, ഭിന്നത മറന്ന് പാർട്ടി വടക്കാഞ്ചേരിയിൽ സർക്കാറിനെതിരായ ആരോപണങ്ങൾ നേരിടാൻ അണിനിരന്നുനിൽക്കുന്നത്.

അനിൽ അക്കര വെറുതെയിരിക്കുകയല്ല. ലൈഫ് തന്നെയാണ് അനിലിന്റെയും വിഷയം. ‘എല്ലാ വടക്കാഞ്ചേരിക്കാർക്കും വീട്' എന്ന മുദ്രാവാക്യവുമായി സ്വരാജ് പാർപ്പിട പദ്ധതിയുമായാണ് അനിലിന്റെ വരവ്. ലൈഫ് പദ്ധതിയിൽ വീട് നിരസിക്കപ്പെട്ടവരെ തെരഞ്ഞുപിടിക്കുകയാണ് എം.എൽ.എ. ലൈഫ് മിഷൻ പണിയുന്ന ഫ്‌ളാറ്റിൽ വടക്കാഞ്ചേരി മണ്ഡലത്തിലെ ആർക്കെങ്കിലും ഫ്‌ളാറ്റ് കിട്ടിയോ എന്നറിയാൻ എം.എൽ.എ അദാലത്ത് നടത്തി. ‘അദാലത്തിനെത്തിച്ച' 25 പേർക്കും ഫ്‌ളാറ്റ് കിട്ടിയിട്ടില്ലത്രേ. ‘വീടുമുടക്കി എം.എൽ.എക്ക് മാപ്പില്ല' എന്നുപറഞ്ഞ് സി.പി.എം പ്രകടനവും നടത്തി.

എന്നാൽ, അക്കരക്ക് വിജയസാധ്യത കുറവാണെന്നും മറ്റൊരാളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചെയർമാനും കോൺഗ്രസ് ഭരിക്കുന്ന മൾട്ടി പർപ്പസ് സഹ. സംഘം പ്രസിഡന്റുമായ ഇ.കെ. ദിവാകരനെപോലുള്ള ചില പ്രാദേശിക നേതാക്കൾ തലപൊക്കുന്നുണ്ട്.

ബി.ജെ.പി ജില്ല സെക്രട്ടറി ഉല്ലാസ് ബാബുവാണ് എൻ.ഡി.എ സ്ഥാനാർഥി. ഉല്ലാസ് ബാബുവിന് കഴിഞ്ഞ തവണ 26,652 വോട്ടാണ് കിട്ടിയത്.
യു.ഡി.എഫിന് മേൽക്കൈയുള്ള വടക്കാഞ്ചേരി ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ചതും കോൺഗ്രസിനുതന്നെയാണ്.

2004ൽ കെ.പി.സി.സി പ്രസിഡൻറ്​ പദം രാജിവെച്ച് വൈദ്യുതിമന്ത്രിയായ കെ. മുരളീധരനെ സി.പി.എമ്മിലെ അന്നത്തെ പുതുമുഖമായ എ.സി. മൊയ്തീൻ അട്ടിമറിച്ചതോടെയാണ് വടക്കാഞ്ചേരി സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. മന്ത്രിയായിരിക്കേ ഉപതെരഞ്ഞെടുപ്പിൽ തോൽക്കുന്ന ആദ്യയാളായി മുരളി. 2006ലും മൊയ്തീൻ മണ്ഡലം നിലനിർത്തി, കോൺഗ്രസിലെ ടി.വി. ചന്ദ്രമോഹനെയാണ് തോൽപ്പിച്ചത്. 2011 ൽ സി.എൻ. ബാലകൃഷ്ണനിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു.

2016 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണ കോൺഗ്രസും നാലു തവണ ഇടതുപക്ഷവും രണ്ട് തവണ എസ്.എസ്.പിയും ഒരു തവണ പി.എസ്.പിയും വിജയിച്ചിട്ടുണ്ട്.


Comments