നിലമ്പൂരിലെ
കൂട്ടലിലും കിഴിക്കലിലും
രാഷ്ട്രീയം എത്ര ശതമാനമുണ്ട്?

രാഷ്ട്രീയ പ്രവർത്തകരും സാമുദായിക നേതാക്കളും സാഹിത്യകാരരും സാംസ്കാരിക പ്രവർത്തകരും കളം നിറഞ്ഞുനിന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ ​പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉന്നയിക്കാനും ചർച്ചയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞുവോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു- ഇ.കെ. ദിനേശൻ എഴുതുന്നു.

തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവമാകുന്നത് ജനം അതിൽ ക്രിയാത്മകമായി പങ്കാളികളാകുമ്പോഴാണ്. ജനം എന്നതിന് സാന്നിധ്യം എന്നുമാത്രമല്ല അർത്ഥം. മറിച്ച്, ചിന്തയാലും ബുദ്ധിയാലും തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ സംവാദാത്മകമായി ഇടപെടുമ്പോഴാണ് ഓരോ വ്യക്തികളും രാഷ്ട്രീയ മനുഷ്യരായി മാറുന്നത്. അങ്ങനെ ഓരോ തെരഞ്ഞെടുപ്പും ജനങ്ങൾക്ക് പുതു ഊർജ്ജം നൽകുന്നു. ജനാധിപത്യ സമൂഹങ്ങളിൽ രാഷ്ട്രീയം അങ്ങനെയാണ് മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നത്. അവിടെ ഓരോ രാഷ്ട്രീയ പാർട്ടിക്കും അവയുടേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അത് ഓരോ കാലത്തിൻ്റേയും സവിശേഷമായ സാമൂഹികാവസ്ഥയെ ഉൾക്കൊണ്ടും അതിനനുസരിച്ച നയപരിപാടികൾ രൂപീകരിച്ചുമാണ് നിലനിൽക്കുന്നത്. അത്തരം നയനിലപാടുകൾ ഏറ്റുമുട്ടുമ്പോഴാണ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയം സൂക്ഷ്മ വിശകലനത്തിന് വിധേയമാകുന്നത്.

ഏതൊരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയം പറയുക എന്നതാണ് സ്ഥാനാർത്ഥികളുടെ പ്രാഥമിക കർത്തവ്യം. അങ്ങനെ വ്യത്യസ്ത ആശയധാരകളെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥികൾ മുന്നോട്ടുവയ്ക്കുന്ന നിലപാടുകൾ ആ സമൂഹത്തിലെ വ്യത്യസ്തരായ മനുഷ്യരുടെ ജീവിതാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. അങ്ങനെ ഭക്ഷണം കൊണ്ടും വിശ്രമം കൊണ്ടും തൃപ്തിയടയാത്ത മനുഷ്യർ സമൂഹ്യവളർച്ചക്കുവേണ്ടി തങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും മുന്നോട്ട് വെയ്ക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് കവലകളിൽ നടക്കുന്ന രാഷ്ട്രീയസംവാദത്തിൽ കേൾവിക്കാരായി എത്തുന്ന മനുഷ്യർ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യങ്ങൾ ഇതിനെ സാധൂകരിക്കുന്നുണ്ട്. അതായത്, ചില സമയത്ത് സ്ഥാനാർത്ഥികൾക്ക് ഉത്തരം നൽകാൻ കഴിയാത്ത രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ സാധാരണ മനുഷ്യർക്ക് കഴിയുന്നു. അതേ മനുഷ്യരോട് കേരളത്തിലെ എത്ര നേതാക്കൾക്ക് രാഷ്ട്രീയം പറയാൻ പറ്റുന്നുണ്ട് എന്നതാണ് ചോദ്യം.

 ഹിന്ദുത്വത്തെ മുൻനിർത്തിയുള്ള ബി ജെ പിയുടെ വാദഗതികൾക്ക് മറുപടിയെന്നവണ്ണം മറ്റു ജനാധിപത്യ പാർട്ടികൾക്കു  പോലും മതത്തെ മുൻനിർത്തി രാഷ്ട്രീയം പറയേണ്ടിവന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ജീവൽപ്രശ്നങ്ങളെ  മറന്ന് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തിന്റെ ഉത്സവമാക്കാനാകില്ല.
ഹിന്ദുത്വത്തെ മുൻനിർത്തിയുള്ള ബി ജെ പിയുടെ വാദഗതികൾക്ക് മറുപടിയെന്നവണ്ണം മറ്റു ജനാധിപത്യ പാർട്ടികൾക്കു പോലും മതത്തെ മുൻനിർത്തി രാഷ്ട്രീയം പറയേണ്ടിവന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ജീവൽപ്രശ്നങ്ങളെ മറന്ന് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തിന്റെ ഉത്സവമാക്കാനാകില്ല.

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലുടനീളം നടന്നത് മതത്തെ മുൻനിർത്തിയുള്ള വിനാശകരമായ വോട്ടുപിടുത്തമായിരുന്നു. ബി ജെ പിയുടെ ഭാഗത്തുനിന്ന് നൂറിലേറെ ഇടങ്ങളിൽ ന്യൂനപക്ഷ വിരുദ്ധ പ്രസംഗമുണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രധാനമായി ഉന്നയിക്കേണ്ട രാഷ്ട്രസംബന്ധമായ വിഷയങ്ങളെ തമസ്കരിച്ച്, പകരം മതവും ജാതിയും വർഗീയതയും ഓരോ സ്ഥലത്തിൻ്റേയും സവിശേഷ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് അവതരിപ്പിക്കാൻ പാർട്ടികൾ ശ്രമിച്ചത്? പ്രത്യേകിച്ച്, ഹിന്ദുത്വത്തെ മുൻനിർത്തിയുള്ള ബി ജെ പിയുടെ വാദഗതികൾക്ക് മറുപടിയെന്നവണ്ണം മറ്റു ജനാധിപത്യ പാർട്ടികൾക്കു പോലും മതത്തെ മുൻനിർത്തി രാഷ്ട്രീയം പറയേണ്ടിവന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ജീവൽപ്രശ്നങ്ങളെ മറന്ന് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തിന്റെ ഉത്സവമാക്കാനാകില്ല.

ഏറ്റവും ഒടുവിൽ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ എത്രകണ്ട് രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടു? എന്തുകൊണ്ട് മതവും വർഗീയതയും തെരഞ്ഞെടുപ്പുകാലത്ത്, അന്നുവരെ കാണാത്ത രീതിയിൽ വാദങ്ങളായും മറുവാദങ്ങളായും നേതാക്കൾക്ക് ഉന്നയിക്കേണ്ടി വന്നു?

ഏതാനും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഇവർ, കാലങ്ങളായി അടിസ്ഥാനവർഗ്ഗ മനുഷ്യർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന എത്ര വിഷയങ്ങളോട് പ്രതികരിച്ചു എന്ന ചോദ്യം പ്രസക്തമായിരുന്നു.

രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന പല വർഗ്ഗീയ പരാമർശങ്ങളും സമൂഹത്തിനേൽപ്പിക്കുന്ന പരിക്കുകൾ ചെറുതല്ല. അത് വോട്ടർമാരെ ഏത് രീതിയിൽ സ്വാധീനിക്കുന്നു എന്നത് കൂടി തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ഇതൊക്കെ രാഷ്ട്രീയ സാക്ഷരത കുറഞ്ഞ ദേശങ്ങളിലാണ് കണ്ടുവരാറ്. അവിടെ വോട്ടർമാർക്ക് പണവും സമ്മാനവും കൊടുത്ത് വോട്ടിനെ വിപണനവസ്തുവായി മാറ്റുന്നു. അതിനു കാരണം, അവിടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയിലേക്ക് വരുന്നില്ല. അതിനനുകൂലമായ സാമൂഹ്യ സാഹചര്യം നിലനിൽക്കുന്നില്ല.

കേരളത്തിൽ, ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ സംവാദത്തിനുള്ള അവസരങ്ങളായി മാറുന്ന സാഹചര്യമുണ്ട്. എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏറെയും ദൃശ്യമായത് ഗൗരവതരമായ രാഷ്ട്രീയചർച്ചയല്ല. മറിച്ച്, തികഞ്ഞ മത-വർഗീയ വിവാദങ്ങളാണ്. അത് രാഷ്ട്രീയവേദിയിൽ ഉന്നയിക്കാൻ പറ്റുന്നതല്ലേ എന്ന വാദത്തോട് നമുക്ക് വിയോജിക്കാം. കാരണം, മതപരമായ വിഷയങ്ങൾ സമൂഹത്തിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ അവസരത്തിനൊത്ത് സാമുദായിക പ്രസ്ഥാനങ്ങളുടെ മതാഭിമുഖ്യത്തെയും അത് മുന്നോട്ടുവെക്കുന്ന ശത്രുതാമനോഭാവത്തെയും തള്ളിപ്പറയാത്ത രാഷ്ട്രീയം ഒരിക്കലും സത്യസന്ധമല്ല. പകരം അതിനെ ചർച്ചക്കെടുക്കുമ്പോൾ സംഭവിക്കുന്നത് അടിത്തട്ടിലെ മനുഷ്യർ അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങളെ മാറ്റിനിർത്തുകയാണ്. അതിനു പിന്നിലെ ലക്ഷ്യം എന്താണ്?

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനിടെ പ്രചരണം നടത്തുന്ന യു.‍ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എൽ,എയുമായ ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനിടെ പ്രചരണം നടത്തുന്ന യു.‍ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എൽ,എയുമായ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ശക്തമായി ഉന്നയിക്കപ്പെടേണ്ട നിരവധി വിഷയങ്ങളുണ്ടായിരുന്നു. ആശാ വർക്കർ സമരം, മണ്ഡലത്തെ ബാധിക്കുന്ന വന്യജീവി ആക്രമണം, നിലമ്പൂരിലെ ആദിവാസി ഭൂസമരം തുടങ്ങിയവ ഇതിൽ പ്രധാനമായിരുന്നു. മുൻ എം.എൽ.എ പി.വി അൻവർ മുന്നോട്ടുവെച്ച നിരവധി ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട, പൊലീസ് വകുപ്പിലെ ആർ എസ് എസ് സ്ലീപ്പിങ്ങ് സെൽ വിഷയം മറ്റൊന്ന്.
ഏതാനും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഇവർ, കാലങ്ങളായി അടിസ്ഥാനവർഗ്ഗ മനുഷ്യർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന എത്ര വിഷയങ്ങളോട് പ്രതികരിച്ചു എന്ന ചോദ്യം പ്രസക്തമായിരുന്നു.

സാമൂഹ്യസ്വാതന്ത്ര്യത്തെ കരുത്തുറ്റതാക്കുന്നത് സമത്വബോധമാണ്. അതിനെ സാമൂഹികമായി ക്രമീകരിക്കുന്നതിലും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാക്കി മാറ്റുന്നതിലും രാഷ്ട്രീയത്തിന് നിർണായക പങ്കുണ്ട്. ആധുനിക ജനാധിപത്യത്തിൽ ഇത്തരം സമത്വചിന്തയുടെ പ്രായോഗികവൽക്കരണത്തിൽ സോഷ്യലിസ്റ്റ് - ഇടതു പ്രസ്ഥാനങ്ങൾക്കും നിർണ്ണായക പങ്കുണ്ട്. ഇന്ത്യയിൽ സമത്വം എന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. അപ്പോഴും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ചിന്തകരും തങ്ങളുടെ ഓരോ ഇടപെടലിലും ഇത്തരം സമത്വാധിഷ്ഠിതമായ സാമൂഹിക ക്രമത്തിലേക്ക് മനുഷ്യരെ എത്തിക്കാൻ വേണ്ടിയാണ് വാദിക്കുന്നത്. അതുവഴി ക്ഷേമരാഷ്ട്രം സാക്ഷാത്ക്കരിക്കുക അവർ ലക്ഷ്യമായി കാണുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷവും നിലനിന്ന സംസ്ഥാനങ്ങളിലാണ് അത്തരം ശ്രമങ്ങൾ നടന്നിട്ടുള്ളത്. എന്നാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അതിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. അതിനുള്ള നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ പ്രസ്ഥാനം പരാജയപ്പെട്ടു.

അതേസമയം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകാൻ കഴിഞ്ഞു. പശ്ചിമബംഗാളും ത്രിപുരയും കേരളവും ആ അർത്ഥത്തിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംസ്ഥാനങ്ങളായിരുന്നു. അതിൽ ത്രിപുരയിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി.പി.എമ്മിന് ഏറ്റ പരാജയം ഭീകരമായിരുന്നു. പിന്നീട് അതിനെ മറികടക്കാൻ എന്തകൊണ്ട് കഴിയുന്നില്ല എന്നതും പ്രധാന ചോദ്യമാണ്. നിലവിൽ സി.പി.എം ശക്തമായി നിലനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. അവിടെ പാർട്ടി നിയന്ത്രിക്കുന്ന സർക്കാർ അടിസ്ഥാന ജനകീയ പ്രശ്നങ്ങളോട് സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കണം? അത്തരം നിലപാടിൽ എത്രമാത്രം അടിസ്ഥാന ജനതാൽപര്യത്തിനു പ്രാധാന്യം നൽകേണ്ടതുണ്ട്?. ഇത്തരം വിമർശനം ഉന്നയിക്കുമ്പോൾ, കഴിഞ്ഞ ഒൻപത് വർഷമായി ഇടതു സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും മറന്നുകൂടാ. അതേസമയം, അടിത്തട്ടു മനുഷ്യർ ഉന്നയിക്കുന്ന ജീവൽ പ്രശ്നങ്ങളോടുള്ള സമീപനം എന്താണ്? അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആശ വർക്കർ സമരം. പല ‘ന്യായ’ങ്ങൾ പറഞ്ഞ് ആ സമരത്തോട് സർക്കാർ മുഖം തിരിഞ്ഞുനിൽക്കുകയാണ്.

പി.വി. അൻവർ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ
പി.വി. അൻവർ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ

2025- ഫെബ്രുവരി പത്തിന് ആരംഭിച്ച സമരത്തെ ആദ്യം സർക്കാർ നേരിട്ടത് അവർ ഉന്നയിച്ച ആവശ്യങ്ങൾ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമല്ല എന്ന വാദമുന്നയിച്ചാണ്. പിന്നീട് സമരത്തിൽ പങ്കെടുത്ത തൊഴിലാളികളെയും അതിനു പിന്തുണ നൽകുന്ന രാഷ്ട്രീയ ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സർക്കാരിനെതിരെയുള്ള ചില തീവ്രരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആസൂത്രണമാണിതെന്ന വിമർശനം ഉന്നയിച്ചു. അപ്പോഴൊക്കെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അടിസ്ഥാന തൊഴിലാളികളോട് സ്വീകരിക്കേണ്ട സമീപനങ്ങളെ പൂർണ്ണമായും റദ്ദ് ചെയ്യുകയായിരുന്നു. മാത്രമല്ല, സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന മറ്റ് പാർട്ടികൾക്കും ഈ സമരത്തോട് ഐക്യപ്പെടേണ്ടിവന്നു. അവർക്ക് സി.പി.എമ്മിനെ തിരുത്താനോ അവരുടെ നിലപാടിനെ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല.

ഡോ. ബി. ആർ. അംബേദ്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വ്യക്തിപരമായി മഹത്വം കുറഞ്ഞതുകൊണ്ടല്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനുള്ള സ്വാധീനം ഒരിക്കലും രാഷ്ട്രീയത്തിന് മുകളിലല്ല.

ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുമ്പിലെ വെയിലും മഴയുംകൊണ്ട്, അതിനുശേഷം കേരളം മുഴുവൻ സഞ്ചരിച്ചിട്ടും ഈ സമരത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതിനിടയിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. മണ്ഡലത്തിൽ സമരക്കാർ നേരിട്ട് തങ്ങളുടെ വിഷയം ഉന്നയിച്ചിട്ടുപോലും ഇത് പ്രധാന രാഷ്ട്രീയ ചർച്ചയായി വന്നില്ല. പ്രതിപക്ഷ പാർട്ടികൾ ഈ സമരത്തെയും അതിൽ പങ്കെടുക്കുന്നവരുടെ സാമൂഹ്യജീവിതാവസ്ഥയെയും അതിജീവനത്തെയും അവരുടെ സോഷ്യൽ സ്റ്റാറ്റസിനെയുമൊക്കെ പൊതു രാഷ്ട്രീയചർച്ചയിലേക്ക് ഗൗരവത്തോടെ കൊണ്ടുവന്നിരുന്നുവെങ്കിൽ അത് സമരത്തിന് കിട്ടുന്ന ശക്തമായ പിന്തുണയാകുമായിരുന്നു. എന്നാൽ അത്തരം വിഷയങ്ങൾ സാന്ദർഭികമായി പരാമർശിക്കപ്പെടുന്നതിനപ്പുറത്തേക്ക് അതിന്റെ രാഷ്ട്രീയ നൈതികതയെ അടിസ്ഥാന വർഗ്ഗപ്രശ്നമായി അവതരിപ്പിക്കാൻ നിലമ്പൂരിന് കഴിഞ്ഞില്ല.

ഇതേ അവസ്ഥ തന്നെയാണ് ആദിവാസി ഭൂസമരത്തിൻ്റേതും. ഒരു വർഷത്തിൽ കൂടുതൽ സമരം ചെയ്ത നിലമ്പൂരിലെ അറുപതോളം ആദിവാസി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമി നൽകാമെന്ന് ഗവൺമെൻറ് തീരുമാനിച്ചിട്ടും ഭൂമി നൽകിയില്ല. അവർ ഭൂമിക്ക് വേണ്ടി മൂന്നു മാസമായി സമരത്തിലാണ്. മുഴുവൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. ഗ്രോ വാസുവിനെ പോലെയുള്ള ജൈവവിപ്ലവകാരികളാണ് അവർക്കൊപ്പം നിൽക്കുന്നത്. ഈയൊരു വിഷയം എന്തുകൊണ്ട് നിലമ്പൂരിലെ സംവാദവേദികളിൽ പ്രധാനപ്പെട്ട വിഷയമായി ഉയർന്നുവന്നില്ല. മുന്നണികളുടെയും മറ്റും സ്ഥാനാർത്ഥികൾക്ക് ഇത്തരം വിഷയങ്ങൾ പ്രധാനപ്പെട്ടതാണ് എന്നു തോന്നുന്നില്ലെങ്കിൽ, പിന്നെ എന്ത് മനുഷ്യരാഷ്ട്രീയത്തെ കുറിച്ചാണ് തെരഞ്ഞെടുപ്പുകാലത്ത് നമ്മൾ സംസാരിക്കുന്നത്.

ഒരു വർഷത്തിൽ കൂടുതൽ സമരം ചെയ്ത നിലമ്പൂരിലെ അറുപതോളം  ആദിവാസി കുടുംബങ്ങൾക്ക്  അരയേക്കർ ഭൂമി നൽകാമെന്ന് ഗവൺമെൻറ് തീരുമാനിച്ചിട്ടും  ഭൂമി നൽകിയില്ല
ഒരു വർഷത്തിൽ കൂടുതൽ സമരം ചെയ്ത നിലമ്പൂരിലെ അറുപതോളം ആദിവാസി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമി നൽകാമെന്ന് ഗവൺമെൻറ് തീരുമാനിച്ചിട്ടും ഭൂമി നൽകിയില്ല

തെരഞ്ഞെടുപ്പിന് കാരണമായ വിഷയം എന്താണ്? അത് എത്ര കണ്ട് നിലമ്പൂരിൽ ചർച്ച ചെയ്യപ്പെട്ടു. അതിൽ ഏറ്റവും പ്രധാനം, എം.എൽ.എ ആയിരിക്കെ തന്നെ ജയിപ്പിച്ച പ്രസ്ഥാനത്തിനുള്ളിൽ നിന്നുകൊണ്ട് പി.വി. അൻവർ ഉന്നയിച്ച വിഷയങ്ങളാണ്. പോലീസിൽ ആർ എസ് എസ് സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ട് എന്നത് നേരത്തെ വിമർശനത്തിന് വിധേയമായതാണ്.
മറ്റൊന്ന്, മലപ്പുറത്തെ മുസ്ലിം ജനവിഭാഗത്തെ മുൻനിർത്തി ഉന്നയിക്കപ്പെട്ട വിഷയങ്ങളാണ്. അതേപോലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതൊക്കെ എത്രമാത്രം തെരഞ്ഞെടുപ്പു ചർച്ചയിലേക്ക് വന്നു.

ഇതി​നെല്ലാം പകരം, ചില വ്യക്തികേന്ദ്രിത വാദത്തിനാണ് തെരഞ്ഞെടുപ്പുകാലം സാക്ഷ്യം വഹിച്ചത്. ഒരിക്കലും ഒരു തെരഞ്ഞെടുപ്പും സ്ഥാനാർഥികളുടെ വ്യക്തിത്വത്തെ കേന്ദ്രീകരിച്ചുമാത്രം വിജയിക്കുന്നതല്ല. അത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഡോ. ബി. ആർ. അംബേദ്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വ്യക്തിപരമായി മഹത്വം കുറഞ്ഞതുകൊണ്ടല്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനുള്ള സ്വാധീനം ഒരിക്കലും രാഷ്ട്രീയത്തിന് മുകളിലല്ല. തെരഞ്ഞെടുപ്പിൽ നിന്ന് പതിയെപ്പതിയെ രാഷ്ട്രീയം പടിയിറങ്ങുമ്പോഴാണ്, അവിടേക്ക് വ്യക്തിമാഹാത്മ്യം കയറിവരുന്നത്. അപ്പോൾ, ജനകീയ പ്രശ്നങ്ങളെ തള്ളിമാറ്റുകയും അധികാരം പിടിച്ചടക്കാനുള്ള പോരാട്ടഭൂമിയായി മാത്രം തെരഞ്ഞെടുപ്പ് ദേശങ്ങൾ മാറുകയും ചെയ്യുന്നു. അവിടെ ജനാധികാരം എന്നത് തങ്ങളെ ജയിപ്പിക്കാനുള്ള ഉപകരണം മാത്രമായി ജനം കരുതണം എന്ന് കൂടി നേതാക്കൾ പറഞ്ഞുവെക്കുന്നുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അതിവേഗം ഹിന്ദുത്വവൽക്കരണത്തിന് പാകപ്പെടുകയാണ്. അതിനെതിരെയുള്ള ഏതൊരു പ്രതിരോധവും മതേതര ജനാധിപത്യസമൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.

അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. ബി ജെ പി ഇതര സംസ്ഥാനങ്ങളായ ബിഹാറും കർണാടകയും ഇതിനകം ജാതി സെൻസസ് പൂർത്തീകരിച്ചിട്ടുണ്ട്. എൻ ഡി എയിലെ മറ്റു ഘടകകക്ഷികളും ജാതി സെൻസസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ജാതി സെൻസസ് രാഷ്ട്രീയ ചർച്ചയായി വരേണ്ടതാണ്. സി പി എം 24-ാം പാർട്ടി കോൺഗ്രസ് ജാതി സെൻസസ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പാർട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരിക്കെ എന്തുകൊണ്ട് അവിടെ ജാതി സെൻസസ് ചർച്ചയാക്കാനും അത് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കാനും സി പി എമ്മിന് കഴിയുന്നില്ല?.

ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുമ്പിലെ വെയിലും മഴയുംകൊണ്ട്,  അതിനുശേഷം കേരളം മുഴുവൻ സഞ്ചരിച്ചിട്ടും ഈ സമരത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല
ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുമ്പിലെ വെയിലും മഴയുംകൊണ്ട്, അതിനുശേഷം കേരളം മുഴുവൻ സഞ്ചരിച്ചിട്ടും ഈ സമരത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല

അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കാലത്ത് ജാതി സെൻസസിനെ ബോധപൂർവ്വം മറന്നുകളഞ്ഞ കോൺഗ്രസ് ഇന്ന് ജാതി സെൻസസിന് വേണ്ടി വാദിക്കുകയാണ്. ഇതൊക്കെ വസ്തുതയായിരിക്കെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വേദികളിൽ ജാതി സെൻസസ് രാഷ്ട്രീയ സംവാദത്തിലേക്ക് കടന്നുവന്നില്ല. പ്രത്യേകിച്ച്, മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം എന്നിരിക്കെ, അതിന്റെ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന പരാതി നിലനിൽക്കേ, അതൊരു രാഷ്ട്രീയ സംവാദമായി ഉയർന്നുവന്നില്ല. വോട്ടർമാരുടെ ശ്രദ്ധ ഇത്തരം വിഷയത്തിലേക്ക് കേന്ദ്രീകരിച്ച് ജാതി സെൻസസ് ഇന്ത്യയിലെ അസമത്വങ്ങൾ അവസാനിപ്പിക്കാനുള്ള ഏക ശാസ്ത്രീയമായ കണക്കെടുപ്പാണ് എന്ന വാദം ഉന്നയിക്കാൻ ഇരുമുന്നണികൾക്കും കഴിഞ്ഞില്ല.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അതിവേഗം ഹിന്ദുത്വവൽക്കരണത്തിന് പാകപ്പെടുകയാണ്. അതിനെതിരെയുള്ള ഏതൊരു പ്രതിരോധവും മതേതര ജനാധിപത്യസമൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്. ഹിന്ദുത്വത്തിന്റെ പ്രധാന അജണ്ടയാവട്ടെ മതരാഷ്ട്രമാണ്. അതിന് തടസ്സം നിൽക്കുന്ന ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളെ നിരന്തരമായി പീഡിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമാകുന്നത് ന്യൂനപക്ഷങ്ങളാണ്. അതിൽ തന്നെ മുസ്ലിം ന്യൂനപക്ഷം. അവർ നേരിടുന്ന അപരവർക്കരണവും ചാരമുദ്ര ചാർത്തലും ഉത്തരേന്ത്യയിൽ ജീവനുതന്നെ ഭീഷണിയായിത്തീർന്നിരിക്കുന്നു. എന്നാൽ ദക്ഷിണേന്ത്യയിൽ അതിനെ പ്രതിരോധിക്കുന്നത് രാഷ്ട്രീയത്തിനതീതമായ മതേതര മനുഷ്യരാണ്. തമിഴ്നാട്, കർണാടക, പിന്നെ കേരളത്തിലെയും സർക്കാറുകൾ ആ രീതിയിൽ ഇന്ത്യൻ ബഹുസ്വരതയിൽ വിശ്വാസമർപ്പിച്ച് സാമൂഹിക ഐക്യത്തെ നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ പലപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈയൊരു സമീപനംവഴിതെറ്റുന്നതായി കാണാം. പ്രത്യേകിച്ച്, കേരളീയ രാഷ്ട്രീയത്തിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന വർഗീയത കലർന്ന പരാമർശങ്ങൾ, വോട്ടിനു വേണ്ടിയാണെങ്കിലും അതുണ്ടാക്കുന്ന ആന്തരികമായ പരിക്കുകൾ ചെറുതല്ല. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു.?

 ബി ജെ പി ഇതര സംസ്ഥാനങ്ങളായ ബിഹാറും കർണാടകയും ഇതിനകം ജാതി സെൻസസ് പൂർത്തീകരിച്ചിട്ടുണ്ട്. എൻ ഡി എയിലെ  മറ്റു ഘടകകക്ഷികളും ജാതി സെൻസസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി ജെ പി ഇതര സംസ്ഥാനങ്ങളായ ബിഹാറും കർണാടകയും ഇതിനകം ജാതി സെൻസസ് പൂർത്തീകരിച്ചിട്ടുണ്ട്. എൻ ഡി എയിലെ മറ്റു ഘടകകക്ഷികളും ജാതി സെൻസസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തെ കേരളമായി രൂപപ്പെടുത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള പങ്കിനെ ആരും തള്ളിപ്പറയില്ല. അതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തന്നെ ഇന്ന് മത വർഗീയതയെ തെരഞ്ഞെടുപ്പിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ അത് ശക്തിപ്പെട്ട് വരികയാണ്. ഈ സാഹചര്യത്തിലാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പം എന്ന പുസ്തകത്തിൽ കെ. വേണു കേരളത്തിലെ കമ്യൂണിസത്തെക്കുറിച്ച് പ്രതിപാദിച്ചത് പ്രസക്തമാകുന്നത്. പ്രസ്തുത പുസ്തകത്തിലെ കേരളത്തിന്റെ ജനാധിപത്യവത്ക്കരണം എന്ന അധ്യായത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കാലത്ത് ജാതി സെൻസസിനെ ബോധപൂർവ്വം മറന്നുകളഞ്ഞ കോൺഗ്രസ് ഇന്ന് ജാതി സെൻസസിന് വേണ്ടി വാദിക്കുകയാണ്.

‘‘കിഴക്കൻ യൂറോപ്പിലെയും സോവിയറ്റു യൂണിയനിലെയും സംഭവവികാസങ്ങൾ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് പുറത്ത്, ഇത്രയധികം ആഘാതമുണ്ടാക്കിയ സമൂഹങ്ങൾ കേരളത്തിലെപ്പോലെ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. ലെനിന്റെ പ്രതിമ പിഴുതുമാറ്റപ്പെട്ടപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല വേദനിച്ചത്. പൊതുവിൽ ഇടതുപക്ഷ ചായ് വുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഉദാത്തമായ ലക്ഷ്യങ്ങളെക്കുറിച്ച് സാമാന്യധാരണകൾ ഉള്ളവരാണ് ഇവിടെയധികവും. അതുകൊണ്ടുതന്നെ ആ ലക്ഷ്യങ്ങളെ എതിർക്കുന്നവരും വിരളമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാത്ത, പലപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശത്രുക്കളായി കരുതപ്പെട്ടിരുന്ന പല ബുദ്ധിജീവികളും ഇന്ന് കമ്മ്യൂണിസത്തെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചയും കേരളത്തിൽ കാണാൻ കഴിയും. ഇടതുപക്ഷാഭിമുഖ്യത്തിൽ മാത്രമല്ല, രാഷ്ട്രീയവൽക്കരണത്തിലും ജനാധിപത്യത്തിലും കേരളം ഇന്ത്യയിലെ മറ്റേതൊരു സമൂഹത്തെയും അപേക്ഷിച്ച് എത്രയോ മുന്നിലാണ്... "

ഇങ്ങനെയുള്ള ഒരു കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം പ്രദേശങ്ങളെ വർഗീയ പരാമർശങ്ങളിലേക്ക് വലിച്ചിഴച്ച് അവരെ പൊതു വ്യവഹാരങ്ങളിൽ സംശയാസ്പദമായി നിർത്തുക എന്നത് ചില നേരങ്ങളിൽ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ സമീപനമായി മാറിയിരിക്കുന്നു. ഒരുകാലത്ത് തങ്ങൾക്കൊപ്പം നിർത്തിയ ജമാ അത്തെ ഇസ്ലാമിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് ഇത്തരം വാദം ഉന്നയിക്കുന്നതെങ്കിലും അതുണ്ടാക്കുന്ന പരിക്ക് ഗുണം ചെയ്യുന്നത് കേരളത്തിലെ ഹിന്ദുത്വ വാദത്തിനാണ്. അതുവഴി പൊതു മുസ്ലിമിനെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഭാഗമായി മാറ്റാനുള്ള തീവ്രശ്രമം അടുത്തകാലത്തായി ഇടതുപക്ഷത്ത് ശക്തിപ്പെട്ടു വരികയാണ്. അത് മുസ്ലിം ലീഗിനെതിരെയുള്ള രാഷ്ട്രീയ പ്രയോഗമാണെങ്കിലും അത്തരം വായനകളെ പാർട്ടി തന്നെ തിരുത്തുന്നുണ്ട്. ഇതിന്റെ സൂചനയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചോ എന്ന ചോദ്യം ഉന്നയിക്കുക വഴി ഉണ്ടാക്കിയത്. സ്വാഭാവികമായി, എല്ലാ പൗരരും ആ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ വസ്തുത നിലനിൽക്കെ ജമാഅത്തെ ഇസ്ലാമി അതിനെ തള്ളിപ്പറഞ്ഞോ എന്ന ചോദ്യം അങ്ങേയറ്റം മത വർഗീയതയെ മുൻനിർത്തിയുള്ളതാണ്. എന്തിനുവേണ്ടി ഈ ചോദ്യം ഉന്നയിച്ചു എന്നുള്ളതാണ് പ്രധാനം. അവിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഇതേ സെക്രട്ടറി, തങ്ങൾ ആർ എസ് എസുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞതിന്റെ പൊരുൾ. അതായത്, എം. സ്വരാജിനെ വിജയിപ്പിക്കാൻ മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ മുസ്ലിം വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തുകയും അതുവഴി ഹിന്ദുത്വ വോട്ടുകൾ ഇടതുപക്ഷത്തേക്ക് അടുപ്പിക്കേണ്ടതും രാഷ്ട്രീയ ഉത്തരവാദിത്തമായി മാറുന്നു. ഇതൊന്നു കൂടി തുറന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കളുടെ വോട്ടുകൾ എം. സ്വരാജിന് കിട്ടിയെന്ന് തുറന്നു പഴയുക വഴി രാഷ്ട്രീയമല്ല, തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുകയാണ്. ഇതൊക്കെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ആരോപണങ്ങളാണെങ്കിലും മാറിയ കാലത്ത് അത് ചരിത്രത്തിന്റെ തെളിവുകളായി അവശേഷിക്കുകയാണ്. അത്തരം തെളിവുകളിൽ നിന്നാണ് ഇനിയുള്ള കാലം കേരളത്തിന്റെ ഭൂതകാല രാഷ്ട്രീയത്തെ പുതുകാല രാഷ്ട്രീയ വിദ്യാർത്ഥികൾ പരിശോധിക്കുക.

കേരളത്തെ കേരളമായി രൂപപ്പെടുത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള പങ്കിനെ ആരും തള്ളിപ്പറയില്ല. അതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തന്നെ ഇന്ന് മത വർഗീയതയെ തെരഞ്ഞെടുപ്പിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ ഏറ്റവും സവിശേഷ ശ്രദ്ധ ആകർഷിച്ച മറ്റൊരു സംഭവമാണ് എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം. അദ്ദേഹത്തിന്റെ നിലപാടു​കളോട് ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ തന്നെ, ഇടതുപക്ഷേതര എഴുത്തുകാർക്ക് രാഷ്ട്രീയ വിയോജിപ്പിനുള്ള അവകാശവും നിലനിൽക്കുന്നുണ്ട്. അത്തരം വിയോജിപ്പുകൾ രേഖപ്പെടുത്തിയ എഴുത്തുകാരെ ‘അരാഷ്ട്രീയ കഴുതകൾ’ എന്നുവരെ മറ്റൊരു എഴുത്തുകാരൻ വിശേഷിപ്പിച്ചു.

എഴുത്തുകാർ ഒരുകാലത്തും രാഷ്ട്രീയ പ്രവർത്തകരുടെ മുമ്പിൽ തങ്ങളുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വ്യക്തിത്വമായിരുന്നില്ല. അത് പലവട്ടം കേരളം തെളിയിച്ചിട്ടുള്ളതാണ്. ആദ്യമായി 1957-ലാണ് മണലൂരിൽ നിന്ന് ജോസഫ് മുണ്ടശ്ശേരി മത്സരിച്ച് നിയമസഭയിലെത്തുന്നത്. (അതേ മുണ്ടശ്ശേരി 1960- ൽ പരാജയപ്പെടുന്നുണ്ട്. ) 1957-ൽ എസ്. കെ. പൊറ്റക്കാട് തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പിന്നീട് 1962-ൽ പൊറ്റക്കാട് മത്സരിക്കുന്നത് സുകുമാർ അഴീക്കോടിനോടാണ്. അന്ന് സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി. 1984-ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച മാധവിക്കുട്ടി പരാജയപ്പെട്ടു. ഇതേ മണ്ഡലത്തിൽ 1989- ൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച് ഒ എൻ വി കുറുപ്പും 2014-ൽ തൃശൂരിൽ ആം ആദ്മിക്കുവേണ്ടി മത്സരിച്ച സാറാ ജോസഫും പരാജയപ്പെട്ടു. 2001-ൽ കൊടുങ്ങല്ലൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായി മാടമ്പു കുഞ്ഞുകുട്ടൻ മത്സരിച്ചു പരാജയപ്പെട്ടു. എന്നാൽ 1987-ൽ എറണാകുളം മണ്ഡലത്തിൽ എം. കെ. സാനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 1996- ൽ കവി കടമ്മനിട്ട രാമകൃഷ്ണനും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 2001-ൽ ബേപ്പൂർ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള പരാജയപ്പെട്ടിട്ടുണ്ട്.
ഇവരൊക്കെ മലയാളികൾ ഇഷ്ടപ്പെടുന്ന എഴുത്തുകാരാണ്. എന്നാൽ രാഷ്ട്രീയമായി പരാജയപ്പെടുന്നത് എഴുത്തിലെ പോരായ്മ കൊണ്ടല്ല. ഇവരൊക്കെ എത്രകണ്ട് നേരിട്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടു എന്നതാണ് ചോദ്യം. അതേ ചോദ്യം തന്നെയാണ്, ‘ഞാൻ നിലമ്പൂരിൽ ആയിരുന്നെങ്കിൽ’ എന്ന് പ്രസ്താവിച്ച എഴുത്തുകാരോട് സ്വന്തം വായനക്കാർ ചോദിച്ചത്. ഇങ്ങനെ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പ്രവർത്തകരും സാമുദായിക നേതാക്കളും സാഹിത്യകാരന്മാരും കളം നിറഞ്ഞുനിന്നു. എന്നാൽ അവിടെ എത്ര കണ്ട് ജനകീയ പ്രശ്നങ്ങൾ ചർച്ചയിലേക്ക് വന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

തെരഞ്ഞെടുപ്പിൽ ഏറ്റവും സവിശേഷ ശ്രദ്ധ ആകർഷിച്ച മറ്റൊരു സംഭവമാണ് എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം. അദ്ദേഹത്തിന്റെ നിലപാടു​കളോട്  ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ തന്നെ, ഇടതുപക്ഷേതര എഴുത്തുകാർക്ക് രാഷ്ട്രീയ വിയോജിപ്പിനുള്ള അവകാശവും നിലനിൽക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ഏറ്റവും സവിശേഷ ശ്രദ്ധ ആകർഷിച്ച മറ്റൊരു സംഭവമാണ് എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം. അദ്ദേഹത്തിന്റെ നിലപാടു​കളോട് ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ തന്നെ, ഇടതുപക്ഷേതര എഴുത്തുകാർക്ക് രാഷ്ട്രീയ വിയോജിപ്പിനുള്ള അവകാശവും നിലനിൽക്കുന്നുണ്ട്.

ആര്യാടൻ ഷൗക്കത്തിന്റെ വിജയം എത്ര കണ്ട് രാഷ്ട്രീയപ്രസക്തമാണ്? അത് ഭരണവിരുദ്ധ വികാരമായാലും വരുന്ന തെരഞ്ഞെടുപ്പിന്റെ വിജയ സൂചനയായാലും ചില കാര്യങ്ങൾ ചോദ്യങ്ങളായി വരണം. സാധാരണ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. വോട്ടിനു വേണ്ടി മതവർഗ്ഗീയത പ്രധാന അജണ്ടയായി വരുമ്പോൾ രാഷ്ട്രീയം അപ്രസക്തമാവുക തന്നെ ചെയ്യും.


Summary: E.K. Dineshan is raising the question of whether political issues were discussed in the Nilambur by-election.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments