വയനാട്ടിൽ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിലാണ് വീടുകൾ നിർമിക്കുന്നത്.
ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തിയശേഷമാണ് എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ തോട്ടം ഉടമകൾ ഏറ്റെടുക്കലിനെതിരെ കോടതിയെ സമീപിച്ചതിനെതുടർന്ന് ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിലായി. നിരവധി നിയമവ്യവഹാരങ്ങൾക്കുശേഷമാണ് ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേ ഇല്ലെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള തുക കെട്ടിവയ്ക്കാമെന്നും ഉദ്ഘാടന ചടങ്ങുൾപ്പടെ ഭൂമിയിൽ നടത്താമെന്നും കോടതി വിധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമാണത്തിന് തുടക്കമായത്.
2025-26 സാമ്പത്തിക വർഷത്തിൽ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയിലാണ് വീടൊരുങ്ങുന്നത്. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് അനുവദിക്കുക.
ജോൺ മത്തായിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. മുന്നു ഘട്ടങ്ങളിലായി 402 കുടുംബങ്ങൾ. ഒന്നാം ഘട്ട ലിസ്റ്റിൽ പെട്ട 242 പേരിൽ 235 പേർ സമ്മതപത്രം നൽകി. അതിൽ 170 പേർ ടൗൺഷിപ്പിൽ വീട് മതിയെന്നും 65 പേർ സാമ്പത്തിക സഹായമായ 15 ലക്ഷം രൂപ മതിയെന്നും അറിയിച്ചു.

ദുരന്തം സംഭവിച്ച് എട്ടു മാസങ്ങൾക്കിപ്പുറം ടൗൺഷിപ്പ് നിർമാണം തുടങ്ങുമ്പോഴും ദുരിതബാധിതർക്ക് ആശങ്ക വിട്ടൊഴിയുന്നില്ല. എട്ടുമാസമായി അവർ അത് അധികൃതരുടെ മുമ്പാകെ പറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ആദ്യഘട്ടത്തിൽ ലിസ്റ്റിൽ വന്ന ദുരിതബാധിതർ ടൗൺഷിപ്പിൽ താമസിക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകാൻ വിസമ്മതിച്ചിരുന്നു. തങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാതെയാണ് ഇപ്പോൾ നിർമാണപ്രവർത്തനം തുടങ്ങിയിരിക്കുന്നത് എന്നാണ് ദുരിതബാധിതർ പറയുന്നത്.
എന്നാൽ, ടൗൺഷിപ്പ് പുനരധിവാസത്തിനുള്ള മികച്ച മാതൃകയാണ് എന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റ് പോംവഴിയില്ല എന്ന നിസ്സഹായാവസ്ഥയിലാണ് തങ്ങൾ എന്നാണ് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ ബിജോ പറയുന്നത്:
“ദുരിതബാധിതരായ ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞത് പത്ത് സെന്റ് വേണം. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും കൃഷി ചെയ്ത് ജീവിക്കുന്നവർക്കുമെല്ലാം കൽപറ്റയിലെ ടൗൺഷിപ്പ് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം, സർക്കാരിന്റെ തീരുമാനത്തിനനുസരിച്ച് നിൽക്കുകയല്ലാതെ ഞങ്ങൾക്കിനി മാർഗമൊന്നുമില്ല, കാരണം ഒരു രാത്രി കൊണ്ട് ഞങ്ങളുടെ എല്ലാം നഷ്ടമായതാണ്. വീട് നിന്ന സ്ഥലത്ത് ഇപ്പോൾ പുഴയാണ്. അവിടെ വീടുണ്ടായിരുന്നു എന്നതിന്റെ അടയാളം പോലും ബാക്കിയില്ല. ടൗൺഷിപ്പിൽ വീട് വേണ്ട എന്ന് പറയുമ്പോൾ സർക്കാർ 15 ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്. ആ പണം വാങ്ങി മറ്റെവിടെയെങ്കിലും പത്ത് സെന്റ് വീട് വെക്കാനൊന്നും നമുക്ക് കഴിയില്ല. നാൽപതു ലക്ഷമെങ്കിലും വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’’.
സർക്കാരിന്റെ പുനരധിവാസം കാത്ത് വയനാടിന്റെ പല ഭാഗങ്ങളിലായി വാടക വീടുകളിൽ താമസിക്കുന്നവരുടെയെല്ലാം ശബ്ദമാണിത്. പുനരധിവാസത്തിലെ അപാകതകളും പുനരധിവാസം സംബന്ധിച്ചുള്ള ആശങ്കകളും ദുരിതബാധിതർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്, പരിഹാരമൊന്നുമില്ലാതെ...
മറ്റൊരു പ്രതീക്ഷയും ഇല്ലാതായതോടെയാണ് പുനരധിവാസത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയതെന്ന് ദുരന്തബാധിതനായ ബൈജു ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“ചൂരൽമല സ്‌കൂൾ റോഡിൽ ഹൈസ്‌കൂളിന്റെ അടുത്തായിരുന്നു എന്റെ വീട്. എല്ലാം മൊത്തമായി നഷ്ടപ്പെട്ടു. ഗത്യന്തരമില്ലാതെയാണ് പുനരധിവാസത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയത്. കാരണം നമ്മുടെ ആശങ്കകളൊന്നും പരിഹരിക്കപ്പെടുന്നില്ലെങ്കിലും ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. ഇനി കൂടുതൽ ബലം പിടിച്ചിട്ട് കാര്യമില്ല. അത്രയേ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകൂ എന്നാണ് തോന്നുന്നത്. പത്ത് സെന്റെങ്കിലും വേണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനിയുള്ള കാലം മക്കളെ നോക്കി ജീവിക്കുകയല്ലാതെ മറ്റൊരു പ്രതീക്ഷയുമില്ല’’- ബൈജു പറയുന്നു.

417 കുടുംബങ്ങളാണ് പുനരധിവാസത്തിനുള്ള അന്തിമപട്ടികയിലുള്ളത്. ഫേസ് വൺ, ഫേസ് 2 എ, ഫേസ് 2ബി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പട്ടിക നിർമിച്ചത്. ദുരന്തം നേരിട്ട് ബാധിച്ച 255 കുടുംബങ്ങൾ ഫേസ് വണിലും ജോൺ മത്തായി കമ്മീഷൻ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ള 89 കുടുംബങ്ങൾ ഫേസ് 2-എ യിലും അന്തിമ പട്ടികയിൽ വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ പ്രദേശത്തിന്റെ 50 മീറ്റർ ചുറ്റളവിലുള്ള 73 കുടുംബങ്ങൾ ഫേസ് ബിയിലുമാണുള്ളത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരെയാണ് മൂന്ന് വിഭാഗങ്ങളായി പുനരധിവസിപ്പിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കിയത്. പുനരധിവാസ പട്ടികയുടെ ഡ്രാഫ്റ്റ് വന്നത് മുതൽ വലിയ പ്രതിഷേധമാണുണ്ടായത്. ഏഴ് സെന്റ് ഭൂമിയിലെ വീടും ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുമാണ് നൽകുമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ടൗൺഷിപ്പിൽ 10 സെന്റിലെങ്കിലും വീട് വേണമെന്നും 15 ലക്ഷത്തിനുപകരം 40 ലക്ഷം രൂപ വേണമെന്നുമായിരുന്നു ദുരിതബാധിതരുടെ ആവശ്യം. ഈ ആവശ്യം മുൻനിർത്തി പുനരധിവാസത്തിന് സമ്മതപത്രം നൽകാൻ ഇവർ തയ്യാറായിരുന്നില്ല. ടൗൺഷിപ്പിനായുള്ള ആദ്യഘട്ട ഗുണഭോക്താക്കളെ വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കണ്ട് സംസാരിച്ചപ്പോഴും വളരെ ചുരുക്കം ആളുകൾ മാത്രമായിരുന്നു സമ്മതപത്രം നൽകിയത്. തുടർന്നുള്ള ചർച്ചകൾക്കൊടുവിലാണ് ദുരിതബാധിതർ സമ്മതപത്രം ഒപ്പിടാൻ തയ്യാറായത്.

പുനരധിവാസത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയതായും സർക്കാർ ഇപ്പോഴും ലിസ്റ്റിൽ നിന്ന് ആളുകളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ദുരിതബാധിതനായ ബിജോ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:
“പുനരധിവാസ സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ട്. ഒപ്പിടില്ല എന്ന നിലപാടിലായിരുന്നു ഞങ്ങളെല്ലാവരും. പക്ഷെ റവന്യൂ മന്ത്രിയുമായും കലക്ടറുമായും സമരസമിതി നേതാക്കൾ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും സമ്മതപത്രം ഒപ്പിടാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യം 54 ആളുകളോ മറ്റോ ആയിരുന്നു സമ്മതപത്രം ഒപ്പിട്ടിരുന്നത്. എനിക്കുണ്ടായിരുന്ന സകലതും ദുരന്തത്തിൽ പോയതാണ്. കുടുംബത്തിൽ ഒമ്പത് പേരാണ് മരിച്ചത്. തുടക്കം മുതൽ ഞങ്ങളോട് സർക്കാർ പറഞ്ഞിരുന്നത് 10 സെന്റ് സ്ഥലും 1000 സ്‌ക്വയർ വീടും തരാമെന്നായിരുന്നു. ആദ്യം 1500 വീടുകളായിരുന്നു പറഞ്ഞിരുന്നു. അത് കുറഞ്ഞ് 417 ആയി. കൽപറ്റയിൽ മാത്രമാണ് നിലവിൽ ടൗൺഷിപ്പ് നിർമിക്കുന്നത്. ലിസ്റ്റിന്റെ കാര്യത്തിൽ പോലും മന്ത്രിയടക്കം ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് പറയുന്നത്. ലിസ്റ്റിൽ സർക്കാർ ഇത് വരെ തൊട്ടിട്ടില്ലെന്നൊക്കെയാണ് പറയുന്നത്. ഇത് എട്ടാമത്തെ മാസമാണ്. ഇനി എപ്പോഴാണ് സർക്കാർ ഈ ലിസ്റ്റിൽ തൊടുക. സർക്കാർ തന്നെയല്ലേ ലിസ്റ്റ് ഉണ്ടാക്കുന്നത്. മാനന്തവാടി സബ് കളക്ടർക്കാണ് ലിസ്റ്റ് ഉണ്ടാക്കാനുള്ള ചുമതല നൽകിയത്. പലരും ലിസ്റ്റിൽ വന്നില്ലെന്ന പ്രയാസം ഇപ്പോഴും പറയുന്നുണ്ട്. ആദ്യം വന്ന ലിസ്റ്റിൽ ഉൾപ്പെട്ടവരെ പിന്നീട് ഒഴിവാക്കാനാണ് നോക്കുന്നത്. ലിസ്റ്റിൽ നിന്ന് എത്രത്തോളം ആളുകളെ ഒഴിവാക്കാമെന്നാണ് നോക്കുന്നത്. സ്‌കൂൾ റോഡിലെ പല വീടുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അവിടെയാണ് കൂടുതലും മരണങ്ങൾ സംഭവിച്ചത്. സ്‌കൂൾ റോഡിന്റെ മേലെ ഭാഗത്തുള്ള പടവെട്ടിക്കുന്ന് പ്രദേശങ്ങളെല്ലാം താമസിക്കാൻ പറ്റാത്ത സ്ഥലമാണ്. കാരണം അത്രയും എഫക്റ്റായ സ്ഥലമാണ് സ്‌കൂൾ റോഡ്. പക്ഷെ അവിടെയുള്ളവരൊന്നും ലിസ്റ്റിൽ വന്നിട്ടില്ല. സർക്കാരിന് ഇപ്പോൾ ഫണ്ടില്ലാത്ത പ്രശ്‌നം ഇല്ലല്ലോ, ഞങ്ങൾക്ക് വേണ്ടി പിരിച്ച പണം തന്നെ ഇല്ലേ’’- ബിജോ ചോദിക്കുന്നു.

1500- ലധികം വീടുകളെങ്കിലും നിർമിക്കേണ്ടി വരുമെന്നായിരുന്നു ദുരന്തം നടന്ന ആദ്യ മാസങ്ങളിൽ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പുനരധിവാസ പട്ടിക പുറത്തു വന്നപ്പോൾ ലിസ്റ്റിൽ പേരില്ല എന്ന ആക്ഷേപം പലരിൽ നിന്നും വരികയും ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താൻ പോലും ദുരിതബാധിതർ എത്തുകയും ചെയ്തിരുന്നു. ദുരിതബാധിതരുടെ തുടർ ചികിത്സ, ടൗൺഷിപ്പിലെ മറ്റു പ്രശ്‌നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ദുരിതബാധിതരുടെ സമരങ്ങൾ. രണ്ട് ടൗൺഷിപ്പുകൾ പണിയുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
ടൗൺഷിപ്പിനായുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും സർക്കാർ പറഞ്ഞ മറ്റു കാര്യങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ചൂരൽമല സ്വദേശിയും ദുരിതബാധിതർക്കുവേണ്ടിയുള്ള ജനശബ്ദം കൂട്ടായ്മ നേതാവുമായ അജയ് ശേഖർ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:
“എട്ട് മാസമായി ഞാൻ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്.

കുറേയാളുകൾക്ക് സന്നദ്ധസംഘടനകൾ വീട് നിർമ്മിച്ച് നൽകുന്നുണ്ട്. അങ്ങനെ ആളുകൾ പോകുമ്പോൾ സർക്കാറിന് കുറച്ച് വീടുകൾ മാത്രം ഉണ്ടാക്കി നൽകിയാൽ മതി. അങ്ങനെ പോകുന്നവർക്കുവേണ്ടി സർക്കാർ ഒരു ഫോം നൽകിയിട്ടുണ്ട്. അതിൽ രണ്ട് ഓപ്ഷനുണ്ട്. ഒന്നുകിൽ വീട് വേണം, അല്ലെങ്കിൽ വീടിന് പകരം പണം. എല്ലാവർക്കും 1000 സ്‌ക്വയർ ഫീറ്റ് വീടും കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമിയും, ചൂരൽമല ടൗണിൽ കടകൾ നഷ്ടപ്പെട്ടവർക്ക് അതും നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. അവർക്കൊന്നും നഷ്ടപരിഹാരം നൽകിയിട്ടില്ല. അവർക്കുവേണ്ടി മൈക്രോ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അതിനുവേണ്ടി ഒരു നടപടിയും എടുത്തിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നുമാത്രമായിരുന്നില്ല ഞങ്ങളുടെ ആവശ്യം. ദുരന്തബാധിതർക്ക് കടങ്ങളുണ്ട്. അവരുടെ ഉപജീവനമാർഗമായിരുന്ന സ്ഥലങ്ങൾ നഷ്ടമായിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. ദുരന്തമുഖത്തുള്ള 700, 800 പേർക്ക് തൊഴിൽ നൽകുമെന്ന് റവന്യൂ മന്ത്രി തന്നെ അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും പ്രായോഗികമായിട്ടില്ല” - അജയ് ശേഖർ പറയുന്നു.
വീടു മാത്രം മതിയോ?
കൂലിപ്പണി ചെയ്തും തോട്ടങ്ങളിൽ പണിയെടുത്തും ജീവിക്കുന്നവരാണ് മുണ്ടക്കൈ ദുരന്തബാധിതരിലേറെയും. വീടുകളോട് ചേർന്ന് കോഴികളെയും, പശുവിനെയും, ആടുകളെയും വളർത്തി ജീവിച്ചിരുന്നവരാണ് ആ മേഖലയിള്ളുത്. അടുക്കളത്തോട്ടം ഉൾപ്പെടെ വീട്ടാവശ്യത്തിന് കൃഷിയും മറ്റും ചെയ്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിലേക്കു മാറിയാൽ നിത്യജീവിതത്തിനായി തങ്ങൾ ചെയ്തുവന്നിരുന്ന കൃഷിയും മൃഗപരിപാലനവും തുടരാൻ കഴിയുമോ എന്ന ആശങ്ക ഇവർക്കുണ്ട്. മുടങ്ങുമെന്നും ഈ മനുഷ്യർ ആശങ്കപ്പെടുന്നുണ്ട്. ടൗൺഷിപ്പിലെ ഏഴ് സെന്റ് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് കർഷകൻ കൂടിയായ അനീഷ് പറയുന്നു:
“ചൂരൽമല സ്‌കൂൾ റോഡിലുണ്ടായിരുന്ന എന്റെ വീട് പൂർണായും നഷ്ടമായി. അമ്മയും മൂന്ന് മക്കളും മരിച്ചു. എനിക്ക് പത്ത് ആടും നൂറോളം കോഴികളും ഉണ്ടായിരുന്നു. ഇതെല്ലാം നഷ്ടമായി. അത്തരത്തിലുള്ള കാർഷികവൃത്തികളോ അടുക്കള തോട്ടമോ ഒന്നും ടൗൺഷിപ്പിലെ ഏഴു സെന്റിൽ നടത്താനാകില്ലല്ലോ. ഒരു മാലിന്യക്കുഴി പോലും കുത്താനാകില്ല. അതുകൊണ്ടുതന്നെ ടൗൺഷിപ്പിനോട് എനിക്ക് താൽപര്യമില്ല. പുറത്താണെങ്കിൽ എന്തെങ്കിലും കൃഷി ചെയ്ത് കഴിയാം. ഇപ്പോൾ ഇതൊന്നും ബുദ്ധിമുട്ടായി തോന്നിയില്ലെങ്കിലും ഒരു രണ്ടു കൊല്ലം കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടാകും. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് വീട് മാത്രമല്ല, ഉപജീവനമാർഗങ്ങളും കൂടിയാണ്. അതുകൊണ്ട് പുനരധിവാസം ഒരു വീട്ടിൽ ഒതുക്കരുത്, ഞങ്ങൾക്ക് ജീവിക്കാനുള്ള വഴിയും കൂടി വേണം’’ - അനീഷ് പറയുന്നു.

ലിസ്റ്റിന് പുറത്തുള്ളവരുടെ ആശങ്ക
ടൗൺഷിപ്പ് നിർമാണം തുടങ്ങിയിട്ടും ലിസ്റ്റിൽ പേരു വരാതെ പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി ദുരിതബാധിതരുണ്ട്. അവരിൽ ഒരാളാണ് ജിഷ്ണു. ജിഷ്ണുവിന്റെ അച്ഛനും അമ്മയും ജ്യേഷ്ഠനും അനുജനും അനുജത്തിയും മരിച്ചു. കുടുംബത്തിലുള്ളവരെയെല്ലാം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴും ജിഷ്ണു ഇപ്പോൾ താമസിക്കുന്ന വാടകവീടിന് വാടക പോലും കിട്ടിയിട്ടില്ല. സഹായത്തിന് ഏതെങ്കിലും സന്നദ്ധസംഘടനകളെ സമീപിക്കാനാണ് ഈ ചെറുപ്പക്കാരന് അധികൃതരിൽനിന്ന് ലഭിച്ച മറുപടി. 2018-ലെ ഉരുൾപൊട്ടലിൽ ലഭിച്ച ധനസഹായത്തിന്റെ പേരിൽ ഇപ്പോൾ സഹായം നിഷേധിക്കപ്പെട്ട ജിഷ്ണു ട്രൂ കോപ്പി തിങ്കുമായി സംസാരിച്ചു:
“എനിക്ക് വീടും അച്ഛൻ, അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ, അമ്മൂമ്മ തുടങ്ങിയവരും നഷ്ടമായി. എന്നിട്ടും പുനരധിവാസ ലിസ്റ്റിൽ എന്റെ പേര് വന്നിട്ടില്ല. ഉദ്യോഗസ്ഥർ പറഞ്ഞത്, 2018 ലെ ഉരുൾപൊട്ടലിൽ ഞങ്ങളുടെ വീടിന്റെ പകുതി പോയിരുന്നു. അന്ന് പത്ത് ലക്ഷം രൂപ ധനസഹായം ലഭിച്ചിരുന്നു എന്നാണ്. കലക്ടറുമായി സംസാരിക്കുകയും എം.എൽ.എയ്ക്ക് നിവേദനം നൽകുകയും ചെയ്തു. പക്ഷെ നടപടി ആയിട്ടില്ല. ഏതെങ്കിലും സംഘടനകളുമായി സംസാരിക്കാനാണ് എന്നോട് പറഞ്ഞത്. ഇപ്പോൾ വാടക വീട്ടിലാണ്. അതിനുള്ള വാടക പോലും സർക്കാർ നൽകിയിട്ടില്ല. 2018-ൽ ധനസഹായം ലഭിച്ചെന്ന് പറഞ്ഞാണ് എനിക്ക് ഇപ്പോൾ ഇതെല്ലാം നിഷേധിച്ചത്” - ജിഷ്ണു പറയുന്നു.

2018 ലെ ഉരുൾപൊട്ടലിൽ ധനസഹായം നൽകിയെന്ന സാങ്കേതിക കാരണം പറയുമ്പോഴും ദുരന്തമുഖത്ത് വീട്ടുകാരെയെല്ലാം നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരനെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് കൊടും ക്രൂരതയാണ്. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന കാര്യത്തിൽ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത് നിയമങ്ങൾ യാന്ത്രികമാകരുതെന്നായിരുന്നു. എന്നാൽ, ഇതേ യാന്ത്രികതയാണ് ജിഷ്ണു അടക്കമുള്ള, ലിസ്റ്റിൽ പേര് വരാത്തവരുടെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത്.
ലിസ്റ്റിൽ പേരില്ലാതായ ദുരിതബാധിതർ എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് ദുരന്തം സംഭവിച്ചത് മുതൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അജയ് ശേഖർ:
“നിലവിലെ പട്ടികയിൽ 408 പേരാണുള്ളത്. ഈ ലിസ്റ്റ് തയാറാക്കിയശേഷവും, 50 മീറ്റർ ദൂരത്തിലുള്ള ആളുകളുടെ വീട് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അവരും കൂടി ലിസ്റ്റിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. ആദ്യം പത്ത് സെന്റ് സ്ഥലം നൽകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നെ അഞ്ചു സെന്റായി കുറച്ചു. സമരം ചെയ്തപ്പോൾ ഏഴു സെന്റാക്കി. ടൗൺഷിപ്പ് വേണ്ടെന്ന് പറയുന്നവർക്ക് 50 ലക്ഷം രൂപ നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. ദുരന്തം നടന്ന സ്‌കൂൾ റോഡിൽ തന്നെ താമസിക്കാൻ പലരും നിർബന്ധിതരാകുന്നുണ്ട്. അവരൊന്നും ഇപ്പോഴും ലിസ്റ്റിൽ ഇല്ല. സർക്കാർ പട്ടികയിൽ ഇവർ ഉൾപ്പെടുന്നില്ലെങ്കിലും കഴിഞ്ഞമാസം വരെയുള്ള വാടക നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത മാസം മുതൽ വാടക നൽകില്ലെന്ന് കലക്ടർ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അങ്ങനെ വരുന്ന സാഹചര്യത്തിൽ അവർക്ക് ദുരന്തമുഖത്തേക്കുതന്നെ തിരിച്ചുപോകേണ്ടി വരും” - അജയ് ശേഖർ പറയുന്നു.
കേന്ദ്രം കൈവിട്ട
പുനരധിവാസം
പുനരധിവാസ നടപടികളിലെ പ്രശ്‌നങ്ങളും ദുരിതബാധിതരുടെ ആശങ്കകളും നിലനിൽക്കുമ്പോഴും ദുരന്തമുഖത്ത് കേരളത്തെ കൈവിട്ട കേന്ദ്ര നിലപാട് അവഗണിക്കാനാകില്ല. ദുരന്തമുണ്ടായ സാഹചര്യത്തിലും സാമ്പത്തികമായി സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുന്ന ഘട്ടത്തിലാണ് കൽപറ്റയിൽ ടൗൺഷിപ്പിന് കല്ലിട്ടത്. വയനാട്ടിൽ ദുരന്തമുണ്ടായ ശേഷവും മറ്റ് പല സംസ്ഥാനങ്ങളിലും 1000 കോടിയിലധികം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച അതേ കേന്ദ്ര സർക്കാർ മൂന്ന് തവണ നിവേദനം നൽകുകയും നാശനഷ്ട കണക്ക് ബോധിപ്പിച്ചിട്ടും കേരളത്തെ പൂർണമായും അവഗണിക്കുകയാണ് ചെയ്തത്.
“ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചപ്പോൾ സ്വാഭാവികമായും കേന്ദ്രസർക്കാറിൽ നിന്ന് വലിയ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുനരധിവാസത്തിലേക്കുള്ള വലിയ സ്രോതസായി കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ ആ വഴിക്ക് ഒന്നും ലഭിച്ചിട്ടില്ല. 2221 കോടിയായിരുന്നു പുനരധിവാസത്തിന് വേണ്ടിയിരുന്നത്. എന്നാൽ നൽകിയതാകട്ടെ 529 കോടിയുടെ വായ്പയാണ്” - ടൗൺഷിപ്പ് കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ദുരിന്തബാധിത അതിജീവനത്തിന് നൽകിവരുന്ന പതിവുവിഹിതമായ എസ്.ഡി.ആർ.എഫ് ഫണ്ട് കേരളത്തിന് നൽകിയത് വയനാടിനുള്ള കേന്ദ്ര സഹായമെന്ന് വ്യാഖ്യാനിക്കാനും പലരും ശ്രമിച്ചു. ദുരന്തം ഉണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് എല്ലാ സാമ്പത്തിക വർഷവും നൽകിവരുന്ന തുകയാണ് എസ്.ഡി.ആർ.എഫ് വിഹിതം. സാധാരണ നിലയിൽ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വിഹിതം. ഇതിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. ദുരന്തമുണ്ടാകുമ്പോൾ വേഗത്തിൽ നൽകിയിരുന്ന തുകയായ എൻ.ഡി.ആർ.എഫ് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടുമില്ല.
പുത്തുമല ടൗൺഷിപ്പ് ഒരു പാഠം
2019 ഓഗസ്റ്റ് എട്ടിന് 17 പേരുടെ ജീവനെടുക്കുകയും അഞ്ചു പേരെ കാണാതാകുകയും ചെയ്ത പുത്തുമല ഉരുൾപൊട്ടൽ ദുരന്തം നമുക്കു മുന്നിലുണ്ട്. സർക്കാർ വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയ അനുഭവമാണ് പുത്തുമലക്കാർക്കുള്ളത്. ദുരന്തം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞാണ് പുത്തുമലക്കാർക്ക് സ്വന്തം വീടെന്ന സ്വപ്‌നം യാഥാർഥ്യമായത്. എന്നാൽ വീട് നിർമിച്ച് ഒരു വർഷമായതോടെ ആ വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി. പുത്തുമല ദുരന്തത്തിലെ പുനരധിവാസം പാഠമായെടുക്കണമെന്ന് അജയ് ശേഖർ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“പുത്തുമല ദുരന്തബാധിതർക്ക് മേപ്പാടി നെടുമ്പാല എസ്റ്റേറ്റാണ് നൽകിയത്. ആറു സെന്റ് ഭൂമിയും അറുനൂറോ എഴുനൂറോ സ്‌ക്വയർ ഫീറ്റിലുള്ള വീടും. നല്ല മഴയുള്ള സമയത്ത് അവിടുത്തെ അവസ്ഥ വളരെ ദയനീയമാണ്. ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് അവർ ഇന്നും താമസിക്കുന്നത്. ഒരു വീട്ടിലെ മലിനജലം അടുത്ത വീട്ടിലേക്കാണ് ഒഴുകുന്നത്. വയനാട്ടിൽ ഒരു സെന്റ് ഭൂമി കൂടുതലായി നൽകുന്നുണ്ടെങ്കിലും വീടിന്റെ സ്‌ക്വയർ ഫീറ്റ് കൂടുതലായതുകൊണ്ട് സ്ഥലപരിമിതി പ്രശ്നമാകും. 1500- ഓളം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടിവരുമെന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നത്. അന്ന് ജോൺ മത്തായി പറഞ്ഞത് അടുത്ത 50 കൊല്ലത്തേക്ക് അവിടെ ഉരുൾപൊട്ടില്ല എന്നാണ്. എന്നാൽ, അവിടെ താമസിക്കാൻ പറ്റാത്ത സ്ഥലങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് 300 മീറ്റർ ദൂരത്തിലുള്ള ആളുകളെ മാറ്റണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോൾ 30, 50 മീറ്റർ ദൂരത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. മഴക്കാലം എത്താറായി. ആളുകൾ അവിടെ താമസിക്കേണ്ടിവരുന്നതിന്റെ ആശങ്കയിൽ തന്നെയാണ്” - അജയ് ശേഖർ പറയുന്നു.
ഒറ്റപ്പെടുന്ന അട്ടമല
മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലൂടെ ബെയ്‌ലി പാലവും കടന്ന് 1.5 കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന ഗ്രാമമാണ് അട്ടമല. പുനരധിവാസം പൂർത്തായാകുന്നതോടെ തീർത്തും ഒറ്റപ്പെടുന്ന ചൂരൽമലയോട് ചേർന്ന അട്ടമലയിലുള്ള കുടുംബങ്ങൾ ഇനി ഒറ്റപ്പെട്ട അവസ്ഥയിൽ താമസിക്കണം. ഭാവിയിലെ ദുരന്തസാധ്യത പോലും പരിഗണിക്കാതെയാണ് അട്ടമല നിവാസികളോട് അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാൻ സർക്കാർ പറയുന്നത്. ഇനിയൊരു പരീക്ഷണത്തിനില്ലെന്നും അട്ടമലയിലേക്ക് തിരിച്ചു പോകില്ലെന്നും അട്ടമല സ്വദേശി സന്തോഷ് ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:
ലിസ്റ്റിൽ നിന്ന് എത്രത്തോളം ആളുകളെ ഒഴിവാക്കാമെന്നാണ് നോക്കുന്നത്. സ്‌കൂൾ റോഡിലെ പല വീടുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അവിടെയാണ് കൂടുതലും മരണങ്ങൾ സംഭവിച്ചത്. സ്‌കൂൾ റോഡിന്റെ മേലെ ഭാഗത്തുള്ള പടവെട്ടിക്കുന്ന് പ്രദേശങ്ങളെല്ലാം താമസിക്കാൻ പറ്റാത്ത സ്ഥലമാണ്.
“ബെയിലി പാലം കഴിഞ്ഞാണ് അട്ടമലയിലേക്ക് പോകേണ്ടത്. ആ ഒരു വഴി മാത്രമാണുള്ളത്. ബെയിലി പാലത്തിനപ്പുറം പത്തു കുടുംബവും അത് കഴിഞ്ഞ് അട്ടമലയിൽ 27 കുടുംബവും മാത്രമാണ് പ്രദേശത്ത് അവശേഷിക്കുക. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയും ഞങ്ങൾക്ക് പുറത്തേക്ക് എത്താനില്ല. ആ പ്രദേശത്ത് ബാക്കിയുള്ളവരെല്ലാം പുനരധിവാസം ലഭിച്ച് പോയി കഴിഞ്ഞാൽ പിന്നെ കുറച്ചു കുടുംബങ്ങൾ മാത്രം ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കേണ്ടിവരും. ഞങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ആ പ്രദേശത്ത് ഞങ്ങളെ മാത്രം ബാക്കിയാക്കുകയാണ്. ഞങ്ങളെയും പുനരധിവാസത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് ഞാൻ കലക്ടറേറ്റിൽ പോയിരുന്നു. അട്ടമലയിലെ 30- ഓളം കുടുംബങ്ങൾ വീട് വേണമെന്നാവശ്യപ്പെട്ട് എഴുതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും നിവേദനം നൽകാനിരിക്കുകയാണ്. അവിടെ ഹൈടെക് പാലവും റോഡിൽ സോളാറും വരുമെന്നാണ് കലക്ടറേറ്റിൽ നിന്ന് ലഭിക്കുന്ന മറുപടി. അതുവരെ വാടകവീട്ടിൽ താമസിക്കാനാണ് പറയുന്നത്. വാടകയും പ്രതിമാസം 300 രൂപയും സർക്കാർ തരും. എന്നാൽ ഇതെല്ലാം താൽക്കാലികം മാത്രമാണ്.

ഇതു കഴിഞ്ഞ് സർക്കാർ പറഞ്ഞതനുസരിച്ച് ഞങ്ങൾ അട്ടമലയിൽ താമസം തുടങ്ങിയാൽദിവസവും കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള വണ്ടിക്കൂലിക്ക് മാത്രം നല്ലൊരു തുക കാണേണ്ടി വരും. കാരണം ചൂരൽമല ടൗൺ ഇനി ഇല്ല. നീലിക്കാപ്പ് ആണ് അടുത്ത ടൗൺ. അത് അട്ടമലയിൽ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരെയാണ്. ഞങ്ങൾ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഇനി അടുത്ത കാലത്തൊന്നും ഒരു കുട്ടി ആ വഴി സ്‌കൂൾ വിട്ട് ഒറ്റക്ക് വരില്ല. അവരെ സ്‌കൂളിൽ കൊണ്ടുവിടാനും തിരിച്ചുകൊണ്ടുവരാനും പോകേണ്ടിവരും. പ്രദേശത്തെ ഒരാൾക്കുപോലും സ്വന്തം വാഹനമില്ല. അതുകൊണ്ട് ഓട്ടോ വിളിക്കേണ്ടിവരും. അവിടെയുള്ളവരിൽ അധികവും എസ്റ്റേറ്റ് തൊഴിലാളികളാണ്. ദിവസ വരുമാനം 300 രൂപ മാത്രമാണ്. ഇതെല്ലാം തുറന്നുപറഞ്ഞ് ഞങ്ങളെല്ലാവരും അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റൂ. എന്തായാലും അട്ടമലയിലേക്ക് ഇനിയാരും തിരിച്ചുപോകില്ല. അവിടേക്ക് പോയാൽ ഇനി ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകില്ല.” - സന്തോഷ് പറയുന്നു.

ടൗൺഷിപ്പിൽ വീട് നിഷേധിക്കപ്പെട്ട നിരവധി കുടുംബങ്ങൾ അതീവ പരിതാപകരമായ സാഹചര്യത്തിലാണ് ഇപ്പോഴും കഴിയുന്നത്. മാത്രമല്ല, ദുരന്തസാധ്യതയുള്ള മുണ്ടകൈയിലേക്കും ചൂരൽ മലയിലേക്കും വീണ്ടും താമസിക്കാൻ നിർബന്ധിച്ചയക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്. പുനരധിവാസം എന്നാൽ വീട് നിർമിച്ചുകൊടുക്കൽ മാത്രമല്ല എന്ന് ദുരിതബാധിതർ പറയുന്നു. വീട് മാത്രമല്ല അവർക്ക് നഷ്ടമായത്, ജീവിതോപാധികൾ കൂടിയാണ്. കൃഷിയും മൃഗപരിപാലനവും അടക്കമുള്ള പണികൾ ചെയ്ത് ജീവിച്ചിരുന്ന മനുഷ്യർ എങ്ങനെയാണ് ടൗൺഷിപ്പിലെ പരിമിതമായ സ്ഥലത്ത് ഈ ജീവിതം തുടരുക എന്നത് വലിയ ചോദ്യമാണ്. മാത്രമല്ല, ദുരിതബാധിതരുടെ കടം എഴുതിത്തള്ളില്ല എന്ന് കേന്ദ്ര സർക്കാർ സൂചന നൽകിയിട്ടുണ്ട്. ഭാവിയിൽ മറ്റൊരു ബാങ്ക് വായ്പ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണിവർ. ഇത്തരം ആശങ്കകൾക്കെല്ലാം അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്.