വയനാട് ഉരുൾപൊട്ടൽ അതിജീവിതരുടെ പുനരധിവാസം തടയുന്ന തോട്ടമുടമകൾ

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളം നേരിട്ട ഏറ്റവും ഭീകരമായ ദുരന്തത്തിലെ പാശ്ചാത്തലത്തിലും തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഉയരുന്ന ഈ നിയമയുദ്ധം, തോട്ടമുടമകൾ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം യഥാർത്ഥത്തിൽ ആർക്കാണ് എന്ന ഗൗരവമായ ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും. ഒരു അന്വേഷണം.

‘‘ജൂലൈ 30 ന് രാത്രി ഞങ്ങടെ നെഞ്ച് പിളർത്തിയാണ് ആ മലവെള്ളം ഒഴുകിപ്പോയത്. എല്ലാം നഷ്ടപ്പെട്ടു, കൂടപ്പിറപ്പുകളും കൂടെ പണിയെടുത്തവരും ഉറ്റവരും ഉടയവരുമെല്ലാം. തലനാരിഴയ്ക്കു രക്ഷപ്പെട്ട ഞങ്ങൾക്ക് അതിന്റെ ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല. മനസിന്റെ ബലമൊക്കെ നഷ്ടപ്പെട്ടു. ഓർത്തോർത്ത് സങ്കടപ്പെടാത്ത ദിവസങ്ങളില്ല. ദുരന്തത്തിനുശേഷം പണിക്ക് പോകാൻ പറ്റാത്തവർക്ക് ഒരു ചായകുടിക്കാൻ പോലും പൈസയില്ല, നിത്യ ചെലവിന് വകയില്ല. ഇങ്ങനെ പോയാൽ നാളെ എന്താകുമെന്നൊരാശങ്കയുണ്ട്, എല്ലാർക്കും. കറിയിലിടുന്ന ഉപ്പിന്റെ അളവ് പോലും മറന്നുപോയി. പരസ്പരം കടം ചോദിച്ചും സങ്കടങ്ങൾ അടക്കിപ്പിടിച്ചുമാണിപ്പോൾ ഓരോ ദിനവും തള്ളിനീക്കുന്നത്. കടങ്ങളെല്ലാം എഴുതിത്തള്ളും എന്ന് പറഞ്ഞ ബാങ്കുകൾ ലോൺ അടക്കാൻ പറയുകയാണിപ്പോൾ. മുണ്ടക്കൈ മാതൃകയിൽ എല്ലാരുമൊന്നിച്ചുള്ളൊരു ടൗൺഷിപ്പ് ഞങ്ങളിപ്പോൾ ആവശ്യപ്പെടുന്നില്ല. വാടകവീട്ടിലും ബന്ധുവീട്ടിലുമൊക്കെയായി കഴിയുന്ന ഞങ്ങളെ എവിടെയെങ്കിലുമൊന്ന് മാറ്റിപ്പാർപ്പിച്ചാൽ മാത്രം മതി എന്നായിട്ടുണ്ട്’’.

ചൂരൽമലയിലെ തോട്ടം തൊഴിലാളി കുടുംബത്തിലെ നസീർ അലക്കൽ പറഞ്ഞുനിർത്തിയത് തൊണ്ട ഇടറിയാണ്. ‘ഞങ്ങൾ അതിജീവിക്കും, മുണ്ടക്കൈയും ചൂരൽമലയും തിരിച്ചുവരും’ എന്ന ഈ മനുഷ്യരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.

ടൗൺഷിപ്പിന് രണ്ട് എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കാനിരിക്കെ അതിനെ എതിർത്ത് കമ്പനികൾ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കൂടിയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ഉരുൾപൊട്ടലുണ്ടായി ഇത്ര ദിവസമായിട്ടും പുനരധിവാസത്തിൽ ഉൾപ്പെടെ നടപടികളായിട്ടില്ലെന്ന ആശങ്കയാണ് നാട്ടുകാരെ അതിലേക്ക് നയിക്കുന്നത്. തങ്ങളെ ചേർത്തുപിടിച്ച സമൂഹത്തോടും സർക്കാരിനോടും കാര്യങ്ങൾ കൃത്യമായി പറയാനും നടപടിയുണ്ടാകാനുമാണ് സമിതിക്ക് രൂപം കൊടുത്തതെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ നസീർ അലക്കൽ പറയുന്നു.

ദിവസം 300 രൂപ സഹായം അടക്കം വാഗ്ദാനം ചെയ്ത ആനൂകൂല്യങ്ങളൊന്നും കിട്ടാത്ത ദുരിതബാധിതർ ഇപ്പോഴുമുണ്ട്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. അങ്ങനെയിരിക്കെയാണ് ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ ഹർജി നൽകിയത്.

 ‘ഞങ്ങൾ അതിജീവിക്കും, മുണ്ടക്കൈയും ചൂരൽമലയും തിരിച്ചുവരും’ എന്ന ഈ മനുഷ്യരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു / Photo : Prasoon Kiran
‘ഞങ്ങൾ അതിജീവിക്കും, മുണ്ടക്കൈയും ചൂരൽമലയും തിരിച്ചുവരും’ എന്ന ഈ മനുഷ്യരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു / Photo : Prasoon Kiran

തോട്ടഭൂമിയുടെ ഉടമ ആര്?

മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ മരിച്ചത് 401 പേരാണ്. അതിൽ 47 പേർ കാണാമറയത്താണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ 3000- ൽ പരം ആളുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ ഹാരിസൺ മലയാളത്തി​ന്റെ ഉടമസ്ഥയിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലും കൽപറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാനായിരുന്നു ഒക്ടോബർ മൂന്നിനു ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ കൽപറ്റ ബൈപ്പാസിനോടുചേർന്ന 78.73 ഹെക്ടറുമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇരു എസ്റ്റേറ്റുകളിലെയും ജനവാസമേഖലകൾ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായും വാസയോഗ്യമല്ലാതായിത്തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുകയാണ് എസ്റ്റേറ്റ് ഉടമകൾ. ടൗൺഷിപ്പ് നിർമ്മാണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാരിസണും എൽസ്റ്റണും ഹൈക്കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം.

ജൂലൈ 30 ന് രാത്രി ഞങ്ങടെ നെഞ്ച് പിളർത്തിയാണ് ആ മലവെള്ളം ഒഴുകിപ്പോയത് / Photo : Prasoon Kiran
ജൂലൈ 30 ന് രാത്രി ഞങ്ങടെ നെഞ്ച് പിളർത്തിയാണ് ആ മലവെള്ളം ഒഴുകിപ്പോയത് / Photo : Prasoon Kiran

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽ രേഖപ്പെടുത്തപ്പെട്ട ദുരന്തം കൂടിയായിരുന്നു വയനാട്ടിലേത്. മണ്ണിനടിയിലായിപ്പോയ നിരവധി മനുഷ്യരെ പോലും കണ്ടെത്താനായിട്ടില്ലാത്ത ദുരന്തം. അതിജീവിച്ചവർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കവേയാണ് കോടതി വ്യവഹാരത്തിലൂടെ അതിന് തുരങ്കം വെച്ച് ഹാരിസണും എൽസ്റ്റണും രംഗത്തെത്തിയത്. എസ്റ്റേറ്റുകളിൽ സർക്കാരിന്റെ അവകാശവാദം ഉന്നയിച്ച് വയനാട് കലക്ടർ ഡി.ആർ മേഘശ്രീ സുൽത്താൻബത്തേരി കോടതിയിൽ സിവിൽകേസ് ഫയൽ ചെയ്തതോടെ ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായി.

ഉരുൾപൊട്ടലിൽ തങ്ങൾക്കും 13 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചപ്പോഴെല്ലാം കോടതികൾ തടയുകയായിരുന്നുവെന്നും ഹാരിസൺ ഹർജിയിൽ പറയുന്നു. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണ് എന്നിരിക്കെയാണ് നഷ്ടപരിഹാരം നൽകാതെയുള്ള തീരുമാനമെന്നും ഇതു തടയണമെന്നുമാണ് ഹാരിസണിന്റെ ആവശ്യം.

ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിയാവണമെന്ന് എൽസ്റ്റണും ആവശ്യപ്പെടുന്നു. എന്നാൽ, ഭൂപരിഷ്‌കരണ നിയമപ്രകാരം സർക്കാരാണ് എസ്റ്റേറ്റ് ഭൂമിയുടെ ഉടമയെന്നും പാട്ടക്കരാർ കാലാവധി പൂർത്തിയായതും അല്ലാത്തതുമെല്ലാം ഏറ്റെടുക്കാൻ അധികാരമുണ്ടെന്നുമാണ് സർക്കാർ വാദം. കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നവംബർ 4 ന് വീണ്ടും പരിഗണിക്കും. കാലങ്ങളായി തോട്ടമുടമകൾ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം യഥാർത്ഥത്തിൽ ആർക്കാണ് എന്ന ഗൗരവമായ ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും ഈ നിയമപോരാട്ടം.

ഒരു മനുഷ്യായുസ്സ് മുഴുവൻ തങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി പണിയെടുത്ത തൊഴിലാളികളോട് തോട്ടമുടമകൾ ചെയ്യുന്ന ചരിത്രപരമായ അനീതി ഈ ദുരന്തകാലത്തും അവർ തുടരുകയാണ്.

മണ്ണിനടിയിലായിപ്പോയ നിരവധി മനുഷ്യരെ പോലും കണ്ടെത്താനായിട്ടില്ലാത്ത ദുരന്തം
മണ്ണിനടിയിലായിപ്പോയ നിരവധി മനുഷ്യരെ പോലും കണ്ടെത്താനായിട്ടില്ലാത്ത ദുരന്തം

അടുത്ത കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിലധികവും തോട്ടം മേഖലയിലാണെങ്കിലും ഈ ആഘാതം ഉടമകളെ ഒരിക്കലും ബാധിച്ചിട്ടില്ല. പെറുക്കിവച്ച ഇഷ്ടികക്കൂരകളിൽ കഴിയുന്ന തൊഴിലാളികൾക്കായിരുന്നു എല്ലാ നഷ്ടവും. അതുകൊണ്ടുതന്നെ തോട്ടമുടമകളുടെ നിലപാട് വകവെച്ചുകൊടുക്കാൻ ദുരിതബാധിതർ തയ്യാറല്ല.

തോട്ടഭൂമി ഏത്ര ഏക്കർ?
അപ്രത്യക്ഷമായ ഒരു റിപ്പോർട്ട്

1877-ൽ ജോൺ ഡാനിയേൽ മൺറോ എന്ന ബ്രിട്ടീഷ് പൗരന് 3000 രൂപ വാർഷിക പാട്ടത്തിന് പൂഞ്ഞാർ രാജവംശം നൽകിയ 1,45,280 ഏക്കർ ഭൂമിയിൽ നിന്നാണ് കേരളത്തിലെ തോട്ടം മേഖലയുടെ ചരിത്രം തുടങ്ങുന്നത്. എന്നാൽ ഭൂമി സംബന്ധമായ എല്ലാ ചരിത്രവസ്തുതകളെയും കരാറുകളെയും അട്ടിമറിച്ച് തോട്ടം മേഖല പൂർണമായും കയ്യടക്കുന്നതാണ് പിന്നീട് കണ്ടത്.

വ്യാജ രേഖയുണ്ടാക്കി തോട്ടമുടമകൾ കയ്യടക്കി വെച്ചിരിക്കുന്ന ഏക്കറു കണക്കിന് ഭൂമി യഥാർത്ഥത്തിൽ കേരളീയ ജനതയുടെ ഭൂമിയാണെന്നും അനർഹമായ രാഷ്ട്രീയ പിന്തുണ തോട്ടമുടമകൾക്ക് ലഭിക്കുന്നതുകൊണ്ട് മാത്രമാണ് ഈ പോരാട്ടത്തിൽ ജനം പരാജയപ്പെടുന്നതെന്നും തോട്ടം മേഖലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തുന്ന മാധ്യമ പ്രവർത്തകൻ ഡോ. ആർ. സുനിൽ പറഞ്ഞു.

‘‘ഉടമസ്ഥതെയെ ചോദ്യം ചെയ്യുന്നു എന്നതാണ് തോട്ടമുടമകളുടെ ഭയം. ഇപ്പോൾ നൂറ് ഏക്കർ വിട്ടുകൊടുത്താൽ ഹാരിസൺസ് തന്നെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ 70000- ഓളം ഏക്കർ ഭൂമിയും നഷ്ടപ്പെട്ടേക്കാം എന്ന ഭയം. സുശീല ഭട്ട് ഇവർക്കെതിരെ കോടതിയിൽ കേസ് നൽകിയ സമയത്ത്, തങ്ങളുടെ ഭൂമി നഷ്ടമാകുമെന്നാണ് ഹാരിസൺ മലയാളം വാദിച്ചത്. കാരണം, അവർക്കറിയാം, വ്യാജ രേഖയിലൂടെയാണ് ഈ ഭൂമിയെല്ലാം നിലനിർത്തിയിരിക്കുന്നത് എന്ന്. എന്നാൽ രാഷ്ട്രീയ പിന്തുണ തോട്ടമുടമകൾക്ക് ലഭിക്കുന്നുണ്ട്’’.
‘‘തിരുവിതാംകൂർ രാജാവും മലബാറിലെ വ്യക്തികളും മറ്റും ബ്രിട്ടീഷ് കമ്പനികൾക്കും ബ്രിട്ടീഷ് പൗരർക്കും പാട്ടത്തിന് കൊടുത്ത ഭൂമിയാണിത്. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ ഭൂമിസംബന്ധമായ മുഴുവൻ കരാറുകളും റദ്ദായി. പക്ഷെ ഭരണകൂടം ഭൂമി ഔദ്യോഗികമായി ഏറ്റെടുത്തില്ല. കയ്യൂക്കുള്ളവർ വ്യാജ രേഖയുണ്ടാക്കിയും നിയമവ്യവഹാരത്തിലൂടെയും ഭൂമി കയ്യേറ്റം തുടർന്നു. 1975-ൽ നിയമസഭയിൽ കെ.ആർ. ഗൗരിയമ്മ ഈ വിഷയം ഉന്നയിക്കുകയും 1967- ൽ റവന്യു മന്ത്രിയായിരിക്കേ, അന്വേഷണത്തിന് കമീഷനെ നിയോഗിക്കുകയും ചെയ്തു. വിദേശ തോട്ടസാൽക്കരണം എന്നത് അന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ അജണ്ടയായിരുന്നു. എന്നാൽ 1970- ലെ അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയപ്പോൾ വ്യവസായമായി നിലനിൽക്കണം എന്ന ഉദ്ദേശ്യത്തോടെ തോട്ടഭൂമിയെ അതിൽ നിന്ന് ഒഴിവാക്കി.

1970- ലെ അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയപ്പോൾ തോട്ടഭൂമിയെ ഒഴിവാക്കി.
1970- ലെ അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയപ്പോൾ തോട്ടഭൂമിയെ ഒഴിവാക്കി.

കേരളത്തിന്റെ തോട്ടം മേഖലയെ കുറിച്ച് 1971- ൽ നിയമസഭയ്ക്ക് നൽകിയ റിപ്പോർട്ട് നിയമസഭാ ലൈബ്രറിയിൽ നിന്ന് എന്നോ അപ്രത്യക്ഷമായി. എത്ര ഏക്കർ ഭൂമി വിദേശ തോട്ടമായി 1970- ൽ കേരളത്തിലുണ്ടായിരുന്നു എന്നതിന്റെ കണക്ക് പോലും അതിലുണ്ടാകുമായിരുന്നു. ആ റിപ്പോർട്ട് ആരാണ് നശിപ്പിച്ചുകളഞ്ഞത്?. റിപ്പോർട്ടിനെ കുറിച്ച് കൂടുതൽവെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി അച്യുതമേനോൻ അന്ന് നിയമസഭയിൽ പറഞ്ഞത്’’.

കേരളത്തിലെ തോട്ടഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവ്യവഹാരങ്ങളുടെ തുടർച്ചയാണ് വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്നതെന്നും ഇത് ജയിക്കേണ്ടത് കേരളീയ ജനതയുടെ ആവശ്യമാണ് എന്നും സുനിൽ പറയുന്നു:

‘‘ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺ മലയാളം കെ.പി യോഹന്നാന് വിറ്റപ്പോഴാണ് പാട്ടഭൂമി വിൽക്കാൻ അവകാശമുണ്ടോ എന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉയർത്തിയത്. അതിനു ശേഷമാണ് നിവേദിത പി. ഹരനെ ഹരിസൺ മലയാളത്തിലെ തോട്ടഭൂമിയുടെ രേഖകൾ അന്വേഷിക്കാൻ നിയോഗിച്ചത്. 70000 ഏക്കർ ഭൂമിയാണ് അവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം കണ്ടെത്തിയത്.
ഇതേസമയത്ത് മനുഷ്യാവകാശ കമീഷനുമുമ്പാകെ വിദേശ തോട്ടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടൊരു പാരാതിയും വന്നു. അതിന് എസ്. ശ്രീജിത്തിനെ നിയോഗിച്ചു. ശ്രീജിത്താണ് അഞ്ചരലക്ഷത്തോളം വിദേശ തോട്ടം ഭൂമി തോട്ടമുടമകളുടെ കൈവശമുണ്ടാകാമെന്ന് പറയുന്നത്. ഏറ്റവും ഒടുവിൽ, ബ്രീട്ടീഷ് കമ്പനികൾ കൈമാറിയ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് നൽകി.

തോട്ടം മേഖലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തുന്ന മാധ്യമ പ്രവർത്തകൻ ഡോ. ആർ. സുനിൽ
തോട്ടം മേഖലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തുന്ന മാധ്യമ പ്രവർത്തകൻ ഡോ. ആർ. സുനിൽ

എന്നാൽ സർക്കാറിന് നിയമപരമായ ഉടമസ്ഥതയുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി പറഞ്ഞത്. സുപ്രിം കോടതിയും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. അതിന്റെ ഭാഗമായി ബഹുഭൂരിപക്ഷം തോട്ടങ്ങളുടെയും കേസ് സിവിൽ കോടതിയിൽ സ്‌പെഷ്യൽ ഓഫീസ് നേരിട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയാണ് വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണം തോട്ടമുടമകൾക്കെതിരെ നടത്തുന്ന നിയമപോരാട്ടം’’.
‘‘തോട്ടം തൊഴിലാകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുണ്ടാവാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇളവ് കൊടുത്ത ഭൂമിയാണ് ഇപ്പോൾ തോട്ടേതര ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ആ ഭൂമിയിൽ ഒരു കാരണവശാലും അവർക്ക് അവകാശമേ ഉന്നയിക്കാൻ പറ്റില്ല. എന്നിട്ടാണ് ഇപ്പോഴും അടിമസമാനമായ ജീവിതം നയിക്കുന്ന തൊഴിലാളികളുടെ പേരിൽ ഈ തോട്ടമുടമകൾ വിലപേശൽ നടത്തുന്നത്. അതൊരു കൊളോണിയൽ വിലപേശലാണ്. നൂറുകണക്കിന് മനുഷ്യർ മരിച്ചുപോയൊരു ദുരത്തിൽ പോലും മനുഷ്യത്വരഹിതമായ ആ വിലപേശൽ തുടരുന്നു എന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്’’- സുനിൽ പറയുന്നു.

1947നുശേഷം കേരളത്തിന്റെ തോട്ടം മേഖലയില്‍ കൊളോണിയല്‍ ആധിപത്യം തുടരുന്നതിന് കാരണം ഭരണകൂടങ്ങളുടെ ക്രൂരമായ മൗനമാണ്.
1947നുശേഷം കേരളത്തിന്റെ തോട്ടം മേഖലയില്‍ കൊളോണിയല്‍ ആധിപത്യം തുടരുന്നതിന് കാരണം ഭരണകൂടങ്ങളുടെ ക്രൂരമായ മൗനമാണ്.

തൊഴിലാളികളിൽനിന്ന്
പിടിച്ചുവച്ച തുക എവിടെ?

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വീടും ജീവിത സാഹചര്യങ്ങളും നിഷ്‌കർഷിക്കുന്ന പ്ലാന്റേഷൻ ലേബർ ആക്ട്-1951 നടപ്പിലാക്കാൻ പോലും തയ്യാറാകാത്ത തോട്ടമുടമകൾ ശമ്പള വർധനവും അലവൻസും അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സുരക്ഷയുമെല്ലാം നിഷേധിച്ച്, ലയങ്ങളിൽ തളച്ചിട്ട്, അടിമകളെ പോലെ പണിയെടുപ്പിച്ചാണ് ഇത്രയും കാലം ലാഭം കൊയ്തത്.

1986 മുതൽ, പതിനഞ്ചാം വയസ് തൊട്ട് അട്ടമല എസ്റ്റേറ്റിൽ പണിയെടുക്കുന്ന, മുണ്ടക്കൈ ഉരുൾപൊട്ടലിനുശേഷം പണിയില്ലാതായ ബാലകൃഷ്ണന്‍ എന്ന ബാലന്റെ അനുഭവം ഇതിന് ഉദാഹരണമാണ്: ‘‘സ്വാതന്ത്ര്യത്തിനുമുമ്പ് പാലക്കാട്ടുനിന്ന് കുടിയേറി വന്നവരാണ് ഞങ്ങൾ. അച്ഛനും മുത്തച്ഛനുമെല്ലാം ഈ എസ്റ്റേറ്റിൽ പണിയെടുത്തവരാണ്. ഈ എസ്റ്റേറ്റിലാണ് ജനിച്ചതും ജീവിച്ചതും. ഈ തോട്ടുമുടമകൾക്കുവേണ്ടിയാണ് തുച്ഛമായ ശമ്പളത്തിന് ഞങ്ങളൊക്കെ വിയർപ്പൊഴുക്കിയത്. എന്നിട്ടിപ്പോൾ, സർക്കാറിന്റെ ലീസ് ഭൂമി ആയിരുന്നിട്ടുപോലും ദുരിതബാധിതർക്കുള്ള കിടപ്പാടത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് കോടതിയിൽ പോകുന്നത് ഞങ്ങളോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ഒന്നുമില്ലാതായിപ്പോയ ഞങ്ങളെ കയ്യയച്ച് സഹായിക്കേണ്ട സമയത്താണ് ഈ ദ്രോഹം ചെയ്യുന്നത്’’.

പണി നിലച്ചു പോയ അട്ടമല എസ്റ്റേറ്റിലെ തന്‍റെ പാടിക്ക് മുന്നില്‍ ബാലന്‍ / Photo : Badusha Fahad
പണി നിലച്ചു പോയ അട്ടമല എസ്റ്റേറ്റിലെ തന്‍റെ പാടിക്ക് മുന്നില്‍ ബാലന്‍ / Photo : Badusha Fahad

കമ്പനി തൊഴിലാളികളുടെ കയ്യിൽ നിന്ന് പിടിച്ചുവെച്ച തുക തന്നെ ഒരു ലക്ഷം രൂപയ്ക്കുമേലുണ്ടാകുമെന്നും ബാലൻ പറയുന്നു: ‘‘മുണ്ടക്കൈയിൽ മാത്രം 33 തോട്ടം തൊഴിലാളികളെയാണ് ഉരുളെടുത്തത്. ഈ മനുഷ്യരെല്ലാം തോട്ടം മേഖലയുമായി നേരിട്ടോ അല്ലാതേയോ ബന്ധമുള്ളവരാണ്. എന്നിട്ടും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നൽകിയത് ഒരു ലക്ഷം രൂപയാണ്. 60 വയസുവരെ കമ്പനിക്ക് വേണ്ടി ചത്തുപണിയെടുത്ത ഒരു തൊഴിലാളിക്ക് കമ്പനി നൽകിയ നക്കാപ്പിച്ചയാണത്. കമ്പനി തൊഴിലാളികളുടെ കയ്യിൽ നിന്ന് പിടിച്ചുവെച്ച തുക തന്നെയുണ്ടാകും ഒരുലക്ഷത്തിന് മുകളിൽ.

തോട്ടമുടമകളുടെ പക്കലുള്ളത് രേഖകളില്ലാത്ത ഭൂമി

ഏക്കർ കണക്കിന് ഭൂമിയാണ് വൻകിട തോട്ടമുടമകളുടെ പക്കലുള്ളതെന്നും പല ഭൂമിക്കും വ്യക്തമായ രേഖകളില്ലെന്നും ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശയിൽ നിന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികളെ കുറിച്ചുള്ള ഗവേഷണത്തിൽ പിഎച്ച്.ഡി. പൂർത്തിയാക്കിയ ഡോ. വി.ആർ. നജീബ് ​ട്രൂകോപ്പിയോട് പറഞ്ഞു:

‘‘വടക്കേ വയനാടിനെക്കുറിച്ച്, 1930-കളിലെ ലാൻഡ് റീസർവേ റെക്കോർഡുകളിൽ നിന്ന് എന്റെ ഗവേഷണത്തിൽ വ്യക്തമായ വസ്തുത ഇതാണ്: അന്നത്തെ നാട്ടുപ്രമാണിയിൽ നിന്ന് 99 വർഷത്തെ പാട്ട കരാറിലാണ് പ്ലാന്റേഷൻ തുടങ്ങാൻ ബ്രിട്ടീഷ് കമ്പനിയായ ഇംഗ്ലീഷ് ആൻഡ് സ്‌കോട്ടിഷ് ഹൊൽസയിൽ സൊസൈറ്റി സ്ഥലം വാങ്ങിയത്. 1911-ൽ തുടങ്ങിയ എസ്റ്റേറ്റിന്റെ പാട്ടക്കാലാവധി 2010-ൽ അവസാനിച്ചു. എന്നാലും വൻകിട കമ്പനികൾ ഈ ഭൂമി സർക്കാരിന് വിട്ടുനൽകാതെ കയ്യടക്കി വെച്ചിരിക്കുകയാണ്. ഭൂപരിഷ്‌കരണം പോലും തോട്ടം മേഖലയെ തൊടാനറച്ചു. ഭൂപരിഷ്‌കരണം നടത്തിയ കാലത്ത് കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിന്റെ കണക്കുപറഞ്ഞ് തോട്ടം ഭൂമിയുടെ അവകാശം തോട്ടമുടമകൾ നിലനിർത്തി. പിന്നീട് സർക്കാരുകൾ കമീഷനുകളെ നിയോഗിച്ചുവെങ്കിലും അവരുടെ നിർദ്ദേശങ്ങളൊന്നും നടപ്പായില്ല. ഒരു മനുഷ്യയുസ്സ് തങ്ങൾക്കുവേണ്ടി പണിയെടുത്തവരോട് ചെയ്തുകൊണ്ടിരിക്കുന്ന അനീതിക്ക് പരിഹാരം ചെയ്യാനുള്ള അവസരമായെങ്കിലും ഈ കെട്ട കാലത്തെ തോട്ടമുടമകൾ കണക്കാക്കണം. കയ്യടക്കിവച്ചിട്ടുള്ള ഏക്കറുകളോളം ഭൂമിയിൽ നിന്ന് ഒരു പങ്ക് തൊഴിലാളികൾക്ക് വീട് വെക്കാൻ വിട്ടുനൽകണം’’- നജീബ് പറഞ്ഞു.

 തോട്ടം തൊഴിലാളികളെ കുറിച്ചുള്ള ഗവേഷണത്തിൽ പിഎച്ച്.ഡി. പൂർത്തിയാക്കിയ ഡോ. വി.ആർ. നജീബ് / Photo : Badusha Fahad
തോട്ടം തൊഴിലാളികളെ കുറിച്ചുള്ള ഗവേഷണത്തിൽ പിഎച്ച്.ഡി. പൂർത്തിയാക്കിയ ഡോ. വി.ആർ. നജീബ് / Photo : Badusha Fahad

സർക്കാർ അവകാശവാദവും
യഥാർഥ തൊഴിലാളി ജീവിതവും

സംതൃപ്തവും സമാധാനപൂർവവുമായ തൊഴിൽ മേഖല അനിവാര്യമാണെന്ന മുദ്രാവാക്യം ഇടതുസർക്കാറിന്റേതാണ്. ‘കഴിഞ്ഞ എട്ടു വർഷത്തെ ഭരണമികവുകൊണ്ട് തൊഴിലുടമകളും തോട്ടം തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും തൊഴിൽ തർക്കങ്ങളും കേസുകളും മുൻകാലങ്ങളേക്കാൾ വളരെ കുറഞ്ഞത് ഇതിന്റെ സാക്ഷ്യപത്രമാണെന്നും’ അവകാശപ്പെടുന്നുണ്ട്, ഈ സർക്കാർ. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58-ൽനിന്ന് 60 ആക്കി ഉയർത്തിയതും തോട്ടം തൊഴിലാളികളുടെ വേതനത്തിൽ 41 രൂപയുടെ വർദ്ധനവ് വരുത്തിയതും ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചാണ് ഈ അവകാശവാദം. പക്ഷെ രാവിലെ എട്ടിനു തുടങ്ങി വൈകീട്ട് അഞ്ച് വരെ നീളുന്ന, അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു തൊഴിലിന് നൽകേണ്ട അർഹമായ ശമ്പളമാണോ ഇത് എന്ന് ചോദിക്കുന്നത് ഇതേ തോട്ടം തൊഴിലാളികളാണ്. 90 ശതമാനവും സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയായിട്ടുപോലും ടോയ്ലറ്റ് സംവിധാനം പോലും മാനേജ്മെന്റ് അനുവദിച്ചിട്ടില്ല. കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം ആശുപത്രിയിലെത്താൻ. കുറഞ്ഞ കൂലിയും അടിമപ്പണിയും. കൂടാതെ വീടോ സ്ഥലമോ ഇല്ല, മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല. സർക്കാർ അവകാശവാദങ്ങൾക്കും അപ്പുറമാണ് തൊഴിലാളികളുടെ നിത്യജീവിതം.

അയൽവാസികളും കൂടെ ജോലി ചെയ്തിരുന്നവരുമെല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടം അടക്കിപ്പിടിച്ച് കമല വീണ്ടും തേയില നുള്ളി തുടങ്ങി / Photo : Harishankar
അയൽവാസികളും കൂടെ ജോലി ചെയ്തിരുന്നവരുമെല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടം അടക്കിപ്പിടിച്ച് കമല വീണ്ടും തേയില നുള്ളി തുടങ്ങി / Photo : Harishankar

ഇപ്പോഴത്തെ ശമ്പളം കൊണ്ട് ഒന്നുമാവില്ലെന്നാണ് പുത്തുമല എസ്റ്റേറ്റിൽ തേയില നുള്ളുന്ന കമല ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: ‘‘480 രൂപ കൊണ്ട് എന്താവാനാണ്? എല്ലാം അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. മക്കളെ കെട്ടിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും ഭക്ഷണച്ചെലവുമെല്ലാം ഈ നുള്ളുന്ന പണിയിൽനിന്ന് കിട്ടുന്ന പൈസേന്ന് വേണം. രണ്ട് വർഷം കഴിഞ്ഞാൽ കാലാവധിയും കഴിയും. അപ്പോൾ കമ്പനി ഇറങ്ങിക്കോളാൻ പറയും. പാടിയിലെ മുറിയുടെ കീ കൊടുത്ത് ഇറങ്ങണം’’- അയൽവാസികളും കൂടെ ജോലി ചെയ്തിരുന്നവരുമെല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടം അടക്കിപ്പിടിച്ച് കമല വീണ്ടും തേയില നുള്ളി തുടങ്ങി.
എവിടെയാണ് വീട്’ എന്ന് ചോദിച്ചപ്പോൾ തല ഉയർത്തി അങ്ങേ തലക്കലെ ഒരു മലഞ്ചെരുവിലേക്ക് വിരൽ ചൂണ്ടി, ‘ആ കാണുന്ന പാടിയിൽ’ എന്ന് മറുപടി.
അവിടത്തെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചില്ല, അല്ലാതെ തന്നെ വ്യക്തമാകുന്നതായിരുന്നു ആ ജീവിതചിത്രം.

സർക്കാറിനെ
പുറകോട്ട് വലിക്കുന്നതാര്?

കേരളത്തിലെ തൊഴിലാളി ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പൊതുസമൂഹത്തിന് അവിശ്വസനീയമായി തോന്നാനിടയുള്ള ഒന്നാണ് പാടി എന്നു പറയുന്ന ലയങ്ങളിലെ ജീവിതം. നിരനിരയായി നിൽക്കുന്ന ഒറ്റ മുറി വീടുകളാണ് ലയങ്ങൾ (Lanes). തോട്ടം തൊഴിലാളികൾക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിക്കപ്പെട്ട അതേ താമസസ്ഥലം തന്നെയാണ് ഇന്നും ഇടുക്കിയിലേയും വയനാട്ടിലെയും തോട്ടം തൊഴിലാളികളുടെ താമസ സ്ഥലം. ഒരു ലയത്തിൽ അഞ്ചു മുതൽ പത്തു വരെ വീടുണ്ടാവും. 15 ×10, 10 x 10 വീതം വിസ്താരമുള്ള രണ്ടു മുറികൾ ചേർന്നതാണ് ഒരു വീട്. 1885- നു ശേഷമാണ് ഇത്തരം ലയങ്ങൾ ഇന്ത്യയിൽ രൂപപ്പെടുന്നത്. അതിനുമുമ്പ് ചെറിയ കുടിലുകളും ഷെഡുകളുമായിരുന്നു തോട്ടം തൊഴിലാളികളുടെ വാസസ്ഥലം. തേയിലകൃഷി തുടങ്ങിയതോടെ പണിക്ക് ആൾക്കാരെ സ്ഥിരമായി വേണ്ടിവന്നപ്പോഴാണ് ബ്രിട്ടീഷുകാർ കാടുകൾക്കിടയിൽ തൊഴിലാളികളെ താമസിപ്പിച്ചു തുടങ്ങിയത്. അതാണ് പിന്നീട് ഇടുങ്ങിയ ഒറ്റമുറി വീടുകളായി മാറിയ പാടികളുടെ പരിണാമ ചരിത്രം. കരിങ്കല്ലും മണ്ണും ചുണ്ണാമ്പുമാണ് ബ്രിട്ടീഷുകാരുടെ കാലത്ത് പാടികൾ നിർമ്മിക്കാൻ ഉപയോഗിച്ചതെങ്കിൽ 1947- നുശേഷം സിമന്റു കൊണ്ടാണ് ലയങ്ങൾ നിർമ്മിച്ചത്. അത് മാത്രമാണ് ബ്രിട്ടീഷുകാരുടെ പിന്മാറ്റം തോട്ടം തൊഴിലാളികൾക്കിടയിലുണ്ടാക്കിയ മാറ്റം.

ഈ ദുരിതം മറികടക്കാനെന്ന പേരിൽ നടപ്പിലാക്കാൻ ശ്രമിച്ച ഭവനപദ്ധതികൾ ഈ അടിത്തട്ട് മനുഷ്യരിലേക്ക് എത്രമാത്രം എത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ട ഒന്നാണ്.

ചൂരല്‍ മലയില്‍ നിന്ന് അട്ടമലയിലേക്ക് പോകുമ്പോള്‍ കാണുന്ന എസ്റ്റേറ്റിലെ പാടികളിലൊന്ന്  / Photo : Harishankar
ചൂരല്‍ മലയില്‍ നിന്ന് അട്ടമലയിലേക്ക് പോകുമ്പോള്‍ കാണുന്ന എസ്റ്റേറ്റിലെ പാടികളിലൊന്ന് / Photo : Harishankar

തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കാനും അവർക്ക് ഇ.എസ്.ഐ. ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും വാസയോഗ്യമായ വീടുകൾ നൽകുന്നതിനും സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണ് എന്ന് എം. സ്വരാജ്, എസ്. രാജേന്ദ്രൻ, ആന്റണി ജോൺ, ഡി.കെ. മുരളി എന്നീ എം.എൽ.എമാർ 2019- ലെ 14-ാം നിയമസഭാ സമ്മേളനത്തിൽ ചോദിച്ചിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നൽകിയ മറുപടി, തോട്ടം തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന വിഷയം സജീവ പരിഗണനയിലാണെന്നും തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട്, ലൈഫ് പദ്ധതി മുഖേന ലഭ്യമാക്കാൻ തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിന് ലൈഫ് മിഷനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നുമാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തോട്ടം തൊഴിലാളികളെ നാല് കാറ്റഗറിയായി തരം തരിച്ച് തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,591 പേർഭൂരഹിതരും ഭവനരഹിതരുമാണെന്ന് കണ്ടെത്തിയെന്നും വിവരങ്ങൾ ലൈഫ് മിഷൻ കൈമാറിയെന്നും പറയുന്നുണ്ട്. എന്നാൽ തോട്ടം തൊഴിലാളികളുടെ പാടികളിലെ ജീവിതത്തെ അത് എത്രാത്രം തൊട്ടു എന്ന വിവരം പുറത്തുവിടേണ്ടത് സർക്കാറാണ്.

പുത്തുമലയിലെ പാടിയില്‍ ജീവിക്കുന്ന ജാർഖണ്ഡിൽ നിന്നും തോട്ടം തൊഴിലെടുക്കാന്‍ വന്ന സ്ത്രീ തൊഴിലാളി മക്കളോടൊപ്പം / Photo : Badusha Fahad
പുത്തുമലയിലെ പാടിയില്‍ ജീവിക്കുന്ന ജാർഖണ്ഡിൽ നിന്നും തോട്ടം തൊഴിലെടുക്കാന്‍ വന്ന സ്ത്രീ തൊഴിലാളി മക്കളോടൊപ്പം / Photo : Badusha Fahad

സർക്കാറിന് ആ പദ്ധതിയുമായി മുന്നോട്ട് പോകാനാവാത്തതിനുപിന്നിലും തോട്ടമുടമകളായിരുന്നു. ലൈഫ് മിഷന്റെ ഭാഗമായി തോട്ടം തൊഴിലാളികൾക്ക് വീട് വച്ച് നൽകാനായി എസ്റ്റേറ്റുകളിലെ തരിശ് ഭൂമികൾ ഉപയോഗപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ പ്ലാന്റേഷൻ അല്ലാത്ത തരിശുഭൂമിയിൽ വരെ മരങ്ങൾ വെച്ച് പിടിപ്പിച്ച് ചരിത്രപരമായി തന്നെ തങ്ങളെ മുതലാളിമാരാക്കാന് വിയർപ്പൊഴുക്കിയ കൂലി അടിമകളക്ക് ഒരു തുണ്ട് ഭൂമി കൊടുക്കാൻ പോലും മനസില്ലെന്ന് പ്രഖ്യാപിച്ചവരാണ്.

ഏതു നിമിഷവും ജീവിതം കുത്തിയൊലിച്ചുപോകാവുന്നവർ

2020 ഓഗസ്റ്റ് ആറുവരെ ശാന്തസുന്ദരമായ തോട്ടം തൊഴിലാളിഗ്രാമമായിരുന്ന പെട്ടിമുടി നിമിഷനേരം കൊണ്ട് ശവപ്പറമ്പായി മാറിയതോർമയില്ലേ?. നാല് തോട്ടം തൊഴിലാളി ലയങ്ങളിലുണ്ടായിരുന്ന 70 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ കുടുംബസമേതം താമസിച്ചിരുന്ന തൊഴിലാളികളായിരുന്നു മരിച്ചത്. തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിലെ കയത്താറിൽനിന്ന് നാല് തലമുറയ്ക്കുമുമ്പ് തേയില തോട്ടങ്ങളിൽ പണിയെടുക്കാനെത്തിയ ദലിത് കുടുംബങ്ങളിലെ തൊഴിലാളികളായിരുന്നു കൂടൂതലും.

രാത്രി 11-ന് നടന്ന ദുരന്തം പുറംലോകത്തറിയിക്കാൻ പാതിരാത്രി ഒരു മാർഗവുമില്ലായിരുന്നു. വൈദ്യുതിയും നെറ്റ് വർക്ക് കണക്ഷനും തടസ്സപ്പെടുകയും മണ്ണിടിഞ്ഞ് റോഡ്സഞ്ചാരം തടസ്സപ്പെടുകയും ചെയ്ത ആ രാത്രി മണ്ണിനെ രക്തം കൊണ്ട് ചുകപ്പിച്ച തോട്ടം തൊഴിലാളികൾ ശ്വാസം കിട്ടാതെ മരിച്ചു. ആറുമാസം പ്രായമായ കുഞ്ഞടക്കം 66 പേരെയും പെട്ടിമുടിക്ക് സമീപമുള്ള ‘കമ്പനിവക’ സ്ഥലത്ത് മൂന്ന് കൂട്ടക്കുഴിമാടങ്ങളിലായി അടക്കം ചെയ്തു. നാല് പേർ ഇപ്പോഴും കാണാമറയത്ത്. മൂന്നാറിൽനിന്ന് 25 കിലോമീറ്ററോളം അകലെ തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട ആ കൊച്ചുഗ്രാമത്തിലെ നാലു ലയങ്ങൾ പൂർണമായും മണ്ണടിഞ്ഞു. തോട്ടങ്ങളോട് ചേർന്നുള്ള ലയങ്ങളിലെ അപകടകരമായ ജീവിതം അക്ഷരാർത്ഥത്തിൽ തുറന്നുകാട്ടുന്നതായിരുന്നു ഈ ദുരന്തം.

76,63,000 രൂപയാണ് പെട്ടിമുടി ദുരന്തത്തിലെ സാമ്പത്തികനഷ്ടം. അതിൽ, 53,01,000 രൂപ വാഹനങ്ങൾ നശിച്ചതുമൂലമുണ്ടായതാണ്. മണ്ണിൽ പുതഞ്ഞുപോയ ആ തൊഴിലാളികൾക്ക് നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല, അവരുടെ ജീവിതമല്ലാതെ.

ആറുമാസം പ്രായമായ കുഞ്ഞടക്കം 66 പേരെയും പെട്ടിമുടിക്ക് സമീപമുള്ള ‘കമ്പനിവക’ സ്ഥലത്ത് മൂന്ന് കൂട്ടക്കുഴിമാടങ്ങളിലായി അടക്കം ചെയ്തു. / Photo: Neethu Joseph
ആറുമാസം പ്രായമായ കുഞ്ഞടക്കം 66 പേരെയും പെട്ടിമുടിക്ക് സമീപമുള്ള ‘കമ്പനിവക’ സ്ഥലത്ത് മൂന്ന് കൂട്ടക്കുഴിമാടങ്ങളിലായി അടക്കം ചെയ്തു. / Photo: Neethu Joseph

2022 ഓഗസ്റ്റ് 6-ന്, പെട്ടിമുടി ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിൽ, പെട്ടിമുടിയിൽ നിന്ന് 36 കിലോമീറ്റർ ദൂരെയുള്ള കുണ്ടള എസ്റ്റേറ്റിലും ഉരുൾപൊട്ടി. നൂറ്റമ്പതോളം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന മൂന്നാർ കുണ്ടള എസ്റ്റേറ്റിലെ പുതുക്കടി ഡിവിഷനിലായിരുന്നു ഉരുൾപൊട്ടലെങ്കിലും ലയങ്ങളുടെ ഭാഗത്തുനിന്ന് ഉരുൾ വഴിമാറിയൊഴുകിയതുകൊണ്ടുമാത്രം വലിയ ദുരന്തം ഒഴിവായി. മറ്റൊരു പെട്ടിമുടി ആവർത്തിച്ചില്ല.

2018- ൽ പ്രളയം തകർത്തെറിഞ്ഞ പുത്തുമല ദുരന്തവും തോട്ടം തൊഴിലാളി ജീവിതങ്ങളുടെ ദൈന്യത വെളിപ്പെടുത്തുന്നുതായിരുന്നു. 60 വയസ്സു വരെ കമ്പനിക്കുവേണ്ടി അടിമപ്പണിയെടുത്ത് ആരോഗ്യവും മനസും ക്ഷയിച്ച് ഒടുക്കം പിരിയുമ്പോൾ വീട് പൂട്ടി കമ്പനിക്ക് ചാവി തിരികെ കൊടുക്കുമ്പോൾ, ചിലപ്പോള് ഗ്രാറ്റിവിറ്റി പോലും കിട്ടാറില്ല.

ഏതു നിമിഷവും ജീവിതം കുത്തിയൊലിച്ചുപോകാവുന്ന അപകടകരമായ മലഞ്ചെരിവുകളിൽ തോട്ടം തൊഴിലാളികളുടെ ജീവനും ജീവിതവും തളയ്ക്കപ്പെട്ടതിന് പിന്നിൽ ആരാണ്? ഇപ്പോൾ മുണ്ടക്കൈ - ചൂരൽമല പുനരധിവാസം അനിശ്ചിതത്വത്തിലാക്കിയ ഈ തോട്ടമുടമകൾ തന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ബ്രിട്ടീഷ് നിയമങ്ങൾ നടപ്പിലാക്കാൻ തോട്ടമുടമകളെ അനുവദിക്കുന്ന ഭരണകൂടങ്ങളും.

ദുരന്തം ബാക്കി വെച്ച മുഴുവൻ മനുഷ്യരെയും ഒരുമിച്ച് ടൗൺഷിപ്പ് മാതൃകയിൽ പുനരധിവസിപ്പിക്കാമെന്ന സർക്കാർ വാഗ്ദാനം മൂന്ന് മാസമാകുമ്പോഴും എവിടെയും എത്തിയില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ദുരന്തബാധിതർ സമരത്തിനിറങ്ങുന്നത്.
ദുരന്തത്തിന്റെ തീവ്രത നേരിട്ടനുഭവിച്ചപ്പോൾ ലൈവ് അഭിമുഖത്തിൽ കണ്ഠമിടറി റവന്യു മന്ത്രി കെ. രാജൻ പറഞ്ഞത്, ഇവരെ കൈവിടില്ലെന്നാണ്. തോട്ടമുടമകൾ കയ്യടക്കിയ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നിയമനിർമാണം നടത്താനുള്ള ഇച്ഛാശക്തി ഇപ്പോഴെങ്കിലും റവന്യു മന്ത്രി കാണിക്കണം.

ഹരിസൺ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഇന്ധനം നിറച്ച സത്യവാങ്മൂലവുമായിട്ടാണ് മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. സുശീല ഭട്ട് കോടതി കയറിയത്. അതോടെയാണ് പതിറ്റാണ്ടുകളായി വിദേശ കുത്തകകൾ നിർഭയം കയ്യടക്കിവെച്ചിരുന്ന ഭൂമിയെ കുറിച്ചും അതിലെ അനീതിയെ കുറിച്ചും പൊതുസമൂഹം ചർച്ച ചെയ്യാൻ തയ്യാറായത്. സുശീലാ ഭട്ടാണ് തോട്ടമുടമകൾക്ക് കേരള മണ്ണിൽ ഉടമസ്ഥതയില്ലെന്ന ചരിത്രസത്യം ഉറക്കെ വിളിച്ചു പറഞ്ഞത്. കമ്പനികളുടെ തൊടുന്യായങ്ങൾക്ക് കോടതിയിൽ തെളിവുകൾ സംസാരിച്ചു തുടങ്ങിയത് അന്ന് മുതലാണ്.

സുശീലാ ഭട്ടുമായി മാധ്യമ പ്രവർത്തകനായ ആർ. സുനിൽ നടത്തിയ അഭിമുഖത്തിൽ ഹാരിസൺസ് കേസിലേക്ക് കടക്കുന്നതിന്റെ തുടക്കത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. അതിന് അവർനൽകിയ മറുപടി ഇതായിരുന്നു:

സുശീലാ ഭട്ടാണ് തോട്ടമുടമകൾക്ക് കേരള മണ്ണിൽ ഉടമസ്ഥതയില്ലെന്ന ചരിത്രസത്യം ഉറക്കെ വിളിച്ചു പറഞ്ഞത്.
സുശീലാ ഭട്ടാണ് തോട്ടമുടമകൾക്ക് കേരള മണ്ണിൽ ഉടമസ്ഥതയില്ലെന്ന ചരിത്രസത്യം ഉറക്കെ വിളിച്ചു പറഞ്ഞത്.

‘‘ഇത്രയും ചരിത്രപ്രാധാന്യമുള്ള കേസാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കാര്യങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞത്. നിവേദിത പി. ഹരന്റെ ഉന്നതതല കമ്മിറ്റി റിപ്പോർട്ട്, ജസ്റ്റിസ് എൽ. മനോഹരന്റെ നിയമോപദേശ റിപ്പോർട്ട്, ഡോ.ഡി. സജിത് ബാബുവിന്റെ റിപ്പോർട്ട് എന്നിവയിലൂടെ കടന്നുപോയപ്പോൾ അത്ഭുതം തോന്നി. 1984-ൽ രൂപീകരിച്ച എച്ച്.എം.എൽ കമ്പനി നമ്മുടെ എട്ടു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന് 60,000- ത്തോളം ഏക്കർ (അന്വേഷണ റിപ്പോർട്ടനുസരിച്ച് 75,000). വ്യാജ രേഖകൾ, വ്യാജ മാപ്പുകൾ വ്യാജ തണ്ട പ്പേരുകൾ, മറ്റെല്ലാ രേഖകളും വ്യാജമായിട്ടു ണ്ടാക്കിയാണ് ഇത് ചെയ്തത്. റവന്യു അധികാരികളുടെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്തത്. സർക്കാരിനെയും കേരള ജനതയെയും പതിറ്റാണ്ടുകളായി അവർ കബളിപ്പിക്കുന്നു. സർക്കാർ ഖജനാവിന് കോടാനുകോടികളുടെ നഷ്ടമുണ്ടാക്കുന്നു. സംസ്ഥാനത്ത് ഭൂരഹിതരായ ആദിവാസികൾ ഉൾപ്പെടെ പട്ടിണി കിടന്ന് മരിക്കുന്നു. ഇതൊന്നും സുശീലാ ഭട്ട് കണ്ടെത്തിയ കാര്യമല്ല. സർക്കാർ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന തെളിവുകളാണ്. അതിനുമുകളിൽ അടയിരിക്കുന്നവർക്ക് ഒന്നും ചെയ്യാനാവില്ല. അതൊരു വെല്ലുവിളിയായി എടുക്കുന്നവർക്കുമാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാവണം. അറബിക്കടലിന്റത്രയും ഭൂമി ഇവരുടെ കൈയിലുണ്ട്. അത് നാടിന്റെ സമ്പത്തല്ലേ? ഇവരുടെ തോട്ടങ്ങളിൽ അടമികളെപ്പോലെ പണിയെടുക്കുന്ന മനുഷ്യരുടെ ചോരയൂറ്റി ലണ്ടനിലേക്ക് കൊണ്ടുപോവുമ്പോൾ സർക്കാർ കൂട്ടുനിൽക്കുകയാണോ വേണ്ടത്. ഇക്കാര്യം ചോദിക്കാൻ ജനാധിപത്യത്തിൽ ഭരണാധികാരികൾ ഉണ്ടാവണം. അതില്ലാത്തതാണ് 1947-നുശേഷം കേരളത്തിന്റെ തോട്ടം മേഖലയിൽ കൊളോണിയൽ ആധിപത്യം തുടരുന്നതിന് കാരണം. തൊഴിലാളി യൂനിയനുകളൊന്നും സത്യം അറിയുന്നില്ല. അവർ യഥാർഥ പോരാട്ടം നടത്തേണ്ടത് ഇത്തരം ചൂഷണത്തിനെതിരെയാണ്’’. (ഹാരിസൺസ് രേഖയില്ലാത്ത ജന്മി, ആർ. സുനിൽ, കേരളീയം പുസ്തകശാല, തൃശൂർ).

Comments