ആനി രാജ, രാഹുല്‍ ഗാന്ധി

വയനാട്ടിലൊരു ദേശീയ മത്സരം

രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നിന്നുതന്നെ ജനവിധി തേടുന്നു എന്നതു കൊണ്ടു മാത്രമല്ല, വയനാട് ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘ഇന്ത്യ’ മുന്നണിയിലെ കരുത്തയായ മറ്റൊരു നേതാവിനോടാണ് രാഹുലിന്റെ മത്സരം- സി പി ഐ ദേശീയ നേതാവ് ആനി രാജയും ജയം പ്രതീക്ഷിച്ചുതന്നെയാണ് രംഗത്തുള്ളത്.

Election Desk

2009- ൽ ലോക്‌സഭാ മണ്ഡലം രൂപീകരിച്ച കാലം തൊട്ട് യു.ഡി.എഫിനൊപ്പമാണ് വയനാട്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വയനാട് ഒരിക്കലും ശ്രദ്ധാകേന്ദ്രമായിരുന്നില്ല, 2019 ൽ രാഹുൽ ഗാന്ധി വരുന്നതുവരെ. 2019-ൽ 4,31,770 വോട്ടിന്റെ കേരളം കണ്ട ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് രാഹുൽഗാന്ധിയെ ലോക്സഭയിലേക്കയച്ചത്.

വയനാട്ടിലെ രാഹുലിന്റെ മത്സരം കേരളത്തിലെ യു ഡി എഫിന്റെ ജയം എളുപ്പമാക്കിയെന്നു പറയാം. വീണ്ടും വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ശ്രദ്ധാ കേന്ദ്രമാകുന്നു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നിന്നുതന്നെ ജനവിധി തേടുന്നു എന്നതു കൊണ്ടുമാത്രമല്ല. ‘ഇന്ത്യ’ മുന്നണിയിലെ കരുത്തയായ മറ്റൊരു നേതാവിനോടാണ് രാഹുൽ ഏറ്റുമുട്ടുന്നത്- സി പി ഐ ദേശീയ നേതാവ് ആനി രാജ ജയം പ്രതീക്ഷിച്ചുതന്നെയാണ് മത്സരിക്കുന്നത്.

മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി
മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പോരാടുന്ന കോൺഗ്രസും സി.പി.ഐയും ഇവിടെ പരസ്പരം എന്തിന് ഏറ്റുമുട്ടുന്നു എന്ന ചോദ്യം കാമ്പയിനിൽ പരസ്പരം ഉയരുന്നുണ്ട്. ‘ഇന്ത്യ’ മുന്നണിയുടെയും കോൺഗ്രസിന്റെയും ഏറ്റവും പ്രമുഖ നേതാവ് എന്തിന് വയനാട്ടിൽ ത​ന്നെ മത്സരിക്കുന്നു എന്നാണ് സി.പി.ഐ ഉയർത്തുന്ന ചോദ്യം. രാഹുൽഗാന്ധി സിറ്റിങ് എം.പി.യാണെന്നും ആനിരാജയെ മത്സരിപ്പിച്ച സി.പി.ഐ നിലപാടാണ് തെറ്റ് എന്നുമാണ് കോൺഗ്രസിന്റെ മറുപടി.

എം.പിയെന്ന നിലയിൽ രാഹുൽ പ്രതീക്ഷക്കൊത്തുയർന്നില്ലെന്നും വയനാട്ടിൽ മത്സരിക്കുന്നതുവഴി ബി.ജെ.പിക്കെതിരായ പോരാട്ടം ദുർബലമാക്കി എന്നുമാണ് എൽ.ഡി.എഫിന്റെ കാമ്പയിൻ.
എന്നാൽ, രാഹുലിന്റെ ഭൂരിപക്ഷം അഞ്ചു ലക്ഷമാക്കി ഉയരുമെന്ന തികച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

രാഹുൽ ഗാന്ധിക്ക് മറ്റു സ്ഥാനാർഥികളെപ്പോലെ മണ്ഡലത്തിൽ സദാ സാന്നിധ്യമാകാനാകാത്തതുകൊണ്ട് ഓരോ പ്രവർത്തകനും രാഹുൽ ഗാന്ധിക്ക് വോട്ടുറപ്പിക്കാൻ സ്വയം സ്ഥാനാർഥിയാകണമെന്നാണ് കോൺഗ്രസ് പ്രവർത്തകർക്കുനൽകിയ നിർദേശം. ജനം സ്വഭാവികമായി ഒഴുകിയെത്തുമെന്ന കണക്കു കൂട്ടലിൽ ഇത്തവണയും വയനാട്ടിലാകെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ഒന്നോ രണ്ടോ റോഡ് ഷോയോ പൊതുയോഗവുമാണ് യു ഡി എഫ് ആലോചിക്കുന്നത്. യു ഡി എഫിന് ഏറ്റവും കുറച്ച് പണിയെടുക്കേണ്ട മണ്ഡലം കൂടിയാണ് വയനാട്. എങ്കിലും, ഇത്തവണ ആനി രാജയുടെ വരവ് മത്സരത്തെ അത്ര എളുപ്പമാക്കുന്നില്ലെന്നുപറയാം. അമിത ആത്മവിശ്വാസത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ടെന്ന് യു ഡി എഫ് നേതൃത്വം ആവർത്തിക്കുന്നുണ്ട്.

വയനാട്ടിലെ വോട്ടര്‍മാര്‍ക്കൊപ്പം ആനി രാജ
വയനാട്ടിലെ വോട്ടര്‍മാര്‍ക്കൊപ്പം ആനി രാജ

ആനി രാജയുടെ ഒന്നാം ഘട്ട പ്രചാരണം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും നടന്നു കഴിഞ്ഞു. പൗരത്വഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി മണ്ഡലത്തിലുടനീളം നൈറ്റ് മാർച്ചും ‘വയനാടിന് ഒരു സ്ഥിരം എം.പി’ എന്ന ടാഗ് ലൈനിൽ ജനത്തെ നേരിട്ട് കണ്ടുള്ള മണ്ഡല പര്യടനവും ആനി രാജ നടത്തുന്നുണ്ട്. വൻ റാലികൾക്കും സമ്മേളനങ്ങൾക്കും പകരം കുടുംബസംഗമങ്ങളിലൂടെയാണ് ആനി രാജയുടെ പ്രചരണം മുന്നോട്ട് പോകുന്നത്. വയനാട് തങ്ങൾക്ക് ഒരു അസാധ്യമണ്ഡലമല്ല എന്നുറപ്പാക്കുകയാണ് എൽ.ഡി.എഫ്.

വയനാട്ടിൽ ഇത്തവണ പ്രധാന ചർച്ചാവിഷയം വന്യമൃഗങ്ങളുടെ ആക്രമണമാണ്. കഴിഞ്ഞ ഒരുവർഷത്തിൽ പത്ത് പേരാണ് വന്യജീവി ആക്രമണത്തിൽ ​മരിച്ചത്.

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ നിയമസഭാമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ തുടങ്ങി ഏഴു നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇതിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ജയിക്കാനായിട്ടില്ല. അഞ്ചിടത്ത് കൂടുതൽ തവണയും ജയിച്ചത് യു.ഡി.എഫാണ്.
14.29 ലക്ഷം സമ്മതിദായകരുണ്ട്. 7,05,128 പുരുഷന്മാരും 7,24,637 സ്ത്രീകളും 14 ട്രാൻസ്ജെൻഡർമാരും.

കഴിഞ്ഞ ഒരുവർഷത്തിൽ പത്ത് പേരാണ് വന്യജീവി ആക്രമണത്തിൽ ​മരിച്ചത്.
കഴിഞ്ഞ ഒരുവർഷത്തിൽ പത്ത് പേരാണ് വന്യജീവി ആക്രമണത്തിൽ ​മരിച്ചത്.

ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന വയനാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ചരിത്രം ആവർത്തിക്കുമോ അട്ടിമറി സംഭവിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും മത്സരിച്ച ബി ജെ പി കഴിഞ്ഞ തവണ ബി ഡി ജെ എസിനാണ് വയനാട് സീറ്റ് നൽകിയത്. ഇത്തവണ സീറ്റ് ഏറ്റെടുത്ത ബി ജെ പി പക്ഷേ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

2009-ൽ കോൺഗ്രസിന്റെ എം.ഐ. ഷാനവാസ് സി.പി.ഐയിലെ എം. റഹ്മത്തുള്ളയെ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ച കെ. മുരളീധരൻ 99,663 വോട്ട് നേടി. 2014-ൽ ഷാനവാസ് വിജയം ആവർത്തിച്ചു, സി.പി.ഐയുടെ സത്യൻ മൊകേരിയെ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. ഷാനവാസിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു. ബി.ജെ.പി വോട്ട് 2009-ലെ 31,687ൽ നിന്ന് 80,752 ആയി കൂടി. 2019-ൽ ബി.ഡി.ജെ.എസിന്റെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചപ്പോൾ വോട്ട് കുറഞ്ഞു, 78,816.


Summary: രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ നിന്നുതന്നെ ജനവിധി തേടുന്നു എന്നതു കൊണ്ടു മാത്രമല്ല, വയനാട് ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യ’ മുന്നണിയിലെ കരുത്തയായ മറ്റൊരു നേതാവിനോടാണ് രാഹുലിന്റെ മത്സരം


Comments