നമുക്കിടയിൽ സാധ്യമായ ചർച്ച ഇല്ലാതാക്കിയത് നിർഭാഗ്യകരം

വിധു വിൻസെന്റിന്റെ രാജി വിമെൻ ഇൻ സിനിമാ കളക്റ്റീവ് (WCC ) അംഗീകരിച്ചു. WCC വെബ്‌സൈറ്റിലെ ബ്ലോഗിലാണ് രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിധു വിൻസെന്റ് ഫേസ്ബുക്കിലൂടെ രാജിക്കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി WCC, ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ വിധുവുമായി ചർച്ചയ്ക്ക് സന്നദ്ധമാണ് എന്ന് പറഞ്ഞിരുന്നു. മാത്രമല്ല പോയാൽ പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല ഞങ്ങൾക്ക് വിധു എന്ന് സംഘടനാ അംഗമായ റിമ കല്ലിങ്കൽ 'ട്രൂ കോപ്പി തിങ്കിന്' നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം ക്രിയാത്മകമായ ചർച്ചകൾ നടക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്തതിനാലാവാം WCC വിധുവിന്റെ രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

വിധു വിൻസെന്റിന്റെ രാജി സ്വീകരിച്ച്​ വിമെൻ ഇൻ സിനിമാ കളക്റ്റീവ് വെബ്‌സൈറ്റിലെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കുറിപ്പ്​.

ജൂൺ 27ാം തീയതി താങ്കൾ അയച്ച കത്ത് ലഭിച്ചു. താങ്കൾ അത് സംഘടനയ്ക്ക് അയച്ച കത്താണെന്ന് പിന്നീട് ഫേസ്ബുക്കിലൂടെ പറഞ്ഞതുകൊണ്ട് ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതി ഡബ്ല്യു.സി.സി മറുപടി അയക്കുന്നു.

ശ്രീമതി. വിധു വിൻസെന്റ് അറിയുന്നതിന്,

ഒരുമിച്ചിരുന്ന് ഉള്ളുതുറന്ന സംഭാഷണം അഭ്യർത്ഥിച്ചതിന് താങ്കളുടെ മറുപടി ‘resignation/ for private use' (രാജി/ സ്വകാര്യ ഉപയോഗത്തിന്) എന്ന തലക്കെട്ടോടെ ഡബ്ല്യു.സി.സി യിലെ 13 സ്ഥാപക അംഗങ്ങളുടെ ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ച കത്ത് ആയിരുന്നു; രാജിവെക്കാനുള്ള താങ്കളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്പോഴും, ജനാധിപത്യ മര്യാദകളോടെ നമുക്കിടയിൽ സാധ്യമായ ഒരു ചർച്ചയെ ഇങ്ങനെ ഇല്ലാതാക്കിയത് തീർത്തും നിർഭാഗ്യകരമായിപ്പോയി എന്ന് സംഘടന വിശ്വസിക്കുന്നു.
അംഗങ്ങളുടെ തൊഴിൽ ഇടപാടുകൾ വ്യക്തിപരമാണെന്നും അതിൽ ഡബ്ല്യു.സി.സിക്ക് സവിശേഷാധികാരമൊന്നും ഇല്ലെന്നും സംഘടനക്ക് വ്യക്തമാണ്. താങ്കളുടെ കത്തിൽ പറഞ്ഞപോലെയുള്ള ഔദ്യോഗിക വിശദീകരണങ്ങൾ ഒരവസരത്തിലും മറ്റേത് അംഗങ്ങളോടും എന്നപോലെ താങ്കളോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ടില്ല.
താങ്കളുടെ കത്ത് താഴെ പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി കാണുന്നത്:
അനുഭവസമ്പത്തുള്ള പത്രപ്രവർത്തകയും എഴുത്തുകാരിയും തിയറ്റർ ആക്ടിവിസ്റ്റും സിനിമ സംവിധായികയുമാണ് ശ്രീമതി വിധു വിൻസെന്റ്. 2016-17ൽ താങ്കളുടെ ആദ്യചിത്രമായ 'മാൻഹോൾ' സംസ്ഥാന- അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി . IFFK യിലെ മത്സര വിഭാഗത്തിൽ നവാഗത സംവിധായികക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് താങ്കൾ. കേരളത്തിലെ പ്രമുഖ വാർത്താചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വേണ്ടി പ്രവർത്തിക്കുകയും, സി-ഡിറ്റിനും കേരള സംസ്ഥാന സർക്കാരിനും വേണ്ടി ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ശ്രീമതി വിധു.
2017 ഫെബുവരിയിൽ ലൈംഗിക ആക്രമണത്തെ അതിജീവിച്ച സഹപ്രവർത്തകയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താങ്കൾ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായി. മാധ്യമ മേഖലയിലും സർക്കാർ സംവിധാനത്തിലും ഇടപെട്ട് പ്രവർത്തിക്കാനുള്ള താങ്കളുടെ വൈദഗ്ധ്യം സംഘടനക്ക് മുതൽകൂട്ടായിരുന്നു. 2017 - 2018 കാലഘട്ടത്തിൽ മറ്റ് സ്ഥാപക അംഗങ്ങൾക്കൊപ്പം താങ്കൾ സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ഡിസംബർ 8, 2018: തന്റെ പുതിയ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ശ്രീമതി വിധു ഡബ്ല്യു.സി.സി യോഗത്തിൽ സംസാരിച്ചു. പുതിയ സിനിമ ചെയ്തുതീരുന്നതുവരെ ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളിൽ ഇടപഴകാൻ പരിമിതിയുണ്ടെന്നും സംഘടനയുടെ മാധ്യമ പ്രചാരണ ആവശ്യങ്ങളിൽ സഹകരിക്കാമെന്നും അറിയിച്ചു. സിനിമയുടെ പ്രവർത്തനങ്ങൾ പൂർണമാകുന്നതോടെ മുൻപെന്ന പോലെ സജീവമായി എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനാകുമെന്നും താങ്കൾ ഉറപ്പുപറഞ്ഞു.

ഏപ്രിൽ 8, 2019: താങ്കളുടെ സംവിധാനത്തിൽ സിലിക്കൺ മീഡിയ പ്രൊഡ്യൂസ് ചെയ്യുന്ന 'സ്റ്റാൻഡ് അപ്പി'ന്റെ ആദ്യ പോസ്റ്റർ താങ്കൾ റിലീസ് ചെയ്തു. താങ്കളുടെ നിർദ്ദേശം അനുസരിച്ച് ഡബ്ല്യു.സി.സി അംഗങ്ങൾ വ്യക്തിപരമായ നിലയിൽ 'സ്റ്റാൻഡ് അപ്പി'ന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഏപ്രിൽ 28 & 29, 2019: വിമൻ ഷേപ്പിങ് നരേറ്റീവ് (Women Shaping Narrative) സമ്മേളനത്തിൽ താങ്കൾ സജീവമായി പങ്കെടുക്കുകയുണ്ടായി. അതേ ദിവസങ്ങളിൽ നടന്ന ഡബ്ല്യു.സി.സിയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാരവാഹികൂടിയായിരുന്നു ശ്രീമതി വിധു.
ജൂൺ 1, 2019: നിർമാതാക്കളെ സംബന്ധിച്ച രണ്ടുമാസത്തെ അനിശ്ചിതത്വത്തിനു ശേഷം ‘സ്റ്റാൻഡ് അപ്പി'ന്റെ പുതിയ നിർമ്മാതാവ് ആന്റോ ജോസഫാണ് എന്ന് സിനിമയെ സഹായിച്ചുകൊണ്ടിരുന്ന ചില ഡബ്ല്യു.സി.സി അംഗങ്ങളെ താങ്കൾ അറിയിച്ചു.

ജൂലൈ 6, 2019: താങ്കൾ സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പി'ന്റെ (stand up) ചിത്രീകരണം ആരംഭിച്ചു.
ജൂലൈ അവസാനത്തോടെ ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ‘സ്റ്റാൻഡ് അപ്പ്' നിർമിക്കുന്നു എന്ന ഒരു പത്രപ്രസ്താവന ഇറങ്ങി. ഇതേക്കുറിച്ച് മാധ്യമങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു- സ്ത്രീ വിരുദ്ധമായ നിലപാടുകളുടെയും കുറ്റാരോപിതരെ പിന്തുണക്കുന്നതിന്റെയും പേരിൽ ഡബ്ല്യു.സി.സി പരസ്യമായി വിമർശിച്ചിട്ടുള്ള മറ്റൊരു സംഘടന (ഫെഫ്ക) യുടെ നേതാവ് ഡബ്ല്യു.സി.സിയുടെ ഒരു സ്ഥാപക അംഗം സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുകയാണ്. ഈ സാഹചര്യത്തോട് ഡബ്ല്യു.സി.സി എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യങ്ങൾ. സംഘടന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ ‘സ്റ്റാൻഡ് അപ്പി'ന്റെ ഷൂട്ടിംഗ് പബ്ലിസിറ്റി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ സഹോദരസംഘടനകളിൽ നിന്നും ഡബ്ല്യു.സി.സിയോടുള്ള ചോദ്യങ്ങൾ തുടർന്നു.

30, 2019: ശ്രീമതി വിധു അടക്കം ഡബ്ല്യു.സി.സിയുടെ സ്ഥാപക അംഗങ്ങളെ എല്ലാവരെയും സെപ്തംബർ 15നു നടക്കാനിരിക്കുന്ന മാനേജിങ് കമ്മിറ്റി, ജനറൽ ബോഡി എന്നീ മീറ്റിംഗുകളിലേക്ക് ക്ഷണിച്ചു. എന്നാൽ വ്യക്തിപരമായ തിരക്കുണ്ടെന്നും മീറ്റിംഗിലേക്ക് വരാൻ സാധിക്കയില്ലെന്നും, 15ന് വൈകുന്നേരം ജനറൽ ബോഡിക്ക് എത്താൻ ശ്രമിക്കാം എന്നും താങ്കൾ പറഞ്ഞു.

സെപ്റ്റംബർ 15, 2019: താങ്കൾ മീറ്റിംഗിൽ പങ്കെടുത്തില്ല. 15ാം തീയതി രാവിലെ മാനേജിങ് കമ്മിറ്റി മീറ്റിംഗിൽ പല വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അതിൽ ഒരെണ്ണം, ഡബ്ല്യു.സി.സി വിമർശിച്ചിട്ടുള്ള ആളൊടൊപ്പം സംഘടനയിലെ അംഗമായ ശ്രീമതി വിധു പ്രവർത്തിക്കുമ്പോൾ ഡബ്ല്യു.സി.സി ചോദ്യംചെയ്യപ്പെടുന്നുണ്ട്; ഇതെങ്ങനെ നേരിടാം എന്നായിരുന്നു. ആന്റോ ജോസഫ് തുടങ്ങിയ പ്രോജെക്ടിൽ പിന്നീട് ബി. ഉണ്ണികൃഷ്ണൻ ചേരുന്ന സാഹചര്യമാണ് ഉണ്ടായത് എന്ന് താങ്കൾ സൂചിപ്പിച്ചതായി മറ്റു ചില അംഗങ്ങൾ അറിയിച്ചു. തുടർന്ന് ‘സ്റ്റാൻഡ് ആപ്പി'നെ കുറിച്ചുള്ള വിവരങ്ങൾ താങ്കളിൽ നിന്ന് നേരിട്ട് അറിയുന്നതാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഇത്രയും ചെറിയ ഒരു തൊഴിൽ സ്ഥലമായതുകൊണ്ടു തന്നെ, സംഘടന വിമർശിക്കുന്നവരുമായി ജോലിയിൽ ഏർപ്പെടേണ്ടി വരുമെന്ന് മിക്കവരും അഭിപ്രായപ്പെടുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. അന്ന് വൈകുന്നേരത്തെ മീറ്റിംഗിലും താങ്കൾ എത്തിച്ചേർന്നില്ല.

സെപ്റ്റംബർ 15, 2019: യോഗം കഴിഞ്ഞ് അതേ രാത്രി, ഒരു കാരണവും പറയാതെ താങ്കൾ ഡബ്ല്യു.സി.സി യുടെ എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളും വിട്ടു.
സെപ്റ്റംബർ 20, 2019: മീറ്റിംഗ് മിനുട്‌സ് മെയിലിലൂടെ എല്ലാ സ്ഥാപക അംഗങ്ങൾക്കും അയച്ചിരുന്നു. താങ്കളുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ചൊരു പ്രതികരണവും ഉണ്ടായില്ല.

ഒക്ടോബർ 12, 2019: ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക മെയിൽ ഗ്രൂപ്പിലൂടെ താങ്കൾ എല്ലാ സ്ഥാപക അംഗങ്ങളെയും അതേദിവസം നടക്കുന്ന ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിച്ചു. പല അംഗങ്ങളും താങ്കളെ അഭിനന്ദിച്ചു.

ഒക്ടോബർ 12, 2019: ഓഡിയോലോഞ്ച് സമയത്ത് താങ്കൾ തന്റെ രണ്ടു നിർമാതാക്കളുമായുള്ള സഹകരണത്തെക്കുറിച്ചും തുടക്കം മുതൽ നിർമാണത്തിൽ ബി. ഉണ്ണികൃഷ്ണൻ വഹിച്ച മുഖ്യമായ പങ്കിനെക്കുറിച്ചും വിശദീകരിച്ചു. നിർമാതാക്കൾ പ്രതിനിധാനം ചെയ്യുന്ന സിനിമാമേഖലയിലെ സംഘടനകളും ഡബ്ല്യു.സി.സിയും തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ പുതിയ പടിയാണ് ശ്രീമതി വിധുവുമായി ചേർന്നിട്ടുള്ള ഈ സംരംഭമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. ഈ പ്രസ്താവന ഡബ്ല്യു.സി.സി അംഗങ്ങളെ അമ്പരപ്പിച്ചു- കാരണം ഇപ്പറഞ്ഞതൊന്നും ഡബ്ല്യു.സി.സിയുടെ അറിവോടെ ആയിരുന്നില്ല. ഡബ്ല്യു.സി.സിയുടെ വീക്ഷണത്തിനും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാതെ സംഘടനയുടെ ഒരംഗത്തിന്റെ സിനിമ നിർമ്മിച്ചതുകൊണ്ട് മാത്രം ഡബ്ല്യു.സി.സിയുമായി എങ്ങനെയാണ് ഐക്യദാർഢ്യം ഉണ്ടാകുന്നത്? ഡബ്ല്യു.സി.സിയുടെ അറിവിനും പ്രതീക്ഷക്കും വിപരീതമായാണ് കാര്യങ്ങൾ ഉരുത്തിരിഞ്ഞത്. ഡബ്ല്യു.സി.സിയെ വിശ്വാസത്തിലെടുക്കാതെ സ്വന്തം സിനിമയുടെ വിഷയത്തിൽ ശ്രീമതി വിധു എന്തുകൊണ്ടാണ് സംഘടനയെ ഇത്തരം സമ്മർദ്ദത്തിൽ അകപ്പെടുത്തിയതെന്ന് അംഗങ്ങൾ ഉത്കണ്ഠപ്പെട്ടു. ഡബ്ല്യു.സി.സിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്ന പല പ്രസ്താവനകളും മാധ്യമങ്ങളിലൂടെ പതിന്മടങ്ങായി പുറത്തുവന്നുകൊണ്ടേയിരുന്നു. എങ്കിലും സിനിമയുടെ, പ്രധാനപ്പെട്ട ഘട്ടത്തിൽ താങ്കളെ അലട്ടരുതെന്നു കരുതി സംഘടനയും അംഗങ്ങളും ഇക്കാര്യത്തിൽ മൗനം പാലിച്ചു.

ഒക്ടോബർ - ഡിസംബർ 2019 റിലീസിന് മുൻപ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും ഡിസംബർ 13, 2019, 'സ്റ്റാൻഡ് അപ്' റിലീസ് ദിവസം താങ്കളും പ്രൊഡ്യൂസറും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസ് കോൺഫറൻസിലും ഡബ്ല്യു.സി.സിയെ നിരന്തരമായി പരാമർശിച്ചു. വീണ്ടും സംഘടനയും അതിലെ അംഗങ്ങളും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറ്റ് ഊഹാപോഹങ്ങൾക്കും വിധേയരായി.

ഇത്രയൊക്കെ സംസാരങ്ങൾ സംഘടനയെക്കുറിച്ച് നടന്നിട്ടും ഡബ്ല്യു.സി.സി എല്ലാ പൊതുചർച്ചകളിൽ നിന്നും വിട്ടുനിന്നു. ഈ കാലഘട്ടത്തിനിടയിൽ ഒരിക്കൽ പോലും താങ്കൾ ഡബ്ല്യു.സി.സി സുഹൃത്തുക്കളോട് ഇതുമായി ബന്ധമുള്ള ഒരു കാര്യവും പങ്കുവക്കുകയോ തന്റെ കാഴ്ചപ്പാട് അറിയിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

2019 ഡിസംബർ- 2020 ജൂൺ കാലഘട്ടത്തിൽ ഡബ്ല്യു.സി.സിയുടെ ഔദ്യോഗികമായ എല്ലാ അറിയിപ്പുകളും താങ്കൾക്ക് അയച്ചുകൊണ്ടിരുന്നു. സിനിമയുടെ ജോലികൾ അവസാനിച്ചിട്ടും ഒരിക്കൽ പോലും കളക്ടീവിന്റെ അകത്തുള്ള ഒരു കാര്യത്തിനും ബന്ധപ്പെടുകയോ അഭിപ്രായം പറയുകയോ ശ്രീമതി വിധു ചെയ്തിട്ടില്ല.

ജൂൺ 20, 2020. താങ്കളെ തിരികെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേർക്കണ്ടേ എന്ന ചോദ്യം ഡബ്ല്യു.സി.സിയിൽ ഉണ്ടായി. ശ്രീമതി വിധു സ്വമേധയാ ഗ്രൂപ്പ് വിട്ടതുകൊണ്ടും ഇതുവരെയും മനസ്സിലാക്കാൻ കഴിയാത്ത നിശബ്ദതയും അകലവും സ്വയം പാലിക്കുന്നതു കൊണ്ടും താങ്കൾക്ക് അങ്ങനെയൊരു താൽപര്യമുണ്ടോ എന്ന് ചില അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. ഈ അവസരത്തിൽ ഒരു തുറന്ന സംസാരമാണ് നല്ലതെന്നു പലരും അഭിപ്രായപ്പെട്ടു. ഗ്രൂപ്പുകളിലേക്കു തിരിച്ചെത്താൻ രേവതി മുൻകൈയെടുത്ത് താങ്കളോട് അഭ്യർത്ഥിച്ചു. താങ്കൾക്ക് അതിൽ താൽപര്യം ഇല്ലെന്നും എഴുതാം എന്നും താങ്കൾ പറഞ്ഞപ്പോൾ ഒരു ചെറിയ കുറിപ്പ് പേഴ്‌സണൽ ഇ-മെയിലിൽനിന്ന് രേവതി താങ്കൾക്ക് അയച്ചു: ‘പ്രിയപ്പെട്ട വിധു, ഇതിലേക്ക് എഴുതിക്കൊള്ളൂ. സജീവമായി നിൽക്കുന്ന 13 സ്ഥാപക അംഗങ്ങളെയും ഞാൻ ഇതിൽ ചേർത്തിട്ടുണ്ട്. വിയോജിപ്പുകൾ മറികടന്ന് നമുക്ക് മുന്നോട്ടു പോകാം- സസ്‌നേഹം, രേവതി ആശ.'

ജൂൺ 27, 2020: താങ്കൾ മേൽപ്പറഞ്ഞ ഇ-മെയിൽ ചെയിനിലേക്ക് (ഔദ്യോഗിക ഇ-മെയിൽ ഗ്രൂപ്പിലേക്കല്ല) ‘രാജി / സ്വകാര്യ ഉപയോഗത്തിന്' എന്ന തലക്കെട്ടോടെ രാജിക്കത്തയച്ചു. ഇതുവരെ ഡബ്ല്യു.സി.സിയിൽ താങ്കൾ പങ്കുവെക്കാത്ത കാര്യങ്ങൾ കത്തിൽ കണ്ടപ്പോൾ സ്ഥാപക അംഗങ്ങളിൽ ചിലർ താങ്കളെ ബന്ധപ്പെട്ട് കളക്ടീവിൽ ഒരു തുറന്ന സംസാരം ആവശ്യപ്പെടുകയും താങ്കൾ ആ ആവശ്യം നിരസിക്കുകയും ചെയ്തു.

ജൂലൈ 4, 2020: ‘വ്യക്തിപരവും രാഷ്ട്രീയവുമായ' കാരണങ്ങളാൽ ഡബ്ല്യു.സി.സിയിൽ നിന്ന് രാജിവെക്കുന്നു എന്ന് ഫേസ്ബുക്കിൽ താങ്കൾ എഴുതിയതായി അറിഞ്ഞു. മാധ്യമങ്ങളും പൊതുജനങ്ങളും ഡബ്ല്യു.സി.സിയോടുള്ള ചോദ്യങ്ങൾ തുടർന്നു. സംഘടന മൗനം പാലിച്ചു.
ജൂലൈ 6, 2020: ആരോപണങ്ങൾ നിറഞ്ഞ ഒരു മുഖവുരയോടെ രാജിക്കത്ത് താങ്കൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു.

ജൂലൈ 8, 2020: ഡബ്ല്യു.സി.സി ആദ്യമായി ശ്രീമതി വിധുവിന്റെ വിഷയത്തെക്കുറിച്ച് ഒരു പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു.
മേൽപറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ, കേട്ടുകേൾവിക്കോ പുറമെ നിന്നുണ്ടായ വിമർശനങ്ങൾക്കോ ചെവി കൊടുക്കാതെ താങ്കൾക്ക് സംഘടനയോട് പറയാനുള്ള വാക്കുകൾക്ക് വേണ്ടി ക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു ഡബ്ല്യു.സി.സി. സംഘടന ഇതേ പരസ്പര ബഹുമാനവും കരുതലും പ്രതീക്ഷിച്ചെങ്കിലും അവ താങ്കളിൽ നിന്ന് സംഘടനക്ക് ലഭിച്ചിട്ടില്ല.

സിനിമയിൽ സ്ത്രീകളുടെ നേർക്കുള്ള അനീതികൾക്കെതിരെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഡബ്ല്യു.സി.സി. മലയാള സിനിമയെന്ന ചെറിയ തൊഴിലിടത്തിൽ ഡബ്ല്യു.സി.സിയെ വിമർശിക്കുന്നവർക്കും അല്ലാത്തവർക്കുമൊപ്പം സംഘടനയിലെ മിക്ക അംഗങ്ങളും തൊഴിലിൽ ഏർപ്പെടുന്നുണ്ട്. എങ്കിലും ആരും സ്വന്തം സിനിമയുടെ പ്രവർത്തനങ്ങളെ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെടുത്താറില്ല. താങ്കളുടെ സിനിമയുടെ പ്രവർത്തനങ്ങളെ അനാവശ്യമായി സംഘടനയോട് ബന്ധിപ്പിച്ചതുകൊണ്ട് മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഡബ്ല്യു.സി.സിയെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാവുകയും അവ പ്രചരിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവർത്തക കൂടിയായ വിധു ഇതേക്കുറിച്ചു സംഘടനയുടെ ആശങ്ക മനസ്സിലാക്കാത്തതു ആശ്ചര്യകരമാണ്.
താങ്കളുടെ രാജിക്കത്തിൽ വ്യക്തി കേന്ദ്രീകൃതമായ ആരോപണങ്ങൾക്കാണ് മുൻതൂക്കം. വ്യക്തിതല ആരോപണങ്ങളെ കുറിച്ച് അവരവർക്ക് ഉചിതമെന്നു തോന്നുന്ന രീതിയിൽ അംഗങ്ങൾ പ്രതികരിക്കും എന്ന് ഡബ്ല്യു.സി.സി കരുതുന്നു. സംഘടനയെ സംബന്ധിച്ച് താങ്കൾ ഉന്നയിച്ച രണ്ടു പ്രധാന കാര്യങ്ങളിലെ പ്രതികരണങ്ങൾ താഴെ വ്യക്തമാക്കുന്നു.

വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-മത-ജാതി ചുറ്റുപാടുകളിൽ നിന്നുള്ള ഡബ്ല്യു.സി.സി യുടെ കൂടിച്ചേരൽ, പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയിൽ എല്ലാത്തരം എതിർപ്പുകളെയും അതിജീവിക്കുന്ന സ്ത്രീവാദ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂന്നിയതാണ്. അതുകൊണ്ടു തന്നെ ഡബ്ല്യു.സി.സിക്കുള്ളിലും പുറത്തുമുള്ള വരേണ്യതയെയും സാമൂഹ്യ പദവിയിലൂന്നിയുള്ള ഉച്ചനീചത്വങ്ങളെയും സ്വയംവിമർശനത്തോടെ നേരിടേണ്ടത് സംഘടനയുടെ ആവശ്യമാണ്. അതിന്റെ പ്രധാന പടിയായി സംഘടന ലാറ്ററൽ ആയ, കളക്ടീവ് എന്ന അധികാര ശ്രേണീബദ്ധമല്ലാത്ത രൂപം സ്വീകരിച്ചിരിക്കുന്നു. ഡബ്ല്യു.സി.സിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ തുടക്കം മുതൽക്കേ തുറന്ന് പ്രകടിപ്പിക്കാനും അന്യോന്യം കേട്ട് മനസ്സിലാക്കാനുള്ള ഇടം കൂട്ടായ യാത്രയിൽ നമ്മൾ ഒരുമിച്ച് ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. ആരും കുറ്റമറ്റവരല്ലെന്നും ഒപ്പം പ്രവർത്തിക്കുമ്പോൾ അന്യോന്യം വരേണ്യതയുടെ തലങ്ങൾ തിരിച്ചറി ഞ്ഞ് അതുമറികടക്കാൻ കളക്റ്റീവിനെ ശക്തിപ്പെടുത്തേണ്ടത് ശ്രീമതി വിധുവടക്കം ഓരോ അംഗത്തിന്റെയും ചുമതലയാണെന്നും സംഘടന കരുതുന്നു. കൂട്ടായ്മയുടെ വിനയം കാത്തുസൂക്ഷിച്ചുകൊണ്ടു അകത്തും പുറത്തുമുള്ള വരേണ്യതയെ നേരിടുന്ന നിരന്തരമായ പ്രക്രിയ ആയിത്തന്നെ തുടരണം എന്ന് ഡബ്ല്യു.സി.സി വിശ്വസിക്കുന്നു.

ലൈംഗികതിക്രമ കേസുകളോട് ഡബ്ല്യു.സി.സിയുടെ ‘ഇരട്ടത്താപ്പ്' എന്ന പരാമർശത്തെക്കുറിച്ച് ചില വസ്തുതകൾ ഓർമപ്പെടുത്തട്ടെ. ഏതു കേസിനെക്കുറിച്ചും ആഴത്തിൽ പഠിച്ചുകൊണ്ട് ആവശ്യമെങ്കിൽ മാത്രം ഇടപെടുന്ന രീതിയാണ് സംഘടന പാലിച്ചിട്ടുള്ളത്. താങ്കൾ എടുത്തുപറഞ്ഞ കേസുകളിൽ ഉൾപ്പടെ അതിജീവിച്ച ഓരോ വ്യക്തിക്കും, സംഘടനക്ക് അതീതമായി, സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ പരിപൂർണ സ്വാതന്ത്ര്യം ഉണ്ട്; അവരോടൊപ്പം നിൽക്കുമ്പോൾ ഈ സ്വാതന്ത്ര്യത്തിന്റെ പരിധികളെ ബഹുമാനിക്കാൻ സംഘടന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രസ്ഥാനത്തിന്റെ ദർശനവും ദൗത്യവും പ്രവർത്തന ശൈലിയും കൃത്യമായി അറിയുകയും ഒപ്പം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ശ്രീമതി.വിധു, ഇങ്ങനൊരു അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുന്നത് സ്വയം പ്രതിരോധത്തിനു വേണ്ടി ആണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ഡബ്ല്യു.സി.സിയെക്കുറിച്ചുള്ള ക്രിയാത്മകമായ വിമർശനമാണ് താങ്കൾ ഈ കത്തിലൂടെ ഉദ്ദേശിച്ചതെങ്കിൽ നിർഭാഗ്യമെന്നു പറയട്ടെ, താങ്കൾ അടക്കം ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്‌നത്തിന്റെയും ഫലത്തെ അനാസ്ഥയോടെ കൈകാര്യം ചെയ്യുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
പരസ്പര ബന്ധങ്ങളെ പുനർനിർവചിക്കുന്ന ഈ കോവിഡ് കാലത്ത്, മനുഷ്യർക്കിടയിലും, മനുഷ്യനും പ്രകൃതിക്കുമിടയിലും പുതിയ യുദ്ധക്കളങ്ങളെ നിർണയിക്കുന്ന അതിർവരമ്പുകൾ ഞങ്ങൾ മനസിലാക്കുന്നു. ഹീനമായ കുറ്റകൃത്യത്തിനെതിരെ ശബ്ദിച്ച നമ്മുടെ സഹപ്രവർത്തകയോടൊപ്പം നിൽക്കുക, എന്നത്തേക്കാളുമേറെ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ പ്രഥമമായ കടമയാണെന്ന് ഡബ്ല്യു.സി.സി വിശ്വസിക്കുന്നു. ഈ നിർണായക ഘട്ടത്തിൽ ശ്രീമതി വിധുവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിട്ടുപോകൽ തീരുമാനവും അനാരോഗ്യകരമായ തുടർനടപടികളും സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായിപ്പോയി.

പരിണിതഫലം എന്താകുമെന്ന് ചിന്തിക്കാതെ അതിജീവിച്ചവളുടെ ഈ ചരിത്രയുദ്ധത്തിന് നമ്മൾ ഊന്നൽ കൊടുക്കേണ്ടതുണ്ട് ‘if you don't stand for something you will fall for anything' എന്ന് മാൽകം എക്‌സ് പറയുന്നു. ഇനിയങ്ങോട്ടുള്ള നമ്മുടെ യാത്രകൾ വേറിട്ടതാണെങ്കിൽ കൂടി, സിനിമയിലെ സ്ത്രീകൾക്ക് തുല്യ അവസരങ്ങളും തുല്യ ഇടവുമെന്നുള്ള ആശയം ചരിത്രത്തെ ‘അവളുടെ കഥ' കൂടിയായി കണ്ട്, താങ്കളുൾപ്പടെ നാമോരോരുത്തർക്കും ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
രാജ്യത്തെ സൊസൈറ്റി ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക്, മുപ്പത് ദിവസത്തെ നോട്ടീസ് കാലാവധിക്കുശേഷം, ആഗസ്റ്റ് എട്ടാം തീയതി കൂടിയ ഡബ്ല്യു.സി.സി മാനേജിങ് കമ്മിറ്റി ശ്രീമതി വിധുവിന്റെ രാജി സ്വീകരിച്ചതായി അറിയിക്കുന്നു.


പോയാൽ പൊക്കോട്ടേയെന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല ഞങ്ങൾക്ക്​ വിധു- റിമ കല്ലിങ്കൽ


Summary: വിധു വിൻസെന്റിന്റെ രാജി വിമെൻ ഇൻ സിനിമാ കളക്റ്റീവ് (WCC ) അംഗീകരിച്ചു. WCC വെബ്‌സൈറ്റിലെ ബ്ലോഗിലാണ് രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിധു വിൻസെന്റ് ഫേസ്ബുക്കിലൂടെ രാജിക്കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി WCC, ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ വിധുവുമായി ചർച്ചയ്ക്ക് സന്നദ്ധമാണ് എന്ന് പറഞ്ഞിരുന്നു. മാത്രമല്ല പോയാൽ പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല ഞങ്ങൾക്ക് വിധു എന്ന് സംഘടനാ അംഗമായ റിമ കല്ലിങ്കൽ 'ട്രൂ കോപ്പി തിങ്കിന്' നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം ക്രിയാത്മകമായ ചർച്ചകൾ നടക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്തതിനാലാവാം WCC വിധുവിന്റെ രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം


Comments