അസ്മിയ: സംശയകരമായ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അസ്വഭാവികതയും ദുരൂഹതയും നിറഞ്ഞതാണ് അസ്മിയയുടെ മരണം എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മയും ബന്ധുക്കളും നല്‍കുന്ന വിവരങ്ങള്‍. സ്ഥാപനത്തിന്റെ വിശദീകരണത്തിലും പൊരുത്തക്കേടുകളുണ്ട്.

ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷനല്‍ കോംപ്ലക്‌സിലെ വിമന്‍സ് അറബിക് കോളേജില്‍ അസ്മിയ എന്ന 17 വയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിരവധി ദുരൂഹതകള്‍ അവശേഷിക്കുന്നു. മരണത്തിനുമുമ്പും അവശനിലയില്‍ കണ്ടെത്തിയ സമയത്തും ആശുപത്രിയിലെത്തിക്കുന്നതിലുമെല്ലാം അസ്മിയ പഠിച്ചിരുന്ന സ്ഥാപനത്തിന് കുറ്റകരമായ അനാസ്ഥ സംഭവിച്ചതായി, സംഭവത്തിന് ദൃക്‌സാക്ഷിയായ അസ്മിയയുടെ ഉമ്മയുടെയും മറ്റു ബന്ധുക്കളുടെയും പരാതി വ്യക്തമാക്കുന്നു.

ബീമാപ്പള്ളി സ്വദേശിനിയായ അസ്മിയ ഒരു വര്‍ഷമായി ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയാണ്. വളരെ ആക്റ്റീവായ, ഉറക്കെ സംസാരിക്കുന്ന, നല്ല കാഴ്ചപ്പാടുള്ള പെണ്‍കുട്ടി.

പെരുന്നാള്‍ അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന ദിവസം, മെയ് രണ്ടിനാണ്, അസ്മിയ, ഒരു അധ്യാപികയെക്കുറിച്ച് ഉമ്മയോട് ആദ്യമായി പരാതി പറയുന്നത്. അവര്‍ തന്നോട് വളരെ മോശമായി സംസാരിക്കുന്നുവെന്നും ‘നീ നശിച്ചുപോകും’ എന്ന് ശപിക്കുന്നതായും ‘നീ ഒരിക്കലും നന്നാകില്ല’ എന്ന് ശകാരിക്കുന്നതായുമാണ് ഉമ്മയോട് പറഞ്ഞത്. ആ സ്ഥാപനത്തില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോകാന്‍ മടിയുണ്ടെന്നും അവള്‍ പറഞ്ഞു. അസ്മിയയുടെ മൂത്ത സഹോദരി തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ മതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തനിക്ക് ഉറക്കെ സംസാരിക്കാന്‍ പറ്റുന്നില്ലെന്നും അധ്യാപിക ശപിക്കാറുണ്ടെന്നും സഹോദരിയോടും അസ്മിയ പറഞ്ഞിട്ടുണ്ട്. വലിയ ഉസ്താദ് എന്നു വിളിക്കുന്ന പ്രിന്‍സിപ്പലിനോട് ഉമ്മ, ഈ അധ്യാപിക മോളെ ചീത്ത പറയുന്നതായി പരാതിപ്പെട്ടപ്പോള്‍, കുഴപ്പമില്ല, അത് അവരോട് പറഞ്ഞ് ശരിയാക്കാം എന്നായിരുന്നു മറുപടി.

അസ്​മിയക്ക്​ ബോധമുണ്ടായിരുന്നില്ല. മുടിയില്‍ തൊട്ടുനോക്കിയപ്പോള്‍ കുളിച്ച ലക്ഷണമൊന്നും കണ്ടില്ലെന്ന് ഉമ്മ പറയുന്നു. ഉമ്മയാണ് വിളിക്കുന്നത് എന്നു പറഞ്ഞ് അവളെ വിളിച്ചുനോക്കി. കവിളില്‍ തട്ടി വിളിക്കാന്‍ മുനീര്‍ പറഞ്ഞു. അപ്പോള്‍, ശരീരം തണുത്തിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലുമാണ് അസ്മിയ വീട്ടിലേക്ക് വിളിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചില്ല. ഇതേതുടര്‍ന്ന് ഉമ്മ ഉസ്താദിനെ വിളിച്ചപ്പോള്‍, അവള്‍ നാളെ വിളിക്കും എന്നു പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു. ഫോണ്‍ കേടായിരുന്നു എന്നാണ് സ്ഥാപനം പിന്നീട് വിശദീകരിച്ചത്. എന്നാല്‍, ഉമ്മയോട് ഫോണ്‍ കേടാണ് എന്നു പറഞ്ഞിട്ടില്ല.

ശനിയാഴ്ചയും മകള്‍ വിളിച്ചില്ല. മകളുടെ വിളിയും കാത്ത് താന്‍ ഫോണ്‍ കൈയില്‍ പിടിച്ചാണ് നടന്നിരുന്നതെന്ന് ഉമ്മ പറയുന്നു. ഉച്ചക്ക് രണ്ടരക്ക് അസ്മിയ വിളിച്ചു. അപ്പോള്‍ അവളുടെ തൊണ്ട ഇടറിയിരുന്നു. കരഞ്ഞ് ശബ്ദം പുറത്തുവരാത്ത അവസ്ഥയിലായിരുന്നു. ‘എന്റെ പൊന്നുമ്മാ, എന്നെ ഇവിടെനിന്ന് കൊണ്ടുപോണം, എനിക്കിവിടെ ഇഷ്ടമില്ല, ഇവിടം കൊള്ളില്ല’ എന്നൊക്കെ പറഞ്ഞ് അവള്‍ കരഞ്ഞുകൊണ്ടിരുന്നു. കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ, അവിടെ നില്‍ക്ക് മോളേ എന്ന് ഉമ്മ പറഞ്ഞു.

അസ്​മിയയുടെ ഉമ്മ

അസ്മിയയുടെ ഉപ്പ മാനസികരോഗം വന്ന് കാണാതായ ആളാണ്. അസ്മിയ വിളിച്ച വിവരം ഉമ്മ അപ്പച്ചിയെ (അസ്മിയയുടെ ഉപ്പയുടെ സഹോദരി) അറിയിച്ചു. ഉടന്‍ പോയി മോളെ വിളിച്ചുകൊണ്ടുവാ, ഇനി അവളെ അവിടെ നിര്‍ത്തേണ്ട എന്ന് അപ്പച്ചി പറഞ്ഞതനുസരിച്ച്, ഉമ്മ ഓട്ടോ ഡ്രൈവര്‍ കൂടിയായ ജ്യേഷ്ഠത്തിയുടെ മകന്‍ മുനീറിനൊപ്പം സ്ഥാപനത്തിലെത്തി. മുനീര്‍ പുറത്തിരുന്നു. ഉമ്മയെ വിസിറ്റിംഗ് റൂമിലുമിരുത്തി, കാത്തിരിക്കാന്‍ പറഞ്ഞു. കുട്ടി കുളിക്കുകയാണ് എന്നാണ് ഉസ്താദ് പറഞ്ഞത്. 35-ഓളം കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനത്തില്‍, അപ്പോള്‍ മറ്റു കുട്ടികളെയൊന്നും കാണാനായില്ലെന്നും വിജനമായ അവസ്ഥയായിരുന്നുവെന്നും ഉമ്മ പറയുന്നു. ഒന്നര മണിക്കൂറായിട്ടും മകളെ കാണാതായപ്പോള്‍, ഇത്ര നേരമായിട്ടും കുളിച്ചുകഴിഞ്ഞില്ലേ എന്ന് ഉമ്മ ചോദിച്ചു. അപ്പോള്‍ പെട്ടെന്ന് ഉസ്താദും മറ്റു രണ്ടുപേരും വന്ന്, നിങ്ങള്‍ തളര്‍ന്നുവീഴരുത്, അവിടെയിരിക്ക് എന്ന് പറഞ്ഞു. അപ്പോഴാണ് എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലായതെന്ന് ഉമ്മ പറയുന്നു. അപ്പോള്‍ കണ്ടത്, കുറച്ചുപേര്‍ ചേര്‍ന്ന് അസ്മിയയെ എടുത്തുകൊണ്ടുവരുന്നതാണ്. തല കറങ്ങി വീണതാകാം എന്നു കരുതി ഉമ്മ കരഞ്ഞ് പുറത്തേക്കോടി മുനീറിനെ വിളിച്ച് ഉടന്‍ മോളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു. മുനീറും ഉമ്മയും കൂടി അസ്മിയയെയും കൊണ്ട് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോയി.

ബീമാപള്ളി സ്വദേശികളായ ഇവര്‍ക്ക് ബാലരാമപുരത്ത് എവിടെയാണ് ആശുപത്രി എന്നുപോലും അറിയില്ലായിരുന്നു. മരണവെപ്രാളത്തില്‍ കിടക്കുന്ന അസ്മിയയെയും കൊണ്ട്, ആളുകളോട് എവിടെയാണ് ആശുപത്രി എന്നന്വേഷിച്ചാണ് മുനീര്‍ ഓട്ടോ ഓടിച്ചത്. നിംസ് മെഡിസിറ്റിയിലേക്കാണ് അസ്മിയയെ കൊണ്ടുപോയത്.

ഓട്ടോയിലുള്ള സമയം മകള്‍ മരിച്ചിരുന്നില്ല എന്നാണ് ഉമ്മ പറയുന്നത്. അവള്‍ക്ക് ബോധമുണ്ടായിരുന്നില്ല. മുടിയില്‍ തൊട്ടുനോക്കിയപ്പോള്‍ കുളിച്ച ലക്ഷണമൊന്നും കണ്ടില്ലെന്ന് ഉമ്മ പറയുന്നു. ഉമ്മയാണ് വിളിക്കുന്നത് എന്നു പറഞ്ഞ് അവളെ വിളിച്ചുനോക്കി. കവിളില്‍ തട്ടി വിളിക്കാന്‍ മുനീര്‍ പറഞ്ഞു. അപ്പോള്‍, ശരീരം തണുത്തിരുന്നു.

പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം തൂങ്ങിമരണം എന്നാണ്.

2000-ല്‍ സ്ഥാപിതമായ അല്‍ അമാന്‍ എഡ്യുക്കേഷനല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന അറബിക് കോളേജിനെക്കുറിച്ച് ഇതുവരെ ഇത്തരം പരാതികളുണ്ടായിട്ടില്ല എന്നാണ്, ഇതേക്കുറിച്ച് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സംസാരിച്ചപ്പോള്‍ അറിഞ്ഞതെന്ന് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ട്രൂകോപ്പിയോടു പറഞ്ഞു. ബാലരാമപുരം പൊലീസ് സ്‌റ്റേഷനില്‍ സംസാരിച്ചപ്പോഴും മുമ്പ് ഒരു പരാതിയും സ്ഥാപനത്തെക്കുറിച്ച് ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞതെന്ന് ശ്രീജ പറഞ്ഞു. മലബാറില്‍നിന്നുള്ളവരാണ് ഭൂരിഭാഗം അധ്യാപകരും.

അസ്മിയയുടെ പരാതി, ഉമ്മ പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടും ഇതേക്കുറിച്ച് അന്വേഷിച്ചതായോ അധ്യാപികക്കെതിരെ നടപടിയെടുത്തതായോ കാണുന്നില്ല.

അല്‍ അമാന്‍ എഡ്യുക്കേഷനല്‍ കോംപ്ലക്‌സ് പറയുന്നത് ഇതാണ്: ‘‘2021 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ അസ്മിയ 2022 ജൂണ്‍ രണ്ടിനാണ് പ്ലസ് വണ്‍ അഡ്മിഷനെടുത്തത്. ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കി പെരുന്നാള്‍ അവധി കഴിഞ്ഞ 2023 മെയ് രണ്ടിനാണ് തിരിച്ചെത്തിയത്. മുന്‍വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവരീതിയായിരുന്നു വിദ്യാര്‍ഥിയില്‍ കണ്ടുവന്നത്. ഒറ്റക്കിരിക്കല്‍, വിഷാദം, കുറഞ്ഞ ആളുകളോടു മാത്രം സംസാരം, കുടുതല്‍ സമയം ഉറക്കം തുടങ്ങിയ സ്വഭാവലക്ഷണങ്ങള്‍ കണ്ടുവന്നിരുന്നു. അതിനിടക്ക് ശനിയാഴ്ച രാവിലെ മുതല്‍ ശരീരവേദനയാണെന്നു പറഞ്ഞ് മെഡിക്കല്‍ റൂമില്‍ വിശ്രമത്തിലായിരുന്നു.’’

‘‘സാധാരണ വീട്ടിലേക്ക് വിളിക്കാറുള്ള വെള്ളിയാഴ്ച, ഫോണ്‍ തകരാറിലായതിനെതുടര്‍ന്ന് ശനിയാഴ്ചയായിരുന്നു വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്പെടുത്തിക്കൊടുത്തത്. അന്ന് ഉച്ചക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. അതിനെതുടര്‍ന്ന് വലിയ മനഃപ്രയാസവും വേദനയും അതിലെ സംസാരവും കൂട്ടുകാരോട് പങ്കുവച്ചിരുന്നു. വൈകുന്നേരം അഞ്ചു മണിവരെ കുട്ടിയെ അധ്യാപികയും വിദ്യാര്‍ഥിനികളും കണ്ടിട്ടുണ്ട്. രക്ഷിതാക്കള്‍ 5.20ന് കോളേജിലെത്തി. രക്ഷിതാക്കള്‍ വന്ന വിവരം വിദ്യാര്‍ഥിനിയെ അറിയിക്കാന്‍ ചെന്നപ്പോള്‍ എവിടെയും കാണാന്‍ കഴിഞ്ഞില്ല. ലൈബ്രറി റൂം മാത്രം അകത്തുനിന്ന് പൂട്ടപ്പെട്ട് ജനവാതിലുകള്‍ അടച്ചനിലയില്‍ കാണപ്പെട്ടു. ഏകദേശം 5.45ന് ജനല്‍ചില്ല് പൊളിച്ച് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.’’

അന്വേഷണം നടക്കുന്നു എന്ന വിശദീകരണം മാത്രമാണ് പൊലീസ് നല്‍കുന്നത്​. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം എന്നുമാണ് ബാലരാമപുരം എസ്.എച്ച്.ഒ വിജയകുമാര്‍ ട്രൂകോപ്പിയോട് പറഞ്ഞത്.

അസ്വഭാവികതയും ദുരൂഹതയും നിറഞ്ഞതാണ് അസ്മിയയുടെ മരണം എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മയും ബന്ധുക്കളും നല്‍കുന്ന വിവരങ്ങള്‍. സ്ഥാപനത്തിന്റെ വിശദീകരണത്തിലും പൊരുത്തക്കേടുകളുണ്ട്.

  • അസ്മിയ ഒരു അധ്യാപികയെക്കുറിച്ചാണ് ഉമ്മയോട് പരാതിപ്പെട്ടത്. ഈ അധ്യാപിക എന്തിനാണ് അസ്മിയയെ ശകാരിക്കുകയും ശപിക്കുകയും ചെയ്തിരുന്നത് എന്ന് വ്യക്തമല്ല. ഉറക്കെ സംസാരിക്കുകയും ആക്റ്റീവായി കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പ്രകൃതമാണ് അസ്മിയക്ക് എന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. കർശനമായ മതചിട്ടകളുള്ള ഒരു മതപാഠശാലയിൽ ഇത്തരം പെൺകുട്ടികൾ കടുത്ത നിയന്ത്രണങ്ങൾക്ക്​ വിധേയമാകുന്നത്​ സ്വഭാവികമാണ്​. അത്തരം നിയന്ത്രണങ്ങൾക്ക്​ അസ്​മിയ വിധേയയായിരുന്നുവോ എന്ന കാര്യം പുറത്തുവരണം.

  • ഒരു വര്‍ഷത്തിനുള്ളില്‍, കഴിഞ്ഞ മാസമാണ് അസ്മിയ ആദ്യമായി പരാതി പറയുന്നത്. ഈയൊരു മാസം, ഇവിടം കൊള്ളില്ല, തനിക്ക് അവിടെ തുടരാന്‍ കഴിയില്ല എന്ന് പറയുംവിധം എന്താണ് അസ്മിയക്ക് സംഭവിച്ചത്, സ്​ഥാപനത്തി​ലെ അന്തരീക്ഷം എന്തുകൊണ്ടാണ്​ മാറിപ്പോയത്​ എന്ന കാര്യം പുറത്തുവരേണ്ടതുണ്ട്.

  • അസ്മിയയുടെ പരാതി, ഉമ്മ പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടും ഇതേക്കുറിച്ച് അന്വേഷിച്ചതായോ അധ്യാപികക്കെതിരെ നടപടിയെടുത്തതായോ കാണുന്നില്ല.

അസ്മിയ ഗുരുതരമായ മാനസികപ്രശ്‌നം അനുഭവിച്ചിരുന്നുവെന്ന് സ്ഥാപനത്തിന്റെ തന്നെ വിശദീകരണത്തില്‍ വ്യക്തമാണ്. കര്‍ശന അച്ചടക്കമുള്ള ഒരു മതപഠനശാലയിലെ അന്തരീക്ഷത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാതിരിക്കില്ല. എന്നാല്‍, അത് വീട്ടുകാരെ അറിയിച്ചിരുന്നില്ല.

  • അസ്മിയ മരിക്കുന്നതിനുമുമ്പ്, ശനിയാഴ്ച ഉച്ചക്ക് കരഞ്ഞുതളര്‍ന്നാണ് അവള്‍ ഉമ്മയെ വിളിച്ചത്. ഇപ്പോള്‍ തന്നെ അവിടെനിന്ന് കൊണ്ടുപോകണം എന്നു പറഞ്ഞ് കരയാന്‍ തക്ക ഗുരുതരമായ പ്രശ്‌നം അപ്പോള്‍ അസ്മിയ അഭിമുഖീകരിച്ചിരുന്നു.

  • അസ്മിയ ഗുരുതരമായ മാനസികപ്രശ്‌നം അനുഭവിച്ചിരുന്നുവെന്ന് സ്ഥാപനത്തിന്റെ തന്നെ വിശദീകരണത്തില്‍ വ്യക്തമാണ്. മുന്‍വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായ പെരുമാറ്റരീതിയാണ് പെണ്‍കുട്ടിയില്‍ കണ്ടുവന്നത് എന്നും അവള്‍ വിഷാദവും ഒറ്റക്കിരിക്കലും അടക്കമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നതായും സ്ഥാപനം തന്നെ സമ്മതിക്കുന്നു. പഠനത്തെ ബാധിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍. കര്‍ശന അച്ചടക്കമുള്ള ഒരു റസിഡൻഷ്യൽ മതപഠനശാലയിലെ അന്തരീക്ഷത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാതിരിക്കുകയുമില്ല. എന്നാല്‍, അസ്മിയയുടെ പ്രശ്‌നത്തിന് എന്താണ് കാരണം എന്ന് അന്വേഷിക്കാനോ, അത് വീട്ടുകാരെ അറിയിച്ച് പരിഹാരം തേടാനോ, കൗണ്‍സലിംഗ് പോലുള്ള സേവനം നല്‍കാനോ സ്ഥാപനം ശ്രമിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.

  • മകളെ കാണാന്‍ സ്ഥാപനത്തിലെത്തിയതുമുതല്‍, സ്ഥാപന അധികൃതരുടെ സമീപനം സംശയകരമാണെന്ന് ഉമ്മ പറയുന്നുണ്ട്. ‘അസ്മിയ കുളിക്കുകയാണ്' എന്നു പറഞ്ഞ് ഒന്നര മണിക്കൂര്‍ ഉമ്മയെ ഇരുത്തി. താന്‍ വന്നയുടന്‍ മകളെ അറിയിച്ച് അവളെ കൊണ്ടുവന്നിരുന്നുവെങ്കില്‍ അവള്‍ ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ഉമ്മ പറയുന്നു. എന്നാല്‍, എന്തിനാണ് തന്നെ ഒന്നര മണിക്കൂര്‍ കാത്തിരുത്തിയത് എന്ന ഇവരുടെ ചോദ്യം പ്രധാനപ്പെട്ടതാണ്. ഉമ്മ മകളെ കാണാന്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്ന വിവരം സ്ഥാപനത്തിന്റെ വിശദീകരണത്തില്‍ ഇല്ല.

  • അസ്മിയ കുളിക്കുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞതിലും ഉമ്മ സംശയം പ്രകടിപ്പിക്കുന്നു. അവള്‍ കുളിക്കുകയായിരുന്നില്ല എന്ന്, മകളുടെ മുടി തൊട്ടുനോക്കിയപ്പോള്‍ മനസ്സിലായതായി ഉമ്മ പറയുന്നുണ്ട്.

  • തീര്‍ത്തും അവശനിലയിലായ അവസ്ഥയിലുള്ള ഒരു വിദ്യാര്‍ഥിനിയെ ഉമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത് ഗുരുതരമായ അനാസ്ഥയാണ്. ആംബുലന്‍സിന് എളുപ്പം എത്താന്‍ കഴിയുന്ന സ്ഥലമായിട്ടും ആംബുലന്‍സ് വിളിച്ചില്ല. മാത്രമല്ല, ഉമ്മക്കും ബന്ധുവായ മുനീറിനും എവിടെയാണ് ആശുപത്രി എന്നുപോലും അറിയുമായിരുന്നില്ല. ആളുകളോട് ചോദിച്ചാണ് അവര്‍ പോയത്, മാത്രമല്ല, അര മണിക്കൂര്‍ ട്രാഫിക് ബ്ലോക്കില്‍ പെടുകയും ചെയ്തു. ആംബുലന്‍സായിരുന്നുവെങ്കില്‍ ഒരുപക്ഷെ, ഉടന്‍ ആശുപത്രിയിലെത്തിച്ച് അസ്മിയയെ രക്ഷിക്കാമായിരുന്നു. ഓ​ട്ടോറിക്ഷയുടെ പുറകിൽ തങ്ങളും പോയിരുന്നുവെന്ന്​ സ്​ഥാപന അധികൃതർ പീന്നീട്​ വിശദീകരിച്ചിട്ടുണ്ട്​. എന്നാൽ, ഓ​ട്ടോറിക്ഷയിലാണോ അവശയായ ഒരു കുട്ടിയെ ആശുപത്രിയിലേക്ക്​ വിടുന്നത്​ എന്നതിന്​ വിശദീകരണമില്ല.

സ്ഥാപനത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നുമില്ല എന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂടിവക്കപ്പെടുകയോ ഒത്തുതീര്‍പ്പിലെത്തിക്കുകയോ ചെയ്യുകയാണ് പതിവ്.

  • അസ്മിയ ആത്മഹത്യ ചെയ്യില്ല എന്നുതന്നെയാണ് ഉമ്മയും ബന്ധുക്കളും ഉറപ്പിച്ചു പറയുന്നത്. ലൈബ്രറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു എന്നു പറയുന്നത് അവര്‍ വിശ്വസിക്കുന്നില്ല. അസ്മിയയെപ്പോലെ ഒരു കുട്ടിക്ക് ഒറ്റയ്ക്ക് ഫാനില്‍ കുരുക്കിട്ട് മരിക്കാന്‍ കഴിയില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

  • സ്ഥാപനത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നുമില്ല എന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂടിവക്കപ്പെടുകയോ ഒത്തുതീര്‍പ്പിലെത്തിക്കുകയോ ചെയ്യുകയാണ് പതിവ്. അസ്മിയയുടെ മരണത്തെ തുടര്‍ന്ന്, നിരവധിപേരാണ് മതപഠനശാലകളിലെ സമാനമായ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പുറത്തുവരുന്നില്ല എന്നതുകൊണ്ടുമാത്രം ഇത്തരം സംഭവങ്ങളുണ്ടാകുന്നില്ല എന്നര്‍ഥമില്ല. അതുകൊണ്ടുതന്നെ, ഈ സ്ഥാപനത്തില്‍മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.

അസ്മിയയുടെ മരണം മുഖ്യധാരാ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല. പത്രങ്ങളില്‍ പ്രാദേശിക ലേഖകന്മാരുടെ ശുഷ്‌കമായ റിപ്പോര്‍ട്ടുകളില്‍ അത് ഒതുങ്ങി. സോഷ്യല്‍ മീഡിയ ഇടപെട്ടതോടെയാണ് ചാനലുകള്‍ ഈ വാര്‍ത്ത ദൃശ്യമായിത്തുടങ്ങിയത്. ഒരു ഇസ്​ലാമിക മതപാഠശാലയായതിനാൽ, വർഗീയ ഛായയുള്ള ആക്ഷേപങ്ങൾ ഈ സ്​ഥാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം മതപാഠശാലകൾ നിരോധിക്കണമെന്ന തരത്തിലുള്ള തീവ്രവാദങ്ങളുണ്ടായി. വിഷയത്തെ വിവാദമാക്കാനുള്ള ഇത്തരം ആസൂത്രിയ കാമ്പയിനുകളെ തള്ളിക്കളഞ്ഞ്​, അസ്മിയയുടെ മരണം ഉയർത്തുന്ന അടിസ്​ഥാന പ്രശ്​നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്​. അതിൽ പ്രധാനം,​ മതപാഠശാലകളുടെ നടത്തിപ്പ്​, നിയന്ത്രണം, പഠനാന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​.

മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സ്വയം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത പ്രായത്തില്‍ കുട്ടികളെ മതപാഠശാലകളിലേക്കയച്ച്​, അതാതു മതങ്ങളുടെ ചിട്ടകളിലേക്ക് മെരുക്കിയെടുക്കുന്നതിനെതിരെ പെണ്‍കുട്ടികളടക്കമുള്ളവര്‍ തുറന്ന അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഇത്തരം മതപാഠശാലകളിലെ അധ്യാപകര്‍ക്കുനേരെ ഉന്നയിക്കപ്പെടാറുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്ത, മതപരമായ ശാസനകള്‍ മാത്രം കൈമുതലായവരായിരിക്കും ഇത്തരം കേന്ദ്രങ്ങളിലെ അധ്യാപകര്‍. ആധുനിക വിദ്യാഭ്യാസം നേടി വിജ്ഞാനത്തിന്റെ വിശാലലോകങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങുന്ന യുവതലമുറയെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെയാണ് ഇത്തരം മതാധ്യാപക സമൂഹം ഇരകളാക്കുന്നത്.

അസ്മിയയുടെ മരണത്തിന്റെ പാശ്ചാത്തലത്തില്‍ റംസീന ഉമൈബ ഫേസ്ബുക്കിലിട്ട കുറിപ്പില്‍നിന്ന്: ‘‘ഏഴെട്ട് മാസം മുമ്പ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടില്‍ പോയതായിരുന്നു. ഞാന്‍ വീട്ടിലെത്തിയാല്‍ പതിവു പോലെ എന്നെ കാണാനെത്താറുള്ള മൂത്തുമ്മയുടെ മകളും അവളുടെ മകളും അന്നും എത്തി. അപ്പോഴാണ് ഞാന്‍ റിനു മോളുടെ ചെവിയുടെ പിന്‍ഭാഗത്തായുള്ള മുറിവ് ശ്രദ്ധിച്ചത്. വലത്തെ ചെവിയുടെ പിന്നില്‍ ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത ആ മുറിവിനെ കുറിച്ചവള്‍ പറഞ്ഞതുകേട്ട് ഞാനൊന്ന് ഞെട്ടി. മദ്രസയില്‍ ഒന്നാം ക്ലാസ്സിലാണ് റിനു മോള്‍. ഏതോ കംമ്പയിന്‍ഡ് ക്ലാസ്സിന് ഇരിക്കുമ്പോള്‍ ബാക്ക് ബെഞ്ചിലിരുന്ന, നാലിലോ അഞ്ചിലോ പഠിക്കുന്ന വലിയ ആണ്‍കുട്ടികളോട് സംസാരിച്ചതിന് ഉസ്താദ് നല്‍കിയ ശിക്ഷയായിരുന്നു ആ മുറിവ്.
'അപ്പോ നീ ഉമ്മയോട് പറഞ്ഞില്ലേ...? അവര് പോയി ഉസ്താദിനോട് ചോദിച്ചില്ലേ...?', ദേഷ്യം സഹിക്കാനാവാതെ ഞാന്‍ ചോദിച്ചു.
'എന്തിന്... ഞാന്‍ ആണ്‍കുട്ടികളോട് സംസാരിച്ചതിനല്ലേ ഉസ്താദ് ശിക്ഷിച്ചേ... മ്മള്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കേണ്ടവരല്ലേ പടച്ചോന്റെ മാലാഖമാര്‍.... !'
'കോപ്പാണ്......'
ദേഷ്യം സഹിക്കാനാവാതെ ഞാനവളെ അടുത്ത് പിടിച്ചിരുത്തി ചോദിച്ചു:- 'ഉസ്താദ്മാര്‍ നിന്നെ വെറെ എന്തെങ്കിലും ചെയ്യാറുണ്ടോ...? വേറെ എവിടെയെങ്കിലും പിടിക്കാറോ തൊടാറോ ഉണ്ടോ...?'
അവള്‍ വളരെ നിഷ്‌കളങ്കതയോടെ 'ഇല്ല' എന്നു പറഞ്ഞെങ്കിലും കുറച്ചുനേരം കൂടി അവളെ അടുത്തിരുത്തി ഞാന്‍ വീണ്ടും വീണ്ടും പലതും പറഞ്ഞുക്കൊണ്ടിരുന്നു. ഒടുവില്‍, വീട്ടിലെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന തിരക്കിലായതിനാല്‍ റിനു മോള്‍ മുറ്റത്തേക്കോടി...
ഞാന്‍ അപ്പോള്‍ തന്നെ അവളുടെ ഉമ്മയോട് പോയി ചോദിച്ചു. 'എന്താടോ അവളുടെ ചെവിയിങ്ങനെ നുള്ളി മുറിയാക്കിയിട്ട് നീയൊന്നു പോയി ചോദിക്കാത്തെ...? നിന്റെ മോളല്ലേ... ഉസ്താദാണെന്നു കരുതി ഇങ്ങനെ കുട്ടികളെ മുറിപ്പെടുത്തണോ... ?'
റിനു മോള്‍ പറഞ്ഞ അതേ കാര്യം തന്നാ അന്ന് അവളും പറഞ്ഞത്. 'അതിന് ഓളോടാരാ ആ ചെക്കന്മാരോട് വര്‍ത്താനം പറയാന്‍ പറഞ്ഞേ...? ചോദിക്കാന്‍ പോയാ ഉസ്താദ് അത് ചോദിക്കില്ലേ...?'
'ഉസ്താദുമാരോടും മദ്രസകളോടും എന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ച് വീട്ടിലെ പെണ്ണുങ്ങള്‍ പോയി ചോദിച്ചാല്‍ പിന്നെ പറയാനില്ല.
അഞ്ചു വയസ്സുള്ള റിനു മോള്‍ മുതല്‍ ഇന്ന് അസ്മിയ വരെ നീളുന്ന പല കുട്ടികള്‍ക്കും മദ്രസകളില്‍, അല്ലെങ്കില്‍ മറ്റേത് മത സ്ഥാപനത്തിലും അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് നമ്മളിനി എന്നാണ് സംസാരിക്കുക...? ഉസ്താദുമാരോ പണ്ഡിതന്മാരോ പുരോഹിതന്മാരോ ഒന്നും ദൈവത്തിന്റെ മാലാഖമാരോ നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ശിക്ഷിക്കാനുള്ളവരോ അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
ചെവിയിലോ കവിളിലോ കൈപ്പത്തിയിലോ ചന്തിയിലോ ഒക്കെ മുറിവുകളുമായി വീട്ടിലേക്കുവരുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ അതിനുള്ള അവകാശം ഉസ്താദിന് കൊടുക്കാതെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മുറിവുകള്‍ക്കും വേദനകള്‍ക്കുമൊപ്പം നില്‍ക്കാന്‍ നോക്കൂ... നിങ്ങളോട് എല്ലാം തുറന്നു സംസാരിക്കുന്ന, 'എന്റെ പ്രശ്‌നങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ എനിക്കെന്റെ ഉമ്മയും ഉപ്പയും ഉണ്ടെന്ന്' പറയുന്ന മക്കളായി അവര്‍ വളരട്ടെ...
അനുസരണയും മതവും പഠിപ്പിച്ച് അസ്മിയയെ കൊന്നതുപോലെ കുഞ്ഞുങ്ങളെ ഒരു പീഡനത്തിനും ഇനി വിട്ടുക്കൊടുക്കരുത്.’’

മുസ്‌ലിം പെണ്‍കുട്ടികള്‍ സമീപകാലത്ത് വിദ്യാഭ്യാസമേഖലയിൽ കൈവരിച്ച മുന്നേറ്റം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. മത യാഥാസ്ഥിതികത്വത്തിനുള്ളില്‍ തളച്ചിടാനുള്ള പുരോഹിതവര്‍ഗത്തിന്റെ ശാസനകളെ അതിജീവിച്ച് പുതിയ തലമുറ യാഥാസ്ഥിതികത്വത്തിന്റെ മുഖാവരണങ്ങള്‍ നീക്കി പുറത്തുവരികയാണ്. ഇതാണ്, മതപൗരോഹിത്യത്തെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം മതപാഠശാലകളിലെ അഭ്യാസം നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെടുന്നു.

മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന അവകാശം മുന്‍നിര്‍ത്തിയാണ്, മതപാഠശാലകളിലൂടെയുള്ള മതവിദ്യാഭ്യാസം ന്യായീകരിക്കപ്പെടുന്നത്. ജീവിതത്തിലുടനീളം അനുവര്‍ത്തിക്കേണ്ട വിശ്വാസ, കര്‍മാനുഷ്ഠാനങ്ങളെക്കുറിച്ചാണ് മതപഠനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നത്.

മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീലിന്റെ അഭിപ്രായം പ്രസക്തമാണ്: ‘‘മതപഠനം ഉള്‍പ്പെടെ ഏത് പഠത്തിനായാലും അതിന് താല്‍പര്യമുള്ള കുട്ടികളെ മാത്രമേ രക്ഷിതാക്കള്‍ പറഞ്ഞയക്കാവൂ. സ്ഥാപന നടത്തിപ്പുകാരും ഇക്കാര്യം ശ്രദ്ധിക്കണം. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ മൂന്നു മാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗിന് അധികൃതര്‍ അവസരമൊരുക്കണം.’’

എന്നാല്‍, മതപാഠശാലകളിലെത്തുന്ന വിദ്യാര്‍ഥികളുടെ ശാരീരികമോ മാനസികയോ ആയ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഒരു സംവിധാനവും നിലവിലില്ല. വീടുകളില്‍നിന്ന്, താമസിച്ചുപഠിക്കേണ്ട ബാലരാമപുരത്തേതുപോലുള്ള മതപാഠശാലകളിലെത്തുന്നവര്‍ക്ക്, പ്രത്യേകിച്ച്, പെണ്‍കുട്ടികള്‍ക്ക് വലിയ തോതില്‍ മാനസിക സംഘര്‍ഷം അനുഭവപ്പെടാനിടയുണ്ട്. രക്ഷാകര്‍ത്താക്കളും അധ്യാപകരും കാണുന്ന രീതിയിലാകില്ല വിദ്യാര്‍ഥികള്‍ ഇവയെ സമീപിക്കുക. കുട്ടികളുടെ ഇത്തരം സംഘര്‍ഷങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള കൗണ്‍സലിംഗ് സംവിധാനം പോലും ഒരുക്കാന്‍ ഈ സ്ഥാപനങ്ങള്‍ മെനക്കെടാറില്ല.

മറ്റൊന്ന്, ഇവിടങ്ങളില്‍ എന്ത് പാഠ്യക്രമമാണ്, ഏതുതരം അഭ്യസന രീതിയാണ് പിന്തുടരുന്നത്, അധ്യാപകരുടെ യോഗ്യത എന്താണ് തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ മറുപടിയില്ലാതെ അവശേഷിക്കുന്നു. കേരളത്തില്‍, വിദ്യാഭ്യാസമേഖലയിലെ നവീകരണത്തെക്കുറിച്ച് ഈയിടെ ചര്‍ച്ച നടന്നപ്പോള്‍, ജെന്‍ഡര്‍ ഇക്വാലിറ്റിക്കും ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോമിനും എതിരെ തീവ്രമായി പ്രതികരിച്ചത് ഇത്തരം മതയാഥാസ്​ഥിതിക കേന്ദ്രങ്ങളാണ്. പഠനസമയത്തില്‍ വരുത്തേണ്ട ക്രമീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍, അത് മദ്രസാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞ് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു മുസ്‌ലിം സംഘടനകള്‍. വിദ്യാഭ്യാസത്തിലൂടെ മുന്നേറി, ലിംഗ സമത്വത്തെക്കുറിച്ച്​ ചിന്തിക്കുന്ന പെൺകുട്ടികളുള്ള ഒരു സമൂഹ​ത്തെയാണ്​ മതശാസനകളിൽ അടക്കിയിരുത്താൻ യാഥാസ്​ഥിതിക പൗരോഹിത്യം ശ്രമിക്കുന്നത്​. സ്വന്തം ആവിഷ്​കാര സ്വാത​ന്ത്ര്യത്തെക്കുറിച്ചും ബഹുസ്വര സമൂഹത്തിലെ ഇടപെടലുകളെക്കുറിച്ചും തികഞ്ഞ ബോധ്യമുള്ളവർ കൂടിയാണ്​ ഈ പെൺകുട്ടികൾ. അതുകൊണ്ടുതന്നെ, യാഥാസ്​ഥിതിക മതവുമായും വിശ്വാസവുമായും ഇവർക്ക്​ നിരന്തര സംഘർഷത്തിലേർപ്പെടേണ്ടിവരുന്നുമുണ്ട്​.

മതപഠന കേന്ദ്രങ്ങളിലെ അഭ്യസനരീതികള്‍ക്ക് ഇന്ന് ഒരുതരത്തിലുമുള്ള സര്‍ക്കാര്‍ മേല്‍നോട്ടമില്ലെന്നുമാത്രമല്ല, പരാതികള്‍ പുറത്തുവരാതിരിക്കാനും അവ സ്ഥാപനത്തിനുള്ളില്‍ തന്നെ അടിച്ചമര്‍ത്താനുമുള്ള സംവിധാനവുമുണ്ട്. മതസ്ഥാപനങ്ങളായതുകൊണ്ടുതന്നെ ഒരുതരം സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയപ്പെടേണ്ടതില്ല എന്ന ധാര്‍ഷ്ട്യം ഈ സ്ഥാപന നടത്തിപ്പുകാരെ ഭരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങളാണ് ഇത്തരം സ്ഥാപനങ്ങളെ യഥാര്‍ഥ പീഡന കേന്ദ്രങ്ങളാക്കുന്നത്.

ഈ ദുരൂഹ മരണത്തിന്റെ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിലുണ്ടാകേണ്ട നവീകരണ നടപടികള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടണം.

(അസ്മിയയുടെ ഉമ്മയുമായി സംസാരിച്ച് സിറ്റിസൺസ് ഫോർ ഡെമോക്രസി ജനറൽ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ട്രൂകോപ്പിയുമായി പങ്കുവച്ച വിവരങ്ങളാണ്, ഉമ്മയുടെ വിശദീകരണമായി ചേര്‍ത്തിട്ടുള്ളത്)

Comments