അസ്മിയക്ക്​ എന്താണ്​ സംഭവിച്ചത്​?

വളരെ ആക്ടീവായിരുന്ന, ജീവിതത്തെ കുറിച്ച് നിറങ്ങളുള്ള സ്വപ്നങ്ങളുണ്ടായിരുന്ന അസ്​മിയയെ ആത്മഹത്യയിലേക്ക് നയിച്ചത് ആരൊക്കെയാണ്? അസ്മിയയെ മാനസികമായി തളർത്തുന്ന രീതിയിൽ എപ്പോഴും വഴക്ക് പറഞ്ഞിരുന്ന ആ അധ്യാപിക ആരാണ്? അവരെന്തിനാണ് നിരന്തരം അസ്മിയയെ വഴക്ക് പറഞ്ഞിരുന്നത്? സ്ഥാപനത്തിലെത്തിയ ഉമ്മയോട് ‘മകൾ കുളിക്കുന്നു’ എന്ന് കളവ് പറഞ്ഞ് അധികൃതർ ഒന്നര മണിക്കൂറോളം അവരെ എന്തിനാണ് വെയിറ്റ് ചെയ്യിപ്പിച്ചത്? ഇതൊക്കെ പൊതുസമൂഹത്തിനറിയേണ്ട കാര്യങ്ങളാണ്. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ അസ്​മിയ എന്ന വിദ്യാർഥിനിയുടെ ദുരൂഹ മരണത്തെക്കുറിച്ച്​, അവരുടെ ഉമ്മയുമായി സംസാരിച്ചശേഷം ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു.

ന്നലെ അസ്മിയ മോളുടെ വീട്ടിൽ ചെന്നിരുന്നു.

മതപഠന കേന്ദ്രത്തിൽ ആത്മഹത്യ ചെയ്ത അസ്മിയ മോളുടെ തിരുവനന്തപുരം ബീമാ പള്ളിയിലെ വീട്ടിലും അവൾ പഠിച്ചിരുന്ന ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലും ചെല്ലുമ്പോൾ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ; ഇനി ഒരു കുട്ടിക്കും ഈ അവസ്ഥയുണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?

സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റ് ആബിദ് അടിവാരം, സി.പി.ഐ- എം ബീമാപള്ളി ബ്രാഞ്ച് സെക്രട്ടറി പീരു മുഹമ്മദ്‌, കോൺഗ്രസ് പ്രവർത്തകൻ സജീബ് വള്ളക്കടവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

"എന്റെ മോളെവിടെ? എന്റെ അസ്മി മോളെവിടെ?’’ എന്ന് വരുന്നവരോടെല്ലാം മാറിമാറി ചോദിച്ചു കൊണ്ടിരിക്കുന്ന ആ ഉമ്മയുടെ അടുത്തേയ്‌ക്കാണ് ഞാൻ കയറിച്ചെന്നത്​. അതേ ചോദ്യം അവർ എന്നോട് ചോദിച്ചപ്പോൾ എന്റെ പെറ്റ വയർ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയതുകൊണ്ടാകണം ഞാൻ പെട്ടെന്നവരെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തവർ അലമുറയിട്ട് കരയുമ്പോൾ തൊട്ടടുത്തിരുന്ന അവരുടെ മൂത്ത മകൾ (അസ്മിയയുടെ താത്ത ) ഏങ്ങലടിക്കുന്നുണ്ടായിരുന്നു. ആരെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക?
"വേണ്ട കരഞ്ഞോട്ടെ" ആരോ അവരെ എന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റാൻ വന്നപ്പോൾ ഞാൻ തടഞ്ഞു കൊണ്ട് പറഞ്ഞു.

കരച്ചിലിനൊടുവിൽ മുഖമുയർത്തി എന്റെ മുഖത്തേയ്‌ക്ക് നോക്കി അവരുടെ ചോദ്യം; "മക്കളുണ്ടോ".. ?

"ഉണ്ട്, അസ്മിയ മോളേക്കാൾ രണ്ട് വയസിന് ഇളയ ഒരു മോളെനിക്കുണ്ട് ", ഞാൻ പറഞ്ഞു.

Photo: Focus T V

വീണ്ടും തേങ്ങലോടെ എന്റെ നെഞ്ചിലേക്കവർ വീണു. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ചോക്ലേറ്റ് വാങ്ങി വരാൻ പറയുന്ന എന്റെ തുമ്പി അസ്മിയ മോളുടെ സ്ഥാനത്ത് വന്ന് നിന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാം.

നെഞ്ചിൽ നിന്നടർന്നു മാറി ആ ഉമ്മ തൊട്ടടുത്തിരിക്കുന്ന രണ്ട് സ്ത്രീകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു, "ഇവർ ആരാണെന്നറിയാമോ? ബീമാപള്ളിയിലെ അംഗൻ വാടിയിൽ എന്റെ പൊന്നു മോളെ പഠിപ്പിച്ചിരുന്ന ടീച്ചർമാരാണ്.’’

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവരെന്നെ നോക്കി പുഞ്ചിരിച്ചു; "മിടുക്കിയായിരുന്നു അസ്മിയ. ഇത്തവണയും അവൾ അംഗൻവാടി പരിപാടികളിൽ വളരേ ആക്ടീവായി പങ്കെടുത്തിരുന്നു’’ എന്നവർ പറയുമ്പോൾ അസ്മിയയോടുള്ള വാത്സല്യം മുഴുവനും ആ ടീച്ചർമാരുടെ വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

"എന്റെ മോളെന്റെ കൂട്ടുകാരിയായിരുന്നു, അവൾ മിടുക്കിയായിരുന്നു, അവൾ സുന്ദരിയായിരുന്നു അവളെവിടെ?’’

മാനസിക നില തകർന്ന ആ ഉമ്മ തന്റെ മകളെവിടെ എന്ന ചോദ്യം ആവർത്തിക്കുകയാണ്.

ഒരു വർഷമായി മതപഠന കേന്ദ്രത്തിൽ പഠിക്കുകയാണ് അസ്മിയ. ഒരു മാസത്തിന് മുൻപ് വരെ ആ സ്ഥാപനത്തെ കുറിച്ച് അസ്മിയയ്ക്ക് യാതൊരു പരാതികളുമുണ്ടായിരുന്നില്ലെന്ന് ഉമ്മയും ബന്ധുക്കളും ഉറപ്പിച്ച് പറയുന്നു. ഒരു മാസമായിട്ടാണ് അവൾ പരാതി പറഞ്ഞു തുടങ്ങിയത്. അത് സ്ഥാപനത്തിലെ ഒരു അധ്യാപികയെ കുറിച്ചാണെന്ന് അവളുടെ ഉമ്മയും അപ്പച്ചിയും (ഉപ്പയുടെ പെങ്ങൾ ) പറയുന്നു. ആ പരാതി അവൾ ആദ്യം തന്റെ മൂത്ത സഹോദരിയോടാണ് പറഞ്ഞത്. ഒടുവിൽ പെരുന്നാളവധി കഴിഞ്ഞ് പോകുമ്പോൾ ഉമ്മയോടും പറഞ്ഞിരുന്നു. ആ അധ്യാപിക അസ്മിയയെ 'നീ നന്നാകില്ല ' എന്ന് ശപിക്കുകയും അസ്മിയയുടെ സംസാരത്തെ തടയുകയും എപ്പോഴും വഴക്ക് പറയുകയും ചെയ്തിരുന്നതായി ഉമ്മ പറയുന്നു. ഉമ്മ മകളുടെ ഈ പരാതി സ്ഥാപനത്തിലെ വലിയ ഉസ്താദ് എന്നറിയപ്പെടുന്ന പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നത്രെ.

എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് വിളിക്കുന്ന അസ്മിയ കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കാത്തതിനെ തുടർന്ന് ഉമ്മ ഉസ്താദിന്റെ ഫോണിലേക്ക് അങ്ങോട്ട് വിളിക്കുമ്പോൾ നാളെ വിളിക്കും എന്ന് പറഞ്ഞ് ഉസ്താദ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ശനിയാഴ്ച അസ്മിയ ഉമ്മയെ വിളിച്ച്, തന്നെ അവിടെ നിന്ന് നാളെ തന്നെ കൊണ്ട് പോകാൻ കരഞ്ഞു പറയുന്നു. മകളുമായുള്ള സംഭാഷണത്തിനൊടുവിൽ ഫോൺ വച്ചശേഷം ബന്ധുവുമായി ആലോചിച്ച് അപ്പോൾ തന്നെ മകളെ കൊണ്ട് വരാൻ പുറപ്പെട്ട ഉമ്മ സ്ഥാപനത്തിലെത്തി, ഒന്നര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ മകളെ കാണുന്നത് മത പഠന കേന്ദ്രത്തിലെ ലൈബ്രറിയ്ക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിലാണെന്ന് പറയുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമന പ്രകാരം ആത്മഹത്യയാണ്, അഥവാ തൂങ്ങിമരണം.

ആത്മഹത്യ ചെയ്ത മകളേയും കൊണ്ട് ഓട്ടോറിക്ഷയിൽ ആശുപത്രി തേടി പാഞ്ഞ അനുഭവം ആ ഉമ്മ പറയുമ്പോൾ എന്റെ ഉടലാകെ വിറകൊണ്ട് പോയി. ബന്ധുവിന്റെ ഓട്ടോയിലാണ് മകളെ കൂട്ടാൻ അവർ സ്ഥാപനത്തിലെത്തിയത്. ആ ഓട്ടോറിക്ഷയിലാണ് ചലനമറ്റ മകളേയും വാരിപ്പിടിച്ച് 'കണ്ണ് തുറക്ക് മോളേ' എന്ന നിലവിളിയോടെ അവർ പാഞ്ഞത്. ബന്ധുവായ ഓട്ടോറിക്ഷാ ഡ്രൈവർക്കോ ഉമ്മയ്ക്കോ എവിടെയാണ് ആശുപത്രി എന്ന് പോലുമറിയില്ല. വഴിയിൽ ചോദിച്ച് ചോദിച്ചാണ് ആശുപത്രിയിലേക്കുള്ള പരക്കം പാച്ചിൽ. അതിനിടയിൽ ഓട്ടോ ട്രാഫിക്കിൽ പെടുകയും ചെയ്തു. ആംബുലൻസ് വിളിക്കാൻ പോലും സ്ഥാപനത്തിലെ അധികൃതർ തയ്യാറായില്ല എന്ന് ആ ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പറയുന്നത്.

അസ്മിയ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണ്? വളരേ ആക്ടീവായിരുന്ന, ജീവിതത്തെ കുറിച്ച് നിറങ്ങളുള്ള സ്വപ്നങ്ങളുണ്ടായിരുന്ന ഒരു കൗമാരക്കാരിയെ ആത്മഹത്യയിലേക്ക് നയിച്ചത് ആരൊക്കെയാണ്? അസ്മിയയെ മാനസികമായി തളർത്തുന്ന രീതിയിൽ എപ്പോഴും വഴക്ക് പറഞ്ഞിരുന്ന ആ അധ്യാപിക ആരാണ്? അവരെന്തിനാണ് നിരന്തരം അസ്മിയയെ വഴക്ക് പറഞ്ഞിരുന്നത്? സ്ഥാപനത്തിലെത്തിയ ഉമ്മയോട് ‘മകൾ കുളിക്കുന്നു’ എന്ന് കളവ് പറഞ്ഞ് അധികൃതർ ഒന്നര മണിക്കൂറോളം അവരെ എന്തിനാണ് വെയിറ്റ് ചെയ്യിപ്പിച്ചത്? ഇതൊക്കെ പൊതുസമൂഹത്തിനറിയേണ്ട കാര്യങ്ങളാണ്.

വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സ്ഥാപനമിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവരീതിയായിരുന്നു വിദ്യാർത്ഥിനിയിൽ കണ്ട് വന്നിരുന്നത് എന്നാണ്. ഒറ്റയ്ക്ക് ഇരിക്കൽ, വിഷാദം, കുറഞ്ഞ ആളുകളോട് മാത്രം സംസാരം, കൂടുതൽ സമയം ഉറക്കം എന്നിവ ശ്രദ്ധയിൽ പെട്ടതായി സ്ഥാപനത്തിലെ അധികാരികൾ പറയുന്നു. അങ്ങനൊന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ സ്ഥാപനം എന്താണ് ചെയ്തത്? വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നോ? വിഷാദത്തിന്റെ കാരണങ്ങൾ അന്വേഷിച്ചിരുന്നോ? വിശദീകരണ കുറിപ്പിൽ അതിനെ കുറിച്ചൊന്നും പറയുന്നില്ല.

മതപഠനകേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഫലപ്രദമായ വഴികൾ തേടേണ്ടതുണ്ട്. പ്രത്യേകിച്ചും താമസിച്ചു പഠിക്കുന്ന ഇടങ്ങളിൽ കൂടുതൽ ജാഗ്രതയുണ്ടാകണം. വീട്ടുകാരിൽ നിന്നും അതുവരെയുണ്ടായിരുന്ന സ്വാതന്ത്ര്യങ്ങളിൽ നിന്നും ഒക്കെ മാറി മതപരമായ ചിട്ടവട്ടങ്ങളിലേയ്ക്കും കാർക്കശ്യങ്ങളിലേയ്ക്കും ചുരുങ്ങുമ്പോൾ കൗമാര മനസുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ വിവരണാതീതമാണ്. രക്ഷകർത്താക്കൾ മതപാഠ ശാലകളെ സമീപിക്കുന്ന രീതിയിലല്ല കുട്ടികൾ, അത്തരം സ്​ഥാപനങ്ങളെ സമീപിക്കുക. ജനറേഷൻ മാറിയെന്ന ബോധം രക്ഷകർത്താക്കൾക്കും മത പഠന കേന്ദ്ര നടത്തിപ്പുകാർക്കുമുണ്ടാകണം.

അസ്മിയ പഠിച്ച സ്ഥാപനം ഞങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമുണ്ട്. അവരോട് ഞങ്ങൾ സംസാരിച്ചതിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്, സ്ഥാപനത്തെ കുറിച്ച് ഈ ദുരന്തം നടക്കും വരെ പരാതികൾ ഒന്നും ഉയർന്നിട്ടില്ല എന്നാണ്.

സ്ഥാപനങ്ങൾ, അതേതുമായിക്കോട്ടെ പരാതികൾ ഉയർന്നാൽ അത് പെട്ടെന്ന് ഒതുക്കി തീർക്കുക പതിവാണ്. അങ്ങനെ വല്ല പരാതികളും ഈ സ്ഥാപനത്തെ കുറിച്ച് മുൻപ് ഉയർന്നിട്ടുണ്ടോ എന്ന് സൂക്ഷ്മ തലത്തിൽ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. ബാലരാമപുരം ലോക്കൽ പോലീസിനാണ് അന്വേഷണചുമതല. പഴുതടച്ച വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ ലക്ഷ്യം ഇനി ഒരു അസ്മിയ ഉണ്ടാകാതിരിക്കുക എന്നതാകണം. ഒരു പ്രശ്നം സമൂഹത്തിലുണ്ടാകുമ്പോൾ അതിന് കാരണക്കാരായ വ്യക്തികളെ മാതൃകാപരമായി ശിക്ഷിക്കുക എന്നതോടൊപ്പം ആ പ്രശ്നം ഉണ്ടാകാനുള്ള സാമൂഹ്യ സാഹചര്യത്തെ രാഷ്ട്രീയമായി പരിഹരിക്കുക കൂടെ വേണം.

വളരേ സീരിയസായി നമ്മൾ സമീപിക്കേണ്ട ഒരു വിഷയം, അസ്മിയ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ഇസ്​ലാമിക മതപഠന കേന്ദ്രങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ധാരാളം സ്ത്രീകളുടെ കുറിപ്പുകൾ നമുക്ക് മുന്നിലേക്ക് വരുന്നുണ്ട് എന്നതാണ്. അവരെല്ലാം മുറിവേറ്റ മനുഷ്യരാണ് ജീവിതകാലം മുഴുവൻ ട്രോമകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യർ, അവരുടെ അനുഭവങ്ങളൊരിക്കലും റദ്ദ് ചെയ്യാൻ കഴിയില്ല.

ഇന്ത്യ ഒരു മതേതര രാജ്യമാണ് മതപഠനങ്ങൾ മതവിശ്വാസികളുടെ ഭരണഘടനാവകാശമാണ്. അത് തീർച്ചയായും നിലനിൽക്കേണ്ടതുണ്ട്. മതപഠന കേന്ദ്രങ്ങളിലെ ദുരന്തങ്ങളും ദുരനുഭവങ്ങളും മുന്നിൽ വച്ച് താലിബാനോടുപമിച്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന നിലവിളി ഇസ്‌ലാമോഫോബിയയുടേതാണ്. അതിന് കയ്യടിക്കാൻ കഴിയില്ല.

മതപഠനകേന്ദ്രങ്ങളിൽ നിന്നുള്ള പീഡന വാർത്തകൾ പരിപൂർണ്ണമായും അവസാനിക്കണം. മതപഠനങ്ങൾ നല്ല രീതിയിൽ നടക്കണം. അതിന് മതസാമുദായിക സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും ജാഗ്രത അനിവാര്യമാണ്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഒതുക്കി തീർക്കാതെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള ജാഗ്രത നമ്മൾ കാണിക്കണം.

Comments