മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചിട്ട് ആറ് മാസത്തോടടുക്കുന്നു. 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാമറയത്തുള്ള ഈ മനുഷ്യരെയോർത്ത് മാനസികമായി തകർന്നിരിക്കുകയാണ് കുടുംബാംഗങ്ങൾ. കാണാതായവരുടെ വിവരം ലഭിക്കാൻ തെരച്ചിൽ തുടരണമെന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല, ഡി.എൻ.എ ഫലം വൈകുന്നതും മറ്റും ഈ മനുഷ്യരെ വല്ലാതെ അലട്ടുന്നുണ്ട്. കാണാമറയത്തുള്ളവരെ മരിച്ചവരായി കണക്കാക്കി ആനുകൂല്യങ്ങളും മരണസർട്ടിഫിക്കറ്റും നൽകാനാണ് സർക്കാർ തീരുമാനം. ഇതോടെ മരിച്ചവരുടെ എണ്ണം 298 ആകും. ഡി.എൻ.എ ഫലവും മരണസർട്ടിഫിക്കറ്റും കാലതാമസമില്ലാതെ നൽകി ദുരിതബാധിതരോട് നീതികാണിക്കണമെന്നാണ് ഈ മനുഷ്യരുടെ ആവശ്യം.